Tuesday, April 1, 2014

കാലി ഖജനാവും സര്‍ക്കാരും

ട്രഷറി സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം ഉയരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ? ഇപ്പോഴെന്താണ് ഇങ്ങനെ? ട്രഷറിയില്‍ 3882 കോടി രൂപ അവശേഷിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ട്രഷറിമിച്ചം മഹാപരാധമെന്നും ചിത്രീകരിച്ചു. 2011 ജൂലൈയിലെ ധവള പത്രത്തിലെ മുഖ്യവിമര്‍ശവും അതായിരുന്നു. ട്രഷറി സമ്പാദ്യത്തിന്മേല്‍ പലിശ നല്‍കുന്നത് സര്‍ക്കാരിന് ബാധ്യതയാണെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ട്രഷറി സമ്പാദ്യത്തിന്മേലുള്ള അധികപലിശ എടുത്തുമാറ്റി തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചാണ് നിക്ഷേപകര്‍ പ്രതികരിച്ചത്. ഇപ്പോള്‍ നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്ത് സഹകരണസ്ഥാപനങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കുംമുന്നില്‍ സര്‍ക്കാര്‍ കാവല്‍ കിടക്കുന്നു!

വലിയ മാന്ത്രികവിദ്യയൊന്നും എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും കാണിച്ചില്ല. കിട്ടാനുള്ള നികുതി പിരിച്ചു, അത്രതന്നെ. ചെക് പോസ്റ്റുകളിലൂടെ കടന്നുവരുന്ന സാധനങ്ങള്‍ ഏതെന്നും എത്രയെന്നും കൃത്യമായി പരിശോധിക്കപ്പെട്ടു. അതനുസരിച്ച് വില്‍പ്പനികുതി ഉദ്യോഗസ്ഥര്‍ നികുതി ചുമത്തി. ചുമത്തിയ നികുതി പിരിച്ചു. ധനപ്രതിസന്ധി ഉണ്ടായില്ല. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയതുമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നികുതിപിരിവില്‍ വീഴ്ചവരുത്തി. ധനപ്രതിസന്ധിയുമുണ്ടായി.

ഒരു ഉദാഹരണം: എല്‍ഡിഎഫ് അവസാനവര്‍ഷം (2010-11) വില്‍പ്പനികുതി ലക്ഷ്യം 15126 കോടി രൂപയായിരുന്നു. പക്ഷേ അതില്‍ കൂടുതല്‍ പിരിച്ചു. 15838 കോടി രൂപ പിരിച്ചെടുത്തു. 4.67 ശതമാനം അധികം. യുഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം (2013-14) ലക്ഷ്യമിട്ടത് 28457 കോടി. പിരിച്ചത് അതിലും കുറവ്. 6.30 ശതമാനം കുറച്ച് 26664 കോടി രൂപ. സാധനങ്ങളുടെ വില്‍പ്പന ഇടിഞ്ഞതല്ല കാരണം. വില്‍പ്പനവില കുറഞ്ഞതുമല്ല. രണ്ടും ഉയരത്തില്‍ത്തന്നെ. പക്ഷേ, വില്‍പ്പന നികുതി വരുമാനം ഇടിഞ്ഞു. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ 2010-11ല്‍ 1302 കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു. 1331 കോടി പിരിച്ചു. 2012-13ല്‍ ലക്ഷ്യം 2571 കോടിയായിരുന്നു. സമാഹരിച്ചത്് 2271 കോടിയും. അഥവാ, 11.66 ശതമാനം കുറച്ച.് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം കൂടി, വിലയും കൂടി. പക്ഷേ, നികുതിവരുമാനം ഇടിഞ്ഞു. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 2010-11ല്‍ ലക്ഷ്യത്തേക്കാള്‍ 16.63 ശതമാനം അധികം പിരിച്ചു. 2013-14 ലാകട്ടെ, 24.57 ശതമാനം കുറച്ചും.

ഭൂമിയുടെ ക്രയവിക്രയവും വിലയും കൂടിയശേഷവും. മദ്യനികുതിയില്‍നിന്ന് യഥാക്രമം 7.40 ശതമാനവും 2.92 ശതമാനവും കുറച്ചാണ് പിരിച്ചത്. മേല്‍പ്പറഞ്ഞ നാലുനികുതികളും ചേര്‍ത്താല്‍ മൊത്തം തനതുനികുതിവരുമാനത്തിന്റെ 97.95 ശതമാനമായി. വില്‍പന നികുതിമാത്രം 75 ശതമാനമാണ്്. നികുതിസമാഹരണത്തില്‍, വിശേഷിച്ചും വില്‍പ്പനികുതി സമാഹരണത്തിലെ, ഏതുവീഴ്ചയും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനമിടിക്കും. റവന്യൂ ചെലവ് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ റവന്യൂ കമ്മികൂടും. എത്രത്തോളം നികുതിപിരിവ് കുറയുന്നുവോ അത്രത്തോളം കമ്മി ഉയരും. കമ്മി നികത്താനും വികസനചെലവിനും കടം വാങ്ങേണ്ടിവരും. തനതു നികുതി-നികുതിയിതരവരുമാനത്തിനുപുറമെ കമ്മിയും കടവും ഉയര്‍ത്തുന്ന മറ്റൊരു ഘടകവുമുണ്ട്. ആകെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം കേന്ദ്രനികുതിവിഹിതവും ഗ്രാന്റുകളുമാണ്. അവരണ്ടും കുറയുകയാണ്.

2013-14ല്‍ പ്രതീക്ഷിച്ചത് 14365 കോടി രൂപ. കേന്ദ്രം തന്നത് 13810 കോടി. 3.86 ശതമാനം കുറച്ച്.് വിവേചനപരമാണ് കേന്ദ്രസമീപനം. കണക്കുപറഞ്ഞ് വാങ്ങിയെടുക്കാന്‍ കഴിയുന്നുമില്ല. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിക്കുമ്പോഴും ഫലം തഥൈവ. ഇപ്പോഴത്തെ ധനപ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവച്ചതാണ്. നികുതിപിരിവില്‍ വീഴ്ച വരുത്തിയതുതന്നെ കാരണം. കേന്ദ്രത്തിന്റെ വിവേചനയം എരിതീയില്‍ എണ്ണയൊഴിച്ചു. നികുതിപിരിവിലെ വീഴ്ചകൊണ്ട് ഗുണം ലഭിക്കുന്ന ഒരുവിഭാഗമുണ്ട്. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ചും പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. അവര്‍ക്കുവേണ്ടി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയക്കാരും ഗുണഭോക്താക്കളാണ്. നികുതിവെട്ടിപ്പിനുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. നികുതിപിരിവിന് യഥേഷ്ടം സ്റ്റേ നല്‍കുന്നു. പകരം രാഷ്ട്രീയകക്ഷികളെ സാമ്പത്തികമായും ഗവണ്‍മെന്റിനെ രാഷ്ട്രീയമായും അവര്‍ സഹായിക്കുന്നു. ഇതൊരു കൊടുക്കല്‍-വാങ്ങലാണ്. മോശപ്പെട്ട കച്ചവടമാണ്. ഇത്തരം സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്ക് കേരളസംസ്ഥാനവും ജനങ്ങളും വമ്പിച്ച വിലനല്‍കേണ്ടിവരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയാത്തതാണുകാരണം. കടത്തിന്റെ ഗണ്യമായ ഭാഗം റവന്യൂ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. കമ്മി നികത്താനുപയോഗിക്കുന്ന തുക കൂടുന്നതനുസരിച്ച്, വികസനചെലവുകള്‍ക്ക് അവശേഷിക്കുന്ന തുക കുറയും. വികസനപ്രവര്‍ത്തനങ്ങളാകെ സ്തംഭിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അതിലും ഭയാനകമാണ്. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെവരുന്നു. ട്രഷറിതന്നെ അടച്ചുപൂട്ടുന്നു. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ 34 ശതമാനം മാത്രം. ഇനിയും കടം വാങ്ങി ചെലവിടാമെന്ന പ്രതീക്ഷ വേണ്ടാ. കടത്തിന്റെ പരിധി എത്തിയിരിക്കുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ധനമന്ത്രി മാത്രമല്ല ഉത്തരവാദി. മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ആ ബാധ്യത അദ്ദേഹം നിറവേറ്റുന്നില്ല. വകുപ്പുമന്ത്രിമാര്‍ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയ്ക്കുവെളിയിലുള്ള ഇനങ്ങളായി അധികചെലവു നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുപാസാക്കുന്നരീതി കീഴ്വഴക്കമായിരിക്കുന്നു. സ്വന്തം കക്ഷിയുടെയും ഘടക കക്ഷികളുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അധികാരത്തില്‍ തുടരുന്നതുകൊണ്ട് എതിരുനില്‍ക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂചെലവ് 76.47 ശതമാനം വര്‍ധിച്ചു എന്നുപറഞ്ഞാല്‍ പ്രശ്നത്തിന്റെ ഏകദേശരൂപം കിട്ടും. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ഇത്രയെല്ലാമായിട്ടും പ്രതിസന്ധിയില്ല; ഉള്ളത് ബുദ്ധിമുട്ടുമാത്രം എന്ന് ആവര്‍ത്തിക്കാന്‍ പന്ത്രണ്ട് ബജറ്റുകളുടെ ഖ്യാതിപറയുന്ന ധനമന്ത്രിക്ക് എങ്ങനെകഴിയുന്നു!

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

No comments: