Monday, April 7, 2014

വലിയ ഉല്‍പ്പാദനശാല; അഴിമതിയുടെ

""ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനശാലയാക്കും"" എന്ന് പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ജനങ്ങളോട് പറയാന്‍ ലജ്ജയില്ലാത്ത ഒരു പാര്‍ടിയും നേതൃത്വവും ഉണ്ടായിരിക്കുന്നു എന്നതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഗതികേട്. കഴിഞ്ഞദിവസം കേരളത്തില്‍ പര്യടനം നടത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി യുപിഎ സര്‍ക്കാരിന്റെ ദയനീയതയാണ് തന്റെ ആശയപാപ്പരത്തത്തിലൂടെ വിളംബരംചെയ്തത്. കോണ്‍ഗ്രസ് നയിച്ച ഭരണം ഇന്ത്യയെ ഏറ്റവും വലിയ ഉല്‍പ്പാദനശാലയാക്കിയിട്ടുണ്ട്- അഴിമതിയുടെ. ദരിദ്രരെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പുരംഗത്ത് വീമ്പുപറയുന്ന രാഹുലിന്റെ കോണ്‍ഗ്രസ് ദരിദ്രരെ ഉയര്‍ത്തിയിട്ടുണ്ട്- പരമദാരിദ്ര്യത്തിലേക്ക്. ജനങ്ങള്‍ ചിന്തിക്കുന്നതും പ്രതികരിക്കുന്നതും സ്വന്തം അനുഭവങ്ങള്‍ വിലയിരുത്തിയാകുമെന്ന മിനിമം തിരിച്ചറിവിന്റെ അഭാവമാണ് രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാക്കുകളില്‍ തെളിയുന്നത്.

"ഗരീബി ഹഠാവോ"മുതല്‍ കോണ്‍ഗ്രസ് മുഴക്കിയ ഡസന്‍കണക്കിന് മുദ്രാവാക്യങ്ങള്‍ കേട്ടുപഴകിയ രാജ്യത്തിന് മുദ്രാവാക്യങ്ങള്‍ ഭക്ഷിച്ച് വയറുനിറയ്ക്കാനാകില്ല. ജനങ്ങളില്‍ 55 ശതമാനം കാര്‍ഷികമേഖലയെ ആശ്രയിക്കുന്നവരാണ്. ഉല്‍പ്പാദനവും വരുമാനവും പല ഇരട്ടിയായി വര്‍ധിച്ചാല്‍മാത്രമേ, ആ മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് ആത്മഹത്യചെയ്യാതെയും കൊടുംപട്ടിണിക്ക് ഇരയാകാതെയും ജീവിക്കാന്‍ കഴിയൂ. അതിന് ഉപകരിക്കുന്ന വിധത്തില്‍ ഭൂപരിഷ്കരണം നടത്താന്‍ തയ്യാറുണ്ടോ? 16 വര്‍ഷത്തിനകം മൂന്നുലക്ഷത്തിലധികം കൃഷിക്കാര്‍ ആത്മഹത്യചെയ്ത നാട്ടില്‍ കൃഷിയെയും കൃഷിക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ എന്തുചെയ്തു; എന്ത് ചെയ്യാന്‍ പോകുന്നു എന്നാണ് കോണ്‍ഗ്രസ് പറയേണ്ടത്. വര്‍ഗീയത ഇളക്കിവിട്ട് ഭരണംപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

വിദേശ- നാടന്‍ കുത്തകകളുടെ ഏജന്‍സിജോലിയാണ് രാഹുലിന്റെ പാര്‍ടിയും മോഡിസംഘവും മത്സരിച്ച് നിര്‍വഹിക്കുന്നത്. വ്യവസായ- പശ്ചാത്തല സൗകര്യമേഖല വിദേശ- നാടന്‍ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന നയമാണ് അവരുടേത്. വിദേശമൂലധനം ഇറക്കുമതിചെയ്യാതെ വികസനമേ സാധ്യമല്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, വിദേശ- നാടന്‍ കുത്തകകളുടെ ഇടപെടലും സഹായവും ചില മേഖലകളില്‍മാത്രമായി പരിമിതപ്പെടുത്തുന്ന ബദല്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിലും ത്രിപുരയിലും പശ്ചിമബംഗാളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അത് പ്രയോഗത്തില്‍ വരുത്തി തെളിയിച്ചിട്ടുമുണ്ട്. സമീപനത്തിലെ ഈ വ്യത്യാസത്തെക്കുറിച്ച് രാഹുല്‍ഗാന്ധിക്ക് അറിവുണ്ടായേക്കില്ല. അദ്ദേഹം പ്രതിനിധാനംചെയ്യുന്നത്, തെരഞ്ഞെടുപ്പിനെ സൗന്ദര്യമത്സരമായി കാണുന്ന, അതിനായി ചമയങ്ങളൊരുക്കി മികവുകാട്ടുന്ന കാപട്യത്തിന്റെ രാഷ്ട്രീയധാരയെയാണ്.

അഞ്ചരലക്ഷം കോടിയുടെ അഴിമതിയും ആ അഴിമതിപ്പണംകൊണ്ട് ജനവിധി വിലയ്ക്ക് വാങ്ങാമെന്ന വ്യാമോഹവുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ സ്വപ്നലോകത്തെത്തിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കടിപ്പെട്ട, കോര്‍പറേറ്റുതാല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങളാക്കി മാറ്റുന്ന സമ്പന്നപ്രീണന നയത്തിന്റെ പ്രതീകമാണിന്ന് കോണ്‍ഗ്രസ്. അതേരൂപഭാവങ്ങളുള്ള വര്‍ഗീയപാര്‍ടിയാണ് ബിജെപി. ജനങ്ങളോട് പ്രതിബദ്ധതയുള്ള സാമ്പത്തികനയം, സാമ്രാജ്യത്വപക്ഷം ചേരാത്ത വിദേശനയം, രാജ്യത്തെ കൃഷിക്കാരെയും ചെറുകിട ഉല്‍പ്പാദകരെയും മുടിക്കാത്ത വിദേശവ്യാപാരനയം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ആരോഗ്യകരമായ രീതിയിലാക്കുന്ന ഫെഡറല്‍ബന്ധങ്ങള്‍, വര്‍ഗീയതയോടും ഭീകരവാദത്തോടും വിട്ടുവീഴ്ചയില്ലായ്മ- ഇവയൊക്കെ ഏതുപക്ഷത്തുനിന്ന് ഉണ്ടാകുമെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ജനം ഉറ്റുനോക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സൃഷ്ടിപരമായ നിലപാട് സ്വീകരിക്കുന്ന പുതിയ കേന്ദ്രസര്‍ക്കാര്‍ വരണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.

ആ ജനാഭിലാഷം സാക്ഷാല്‍ക്കരിക്കാനുള്ള ത്രാണിയോ സന്നദ്ധതയോ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിനോ നരേന്ദ്രമോഡി നയിക്കുന്ന ബിജെപിക്കോ ഇല്ല. കോടാനുകോടികള്‍ മുടക്കി പരസ്യങ്ങള്‍ നല്‍കിയും പെയ്ഡ് സര്‍വേകള്‍ സംഘടിപ്പിച്ചും കോര്‍പറേറ്റ് മാധ്യമങ്ങളുടെ പരിലാളനത്തിലൂടെയും കഴിവുകേട് മൂടിവച്ച് തെറ്റായ ഇമേജ് സൃഷ്ടിക്കാനുള്ള മത്സരമാണ് അതുകൊണ്ട് ഇരുപക്ഷവും നടത്തുന്നത്. എന്നാല്‍, ജനപക്ഷബദല്‍ ഉയര്‍ത്തി, രാജ്യത്തെയും ജനതയെയും തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനുള്ള പരിപാടിയാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത ജനാധിപത്യ- മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയില്‍, ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും അതുകൊണ്ടുതന്നെ. അഴിമതിയും വിലക്കയറ്റവും കോര്‍പറേറ്റുപ്രീണനവും വര്‍ഗീയഭീഷണിയുമടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമ്പോള്‍, ആ ബദലിന്റെ കരുത്താണ് വര്‍ധിക്കുകയെന്ന് മനസ്സിലാക്കിയുള്ള വെപ്രാളമാണ് രാഹുലിന്റെ വാക്കുകളില്‍ എന്നു പറയാനാകുന്നത് അതുകൊണ്ടാണ്. പത്തുവര്‍ഷംകൊണ്ട് രാജ്യത്തെ ഇവ്വിധം ദുരിതത്തിലാക്കിയതിന് സമാധാനം പറഞ്ഞിട്ടുപോരേ "ഉല്‍പ്പാദനശാലാ വാഗ്ദാനം" എന്ന് രാഹുലിനോടും എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ അനുയായികളോടും ചോദ്യമുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: