Wednesday, April 23, 2014

അജിത്ഭുയാന്റെ ആത്മഹത്യയ്ക്കു പിന്നില്‍

കൊല്‍ക്കത്തയ്ക്ക് കിഴക്ക് ചന്ദ്രകോണ വനത്തിനടുത്താണ് ചന്ദൂര്‍ ഗ്രാമം. ഈ ഗ്രാമത്തില്‍, അജിത്ഭുയാന്‍ അറിയപ്പെടുന്നത്, അദ്ദേഹത്തിന് സിപിഐ എമ്മിനോടുള്ള പ്രതിബദ്ധതയുടേയും ആത്മബന്ധത്തിന്റെയും പേരിലാണ്. മാര്‍ച്ച് 30ന് വൈകുന്നേരം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അജിത്ഭുയാന്റെ, മൃഗഡോക്ടറായ മകനെ ആക്രമിക്കുകയുണ്ടായി. പിന്നീട് അവര്‍ അജിത്ഭുയാനെയും ആക്രമിച്ചു പരിക്കേല്‍പിച്ചു. ഈ പ്രദേശത്തെ മറ്റു നിരവധി സിപിഐ എം കേഡര്‍മാരും ആക്രമിക്കപ്പെടുകയുണ്ടായി. ആ പ്രദേശത്തു മാത്രമല്ല, പശ്ചിമബംഗാളില്‍ ഉടനീളം ഇത് പതിവാണ്.

2011 മെയ് മാസത്തിനും 2014 ജനുവരിക്കും ഇടയ്ക്ക് ഇടതുമുന്നണിയുടെ 139 കേഡര്‍മാരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. മാര്‍ച്ച് 30ന് തൃണമൂലുകാര്‍ അജിത്ഭുയാനെ ആക്രമിച്ചതിന്റെ കൃത്യമായ കാരണം ഇതാണ്: ഘടാല്‍ ലോക്സഭാ നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചലച്ചിത്രതാരം ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി ചന്ദൂര്‍ഗ്രാമത്തിനടുത്തുള്ള കേശ്പൂരില്‍ മാര്‍ച്ച് 31ന് വരുന്നുണ്ടായിരുന്നു. അന്ന് നാലുമണിക്കൂര്‍ വൈകിയാണ് മമത റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. അവരുടെ ഹെലികോപ്ടര്‍ തകരാറിലായിരുന്നു. പതിവുപോലെ ഈ യാദൃച്ഛിക സംഭവത്തെയും തന്റെ രാഷ്ട്രീയ നേട്ടത്തിനായി മമത ഉപയോഗിക്കുകയുണ്ടായി

- ""ഞാനിന്ന് മിഡ്നാപ്പൂര്‍ സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ചില ആളുകള്‍ ആഗ്രഹിച്ചിരുന്നു. ഹെലികോപ്ടറില്‍ വരാനാണ് ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷമാണ് ഹെലികോപ്ടറിന് കേടാണെന്നുകണ്ടത്. ഹെലികോപ്ടറിലെ തകരാറ് സാങ്കേതികമായതാണോ രാഷ്ട്രീയപരമാണോ എന്ന് നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു."" സിപിഐ എം, തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സൂചന നല്‍കാനാണ് മമത ബാനര്‍ജി നോക്കുന്നത്. ഇത്തരം എന്തെങ്കിലുമൊരു ഗൂഢാലോചനയുടെ ഒരു തെളിവും ഇല്ല. എന്നിരുന്നാലും ഇതാണ് മമതയുടെ പതിവ് രീതി. ഇതാണ് ഇവിടെയും സ്വേച്ഛാധിപതികളായ ജനപ്രിയ നേതാക്കള്‍ (ുീുൗഹശെേ) ചെയ്യുന്നത് - ഒരല്‍പം നാടകീയത അവര്‍ ഇഷ്ടപ്പെടുന്നു; തങ്ങളുടെ എതിരാളികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപണമുന്നയിക്കും. യഥാര്‍ഥ ജനകീയ രാഷ്ട്രീയ പരിപാടി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ കുറവ്, ഇങ്ങനെ വൈകാരികമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, മൂടിവെയ്ക്കാനായി അവര്‍ അത് ഉപയോഗപ്പെടുത്തും.

ആ നിയോജക മണ്ഡലത്തിലെ മമതയുടെ സ്ഥാനാര്‍ഥി ഒരു ചലച്ചിത്ര താരമാണ്. ""രാഷ്ട്രീയത്തില്‍ തനിക്ക് വലിയ പരിചയമോ അനുഭവമോ ഒന്നുമില്ല"" എന്നാണ് സ്ഥാനാര്‍ഥിയായ ദേവ് പറയുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും അദ്ദേഹത്തിന്റെ പാര്‍ടി നേതാവ് ചെവികൊടുക്കാറില്ല; മറുപടി പറയാറുമില്ല. അവര്‍ പറയുന്നത് ഇത്രമാത്രം-""നിങ്ങളെല്ലാം ദേവിന് വോട്ട്ചെയ്യണം. അദ്ദേഹം സിനിമാരംഗത്ത് മികച്ച അഭിനേതാവാണ്."" ""ഇവിടെ ആളുകളോട് വോട്ടുചോദിക്കാന്‍ സിപിഐ എമ്മിന് നാണമില്ലേ?"" അവര്‍ അലറി. തന്റെ പാര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തമായ ഒരു സന്ദേശമാണ് അവരുടെ അലര്‍ച്ച. തൊട്ട് തലേദിവസം (അതായത് മാര്‍ച്ച് 30ന്) വൈകുന്നേരം അജിത്ഭുയാന്റെ വീട്ടിലെത്തിയ തൃണമൂലുകാര്‍ അദ്ദേഹത്തോട് പറഞ്ഞത് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ സന്തോഷ് റാണയ്ക്കുവേണ്ടി അദ്ദേഹം പ്രചരണത്തിനിറങ്ങാന്‍ പാടില്ലെന്നാണ്. അടുത്തദിവസം നടക്കുന്ന തൃണമൂല്‍ റാലിയില്‍ തൃണമൂല്‍ കൊടിയും പിടിച്ച് അജിത്ഭുയാന്‍ എത്തണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍, തങ്ങള്‍ മടങ്ങിവന്ന് ഭുയാന്റെ കുടുംബത്തെയാകെ കൊല്ലുമെന്നും ഭീഷണിമുഴക്കുകയുമുണ്ടായി. അവര്‍ ഇത്തരം ഭീഷണികള്‍ നടപ്പിലാക്കാന്‍ മടിക്കാറില്ല എന്നതും പ്രസിദ്ധമാണ്.

അദ്ദേഹത്തിന്റെ മനസ്സിനെയാകെ ഈ ഭീഷണി തകര്‍ത്തുകളഞ്ഞുവെന്നാണ് ഭുയാന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്നദ്ദേഹം വീട്ടിന് പുറത്തിറങ്ങിയില്ല; ആ രാത്രിതന്നെ അദ്ദേഹം ആത്മഹത്യചെയ്തു. തന്റെ രാഷ്ട്രീയത്തെ വഞ്ചിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്, ഭരണകക്ഷിക്കാരായ ആ മുഠാളന്മാരോട് ഏറ്റുമുട്ടാനാകാത്ത അദ്ദേഹം ആത്മഹത്യയില്‍ അഭയംതേടുകയാണുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം ആരോടും പറഞ്ഞുപോകരുതെന്ന് തൃണമൂലുകാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും ചന്ദൂര്‍ ഗ്രാമവാസികളാകെ പരിഭ്രാന്തരും രോഷാകുലരുമായിരിക്കുകയാണ്.

രാഷ്ട്രീയകാരണങ്ങളാല്‍ അജിത്ഭുയാന്‍ ആത്മഹത്യചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ സവിശേഷതയാണ്. പശ്ചിമബംഗാള്‍ ഗ്രാമങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റുവരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടഴിച്ചുവിടുന്ന അക്രമത്തിന്റെയും ഭീഷണിയുടെയും സംസ്കാരത്തിന്റെ പ്രത്യക്ഷഫലമാണത്. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി സന്തോഷ്റാണയുടെ വീട്ടിനുമുന്നില്‍ ചില നാടകീയ രംഗങ്ങള്‍ നടന്ന്, ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് അജിത്ഭുയാനുനേരെ ആക്രമണമുണ്ടായത്. അത്യപൂര്‍വമായ ഒരു സൗഹാര്‍ദ പ്രകടനത്തിന്റെ ഭാഗമായി തൃണമൂല്‍ സ്ഥാനാര്‍ഥി ദേവിനെ സന്തോഷ്റാണ ചായയ്ക്കായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മാര്‍ച്ച് 25ന് ദേവ് മിഡ്നാപൂരിനെ റാണയുടെ വീട്ടിലെത്തി. കമ്യൂണിസ്റ്റുകാരനായ സന്തോഷ്റാണയുടെ വീട്ടില്‍നിന്ന് മടങ്ങവെ ദേവ് ഇങ്ങനെ പ്രതികരിച്ചു- ""എന്റെ ലക്ഷ്യം സ്നേഹത്തിന്റെ പ്രചരണമാണ്. സാധാരണ ജനങ്ങളോടുള്ള സ്നേഹമാണ് എന്നും എവിടെയും എന്റെ മനസ്സില്‍. ഈ നിയോജകമണ്ഡലത്തിനും ഇവിടത്തെ സാധാരണക്കാരായ ആളുകള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.""

ദേവിന്റെ തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്ന തൃണമൂല്‍ സംഘടനാ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ""സാധാരണജനങ്ങള്‍"" എന്നതിന് മറ്റുചില അര്‍ഥങ്ങളാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം മൃഗീയതയും അക്രമവുമാണ് ബാലറ്റ് ബോക്സില്‍ വിജയിക്കുന്നതിനുള്ള മാര്‍ഗം. അവര്‍ക്ക് സ്നേഹത്തില്‍ ഒരു വിശ്വാസവുമില്ല, താല്‍പര്യവുമില്ല. ദേവ് ഒന്നുകില്‍ തന്റെ ദിവാസ്വപ്നങ്ങളുടെ തടവുകാരനാണ് (ഇപ്പോഴും അദ്ദേഹം ചലച്ചിത്രലോകത്ത് സജീവമാണ്.) അല്ലെങ്കില്‍ അജിത്ഭുയാന്റെ ആത്മഹത്യയിലേക്ക് നയിച്ച മുഠാളത്തത്തിന്റെ ഭാഷയെ മൂടിവെയ്ക്കാനുള്ള മുഖംമൂടി മാത്രമാണ് ദേവിന് സ്നേഹത്തിന്റെ ഭാഷ. വളരെ ബോധപൂര്‍വം ദേവ് കപടസ്നേഹം നടിക്കുകയാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

*
വിജയ്പ്രസാദ് (കൗണ്ടര്‍ പഞ്ചില്‍ പ്രസിദ്ധീകരിച്ച വിജയ്പ്രസാദിന്റെ ലേഖനത്തിന്റെ പരിഭാഷ.)

1 comment:

മുക്കുവന്‍ said...

my understanding is that all trinamool comrades were CPM members earlier. now they act like this.. it means that they were doing the same business for past 25 years in Bengal.. you havent written statement about this till now.....


yea... keep making more stories for getting young bloods into the party. you really need more blood in kerala right now !!!!