Wednesday, April 30, 2014

മംഗല്യഭാഗ്യം

ഇത്തവണ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നാണുക്കുട്ടന്‍ ഞെട്ടിച്ചു.

സത്യം പറഞ്ഞു.

ഇതുവരെ വിവാഹിതനാണോ എന്ന കോളത്തില്‍ വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു പൂരണം. മകം നക്ഷത്രം. വെള്ളി, ശനി ദിവസങ്ങളില്‍ ദോഷം. ചൊവ്വ കുഴപ്പമില്ല. ഉയരം 162 സെ മീ. നെഗോഷ്യബിള്‍. തൂക്കം 64 കിലോ. ഭക്ഷണത്തിന് മുമ്പ്. തീറ്റയ്ക്കു ശേഷം തൂക്കം പതിവില്ല. ഡാറ്റ ഈസ് നോട്ട് അവയ്ലബിള്‍.

ലേശം കഷണ്ടി. ആവശ്യത്തിന് താടി, ധാടി, മോടി. അനുരൂപയായ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. അഭിരുചി പരീക്ഷക്കും കൂടിക്കാഴ്ചക്കും ശേഷം നിയമനം. ആദ്യം താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. കഴിവ് തെളിയിക്കുന്നതിനനുസരിച്ച് സ്ഥിരപ്പെടുത്തും. കഴിഞ്ഞ ആറു തെരഞ്ഞെടുപ്പില്‍ നാണു ഇങ്ങനെയാണ് പദപ്രശ്നം പൂരിപ്പിച്ചത്. ഇത്തവണ ശൈലി മാറ്റി. നുണയേക്കാള്‍ മെച്ചം സത്യമാണെന്നറിഞ്ഞാല്‍ ആരും സത്യം പറയും. കള്ളം പറയണം എന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. ഒരു ഗുണവുമില്ലാത്തതുകൊണ്ട് സത്യം പറയുന്നില്ല എന്നേയുള്ളൂ. പരമാര്‍ഥം പറഞ്ഞാല്‍ വല്ലതും തടയുമെന്നായപ്പോള്‍ നാണു സത്യത്തിന്റെ പാതയിലെ പതറാത്ത പോരാളിയായി. പത്രികയില്‍ വിവാഹ പത്രിക പൂരിപ്പിച്ചു.
അതെ. വിവാഹിതനാണ്.

വര്‍ഷം?

ആര്യന്മാര്‍ ഇന്ത്യയിലെത്തുന്ന കാലത്താണ്. അന്ന് ഗംഗാതീരത്തെ ഒരു വാര്‍ഡ് മെമ്പ്രായിരുന്നു എന്നാണ് ഓര്‍മ. ശരിയാവണമെന്നില്ല. അങ്ങനെ നിര്‍ബന്ധവുമില്ല. അന്ന് ഇന്നത്തെപോലെ തെരഞ്ഞെടുപ്പൊന്നുമില്ല. യോഗ്യന്മാരൊക്കെ ആലിന്റെ ചുറ്റും വട്ടം കൂടിയിരിക്കും. വെറ്റില മുറുക്കി, നീട്ടിത്തുപ്പി ഇടയ്ക്കിടക്ക് സംസ്കൃതശ്ലോകങ്ങളും ചൊല്ലിയാണ് രാജ്യവിചാരം.

എല്ലാം കേട്ട് കേട്ട് ആല് ഒരു പണ്ഡിതവൃദ്ധനായി. ചില വാക്കുകള്‍ മനസ്സിലാവാതെ വരുമ്പോള്‍ ആലിന്റെ വേര് അര്‍ഥം തേടിയിറങ്ങും. ജ്ഞാനികളെ തേടിയാണ് യാത്ര.

ഈ പ്രക്രിയയെ പിന്നെ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചു എന്ന പ്രയോഗമാക്കി ചരിത്രം വളച്ചൊടിച്ചു. ആദികാലത്ത് അര്‍ഥം തേടിയിറങ്ങിയതിന് കിട്ടിയ പരിഹാസം!വിജ്ഞാനം വളര്‍ന്നത് താരാട്ടും തലോടലും കൊണ്ടല്ല, ആട്ടും തുപ്പുമേറ്റാണ്.

ശരിക്കും ആസ്ഥാനപണ്ഡിതന്മാര്‍ക്ക് കിട്ടുന്ന സ്ഥാനചിഹ്നമാണ് ഇത്. ആലവട്ടം എന്ന് ഇത് അറിയപ്പെട്ടിരുന്നതായി ഫാഹിയാന്‍ എഴുതാന്‍ ഉദ്ദേശിച്ചതാണ്. എന്തുകൊണ്ടോ വിട്ടുപോയി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നെങ്കിലും അവരും ചേര്‍ത്തില്ല.

ഇന്നും ആസ്ഥാനപണ്ഡിതന്മാരെ നോക്കൂ. കേന്ദ്രസ്ഥാനത്ത് ആലു മുളച്ചിരിക്കുന്നതായി കാണാം. അതാണ് ട്രേഡ്മാര്‍ക്ക്. തണല്‍വൃക്ഷങ്ങള്‍.

പറഞ്ഞുവന്നത് നാണുവിന്റെ വിവാഹത്തെക്കുറിച്ചാണ്. രേഖകളില്ലാത്തതിനാല്‍ ഭാരതം ചരിത്രമില്ലാത്ത നാടാണെന്ന് സായിപ്പ് പരിഹസിച്ചതിന് ബലം നല്‍കി. നാണുവിന്റെയും വിവാഹരേഖകളില്ല. ബര്‍മിങ്ഹാം കൊട്ടാരത്തിലെ ഒളിസേവക്കാരെ വരെ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയപ്പോള്‍ ഇവിടെ അമ്മാതിരി സത്യം തെരയാന്‍ ഉണ്ണിയച്ചീചരിതം വായിക്കണം.

ബാബര്‍ ചക്രവര്‍ത്തി ഇന്ത്യ ആക്രമിച്ചപ്പോള്‍ സിന്ധുനദീ തീരത്തെ രജിസ്ട്രാഫീസില്‍ നിന്ന് നാണുവിന്റെ വിവാഹരേഖ കവര്‍ച്ച ചെയ്തതാണെന്നും ഒരു പക്ഷമുണ്ട്.

മനപ്പൂര്‍വം.

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം.

നാണുവിന്റെ വിവാഹം സോമനാഥ ക്ഷേത്രത്തിലായിരുന്നെന്നും അലാവുദ്ദീന്‍ ഖില്‍ജി ക്ഷേത്രം ആക്രമിച്ചപ്പോള്‍ വിലപ്പെട്ട ആ രേഖ കൊള്ള ചെയ്തെന്നും വാദമുണ്ട്. പില്‍ക്കാലത്ത് നാണുവിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ കാലെകൂട്ടി എ ഡി 1000ത്തില്‍ നടന്ന ഗൂഢാലോചന. മഷിനോട്ടത്തില്‍ ഇത് ശരിയാണെന്ന് തെളിയുകയുംചെയ്തു.

നശിപ്പിക്കപ്പെട്ട രേഖകള്‍ വീണ്ടെടുക്കുകയാണ് നാണു. അത് വെറും രേഖയല്ല, ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്രകളാണ്. ഹൈന്ദവാചാരങ്ങളെ തൂത്ത് തുടച്ച് ഇറക്കുമതി മതങ്ങള്‍ അവരുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയുള്ള കലാപമാണ് നാണുവിന്റെ രേഖ.

അത് വിവാഹമല്ല, വിപ്ലവമാണ്.

മഹത്തായ ആറാം പത്രിക പൂരിപ്പിക്കുമ്പോള്‍ നാണു പ്രഖ്യാപിക്കുന്നു-

ഞാന്‍ വിവാഹിതനാണ്.

ഭാരത് മാതാ കീ ജെയ്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് നാണു. തെരഞ്ഞെടുപ്പിനു മുമ്പേ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്തിന് എന്ന് ചില പാരമ്പര്യവാദികള്‍ ചോദിക്കുന്നു.വഴക്കമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് ഒരു ആയുര്‍വേദ ചികിത്സയല്ല.

എല്ലാം ആചാരമനുസരിച്ച് തന്നെ വേണംത്രെ. പരിഷ്ക്കാരങ്ങള്‍ക്ക് എതിര്.

ഇതിനെ ഇലക്ടറല്‍ ഡോഗ്മാറ്റിസം എന്ന് വിളിച്ചാലോ എന്ന് നാണുവും സംഘവും ശങ്കിച്ചതാണ്.

ഭാഷയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ സംഭാവന ചെയ്തുകഴിഞ്ഞു. ഇനി വയ്യ. മറ്റുള്ളവര്‍ക്കുമാവാല്ലൊ.

എല്ലാം ഞാന്‍ തന്നെ വേണംന്ന് എന്താ ഇത്ര നിര്‍ബന്ധം!

നേരത്തെ പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ പിന്നെയുമുണ്ട് മെച്ചം.

ഓപ്പണ്‍ ഡോര്‍ പോളിസി.

തുറന്ന പുസ്തകം എന്നാണ് പരിഭാഷ.

ഒളിക്കാന്‍ ഒന്നുമില്ല.

ഒതുക്കാനുള്ളവരെ ഒതുക്കിയാല്‍ പിന്നെ ഒളിക്കാനെന്തിരിക്കുന്നു.

ട്രാന്‍സ്പരന്‍സി.

സ്ഫടികം.

കപ്പലില്‍ മറ്റു കളളന്മാരില്ല.

മറ്റു കള്ളന്മാരെ മുന്‍കൂട്ടി ഒതുക്കി. പരാജയഭീതി മണത്ത ചിലര്‍ ഉള്ളതുകൊണ്ട് ഓണംപോലെ കഴിയാനും തീരുമാനിച്ചതോടെ സമ്പൂര്‍ണ സുതാര്യത കൈവരിച്ചു.

രാഷ്ട്രവ്യവഹാരത്തില്‍ ഇതിനെ ദൂരക്കാഴ്ച എന്നും പറയും. രാജകാലത്ത് ജന്മദിനാഘോഷ പന്തലിന്റെ തൂണ് തകര്‍ത്തും പാലില്‍ വിഷം ചേര്‍ത്തുമായിരുന്നു ദൂരക്കാഴ്ച നടപ്പിലാക്കിയത്. അതിന് പിതാവ്, പുത്രന്‍ എന്നീ ഈഷല്‍ ഭേദങ്ങളില്ല. അനന്തരാവകാശിയെ തീരുമാനിച്ച ചില ശീലങ്ങളായിരുന്നു ഇത്.തന്തയെ ലോക്കപ്പിലാക്കിയും കാര്യം സാധിച്ചവരുണ്ട്. കാലുപിടിച്ചപ്പോള്‍ കഞ്ഞികൊടുത്ത് പിതൃഭക്തി കാണിച്ച യുവരാജാക്കന്മാരുമുണ്ടായിരുന്നു.

മാര്‍ഗമല്ലല്ലോ ലക്ഷ്യമല്ലേ കേമം.

ജനാധിപത്യത്തില്‍ ഇമ്മാതിരി മായംചേര്‍ക്കല്‍ വിദ്യകളില്ല. എതിരാളി മരത്തില്‍ കാണുമ്പോള്‍ നാം മാനത്ത് കാണണം. ആടിനെ അള്‍സേഷനാക്കണം. പിന്നെ അതിനെത്തന്നെ കൊന്ന് മട്ടണ്‍ ചാപ്സാക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി അനുഷ്ഠിക്കുന്ന ത്യാഗമാണ് ഈ ഡിന്നര്‍ എന്ന് വരുത്തുകയും വേണം.

അതിന് പ്രത്യേകം ചുമതലപ്പെടുത്തിയ അമാത്യന്മാര്‍ വേണം.

നിസ്സാരപണിയല്ല.

അതുതന്നെയാണ് നാണു ചെയ്തതും.

എത്ര റിഹേഴ്സല്‍ നടത്തിയിട്ടാണ് രംഗത്ത് വരിക. അഭിനയം ഒന്ന് പാളിയാല്‍ മതി.

തീര്‍ന്നു.

അഭിനയിക്കല്‍ എളുപ്പമാണ്. അഭിനയിച്ച് ജീവിക്കല്‍ പോലെയല്ല ജീവിച്ച് അഭിനയിക്കല്‍. ഇത്തിരി ബുദ്ധിമുട്ടുണ്ട്.

നാണു രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

തനിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി. അന്തപ്പുരത്തില്‍ ഓരോരുത്തരെയായി കാണാതായി.

സൃഗാലതന്ത്രം.

കോഴിക്കൂട്ടില്‍ കയറിയാല്‍ കുറുക്കന്‍ കൂട്ടത്തോടെ കൊണ്ടുപോവാറില്ല.

ഓരോന്നിനെ. ആര്‍ത്തിയില്ല.

പനയാണ് ലക്ഷ്യമെങ്കില്‍ പതുക്കെ തിന്നണം.

എല്ലാവര്‍ക്കും അവസരം തരാം എന്ന മട്ട്.

അപ്പോള്‍ ഒരു കോഴിക്കഥ ഓര്‍മ വന്നു നാണുവിന്.ഒ വി വിജയനും കേട്ടിട്ടുണ്ട് ഈ കഥ.

കോഴിക്കൂട്ടിലേക്ക് എന്നും രാവിലെ ഒരു കൈ നീണ്ടുവരുന്നത് ഒരു കോഴി ശ്രദ്ധിച്ചു. ആ കൈയില്‍ നെന്മണികളാണ്. അത് കൂട്ടില്‍ വീഴും. കോഴികള്‍ കൊത്തിത്തിന്നും. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു.

തൊണ്ണൂറ്റിയൊമ്പത് ദിവസമായപ്പോള്‍ കോഴി ഒരു തിയറി പഠിച്ചു.

എന്നും രാവിലെ കൈ വരും. അതില്‍ നെന്മണികളാണ്.

നൂറാമത്തെ ദിവസം കൂട് തുറന്നപ്പോള്‍ ആഹ്ലാദത്തോടെ കോഴി കഴുത്ത് നീട്ടി.

എന്താണെന്ന് മനസ്സിലാവുന്നതിന് മുമ്പേ കോഴിയുടെ കഴുത്ത് ആ കൈകളില്‍ ഞെരിഞ്ഞു. രാത്രി അത്താഴമേശയില്‍ കൊതിയൂറുന്ന വിഭവമായി ആ കോഴി മരിച്ചുകിടന്നു. ഈ കോഴിക്കഥയുടെ ഗുണപാഠം ആലോചിച്ച് നാണു വീണ്ടും വീണ്ടും ചിരിച്ചു.

കഴിഞ്ഞ ആറു തെരഞ്ഞെടുപ്പില്‍ പറയാതിരുന്ന വിവാഹകാര്യം ഇപ്പോള്‍ പറഞ്ഞതെന്തിന് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നു.

ആ ചോദ്യത്തെ നാണു സ്വന്തം കുന്തക്കാരെ വച്ചാണ് നേരിട്ടത്.

വിവാഹമല്ല വികസനമാണ് പ്രധാനം. അകത്താള്‍ണ്ട് എന്ന് പറഞ്ഞ് കണ്ണീരോടെ മടങ്ങിപ്പോന്ന എത്ര റാന്തല്‍വിളക്കുകളുടെ കഥ പറയാനുണ്ട് കേരളത്തിന്- കുന്തക്കാര്‍ പുരാവൃത്തങ്ങളില്‍നിന്ന് പ്രതിരോധം തീര്‍ത്തു.

ഒരിക്കല്‍ വിവാഹമായിരുന്നു കേരളത്തിലെ പ്രധാനകൃഷി. കലപ്പയും കെട്ടി കാളക്കൂറ്റന്മാരായ സൂര്യനമ്പൂരിപ്പാടന്മാര്‍ നിലമുഴാന്‍ പരുവത്തില്‍ തയ്യാറായി നിന്ന കാലം.

എന്നിട്ടും നിത്യബ്രഹ്മചാരികളായി തുടരുകയുംചെയ്തു.

ഇടയ്ക്ക് വികസനം തരായോ എന്ന് ശങ്കിച്ച് വഴിമാറിപ്പോവേം ചെയ്യും.

അന്നൊരു പത്രിക പൂരിപ്പിക്കണമെങ്കില്‍ എന്താ ബുദ്ധിമുട്ട്!

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ നാണു ഒടുവില്‍ ആ സത്യം തുറന്നു പറയുകതന്നെ ചെയ്തു.

സത്യം പറയാന്‍ ഇത്ര വൈകിയതെന്ത് എന്ന ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ ചെവിട്ടില്‍ നാണുവിന്റെ കാര്യസ്ഥന്‍ പറഞ്ഞു-

"വൈകിട്ട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഡിന്നറുണ്ട്. കാണണം ന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്."

"ഉവ്വോ?"

"ഉവ്വ്."

സ്വയംവരം കഴിഞ്ഞ് നളന്‍ എങ്ങോട്ടാണ് പോയത്. അന്ന് പത്രിക പൂരിപ്പിക്കേണ്ടി വന്നാല്‍ നളന്‍ എന്തെഴുതുമായിരുന്നു? നളന്റെ പൂര്‍ണകായപ്രതിമയും സ്വപ്നംകണ്ട് മണിയറയില്‍ കുത്തിയിരുന്ന ദമയന്തിക്ക് പിന്നെ നളചരിതം ആട്ടക്കഥ കണ്ട് തൃപ്തയാകേണ്ടി വന്നില്ലേ? മിസ്റ്റര്‍ ഇന്ത്യ പോലെയുള്ള അഞ്ചു പേരുണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്താ കാര്യം? അജ്ഞാതവാസക്കാലത്ത് പാഞ്ചാലിയാണ് ഭാര്യ എന്നു പറയാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിഞ്ഞോ? അന്ന് പഞ്ചപാണ്ഡവരില്‍ ആരെങ്കിലും പഞ്ചായത്തിലേക്ക് മത്സരിച്ചാല്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് എന്ത് ഉത്തരം എഴുതും?

അപ്പോള്‍ നാണു ചെയ്തത് തെറ്റല്ല.

പറയേണ്ട സമയമാവുമ്പോള്‍ പറയും. കാലമാണ് വാക്കുകള്‍ക്ക് അര്‍ഥം കൊടുക്കുന്നത്.

ഇതാ നാണുവിന്റെ കാലമായി, അതുകൊണ്ട് പറയുന്നു. ആറുപ്രാവശ്യം മൂടിവച്ചു എന്നതുകൊണ്ട് ഏഴാം തവണ തുറക്കാന്‍ പാടില്ല എന്ന് പറയരുത്.

എന്തിനും ഒരു സമയമുണ്ട്.

നാണു കണ്ണിറുക്കി ചിരിച്ചു.

അധികാരത്തിന്റെ താലിച്ചരടുകള്‍ തന്റെ കൈയിലിരിക്കുന്നതായി സ്വപ്നവും കണ്ടു.

*
എം എം പൗലോസ്

No comments: