Sunday, April 13, 2014

അരാഷ്‌ട്രീയത കാമ്പസുകളെ രക്ഷിക്കില്ല

സംസ്ഥാനത്തെ യുഡിഎഫ്‌ സർക്കാർ അതിന്റെ പൊറുപ്പിച്ചുകൂടാത്ത പിന്തിരിപ്പൻ സ്വഭാവം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങൾക്ക്‌ വിലങ്ങുവയ്‌ക്കുമെന്നാണ്‌ സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ തെര്യപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച്‌ തരിമ്പുപോലും ചിന്തിക്കാതെയാണ്‌ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നിലപാടിലേക്ക്‌ എടുത്തുചാടുന്നത്‌. ഇത്‌ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്‌. പുതിയ കേരളത്തിന്റെയും ഭാരതത്തിന്റെയും സൃഷ്‌ടിയിൽ നിർണായകമായ പങ്കുവഹിക്കാനുള്ള വിദ്യാർഥി സമൂഹത്തിന്റെമേൽ ചിന്താപരമായ ഷണ്ഡത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്‌. ഇതിന്റെ ഫലമായി കാമ്പസുകൾ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ടതാകുമെന്ന്‌ ആരാണു സർക്കാരിനെ ഉപദേശിച്ചത്‌? പുതിയ കാലത്തിന്റെ സർഗ ചൈതന്യങ്ങളുടെ സന്ദേശ വാഹകരാണ്‌ വിദ്യാർഥികൾ. അവരിൽ നിന്ന്‌ ജനാധിപത്യബോധത്തിന്റെ വെളിച്ചം അപഹരിക്കുന്നത്‌ ഇരുട്ടിന്റെ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കു. അറിവിന്റെ കൈനിലകളിൽ കച്ചവടത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളെ അരിയിട്ടുവാഴിക്കാനാണ്‌ സർക്കാർ നീങ്ങുന്നത്‌. ഈ ദുരുപദിഷ്‌ട നീക്കത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ ഞങ്ങൾ ഗവൺമെന്റിനോട്‌ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ 25 വയസിന്‌ താഴെയുള്ളവരാണ്‌. ഈ രാജ്യത്തിന്റെ യുവത്വമാണ്‌ അത്‌ വിളംബരം ചെയ്യുന്നത്‌. 18 വയസ്‌ പൂർത്തിയായവർ നാടിന്റെ ഭാഗധേയം നിർണയിക്കുവാൻ അവകാശമുള്ളവരാണിവിടെ. എത്ര അഭിമാനകരമാണ്‌ ഇത്‌! നമ്മുടെ കാമ്പസ്‌ ജനസംഖ്യയിൽ ഏറെയും വോട്ടവകാശം രേഖപ്പെടുത്താൻ ഏപ്രിൽ 10 ന്‌ പോളിങ്‌ ബൂത്തിൽ എത്തിയവരാണെന്ന സത്യം സർക്കാർ കണക്കിലെടുക്കുന്നില്ലേ? വോട്ടവകാശമുള്ള ആ പൗരന്മാരോട്‌ അവരുടെ കാമ്പസുകളെ സംഘടനാമുക്തമാക്കുമെന്നാണ്‌ സർക്കാർ ഭീഷണിപ്പെടുത്തുന്നത്‌. അതിന്റെ പ്രത്യാഘാതങ്ങൾ തീർച്ചയായും ജനാധിപത്യ സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയില്ല.

കാമ്പസുകളിലെ സംഘടനാപ്രവർത്തനം ഒരു പുതിയ വിഷയമല്ല. അതേപ്പറ്റി കാമ്പസിനകത്തും പുറത്തും വേണ്ടുവോളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്‌. 2006 ൽ സുപ്രിംകോടതി നിയോഗിച്ച ലിംഗ്‌ദോ കമ്മിറ്റിയും കോളജ്‌-സർവകലാശാലാതലങ്ങളിലെ വിദ്യാർഥിയൂണിയനുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം സർക്കാർ മറന്നുപോയി. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനം ഒരു ഗവണ്‍മെന്റിന്റെയോ കമ്മിറ്റിയുടെയോ ഔദാര്യമായിരുന്നില്ല. വിദ്യാർഥി പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാടിന്റെ വിളികേട്ടുകൊണ്ടാണ്‌ ഇന്ത്യൻ വിദ്യാർഥികൾ സംഘടനാബോധത്തിന്റെ ആദ്യത്തെ പടവുകൾ ചവിട്ടിയത്‌. 1936 ൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ ജന്മംകൊണ്ടത്‌ ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയാണ്‌. അതിന്റെ ആദ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ജവഹർലാൽ നെഹ്‌റുവാണ്‌. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പൈതൃകമുണ്ട്‌ വിദ്യാർഥിപ്രസ്ഥാനത്തിന്‌. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വണിക്കുകൾക്കുവേണ്ടി ഭരിക്കുന്ന സർക്കാർ ആ ചരിത്രമെല്ലാം മറക്കുന്നു.

എല്ലാത്തരം വിധ്വംസകശക്തികളും കാമ്പസുകൾക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ്‌ വിദ്യാർഥികളുടെ സംഘടനാബോധത്തിന്റെ ചിറകരിയാൻ സർക്കാർ ശ്രമിക്കുന്നതെന്നത്‌ യാദൃശ്ചികമല്ല. യുഡിഎഫ്‌ സർക്കാരിന്റെ വർഗനയങ്ങളുടെ പ്രതിഫലനമാണത്‌. അരാഷ്‌ട്രീയത വിളയാടുന്ന കാമ്പസുകളിലെല്ലാം അരാജകത്വം കൊടികുത്തിവാഴുകയാണ്‌. അവിടെ മദ്യവും മയക്കുമരുന്നും റാഗിങും ലൈംഗികപീഡനങ്ങളും കൊള്ളയും കൊലപാതകവും കൂടിക്കൂടിവരുന്നു. ചീത്തപ്പണത്തിന്റെ ഹുങ്കും ക്രൂരതയും അത്തരം കാമ്പസുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിദ്യാർഥികളുടെ സംഘടനാപ്രവര്‍ത്തനത്തിന്‌ നാശം വിധിക്കുന്നവർ ഇത്തരം പ്രവണതകൾക്ക്‌ വളംവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പ്രഭുകുമാരന്മാരുടെ അനാശാസ്യമായ അഴിഞ്ഞാട്ടങ്ങൾക്ക്‌ ആരും തടസമായിക്കൂടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മുമ്പിൽ കടുത്ത വെല്ലുവിളിയാണ്‌ സർക്കാർ ഉയർത്തുന്നത്‌. കമ്പോള തേർവാഴ്‌ചയ്‌ക്കെതിരായി ലോകമെമ്പാടും ഉയരുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗത്താണ്‌ വിദ്യാർഥികൾ അണിചേരുന്നത്‌. കേരളത്തിലെ കാമ്പസുകളും ലക്ഷ്യബോധമുള്ള അത്തരം ചെറുത്തുനിൽപ്പുകളുടെ ഉരുക്കുകോട്ടകളാകണം. ഇതിന്‌ കരുത്തുപകരുന്ന ആശയ-രാഷ്‌ട്രീയ സംവാദങ്ങളാണ്‌ അവിടെയുണ്ടാകേണ്ടത്‌. രാഷ്‌ട്രീയം രണ്ടുതരമുണ്ട്‌. ജീർണോന്മുഖവും സർഗാത്മകവും. അതിൽ ജീർണോന്മുഖ രാഷ്‌ട്രീയത്തിന്റെ തടവുകാരായി വിദ്യാർഥി സംഘടനകൾ മാറിക്കൂടാ. സംഘടനാപ്രവർത്തനത്തിന്റെ പേരിൽ നിരർഥകമായ ഏറ്റുമുട്ടലുകളും തെരഞ്ഞെടുപ്പുകളുടെ പേരിൽ പണത്തിന്റെ കുത്തൊഴുക്കും കാമ്പസുകളിലേക്ക്‌ കടത്തിവിടുന്നത്‌ ജീര്‍ണോന്മുഖ രാഷ്‌ട്രീയമാണ്‌. വലതുപക്ഷത്തിന്റെ താൽപ്പര്യങ്ങളെ മാത്രമേ അത്‌ ആത്യന്തികമായി സഹായിക്കു. അതിനെ ചെറുത്തു പരാജയപ്പെടുത്തേണ്ടത്‌ സർഗാത്മക രാഷ്‌ട്രീയം കൊണ്ടുതന്നെയാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ ശക്തികൾക്കാണ്‌ ഇക്കാര്യം ഓർത്തിരിക്കേണ്ട കടമയുള്ളത്‌. സർഗാത്മക രാഷ്‌ട്രീയത്തെ ഭയപ്പെടുന്ന സർക്കാർ അരാഷ്‌ട്രീയതയുടെ വാദമുഖങ്ങൾകൊണ്ട്‌ ജീർണതയുടെ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്‌. വെളിച്ചം തേടിയുള്ള യാത്രയിൽ നിന്ന്‌ പുത്തൻ തലമുറയെ വഴിമാറ്റിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതിബോധമുള്ളവരെല്ലാം രംഗത്തുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌.

*
ജനയുഗം മുഖപ്രസംഗം

No comments: