Saturday, April 19, 2014

സര്‍ഗാത്മകതയുടെ വിസ്മയം

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുംവിധം ലോകസാഹിത്യം ദരിദ്രമാവുകയാണ് വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ വിയോഗത്തിലൂടെ. പല നൂറ്റാണ്ടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍മാത്രം ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ മഹാവിസ്മയമാണ് ഈ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. സെര്‍വാന്റിസിന്റെ "ഡോണ്‍ ക്വിക്സോട്ട്" ഉണ്ടായത് പതിനേഴാം നൂറ്റാണ്ടിലാണ്. ആ കൃതി സ്പാനിഷ് ഭാഷയില്‍നിന്നുള്ള വിശ്വസാഹിത്യകൃതിയായി മാറി. അതിനുശേഷം രണ്ടു നൂറ്റാണ്ട് ലോകം കാത്തിരിക്കേണ്ടിവന്നു സെര്‍വാന്റിസിനു സമശീര്‍ഷനായി സ്പാനിഷ് ഭാഷയില്‍നിന്ന് ഒരു മാര്‍ക്വേസും "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" എന്ന ഇതിഹാസമാനമുള്ള വിശ്വസാഹിത്യകൃതിയും ഉയര്‍ന്നുവരാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയത് രണ്ടു മഹാപ്രതിഭകളെയാണ്; കവിതയില്‍ പാബ്ലോ നെരൂദയെ; നോവലില്‍ മാര്‍ക്വേസിനെ. മാര്‍ക്വേസിനു സമനായി ഒരു സാഹിത്യകാരന്‍ വിശ്വസാഹിത്യരംഗത്തേക്ക് ഉയര്‍ന്നുവരാന്‍ കാലം ഇനി എത്ര കാത്തിരിക്കണം? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്വേസിന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും അവ ഉണര്‍ത്തിവിട്ട ഭാവുകത്വമാറ്റത്തിന്റെയും പ്രസക്തി മനസിലാവുക.

സെര്‍വാന്റിസിന്റെ ദീപ്തമായ ഘട്ടത്തിനുശേഷം അന്ധകാരനിബിഡമായ ഒരു നീണ്ട കാലയളവ്. അതിന് അറുതി കുറിച്ചാണ് മാര്‍ക്വേസ് എത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ വീണ്ടും ശൂന്യതയുടെ ഒരു കാലമാരംഭിക്കുന്നു. കാരണം മാര്‍ക്വേസിനു സമനായി ജീവിച്ചിരിക്കെ ഇതിഹാസമായ മറ്റൊരു സാഹിത്യവ്യക്തിത്വം ഇല്ല. "മാജിക്കല്‍ റിയലിസം" എന്ന സങ്കേതത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിട്ടുണ്ട് മാര്‍ക്വേസ്. എന്നാല്‍, പലരും കരുതുംപോലെ, മാജിക്കല്‍ റിയലിസം ആരംഭിക്കുന്നത് മാര്‍ക്വേസില്‍ നിന്നല്ല. ജോര്‍ജ് ലൂയി ബോര്‍ഹസും അലേജോ കാര്‍പെന്റിയറും ഒക്കെ മാര്‍ക്വേസിനു മുമ്പേതന്നെ ആ രംഗത്ത് വ്യാപരിച്ചിട്ടുണ്ട്. എന്നാല്‍, അത് മാര്‍ക്വേസിന്റെ മഹത്വം കുറയ്ക്കുന്നില്ല. മാജിക്കല്‍ റിയലിസത്തെ മാര്‍ക്വേസിന്റെയത്ര അനുഭൂതിജനകവും അനുഭവവേദ്യവുമാക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ഭാഷയുടെ അതിര്‍വരമ്പുകളെ അതിലംഘിച്ച് ലോക സാഹിത്യവേദിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കി അതിനെ ഉയര്‍ത്താനും മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെയോ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയോ നിരാകരണമായിരുന്നില്ല മാജിക്കല്‍ റിയലിസത്തിലൂടെ മാര്‍ക്വേസ് നിര്‍വഹിച്ചത്. കറുപ്പും വെളുപ്പുമായ ജീവിത സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ തീവ്രതരമായി മനസ്സുകളിലേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് അത്.

ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ പൊള്ളിക്കുന്ന സത്യങ്ങളെയും അവിടത്തെ ജനമനസ്സിന്റെ സ്വപ്നസന്നിഭമായ ഫാന്റസികളെയും പുരാവൃത്ത ധാരകളിലെ ഗോത്രസ്മൃതികളെയും ഒക്കെ കൂട്ടിക്കലര്‍ത്തി സൈക്കഡലിക് അനുഭൂതിയുടെ അതുവരെ അറിയാത്ത വിഭ്രാമകതകൊണ്ട് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുകയായിരുന്നു മാര്‍ക്വേസ് തന്റെ മാജിക്കല്‍ റിയലിസത്തിലൂടെ. ആ രീതി ലോകത്തെങ്ങുമുള്ള അനുവാചക സമൂഹത്തിന് പുതിയ ഒരു അനുഭവമായി. മാര്‍ക്വേസ് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ചതിന്റെ പ്രധാന വഴി അതുതന്നെയാണ്. കരീബിയന്‍ തീരങ്ങളില്‍നിന്ന് ലോക ചക്രവാളങ്ങളിലേക്ക് ആഞ്ഞുവീശിയ ഭാവുകത്വമാറ്റത്തിന്റെ പ്രചണ്ഡമെങ്കിലും സര്‍ഗാത്മകംതന്നെയായ ഒരു കൊടുങ്കാറ്റായി അതു മാറി. അങ്ങനെ സ്വന്തം ഭാഷയെയും സാഹിത്യത്തെയും മാത്രമല്ല, ലോകസാഹിത്യത്തെയും അനുവാചകബോധത്തെയും കൂടി മാര്‍ക്വേസ് നവീകരിച്ചു. ആ പ്രക്രിയയിലാണ് ഓരോ മലയാളിയുടെയും മനസില്‍ മാര്‍ക്വേസ് സ്ഥാനമുറപ്പിച്ചത്. മലയാളിക്ക് വൈക്കം മുഹമ്മദ് ബഷീറും തകഴിയും എന്നപോലെ തന്നെയാണ് മാര്‍ക്വേസും. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ഓട്ടം ഓഫ് ദ പേട്രിയാര്‍ക്, ലൗ ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത് തുടങ്ങിയ വിശിഷ്ട കൃതികളിലൊക്കെ മാര്‍ക്വേസ് സമൂഹത്തെത്തന്നെ നിര്‍ധാരണംചെയ്തു. ആ പ്രക്രിയയില്‍ അദ്ദേഹം രൂപപരമായി മാത്രമല്ല, ഭാവപരമായി കൂടി പുതിയ കാലത്തിന്റെ സാഹിത്യാവബോധത്തെ പുതുക്കിപ്പണിതു. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി"ലൂടെയാണ് ഓരോ ലാറ്റിനമേരിക്കക്കാരനും സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാകട്ടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് പകര്‍ന്നുകൊടുത്തത്.

"ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത്" ആകട്ടെ, വിമോചനപ്പോരാളിയായ സൈമണ്‍ ബൊളിവറുടെ ജീവിതമാണ് പകര്‍ത്തിവച്ചത്. "ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്" എന്ന കൃതിയാകട്ടെ, ചിലിയിലെ സാമ്രാജ്യത്വ- പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുണ്ടായതാണ്. "നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍" എന്ന കൃതി വെനസ്വേലയിലെ ഏകാധിപത്യവാഴ്ച തകര്‍ത്തതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ്. മാര്‍ക്വേസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നില്ല. എന്നാല്‍, പാര്‍ടി അംഗത്തിന്റെ പ്രതിബദ്ധതയോടെ എന്നും പ്രവര്‍ത്തിച്ചു. അമ്പതുകളില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിക്ക് പരസ്യമായി സംഭാവനകള്‍ പ്രഖ്യാപിച്ചു. അമേരിക്ക തുടര്‍ച്ചയായി വിസ നിഷേധിച്ചുകൊണ്ടിരുന്നപ്പോഴും പ്രീതിപ്പെടുത്താന്‍ നില്‍ക്കാതെ പത്രപംക്തികളില്‍ അതിശക്തമായ സാമ്രാജ്യത്വ വിമര്‍ശനം നടത്തി. ഫിദെല്‍ കാസ്ട്രോ മുതല്‍ ഹ്യൂഗോ ഷാവേസ് വരെയുള്ളവരുമായി ഗാഢമായ സൗഹൃദം പുലര്‍ത്തി. ചിലിയിലെ അധികാരത്തില്‍നിന്നു ജനറല്‍ പിനോച്ചെ പുറത്താകുംവരെ സാഹിത്യം എഴുതുകില്ല എന്നു പ്രഖ്യാപിച്ച് പ്രതിഷേധമൗനം തുടര്‍ന്നു. നൊബേല്‍ സമ്മാന സ്വീകരണ പ്രസംഗത്തില്‍ തെക്കനമേരിക്കന്‍ മേഖലയിലെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. നൊബേല്‍ സമ്മാനത്തുക സാമ്രാജ്യത്വവിരുദ്ധ പത്രം നടത്താന്‍ ചെലവാക്കുമെന്നു പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന മാര്‍ക്വേസ് സ്വന്തമായി പത്രം നടത്തി; പത്രപ്രവര്‍ത്തന ഫൗണ്ടേഷന്‍ സ്ഥാപിച്ചു, പത്രപംക്തികള്‍ നിരന്തരം കൈകാര്യംചെയ്തു. പത്രപ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമൂഹ്യ യാഥാര്‍ഥ്യ ബോധമില്ലായിരുന്നെങ്കില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുമായിരുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹ്യൂഗോ ഷാവേസുമായി അവസാനകാലത്ത് നടത്തിയ അഭിമുഖം ലോകശ്രദ്ധയാകര്‍ഷിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ പച്ചയായി എഴുതുന്ന രീതി മാര്‍ക്വേസ് നോവലുകളില്‍ അവലംബിച്ചില്ല. രാഷ്ട്രീയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി വ്യക്തിഗത മനോവ്യാപാരങ്ങളിലൂടെ നീങ്ങുന്ന രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആറു തലമുറകളിലൂടെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. നഗരത്തിന്റെയും കൊളംബിയയുടെയും ചരിത്രം പറയുമ്പോള്‍ത്തന്നെ അത് ഏതു ലാറ്റിനമേരിക്കക്കാരനും സ്വന്തം കുടുംബകഥ കേള്‍ക്കുന്ന അനുഭവം പകര്‍ന്നു നല്‍കുകയുംചെയ്യുന്നു. സര്‍റിയല്‍ ബിംബങ്ങളുടെയും ഫാന്റസിയുടെയും ഭ്രമജനകമായ ചിത്രങ്ങള്‍ അത് നിവര്‍ത്തിത്തരുന്നു. അത് ഉളവാക്കിയ വിസ്മയത്തിന്റെ ദൃഷ്ടാന്തമാണ് ഇവയുടെ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നു എന്നത്. സാഹിത്യകാരന് രാഷ്ട്രീയമുണ്ടായാല്‍ ഹൃദയച്ചുരുക്കം വന്നുപോകുമെന്ന വാദത്തിനുള്ള സര്‍ഗാത്മകമായ മറുപടിയാണ് മാര്‍ക്വേസ്. ജനജീവിതത്തോട് ചേര്‍ന്നു നിന്നുകൊണ്ടുതന്നെ സാഹിത്യത്തെ പുതുചക്രവാളങ്ങളിലേക്കുയര്‍ത്തുകയും ആ ഉല്‍കൃഷ്ടതലങ്ങളിലേക്ക് അനുവാചകസമൂഹത്തെ എത്തിക്കുകയും ചെയ്ത സര്‍ഗാത്മകതയുടെ ഈ മഹാവിസ്മയത്തിന് "ദേശാഭിമാനി"യുടെ ആദരാഞ്ജലികള്‍!
*
deshabhimani editorial

No comments: