Friday, April 4, 2014

അനുവദിച്ചുകൂടാത്ത അസഹിഷ്ണുത

വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലുകളിലൂടെയാണ് ഏത് പൊതുസമൂഹത്തിന്റെയും ബോധനിലവാരം ഉയരുക. വ്യത്യസ്ത അഭിപ്രായങ്ങളെ അനുവദിക്കില്ല എന്നു വന്നാല്‍ സമൂഹമനസ്സ് ആന്തരികമായി ജീര്‍ണിക്കും. എല്ലാ പുരോഗതിയും അസ്തമിക്കും. ആ ആപത്ത് ഉണ്ടാവാതിരിക്കാന്‍ എക്കാലവും സമൂഹ മനഃസാക്ഷി ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ, ഗലീലിയോക്ക് ശേഷവും ശാസ്ത്രജ്ഞന്മാര്‍ ഇവിടെയുണ്ടായത്.

നിര്‍ഭാഗ്യവശാല്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ അനുവദിക്കുന്ന പൊതുജനാധിപത്യ മണ്ഡലം തുടരെ ആക്രമണങ്ങള്‍ നേരിടുകയാണ് കേരളത്തില്‍. ഇതിന്റെ ദൃഷ്ടാന്തങ്ങളായ രണ്ടു സംഭവങ്ങളാണ് കേരളത്തില്‍ ഒരേദിവസം ഉണ്ടായത്. ഒന്ന് ഡിസി ബുക്സിനുനേര്‍ക്ക് നടന്ന ആക്രമണം. രണ്ടാമത്തേത്, സ്വാമി സന്ദീപാനന്ദയ്ക്ക് എതിരായി നടന്ന ആക്രമണം. രണ്ടും അപലപനീയമാണ്; അനുവദിക്കാനാവാത്തതാണ്.

ജനാധിപത്യപരമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നവോത്ഥാന പൈതൃകത്തില്‍നിന്ന് നമുക്ക് കൈവന്ന സംസ്കാരിക ഉപലബ്ധിയാണ്. ഭരണഘടന അതിനെ ഊട്ടിയുറപ്പിച്ചു. ഇന്ന് സംഘപരിവാര്‍ ശക്തികളുടെ ആഭിമുഖ്യത്തില്‍ അതിനുനേര്‍ക്ക് വന്‍തോതില്‍ കടന്നാക്രമണങ്ങള്‍ നടക്കുകയാണ്. ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഈ ആക്രമണങ്ങള്‍ നവോത്ഥാന പൈതൃകത്തെയും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെയും തകര്‍ക്കുക എന്നതാണ് ആത്യന്തികമായി ലക്ഷ്യമാക്കുന്നത്. ഇത് അനുവദിച്ചുകൂടാ.

വ്യത്യസ്തങ്ങളോ, വിരുദ്ധങ്ങള്‍ തന്നെയോ ആയ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എത്രയോ കാലമായി ഇവിടെ നിലനിന്നുപോന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു ശ്രീനാരായണഗുരു പറഞ്ഞപ്പോള്‍ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ഗുരുവിന്റെ ശിഷ്യന്‍കൂടിയായ സഹോദരന്‍ അയ്യപ്പന്‍ തിരുത്തിയത് ആ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണ്. ആ അഭിപ്രായപ്രകടനത്തെ ഗുരുവിനെ ചോദ്യം ചെയ്യലായി ആരും കണക്കാക്കിയില്ല. സഹോദരന്‍ അയ്യപ്പനെതിരെ ആക്രമണോത്സുകമായി ആരും ചാടി വീണതുമില്ല. ഈ സഹിഷ്ണുതയുടെ പൈതൃകത്തെ വെല്ലുവിളിച്ചാണ് അസഹിഷ്ണുത കാട്ടുതീപോലെ ഇന്നു പടരുന്നത്.

തങ്ങളുടേതല്ലാത്ത ഒരഭിപ്രായവും അനുവദിക്കില്ല എന്ന ആക്രോശവുമായി ഫാസിസ്റ്റ് വ്യഗ്രതയോടെ നീങ്ങുകയാണ് സംഘപരിവാര്‍ ശക്തികള്‍. ദേശീയതലത്തില്‍തന്നെ ഇത് അപകടകരമാംവിധം പടര്‍ന്നുനിന്നു. മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി എന്നിവരെ വീട്ടുതടങ്കലിലാക്കിയതും ശബാനാ ആസ്മിയെ ചെരുപ്പുമാല അണിയിച്ചതും ചലച്ചിത്രകലാരംഗത്തെ കുലഗുരുവായ ദീലിപ്കുമാറിന് ജന്മനാട്ടില്‍ പോവാനുള്ള അവസരം നിഷേധിച്ചതും എം എഫ് ഹുസൈന് നാട്ടുവിട്ടോടേണ്ടിവന്നതും ഈ അസഹിഷ്ണുതയുടെ ഫലമായാണ്.

ദീപാമേത്തയുടെ ചലച്ചിത്രം ഒറ്റരാത്രികൊണ്ട് പിന്‍വലിക്കേണ്ടിവന്നതും ആലീഷാ ചിനായിയുടെ പോപ്പ് കണ്‍സേര്‍ട്ട് റദ്ദാക്കേണ്ടിവന്നതും കാര്‍ട്ടൂണിസ്റ്റ് ഇര്‍ഫാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തടയപ്പെട്ടതും ആനന്ദ് പട്വര്‍ധനന്റെ "റാം കേ നാം" നിരോധിക്കപ്പെട്ടതും രാമായണപഠനത്തിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ആക്രമണം നടന്നതും രാമായണം സിനിമയാവുമ്പോള്‍ ആര് രാമനാകണം ആര് രാവണനാകണം എന്ന് താക്കറെ കല്‍പ്പിക്കുമെന്നുവന്നതും ഒക്കെ ഈ അസഹിഷ്ണുതയുടെ ഫലമായാണ്. ജയ്പുര്‍ ഫെസ്റ്റിവലില്‍ സല്‍മാന്‍ റുഷ്ദിക്ക് പ്രവേശനം വിലക്കിയതും പുസ്തകപ്രകാശനവേളയില്‍ തസ്ലിമ നസ്റീന്‍ ആക്രമിക്കപ്പെട്ടതും ഒക്കെ ജനങ്ങളുടെ മനസ്സിലുണ്ട്. ഒരു വര്‍ഗീയതയും അസഹിഷ്ണുതയുടെ കാര്യത്തില്‍ പിന്നിലായിരുന്നിട്ടില്ല. ഈ അസഹിഷ്ണുതയുടെ തീയിലെരിഞ്ഞ് നമ്മുടെ ജനാധിപത്യ പൊതുമണ്ഡലം ചാമ്പലായിക്കൂടാ. വ്യത്യസ്ത അഭിപ്രായങ്ങളും അതു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ നിലനിന്നേ പറ്റൂ. അത് ഒരു ഫാസിസ്റ്റ് ശക്തിക്കും അടിയറവയ്ക്കാനാവില്ല. ഇക്കാര്യം കേരളത്തിന്റെ ജനാധിപത്യമനസ്സ് ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഘട്ടമാണിത്.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഡി സി കിഴക്കേമുറി സ്ഥാപിച്ച പ്രസാധനശാലയും അതിന്റെ ഉടമയായ രവി ഡി സിയുടെ വീടും ആക്രമിക്കപ്പെട്ടിരിക്കുന്നു. ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണിത്. ആ പുസ്തകത്തിന്റെ ഉള്ളടക്കത്തോട് വിയോജിപ്പുള്ളവര്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച് മറ്റൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. അതാണ് ജനാധിപത്യത്തിന്റെ വഴി. പുസ്തകശാല തകര്‍ക്കുന്നതും പ്രസാധകന്റെ വീടാക്രമിക്കുന്നതും അനുവദിച്ചുകൊടുക്കാവുന്ന കാര്യമല്ല.

സ്വാമി സന്ദീപാനന്ദയുടെ അഭിപ്രായങ്ങളോട് യോജിക്കാം; വിയോജിക്കാം. രണ്ടിനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടാകണം. അല്ലാതെ തങ്ങള്‍ക്ക് യോജിക്കാനാകാത്തതാണ് സ്വാമിയുടെ അഭിപ്രായമെന്ന് നിശ്ചയിച്ച് സ്വാമിയെ തല്ലിയോടിക്കുന്ന നില വന്നുകൂടാ. അടിയേറ്റ് സ്വാമിക്ക് ഓടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇതാണ് ഒരു സ്വാമിയുടെ അവസ്ഥ എന്നുവന്നാല്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ നില ഊഹിക്കാവുന്നതേയുള്ളൂ. അക്രമികള്‍ക്ക് എവിടെയും അഴിഞ്ഞാടാമെന്നതാണ് സ്ഥിതി. കൈയൂക്കുകൊണ്ട് കാര്യം നേടാമെന്ന് അക്രമിസംഘങ്ങള്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തടയാന്‍ പൊലീസ് ഇല്ല എന്നുവരുന്നു. കണ്‍മുമ്പില്‍ അക്രമം നടന്നിട്ടും പരാതി കിട്ടിയാല്‍ കേസെടുക്കാം എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിയമവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടോയെന്ന് ആശങ്കപ്പെട്ടുപോകും ആരും. ഏതായാലും വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ജനാധിപത്യ പൊതുമണ്ഡലത്തിന്റെ രക്ഷയ്ക്കായി എല്ലാ ജനാധിപത്യവാദികളും ഒരുമിക്കേണ്ടതുണ്ട്. ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.

*
deshabhimani editorial

No comments: