Monday, April 14, 2014

അദ്വാനി, അച്ചപ്പം പിന്നെ ഇത്തിരി ജനാധിപത്യവും

എവിടെയോ കണ്ടിട്ടുണ്ട് തീര്‍ച്ച! നല്ല പരിചയം. ഇത് അയാള്‍ തന്നെ. പക്ഷേ അയാളാണെങ്കില്‍ ഇങ്ങനെ വരണോ? ഇങ്ങനെ വരേണ്ട ഒരാളല്ലല്ലോ അയാള്‍! ഈ കത്തിക്കാളുന്ന ഉച്ചവെയിലില്‍ ഒരു കാലന്‍കുടയുടെ തണലുപോലുമില്ലാതെ ഇങ്ങനെ നടന്നുപോവുമോ? ഏയ്...അല്ല. ഇയാള്‍ അയാളല്ല. മനസ്സിന്റെ ഒരുതരം തോന്നല്‍. വെറുതെയല്ല മനസ്സിന് ഒരുതരം കുരങ്ങിന്റെ സ്വഭാവമാണെന്ന് പറയുന്നത്. വെറുതെ ഓരോന്ന് ചൊറിഞ്ഞും മാന്തിയും കൊണ്ടിരിക്കും. ഇയാളില്‍ വേറൊരാളെ ആരോപിക്കേണ്ട കാര്യമുണ്ടോ? ഇയാളെ ഇയാളും അയാളെ അയാളുമായി കണ്ടാല്‍ പോരെ.

എന്നാലും.... അതെ കഷണ്ടി... പക്ഷേ അല്‍പംകൂടി ചുളുങ്ങി. അതേ കണ്ണ്... പക്ഷേ സ്വല്‍പംകൂടി കുഴിഞ്ഞു. അതേ കണ്ണട... പക്ഷേ സ്വല്‍പംകൂടി മുഷിഞ്ഞു. അതേ നരച്ച മീശ... സ്വതവേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്നര്‍ഥംവരുന്ന വിശേഷണം ഇവിടെ പ്രയോഗിക്കുക. അതേ കുര്‍ത്ത... പക്ഷേ പഴകി. അതേ ധോത്തി... പക്ഷേ പിഞ്ഞി. അതേ കോട്ട്... പക്ഷേ കീറി. എന്നാലും ആന മെലിഞ്ഞാല്‍ ഓട്ടോയില്‍ കയറുമോ?

ഓട്ടോയില്‍നിന്നാണ് അയാള്‍ ഇറങ്ങിയത്. സംശയം. കൊടുമ്പിരിക്കൊള്ളുന്ന സംശയം. സന്ദേഹം നെഞ്ച് പൊളിച്ചുകളയും എന്ന മട്ട്. കാലുകളില്‍ ധൈര്യം സംഭരിച്ചു. നാക്കില്‍ വാക്കും. അയാളെ സൂക്ഷിച്ചു നോക്കി. ആവുന്നത്ര വിനയം പുരട്ടി ചോദിച്ചു. "എവിടെയോ കണ്ടിട്ടുള്ള പോലെ..." "ഉവ്വോ! എങ്കില്‍ അതെന്റെ തെറ്റല്ലല്ലോ." " അത് തന്നെയാണോ ഇതെന്നറിയാനാ..." "ആവാം... ആവാതിരിക്കാം..." "ചുരുക്കിപ്പറഞ്ഞാല്‍..." അയവെട്ടിയ ചിരിപോലെ പറഞ്ഞു. "മായ..." കക്ഷി വേദാന്തിയാണ്. പുണ്യപുരുഷന്‍.

രണ്ടാമത്തെ ചോദ്യത്തിനുള്ള സമയമായി

 "യുദ്ധം നയിച്ചിട്ടുണ്ടോ?" "ചോദ്യത്തിന്റെ കാലം പറയൂ. ഭൂതമോ, വര്‍ത്തമാനമോ, ഭാവിയോ?" "വ്യാകരണം വശമില്ല. എ ആര്‍ രാജരാജവര്‍മയെ വായിച്ചിട്ടേയില്ല."

"ചോദ്യത്തിലെ കാലം നിര്‍ണയിക്കാന്‍ വായന വേണ്ട. സാമാന്യബുദ്ധി മതി." "അതൊന്നും അറിയില്ല. പിശകുണ്ടെങ്കില്‍ പൊറുക്കുക." "യുദ്ധത്തിന് കാലം ഇല്ല. അത് അനാദിയാണ്. യുദ്ധം തീരുന്നില്ല. ആരാണ് യുദ്ധത്തിലല്ലാത്തത്? എല്ലാവരും യുദ്ധത്തിലാണ്. സംഘം ചേര്‍ന്ന് തുടങ്ങും പിന്നെ ഒറ്റക്കാവും. ജയിച്ചവരെല്ലാം ഒറ്റക്കൊറ്റക്ക് തോല്‍ക്കും. എങ്കിലും എന്നും യുദ്ധം തന്നെ." വിളഞ്ഞ പുള്ളി. ഇയാള്‍ അയാള്‍ തന്നെ. "പണ്ടെങ്ങോ നടത്തിയ യുദ്ധത്തിന്റെ പ്രച്ഛന്നവേഷം അവതരിപ്പിച്ചിട്ടുണ്ടോ എന്നാണ് ചോദിച്ചത്." പുരാണത്തിന്റെ പുനരാവര്‍ത്തനം അല്ലെ?"
"അതെ." ചിരി.
"രഥത്തില്‍ രാമനായി കളിച്ചിട്ടുണ്ടോ എന്നൊരു സംശയം." അതിനും ചിരി. വേദാന്തത്തിന്റെ മുഴുവന്‍ ഭാരവും തൂങ്ങിയ ചിരി. ത്രികാലങ്ങളിലേക്കും അത് പരന്നൊഴുകി. ചിരി നീങ്ങി. അതിനൊപ്പം അയാളും. അതിനും പിന്നാലെ സംശയത്തിന്റെ ചോദ്യങ്ങളും. പഴയ പത്രക്കടലാസില്‍ പൊതിഞ്ഞെന്തോ അയാള്‍ കക്ഷത്തിലാക്കിയിട്ടുണ്ട്. സംശയം അതിനെച്ചൊല്ലിയായി. അതിന്റെ ഉത്തരം നിര്‍ണായകമാണ്. ചോദ്യം സാധാരണം. "അങ്ങയുടെ കക്ഷത്തിലെന്താണ്?" മറുപടി നിര്‍വികാരം

"പത്രിക" "കുറച്ചുകൂടി പരത്തിയാല്‍?" "നാമനിര്‍ദേശപത്രിക." "ആരുടെ?" "മറ്റുള്ളവരുടെ പത്രിക വെക്കാനുള്ള ചുമടുതാങ്ങിയല്ല എന്റെ ശരീരം. ഇത് എന്റെ സ്വന്തം പത്രിക." "ഒറ്റക്കാണോ കൊണ്ടുപോവുന്നത്?. "അതെ. അതിനൊള്ള ഭാരമേ ഇതിനൊള്ളൂ. എനിക്ക് അകമ്പടിക്കാരും തോഴ്മക്കാരും വേണ്ട. അഹം ബ്രഹ്മാസ്മി." വളച്ചുകെട്ടില്ലാതെ ചോദിച്ചു. " അങ്ങയുടെ പേര് എല്‍ കെ അദ്വാനി എന്നാണോ?" അയാള്‍ ഒന്നും പറഞ്ഞില്ല. അടുത്തുള്ള കടയില്‍നിന്ന് അയാള്‍ രണ്ടു സോഡ വാങ്ങിക്കുടിച്ചു. വിയര്‍ക്കുന്നുണ്ട്. രണ്ടാംമുണ്ട്കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. മുഖം താമരപോലെ വിരിഞ്ഞു. മനസ്സില്‍ പറഞ്ഞു. " ദൈവമേ... ഇത് എല്‍ കെ അദ്വാനി ആകാതിരിക്കണേ...."

ഇന്നറിയാന്‍ 

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ ചായക്കടകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ ചായക്കടകള്‍ക്കും അവധിയായിരിക്കും.

പത്രാധിപര്‍ ലേഖകന്മാരെ വിളിച്ചുകൂട്ടി. മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പാണ്. അഴകൊഴമ്പന്‍ എഴുത്തുവേണ്ട. കൃത്യമായി കാര്യം പറയണം. വസ്തുതകള്‍ വേണം. വായനക്കാരെ ആശയക്കുഴപ്പത്തിലാക്കരുത്. ആര് ജയിക്കുമെന്ന് തുറന്ന് പറയണം. പക്ഷേ തെറ്റരുത്. നമുക്ക് പക്ഷമുണ്ടെന്നും തോന്നരുത്. ആവേശഭരിതനായ ഒരു ലേഖകന്‍ പിറ്റെദിവസം തന്നെ വാര്‍ത്ത എഴുതി പത്രാധിപര്‍ സമക്ഷം സമര്‍പ്പിച്ചു. അദ്ദേഹം സദയം വായിച്ചു. "എ എന്ന സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പിക്കാമെങ്കിലും ബുദ്ധിമുട്ടാണ്. ബി എന്ന സ്ഥാനാര്‍ഥിക്കാവട്ടെ ബുദ്ധിമുട്ടാണെങ്കിലും വിജയം ഉറപ്പിക്കാം." ഒട്ടും ആശയക്കുഴപ്പമില്ലാതെ വായനക്കാര്‍ ആഹ്ലാദഭരിതരായി. .

 വേറൊരു പത്രാധിപര്‍ വേറൊരു വിധം കാര്യങ്ങള്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് രചനയില്‍ സാഹിത്യം വേണം. കാവ്യഭംഗി നിറയണം. ഉടന്‍ വന്നു സര്‍ഗാത്മകലേഖകരുടെ വരമൊഴിക്കവിതകള്‍. "ഓണാക്കുഴി മണ്ഡലത്തില്‍ അന്നും കാറ്റ് വടക്കുനിന്നും തെക്കോട്ട് പുഷ്പഗന്ധം പരത്തി വീശി. ഇലകള്‍ അനങ്ങി. ചിലത് കൊഴിഞ്ഞു, തോറ്റ സ്ഥാനാര്‍ഥികളെപ്പോലെ. കാറ്റില്‍പ്പറന്നുവീണ അളകങ്ങള്‍ പിന്നിലേക്കൊതുക്കി സ്ഥാനാര്‍ഥി വോട്ടര്‍മാരെ വിളിച്ചു. "വാ.... വാ..." ഉച്ചച്ചൂടില്‍ പഴുത്തുകിടന്ന വീഥികള്‍ക്ക് മീതെ പ്രചാരണവാഹനത്തില്‍നിന്ന് ശബ്ദത്തിന്റെ ഇടവപ്പാതി തോരാതെപെയ്തു. "ഇതാ.... ഈ വാഹനത്തിനു പിന്നാലെ...." ഇടവഴികളില്‍നിന്ന് ഇടങ്കണ്ണിട്ട് ജനക്കൂട്ടം സ്ഥാനാര്‍ഥിയെ നോക്കി. കടക്കണ്ണുകൊണ്ട് സ്ഥാനാര്‍ഥി അവരെയും തഴുകി. വികസനത്തിന്റെ കൊന്നപ്പൂക്കള്‍ മാനത്ത് വിഷുക്കണി ഒരുക്കി.

 കൗശലക്കാരനായ പത്രാധിപര്‍ ഊന്നിയത് "ലൈറ്റ് റീഡിങ്ങി"ലാണ്. പത്രം പഴയ സിനിമാ നോട്ടീസു പോലെയാകണം. നിങ്ങളെ കണ്ണീര്‍ക്കടലില്‍ ആഴ്ത്തുന്ന ഹൃദയഭേദകമായ രംഗങ്ങള്‍, കോരിത്തരിപ്പിക്കുന്ന പ്രണയരംഗങ്ങള്‍, കേട്ടാലും കേട്ടാലും മതിവരാത്ത ഇമ്പമാര്‍ന്ന ഗാനങ്ങള്‍, ഞെട്ടിപ്പിക്കുന്ന സ്റ്റണ്ടു രംഗങ്ങള്‍, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യരംഗങ്ങള്‍, ഇക്കിളികൊള്ളിക്കുന്ന നൃത്തനൃത്യങ്ങള്‍... എല്ലാം വേണം. ലൈറ്റ് റീഡിങ് എന്ന കോമഡി ഷോ നിര്‍ബന്ധം. നമ്മള്‍ ഇറക്കുന്നത് പത്രമാണ്, ഭാഷാനൈഷധം ചമ്പുവല്ല. "ലൈറ്റ് റീഡിങ്ങിന് എന്ത് വേണം?"-ലേഖകര്‍ കൂട്ടമായി നിലവിളിച്ചു. പത്രാധിപര്‍ പറഞ്ഞു. "അടുക്കള വഴി കയറ്" കയറി. പിറ്റേന്നുതന്നെ വന്നു പാചകവിധി സാഹിത്യം. "പ്രചാരണച്ചൂടില്‍നില്‍ക്കുന്ന ഭര്‍ത്താവിന് നെല്ലിക്കാത്തളം വയ്ക്കാനുള്ള തിരക്കിലായിരുന്നു മറിയാമ്മച്ചേടത്തി. ഭര്‍ത്താവ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് മറിയാമ്മച്ചേടത്തിയാണ്. അത്രയും നേരമെങ്കിലും വീട്ടിലുണ്ടാവില്ലല്ലോ.

പാതിരവരെ നീളുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു ശേഷം ക്ഷീണിച്ചുവരുന്ന ഭര്‍ത്താവിന് കരിമീന്‍ പൊള്ളിക്കുന്ന തിരക്കിലായിരുന്നു വസന്തകുമാരി. രാഷ്ട്രീയത്തിലിറങ്ങിയ അന്നുമുതല്‍ ഭര്‍ത്താവിന് കരിമീന്‍ പൊള്ളിച്ചത് നിര്‍ബന്ധം. മുമ്പ് ഉണക്കമീന്‍ ചുട്ടതായാലും മതിയായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. അതറിയാവുന്ന ഒരേയൊരാള്‍ വസന്തകുമാരിയാണ്. ഒന്നാം മുന്നണിയോ, രണ്ടാം മുന്നണിയോ, മൂന്നാം മുന്നണിയോ.... എന്തുമാവട്ടെ. അതൊന്നും ശ്യാമളകുമാരിക്ക് പ്രശ്നമല്ല. അവര്‍ അവിയല്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. വേലക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്ത് അരിഞ്ഞുകൂട്ടിയ പച്ചക്കറികള്‍ക്കിടയിലൂടെ ഓടിനടക്കുകയാണ് അവര്‍.

അധ്യാപികയായ ശ്യാമളകുമാരി ഭര്‍ത്താവ് പത്രിക കൊടുത്ത അന്നുമുതല്‍ അവധിയിലാണ്. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ സ്കൂളിലേക്കുള്ളൂ. തെരഞ്ഞെടുപ്പു വരും പോവും. പക്ഷേ ഭര്‍ത്താക്കന്മാര്‍ വന്നുംപോയുമിരിക്കുന്നവരല്ല. ഭര്‍തൃമണ്ഡലത്തില്‍ എനിക്ക് ഒന്നും ഒരു സ്ഥാനാര്‍ഥിയെ ഉള്ളൂ എന്നാണ് ശ്യാമളകുമാരിയുടെ തമാശ. ഭര്‍ത്താവിന്റെ ആരോഗ്യം പാര്‍ടിക്കാര്യമല്ല, തന്റെ സ്വന്തം കാര്യമാണെന്ന് ശ്യാമളകുമാരിക്ക് നന്നായി അറിയാം. രാഷ്ട്രീയക്കാരന്റെ ജീവിതം തുറന്ന പുസ്തകമാണെങ്കിലും തന്റെ ഭര്‍ത്താവ് പാര്‍ടിയോട് പോലും പറയാതെ മൂടിവെച്ച ചില രഹസ്യം വസന്തകുമാരിക്ക് മാത്രം അറിയാം. മൂലക്കുരു. ജനാധിപത്യം ശക്തിപ്പെടുത്താനും വികസനം കൊണ്ടുവരാനും ഒറ്റമാര്‍ഗമേയുള്ളൂ എന്ന് ലീലാമ്മകുര്യന് അറിയാം. അത് അച്ചപ്പവും കുഴലപ്പവുമാണ്. വികസനകാര്യത്തില്‍ ഈ പലഹാരങ്ങള്‍ക്കുള്ള പങ്ക് ലീലാമ്മകുര്യനെ ആരും പഠിപ്പിക്കണ്ട. ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമുണ്ടാക്കുന്ന തിരക്കിലാണ് അവര്‍.

സര്‍വേ മുന്നറിയിപ്പ്

അറബിക്കടലിന്റെ പിന്‍ഭാഗത്ത് ഒന്നരമാസമായി രൂപപ്പെട്ട ട്രെന്റ് മര്‍ദം വടക്കുപടിഞ്ഞാറോട്ട് നീങ്ങി. ശക്തമായ കാറ്റോടുകൂടി ഇടവിട്ടിടവിട് ട്രെന്റ് മാറാം. കടലില്‍ പോകുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ് ട്രെന്റ് ഇല്ല. ഒരു ശതമാനം പേര്‍ പലസ്ഥലത്തായി ഇപ്പോഴും ട്രെന്റ് കാണിക്കാന്‍ മടിക്കുന്നുണ്ട്. ഞങ്ങളുടെ ലേഖകര്‍ കിണഞ്ഞുശ്രമിച്ചിട്ടും അവര്‍ ട്രെന്റ് വിട്ടുതരുന്നില്ല. എങ്കിലും ഞങ്ങളുടെ ലേഖകര്‍ ശ്രമം അവസാനിപ്പിച്ചിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ട്രെന്റ് അറിയിക്കാം. അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറില്‍ ട്രെന്റില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ചില സ്ഥലത്ത് പൊതുവെ വരണ്ട ട്രെന്റാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞമാസം 46 ശതമാനം പേര്‍ക്കാണ് ട്രെന്റ് ബാധിച്ചത്. ഇത് കൂടുതല്‍ പേരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. ഇത് ബാധിക്കാതിരിക്കാന്‍ മുന്‍കൂര്‍ കുത്തിവെപ്പ് നല്ലതാണ്. എല്ലാ ആശുപത്രികളിലും ഇതിനുള്ള മരുന്ന് എത്തിച്ചിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ബുദ്ധിജീവികളെ അകറ്റാന്‍ വീട്ടില്‍ കുന്തിരിക്കമോ, സാമ്പ്രാണിയോ പുകയ്ക്കുന്നത് നല്ലതാണ്.

*
എം എം പൗലോസ്

No comments: