Saturday, April 19, 2014

മാര്‍ക്വേസ് എന്ന ബഷീര്‍

"വിനീത ചരിത്രകാരന്‍" എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വയംവിശേഷണം ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനും ഇണങ്ങും. എല്ലാ സര്‍ഗാത്മക സാഹിത്യകാരന്മാരും ചരിത്രകാരന്മാര്‍കൂടിയാണ്. കാള്‍മാര്‍ക്സ് ചാള്‍സ് ഡിക്കന്‍സിനെക്കുറിച്ച് പറഞ്ഞത് പ്രസിദ്ധമാണ്. അന്നത്തെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും മറ്റും സാധിക്കാത്ത സൂക്ഷ്മതയോടെയാണ് ചാള്‍സ് ഡിക്കന്‍സ് തന്റെ കൃതികളില്‍ ഇംഗ്ലണ്ടിലെ സാധാരണക്കാരുടെ ജീവിതം പകര്‍ത്തിവച്ചത് എന്നായിരുന്നു മാര്‍ക്സിന്റെ നിരീക്ഷണം.

ചുരുക്കത്തില്‍ സമകാലിക ജീവിതസംഘര്‍ഷങ്ങളില്‍നിന്ന് കാലാതിവര്‍ത്തിയായ ജീവിത സത്യങ്ങളും ദാര്‍ശനിക തത്വങ്ങളും കടഞ്ഞെടുക്കലാണ് ഒരു സര്‍ഗാത്മക സാഹിത്യകാരന്റെ ദൗത്യം. ഇത് ഇന്നത്തെ ലോകത്ത് ഏറ്റവും ഗംഭീരമായി നിര്‍വഹിച്ച എഴുത്തുകാരനാണ് മാര്‍ക്വേസ്.

മലയാളി ഏറ്റവും പ്രിയപ്പെട്ട ബഷീറിനും തകഴിക്കും ദേവിനും പൊറ്റെക്കാട്ടിനും കാരൂരിനും വി കെ എന്നിനും മാധവിക്കുട്ടിക്കും ഒ വി വിജയനുമൊപ്പം ചര്‍ച്ചചെയ്യുന്ന കഥാകാരനാണ് മാര്‍ക്വേസ്. ഹെമിങ്വേയെപ്പോലെ പത്രപ്രവര്‍ത്തകന്‍ വളര്‍ന്നാണ് മാര്‍ക്വേസ് എന്ന കഥാകാരനും നോവലിസ്റ്റും രൂപം കൊള്ളുന്നത്. ചരിത്രത്തിന്റെ പ്രഥമ കരട് എന്നു പത്രവാര്‍ത്തയെ പറയാറുണ്ട്. ചരിത്രപുസ്തകങ്ങളിലുള്ളതിനേക്കാള്‍ സൂക്ഷ്മമായ ചരിത്ര സ്പന്ദനങ്ങള്‍ മഹത്തായ നോവലുകളില്‍ തുടിച്ചുനില്‍ക്കുന്നത് കാണാം. മാര്‍ക്വേസ് കൃതികള്‍ ഇതിനുദാഹരണമാണ്. ഇതാണ് ഡോണ്‍ക്വിക്സോട്ട് എഴുതിയ സര്‍വന്തിസിനു ശേഷം സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനായി മാര്‍ക്വേസിനെ പാബ്ലോ നെരൂദ വിശേഷിപ്പിക്കാന്‍ കാരണം. അദ്ദേഹം പ്രസിദ്ധമാക്കിയ മാജിക്കല്‍ റിയലിസം യഥാര്‍ഥത്തില്‍ ചില വ്യത്യാസങ്ങളോടെ മഹാഭാരതത്തിലും രാമായണത്തിലും ഗ്രീക്ക് ട്രാജഡിയിലും ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിലും കാണാന്‍ കഴിയും.

എന്നാല്‍, മാര്‍ക്വേസിന്റെ സാഹിത്യവിദ്യ വ്യതിരിക്തമാവുന്നത് വിചിത്രവും അവിശ്വസനീയവുമായ സംഭവപരമ്പരകളാല്‍ നിറഞ്ഞ ലാറ്റിനമേരിക്കല്‍ ഭൂഖണ്ഡത്തിന്റെ മാന്ത്രികജീവിതത്തെ ഒപ്പിയെടുത്തവതരിപ്പിക്കാന്‍ പോന്ന ഒരു സവിശേഷ ഭാഷയും വ്യാകരണവും അദ്ദേഹം വികസിപ്പിച്ചെടുത്തതിലൂടെയാണ്. അത് സ്പാനിഷാണെങ്കിലും വേറൊരു സ്പാനിഷാണ്. ഏതാനും അതുല്യരായ എഴുത്തുകാര്‍ ഒറ്റയേ്ക്കാ കൂട്ടായോ ഓരോ കാലത്ത് ഓരോ ഭാഷയെയും പുതിയൊരു ഭാഷാവികാസത്തിന്റെ മഹാതലത്തിലേക്ക് ഉയര്‍ത്താറുണ്ട്.

മലയാളത്തില്‍ എഴുത്തച്ഛനും കുമാരനാശാനും സി വി രാമന്‍പിള്ളയും ബഷീറും ചെയ്ത ഈ കര്‍മം മാര്‍ക്വേസും കൂട്ടരും ആധുനിക കാലത്ത് സ്പാനിഷിന്റെ കാര്യത്തില്‍ നിര്‍വഹിച്ചു. നൊബേല്‍സമ്മാനം സ്വീകരിച്ച് 1982 ഡിസംബര്‍ എട്ടാംതീയതി നടത്തിയ പ്രസംഗത്തില്‍ മാര്‍ക്വേസ് സാഹിത്യത്തേക്കാള്‍ സാഹിത്യത്തിന്റെ വിഷയമായ മനുഷ്യജീവിതത്തിന്റെ അവസ്ഥയെയും താന്‍ ജീവിക്കുന്ന ഭൂഖണ്ഡത്തെയും ലോകത്തെയും ചരിത്രത്തെയും കുറിച്ചാണ് സംസാരിച്ചത് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. മഗല്ലനോടൊപ്പം ആദ്യമായി ലോകംചുറ്റിവന്ന അന്റോണിയോ പിഗഫെറ്റ എന്ന ഫ്ളോറന്റൈന്‍ നാവികന്‍ തെക്കേ അമേരിക്കയില്‍ താന്‍ കണ്ട കാഴ്ചകള്‍ എഴുതിയത് ഉദ്ധരിക്കുന്ന മാര്‍ക്വേസ്, അതില്‍ പ്രതിഫലിക്കുന്ന മാന്ത്രികതയിലേക്കാണ് സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അങ്ങനെ തന്റെ രചനകളിലെ വിചിത്രാനുഭവങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുള്ളതാണ് എന്ന് മാര്‍ക്വേസ് നമ്മെ ഓര്‍മിപ്പിക്കുന്നു. മെക്സിക്കോയില്‍ മൂന്നു പ്രാവശ്യം സര്‍വാധിപതിയായിരുന്ന ജനറല്‍ അന്റോണിയോ ലോപസ് ഡി സാന്റന, ഒരു യുദ്ധത്തില്‍ ഛേദിക്കപ്പെട്ട തന്റെ വലതുകാലിന് ഒരു ഗംഭീരമായ സംസ്കാരച്ചടങ്ങ് സംഘടിപ്പിച്ച കാര്യം മാര്‍ക്വേസ് സൂചിപ്പിക്കുന്നു! താന്‍ നൊബേല്‍ സമ്മാനം സ്വീകരിക്കുന്നതിന് പതിനൊന്നുവര്‍ഷം മുമ്പ് പാബ്ലോ നെരൂദ ഇതേപോലൊരു സദസ്സിനെ തന്റെ വാക്കുകളാല്‍ ഉണര്‍ത്തിയതിനുശേഷം തങ്ങള്‍ക്ക് ഒരു നിമിഷംപോലും വിശ്രമിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാര്‍ക്വേസ് വെട്ടിത്തുറന്നു പറഞ്ഞു.

""പ്രോമിത്യൂസിനെപ്പോലെ ഒരു പ്രസിഡന്റിന് തന്റെ തീപിടിച്ച ഔദ്യോഗിക വസതിയില്‍ ഒരു സേനയോട് ഒറ്റയ്ക്ക് പൊരുതി മരിക്കേണ്ടിവന്നു; സംശയാസ്പദമായ രണ്ട് വിമാനാപകടങ്ങളില്‍. അത് ഇനിയും വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യാന്തസ്സ് ഉയര്‍ത്താന്‍ ശ്രമിച്ച, മഹാമനസ്കനായ ഒരു പ്രസിഡന്റിനും ജനാധിപത്യവാദിയായ ഒരു പടയാളിക്കും അകാലത്തില്‍ ജീവന്‍ വെടിയേണ്ടിവന്നു. അഞ്ച് യുദ്ധങ്ങളും 17 സൈനിക അട്ടിമറികളും ഇക്കാലത്തു നടന്നു. ഒരു പൈശാചികനായ സ്വേച്ഛാധിപതി, ദൈവത്തിന്റെ പേരില്‍, ലാറ്റിനമേരിക്കയിലെ ആദ്യത്തെ വംശീയ കൂട്ടക്കൊല നടപ്പാക്കുന്നു. ഒരു വയസ്സെത്തുന്നതിനുമുമ്പ് രണ്ടുകോടി ലാറ്റിനമേരിക്കന്‍ കുട്ടികള്‍ മരിക്കുന്നു. 1970നുശേഷം യൂറോപ്പില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത!്"" തുടര്‍ന്ന് അദ്ദേഹം തുറന്നടിക്കുന്നത് തന്റെ സാഹിത്യരചന, ഈ അനുഭവങ്ങളുടെ ആവിഷ്കാരമാണെന്നും പ്രസ്തുത യാഥാര്‍ഥ്യത്തിലാണ്, അതിന്റെ പ്രതിഫലനമായ സാഹിത്യത്തിലല്ല സ്വീഡിഷ് അക്കാദമി താല്‍പ്പര്യം കാട്ടേണ്ടത് എന്നുമാണ്!

ഈ മഹാസാഹിത്യകാരന്‍ ഫിദെല്‍ കാസ്ട്രോയുടെ ഉത്തമസുഹൃത്തായത് കേവലം യാദൃച്ഛികമായല്ല എന്ന് മാര്‍ക്വേസിന്റെ (നൊബേല്‍സമ്മാനം സ്വീകരിച്ചുകൊണ്ടുചെയ്ത) പ്രസംഗം വ്യക്തമാക്കുന്നു. തൊണ്ണൂറുകളുടെ മധ്യേ തിരുവനന്തപുരത്ത് മാര്‍ക്വേസിന്റെ അടുത്ത സുഹൃത്ത് മിഗ്വേല്‍ ലിറ്റിന്‍ എന്ന പ്രസിദ്ധ ചിലിയന്‍ ചലച്ചിത്ര സംവിധായകനെ കണ്ടതോര്‍ക്കുന്നു. ഫാസിസ്റ്റ് പിനോഷെയുടെ ഭീകരഭരണകാലത്ത് രഹസ്യമായി ചിലിയില്‍ചെന്ന് ആ രക്തപങ്കിലമായ അതിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റിന്റെ സാഹസിക ചെയ്തികളാണ് "ചിലിയില്‍ ആളറിയാതെ" എന്ന കൃതിയില്‍ മാര്‍ക്വേസ് ശക്തമായി ആവിഷ്കരിച്ചിട്ടുള്ളത്. ആ അറിവിന്റെ ബലത്തില്‍ പ്രിയ ഗാബോ, എന്ന് മാര്‍ക്വേസിന്റെ അടുപ്പക്കാര്‍ വിളിക്കുന്ന പേരില്‍ അദ്ദേഹത്തെ സംബോധനചെയ്ത്് ഒരു കത്തെഴുതി ലിറ്റിനെ ഏല്‍പ്പിക്കാന്‍ തക്ക "മലയാളിത്തം" ഞാന്‍ കാട്ടി. എണ്ണമറ്റ ആരാധകരുടെ കത്ത് കൊണ്ടുവലയുന്ന മാര്‍ക്വേസിന്റെ ശ്രദ്ധയില്‍പ്പെടാനുള്ള ഭാഗ്യം അതിനു കിട്ടിയിട്ടുണ്ടെങ്കില്‍ അതു കൊണ്ടുപോയത് മിഗ്വേല്‍ ലിറ്റില്‍ ആണെന്നത് മാത്രമായിരിക്കും കാരണം. മൃണാള്‍സെന്‍ ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ മാര്‍ക്വേസുമായി കണ്ടുമുട്ടിയ കഥകള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഹവാനായിലെ ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായും മാര്‍ക്വേസ് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രചനകളുടെ ചലച്ചിത്രഭാഷ്യം ഉണ്ടെങ്കിലും ഏറ്റവും പ്രശസ്ത കൃതിയായ "ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍" സിനിമയാക്കാന്‍ മാര്‍ക്വേസ് അനുമതി നല്‍കിയില്ല. ജപ്പാനില്‍ ഷുജി തെറയാമ നാടകരൂപത്തില്‍ ഈ കൃതിയെ ആധാരമാക്കി അവതരണം നടത്തുകയുണ്ടായി. "ഏകാന്തത"യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് "ഫെയര്‍വെല്‍ ടു ദ ആര്‍ക്ക്" എന്നൊരു ജാപ്പനീസ് ചലച്ചിത്രാവിഷ്കാരവും ഉണ്ടായിട്ടുണ്ട്.

ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ പ്രവര്‍ത്തനഫലമായി ഇന്ത്യയില്‍നിന്ന് ഒരു കപ്പലില്‍ ഐക്യദാര്‍ഢ്യ ധാന്യശേഖരവുമായി ഹവാന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ മാര്‍ക്വേസ് ചര്‍ച്ചാവിഷയമായത് ഓര്‍ക്കുന്നു. സ. സുര്‍ജിത്, മുന്‍ കേന്ദ്രമന്ത്രി കെ എന്‍ സിങ് എന്നിവര്‍ക്കൊപ്പം ഫിദെല്‍ കാസ്ട്രോയുമായി രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സുദീര്‍ഘസംഭാഷണത്തിനൊടുവില്‍ സുജനമര്യാദമൂലം സ. ഫിദെല്‍ ഞങ്ങളോട് ഒരു ചോദ്യം ഉന്നയിച്ചു; "നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിനും കൊണ്ടുവന്ന ഭക്ഷ്യധാന്യത്തിനും നന്ദി. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് എന്താണ് തരേണ്ടത്?" സുര്‍ജിത് അതിന് കൃത്യവും ശരിയുമായ മറുപടി നല്‍കി: "ഇത് ഞങ്ങളുടെ കടമയാണ്. കരുത്തുറ്റ സോഷ്യലിസ്റ്റ് ക്യൂബയുടെ മുന്നേറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്... തിരിച്ച് മറ്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല.."

അപ്പോഴാണ് ഞാന്‍ പതിയെ സുര്‍ജിത്തിനോട് ഒരു കാര്യം ഇപ്പോള്‍ പറഞ്ഞോട്ടെ എന്ന് ചോദിക്കുന്നത്. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെയിരുന്ന സുര്‍ജിത്തിന്റെ ചെറിയ ആശയക്കുഴപ്പം നിറഞ്ഞ മൗനം സമ്മതമാണെന്ന് വ്യാഖ്യാനിച്ച് ഞാന്‍ വിഷയം ഫിദെലിന്റെ മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ ഏതാനും പരിപാടികളില്‍ പങ്കെടുക്കാന്‍ താങ്കളുടെ സുഹൃത്ത് മാര്‍ക്വേസിനെ പ്രേരിപ്പിച്ച് സമ്മതിപ്പിക്കാമോ എന്നതായിരുന്നു ആ ആവശ്യം! വിമാനപ്പറക്കലിന് സങ്കോചമുള്ളയാളാണ് മാര്‍ക്വേസെന്നും താന്‍ എന്തായാലും ശ്രമിച്ചുനോക്കാമെന്നുമായിരുന്നു ഫിദെലിന്റെ മറുപടി. എന്നാല്‍, ആ ശ്രമം വിജയിച്ചില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അതിനു മുമ്പൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ച ഫിദെലിന്റെ പ്രത്യേക വിമാനത്തില്‍ മാര്‍ക്വേസ് ഇവിടെ വന്നിട്ടുണ്ട്.

*
എം എ ബേബി

No comments: