Saturday, April 5, 2014

അവസാനത്തേക്ക് കരുതിയ ആയുധങ്ങള്‍

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷാണ്. ഒറ്റനോട്ടത്തില്‍ കൗതുകംതോന്നും. വീരേന്ദ്രകുമാറിനെയും യുഡിഎഫിനെയും അറിയുന്നവര്‍ക്ക് വിശേഷിച്ച് ഒന്നും തോന്നുകയുമില്ല.

അവസാന നിമിഷ നാടകീയത എങ്ങനെയുമുണ്ടാകാം. അത് "ക്രൈ"മിന്റെ രൂപത്തില്‍ വരാം, ആക്രമണമായി വരാം. കഴിഞ്ഞ കുറെ ദിവസങ്ങളായി "മ"കാര പത്രങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക. എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലങ്ങളെക്കുറിച്ച് അവര്‍ സംശയം പ്രകടിപ്പിക്കുകയാണ്. എല്ലാവരും ഒരേ ദിവസമല്ല അങ്ങനെ ചെയ്യുന്നത്. ഒരു ദിവസം ഒരു പത്രം എന്ന ക്രമത്തില്‍ മാറിമാറി. പാലക്കാട്ട് വോട്ടുകണക്ക് നോക്കിയാലും ജനവികാരം കണക്കിലെടുത്താലും സ്ഥാനാര്‍ഥികള്‍ക്കുള്ള അംഗീകാരം താരതമ്യം ചെയ്താലും എം ബി രാജേഷ് ബഹുകാതം മുന്നില്‍. പക്ഷേ, സംഘടിതമായ പ്രചാരണം നടക്കുന്നു- വീരേന്ദ്രകുമാര്‍ അട്ടിമറി നടത്തുമെന്ന്. അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അന്വേഷണത്തിനിടയിലാണ്, ഉരുത്തിരിയുന്ന ആക്രമണപദ്ധതി ശ്രദ്ധയില്‍പെട്ടത്.

പര്യടനത്തിനിടെ സ്ഥാനാര്‍ഥി ആക്രമിക്കപ്പെടുന്നു. ആ നിമിഷംമുതല്‍ മറുപക്ഷത്തിനെതിരെ പ്രചാരണം തുടങ്ങുന്നു. സന്ദര്‍ഭത്തിനൊത്ത് അറസ്റ്റും റെയ്ഡും ഭീകരതയും ആകാം. അത്തരം സാധ്യത മുന്നില്‍ കണ്ടാണ്, എതിര്‍സ്ഥാനാര്‍ഥിക്ക് പൊലീസ് സംരക്ഷണമാവശ്യപ്പെടേണ്ട "ഗതികേട്" വരുന്നത്. അഞ്ചുകൊല്ലം മുമ്പ് കണ്ണൂരില്‍ പിടിക്കപ്പെട്ട ക്വട്ടേഷന്‍ സംഘം വോട്ടെടുപ്പുദിവസം അബ്ദുള്ളക്കുട്ടിയെ ലക്ഷ്യമിട്ട് എത്തിയതായിരുന്നു. അവര്‍ പിടിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് സമരംനടത്തി ഇറക്കിക്കൊണ്ടുപോകാന്‍ എത്തിയത് കെ സുധാകരന്‍. അന്ന് ഹെലികോപ്റ്ററില്‍ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ എത്താനും പ്ലാന്‍ ചെയ്തിരുന്നു. "സംഭവം" നടന്നാല്‍ ഉടന്‍ എത്തി നേരിട്ട് ഇടപെടാന്‍ .

അവസാന നിമിഷം നാടകീയത സൃഷ്ടിച്ച്, എതിരാളികള്‍ക്ക് മറുപടി പറയാന്‍പോലും അവസരം നല്‍കാതെ ജനവിധി അട്ടിമറിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ പതിവായി യുഡിഎഫില്‍നിന്നുണ്ടാകാറുണ്ട്. അതിലൊന്നാണ് അശ്ലീല-അപവാദ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം. സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങള്‍ക്കുവേണ്ടിയും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ തയ്യാറാകുന്നുണ്ട്. അഞ്ചുകൊല്ലം മുമ്പ് ഏപ്രിലില്‍ പാലക്കാട് ജില്ലയില്‍ നിന്നുതന്നെ വന്ന ഒരു വാര്‍ത്ത ഇങ്ങനെയായിരുന്നു: ""വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ലീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലാണ് സംഭവം. പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍ റഹ്മാന്‍, ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയ കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി."" പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീലവാരികയുമായി നിരന്നുനില്‍ക്കുന്ന ചിത്രവുമായാണ് ഈ വാര്‍ത്ത വന്നത്.

കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തില്‍നിന്നു കേട്ട ഒരു വാര്‍ത്ത, യുഡിഎഫിന്റെ ഒരു നേതാവ് മിമിക്രി ആര്‍ട്ടിസ്റ്റുകളെ തേടി നടക്കുന്നു എന്നാണ്. എല്‍ഡിഎഫിന്റെ ചില സ്ഥാനാര്‍ഥികളുടെ ശബ്ദം അനുകരിക്കാന്‍ കഴിയുന്നവരെയാണ് വേണ്ടത്. അതിനര്‍ഥം, ഇടതുപക്ഷസ്ഥാനാര്‍ഥിയുടെ ശബ്ദത്തില്‍ വോട്ടര്‍മാരോട് അപമര്യാദയായി സംസാരിച്ചോ അത്തരം മറ്റേതെങ്കിലും ഇടപെടല്‍ നടത്തിയോ തെരഞ്ഞെടുപ്പില്‍ അവിഹിത ഇടപെടല്‍ നടത്താന്‍ യുഡിഎഫ് ഒരുങ്ങുന്നു എന്നാണ്. അഞ്ചുകൊല്ലംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസിനെ "ഒരു വ്യവസായിയുടെ ബിനാമി" ആക്കി വ്യാജപ്രസ്താവന ഇറക്കി വിവാദവും അട്ടിമറിയും സൃഷ്ടിച്ചയാള്‍ ഇന്ന് പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയാണ്.

പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് ക്വട്ടേഷന്‍കാരെ ഇറക്കിക്കൊണ്ടുപോയ ആള്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. ഇടുക്കിയിലെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിക്കെതിരെ മാതൃഭൂമി ചാനല്‍ ഉയര്‍ത്തിക്കൊണ്ടുവരികയും പിന്നീട് വനം-റവന്യൂ മന്ത്രിമാര്‍ നേരിട്ട് ഏറ്റെടുക്കുകയും ചെയ്ത അപവാദപ്രചാരണം യുഡിഎഫിന്റെ ശൈലിക്ക് മികച്ച ഉദാഹരണമാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഭൂമികൈയേറ്റക്കേസിന്റെ നായകരാണ് മാതൃഭൂമിയുടെയും നായകര്‍. കോടതി വിധിപോലും ധിക്കരിച്ച് ഭരണസ്വാധീനത്തിന്റെ ബലത്തില്‍ ആദിവാസി ഭൂമി കൈയേറിയവരെ മറച്ചുവയ്ക്കുന്നവര്‍ തന്നെയാണ്, സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച രേഖ "തെളിവാ"ക്കി അപവാദം വിളമ്പുന്നത്.

ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത, അധികാരമില്ലാതെ തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ച ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുപ്പ് കമീഷന്‍ ശാസിച്ചു എന്നാണ്. സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയും പൊലീസ് തലവനും ഇറങ്ങുന്നത് തെരഞ്ഞെടുപ്പ് കമീഷന് നേരിട്ട് ഇടപെട്ട് തടയേണ്ടിവരുന്നു. തെരഞ്ഞെടുപ്പിലെ അവിഹിതസ്വാധീനത്തിന്റെ തോത് എത്ര വലുതാണെന്ന് വ്യക്തമാക്കുന്ന അനുഭവമാണിത്.

2004ലെ മുന്നേറ്റത്തെ അസൂയപ്പെടുത്തുംവിധം സംസ്ഥാനത്തെങ്ങും എല്‍ഡിഎഫ് അനുകൂലസാഹചര്യം ദൃശ്യമാണ്. യുഡിഎഫ് അതിന്റെ നെടുങ്കോട്ടകള്‍ എന്ന് അഹങ്കരിച്ചിടങ്ങളില്‍പോലും ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണുണ്ടാകുന്നത്. അത്തരം ഘട്ടങ്ങളിലാണ്, രാഷ്ട്രീയത്തിന്റെ ആവനാഴി ശൂന്യമായ ഘട്ടങ്ങളിലാണ് യുഡിഎഫ് ഏറ്റവും നീചമായ ആയുധങ്ങള്‍ പുറത്തെടുക്കുന്നത്. കൈക്കുഞ്ഞിനെയെടുത്തും ഭാര്യയുടെ രോഗത്തെക്കുറിച്ച് പറഞ്ഞും കാലിലെ മുറിവുകാട്ടിയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സഹതാപവോട്ടുണ്ടാക്കിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ നിരന്നുനില്‍പ്പുണ്ട്. അവര്‍ക്ക് വ്യാജ ആക്രമണവാര്‍ത്തയുണ്ടാക്കാം; അതിനൊത്ത് പൊലീസിനെക്കൊണ്ട് തുള്ളിക്കുകയുമാകാം. പണത്തിനാണെങ്കില്‍ പഞ്ഞവുമില്ല. തെരഞ്ഞെടുപ്പുരംഗത്തുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും ജനങ്ങളാകെയും ജാഗ്രതയോടെ കാണേണ്ട വിഷയമാണിത്. ഇത്തരം കുതന്ത്രങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ഏതു നീക്കവും ജനാധിപത്യമാര്‍ഗത്തില്‍ത്തന്നെ തടയപ്പെടണം.
*
പി എം മനോജ്

No comments: