Tuesday, April 29, 2014

അടിച്ചും പൊളിച്ചും കോണ്‍ഗ്രസ്-ലീഗ് ബാന്ധവം

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തമ്മില്‍ത്തല്ലിന് കൊഴുപ്പ് കൂടുകയാണ്. പല പഞ്ചായത്തുകളിലും ഇതിനകം യുഡിഎഫ് സംവിധാനം തകര്‍ന്നു. വിവാദങ്ങളും വീരവാദങ്ങളും കണ്ടുംകേട്ടും ജനം മടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നുപറഞ്ഞതും, മുസ്ലിം ലീഗ് അതേ ബഷീറിനെതന്നെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയതുമാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായത്.

കടുത്ത വര്‍ഗീയവാദിയായി മുദ്രകുത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ജയിച്ചാല്‍ ലീഗിന്റെ മുമ്പില്‍ തങ്ങള്‍ ഏത്തമിടേണ്ടി വരുമെന്നു മാത്രമല്ല, മലപ്പുറത്ത് തങ്ങളെ ലീഗുകാര്‍ പിടിച്ച് ഖബറടക്കുമോ എന്ന ഭയംകൂടി കോണ്‍ഗ്രസുകാരെ വേട്ടയാടുന്നു. സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസ്- മുസ്ലിംലീഗ് വടംവലിയാണ് ഇന്ത്യയെ രണ്ടാക്കിയത്. ഭൂരിപക്ഷ ജനാധിപത്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ മേല്‍ കോണ്‍ഗ്രസ് അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ലീഗ് പാകിസ്ഥാന്‍ വാദം മുന്നോട്ടുവച്ചത്. മൗലാനാ ആസാദ്, അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിവരുടെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളാവട്ടെ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തു.

ഇന്ത്യ വിഭജിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ അധികാരത്തിനുള്ള ആക്രാന്തംകൊണ്ട് പാകിസ്ഥാനിലേക്ക് പോയി. പാര്‍ടി ഇന്ത്യന്‍ മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ലീഗുകാരായ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. പക്ഷേ, കോണ്‍ഗ്രസ് അവരെ മാന്യമായി സ്വീകരിച്ചില്ല. വിഭജനത്തിന്റെ തിക്തഫലം അനുഭവിച്ച ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ മുസ്ലിം ലീഗിനെ തങ്ങളുടെ മുഖ്യശത്രുവായിതന്നെ കണ്ടു. എന്നാല്‍, മലബാറടങ്ങുന്ന പഴയ മദിരാശി സംസ്ഥാനത്ത് അവിഭക്ത ലീഗ് നേതാവായിരുന്ന ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിതമായി. കോണ്‍ഗ്രസില്‍നിന്ന് മുസ്ലിങ്ങള്‍ക്കുണ്ടായ അവഗണനയാണ് മുസ്ലിം ലീഗ് പുനര്‍ജനിക്കാനുള്ള കാരണമായി പറയുന്നത്. മുസ്ലിങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയുംചെയ്യുന്ന പതിവ് കോണ്‍ഗ്രസിലെ ചിലരൊക്കെ അനുവര്‍ത്തിച്ചുവെന്നതും ശരിയാണ്.

ഒരു ഫക്കീറായി ജീവിച്ച ഇസ്മായില്‍ സാഹിബ് അവഗണിക്കപ്പെട്ട മുസ്ലിങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയപ്പോള്‍ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. മലബാറിലാണ് മുസ്ലിം ലീഗ് നന്നായി വേരുപിടിച്ചത്. കോണ്‍സ്രുകാരനായ സീതി സാഹിബ്, ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ ലീഗിന്റെ തലപ്പത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ മുസ്ലിം സ്വാധീനം കുറയാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളും തമ്മിലുള്ള കണ്ടുകൂടായ്മ. നെഹ്റു പ്രധാനമന്ത്രിയായി കേരളത്തില്‍ വന്നപ്പോഴാണ് മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് വിളിച്ചത്. ഉടനെ വന്നു സി എച്ച് മുഹമ്മദ് കോയയുടെ മറുപടി: അല്ല, ലീഗ് ജീവിക്കുന്ന സിംഹമാണെന്ന്. അന്ന് നെഹ്റുവാണ് തോറ്റത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് ലീഗുമായി കൂടേണ്ടി വന്നു.

ഇ എം എസിന്റെ സപ്തകക്ഷി മുന്നണിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മുസ്ലിം ലീഗും മുന്നണിയിലെ ഘടകകക്ഷിയായിരുന്നു. അന്ന് മലപ്പുറം ജില്ലയ്ക്കെതിരെ കോണ്‍ഗ്രസും ജനസംഘവും രംഗത്തെത്തിയത് ജില്ലയില്‍ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലപ്പെടാന്‍ കാരണമായി. ഇതേചൊല്ലി രണ്ട് പാര്‍ടികളും തമ്മില്‍ത്തല്ലിക്കൊണ്ടിരിക്കെയാണ് സിപിഐ എമ്മിനെ തള്ളി ലീഗ് വീണ്ടും കോണ്‍ഗ്രസ് വേദിയിലെത്തുന്നത്. പഴയ കോണ്‍ഗ്രസുകാരൊക്കെ ഈ കൂട്ടുകെട്ടിനെ വിമര്‍ശിച്ചെങ്കിലും കേരളത്തിലെ കെപിസിസി നേതാക്കള്‍ ലീഗിനെ തലോടിക്കൊണ്ടിരുന്നു. മുസ്ലിം ലീഗ് മലബാറിലെ മറ്റു ജില്ലകളില്‍ ക്ഷയിക്കുകയും മലപ്പുറത്ത് പിടിമുറുക്കുകയും ചെയ്തപ്പോള്‍ മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അടിത്തറതന്നെ ഇളകി.
 
കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം കിട്ടുമ്പോഴൊക്കെ മലപ്പുറത്തെ ഭരണം ലീഗുകാര്‍ ഒറ്റയ്ക്കാണ് നടത്തിയത്. ഇടതു മുന്നണി ഭരിക്കുമ്പോഴുണ്ടാവുന്ന സ്വാതന്ത്ര്യംപോലും അപ്പോള്‍ കോണ്‍ഗ്രസിന് കിട്ടുമായിരുന്നില്ല. കോണ്‍ഗ്രസ്- ലീഗ് വഴക്കുകളിലൊക്കെ പൊലീസ് ലീഗ് പക്ഷത്തായിരുന്നു. ലീഗിനോട് ചോദിക്കാതെ ഒരു കാര്യവും നടത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയാതായി. നിയമനങ്ങള്‍പോലും കോണ്‍ഗ്രസുകാര്‍ക്ക് നിഷേധിക്കപ്പെട്ടു. ഈ വടംവലികള്‍ക്കിടയില്‍ ജില്ലയാവട്ടെ പിന്നോക്കമായി തുടര്‍ന്നു. കാര്യമായ ഒരു വികസനവും ജില്ലയിലേക്കെത്തിയില്ല. ലീഗിന് ജില്ലയില്‍നിന്ന് പലപല മന്ത്രിമാര്‍ വന്നെങ്കിലും വികസനം മരീചികയായി തുടര്‍ന്നു. ഭരണതലങ്ങളില്‍ മലപ്പുറം ജില്ലയുടെ വികസനത്തിനാവശ്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മലപ്പുറത്തിന് ഒന്നും കിട്ടാതിരിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് ലോബി കരുക്കള്‍ നീക്കുകയുംചെയ്തു.

ഇടതുപക്ഷം ലീഗിനെ തിരസ്കരിച്ചപ്പോഴാണ് ആര്യാടന്‍ മുഹമ്മദ് ലീഗിന്റെ മേല്‍ ഒന്നുകൂടി പിടിമുറുക്കിയത്. അതേസമയം ലീഗില്ലാതെ ഭരണത്തിലേറുക കോണ്‍ഗ്രസിന് പ്രയാസവുമായിരുന്നു. അതിനാല്‍ ആര്യാടന്‍ വിമര്‍ശനം തുടരുമ്പാഴും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയ്ക്ക് കെപിസിസി നേതൃത്വം ലീഗിനെ തലോടിക്കൊണ്ടിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കെടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമീഷന്‍ അതിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് ഭരണകാലത്താണ് സമര്‍പ്പിച്ചത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ സംവരണ സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടതായി കണ്ടതിനെത്തുടര്‍ന്ന് അത് പരിഹരിക്കാന്‍ ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗവുംകൂടിയായിരുന്നു ഇത്. കോണ്‍ഗ്രസ് അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോള്‍ യൂത്ത് ലീഗടക്കം പ്രക്ഷോഭം നടത്തി. ഇവര്‍ക്ക് ഇ ടി ബഷീറിന്റെ പിന്തുണയും കിട്ടി. സൂപ്പിയെ തള്ളി ഇ ടി മന്ത്രിസ്ഥാനത്തെത്തുന്നതുവരെ നരേന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആവേശം നിലനിന്നു. റിപ്പോര്‍ട്ടിന്റെ കാര്യം കോണ്‍ഗ്രസ് ആര്യാടനെ ഏല്‍പ്പിച്ചതോടെ അത് ഉള്ളതും ചക്കിലൊട്ടി എന്ന പരുവത്തിലായി. 2006ലെ തെരഞ്ഞെടുപ്പില്‍ സമുദായം ലീഗിനെ കൈയൊഴിക്കാന്‍ അത് കാരണമായി. ലീഗ് യുഡിഎഫില്‍ ഏത് ആവശ്യം ഉന്നയിക്കുമ്പോഴും ആര്യാടന്റെ എതിര്‍പ്പുണ്ടാവും. അപ്പോഴൊക്കെ സമുദായത്തിന്റെ മേലുള്ള ലീഗിന്റെ അപ്രമാദിത്തത്തെ അദ്ദേഹം ചോദ്യംചെയ്യും. സിപിഐ എം വ്യാജ ആത്മീയതക്കെതിരെ രംഗത്തിറങ്ങിയപ്പോള്‍ ആദ്യം അത് പാണക്കാട്ടുനിന്ന് തുടങ്ങാന്‍ ആര്യാടന്‍ ആവശ്യപ്പെട്ടത് ലീഗ് കോണ്‍ഗ്രസ് ബന്ധം പൊട്ടുമെന്ന വക്കിലെത്തിച്ചെങ്കിലും അവസാനം സോണിയ ഗാന്ധിതന്നെ ഇടപെടേണ്ടി വന്നു.
 
ഇത് പോലെ ഇടത് സര്‍ക്കാര്‍ അലിഗഢ് സര്‍വകലാശാല കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് തീരെ താല്‍പ്പര്യം കാണിച്ചില്ല. പാണക്കാട്ടെ സ്ഥലത്തിനു വേണ്ടി ലീഗുകാര്‍ പിടിമുറുക്കിയപ്പോള്‍ ആര്യാടന്‍ മറ്റൊരു സ്ഥലം നിര്‍ദേശിച്ച് ലീഗിനെതിരായ നിലപാട് സ്വീകരിച്ചു. അലിഗഢിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പ്രകടമായി. അലിഗഢ് മുസ്ലിം ലീഗിന് ഗുണംചെയ്യുമെന്നു ഭയമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവിന് കാരണം. ലീഗാവട്ടെ അലിഗഢ് തങ്ങളുടെ വകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുകയുംചെയ്തു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ലീഗുയര്‍ത്തിയ അഞ്ചാംമന്ത്രി വിവാദമാണ് മലപ്പുറത്തെ കോണ്‍ഗ്രസ് ലീഗ് ബന്ധത്തെ വീണ്ടും ഉലച്ചത്. മലപ്പുറത്ത് രണ്ടു മന്ത്രിമാരെ കൊണ്ടുവന്ന് കോണ്‍ഗ്രസ് ലീഗിനെ നിഷ്പ്രഭമാക്കാനുദ്ദേശിച്ചപ്പോഴാണ് പഞ്ചമന്ത്രി വാദവുമായി ലീഗ് രംഗത്തെത്തുന്നത്. ലീഗിന് ഒരുതരത്തിലും വഴങ്ങരുതെന്നാണ് കോണ്‍ഗ്രസും ആര്യാടനും തീരുമാനിച്ചത്. ലീഗ് ഭരണം വിട്ട് എങ്ങും പോവില്ലെന്നതുകൊണ്ട് എന്തിന് വഴങ്ങിക്കൊടുക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിനെ പിണക്കാന്‍ തയ്യാറായില്ല. വകുപ്പുകളൊന്നും കൊടുക്കാതെ മന്ത്രിസ്ഥാനം കൊടുത്തു. രാജ്യസഭാ സീറ്റ് സ്വന്തമാക്കുകയുംചെയ്തു.

അതോടെ ലീഗിനെ ഒന്നുകൂടി മലപ്പുറത്തേക്കൊതുക്കി. അഞ്ചാംമന്ത്രികൊണ്ട് ആരുടെയൊക്കെയോ മോഹങ്ങള്‍ക്ക് ചിറകുവച്ചുവെന്നല്ലാതെ ലീഗിനെന്തു മെച്ചം എന്ന് ലീഗുകാര്‍തന്നെ ചോദിക്കാന്‍ തുടങ്ങി. വകുപ്പൊന്നും കൊടുത്തില്ല രാജ്യസഭാ സീറ്റ് അടിച്ചുമാറ്റുകയുംചെയ്തു എന്ന് പറഞ്ഞ് കോണ്‍ഗ്രസിനും സമാധാനിക്കാം. ഏറ്റവുമൊടുവില്‍ ആര്യാടന്‍ മുഹമ്മദിന്റെ രോഷം പുറത്തുവിട്ടത്് ഇ ടി മുഹമ്മദ് ബഷീറിനെ കടുത്ത തീവ്രവാദി എന്ന് വിളിച്ചാണ്. മുസ്ലിങ്ങളിലെ തീവ്രവാദികളുമായി ഇ ടി ചങ്ങാത്തം സ്ഥാപിക്കുന്നുവെന്ന് മുമ്പേ പലരും ആരോപണമെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടും പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ സഹായം കൂടിയേ തീരൂ എന്നതിനാലും ഇ ടിയോ ലീഗോ നേതൃതലത്തില്‍ കാര്യമായൊന്നും പ്രതികരിച്ചില്ല.

എന്നാല്‍, ഇടിയെ തീവ്രവാദിയെന്ന് വിളിച്ചത് ലീഗിന്റെ അണികള്‍ക്ക് സഹിക്കാന്‍ കഴിയുമോ? പാര്‍ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടു. പലേടത്തും ആര്യാടന്റെ തല പട്ടിയുടെ ഉടലിനോട് ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പാണക്കാട് തങ്ങളെയും തെരുവിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭയന്ന് ലീഗ് നേതൃത്വം അണികളെ നിയന്ത്രിച്ചു. പക്ഷേ, കോണ്‍ഗ്രസുകാര്‍ക്ക് ലീഗിന്റെ ചെയ്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരു ജയിച്ചാലും മലപ്പുറത്തെ കോണ്‍ഗ്രസ്- ലീഗ് തമ്മിലടി തുടരുകതന്നെ ചെയ്യുമെന്നര്‍ഥം.
*
ഹുസൈന്‍ രണ്ടത്താണി

No comments: