Tuesday, April 15, 2014

ചരിത്രത്തിന്റെ കവലയില്‍ നട്ടുപിടിപ്പിച്ച ജീവിതം

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേരളത്തിലെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയപ്പോള്‍ അന്ന് മുഖ്യമന്ത്രി ചോദിച്ചു, നിലവിലുള്ള അധ്യാപകരെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിന് സമരം ചെയ്യുന്നുവെന്ന്. ആ വിശദീകരണത്തില്‍ അധ്യാപകരില്‍ ചിലര്‍ സമരം ചെയ്യാതിരിക്കാനുള്ള ന്യായം കണ്ടെത്തി.

ജോലി നഷ്ടപ്പെടുത്തിയും ജീവന്‍ അപകടപ്പെടുത്തിയും എത്രപേര്‍ ഒരു കാലത്ത് സമരംചെയ്തു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചത് അവരല്ല, നമ്മളാണ്. മണ്ണിനോട് കര്‍ഷകനുതോന്നിയ അതേ അഭിനിവേശം അക്കാലത്തെ അധ്യാപകര്‍ക്ക് മനുഷ്യചരിത്രത്തോടും തോന്നി. ചരിത്രം ചിലര്‍ വരുമ്പോള്‍മാത്രം വഴിമാറുന്നതല്ലെന്നും അത് മനുഷ്യസമൂഹം ഒന്നടങ്കം നിര്‍മിച്ചെടുക്കുന്നതാണെന്നും അവര്‍ മനസിലാക്കി. അതുകൊണ്ട് അവരുടെ അധ്യാപനം ക്ലാസ് മുറിയില്‍ ഒതുങ്ങിയില്ല. മനുഷ്യര്‍ കൂടുന്ന കവലകളിലെല്ലാം അധ്യാപനവൃത്തി തുടര്‍ന്നു. അതോടെ അവര്‍ നാടിന്റെ അധ്യാപകരായി. ചരിത്രത്തിലെ വഴികാട്ടികളായി. കമ്പളത്തു ഗോവിന്ദന്‍നായരുടെ ജീവിതം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.

1914 ഏപ്രില്‍ 15നാണ് കമ്പളത്തിന്റെ ജനം. ഐതിഹാസികമായ കര്‍ഷകസമരങ്ങള്‍കൊണ്ട് മലബാറിന് തീപിടിച്ച കാലം. നെടിയിരിപ്പ് പ്രൈമറിസ്കൂളിലും ദേവധാര്‍ യുപി സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. നാട്ടില്‍ വിദ്യാപോഷിണി എന്നപേരില്‍ ഒരു വായനശാല തുടങ്ങിയാണ് രാഷ്ട്രീയ-സാമൂഹികജീവിതം ആരംഭിച്ചത്. പാലോത്ത് ഗോപാലന്‍നായര്‍, തെരുവത്ത് രാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടൂക്കരയിലാണ് വായനശാല. 1931 ല്‍ ആലുങ്ങല്‍ എയ്ഡഡ് മാപ്പിള സ്കൂളില്‍ അണ്‍ട്രെയ്ന്‍ഡ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഗാന്ധിജിയുടെ നിയമലംഘനപ്രസ്ഥാനവും അധ്യാപകപ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചു. അധ്യാപക യൂണിയന്‍ നേതാക്കളായ ടി സി നാരായണന്‍ നമ്പ്യാര്‍, പി ആര്‍ നമ്പ്യാര്‍ എന്നിവര്‍ ദേശീയപ്രസ്ഥാനത്തിന്റെയും നേതാക്കന്മാരായിരുന്നു. ഇതിനിടയില്‍ കമ്പളത്ത് ഇ എം എസുമായി പരിചയപ്പെട്ടു. ഇ എം എസുമായുള്ള പരിചയം കമ്പളത്തിനെ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമാക്കി.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചഭ"കാഹള"ത്തില്‍ ജന്മിത്തത്തിന്റെ കാലടിയില്‍ എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ 1941 ജൂണ്‍ 4ന് അറസ്റ്റിലായി. തെരുവത്ത് രാമന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മാസികയാണ് കാഹളം. നിരോധിക്കപ്പെട്ട കര്‍ഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ജൂണ്‍ അഞ്ചിന് കമ്പളത്തിന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തിന്റെ കൈയെഴുത്തിലുള്ള സകല കടലാസുകളും പൊലീസുകാര്‍ കൊണ്ടുപോയി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലുമായി ഭീകരമര്‍ദനം. കമ്പളത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബര്‍ അവസാനംവരെ കോഴിക്കോട് കോടതിയില്‍ നടന്ന കേസിനൊടുവില്‍ ആറുമാസം കഠിനതടവ്. സാഹിത്യ രചനയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്കും.

ആദ്യകാലത്ത് സജീവമല്ലാതിരുന്ന ഏറനാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന് ഉശിരും ഉണര്‍വും നല്‍കിയത് കമ്പളത്തിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും നേതൃത്വം. 1931 മുതല്‍ 1944വരെ മലബാറിലെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ ജോലി നോക്കിയ കമ്പളത്തിനെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ പേരിലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ പേരിലും പലവട്ടം പിരിച്ചുവിട്ടു. 1944ല്‍ അദ്ദേഹം നെടിയിരിപ്പ് പഞ്ചായത്തില്‍ ക്ലര്‍ക്ക് കം ബില്‍ കലക്ടറായി ജോലിചെയ്തു. അന്നാണ് വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം. സമരത്തിന് നേതൃത്വം നല്‍കിയതും അതിനായി പടപ്പാട്ടെഴുതിയതും കമ്പളത്ത് ഗോവിന്ദന്‍ നായര്‍. മലബാറിലെ കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥനായിരുന്നു ഹിച്ച്കോക്ക്. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കമ്പളം രണ്ടുവര്‍ഷം ഒളിവില്‍. അതിനിടെ ബില്‍ കലക്ടറുടെ ജോലി പോയി. 1946ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധ്യാപകനായി. അക്കാലത്ത് ഡിസ്ട്രിക്ട് ബോര്‍ഡ് അധ്യാപകര്‍ക്കിടയില്‍ ശക്തമായ സംഘടനയില്ല. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഇത്തരം സ്കൂളുകളില്‍ ധാരാളം അധ്യാപകരുണ്ടെങ്കിലും അവരില്‍ സംഘബോധം കുറവ്. നിരന്തരപ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പളത്തിന്റെ നേതൃത്വത്തില്‍ ഈ സംഘബോധം ഉണ്ടാക്കിയെടുത്തത്. ഹെഡ്മാസ്റ്റര്‍മാരും പരിശോധനാ ഉദ്യോഗസ്ഥരും സംഘടനാപ്രവര്‍ത്തനത്തെ ശത്രുതയോടെ കണ്ടു. അതിനെ വെല്ലുവിളിച്ച് ഭൂരിപക്ഷം അധ്യാപകരും സംഘടനയില്‍ അണിനിരന്നു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതോടെ കമ്പളത്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1952ല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച അദ്ദേഹം വീണ്ടും സജീവമായി. തുടര്‍ന്നുനടന്ന അവകാശ സമരത്തിലാണ് എല്ലാമാസവും പതിനഞ്ചാം തീയതിക്കുമുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. അടിസ്ഥാനശമ്പളം നൂറുരൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരത്തില്‍ വരികയും കമ്പളത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയുംചെയ്തു. പിന്നീട് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍വന്നപ്പോഴാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. പിന്നീട് മലബാര്‍, തിരുകൊച്ചി സംസ്ഥാനങ്ങളിലെ അധ്യാപകരെ ഒരുമിച്ചണിനിരത്തി കെജിപിടിയു എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ കമ്പളത്ത് നേതൃപരമായ പങ്കുവഹിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി. 1969ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. അന്ന് ദേശാഭിമാനിപത്രം അദ്ദേഹത്തെ അഭിവാദ്യംചെയ്ത് എഡിറ്റോറിയല്‍ എഴുതി. വിരമിച്ചതിനുശേഷം കുറച്ചുകാലംകൂടി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. 1983 ഏപ്രില്‍ 30നാണ് മരണം.

കമ്പളത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറെ സര്‍ഗാത്മകമായതുകൊണ്ടാണ് അത് കേരളത്തിലുടനീളം ആളിപ്പടര്‍ന്നത്. അദ്ദേഹം കവിയും നാടകപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതാസമാഹാരമായ "ഓണപ്പുടവ"യ്ക്ക് അവതാരികയെഴുതിയ എം എസ് ദേവദാസ്, ജി ശങ്കരക്കുറുപ്പിന്റെ ഇന്ത്യയുടെ പ്രതികാരം എന്ന കവിതയ്ക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കവിതയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്ഷാമകാലത്ത് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാത്തവരുടെ ഓണാഘോഷത്തിന്റെ ദൈന്യമാണ് കവിതയിലെ പ്രമേയം. വിദ്യാരംഭം, അവളുടെ തിരുവാതിര എന്നീ കവിതകളും ഈ സമാഹാരത്തിലുണ്ട്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും ജനപ്രിയം "ഏറനാടിന്‍ ധീരമക്കള്‍" തന്നെ. 1944ല്‍ ഈ പടപാട്ട് പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി വാരിക കണ്ടുകെട്ടി.

സാഹിത്യവും ജീവിതവും ചരിത്രത്തിന്റെ ഉല്‍പ്പാദനശക്തികളായ സന്ദര്‍ഭത്തിലാണ് കമ്പളത്ത് ജീവിച്ചത്. എഴുത്തും സമരവും അവര്‍ക്ക് രണ്ടല്ല. കാലം മാറി. അധ്യാപകന്റെ നിലയില്‍ മാറ്റം വന്നു. പക്ഷേ, വിദ്യാഭ്യാസ മേഖലയിലെ കോര്‍പറേറ്റ്വല്‍ക്കരണം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ കവരുകയാണ്. വിദ്യാര്‍ഥിയുടെ ചോറ് കട്ടുതിന്നേണ്ട ഗതികേട് ഇന്നത്തെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമാഫിയകളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒറ്റ രാത്രികൊണ്ട് സ്കൂള്‍കെട്ടിടം ഇടിച്ചുനിരത്താനും അധ്യാപകരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കാനും മടിക്കാത്ത മാനേജര്‍മാര്‍ ഇന്നും അരങ്ങുവാഴുന്നു. ചരക്കുകളുടെ പൊലിമയില്‍ കണ്ണു മഞ്ഞളിച്ച, സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരോട് ഒരു ചെറിയ അപേക്ഷ: നിങ്ങള്‍ പണികഴിപ്പിച്ച ഇരുനില മാളികക്കരികില്‍ ഏറ്റവും പുതിയ കാറ് നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി അതിന്റെ വാതില്‍ അടച്ചു എന്ന് ഉറപ്പ് വരുത്താന്‍ റിമോട്ട് സെന്‍സില്‍ വിരലമര്‍ത്തുമ്പോള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വച്ച് പിഴുതെടുക്കപ്പെട്ട ഒരു വിരലിനെക്കുറിച്ചോര്‍മിക്കണേ. ചോരയിറ്റുന്ന ആ ഓര്‍മയുടെ പേരാണ് കമ്പളത്ത് ഗോവിന്ദന്‍നായര്‍.

*
അനില്‍ ചേലേമ്പ്ര ദേശാഭിമാനി

No comments: