Wednesday, April 23, 2014

സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക്

സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നു. പ്രതിസന്ധിയില്ലെന്ന് ഭരണനേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പ്രതിസന്ധി ഉമ്മറപ്പടിയും കടന്ന് അകത്തളങ്ങളിലെത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2001-06 കാലയളവില്‍ ട്രഷറി നിയന്ത്രണം നിത്യസംഭവമായിരുന്നു. 2001 ല്‍ അധികാരമേറ്റയുടന്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുകയും തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനും നിഷേധിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നവലിബറല്‍ നയങ്ങള്‍ക്കനുസൃതമായി സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതിനും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും ക്ഷേമപദ്ധതികള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറയാക്കി മാറ്റി.

റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അതിന്റെ മറവില്‍ ആനുകൂല്യങ്ങള്‍ കവരാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പുതുതായി സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ക്ഷാമബത്തയും ഇന്‍ക്രിമെന്റും നിഷേധിച്ചതിനൊപ്പം പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 32 ദിവസക്കാലത്തെ തീക്ഷ്ണമായ പോരാട്ടത്തിലൂടെയാണ് ഈ തീരുമാനങ്ങള്‍ തിരുത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷക്കാലവും ഒരിക്കല്‍ പോലും ട്രഷറി നിയന്ത്രണം ഉണ്ടായിരുന്നില്ല. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുത്തും പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇല്ലാതാക്കിയും സബ്സിഡികള്‍ വെട്ടിക്കുറച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയും പ്രതിസന്ധി മറികടക്കാനാകുമെന്നാണ് മുതലാളിത്ത അര്‍ത്ഥശാസ്ത്രകാരന്മാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കു പകരമായി വികസനപ്രവര്‍ത്തനങ്ങള്‍ കെട്ടഴിച്ചുവിട്ടും ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുതകുന്ന മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പിലാക്കി. 5000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. വിഭവസമാഹരണത്തിലും നികുതിപിരിവിലും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി റവന്യുവരുമാനം ഇക്കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചു. ജീവനക്കാരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ അഴിമതിവിരുദ്ധ വാളയാര്‍ പോലുള്ള പദ്ധതികളിലൂടെ നികുതിവെട്ടിപ്പുകള്‍ക്ക് തടയിടുന്നതിനും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞു. ചെക്ക്പോസ്റ്റുകളെ അഴിമതി വിമുക്തമാക്കിയെന്ന് മാത്രമല്ല, അഴിമതി കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമടക്കം പ്രഖ്യാപിച്ചു. ഭാവനാപൂര്‍ണ്ണമായ ഇത്തരം ഇടപെടലിലൂടെ നികുതി വരുമാനത്തില്‍ 24 ശതമാനം വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷക്കാലവും പുതുതായി യാതൊരുവിധ നികുതിയും ഏര്‍പ്പെടുത്താതെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വേതനപരിഷ്കരണത്തിന്റെ ബാധ്യതയടക്കം ഏറ്റെടുത്ത സര്‍ക്കാര്‍, ക്ഷാമബത്തയടക്കമുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്നതിനും യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചിരുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യഥേഷ്ടം പണം അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയില്ലാതെ മുന്‍കൂര്‍ നല്‍കി. സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും ലോകമാകെ പടര്‍ന്ന പശ്ചാത്തലത്തിലാണ് ധനകാര്യമേഖലയില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. പിശുക്കില്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചിട്ടും ബോധപൂര്‍വമായ ധനമാനേജ്മെന്റിന്റെ ഫലമായി അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്ത് ട്രഷറി മിച്ചം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 2011 ഏപ്രില്‍ 1 ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെന്ന് 2011 ജൂലൈ 19 ന് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മികച്ച സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. വിഭവസമാഹരണ പ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ധനകാര്യമേഖല സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫ് ഭരണകാലത്ത് നികുതി സമാഹരണത്തില്‍ 22 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് യുഡിഎഫ് ഭരണത്തില്‍ 11 ശതമാനമായി കുറഞ്ഞു. സംസ്ഥാന താല്‍പര്യങ്ങള്‍ അവഗണിച്ച് നികുതി കുടിശ്ശികയ്ക്ക് നിര്‍ബാധം സ്റ്റേ അനുവദിച്ചു. നികുതി വെട്ടിപ്പ് തടയുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളാകെ തകര്‍ത്തു. ചെക്ക്പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുത്തി നിറച്ചു. കാര്യക്ഷമമായും സത്യസന്ധമായും ജോലിചെയ്തിരുന്ന ജീവനക്കാരെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി. നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വകുപ്പിന്റെ കടിഞ്ഞാണ്‍ ലഭിച്ചു.

2500 കോടിയിലധികം രൂപയുടെ പുതിയ നികുതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടും നികുതി വരുമാനം ഗണ്യമായി കുറഞ്ഞതിനു പിന്നില്‍ ഭരണനേതൃത്വത്തിന്റെ വമ്പന്‍ അഴിമതിയുടെ ചിത്രമാണ് തെളിയുന്നത്. ഭരണരംഗത്തെ പിടിപ്പുകേടും കാര്യക്ഷമതാരാഹിത്യവും അഴിമതിയും ധൂര്‍ത്തുമാണ് സാമ്പത്തികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനുപകരം യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ഖജനാവ് കാലിയായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ 2500 കോടി രൂപ കടമെടുക്കാന്‍ ശ്രമിച്ചതിലൂടെ പ്രതിസന്ധിയുടെ ആഴം വ്യക്തമായി.

വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശയുടെ പേരില്‍ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിനുവേണ്ടി കെഞ്ചുന്ന കാഴ്ചയും കേരളം കണ്ടു. ട്രഷറി സേവിംഗ്സ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന കോടിക്കണക്കിന് തുക പുതുതലമുറ ബാങ്കുകള്‍ക്കടക്കം കൈക്കലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസരമൊരുക്കി. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളും തകര്‍ത്ത് ട്രഷറി നിക്ഷേപം അനാകര്‍ഷകമാക്കി മാറ്റി. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വം പെന്‍ഷന്‍ഫണ്ടിലേക്ക് പിടിച്ചെടുത്ത തുക ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ ആക്സിസ് ബാങ്കില്‍ ഈ തുക നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രഷറി സംവിധാനത്തെ ദുര്‍ബലപ്പെടുത്തി പുതുതലമുറ ബാങ്കുകളെ പ്രീണിപ്പിക്കുന്ന ഇത്തരം നടപടികളാണ് ട്രഷറി പ്രതിസന്ധിക്കടിസ്ഥാനം. ഭരണരംഗത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെയും ജീവനക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന വ്യാമോഹത്തിലാണ് സര്‍ക്കാര്‍. ഏപ്രില്‍ ആദ്യവാരം ലഭിക്കേണ്ട ശമ്പളം വൈകിപ്പിക്കുന്നതിന് അപ്രായോഗിക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പിഎഫ് വായ്പ, ലീവ് സറണ്ടര്‍, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ മരവിപ്പിച്ചു. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍, പി.എഫ്, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ തടഞ്ഞു. ഏപ്രില്‍ 11 മുതല്‍ ട്രഷറി ഇടപാടുകള്‍ സുഗമമായി നടക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അന്നേ ദിവസം തെരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി അനുവദിച്ച ഡ്യൂട്ടി ഓഫിന്റെ മറവില്‍ ട്രഷറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണ്.

സാമ്പത്തിക സഹായം നിഷേധിച്ചതുമൂലം വിഷു, ഈസ്റ്റര്‍ കാലയളവില്‍ നടത്തിവന്നിരുന്ന ഉത്സവച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സഹായകരമായ നിലപാട് കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കരാറുകാരുടെ കുടിശ്ശിക 2000 കോടി കവിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പണികള്‍ നിര്‍ത്തിയിരിക്കുകയാണ്. സാമ്പത്തികമേഖലയിലെ പ്രതിസന്ധി വികസനപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്നതിന് സാമ്പത്തികപ്രതിസന്ധിയെ ആയുധമാക്കിയ 2002 ലെ നടപടി വീണ്ടും ആവര്‍ത്തിക്കാനുള്ള കുത്സിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കൂടുതല്‍ പ്രതിസന്ധി ക്ഷണിച്ചുവരുത്താന്‍ ഇടയാക്കും. വികസന പ്രതിസന്ധിയും ഭരണത്തകര്‍ച്ചയും ദൈവത്തിന്റെ സ്വന്തം നാടിനെ ഇരുളടഞ്ഞ ലോകത്തേക്ക് നയിക്കുകയാണ്. ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്വം മറന്ന് കുത്തക മാധ്യമങ്ങളുടെ പിന്തുണയില്‍ മാത്രം അഭിരമിക്കുന്ന ഭരണാധികാരികള്‍ക്ക് ഒരു നാള്‍ ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്നത് അവിതര്‍ക്കിതമാണ്.

*
എ. ശ്രീകുമാര്‍

No comments: