Monday, April 21, 2014

കെ എം മാണി മറുപടി പറയണം

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ചർച്ചയായെങ്കിലും അത്‌ കത്തിപടർന്നില്ല. ശമ്പളം, പെൻഷൻ, സറണ്ടർ, കരാർകാരുടെ കുടിശിക, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതം ഇവ മുടങ്ങുകയാണെന്ന വാർത്ത വന്നപ്പോഴൊക്കെ സർക്കാർ അത്‌ നിഷേധിച്ചു. ട്രഷറി നിയന്ത്രണ നിർദ്ദേശങ്ങൾ പുറത്തു പറയുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നു കാട്ടി ട്രഷറി ഡയറക്‌ടർ സർക്കുലർ വരെ പുറപ്പെടുവിച്ചു. എങ്കിലും വാർത്ത പുറത്തു വന്നു. അതിൽ പലതും ശരിയാണെന്ന്‌ തെളിയുകയും ചെയ്‌തു. സർക്കാരിനെതിരെ ഒരു വാർത്തയും വരാതിരിക്കാൻ മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വലിയ ജാഗ്രത കാട്ടിയതിനാലാണ്‌ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യ ചർച്ചാവിഷയമാകാതിരുന്നത്‌. സർക്കാരിനെതിരെ ഉയരുന്ന പൊതു വിമർശനങ്ങളിൽ പലപ്പോഴും കക്ഷിയാകാതെ മാറി നിൽക്കുന്ന മന്ത്രി കെ എം മാണി, സാമ്പത്തിക കാര്യങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ്‌ പതിവ്‌. എന്നാൽ ഇക്കുറി അത്‌ ഉണ്ടായില്ല. ഈ വിഷയത്തിൽ ഒരു പരസ്യ ചർച്ചയ്‌ക്ക്‌ തയാറുണ്ടോ എന്ന്‌ മുൻമന്ത്രി ഡോ. തോമസ്‌ ഐസക്‌ വെല്ലുവിളി ഉയർത്തിയപ്പോൾ, വെല്ലുവിളി സ്വീകരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും വലിയ ന്യായീകരണത്തിനൊന്നും മുതിർന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ദീർഘനാൾ മൂടി വയ്‌ക്കാനാകില്ലെന്ന്‌ ധനമന്ത്രിക്ക്‌ നന്നായി അറിയാമെന്ന്‌ വ്യക്തം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്‌. അതിന്റെ അലകൾ വരും നാളുകളിൽ എല്ലാവർക്കും ബോധ്യമാകും. 2014-2015 ൽ കേരളത്തിന്റെ ആകെ വരവ്‌ 68,482 കോടിയും ചെലവ്‌ 71,974 കോടിയുമാണ്‌. വരവിൽ 75.15 % സെയിൽസ്‌ ടാക്‌സിൽ നിന്നും 8.79 % സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ നിന്നും7.55 % എക്‌സൈസ്‌ നികുതിയിൽ നിന്നും 6.59 % മോട്ടോർ വാഹന നികുതിയിൽ നിന്നും(ആകെ 98.08 %) ലഭിക്കുന്നു. മറ്റുള്ളവയിൽ നിന്നും ലഭിക്കുന്നത്‌ 1.92 % മാത്രമാണ്‌. ശമ്പളം,പെൻഷൻ,പലിശ എന്നിവയ്‌ക്കുവേണ്ടിയാണ്‌ ഏറ്റവും കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത്‌. ആകെ വരുമാനത്തിന്റെ 70.81 % ഇങ്ങനെ ചെലവഴിക്കുന്നു. ഓരോ വർഷവും ചെലവിൽ 19% വരെ വർധനവുണ്ടാകും. അപ്പോൾ 20% എങ്കിലും വരവിൽ വർധനവ്‌ ഇല്ലെങ്കിൽ കാര്യങ്ങൾ പാളം തെറ്റും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്‌. വരവ്‌ കുറയുകയും ചെലവ്‌ കൂടുകയും ചെയ്‌തു.

അസാധാരണമായ രീതിയിലാണ്‌ കേരളത്തിന്റെ കടം ഉയർന്നുകൊണ്ടിരിക്കുന്നത്‌. ആഭ്യന്തരകടം തന്നെ 90,023 കോടിയാണ്‌. കേന്ദ്രലോൺ 7793 കോടി, ദേശീയ സമ്പാദ്യം-12,374 കോടി, പിഎഫ്‌ വിഹിതമായുള്ളത്‌ -17,461 കോടി, മറ്റുള്ളവ-3927 കോടി എന്നിങ്ങനെ 1,31,578 കോടിയാണ്‌ പലിശ നൽകേണ്ട ആകെ കടം. 2015 മാർച്ച്‌ ആകുമ്പോൾ ഈ കടം 1,40,000 കോടി രൂപയാകാനാണ്‌ സാധ്യത. ജനസംഖ്യയിലും വിസ്‌തൃതിയിലും കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളായ കർണാടകം, ബീഹാർ, മദ്ധ്യപ്രദേശ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കടം കേരളത്തിനുണ്ട്‌. ഇന്ത്യൻ സംസ്ഥാനങ്ങൾ പലിശ അടയ്‌ക്കുന്നതിന്‌ വേണ്ടി മൊത്തം ഒരു വർഷം വരുമാനത്തിന്റെ 10.21% ശരാശരി ചെലവഴിക്കുമ്പോൾ കേരളം ചെലവഴിക്കുന്നത്‌ 14.80% ആണെന്ന്‌ പറയുമ്പോൾ പ്രതിസന്ധിയുടെ ആഴം ആർക്കും മനസ്സിലാകും. അർഹതപ്പെട്ട വിധം കേന്ദ്രവിഹിതം കിട്ടാത്തതും പ്രതിസന്ധിക്ക്‌ കാരണമാണ്‌. 7104 കോടി രൂപ കേരളത്തിന്‌ കേന്ദ്രവിഹിതം കിട്ടുമ്പോൾ കർണാടകത്തിന്‌ 13,090 കോടിയും തമിഴ്‌നാടിന്‌ 15030 കോടിയും ആന്ധ്രപ്രദേശിന്‌ 21,970 കോടിയുമാണ്‌ ലഭിക്കുന്നത്‌. ഗ്രാന്റ്‌-ഇൻ-എയ്‌ഡിന്റെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടു. ധനകാര്യ കമ്മിഷനിൽ നിന്നും സംസ്ഥാനങ്ങൾക്ക്‌ കിട്ടുന്ന വിഹിതം വളരെ പ്രധാനപ്പെട്ടതാണ്‌. കേന്ദ്രത്തിലെ മൂന്നാം ധനകാര്യകമ്മിഷൻ 5.23 % തുക കേരളത്തിന്‌ വിഹിതം നിശ്ചയിച്ചപ്പോൾ, 4-​‍ാം കമ്മിഷൻ 6.51 % വിഹിതം നിശ്ചയിച്ചു തുടർന്ന്‌ വിഹിതത്തിൽ കുറവുണ്ടായി. ഏറ്റവും ഒടുവിൽ 13-​‍ാം ധനകാര്യ കമ്മിഷൻ അനുവദിച്ചത്‌ 2.34 % മാത്രമാണ്‌. നാലാം കമ്മിഷൻ അനുവദിച്ചതിന്റെ മൂന്നിലൊന്ന്‌. തമിഴ്‌നാട്‌, കർണാടകം, ആന്ധ്രപ്രദേശ്‌ ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു വെട്ടിക്കുറയ്‌ക്കൽ നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തിന്‌ കേന്ദ്രം അനുവദിക്കുന്ന വായ്‌പയിലും വലിയ കുറവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. 2000-01 ൽ വായ്‌പ അനുവദിക്കുന്നതിൽ 4 % ന്റെ വർധനവ്‌ ഉണ്ടായപ്പോൾ 2010-11 ൽ അത്‌ വെറും 0.9% ആയി കുറഞ്ഞു. 2014-2015 ലെ ബജറ്റ്‌ രേഖയിൽ ധനമന്ത്രി തന്നെ പറയുന്നത്‌, 2000-01 ൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 21.27 % കേന്ദ്രവിഹിതമായി കിട്ടിയിരുന്നത്‌, 2014-2015 ൽ 18.07 % ആയി കുറഞ്ഞു എന്നാണ്‌. 3.20 % എന്നത്‌ വലിയ കുറവാണ്‌. കേന്ദ്രത്തിൽ എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെ എട്ട്‌ മന്ത്രിമാരുണ്ടായിട്ടും കേരളത്തിനുള്ള കേന്ദ്രവിഹിതവും ഗ്രാന്റ്‌-ഇൻ-എയിഡും ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

സാമ്പത്തികതകർച്ചക്ക്‌ കാരണമെന്ത്‌ ?

കേരളത്തിൽ പെട്ടന്ന്‌ സാമ്പത്തിക തകർച്ച ഉണ്ടാകേണ്ട ഒരു കാരണവുമില്ല. എൽഡിഎഫ്‌ സർക്കാരിന്റെ സമയത്ത്‌, 2011 മാർച്ച്‌ 31 ന്‌ 3880 കോടി രൂപ ട്രഷറിയിൽ മിച്ചമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന്‌ വർഷത്തിനുള്ളിൽ ഗുരുതരമായ വരൾച്ചയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന മറ്റ്‌ ദുരന്തങ്ങളോ ഉണ്ടായില്ല. ശമ്പള പരിഷ്‌ക്കരണത്തിനോ കേന്ദ്രപാരിറ്റിക്കോ വേണ്ടി ഒരു രൂപ ചെലവഴിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർക്കാർ അടക്കേണ്ടിയിരുന്ന 32 കോടി രൂപയിൽ ഒരു രൂപ പോലും അടച്ചിട്ടില്ല. (ശമ്പള കമ്മിഷനെ നിയമിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇനി ഒന്നര വർഷം കഴിഞ്ഞ്‌ റിപ്പോർട്ട്‌ നൽകും. പിന്നെ ചർച്ച ചെയ്‌ത്‌ ഉത്തരവിറങ്ങുമ്പോഴേക്കും തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം എത്തും. ഫലത്തിൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കരിന്റേതുപോലെ ഈ സർക്കാരിനും ഈ ആവശ്യത്തിന്‌ തുകയൊന്നും ചെലവഴിക്കേണ്ടി വരില്ല). വിദേശ മലയാളികൾ അയക്കുന്ന തുകയിൽ കുറവുണ്ടായിട്ടില്ല. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലും കുറവില്ല. മിക്ക കാർഷിക വിഭവങ്ങൾക്കും ഭേദപ്പെട്ട വിലയുണ്ട്‌. മെച്ചപ്പെട്ട വേതനം മിക്ക മേഖലയിലും ലഭിക്കുന്നുണ്ട്‌. വാഹന നികുതിയിലും മദ്യനികുതിയിലും കുറവുവരേണ്ട കാര്യമില്ല. ഭൂമി കൈമാറ്റത്തിൽ കുറവുണ്ടായെങ്കിലും അതിനാനുപാതികമായി സ്വർണ്ണവിൽപ്പന വർധിച്ചിട്ടുണ്ട്‌. കരുതലോടെ പ്രവർത്തിച്ചാൽ നോൺ-ടാക്‌സ്‌ ഇനത്തിലും നല്ലതോതിൽ വരുമാനം കണ്ടെത്താനാകും. പകുതിയോളം കുടുംബങ്ങളുടെ കൈവശം ആവശ്യത്തിന്‌ പണമുണ്ട്‌. 10 % ൽ അധികം പേരിൽ ആവശ്യത്തിലധികം പണമുണ്ട്‌. അവർ ആ പണം ചെലവഴിക്കുന്നുമുണ്ട്‌. റെഡിമേഡ്‌ തുണികൾ, ഇലക്‌ട്രോണിക്‌ ഉൽപ്പന്നങ്ങൾ, നിർമാണസാമഗ്രികൾ ഇവയുടെ എല്ലാം ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപമാണ്‌ മലയാളിക്കുള്ളത്‌. റബറിന്റെ വിലയിടിവും കേന്ദ്രവിഹിതം കുറയുന്നതും മാത്രമാണ്‌ ഒരു നെഗറ്റീവ്‌ ആകുന്നത്‌. അതിനെ മറികടക്കാനാവുന്ന പോസിറ്റീവുകൾ ധാരാളമാണ്‌. ഒരു സമൂഹത്തിൽ ആവശ്യത്തിന്‌ പണമുണ്ടെന്ന അവസ്ഥ നിലനിൽക്കുമ്പോൾ അവിടത്തെ സർക്കാർഖജനാവിൽ അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതാണ്‌. ലോകത്തെവിടെയും അങ്ങനെയാണ്‌ സംഭവിക്കുന്നത്‌. പക്ഷെ ഇവിടെ മാത്രം മറിച്ച്‌ സംഭവിച്ചിരിക്കുന്നു.

II

ചെലവ്‌ എങ്ങനെ കൂടി?

റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 22% വർധനവുണ്ടാകുമെന്നാണ്‌ കെ എം മാണി അവകാശപ്പെട്ടിരുന്നത്‌. എന്നാൽ 12 % വർധനവ്‌ മാത്രമേ ഉണ്ടായുള്ളു. അതേ സമയം ചെലവിൽ 19 % വർധനവ്‌ ഉണ്ടാകുകയും ചെയ്‌തു. ഇതിന്റെ ഫലമായി 2013-14 ൽ മാത്രം 12500 കോടി രൂപയാണ്‌ വീണ്ടും വൻ പലിശയ്‌ക്ക്‌ (9%) വായ്‌പ എടുത്തത്‌. എന്നിട്ടും പദ്ധതിയുടെ 62 % മാത്രമേ നടപ്പിലായുള്ളൂ. കരാറുകാർക്കുള്ള കുടിശ്ശികയായ 2400 കോടി കൊടുത്തതുമില്ല. വരവിലും ചെലവിലും ഇത്രയും വലിയ അന്തരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടി കമ്മിയിലാണ്‌ കാര്യങ്ങൾ എത്തിയത്‌. ഫലത്തിൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്‌ യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു.

എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു ? നികുതിപിരിവിൽ ഒരു ആസൂത്രണവും ഇല്ലാതെ പോയി. പ്രധാന തസ്‌തികകളിലൊക്കെയും അഴിമതിക്കാരെത്തി. വൻകിടക്കാർക്ക്‌ നികുതിയിളവ്‌ കിട്ടുന്ന വിധത്തിലുള്ള ഇടപെടലുകൾ തുടർച്ചയായുണ്ടായി. ചെക്ക്‌ പോസ്റ്റുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ശക്തമായി തുടരുന്നു. റവന്യൂ റിക്കവറി ഒട്ടും കാര്യക്ഷമമല്ലാതായി. സർക്കാരിന്റെ അഴിമതിയും കഴിവുകേടും കാണണമെങ്കിൽ സ്വർണമേഖല മാത്രം ശ്രദ്ധിച്ചാൽ മതി. ഭൂമിയെപ്പോലെ സ്വർണ്ണവും ഒരു നിക്ഷേപവസ്‌തുവായാണ്‌ മലയാളികൾ കാണുന്നത്‌. കേരളത്തിൽ ഒരു വർഷം 34,000 കോടി രൂപയുടെ സ്വർണക്കച്ചവടം നടക്കുന്നുണ്ട്‌. ഇതിന്‌ 4 % നികുതി ഈടാക്കിയാൽ ഒരു വർഷം 1360 കോടി രൂപ ഖജനാവിൽ എത്തണം. എന്നാൽ ഇതിന്റെ നാലിലൊന്നുപോലും എത്തിയിട്ടില്ലെന്നതാണ്‌ വസ്‌തുത. ഈ രംഗത്ത്‌ നടക്കുന്ന അഴിമതിയുടെ തീവ്രത മാധ്യമങ്ങൾ പോലും പുറത്ത്‌ കൊണ്ടുവരില്ല. കാരണം മാധ്യമങ്ങൾക്ക്‌ നൂറുകണക്കിന്‌ കോടി രൂപയാണ്‌ ഈ മേഖലയിൽ നിന്നും പരസ്യ ഇനത്തിൽ ലഭിക്കുന്നത്‌. സ്വർണമേഖലയ്‌ക്ക്‌ സമാനമായ അഴിമതി രജിസ്‌ട്രേഷൻ, എക്‌സൈസ്‌, റവന്യൂ തുടങ്ങി നിരവധി വകുപ്പുകളിലുമുണ്ട്‌.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ട്രഷറി നിക്ഷേപത്തിന്‌ വലിയ പ്രാധാന്യം നൽകിയിരുന്നു. ഈ സർക്കാർ നയം മാറ്റി. സർക്കാർ വകുപ്പുകളോടു തന്നെ പണം വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ശമ്പളം, പെൻഷൻ ഇവയുടെയെല്ലാം വിതരണം ബാങ്കുവഴിയാക്കി. സ്വാർത്ഥതാൽപ്പര്യങ്ങൾ ഭരണത്തെ ചുരുട്ടിപ്പിടിച്ചപ്പോൾ വരുമാനത്തിൽ വൻ കുറവുണ്ടായി എന്നു മാത്രമല്ല, ചെലവിന്റെ കടിഞ്ഞാൺ തകരുകയും ചെയ്‌തു. സ്വകാര്യ വ്യക്തികൾക്ക്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങാൻ വേണ്ടി യാതൊരു പഠനവും ചർച്ചയും നടത്താതെ ധാരാളം എയിഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും എയ്‌ഡഡ്‌ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വൻതോതിൽ പ്ളസ്‌ടു സീറ്റ്‌ അനുവദിക്കുകയും ചെയ്‌തു. തുടർന്ന്‌ പലസ്ഥലങ്ങളിലായി നൂറ്‌ കണക്കിന്‌ തസ്‌തികകൾ സൃഷ്‌ടിക്കപ്പെട്ടു. അതേ സമയം ആയിരക്കണക്കിന്‌ പ്ളസ്‌ടു സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുകയും ചെയ്യുന്നു. പുതിയ തസ്‌തികകൾ ധാരാളം സൃഷ്‌ടിച്ചുവെന്ന്‌ സർക്കാർ ഊറ്റം കൊള്ളുമ്പോൾ സംഭവിച്ചത്‌, സർക്കാരിന്റെ ചെലവ്‌ വർധിക്കുകയും സ്വകാര്യ മാനേജ്‌മെന്റ്‌ കോടികൾ കൊയ്‌തെടുക്കുകയും ചെയ്‌തു എന്നതാണ്‌. കെ എം മാണി ഒരിക്കലും ആവേശം കാട്ടിയില്ലെങ്കിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ കോടികണക്കിന്‌ രൂപയാണ്‌ അർഹതയില്ലാത്തവരുടെ കൈകളിൽ എത്തിയത്‌. `സുരക്ഷായനം`, `ആഗോളനിക്ഷേപസംഗമം` പോലെയുള്ള കെട്ടുകാഴ്‌ച്ചകൾക്കും കോടികൾ ചെലവഴിച്ചു. പരസ്യം നൽകുന്നതിൽ സർക്കാർ സർവ്വകാല റിക്കോർഡാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കെടുകാര്യസ്ഥതയും അഴിമതിയും മൂലം പൊതുമേഖലാസ്ഥാപനങ്ങൾ ഭൂരിപക്ഷവും സർക്കാരിന്‌ വലിയ ബാധ്യതയാണ്‌ വരുത്തിക്കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ്‌ ഉണ്ടായിരുന്നത്‌. അതോടൊപ്പം തുടക്കത്തിൽ തന്നെ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ കൊടുത്തു തുടങ്ങേണ്ടിയും വന്നു. എന്നിട്ടും രണ്ട്‌ വർഷം കൊണ്ട്‌ കാര്യങ്ങൾ നിയന്ത്രണത്തിലായി. കരാറുകാരുടെ കുടിശ്ശിക കൊടുത്തു തീർത്തു. പൊതു വിതരണത്തിന്‌ കൂടുതൽ തുക അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും ധാരാളം വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തു. പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്‌ ധാരാളം തുക ചെലവഴിച്ചു. ആവശ്യമായ മേഖലകളിൽ പഠനം നടത്തി പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കോടികളാണ്‌ ചെലവഴിച്ചത്‌. സർക്കാർ ഭൂമിയുടെയും വനഭൂമിയുടെയും സംരക്ഷണത്തിനും വൻ തുക ചെലവഴിച്ചു. ഭരണമൊഴിയുന്നതിന്‌ മുൻപു തന്നെ അടുത്ത ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി. ഇതൊക്കെയായിട്ടും ട്രഷറി പൂട്ടുന്ന സ്ഥിതിയുണ്ടായില്ല എന്നു മാത്രമല്ല, ട്രഷറിയിൽ വലിയ തുക മിച്ചം വയ്‌ക്കുകയും ചെയ്‌തു. ഓരോ വർഷവും 19 % വരെ വരവ്‌ വർധിപ്പിച്ചും ചെലവ്‌ അതിന്‌ താഴെ നിയന്ത്രിച്ചുനിർത്തിയുമാണ്‌ ഇത്‌ സാധ്യമാക്കിയത്‌ എന്ന്‌ രേഖകൾ വൃക്തമാക്കുന്നു.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ധനകാര്യ മന്ത്രി കെ എം മാണി ഇനി കേരള സമൂഹത്തോട്‌ കാര്യങ്ങൾ തുറന്ന്‌ പറഞ്ഞേ മതിയാകൂ. എവിടെയാണ്‌ പാളിച്ച പറ്റിയതെന്ന്‌ പറയണം. കരാറുകാർക്ക്‌ അടക്കം ഇനി എത്രകോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്നും അതെന്ന്‌ കൊടുത്തു തീർക്കുമെന്നും പറയണം. ഏതു സാഹചര്യത്തിലാണ്‌ വരുമാനം കുറഞ്ഞതെന്നും ചെലവ്‌ കൂടിയതെന്നും ജനങ്ങൾക്ക്‌ അറിയേണ്ടതുണ്ട്‌. 2013-14 ലെ ബജറ്റിൽ 22 % വരുമാനം പ്രതീക്ഷിച്ചത്‌ 12 % ആയി കുറഞ്ഞതെങ്ങനെയെന്ന്‌ കേരളമാകെ ചർച്ചചെയ്യേണ്ട കാര്യമാണ്‌. കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണവും ചർച്ച ചെയ്യപ്പെടണം. കേന്ദ്രത്തിലുള്ള എട്ട്‌ മന്ത്രിമാരുടെ ഇക്കാര്യത്തിലുള്ള പങ്ക്‌ എന്തെന്നറിയണം. സാമ്പത്തിക തകർച്ച ബാധിക്കുന്നത്‌ ഒരു മന്ത്രിയേയോ സർക്കാരിനെയോ മാത്രമല്ല, കേരളത്തെയാകെയാണ്‌. 3.40 കോടി ജനങ്ങളെയാണ്‌. ജനങ്ങൾ ഭരണം നടത്തുന്നവരോട്‌ ചോദ്യങ്ങൾ ചോദിക്കും. അതിന്‌ വസ്‌തുതാപരമായ മറുപടി പറയാൻ ഭരണക്കാർ ബാധ്യതപ്പെട്ടിരിക്കുന്നു. ജനാധിപത്യം വികസിക്കുന്നത്‌ അങ്ങനെയാണ്‌. ധനമന്ത്രി കെ എം മാണി കേരളത്തിന്‌ മുന്നിൽ എഴുന്നേറ്റ്‌ നിന്ന്‌ മറുപടി പറയാൻ സമയമായിരിക്കുന്നു.

*
സി ആർ ജോസ്പ്രകാശ്‌ Janayugom

No comments: