Saturday, April 19, 2014

കൊല്ലാനാകാത്ത ചിത്രങ്ങള്‍

ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം എന്ന വാചകം അന്വര്‍ഥമാക്കുന്നതാണ് അന്‍യ നീദ്രിങോസ്(Anja Niedringhaus) പകര്‍ത്തിയ ലോകം. ഇങ്ങനെയൊരു ജര്‍മന്‍ ഫോട്ടോഗ്രാഫറെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കുപോലും അവരുടെ ചിത്രങ്ങള്‍ പരിചിതമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു "പൊലീസ് ഭീകരന്റെ" വെടിയേറ്റ് നാല്‍പ്പത്തെട്ടുകാരിയായ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടതറിഞ്ഞ് ഇന്റര്‍നെറ്റില്‍ പരതിയവര്‍ ആ ചിത്രങ്ങള്‍ കണ്ട് തരിച്ചിരുന്നു. അന്‍യ എന്തുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഓരോ ചിത്രവും.

യുദ്ധങ്ങളുടെ ചിത്രീകരണമായിരുന്നു അന്‍യയുടെ ജീവിതം. യുദ്ധങ്ങളുടെ നിരര്‍ഥകതയും നിര്‍ദാക്ഷിണ്യമുഖവും അവര്‍ പകര്‍ത്തിവച്ചു. അധിനിവേശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും യഥാര്‍ഥ മുഖം അടയാളപ്പെടുത്താന്‍ ചരിത്രം സൃഷ്ടിച്ച ഏറ്റവും നല്ല സാക്ഷിയായിരുന്നു അന്‍യയുടെ ക്യാമറ ലെന്‍സെന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചത്. പരാജയപ്പെട്ട മനുഷ്യത്വത്തിന്റെ ദൃഷ്ടാന്തംകൂടിയായിരുന്നു അന്‍യയുടെ മാസ്മരികമായ ഷോട്ടുകള്‍. യുദ്ധത്തിന്റെ ഭീകരതയും വേദനയും ദുരന്തമുഖങ്ങളില്‍നിന്ന് അവര്‍ ഒപ്പിയെടുത്തു.
1990കളില്‍ ബാള്‍ക്കനില്‍ തുറന്ന ആ ക്യാമറക്കണ്ണുകള്‍ പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സഞ്ചരിച്ചു. പാശ്ചാത്യലോകത്തിന്റെ യുദ്ധവെറി, അഭയാര്‍ഥികളാക്കപ്പെടുന്ന ജനതയുടെ ദൈന്യത, സയണിസ്റ്റ് ക്രൂരതയുടെ പിടയുന്ന ശേഷിപ്പുകള്‍... അങ്ങനെ അന്‍യയുടെ ക്യാമറ കണ്ടതും പകര്‍ത്തിയതുമൊക്കെയും ലോകത്തിന് തിരിച്ചറിവ് പകരുന്നതായി. തീ തുപ്പാന്‍ വിമാനങ്ങള്‍ ആകാശത്തിലെത്തുമ്പോള്‍ അഭയമില്ലാതെ ഓടുന്ന ഗാസയിലെ ബാല്യങ്ങളുടെ മുഖം ലോകത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. യുദ്ധവിരുദ്ധ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അന്‍യ നീദ്രിങോസ് ഒരു പുസ്തകംതന്നെ പുറത്തിറക്കി. 1965 ഒക്ടോബര്‍ 12ന് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ ഹോക്സ്റ്ററിലായിരുന്നു അന്‍യയുടെ ജനനം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിനേഴാം വയസ്സില്‍ത്തന്നെ അവള്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി.
1989ല്‍ ജര്‍മന്‍ മതിലിന്റെ തകര്‍ച്ച ഒരു ജര്‍മന്‍ പത്രത്തിനുവേണ്ടി കവര്‍ചെയ്തതാണ് പ്രൊഫഷണല്‍ ജീവിതത്തില്‍ വഴിത്തിരിവായത്. 1990ല്‍ അന്‍യ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ പ്രസ്ഫോട്ടോ ഏജന്‍സിയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ ചേര്‍ന്നു. കരിയറിന്റെ ആദ്യ ദശകം മുഴുവന്‍ മുന്‍ യൂഗോസ്ലാവ്യയിലെ യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കുമിടയിലായിരുന്നു അന്‍യയുടെ ക്യാമറക്കണ്ണുകള്‍ മിന്നിയത്. 2001ല്‍ അമേരിക്കയെ നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ "തുടര്‍ചലനങ്ങള്‍" ന്യൂയോര്‍ക്ക് നഗരത്തിന്റെ മുക്കിലും മൂലയിലുംനിന്ന് ഒപ്പിയെടുത്ത അന്‍യ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഭരണത്തില്‍നിനിന്ന് താലിബാന്റെ പതനത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവര്‍ ലോകത്തിനു നല്‍കി. 2002ലാണ് അന്‍യ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസില്‍ ചേര്‍ന്നത്. എപിക്കുവേണ്ടി ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഗാസ, ഇസ്രയേല്‍, കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നെല്ലാം ജീവിതദൃശ്യങ്ങള്‍ പകര്‍ത്തി. വര്‍ഷങ്ങളായി അഫ്ഗാനിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കുകയായിരുന്നു അന്‍യ.

ഇറാഖ് അധിനിവേശത്തിന്റെ കവറേജിന് 2005ല്‍ ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ സമ്മാനം നേടിയ പതിനൊന്നംഗ എപി സംഘത്തിലെ ഏക പെണ്‍തരിയായിരുന്നു അന്‍യ. അതേവര്‍ഷംതന്നെ ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്റെ "കറേജ് ഇന്‍ ജേര്‍ണലിസം" പുരസ്കാരവും അവര്‍ സ്വന്തമാക്കി. 2007ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല നീമാന്‍ ഫെലോഷിപ് നല്‍കി. 1938ല്‍ സ്ഥാപിതമായ നീമാന്‍ ഫെലോഷിപ് മാധ്യമപ്രവര്‍ത്തകരുടെ കരിയറിന്റെ മധ്യത്തില്‍ ലഭ്യമാകുന്ന ഏറ്റവും പുരാതനമായ ഫെലോഷിപ്പാണ്. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അന്‍യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കവറേജിനിടെ പൊലീസുകാരന്റെ വെടിയേറ്റാണ് അന്‍യ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എപി ലേഖിക കാത്തി ഗാനന് പരിക്കേല്‍ക്കുകയുംചെയ്തു. താനി ജില്ലയിലെ ഖോസ്ത് നഗരത്തില്‍നിന്ന് ഗ്രാമീണമേഖലകളിലേക്ക് ബാലറ്റ് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇരുവരും. അതീവസുരക്ഷയുള്ള ജില്ലാ ആസ്ഥാനമന്ദിരവളപ്പില്‍ യാത്ര തുടങ്ങാനായി കാറില്‍ കാത്തിരുന്ന ഇരുവര്‍ക്കുംനേരെ പൊലീസ് യൂണിറ്റ് കമാന്‍ഡര്‍ നാഖിബുല്ല വെടിയുതിര്‍ക്കുകയായിരുന്നു.

*
വിജേഷ് ചൂടല്‍ Deshabhimani Varanthapathipp
Picutres Courtesy: Anja Niedringhaus

No comments: