Friday, April 11, 2014

ബിഎസ്എന്‍എല്‍ സംരക്ഷിക്കാന്‍

ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കപ്പെട്ട മേഖലയാണ് ടെലികോം. രണ്ടു പതിറ്റാണ്ടായി യുപിഎ- എന്‍ഡിഎ സര്‍ക്കാരുകള്‍ തുടര്‍ന്ന ഈ നയം ഇന്ത്യന്‍ ടെലികോംരംഗത്ത് നാടനും വിദേശിയുമായ കുത്തകകളുടെ ആധിപത്യം ശക്തമാക്കി. വിദേശ നിക്ഷേപപരിധി 100 ശതമാനം വര്‍ധിപ്പിച്ചതിലൂടെ ഏത് ഇന്ത്യന്‍ കമ്പനിയെയും വിദേശ മുതലാളിക്ക് കൈക്കലാക്കാമെന്ന നിലവന്നു. നൂറു ശതമാനം വിദേശ പങ്കാളിത്തത്തോടെ വൊഡാഫോണിന് ഇനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം. ഉപകരണരംഗത്ത് വിദേശ ഇറക്കുമതി കൂടുകയാണ്. തദ്ദേശീയ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി ഉപകരണ നിര്‍മാണത്തിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനുപകരം പൂര്‍ണമായും വിദേശ കമ്പനികളെയാണ് ആശ്രയിക്കുന്നത്. വിദേശ കമ്പനികളുടെ ഉപകരണങ്ങളുടെ അനിയന്ത്രിത ഉപയോഗം രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇറക്കുമതി നിര്‍ബാധം തുടരാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. അമേരിക്കന്‍ മുതലാളിമാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണിത്.

അഴിമതി

ടെലികോം രംഗത്തെ കൊള്ളയുടെ ആഴം കൃത്യമായി അളക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിമാലയന്‍ കൊള്ളയാണ് ഈ മേഖലയില്‍ അരങ്ങേറിയത് എന്ന് കാണാം. എന്‍ഡിഎ സര്‍ക്കാരിന്റെ വക 43,253 കോടി, 2ജി സ്പെക്ട്രം കുംഭകോണത്തിലൂടെ 1.76 ലക്ഷം കോടി, ഉപകരണ ഇറക്കുമതിയിലൂടെയുള്ള വിഭവക്കടത്ത് 6,75,765 കോടി, ഇതിന്റെ കൂടെ സുഖ്റാമിന്റെയും മഹാജന്റെയും മറ്റ് മന്ത്രിമാരുടെയും അഴിമതി, വാജ്പേയി സര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന സ്ഥാപനം ടാറ്റയ്ക്ക് വിറ്റതുവഴിയുണ്ടായ ഖജനാവ് കൊള്ള തുടങ്ങിയവകൂടി ചേര്‍ത്താല്‍ അഴിമതിയുടെ ഗിന്നസ് ബുക്കിലെ ഒന്നാംപേരുകാരായി ഇന്ത്യയിലെ ടെലികോംരംഗം മാറുമെന്നതില്‍ സംശയമില്ല.

പൊതുമേഖല സര്‍വനാശത്തിലേക്ക്

ആഗോളവല്‍ക്കരണനയം പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയെ സര്‍വനാശത്തിന്റെ പടുകുഴിയിലെത്തിച്ചു. ലാഭവും വരുമാനവും വര്‍ധിച്ചുവന്ന ഈ സ്ഥാപനങ്ങളെ, വികസനത്തിന്റെ പാതയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് നഷ്ടത്തിലേക്ക് തള്ളിവിട്ടത് കേന്ദ്രസര്‍ക്കാരാണ്. ബിഎസ്എന്‍എലിന്റെ തുടര്‍ച്ചയായ നാലുവര്‍ഷത്ത നഷ്ടം 25,256 കോടി രൂപയും എംടിഎന്‍എല്ലിന്റേത് 16436 കോടി രൂപയുമാണ്. നഷ്ടത്തിലായ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലത്രെ ചിദംബരം അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍, ഈ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ മിക്കതും സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായിരുന്നു. സ്പെക്ട്രം ലേലം, കമ്പനികളുടെ ലയനം, വിദേശ നിക്ഷേപ വര്‍ധന, ലൈസന്‍സ് ഫീസ് ഏകീകരണം, മൂലധന സമാഹരണമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത് എന്നിവയിലൂടെയെല്ലാം സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കല്‍ മാത്രമായിരുന്നു സര്‍ക്കാരിന്റ ലക്ഷ്യം.

ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്നു

വരുമാനവും ലാഭവും കുറഞ്ഞുവെങ്കിലും വികസനത്തിന്റ സര്‍വസാധ്യതകളും ഇന്നും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാന്‍ കഴിയുന്ന കമ്പനിയാണ് ബിഎസ്എന്‍എല്‍. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും സ്വത്തുക്കളും 62000 ത്തിലധികം വരുന്ന ടവറുകള്‍, രാജ്യത്താകെ പടര്‍ന്നുപന്തലിച്ച ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനം തുടങ്ങി പശ്ചാത്തലമേഖല ഇന്നും സമ്പന്നമാണ്. എന്നാല്‍,സമ്പന്നമായ ഈ പശ്ചാത്തല സൗകര്യങ്ങളെ പ്രത്യേക കമ്പനികളാക്കി വിഭജിക്കാനും ഭാവിയില്‍ സ്വകാര്യവല്‍ക്കരിക്കാനുമാണ് ശ്രമം. ബിഎസ്എന്‍എല്ലിന്റെ ഭാവി വികസനത്തിനുവേണ്ടി പശ്ചാത്തല സൗകര്യങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഈ കമ്പനികളെ ആശ്രയിക്കേണ്ടിവരുമെന്നു മാത്രമല്ല, ഈ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ പശ്ചാത്തല സൗകര്യങ്ങള്‍ ലഭിക്കണമെങ്കില്‍ വന്‍ തുക നല്‍കേണ്ടിവരുകയും ചെയ്യും. സേവനംമാത്രം നിര്‍വഹിക്കുന്ന കമ്പനിയാക്കി ബിഎസ്എന്‍എല്ലിനെ മാറ്റാനും തുടര്‍ന്ന് 20,000 കോടിയിലധികം സാമ്പത്തിക ബാധ്യതയും തുടര്‍ച്ചയായ നഷ്ടം രേഖപ്പെടുത്തിയതുമായ എംടിഎന്‍എലിനെ ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാനുമാണ് തീരുമാനം. അതോടെ ബിഎസ്എന്‍എല്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളില്‍ പതിക്കും. മാത്രമല്ല 46 ശതമാനം ഓഹരി വിറ്റഴിക്കപ്പെട്ട എംടിഎന്‍എല്‍ ലയിക്കുന്നതോടെ ബിഎസ്എന്‍എല്‍ ഓഹരി വിറ്റഴിക്കപ്പെട്ട കമ്പനിയാകും, തുടര്‍ന്ന് ഓഹരി വില്‍പ്പന എളുപ്പമാകും.

ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഈ ലയനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ടു മാത്രമാണ് ലയനീക്കം നടക്കാതെ പോയത്. ബിഎസ്എന്‍എല്‍ പൊതുമേഖലാ സ്ഥാപനമായി നിലനില്‍ക്കണമെന്നും സംരക്ഷിക്കപ്പെടണമെന്നുമാണ് ജനങ്ങളും തൊഴിലാളികളും ആഗ്രഹിക്കുന്നത്. ബിഎസ്എന്‍എല്‍ സംരക്ഷിക്കാനും എംടിഎന്‍എല്ലുമായുള്ള ലയനത്തിനെതിരെയും ശക്തമായ വികാരം ജീവനക്കാര്‍ക്കുണ്ട്. ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ തൊഴിലാളികളോടൊപ്പം നിലകൊള്ളുന്നത് ഇടതുപക്ഷംമാത്രമാണ്.

*
കെ മോഹനന്‍ ( ബിഎസ്എന്‍എല്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍ )

No comments: