Thursday, April 17, 2014

ആപ് നേരിടുന്ന വൈരുധ്യങ്ങള്‍

ഡല്‍ഹി നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ താരമായത് ആംആദ്മി പാര്‍ടിയാണ്. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായ പ്രചാരണത്തിലൂടെ മികച്ച വിജയം നേടിയ ആപിനെ ജനങ്ങളുടെ ഭാവിപ്രതീക്ഷയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. മാധ്യമങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചപ്പോള്‍ ആപിന് രാജ്യമെമ്പാടും ആളും അര്‍ഥവുമുണ്ടായി. ആപ് നേതാവ് അരവിന്ദ് കെജ്രിവാളിനെ ഭാവിപ്രധാനമന്ത്രിയായിവരെ വിലയിരുത്തി.

എന്നാല്‍, പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ആപിന്റെ പ്രഭ മങ്ങുകയാണ്. ഡല്‍ഹിയില്‍ 49 ദിവസം മാത്രം നീണ്ട ആപ് സര്‍ക്കാരിന്റെ പതനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ജനലോക്പാല്‍ ബില്‍ പാസാക്കുന്നതിന് കോണ്‍ഗ്രസും ബിജെപിയും തടസ്സം സൃഷ്ടിച്ചുവെന്ന പേരിലാണ് അരവിന്ദ് കെജ്രിവാള്‍ രാജിവച്ചതെങ്കിലും സര്‍ക്കാര്‍ ഓരോദിവസവും തട്ടിമുട്ടി മുന്നോട്ടുപോയപ്പോള്‍തന്നെ സ്ഥിതി വ്യക്തമായിരുന്നു. ആപിന്റെ എംഎല്‍എമാര്‍തന്നെ സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തുവന്നു. നിയമമന്ത്രി സോമനാഥ് ഭാരതി നിയമം കൈയിലെടുത്തതായി ആരോപണമുണ്ടായി. അരവിന്ദ് കെജ്രിവാള്‍ പൊലീസ്സ്റ്റേഷനുമുന്നില്‍ നടത്തിയ സമരം ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്കിടയില്‍ ആപിന്റെ പിന്തുണ പൊളിച്ചു. ഒടുവില്‍ രാജിവച്ചതോടെ ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ വിടവ് സംഭവിച്ചതായി കെജ്രിവാള്‍തന്നെ കഴിഞ്ഞദിവസം സമ്മതിച്ചു.

ഡല്‍ഹിപ്രതിഭാസം രാജ്യത്ത് പലഭാഗത്തും ചലനമുണ്ടാക്കുകയും പലരും ജോലിയും മറ്റും രാജിവച്ച് ആപില്‍ ചേരുകയുംചെയ്തപ്പോള്‍ രാജ്യത്ത് പുതിയൊരു മാറ്റം നടക്കുകയാണെന്ന പ്രതീതി ജനിച്ചു. എന്നാല്‍, നയപരമായ വ്യക്തതയില്ലാതെ ആപ് കുഴങ്ങുകയായിരുന്നു. അഴിമതിക്കെതിരായ സമരം നടത്തിയ ആപ് വമ്പന്‍ അഴിമതികള്‍ക്ക് കാരണമായ ചങ്ങാത്തമുതലാളിത്തത്തെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല. കേവലം വ്യക്തികളെ ആക്രമിക്കുന്നതിലുപരി, നയപരമായി അഴിമതിയെ വിശകലനംചെയ്യാന്‍ ആപിന് പ്രാപ്തിയില്ല. വര്‍ഗീയതയുടെ കാര്യത്തിലും ആപ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഈ ആശയക്കുഴപ്പമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ആപിന്റെ നില പരുങ്ങലിലാക്കിയത്. ആപ് 100 വരെ സീറ്റ് നേടുമെന്ന് പ്രവചിച്ചവര്‍ ഉണ്ടായിരുന്നു. പിന്നീട് ഇത് 30 ആയി. ഇപ്പോള്‍ 10 സീറ്റില്‍പോലും ആപ് ജയിക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ രാഷ്ട്രീയനിരീക്ഷകര്‍ തയ്യാറല്ല. ഡല്‍ഹിയില്‍ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാലായി. ആപ് വലിയ പ്രതീക്ഷ അര്‍പ്പിച്ച ഹരിയാനയില്‍ കഷ്ടിച്ച് രണ്ട് സീറ്റിലാണ് മത്സരമെങ്കിലും കാഴ്ചവയ്ക്കാന്‍ കഴിയുന്നത്. ബംഗളൂരുവിലും മുംബൈയിലും രണ്ടോ മൂന്നോ സീറ്റില്‍ സാന്നിധ്യമുണ്ട്. രാജ്യമെമ്പാടും മത്സരിക്കുന്നതായി അവകാശപ്പെടുന്ന ആപിന് മറ്റ് മണ്ഡലങ്ങളില്‍ പ്രസക്തി നഷ്ടപ്പെടുകയാണ്.

സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവുമായാണ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ആപിന് രൂപംനല്‍കിയത്. രാഷ്ട്രീയപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുന്ന മനോഭാവമാണ് ഇവര്‍ പുലര്‍ത്തിയത്. ജനകീയപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കിയ നേതാക്കളെപ്പോലും ക്രിമിനലുകളായി കരുതുന്ന സമീപനം ഇവരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ ആപ് നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തപ്പോള്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് മനസിലായി. മാധ്യമങ്ങളുടെ ലാളന ലഭിച്ചകാലത്ത് ആപ് നേതാക്കള്‍ അത് ആസ്വദിച്ചു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ പിന്നീട് എതിരായപ്പോള്‍ മാധ്യമങ്ങളെ ഒന്നടങ്കം ആക്ഷേപിക്കാനും കെജ്രിവാള്‍ മുതിര്‍ന്നു. ഇങ്ങനെ വൈരുധ്യങ്ങളുടെ തടവറയിലാണ് ഇന്ന് ആപ്.

*
സാജന്‍ എവുജിന്‍

No comments: