Wednesday, April 23, 2014

ആള്‍ദൈവങ്ങള്‍ അക്രമാസക്തരായാല്‍

രാഷ്ട്രീയ പ്രവര്‍ത്തകരും ആത്മീയ പ്രവര്‍ത്തകരും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. ദൈവവിശ്വാസികളാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനതലം ഭൗതികമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ചാല്‍ തിരിച്ചു വിമര്‍ശിക്കാനുള്ള അവകാശം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാറുമുണ്ട്. തെരഞ്ഞെടുപ്പുകള്‍ പ്രത്യേകിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും പ്രതിവിമര്‍ശനങ്ങള്‍ക്കുമുള്ള കളങ്ങളാണ്. ആത്മീയ നേതാക്കള്‍ അങ്ങനെയല്ല. അവര്‍ ആത്മീയ നേതാക്കളായതുകൊണ്ട് തന്നെ അവരെ വിമര്‍ശിക്കാന്‍ മറ്റ് ആത്മീയ നേതാക്കള്‍ക്ക്പോലും അധികാരമില്ല. നമ്മുടെ ശിക്ഷാനിയമങ്ങള്‍പോലും ആത്മീയ നേതാക്കളെ സംബന്ധിച്ചിടത്തോളം തലകുത്തനെയായി മാറാറുണ്ട്.

ആത്മീയ മേഖലകളില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുകയോ ഒരു കൊലപാതകം നടക്കുകയോ ചെയ്താല്‍ അത് സംശയലേശമെന്യേ തെളിയിക്കപ്പെടുന്നതുവരെ ആരും ഒരു ചെറുവിരല്‍ പോലുമനക്കില്ല. ആരോപണമുന്നയിക്കുന്നവര്‍ വിഡ്ഢികളും പരിഹാസപാത്രങ്ങളുമാകുകയാണ് പതിവ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെതിരെ ആര്‍ക്കും എന്താരോപണവും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. ആരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള മുഴുവന്‍ ബാധ്യതയും ആരോപിക്കപ്പെടുന്നയാള്‍ക്കാണ്. ആത്മീയ നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാല്‍ അതു തെളിയിക്കേണ്ട ബാധ്യത ആരോപണമുന്നയിച്ചയാള്‍ക്കുമാണ്. മാതാ അമൃതാനന്ദമയി മിഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴൊക്കെ ഈ വസ്തുത പകല്‍പോലെ വ്യക്തമായിരുന്നു.

മിഷനെതിരെ ഗെയ്ല്‍ ട്രെഡ്വെല്‍ പുസ്തകമെഴുതി സ്വന്തം അനുഭവസാക്ഷ്യത്തിലൂടെ ആരോപണമുയര്‍ത്തിയപ്പോള്‍ അത് ചെവിക്കൊള്ളാന്‍ ഭരണകൂടവും നീതിപാലകരും സാംസ്കാരിക നായകര്‍ പോലും വിസമ്മതിച്ചു. മാതാ അമൃതാനന്ദമയി മിഷന്‍ ചെയ്യുന്ന സാമൂഹ്യസേവനത്തെ പ്രകീര്‍ത്തിക്കുക മാത്രമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തത്. മാതാ അമൃതാനന്ദമയി മഠത്തിലെ പ്രമുഖന്‍ തന്നെ മാനഭംഗപ്പെടുത്തിയതായി ഗെയ്ല്‍ ട്രെഡ്വെല്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍, അതിനെച്ചൊല്ലി ദീപക് പ്രകാശ് എന്ന വക്കീല്‍ കൊടുത്ത പരാതിയിന്‍മേല്‍ നേരിട്ടു വന്നു തെളിവു ഹാജരാക്കാന്‍ കരുനാഗപ്പള്ളി പൊലീസ് ട്രെഡ്വെല്ലിന് ഇ - മെയില്‍ സന്ദേശമയയ്ക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ബലാല്‍സംഗത്തിന് എങ്ങനെ തെളിവ് ഹാജരാക്കാന്‍ കഴിയും എന്ന സാമാന്യയുക്തിപോലും പൊലീസിനുണ്ടായില്ല. തുടര്‍ന്ന് കൈരളി ടി വി നടത്തിയ അഭിമുഖത്തില്‍ ഗെയ്ല്‍ ട്രെഡ്വെല്‍ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിച്ചു. പരിപാടി സംപ്രേഷണം ചെയ്താല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അമൃതാനന്ദമയി മിഷന്‍ കൈരളി ടി വിയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതായത് ആരോപണങ്ങള്‍ പോലും അസഹനീയമാണെന്നര്‍ത്ഥം.

എങ്കിലും ട്രെഡ്വെല്ലിെന്‍റ ഇംഗ്ലീഷ് പുസ്തകം നിരവധി പേര്‍ വായിച്ചു. കൈരളി ടി വിയുടെ അഭിമുഖം നിരവധി പേര്‍ കേട്ടു. മാതാ അമൃതാനന്ദമയി മിഷനെ സംബന്ധിച്ച പരസ്യസംവാദങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. അപ്പോഴും ഭരണകര്‍ത്താക്കളും നീതിപാലകരും അനങ്ങിയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മിണ്ടാട്ടമില്ലാതായി. ഇതിനെല്ലാം ശേഷമാണ് കൈരളി ടിവി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് ട്രെഡ്വെല്ലുമായി നടത്തിയ അഭിമുഖം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് തീരുമാനിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയെപ്പോലുള്ള ആത്മീയ പ്രവര്‍ത്തകര്‍തന്നെ അമൃതാനന്ദമയി മിഷനെ വിമര്‍ശിക്കാനും തുനിഞ്ഞു. ഇവയ്ക്കെതിരെ പ്രത്യാക്രമണങ്ങളുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നു. ഡിസി ബുക്സിനും രവി ഡിസിയ്ക്കുമെതിരെ അതിക്രമമുണ്ടായി. സന്ദീപാനന്ദ ഗിരി ആക്രമിക്കപ്പെട്ടു. ആരോപണങ്ങള്‍ അസഹനീയമാണെന്നു മാത്രമല്ല, അത്തരം പരാമര്‍ശങ്ങള്‍ വരുന്നതുപോലും വേണ്ടയെന്ന് ചിലര്‍ തീരുമാനിച്ചുവെന്ന് വ്യക്തം. മിഷന്‍ ഏതാണ്ട് പൂര്‍ണമായി ഹിന്ദുത്വവാദികളുടെ സംരക്ഷണത്തിലായി എന്നാണ് അതു കാണിക്കുന്നത്. അപ്പോഴും ഭരണകര്‍ത്താക്കള്‍ അനങ്ങുന്നില്ല. ഹിന്ദുത്വവാദികള്‍ ഇത്രയധികം ഭയപ്പെടാന്‍ ആ പുസ്തകത്തില്‍ എന്താണുള്ളത്?

ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന സ്വാമിനി അമൃതപ്രാണ തീര്‍ച്ചയായും ഒരു ഭൗതികവാദിയല്ല. അവര്‍ ഈ പുസ്തകമെഴുതുമ്പോഴും ഒരു ആത്മീയവാദിയാണ്. താന്‍ ഒരു പാപിനിയാണെന്നും പാപത്തില്‍നിന്നുള്ള മോചനം അമൃതാനന്ദമയിയിലൂടെ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്ത ഒരു പാവം സ്ത്രീ. അവര്‍ക്കെതിരെ ""അമ്മ""യും പാര്‍ശ്വവര്‍ത്തികളും അടിച്ചേല്‍പിച്ച നിരന്തര പീഡനങ്ങളും വിവിധ പാര്‍ശ്വവര്‍ത്തികളുടെ കാമക്രീഡകള്‍പോലും സഹിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ആത്മീയതയാണ്. അമൃതാനന്ദമയി എന്ന സുധാമണിയുടെ പ്രവര്‍ത്തനങ്ങള്‍ വെറും പ്രകടനം മാത്രമാണെന്നും അതില്‍ ആത്മീയതയല്ല, വെറും കച്ചവട താല്‍പര്യങ്ങളും ഭൗതികമായ ആര്‍ത്തിയും മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നതെന്നുമുള്ള തിരിച്ചറിവാണ് അവരെ ആശ്രമം വിട്ടോടാന്‍ പ്രേരിപ്പിച്ചത്. അമൃതാനന്ദമയി മിഷനെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്ന കാര്യങ്ങള്‍ പുറത്തു പറയുന്നതില്‍നിന്ന് പതിനഞ്ചുവര്‍ഷക്കാലം അവരെ തടഞ്ഞതും ഇതേ ആത്മീയതയാണ്. ചുരുക്കത്തില്‍ ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ വെളിപ്പെടുത്തല്‍ ഒരു ഭൗതികവാദിയുടെ വിമര്‍ശനമല്ല, ആത്മീയവാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ച, അതിനുവേണ്ടി എന്തു വേദനയും സഹിക്കാന്‍ തയ്യാറായ ഒരു സ്ത്രീയുടെ നിരാശാബോധത്തിന്റെ ആവിഷ്കാരമാണ്. അത് ചെവിക്കൊള്ളാന്‍ ആരും തയ്യാറാവാത്ത വിധത്തില്‍ തികച്ചും ഭൗതികമായ വടവൃക്ഷമായി സുധാമണി മാറിക്കഴിഞ്ഞുവെന്നാണ് ഇതു കാണിക്കുന്നത്.

ഗെയ്ല്‍ ട്രെഡ്വെല്‍ വലിയ എഴുത്തുകാരിയല്ല. നമ്മുടെ ബുദ്ധിജീവികളുടെ ഭാഷാചാതുര്യവും പ്രകടനപരതയും അവര്‍ക്കില്ല. അവരുടെ എഴുത്ത് വളരെ ലളിതമാണ്. കഥാകഥനത്തിന്റെ രീതിയിലുള്ളതാണ്, കുറിക്കുകൊള്ളുന്നതുമാണ്. അവര്‍ പറയുന്ന കഥകള്‍ ഏതെങ്കിലും സങ്കല്‍പിത കഥാപാത്രങ്ങളെക്കുറിച്ചുള്ളതല്ല. ബാലു, റാവു, രാമകൃഷ്ണന്‍, ചന്ദ്രു, നീലു തുടങ്ങിയ പാര്‍ശ്വവര്‍ത്തികളും സ്ത്രീകളുമെല്ലാം ജീവിക്കുന്നവരാണ്. അവരാരും, സുധാമണി പോലും ഇതില്‍ പറയുന്ന കാര്യങ്ങളെയൊന്നിനെയും നിഷേധിച്ചിട്ടില്ല. നിഷേധിക്കാത്തത് രണ്ട് കാര്യങ്ങള്‍കൊണ്ടാകാം. ഒന്ന് ഇവരെല്ലാം ഭൗതികമായ ആശകളെല്ലാം വെടിഞ്ഞ് സച്ചിദാനന്ദത്തില്‍ വിലയം പ്രാപിക്കാനാഗ്രഹിക്കുന്ന മുമുക്ഷുക്കളായതുകൊണ്ടാകാം. അവര്‍ കൈരളി ടി വി, രവി ഡിസി, സന്ദീപാനന്ദ ഗിരി മുതലായ "ക്ഷുദ്രജീവി"കളെക്കുറിച്ചാലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. നശ്വരമായ ഭൗതികപ്രപഞ്ചത്തില്‍ അവരുടെ ഭക്തന്മാര്‍ക്കുമെന്തു കാര്യം? അല്ലെങ്കില്‍ ട്രെഡ്വെല്‍ പറയുന്നതത്രയും വസ്തുതകളാണ്. അപ്പോള്‍ ഈ വസ്തുതകള്‍ പുറത്തുവരരുതെന്നും ചര്‍ച്ച ചെയ്യപ്പെടരുതെന്നും ആഗ്രഹമുണ്ടാകും. ഇത്രയും കാലം ഈ ചീഞ്ഞു നാറുന്ന വസ്തുതകള്‍ കാത്തുസൂക്ഷിച്ച് ഒരു വലിയ സാമ്രാജ്യമുണ്ടാക്കിയ ആളുകളാണല്ലോ. അതുകൊണ്ട് അവര്‍ ""തെറിക്കുത്തരം മുറിപ്പത്തല്"" എന്ന മട്ടില്‍ തിരിച്ചടിക്കുന്നു. അതായത് അവര്‍ യഥാര്‍ത്ഥത്തില്‍ ആത്മീയവാദികളല്ലെന്നും ആത്മീയതയും ആള്‍ദൈവവും ""കൃഷ്ണെന്‍റ""യും ""ദേവി""യുടെയും പ്രകടനങ്ങളുമെല്ലാം ആളുകളെ പറ്റിക്കാനെടുത്ത പുറംപൂച്ചാണെന്നും വെളിപ്പെടുന്നു.

ആക്രമണം ഒരു ഭൗതിക പ്രസാധക ശക്തിയായ രവി ഡിസിയ്ക്കെതിരെയായതുകൊണ്ട് ഒരു സംഘം സാംസ്കാരികനായകന്മാര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. അത്രയും നല്ലത്. ട്രെഡ്വെല്‍ പറഞ്ഞ കാര്യങ്ങളോടൊന്നും അവരില്‍ നല്ലൊരു ഭാഗം പ്രതികരിച്ചില്ലെങ്കിലും ആത്മീയവാദികളുടെ രോഷം കേരളത്തിലെ മുഖ്യപ്രസാധകനോടായതില്‍ മനംനൊന്തല്ലോ. സന്ദീപാനന്ദഗിരി വലിയൊരു ഭൗതികശക്തിയൊന്നുമല്ലാത്തതുകൊണ്ട് അത്രയും പ്രതികരണമുണ്ടായില്ല. ഏതായാലും, പലയിടങ്ങളിലും ആക്രമണങ്ങള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും നടന്നു. അപ്പോഴും ഭരണകൂടവും നീതിന്യായവ്യവസ്ഥയും അനങ്ങിയിട്ടില്ല. ഇടുക്കിയില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഒരു പ്രസംഗത്തിലുണ്ടായ പരാമര്‍ശം മുന്‍നിര്‍ത്തി സ്വമേധയാ കേസെടുത്ത് മിടുക്കുകാണിച്ച ഭരണാധികാരികളാണ് നമ്മുടെ സംസ്ഥാനത്തിലുള്ളത്. സ്വന്തം രാഷ്ട്രീയ പ്രതിയോഗികള്‍, പ്രത്യേകിച്ച് സിപിഐ എം നടത്തിയതായി ആരോപിക്കപ്പെടുന്ന എല്ലാ കേസുകളിലും ""മുഖം നോക്കാതെ നടപടിയെടുക്കു""മെന്ന് പ്രഖ്യാപിക്കുകയും കോടതിവിധി വന്ന കേസുകള്‍പോലും സിബിഐക്കു വിടുന്നതിനെക്കുറിച്ചാലോചിക്കുകയും ചെയ്യുന്ന, പ്രതിയോഗികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതില്‍ സദാ ജാഗരൂകരായ ഭരണാധികാരികളാണ് നമുക്കുള്ളത്. അത്തരക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടുകയാണെങ്കില്‍ അവരെ തൂക്കിലേറ്റണം. തൂക്കിലേറ്റാന്‍ വിധിച്ചാല്‍ പണ്ടു ക്രിസ്ത്യന്‍ പള്ളിമുറ്റങ്ങളില്‍ ചെയ്തതുപോലെ ജീവനോടെ ചുട്ടുകരിക്കാം. അങ്ങനെ വിധിയുണ്ടായാല്‍, ""അതുകൊണ്ടരിശം തീരാതപ്പുരയുടെ ചുറ്റും മണ്ടി"" നടക്കാം.

പക്ഷേ ഇതൊന്നും ആള്‍ദൈവമിഷനുകള്‍ക്ക് ബാധകമല്ല. അവിടെ ആളെ നോക്കിയേ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂ. അവര്‍ നടത്തുന്ന സേവനങ്ങളെ സ്മരിക്കണം. സേവനത്തിന്റെ ഇടയില്‍ സത്നാംസിങ് എന്ന അല്‍പം ഉറക്കെ വര്‍ത്തമാനം പറയുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന ഭക്തന്‍ 107 വെട്ടുകൊണ്ടു മരിച്ചാല്‍ അവിടെയും കുറ്റം മരിച്ചയാള്‍ക്കാണ്. കാരണം അയാള്‍ ""മനോരോഗി""യായിരുന്നെന്നു വ്യക്തമാക്കിയാല്‍ മതി. അമൃതാനന്ദന്മാരെയെല്ലാം വെറുതെവിട്ടാല്‍ അവര്‍ സ്വന്തം പ്രതിയോഗികളെല്ലാം മനോരോഗികളാണെന്നു നിയമമുണ്ടാക്കും. ജീവപര്യന്തം തടവും തൂക്കിക്കൊല്ലലുംപോലെ മനോരോഗവും ഒരു ""അച്ചടക്ക"" പ്രക്രിയയാണല്ലോ. അതുകൊണ്ട് സത്നാംസിങ്ങിനെ വധിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണമില്ല, സിബിഐ അന്വേഷണമില്ല, ആ കൊലപാതകത്തിലേക്കു നയിച്ച ""നിഗൂഢ രഹസ്യ""ങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്ല, ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി പകര്‍ത്തലില്ല. സര്‍വം ബ്രഹ്മമയം!

ഗെയ്ല്‍ ട്രെഡ്വെലിനെപ്പോലുള്ള ഒരു പാവം സ്ത്രീ വസ്തുതകള്‍ വെളിപ്പെടുത്തിയാലും അത് പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തേന്‍റടം കാണിച്ചാലും മുഖം നോക്കി മാത്രമേ നടപടിയെടുക്കാന്‍ പാടുള്ളൂ എന്ന് ഭരണാധികാരികള്‍ക്ക് തീര്‍ച്ചയാണ്. ഇപ്പോള്‍ പുറത്തുവന്ന സൂര്യനെല്ലിക്കേസിലെ വിധിയില്‍പോലും ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കാണ് കോടതി അംഗീകരിച്ചത്. ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചിടത്തോളം ഇരയായ സ്ത്രീയുടെ വാക്ക് വിശ്വസനീയമാണോ എന്നതു മാത്രമാണ് കോടതിയുടെ പരിഗണനാ വിഷയം. ഇങ്ങനെയൊരു നിയമമുണ്ടായിരിക്കെയാണ് കരുനാഗപ്പള്ളിയിലെ കേരള പൊലീസ് "തെളിവ്" ഹാജരാക്കാന്‍ ട്രെഡ്വെല്ലിന് സന്ദേശമയച്ചത്. അതായത് ഇര പരസ്യമായി പ്രഖ്യാപിക്കുന്ന വാക്കില്‍ കേരള പൊലീസിന് വിശ്വാസമില്ല. അതു നുണയാണെങ്കില്‍ സുധാമണിക്ക് മാനനഷ്ടത്തിന് ട്രെഡ്വെല്ലിന് മേല്‍ കേസു കൊടുക്കാം. അതു ചെയ്തിട്ടില്ല. അല്ലെങ്കില്‍ കേരള പൊലീസിന് നേരിട്ട് കേസെടുക്കാം. നേരിട്ട് കേസെടുക്കുന്നതില്‍ സ്വന്തം വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവരാണ് കേരള പൊലീസ്. പ്രതി സിപിഐ എം അല്ലാത്തതുകൊണ്ട് അതും ചെയ്തില്ല.

ആത്മ സ്വരൂപാനന്ദെന്‍റയും മറ്റും ലൈംഗിക ക്രിയകള്‍ ""ഭഗവാെന്‍റ ലീല""യും ട്രെഡ്വെല്‍ അനുഭവിച്ചത് ""മായാവിലാസ""വുമാണെന്നും പൊലീസും കരുതിയിരിക്കാം. രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ മേധാവികളും ബിസിനസുകാരും ഭക്തരായ മധ്യവര്‍ഗവുമെല്ലാം പുറമെ നിന്നാണെങ്കിലും ""അമ്മ""യുടെ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കുന്നവരാണല്ലോ. ""അമ്മ""യ്ക്കെതിരെ നീങ്ങിയാല്‍ ദൈവത്തിന്റെ മുഖം മാത്രമല്ല, നിരവധി ""വേണ്ടപ്പെട്ട"" ഭക്തന്മാരുടെയും ഭക്തകളുടെയും മുഖങ്ങളും നോക്കേണ്ടിവരും. പക്ഷെ, ആശ്രമത്തിലെ അന്തേവാസികളായി പീഡനങ്ങളനുഭവിക്കുന്നു എന്ന് ട്രെഡ്വെല്‍ പറയുന്ന ഇരുന്നൂറോളം സ്ത്രീകളുടെ (""സ്വാമിനി""മാരുടെ) മുഖത്ത് ആരു നോക്കും?

ഹിന്ദുത്വത്തിന്റെ കപട ആത്മീയമുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാതാ അമൃതാനന്ദമയി മിഷന്‍ പോലെ ""സാമൂഹ്യസേവനം"" നടത്തുന്ന ഒരു പൊതുസ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും വെളിപ്പെടുത്തലുമുണ്ടായാല്‍, ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും വരെ ആത്മീയതയുടെ മറവില്‍ നടക്കുന്നുവെന്ന ആരോപണമുണ്ടായാല്‍, അതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കും നീതിന്യായ ക്രമത്തിനുമുണ്ട്. നിയമവും നീതിന്യായവും രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം മാത്രമല്ല, സാമൂഹ്യനീതി പ്രത്യേകിച്ച് ലിംഗനീതി ഉറപ്പുവരുത്തേണ്ട ബാധ്യതയും ഭരണാധികാരികള്‍ക്കുണ്ട്. കപട ആത്മീയതയുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെയും വര്‍ഗീയവും അല്ലാത്തതുമായ അക്രമങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ അനുദിനം പുറത്തുവരികയാണ്.

ആശാറാം ബാപ്പുവും അസീമാനന്ദയും പ്രമോദ് മുത്തലിക്കുമെല്ലാം ഇതിന്റെ പല മുഖങ്ങളുമാണ്. അവരെക്കാള്‍ പതിന്മടങ്ങു ആസ്തികളുള്ള, വിദേശ ഫണ്ടിംഗ് ധാരാളമായുള്ള, കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളിലും വമ്പിച്ച സംഘം ഭക്തന്മാരുള്ള ഒരു സംഘടനയ്ക്കെതിരെ ആരോപണങ്ങളുയരുമ്പോള്‍, അത് സമഗ്രമായി അന്വേഷിക്കുക എന്നത് ശരിയായാലും തെറ്റായാലും ഇവരെ വിശ്വസിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ജനങ്ങളോട്, അവിടത്തെ അന്തേവാസികളായ സ്ത്രീകളോട് കാണിക്കേണ്ട നീതിയുടെ പ്രശ്നമാണ്. ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധമായ ഗവണ്‍മെന്‍റിന് മറ്റൊരു ബാധ്യത കൂടിയുണ്ട്, ജനങ്ങളുടെ വിശ്വാസത്തെ ക്രൂരമായി ദുരുപയോഗപ്പെടുത്തി പണം കൊയ്യാനും ലൈംഗികവും വിശ്വാസപരവുമായ പീഡനങ്ങള്‍ക്കടിമപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളായ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത. ഈ രണ്ടാമത്തെ ബാധ്യതയെക്കുറിച്ച് ശക്തമായി ഓര്‍മപ്പെടുത്തുകയാണ് ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ പുസ്തകം ചെയ്തത്. അതിനെതിരായി നടക്കുന്ന ആക്രമണങ്ങള്‍ ഹിന്ദുത്വത്തിന്റെ ആത്മീയ നാട്യങ്ങളുടെ കാപട്യം ഒന്നുകൂടി വെളിപ്പെടുത്തുന്നു. ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ വെളിപ്പെടുത്തലുകളോടുള്ള മാതാ അമൃതാനന്ദമയി മിഷെന്‍റ പ്രതികരണം പ്രകടിപ്പിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രൂപങ്ങളെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന മതസാമുദായികതയുടെ സ്വാധീനമാണത്. സുധാമണിയുടെ സംവിധാനത്തിന് ലഭിച്ചിട്ടുള്ള ഹിന്ദുത്വ ആത്മീയ ചട്ടക്കൂട്, മതസാമുദായികതയ്ക്ക് അധീശത്വവും കപട ആത്മീയതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ശക്തമായ കോട്ട മതിലായി മാറുകയാണ്.

ദൈവവിശ്വാസത്തെ ആരും എതിര്‍ക്കാത്തതുകൊണ്ട് ആത്മീയ സംഘങ്ങള്‍ക്കുള്ളിലെ കൊള്ളരുതായ്മകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അത് ദൈവവിശ്വാസത്തിനെതിരാണെന്നു വരുത്തുക വളരെ എളുപ്പമാണ്. മതസാമുദായികതയുടെ പ്രീണനത്തെ ആധാരമാക്കി മാത്രം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇത്തരം കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാന്‍ സാധ്യവുമല്ല. കേരളത്തിലെ ഇന്നത്തെ സര്‍ക്കാരിനു മുട്ടുവിറച്ചതിന്റെയും വിറയ്ക്കുന്നതിന്റെയും കാരണവും വേറെയൊന്നുമല്ല. ഇടതുപക്ഷത്തിനെതിരെ അന്വേഷണവും സിബിഐ അന്വേഷണവും ആരോപണവും മറ്റും നടത്താന്‍ "ചോര്‍ത്തല്‍" വിദഗ്ദ്ധരായ കുറച്ചു മുന്‍ ഇടതുപക്ഷക്കാരുടെയും സര്‍വപുച്ഛം മുഖമുദ്രയാക്കിയ ബുദ്ധിജീവികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹായം മാത്രം മതി. പക്ഷെ, ആള്‍ദൈവ സംഘങ്ങള്‍ക്കെതിരെ അതു മാത്രം പോര. ഇവിടെ ശത്രു ഇടതുപക്ഷമല്ല. അവനവന്‍ തന്നെയാണ്. തന്നിലുള്ളിലെ കാപട്യമാണ്. ഭരണക്കാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സാംസ്കാരിക നായകന്മാരുടെയും ലിബറല്‍ സെക്കുലര്‍ ജനാധിപത്യ മുഖംമൂടിയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആചാരത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും സാമുദായികതയുടെയും സത്തയുമായുമാണ് പോരാടേണ്ടി വരുന്നത്. ഈ സത്തയാണ് എല്ലാ മത സാമുദായിക നേതാക്കളെയും ശരണം പ്രാപിക്കാന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതും ഇതേ സത്തയാണ്. സോഷ്യലിസ്റ്റും സെക്കുലറും ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സര്‍വോപരി ഒരു പത്രമുടമയുമായ ഒരു ബുദ്ധിജീവി ഇത്തരം ആള്‍ദൈവങ്ങളുടെ മാത്രമല്ല, അടുത്തിടെ കോഴിക്കോട്ട് നടന്ന സോമയാഗത്തിന്റെ വരെ പ്രയോക്താവായി മാറുന്നത് ഇത്തരം കാപട്യത്തിന്റെ ഉദാഹരണമാണ്. നമ്മുടെ ബ്യൂറോക്രാറ്റുകളിലും സാംസ്കാരിക പ്രവര്‍ത്തകരിലും ബുദ്ധിജീവികളിലുമെല്ലാം ഇത്തരം സങ്കര രൂപങ്ങള്‍ കാണാം. ഇവരുടെ ഇരട്ടത്താപ്പാണ് കേരളത്തിലെ മതസാമുദായികശക്തികളുടെ വളര്‍ച്ചയ്ക്ക് പ്രധാന താങ്ങാകുന്നത്, ആള്‍ദൈവസംഘങ്ങളെ കൊടികുത്തിവാഴാന്‍ അനുവദിക്കുന്നത്.

രവി ഡിസിക്കും സന്ദീപാനന്ദ ഗിരിക്കും എതിരായി നടന്ന ആക്രമണത്തിനെതിരായി ഒരു പ്രകടനം നടത്തിയതുകൊണ്ടു മാത്രം അവസാനിക്കുന്ന കാര്യമല്ല ഇത്. ആക്രമണം നടത്തിയവര്‍ക്ക് എളുപ്പത്തില്‍ മറയാന്‍ കഴിയുന്ന ആള്‍ക്കൂട്ടം ഇവിടെയുണ്ട്. വിവാദങ്ങള്‍ക്കു വേരോട്ടമുള്ള നമ്മുടെ ഇടയില്‍ രവി ഡിസി ട്രെഡ്വെല്ലിെന്‍റ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കും. അതിന്റെ സാംസ്കാരികവും വാണിജ്യപരവുമായ സാധ്യതകള്‍ അദ്ദേഹത്തിനു നല്ലവണ്ണമറിയാം. പുസ്തകം വായിക്കുന്നവര്‍ തീര്‍ച്ചയായും മാതാ അമൃതാനന്ദമയി ആശ്രമത്തിലെ വിക്രിയകളെ ചോദ്യം ചെയ്യും. അതിനോടെങ്കിലും പ്രതികരിക്കാന്‍ ഇന്നു വാമൂടിക്കെട്ടി മുഖം നോക്കി മാത്രം നിയമം നടത്തുന്ന നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കോടതികളും തയ്യാറാകുമോ? സാമൂഹ്യനീതി ഭൗതികവാദികള്‍ക്കും ആത്മീയവാദികള്‍ക്കും ഗര്‍ഭപാത്രത്തില്‍ ജനിച്ച ആള്‍ദൈവങ്ങള്‍ക്കുമെല്ലാം ഒരുപോലെയാണെന്ന് തുറന്നു പറയാന്‍ നാം തയ്യാറാകുമോ?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

No comments: