Monday, April 21, 2014

ഉക്രൈന്‍ പ്രതിസന്ധിയും സാമ്രാജ്യത്വ അജണ്ടയും

ഉക്രൈനില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയെന്‍റയും പിന്തുണയോടെ തീവ്ര വലതുപക്ഷ - നവനാസി ശക്തികള്‍ അട്ടിമറിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുകയാണ്. ശീതയുദ്ധാനന്തരം പാശ്ചാത്യ സാമ്രാജ്യത്വശക്തികളും റഷ്യയും തമ്മില്‍ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായി അത് മാറിയിരിക്കുന്നു. സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയെതുടര്‍ന്ന് സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയ ഉക്രൈനില്‍ 2004ല്‍ നടന്ന തിരഞ്ഞെടുപ്പിലെ ജനവിധി ആദ്യം അട്ടിമറിക്കപ്പെട്ടത് അമേരിക്കന്‍ പിന്തുണയോടെ നടത്തിയ "ഓറഞ്ച് വിപ്ലവം" എന്ന് വിളിക്കപ്പെട്ട കലാപത്തിലൂടെയായിരുന്നു. അന്ന് ജനാധിപത്യവിരുദ്ധമായി ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ട വിക്ടര്‍ യാനുക്കോവിച്ച് വീണ്ടും അടുത്ത തിരഞ്ഞെടുപ്പില്‍ (2010) ജനവിധി നേടി അധികാരത്തില്‍ തിരിച്ചെത്തി.

യാനുക്കോവിച്ച് സോഷ്യലിസ്റ്റോ ഇടതുപക്ഷക്കാരനോ ഒന്നുമായിരുന്നില്ല. അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ഒപ്പമല്ല, തൊട്ടയല്‍ രാജ്യമായ ഏഴുപതിറ്റാണ്ടിലേറെക്കാലം ഒരേ രാഷ്ട്രത്തിന്റെ ഭാഗമായിരുന്ന റഷ്യയ്ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന നിലപാട് സ്വീകരിച്ചയാളാണ് യാനുക്കോവിച്ച് എന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഏകദേശം 25 വര്‍ഷത്തോളമായി, സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയെ തുടര്‍ന്ന് അതുമുതല്‍, ഉക്രൈനില്‍ തങ്ങളുടെ ഇംഗിതത്തിനൊപ്പം നില്‍ക്കുന്ന ഒരു ഗവണ്‍മെന്‍റിനെ അവരോധിക്കുന്നതിനുള്ള നീക്കം തുടരുകയായിരുന്നു അമേരിക്ക. പ്രസിദ്ധ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ വില്യം ബ്ലൂം മാര്‍ച്ച് 7ന് പ്രസിദ്ധീകരിച്ച "ആന്‍റി - എംപയര്‍ റിപ്പോര്‍ട്ട്" പ്രകാരം അമേരിക്കന്‍ ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള നാഷണല്‍ എന്‍ഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി ഉക്രൈനില്‍ രാഷ്ട്രീയമായ പ്രചരണം സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയ പ്രക്ഷോഭത്തിനായുള്ള ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുന്നതിനുമായി 65 പ്രോജക്ടുകള്‍ക്കാണ് പണം മുടക്കിയത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 500 കോടി ഡോളറിലധികം ഉക്രൈനില്‍ അമേരിക്ക ഈ അട്ടിമറിക്കായി ചെലവഴിച്ചു എന്നാണ് ഇപ്പോള്‍ അമേരിക്കയുടെ വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറിയും മുന്‍പ് ഉക്രൈനിലെ അംബാസിഡറുമായിരുന്ന വിക്ടോറിയ ന്യൂലാന്‍ഡ് വീമ്പടിച്ചത്. 2013 നവംബര്‍ മുതല്‍ ഉക്രൈനിലെ തീവ്ര വലതുപക്ഷ പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ പ്രസിഡന്‍റ് യാനുക്കോവിച്ച് അധികാരമൊഴിയണമെന്നും ഉക്രൈനിനെ യൂറോപ്യന്‍ യൂണിയെന്‍റയും നാറ്റോയുടെയും ഭാഗമാക്കണമെന്നും 2011 മുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബിസിനസുകാരിയുമായ ശതകോടീശ്വരി യൂലിയ തൈമോഷെങ്കോയെ നിരുപാധികം ജയില്‍മോചിതയാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. വലതു പ്രതിപക്ഷം ആരംഭിച്ച ഈ പ്രക്ഷോഭം അല്‍പവും സമാധാനപരമായിരുന്നില്ല. അക്ഷരാര്‍ഥത്തില്‍ ആയുധമെടുത്തുള്ള തെരുവ് കലാപമായിരുന്നു; അതിലും ഉപരി ഭാഷാ-മതന്യൂനപക്ഷങ്ങള്‍ക്കെതിരായി വ്യാപകമായ ആക്രമണങ്ങളും അഴിച്ചുവിടപ്പെടുകയുണ്ടായി. നൂറിലേറെ ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെടുകയുമുണ്ടായി. ഈ അക്രമങ്ങള്‍ക്കാകെ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും - വിശിഷ്യാ ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നും - വലിയ തോതില്‍ പിന്തുണ ലഭിക്കുകയുണ്ടായി. ആഗോള കോര്‍പറേറ്റ് മാധ്യമ പിന്തുണയും നവനാസി സംഘങ്ങള്‍ അഴിച്ചുവിട്ട ഈ അക്രമങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഒടുവില്‍ യൂറോപ്യന്‍ യൂണിയെന്‍റയും അമേരിക്കയുടെയും സമ്മര്‍ദങ്ങളുടെ കൂടി ഫലമായി പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പിലെത്തിച്ചേരാന്‍ പ്രസിഡന്‍റ് യാനുക്കോവിച്ച് സമ്മതിച്ചു.

ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന ചര്‍ച്ചകളില്‍ ഉക്രൈനിലെ പ്രതിപക്ഷ നേതാക്കള്‍ക്കു പുറമെ ഫ്രാന്‍സിെന്‍റയും ജര്‍മനിയുടെയും പോളണ്ടിെന്‍റയും വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തിരുന്നു. ഇതിനായുള്ള അരങ്ങൊരുക്കിയതും ചരടുവലികള്‍ നടത്തിയതും അമേരിക്കയാണ്. 2015ല്‍ മാത്രമാണ് പ്രസിഡന്‍റിെന്‍റയും പാര്‍ലമെന്‍റിെന്‍റയും കാലാവധി അവസാനിക്കുന്നത്. എന്നാല്‍, 2014 സെപ്തംബറിനകം സുരക്ഷാസേനയുടെ തലവന്‍ എന്ന ഭരണഘടനാപരമായ അധികാരം ഉള്‍പ്പെടെ യാനുക്കോവിച്ച് ഒഴിയാമെന്നും അധികാരം പ്രധാനമന്ത്രിക്ക് കൈമാറാമെന്നും തുടര്‍ന്ന് പുതിയ തിരഞ്ഞെടുപ്പ് ഡിസംബറിനകം നടത്താമെന്നുമായിരുന്നു ഒത്തുതീര്‍പ്പുകരാര്‍. ഉക്രൈനില്‍ ഉണ്ടായ രാഷ്ട്രീയ പ്രശ്നം തികച്ചും ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമായിരുന്നു. എന്നാല്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഉക്രൈനിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇടപെട്ടത്. മധ്യസ്ഥ ചര്‍ച്ചകളില്‍ നേരിട്ട് പങ്കാളികളായ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പോളണ്ടിന്റെയും വിദേശകാര്യ മന്ത്രിമാര്‍, ചര്‍ച്ചകളെ തുടര്‍ന്ന് കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടശേഷം ഉക്രൈനിലെ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം കലാപകാരികള്‍ തമ്പടിച്ചിരുന്ന കീവിലെ മൈതാന മധ്യത്തിലെത്തി അവരുമായി സംസാരിക്കുകയുമുണ്ടായി എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുക മാത്രമല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരായ അട്ടിമറികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് കരാറില്‍ ഇരുവിഭാഗവും ഒപ്പുവെച്ചതോടെ പ്രക്ഷോഭം അവസാനിക്കേണ്ടതായിരുന്നു.

എന്നാല്‍ കരാറുണ്ടാക്കി സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചത് പ്രസിഡന്‍റ് യാനുക്കോവിച്ചിന്റെ ദൗര്‍ബല്യമായി വിലയിരുത്തിയ പ്രതിപക്ഷം തങ്ങള്‍ അംഗീകരിച്ച് ഒപ്പിട്ട കരാര്‍ നടപ്പിലാക്കുന്നതിനും ജനാധിപത്യപരമായി പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ശ്രമിക്കുകയല്ല ചെയ്തത്. ഫെബ്രുവരി 22ന്, കരാര്‍ ഒപ്പിട്ടതിന്റെ തൊട്ടു പിറ്റേ ദിവസം, കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും ബലം പ്രയോഗിച്ച് പാര്‍ലമെന്‍റ് പിടിച്ചെടുക്കുകയും ഗവണ്‍മെന്‍റിനെ അട്ടിമറിക്കുകയുമാണുണ്ടായത്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ചില പ്രമാണിമാരെയും ഒരു വിഭാഗം പാര്‍ലമെന്‍റംഗങ്ങളെയും വിലയ്ക്കെടുക്കാനും അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷത്തിനു കഴിഞ്ഞു. അതിന്റെ ബലത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിയമം ഭേദഗതി ചെയ്തതായി പ്രഖ്യാപനം നടത്തി യൂലിയ തൈമോഷെങ്കോയെ ജയില്‍മോചിതയാക്കുകയും ചെയ്തു. പാര്‍ലമെന്‍റ് സ്പീക്കര്‍ അലക്സാണ്ടര്‍ തുര്‍ജ്യനേവിനെ ഇടക്കാല പ്രസിഡന്‍റായി നിയമിക്കുകയും ചെയ്തു.

വംശീയ വിദ്വേഷം വളര്‍ത്തുന്ന ഫാസിസ്റ്റുകളാണ് നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണയോടെ കലാപത്തിനു നേതൃത്വം കൊടുത്തതും അധികാരം പിടിച്ചെടുത്തതും. ഉക്രൈനിലെ റഷ്യന്‍ വംശജര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടപ്പെട്ടിരുന്നു. ഉക്രൈനിെന്‍റ തെക്കേ അറ്റത്തുള്ള ക്രിമിയയില്‍ 80 ശതമാനത്തിലധികം ജനങ്ങളും റഷ്യന്‍ വംശജരാണ്. ക്രിമിയ മാത്രമല്ല, ഉക്രൈനിെന്‍റ തെക്കും കിഴക്കുമുള്ള സോണെത്സ്ക്ക്, ഖാര്‍ക്കീവ്, ലുഗാന്‍സ്ക്ക് പ്രദേശങ്ങളും ഒരിക്കലും ചരിത്രപരമായി ഉക്രൈനിെന്‍റ ഭാഗമായിരുന്നില്ല. ഒക്ടോബര്‍ വിപ്ലവാനന്തരം 1919ല്‍ റിപ്പബ്ലിക്കുകള്‍ പുനഃസംഘടിപ്പിച്ചപ്പോഴാണ് തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍ ഉക്രൈനുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ക്രിമിയയാകട്ടെ 1954ലും. ഫാസിസ്റ്റ് ശക്തികള്‍ ഉക്രൈന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ സുരക്ഷിതത്വബോധം നഷ്ടപ്പെട്ട ക്രിമിയയിലെ പ്രാദേശിക ഭരണാധികാരികള്‍ റഷ്യയുടെ ഭാഗമായി വീണ്ടും കൂടിച്ചേരാന്‍ തീരുമാനമെടുക്കുകയും അതിനുവേണ്ടി ജനഹിത പരിശോധന നടത്തുകയും ചെയ്തു. ഈ ഹിത പരിശോധനയില്‍ 90 ശതമാനത്തിലധികം ക്രിമിയക്കാരും ഉക്രൈനില്‍നിന്ന് വേറിട്ട് പോകണമെന്നും റഷ്യയുടെ ഭാഗമാകണമെന്നുമുള്ള അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിയയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിെന്‍റ ആവശ്യപ്രകാരം റഷ്യന്‍ സൈന്യം ക്രിമിയന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കാനായി എത്തുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് റഷ്യയ്ക്കുനേരെ സാമ്പത്തികവും വാണിജ്യപരവുമായ ഉപരോധം ഏര്‍പ്പെടുത്താനും റഷ്യയെ ജി 8ല്‍നിന്ന് പുറത്താക്കാനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചത്. ക്രിമിയന്‍ ജനഹിത പരിശോധനയെ അംഗീകരിക്കാനാവില്ലെന്നും ദേശീയാടിസ്ഥാനത്തിലാണ് ഹിതപരിശോധന ആവശ്യമെങ്കില്‍ നടത്തേണ്ടതെന്നുമാണ് അമേരിക്കയുടെയും കൂട്ടരുടെയും വാദം. ഇതു തികഞ്ഞ കാപട്യവും ഇരട്ടത്താപ്പുമാണ്. 1991ല്‍ ഉക്രൈന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് വേറിട്ട് സ്വതന്ത്ര റിപ്പബ്ലിക്കായത് ദേശീയാടിസ്ഥാനത്തില്‍ ഹിതപരിശോധന നടത്തിയിട്ടായിരുന്നില്ല. യുഗോസ്ലാവിയയുടെ ശിഥിലീകരണത്തിന് (ബാള്‍ക്കനൈസേഷന്‍) ഇടയാക്കിയ ഹിതപരിശോധനകളൊന്നും തന്നെ ദേശീയാടിസ്ഥാനത്തില്‍ നടത്തപ്പെട്ടവയായിരുന്നില്ല. 1991ല്‍ ക്രൊയേഷ്യയും സ്ലൊവേനിയയും യുഗോസ്ലാവിയയില്‍നിന്ന് വേറിട്ട് പോകാനുള്ള ഹിതപരിശോധന അതാത് പ്രദേശത്ത് നടത്തുകയാണുണ്ടായത്. 1992 ജനുവരിയില്‍ യൂറോപ്യന്‍ യൂണിയനും തൊട്ടുപിന്നാലെ അമേരിക്കയും അതിന് അംഗീകാരം നല്‍കുകയാണുണ്ടായത്.

1990ല്‍ തന്നെ കൊസോവ സ്വാതന്ത്ര്യ പ്രഖ്യാപന ഹിതപരിശോധന നടത്തിയെങ്കിലും കൊസോവയിലെ സെര്‍ബ് വംശജര്‍ ബഹിഷ്കരിച്ച ആ ഹിതപരിശോധനയെ അല്‍ബേനിയ അല്ലാതെ മറ്റാരും അന്ന് അംഗീകരിക്കുകയുണ്ടായില്ല. 1992 ഫെബ്രുവരിയില്‍ ബോസ്നിയ ഹെര്‍സഗോവിന യുഗോസ്ലാവിയയില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഹിതപരിശോധന നടത്തുകയും അമേരിക്ക അതിന് അംഗീകാരം നല്‍കുകയുമുണ്ടായി. ഇത് 1995 വരെ നീണ്ടുനിന്ന, ബോസ്നിയന്‍ മുസ്ലീങ്ങളും ക്രൊയേഷ്യന്‍ വംശജരും സെര്‍ബുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിലാണ് കലാശിച്ചത്. 1999 ഫെബ്രുവരി 28ന് നാറ്റോയും അമേരിക്കയും യുഗോസ്ലാവിയയ്ക്കുമേല്‍ 78 ദിവസം നീണ്ടുനിന്ന ആക്രമണം അഴിച്ചുവിട്ടത് കൊസോവയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനായിരുന്നു.

ഒടുവില്‍ 2008ല്‍ അമേരിക്കയുടെ ആശീര്‍വാദത്തോടെ കൊസോവ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതും ദേശീയ സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇപ്പോള്‍, ഉക്രൈനില്‍ വംശീയ വിദ്വേഷത്തിന്റെ വക്താക്കളായ നവനാസി പ്രസ്ഥാനങ്ങള്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായ ക്രിമിയയിലെ ജനങ്ങള്‍ ഉക്രൈനില്‍നിന്ന് വേറിട്ടു പോകാന്‍ തീരുമാനിച്ചതിന് തികച്ചും ന്യായീകരണമുണ്ട്. ക്രിമിയയുടെ പിന്നാലെ ഇപ്പോള്‍ ഉക്രൈനിലെ തെക്കു കിഴക്കന്‍ പ്രവിശ്യകളിലെ ജനങ്ങളും സ്വയംഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ഈ പ്രദേശങ്ങളിലും ഭൂരിപക്ഷം റഷ്യന്‍ വംശജരാണ്. ഇത് ഉക്രൈനില്‍ ആഭ്യന്തര യുദ്ധത്തിേന്‍റതായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വ്യക്തമായ ഒരജന്‍ഡയോടെയാണ് അമേരിക്കയും കൂട്ടുകക്ഷികളും സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയ്ക്കുശേഷമുള്ള ലോക രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനര്‍ഥം സാമ്രാജ്യത്വത്തിന് സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയ്ക്കുമുന്‍പ് അജന്‍ഡ ഉണ്ടായിരുന്നില്ല എന്നല്ല; മറിച്ച് സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ചേരിയെയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തകര്‍ക്കുകയെന്ന അജന്‍ഡയുടെ തുടര്‍ച്ച തന്നെയാണ് സോവിയറ്റ് അനന്തരകാലത്തും സാമ്രാജ്യത്വത്തിേന്‍റത്.

സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയെ തുടര്‍ന്ന് സാമ്രാജ്യത്വ പ്രചാരകര്‍ "സംസ്കാരങ്ങളുടെ സംഘര്‍ഷം" എന്ന ഒരു സങ്കല്‍പനം മുന്നോട്ടുവെച്ചിരുന്നെങ്കിലും സാമ്രാജ്യത്വത്തിന്റെ യഥാര്‍ഥ ലക്ഷ്യം ചൈനയാണ് എന്ന് ഇന്ന് കൂടുതല്‍ സ്പഷ്ടമായി വരികയാണ്. സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ചേരിയിലെ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളെയും തകര്‍ത്തതുപോലെ ചൈനയെയും തകര്‍ക്കാന്‍ അമേരിക്ക നടത്തിയ ശ്രമമായിരുന്നു ടിയാനെന്‍ മെന്‍ സ്ക്വയറിലെ പൊളിഞ്ഞുപോയ കലാപം. തുടര്‍ന്ന്, ചൈനയെ തകര്‍ക്കുന്നതിന് അമേരിക്ക നടത്തിയ അരങ്ങൊരുക്കലും ശക്തി സംഭരിക്കലുമാണ് അവരുടെ ഇറാഖ് ആക്രമണവും ലിബിയന്‍ - സിറിയന്‍ ആക്രമണങ്ങളുമെല്ലാം. റഷ്യയെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെയുമെല്ലാം ചൈനയ്ക്കെതിരായ നീക്കത്തില്‍ തങ്ങളുടെ ഉപഗ്രഹങ്ങളായി ഉപയോഗപ്പെടുത്താം എന്ന അമേരിക്കയുടെ കണക്കുകൂട്ടല്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ സ്വീകരിച്ച ശക്തമായ അമേരിക്കന്‍ വിരുദ്ധ നിലപാടോടുകൂടി തകരുകയാണുണ്ടായത്.

റഷ്യയും ചൈനയും ചേര്‍ന്ന് രൂപംകൊടുത്ത ഷാങ്ഹായ് സഹകരണ സംഘടനയുടെ വളര്‍ച്ചയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ അമേരിക്ക സ്പോണ്‍സര്‍ ചെയ്ത് സംഘടിപ്പിച്ച "നിറവിപ്ലവ"ങ്ങള്‍ ലക്ഷ്യം കാണാതെ പൊളിഞ്ഞു പോയതുമാണ് കൂടുതല്‍ പ്രത്യക്ഷത്തിലുള്ള നീക്കങ്ങള്‍ റഷ്യക്കെതിരെ നടത്താന്‍ അമേരിക്കയെ പ്രേരിതമാക്കിയത്. റഷ്യക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ അമേരിക്കയുടെയും നാറ്റോയുടെയും സൈനികത്താവളങ്ങള്‍ സൃഷ്ടിച്ച് റഷ്യയെ വലയം ചെയ്യുകയും റഷ്യയെ കീഴ്പ്പെടുത്തുകയും ചെയ്യുക, അങ്ങനെ ആത്യന്തികമായി ചൈനയെ കൂടി തകര്‍ത്ത് ഏകധ്രുവലോകം സാക്ഷാത്കരിക്കുക എന്ന സാമ്രാജ്യത്വത്തിന്റെ അജന്‍ഡയുടെ ഭാഗമാണ് ഇപ്പോഴത്തെ ഉക്രൈന്‍ പ്രതിസന്ധിയും.

ഉക്രൈന്‍, ജോര്‍ജിയ തുടങ്ങിയ റഷ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന രാജ്യങ്ങളെ നാറ്റോയില്‍ അംഗരാജ്യങ്ങളാക്കുക വഴി അവിടെയെല്ലാം അമേരിക്കയുടെ സൈനികത്താവളങ്ങളും ആണവായുധ സജ്ജീകരണങ്ങളും സ്ഥാപിക്കുകയാണ് ലക്ഷ്യം. റഷ്യയെ സംബന്ധിച്ചിടത്തോളം അവരുടെ എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഏക നാവികസേനാത്താവളം കരിങ്കടല്‍ തീരത്ത് ക്രിമിയയിലാണ്. അതാണ് ക്രിമിയ ഉക്രൈനില്‍നിന്ന് വേറിട്ടുപോകുന്നതിനെ അമേരിക്കയും കൂട്ടരും ഇത്ര ശക്തമായി എതിര്‍ക്കുന്നത്. ധനമൂലധനത്തിന്റെ രണ്ടു രൂപങ്ങളായ ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കൂടിച്ചേരല്‍, ഉക്രൈനില്‍ അട്ടിമറി സംഘടിപ്പിക്കാന്‍ ഫാസിസ്റ്റുശക്തികളുടെ സഹായം സാമ്രാജ്യത്വ ചേരി ഉപയോഗപ്പെടുത്തിയതില്‍ കാണാവുന്നതാണ്.

ഉക്രൈനില്‍ ഫാസിസത്തിന്റെയും നവനാസികളുടെയും കലാപമാണ് നടന്നത് എന്ന വസ്തുതയെ തള്ളിക്കളയുകയും ഉക്രൈനില്‍ നടന്നത് മഹാ "വിപ്ലവ"മാണെന്ന് പറയുകയും ചെയ്യുന്ന അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് യഥാര്‍ഥത്തില്‍ കണ്ണടച്ചിരുട്ടാക്കാനാണ് ശ്രമിക്കുന്നത്. "ഗ്ലോബല്‍ റിസര്‍ച്ച്" എന്ന ഇന്‍റര്‍നെറ്റ് മാഗസിനില്‍ ബ്രിയാന്‍ ബെക്കര്‍ മാര്‍ച്ച് 9ന് എഴുതിയ "who\'s who in Ukraine\'s New \'\'Semi-fascist\'\' Goverment: Meet the People the Us ans EU are supporting\'" എന്ന ലേഖനത്തില്‍ ഉക്രൈന്‍ കലാപത്തിനും ഇന്നത്തെ ഭരണത്തിനും നേതൃത്വം നല്‍കുന്ന നവനാസികളെ സംബന്ധിച്ച് അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. ഉക്രൈനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് തീവ്ര ഫാസിസ്റ്റ് - നവനാസി പ്രസ്ഥാനങ്ങളാണ് സ്വൊബോദ പാര്‍ടിയും പ്രവ്യാ സെക്ടര്‍ പാര്‍ടിയും.

1991ല്‍ രൂപംകൊണ്ട സ്വൊബോദ ആദ്യം അറിയപ്പെട്ടിരുന്നതുതന്നെ "നാഷണല്‍ സോഷ്യല്‍ പാര്‍ടി" എന്ന പേരിലാണ് - ഹിറ്റ്ലറുടെ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി (നാസി)യുടെ പേരിനെ അനുസ്മരിപ്പിക്കുന്നു ഈ പേര്. പേരില്‍ മാത്രമല്ല സാദൃശ്യം. സ്വൊബോദ പാര്‍ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തെ നിര്‍മാര്‍ജനം ചെയ്യണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ടികളെയും നിരോധിക്കണമെന്നും റഷ്യക്കാരെയും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെയുമെല്ലാം ശാരീരികമായി ഉന്മൂലനം ചെയ്യണമെന്നുമാണ്.

1930കളില്‍ ഹിറ്റ്ലറുടെ ആരാച്ചാരായിനിന്ന് ആയിരക്കണക്കിന് ഉക്രൈന്‍ ജൂതന്മാരെ കൊന്നൊടുക്കിയ ഉക്രൈനിലെ ഫാസിസത്തിന്റെ സ്ഥാപകനായ സ്റ്റീഫന്‍ ബന്ദേരയും ഹിറ്റ്ലറുടെ പ്രചരണമന്ത്രി ജോസഫ് ഗീബല്‍സുമെല്ലാമാണ് സ്വൊബോദ പാര്‍ടിയുടെ ആരാധ്യ പുരുഷന്മാര്‍. ഉക്രൈന്‍ മുന്‍ പ്രധാനമന്ത്രി യൂലിയ തൈമോഷെങ്കോ ഉക്രൈന്‍ പാര്‍ലമെന്റിലെ ഒരു വലതുപക്ഷ അംഗമായ നെസ്റ്റര്‍ ഷു ഫ്രിച്ചുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെട്ടത് ഏറെ പ്രചാരം നേടിയിട്ടുണ്ട്. അതിലെ വാക്കുകള്‍ വലതുപക്ഷത്തിന്റെ ഫാസിസ്റ്റ് സ്വഭാവം വെളിപ്പെടുത്തുന്നു- ""നാം ആയുധമെടുത്ത് കാത്സാപ്പുകളെയും അവരുടെ നേതാവിനെയും ഉന്മൂലനം ചെയ്യണം"" എന്നാണ് ആ വാക്കുകള്‍. (കാത്സാപ്പുകള്‍ എന്നാണ് ഉക്രൈന്‍കാര്‍ റഷ്യക്കാരെ പരിഹാസപൂര്‍വം വിളിക്കുന്നത്). സ്വൊബോദ പാര്‍ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12% വോട്ടും പാര്‍ലമെന്‍റില്‍ 37 സീറ്റും ലഭിച്ചിരുന്നു. ഈ പ്രസ്ഥാനത്തിന്റെ നേതാക്കളാണ് പുതിയ ഗവണ്‍മെന്‍റിലെ വൈസ് പ്രസിഡന്‍റ്, പ്രതിരോധ മന്ത്രി, പ്രോസിക്യൂട്ടര്‍ ജനറല്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. സ്വൊബോദ പാര്‍ടിക്ക് തീവ്രത പോരെന്ന് വാദിക്കുന്ന "റൈറ്റ് സെക്ടര്‍" (പ്രാവ്യ സെക്ടര്‍) പാര്‍ടിയുടെ നേതാവാണ് സുപ്രധാനമായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി ആര്‍സെനി യാത്സെന്യൂക്കാകട്ടെ ഉക്രൈനിയന്‍ ഫാസിസത്തിന്റെ അറിയപ്പെടുന്ന വക്താവുമാണ്. വംശീയ ചേരിതിരിവു മാത്രമല്ല, ക്രിസ്തുമതത്തിലെ ചേരിവും ഈ കലാപത്തില്‍ സാമ്രാജ്യത്വശക്തികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ - പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാശ്ചാത്യ ക്രിസ്തീയതയും റഷ്യന്‍ - ഗ്രീക്ക് - സിറിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉള്‍പ്പെടുന്ന പൗരസ്ത്യ ക്രിസ്തീയതയും തമ്മിലുള്ള ചേരിതിരിവും ഉക്രൈന്‍ പ്രശ്നത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ഉക്രൈന്‍ 2008 മുതല്‍ സാമ്പത്തിക പ്രതിസന്ധിയിലും മാന്ദ്യത്തിലുമായിരുന്നു. റഷ്യന്‍ സാമ്പത്തിക സഹായം അവര്‍ക്ക് ലഭിച്ചിരുന്നു. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നവഫാസിസ്റ്റുകള്‍ ഐഎംഎഫില്‍നിന്ന് വായ്പ വാങ്ങാന്‍ തീരുമാനിച്ചു. 1800 കോടി ഡോളര്‍ വായ്പ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ മാര്‍ച്ച് 27ന് ഐഎംഎഫ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രകൃതി വാതകത്തിനു നല്‍കുന്ന സബ്സിഡിയില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍, ഉപഭോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കല്‍, സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം, പെന്‍ഷന്‍, കൂലി എന്നിവയിലും സേവന - ക്ഷേമ മേഖലയിലും വെട്ടിക്കുറവ് എന്നിവയാണ് ഐഎംഎഫ് മുന്നോട്ടുവെയ്ക്കുന്നത്. ഇത് ഉക്രൈനിലെ സാധാരണ ജനങ്ങളുടെയാകെ ജീവിതം കടുത്ത ദുരിതത്തിലാക്കുന്നതിനാണ് ഇടവരുത്തുക. റഷ്യയെ സമ്മര്‍ദത്തിലാക്കുന്നതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിരിക്കുന്ന ഊര്‍ജ ഉപരോധവും ധനകാര്യ ഉപരോധവും അവയ്ക്കു തന്നെ തിരിച്ചടിയാകും എന്നതാണ് യാഥാര്‍ഥ്യം. ഇതുകൊണ്ടുതന്നെ ഉപരോധം നടപ്പിലാക്കുന്ന കാര്യത്തില്‍ യൂറോപ്പ് രണ്ട് തട്ടിലായിരിക്കുകയാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവ കടുത്ത ഉപരോധത്തിനായി വാദിക്കുമ്പോള്‍ ജര്‍മനി, ഇറ്റലി, നെതര്‍ലണ്ട്സ് എന്നിവ മെല്ലെപ്പോക്ക് മതിയെന്ന അഭിപ്രായക്കാരാണ് എന്നാണ് ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രം മാര്‍ച്ച് 5ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ 30 ശതമാനത്തിലധികം ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് റഷ്യന്‍ എണ്ണയെയും പ്രകൃതിവാതകത്തെയും ആശ്രയിക്കുന്ന യൂറോപ്പിനെ സംബന്ധിച്ചിടത്തോളം റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് വലിയ തോതിലുള്ള ഊര്‍ജക്ഷാമത്തിനിടയാക്കും. റഷ്യന്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് നിക്ഷേപങ്ങളും ആസ്തികളും മരവിപ്പിക്കുന്നത് ഗോള്‍ഡ്മാന്‍ - സാച്ചസ്, ജെ പി മോര്‍ഗന്‍ - ചേസ് തുടങ്ങിയ വന്‍കിട പാശ്ചാത്യബാങ്കുകള്‍ക്കു തന്നെ തിരിച്ചടിയാകും. പുടിനെ ശിക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിപ്പിക്കുമെന്നും ഫൈനാന്‍ഷ്യല്‍ ടൈംസ് വിലയിരുത്തുന്നു. റഷ്യയെ പിണക്കുന്നത് നയതന്ത്രരംഗത്തും അമേരിക്കയ്ക്ക് ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ഇറാന്‍, സിറിയന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയ്ക്ക് റഷ്യയുടെ സഹായം കൂടിയേ കഴിയൂ. മാത്രമല്ല, റഷ്യയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയാല്‍ അഫ്ഗാനിസ്താനിലെ നാറ്റോ - അമേരിക്കന്‍ സേനയ്ക്ക് മധ്യേഷ്യയിലൂടെ നല്‍കിയിട്ടുള്ള സപ്ലൈ റൂട്ട് റഷ്യ അടയ്ക്കും എന്നും അമേരിക്ക ഭയക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്റോവും തമ്മില്‍ തുടരുന്ന അനുരഞ്ജന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്.

പ്രശ്നം പരിഹരിക്കുന്നതിന് റഷ്യ രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഒന്ന് റഷ്യയുടെ അയല്‍രാജ്യങ്ങളായ ഉക്രൈന്‍, ജോര്‍ജിയ എന്നിവയെ നാറ്റോയുടെയും യൂറോപ്യന്‍ യൂണിയെന്‍റയും ഭാഗമാക്കാതെ നിഷ്പക്ഷരാജ്യങ്ങളായി നിലനിര്‍ത്തുക. രണ്ട് ഉക്രൈനെ പ്രാദേശിക സ്വയം ഭരണാവകാശമുള്ള ഫെഡറല്‍ റിപ്പബ്ലിക്കാക്കി മാറ്റുക. ഇത് അംഗീകരിക്കാതെ ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് അമേരിക്ക. ലോകത്തെയാകെ കൈപ്പിടിയിലാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സാമ്രാജ്യത്വശക്തികളെ തന്നെ കൂടുതല്‍ കുരുക്കില്‍പ്പെടുത്തുന്നുവെന്നാണ് ഇത് കാണിക്കുന്നത്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

No comments: