Monday, April 21, 2014

ബാബറി പള്ളിപൊളിക്കല്‍: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി അന്വേഷണറിപ്പോര്‍ട്ട്

അയോധ്യയിലെ ബാബറി പള്ളി 1992 ല്‍ സംഘപരിവാര്‍ ശക്തികള്‍ പൊളിച്ചത് അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമാണെന്ന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് രാജ്യമിന്ന്. കോബ്രപോസ്റ്റ് എന്ന വാര്‍ത്താപോര്‍ട്ടലാണ് കൃത്യമായ തെളിവുകള്‍ സഹിതം ഈ വിവരം പുറത്തുവിട്ടത്. പള്ളി പൊളിക്കുമെന്ന വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിനും കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ പൊളിക്കല്‍ നടക്കട്ടെയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. രാജ്യത്തെ കറുത്ത ദിനമായി 1992 ഡിസംബര്‍ ആറ് മാറുന്നതിന് കേന്ദ്രത്തിന്റെ ഈ നിശബ്ദ സഹകരണം കാരണമായി. രാജ്യമെങ്ങും മാസങ്ങള്‍ നീണ്ട വര്‍ഗീയകലാപങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്.

ആയിരക്കണക്കിനാളുകള്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. മുംബൈ കലാപത്തില്‍ മാത്രം മരണം ആയിരത്തിനടുത്താണ്. പതിനായിരം കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നശിച്ചു. രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് രൂക്ഷമായതും ന്യുനപക്ഷ വര്‍ഗീയത ശക്തമായതും ബാബറി സംഭവത്തിന് ശേഷമാണ്. പള്ളി പൊളിക്കുന്നതിനോട് സഹകരിക്കുക വഴി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാജ്യത്തെ ഇത്തരമൊരു പതനത്തിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം. പള്ളി പൊളിക്കലില്‍ സജീവമായി പങ്കാളികളായ 23 സംഘപരിവാര്‍ നേതാക്കളുമായി "കോബ്രപോസ്റ്റ്" അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നേരിട്ട് സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ പുറത്തുവിട്ടത്. ഒളിക്യാമറാ ദൃശ്യങ്ങളും സംഭാഷണങ്ങളും സഹിതമാണ് റിപ്പോര്‍ട്ട്. പള്ളിപൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി എംപി വിനയ് കത്യാര്‍, ബി എല്‍ ശര്‍മ്മ, സന്തോഷ് ദൂബെ, സാക്ഷി മഹാരാജ്, മഹന്ത് രാംവിലാസ് വേദാന്തി എന്നിവരാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഏതൊക്കെ വിധത്തില്‍ സഹായിച്ചുവെന്ന് കോബ്രപോസ്റ്റ് ലേഖകനോട് വെളിപ്പെടുത്തുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം ഏതൊക്കെ വിധത്തില്‍ ലഭിച്ചുവെന്ന് ഈ നേതാക്കള്‍ വിശദമാക്കുന്നുണ്ട്. യുപിയില്‍ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു അധികാരത്തില്‍. കേന്ദ്രത്തില്‍ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണവും. പള്ളി പൊളിക്കുമെന്ന വിവരം കേന്ദ്രത്തിന് മുന്‍കൂട്ടി ലഭിച്ചിരുന്നുവെന്ന് വിനയ് കത്യാറും കൂട്ടരും പറയുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പള്ളി പൊളിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കേന്ദ്രസേനയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. സംസ്ഥാന പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സഹായകരമായ നിലപാട് സ്വീകരിച്ചു. പള്ളി ആക്രമിക്കുമ്പോള്‍ ഇടപെടാനോ തടയാനോ ഇവരാരും മുന്നോട്ടുവന്നില്ല. അതുകൊണ്ടു തന്നെ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ തീര്‍ത്തു. ഡിസംബര്‍ ആറിന് രാവിലെ പ്രധാനമന്ത്രി നരസിംഹ റാവു ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് പുരോഗതി തിരക്കിയിരുന്നു. അന്നു രാത്രിയില്‍ വീണ്ടും ഫോണ്‍ ചെയ്ത് പള്ളിപൊളിക്കല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

പള്ളി പൊളിക്കാന്‍ സംഘപരിവാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. മുന്‍ ഐബി ജോയിന്റ് ഡയറക്ടര്‍ മലോയ് കൃഷ്ണധര്‍ തന്റെ പുസ്തകത്തില്‍ ഇക്കാര്യം നേരത്തെ തന്നെ വിശദമാക്കിയിരുന്നു. ആസൂത്രണം പത്തുമാസം മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്ന് ധര്‍ പറയുന്നു. ചില സംഘപരിവാര്‍ നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ധറിന് ഇക്കാര്യം ബോധ്യപ്പെട്ടത്. അന്നത്തെ ഇന്റലിജന്‍സ് മേധാവികളെ കൃത്യമായി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിനും ആഭ്യന്തര മന്ത്രി എസ് ബി ചവാനും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും ധര്‍ പറയുന്നു. പിന്നെന്തുകൊണ്ട് കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമായതു കൊണ്ടാണ് കേന്ദ്രസര്‍ക്കാരും കേന്ദ്രസേനയും ഇടപെടാതിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും വാദിക്കുന്നത്. എന്നാല്‍ രാജ്യത്തെയാകെ കലാപങ്ങളിലേക്ക് തള്ളിവിടുമെന്ന് ഉറപ്പുള്ള ഒരു അനിഷ്ടസംഭവം ഒഴിവാക്കുന്നതിന് ഏതറ്റം വരെയും കേന്ദ്രത്തിന് പോകാമായിരുന്നു എന്നതാണ് വാസ്തവം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കല്യാണ്‍ സിങ്ങായിരുന്നു മുഖ്യമന്ത്രി. സ്വഭാവികമായും കല്യാണ്‍സിങ് സര്‍ക്കാര്‍ കര്‍സേവകര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയും പൊലീസുകാരെയുമാണ് അയോധ്യയില്‍ വിന്യസിച്ചിരുന്നത്.

കര്‍സേവകര്‍ പള്ളിപൊളിച്ചപ്പോള്‍ ഇവര്‍ നിശബ്ദസാക്ഷികളായി. എന്തുകൊണ്ട് കേന്ദ്രസേന ഇടപെട്ടില്ലെന്നതിന് കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടത്. 1990 സെപ്തംബറിലും സംഘപരിവാര്‍ കര്‍സേവ പദ്ധതിയുമായി അയോധ്യയില്‍ ആയിരക്കണക്കിന് അണികളെ എത്തിച്ചിരുന്നു. എന്നാല്‍ അന്ന് യുപിയില്‍ മുലായംസിങ് യാദവും കേന്ദ്രത്തില്‍ വി പി സിങ്ങുമായിരുന്നു അധികാരത്തില്‍. വര്‍ഗീയതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച ഈ നേതാക്കള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. അര്‍ദ്ധസേന കര്‍സേവകരെ എതിരിട്ടതോടെ സംഘപരിവാര്‍ പിന്‍വാങ്ങി. ഈ ആര്‍ജ്ജവം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് ചരിത്രപരമായ വഞ്ചന. കോബ്രപോസ്റ്റ് വെളിപ്പെടുത്തലിന്റെ മുഖ്യഘടകവും ഇതുതന്നെ. വര്‍ഗീയ കലാപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് യുപി സര്‍ക്കാരിനെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ കേന്ദ്രത്തിന് സ്വീകരിക്കാമായിരുന്നു. ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ നടപടി സഹായകമായേനെ. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ആ ഘട്ടത്തില്‍ താല്‍പ്പര്യം ഏതുവിധേനയും കേന്ദ്രഭരണം തുടരുക എന്നതുതന്നെയായിരുന്നു. പണമൊഴുക്കിയും എംപിമാരെ വിലയ്ക്കെടുത്തും അഞ്ചുവര്‍ഷം നരസിംഹറാവു സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്തു. എന്നാല്‍ അതിന് രാജ്യം കൊടുത്ത വില വലുതാണെന്നു മാത്രം. പള്ളി പൊളിക്കുമെന്നത് നേതൃത്വത്തിലെ ചുരുക്കം ചിലര്‍ മാത്രമാണ് അറിഞ്ഞിരുന്നതെന്ന് കര്‍സേവയില്‍ സജീവ പങ്കാളികളായ 23 പേരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ജന്മഭൂമിയെന്ന കോഡ് പേരിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്.

1992 ജൂണില്‍ ബജ്രംഗ്ദള്‍ 38 പേര്‍ക്ക് സൈനികസമാനമായ പരിശീലനം നല്‍കി. സൈന്യത്തില്‍ നിന്ന് വിരമിച്ച ചില മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. അയോധ്യയിലെ നീലതീലയിലും പ്രത്യേക പരിശീലനം നടന്നു. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 1200 ആര്‍എസ്എസുകാരെ ഉള്‍പ്പെടുത്തി ലക്ഷ്മണ്‍ സേനയുണ്ടാക്കി. ഇവരെ പത്തുപേരടങ്ങുന്ന സംഘമായി തിരിച്ചു. കപ്പി, കൊളുത്ത്, പിക്കാസ്, കയര്‍ തുടങ്ങി ആവശ്യമായ സാമഗ്രികളും നല്‍കി. ബലിദാനി സംഘമെന്ന പേരില്‍ ഒരു ചാവേര്‍ പടയെയും ഒരുക്കിയിരുന്നു. ശിവസേനയും പള്ളി തകര്‍ക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപംനല്‍കി. ഇവരുടെ പക്കല്‍ ഡൈനാമിറ്റുകളും പെട്രോള്‍ ബോംബുകളുമുണ്ടായിരുന്നു. പെട്രോള്‍ ബോംബ് കത്തിച്ചെങ്കിലും പൊട്ടിയില്ല. ഡിസംബര്‍ ആറിന് ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടിയ ശേഷം രാംവിലാസ് വേദാന്തി പ്രത്യേകപ്രതിജ്ഞ ചൊല്ലി. ഇതിന് പിന്നാലെയായിരുന്നു പരിശീലനം ലഭിച്ച സംഘത്തിന്റെ ആക്രമണം. 1949 ല്‍ ബാബറിപള്ളിയില്‍ പെട്ടെന്ന് രാമവിഗ്രഹം പ്രത്യക്ഷമായത് എങ്ങനെയെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. രണ്ടുവട്ടം കിഴക്കന്‍ ഡല്‍ഹി എംപിയായിരുന്ന ബൈകുണ്ഠലാല്‍ ശര്‍മ്മയുടേതാണ് വെളിപ്പെടുത്തല്‍. 1949 ഡിസംബര്‍ 15 ന് അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ കെ നായരും നഗരകാര്യ മജിസ്ട്രേറ്റ് ഗുരുദത്ത് സിങ്ങും രാമചന്ദ്ര ദാസ് എന്ന പുരോഹിതനും ചേര്‍ന്ന് വിഗ്രഹം കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. അന്ന് സൈന്യത്തില്‍ വാറന്റ് ഓഫീസറെന്ന നിലയില്‍ ഫൈസാബാദില്‍ ജോലി ചെയ്തിരുന്ന വൈകുണ്ഠലാല്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് സാക്ഷിയാണ്.

കെ കെ നായര്‍ 1952 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ജനസംഘത്തില്‍ ചേര്‍ന്നു. 1967 ല്‍ എംപിയുമായി. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പൂജ നടത്താന്‍ ബാബറിപള്ളി തുറന്നു കൊടുത്തതോടെയാണ് വിഷയം വീണ്ടും സജീവമായതെന്നും കോബ്രപോസ്റ്റ് പറയുന്നു.. കോബ്രപോസ്റ്റിന്റെ കണ്ടെത്തല്‍ തന്റെ നിഗമനങ്ങളെ ശരിവെയ്ക്കുന്നതാണെന്ന് പള്ളിപൊളിക്കല്‍ അന്വേഷിച്ച ജസ്റ്റിസ് മന്‍മോഹന്‍ ലിബര്‍ഹാന്‍ പ്രതികരിച്ചു. തികച്ചും ആസൂത്രിതമായിരുന്നു പള്ളിപൊളിക്കലെന്നാണ് 16വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ പറയുന്നത്. അദ്വാനിയും ഉമാഭാരതിയും വിനയ് കത്യാറുമൊക്കെ അടക്കം 68 സംഘപരിവാര്‍ നേതാക്കളെ കുറ്റക്കാരായി റിപ്പോര്‍ട്ട് മുദ്രകുത്തുന്നു. കേന്ദ്രനിലപാടിനെയും വിമര്‍ശിച്ചിട്ടുണ്ട്. പള്ളിപൊളിച്ച് 22 വര്‍ഷമാകുമ്പോഴും കുറ്റക്കാരാരും നിയമത്തിന്റെ മുന്നിലെത്തിയില്ല എന്നത് മറ്റൊരു വിരോധാഭാസം. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും വിവാദത്തിലാണ്. നിലവില്‍ സുപ്രീംകോടതിയുടെ പരിഗണയിലാണ് കേസ്.

*
എം പ്രശാന്ത് ചിന്ത വാരിക

No comments: