Wednesday, April 9, 2014

വിവേകപൂര്‍വമാകട്ടെ വിധിയെഴുത്ത്

കേരളം വിധിയെഴുതുന്ന ദിവസമാണിന്ന്. വിവേകപൂര്‍വം പ്രബുദ്ധമായ കേരളജനത സമ്മതിദാനാവകാശം വിനിയോഗിക്കും എന്നതിന്റെ വ്യക്തമായ സൂചനകളാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഭരണത്തെ അഴിമതിയുടെ ജീര്‍ണിച്ച പാതാളത്തിലേക്ക് ആഴ്ത്തിയവര്‍ ഒരു ഭാഗത്ത്. ഭരണമുപയോഗിച്ച് രാഷ്ട്രത്തെ വര്‍ഗീയമായി ഛിദ്രീകരിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ മറുഭാഗത്ത്. ഇവര്‍ക്ക് ഇരുകൂട്ടര്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് ജനപക്ഷബദല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ജനാധിപത്യസന്ദേശമാവും കേരളം രാജ്യത്തിന് ജനവിധിയിലൂടെ നല്‍കുക എന്നത് ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ വന്‍ മുന്നേറ്റം ദേശീയതലത്തിലുണ്ടാവുന്ന ഘട്ടത്തില്‍ അതിന് ശക്തിപകരുന്നതാവും കേരളത്തിന്റെ ജനവിധി.

കേരളത്തിലെ 2,42,51,942 സമ്മതിദായകരാണ് 21,424 പോളിങ്സ്റ്റേഷനുകളിലേക്കുചെന്ന് തങ്ങളുടെ പ്രതിനിധികളെ നിശ്ചയിക്കുന്നത്. സ്വതന്ത്രവും നിര്‍ഭയവും ജനാധിപത്യപരവുമായ രീതിയില്‍ ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനെ തടയാനുള്ള തീവ്രശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും ഇവിടെയുണ്ടായി. സംസ്ഥാന സര്‍ക്കാരിലെ പരമോന്നത ചീഫ് എക്സിക്യൂട്ടീവ് ആയ ചീഫ്സെക്രട്ടറിതന്നെ തെരഞ്ഞെടുപ്പ് കമീഷനാല്‍ അതിനിശിതമായി ശാസിക്കപ്പെടുന്നിടത്തേക്കുവരെ ജനാധിപത്യവിരുദ്ധമായ ഭരണ ഇടപെടലുകളും അധികാര ദുര്‍വിനിയോഗവും എത്തി. ചീഫ്സെക്രട്ടറി പ്രമുഖ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുകൂലമായ അന്തരീക്ഷമൊരുക്കാന്‍ ആവശ്യപ്പെടുന്നത് കേരളം കണ്ടു. ഗുരുതരമായ ഈ ചട്ടലംഘനം മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അദ്ദേഹത്തെ ശാസിച്ചതും അനാവശ്യ ഇടപെടലുകളില്‍നിന്ന് വിലക്കിയതും. ഭരണാധികാരം ദുരുപയോഗംചെയ്ത് വിജയം നേടാനുള്ള അധാര്‍മികമായ വ്യഗ്രത യുഡിഎഫിനെ ഏത് അറ്റംവരെ കൊണ്ടെത്തിക്കുമെന്നതിന്റെ ദൃഷ്ടാന്തമായി അത്. പ്രതിരോധമന്ത്രിതന്നെ പ്രതിരോധവകുപ്പിന്റെ മര്‍മപ്രധാനമായ കേന്ദ്രത്തില്‍ ചീഫ്സെക്രട്ടറിക്ക് താവളമടിച്ച് കരുനീക്കങ്ങള്‍ നടത്താനുള്ള സൗകര്യം ചെയ്തുകൊടുത്തു എന്നത് കേരളത്തെയാകെ ആശങ്കപ്പെടുത്തി.

ഓരോ മണ്ഡലത്തിലേക്കുമായി എഐസിസി എത്തിച്ചുകൊടുത്ത രണ്ടരക്കോടിക്കു പുറമെ വമ്പന്‍ മുതലാളിമാരുടെയും കോര്‍പറേറ്റുകളുടെയും പണം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒഴുക്കുന്നത് കേരളം കണ്ടു. കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ കള്ളപ്പണവുമായി പിടിക്കുന്നതും എന്നാല്‍, കേസെടുക്കാതെ വിട്ടയക്കുന്നതും കണ്ടു. സ്വര്‍ണവും പണവും ഉപഹാരങ്ങളും നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ അവിഹിതമായി സ്വാധീനിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിരവധിയായിരുന്നു. മതപ്രചാരകരെ മുഖ്യമന്ത്രി തന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുചേര്‍ക്കുന്നതും ഒരു കേന്ദ്രമന്ത്രി അവരെ വിളിച്ചുകൂട്ടി പണം വാഗ്ദാനംചെയ്യുന്നതും കേരളം കണ്ടു. പ്രചാരണം സമാപനഘട്ടത്തോടടുത്തപ്പോള്‍ ബാറുകളില്‍നിന്ന് കോഴയായി സമാഹരിച്ച പണം കോണ്‍ഗ്രസും കൂട്ടരും മണ്ഡലങ്ങളിലൊഴുക്കി. കള്ളപ്രചാരണങ്ങളുടെ കൊടിയ വേലിയേറ്റംതന്നെ സൃഷ്ടിച്ചു. വടകരയിലെ മൊബൈല്‍ കഥയടക്കമുള്ള ഇല്ലാക്കഥകള്‍ പടച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിന് തടയിടാന്‍ വിഫലശ്രമം നടത്തുന്നതും കള്ളക്കഥകള്‍ തുടരെ പൊളിയുന്നതും നമ്മള്‍ കണ്ടു. ഭരണാധികാരം, പ്രത്യേകിച്ച് പൊലീസ് ഇത്രയേറെ നഗ്നമായി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ കേരളചരിത്രത്തില്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. 2014ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള കള്ളക്കേസ് പരമ്പരകള്‍, വ്യാജ അറസ്റ്റുകള്‍ തുടങ്ങിയവയുമായി നീങ്ങുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍.

അധമമായ വഴികളിലൂടെയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പ്രാരംഭംമുതലേ സഞ്ചരിച്ചത്. കൈക്കോഴകളുടെയും കാലുമാറ്റത്തിന്റെയും വഴിയേ ജനാധിപത്യത്തെ പുച്ഛിച്ചുതള്ളി അവര്‍ നീങ്ങി. ജനങ്ങള്‍ കല്‍പ്പിച്ച തീര്‍പ്പിനെ അട്ടിമറിക്കാന്‍ സെല്‍വരാജിനെ മുതല്‍ ആര്‍എസ്പി എംഎല്‍എമാരെവരെ കാലുമാറ്റിച്ചെടുത്തു. ഇതാണോ ജനാധിപത്യത്തിന്റെ വഴിയെന്ന് ഉമ്മന്‍ചാണ്ടിയോടും കൂട്ടരോടും ചോദിക്കാന്‍ ജനങ്ങള്‍ക്ക് കൈവന്ന അവസരമാണിത്.

ജനങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍പ്പുകല്‍പ്പിക്കാന്‍ ഇത്രയേറെ ക്ലേശരഹിതമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവാനില്ല. ലക്ഷക്കണക്കിന് കോടികളിലേക്ക് മഹാകുംഭകോണങ്ങളുടെ റേറ്റ് ഉയര്‍ത്തി ഖജനാവുകൊള്ളയടിച്ചവര്‍ കേന്ദ്രത്തില്‍. തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും പെണ്‍വേട്ടകളുടെയും കൂട്ടുകമ്പനിക്കാര്‍ കേരളത്തില്‍. ഈ കൂട്ടര്‍ക്കെതിരെയല്ലാതെ കേരളത്തിന് എങ്ങനെ വിധിയെഴുതാനാവും? മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ തട്ടിപ്പുസംഘത്തലവന്മാരുടെ മുമ്പില്‍ സേവകരായി ഓച്ഛാനിച്ചുനില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് നിത്യേന കേരളീയര്‍ കാണുന്നത്. "ചങ്ങാതിയാരാണെന്നുപറഞ്ഞാല്‍ മതി, നിങ്ങളുടെ സ്വഭാവം എന്താണെന്നുപറയാം" എന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ലുണ്ട് കേരളത്തില്‍. ആരായിരുന്നു ഈ ഭരണാധിപന്മാരുടെ ചങ്ങാതിമാര്‍? ബിജു രാധാകൃഷ്ണന്‍, സരിത, ജോപ്പന്‍, സലിംരാജ്, ഫയാസ്... അങ്ങനെ പോവുന്നു ആ ശൃംഖല. ഇവരെ ചങ്ങാതിമാരാക്കികൊണ്ടുനടക്കുന്നവരുടെ സ്വഭാവം എന്തായിരിക്കുമെന്നത് കേരളീയരോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

1,86,000 കോടിയുടെ കല്‍ക്കരി കുംഭകോണം, 1,76,000 കോടിയുടെ സ്പെക്ട്രം കുംഭകോണം, അഗസ്റ്റാ വെസ്റ്റ്ലാന്റ് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് കുംഭകോണം... വോട്ടര്‍മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തത്ര അതിഭീമമായ തുകകളുടെ വെട്ടിപ്പുനടത്തിയവര്‍ വീണ്ടും വോട്ടുചോദിച്ച് എത്തുകയാണ്. രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്ക് ഇവര്‍ക്കുമുമ്പില്‍ പച്ചക്കൊടി കാട്ടാനാവുമോ? കൊലക്കേസ് പ്രതിയും തട്ടിപ്പുസംഘത്തലവനുമായി ഒരു മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി, സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതിയെ ഉറ്റചങ്ങാതിയായി കൂട്ടുന്ന ആഭ്യന്തരമന്ത്രി, സരിതമാരുടെയും ജോപ്പന്മാരുടെയും കുരുവിളമാരുടെയും ആസ്ഥാനമായി മാറിയ മുഖ്യമന്ത്രി കാര്യാലയം. ഈ അവസ്ഥ തുടരട്ടെയെന്ന് നാടിനെയും വരുംതലമുറയെയും സ്നേഹിക്കുന്നവര്‍ക്ക് കരുതാന്‍ പറ്റുമോ? ഇതുകൊണ്ടൊക്കെയാണ് പറയുന്നത് വോട്ടറെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടതില്ലാത്ത അവസ്ഥയാണുള്ളത് എന്ന്.

ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും വലിയ പ്രശ്നം അയോധ്യയും രാമക്ഷേത്രവുമാണെന്നു കരുതുന്നതും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഇതര മതവിഭാഗങ്ങളെയാകെ രണ്ടാംകിടപൗരന്മാരാക്കുന്നതും ഇടയ്ക്കിടെ വര്‍ഗീയ കലാപങ്ങളുടെ തീ പടര്‍ത്തുന്നതുമായ പാര്‍ടിയാണ് ബിജെപി. രാജ്യം വിഭജനകാലത്തിനുശേഷംകണ്ട ഏറ്റവും വലിയ വര്‍ഗീയകുരുതിക്ക് നേതൃത്വം നല്‍കിയവര്‍ പരമോന്നത സ്ഥാനത്തിനായി കരു നീക്കി നടക്കുന്നു. അവര്‍ക്കുമുമ്പില്‍ പച്ചക്കൊടി കാട്ടാനാവുമോ, ജനങ്ങളുടെ ഒരുമയിലും മതസൗഹാര്‍ദത്തിലും വിശ്വസിക്കുന്ന വോട്ടര്‍ക്ക്? രാജ്യത്തെയും ജനങ്ങളെയും ഭാവിയെയുംകുറിച്ച് കരുതലുള്ളവര്‍ക്ക് ഒരു മാര്‍ഗമേയുള്ളൂ. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ വിജയിപ്പിക്കുക. കേരളത്തില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുക. നാളത്തെ ഇന്ത്യയ്ക്കുള്ള മാതൃക അതിലുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: