Wednesday, April 9, 2014

സോണിയയും നല്‍കി ഉറപ്പ്

കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ കേരളം സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് തിരിച്ചുപോയി. പര്യടനം പതിവുരീതിയിലായിരുന്നില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതു കാരണം നിശ്ചിതസമയം കഴിഞ്ഞ് വളരെ വൈകിയാണ് തൃശൂരും കോഴിക്കോട്ടും എത്തിയത്. കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന കനത്ത പരാജയത്തിന്റെ ഭീതി സോണിയയുടെ മുഖത്ത് പ്രതിഫലിച്ചതായി ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. സോണിയയുടെ മുമ്പിലുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ കണ്ടില്ല. അത് മനഃപൂര്‍വം മറച്ചുവച്ചതായി തോന്നി. കോഴിക്കോട്ട് അമ്പതിനായിരം പേരെ അണിനിരത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പത്തിലൊന്നുമാത്രമേ സന്നിഹിതരായുള്ളു. കാസര്‍കോട് മുതല്‍ മലപ്പുറംവരെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, വന്ന ചില സ്ഥാനാര്‍ഥികള്‍ ക്ഷമയറ്റ് തിരിച്ചുപോയി. അതില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയുംപെടും. സോണിയാജിയുടെ സാന്നിധ്യത്തില്‍ വോട്ട് ചോദിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കാനില്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കും. സോണിയ വേദിയില്‍നിന്ന് കൈപ്പത്തി ഉയര്‍ത്തിക്കാണിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ എം കെ രാഘവനും രമേശ് ചെന്നിത്തലയ്ക്കും മധ്യത്തില്‍ കൈപ്പത്തി ഉയര്‍ത്താന്‍ കഴിയാത്ത മനോവിഷമത്തില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് നില്‍ക്കുന്ന ചിത്രം അനുകമ്പ അര്‍ഹിക്കുന്നതാണെന്നു പറയാതെ വയ്യ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷകരമായ ഒരു നടപടിയും യുപിഎയുടെയോ യുഡിഎഫിന്റെയോ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് സോണിയ ഉറപ്പുനല്‍കിയതാണ് വലിയ തമാശ. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലോ സോണിയയുടെ പ്രസംഗത്തിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് ഒരു സൂചനപോലും നല്‍കിയതായി കണ്ടില്ല. കാപട്യത്തില്‍ സോണിയയും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കു പിറകിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഉറപ്പ്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സോണിയ പറഞ്ഞുപോല്‍. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വിലയിടിവ് കാരണം വിഷമിക്കുന്നതിനെപ്പറ്റി നേരിയ പരാമര്‍ശംപോലുമുണ്ടായില്ല. വിലയിടിവ് സ്വാഭാവികമല്ലെന്ന് റബര്‍ കര്‍ഷകര്‍ക്ക് നന്നായറിയാം. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി ഉദാരവല്‍ക്കരണ നയമാണ് റബര്‍ വിലയിടിയുന്നതിന് മുഖ്യ കാരണം. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് ഒരു നിയന്ത്രണവുമില്ലാതെ പുറമെനിന്ന് റബര്‍ ഇറക്കുമതിചെയ്യുന്നത് കര്‍ഷകര്‍ക്ക് പ്രഥമ പരിഗണന നല്‍കിയല്ല, ടയര്‍ലോബിയെ സഹായിക്കാനാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഏറെ തകര്‍ന്ന മേഖല കൃഷിയാണ്. കാര്‍ഷികമേഖലയുടെ ദയനീയമായ തകര്‍ച്ചയ്ക്കുത്തരവാദി സോണിയയുടെ പാര്‍ടിയും കേന്ദ്രസര്‍ക്കാരുമാണെന്നറിയാത്തവരല്ല കേരളത്തിലെ സമ്മതിദായകര്‍. കാര്‍ഷിക മേഖലയിലാണ് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ മൂന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ഉയര്‍ന്ന നിരക്കിലുള്ള കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുന്നത്. വയനാട്ടിലും കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന സോണിയയുടെ ഉറപ്പ് തനി പൊള്ളയായ വാഗ്ദാനത്തിന്റെ ആവര്‍ത്തനമായിമാത്രമേ കര്‍ഷക ജനസാമാന്യത്തിന് കാണാന്‍ കഴിയൂ.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപവല്‍ക്കരിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സോണിയ പറഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നത്. തീരദേശ പരിപാലന നിയമംമൂലം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ തവണ ഇവിടെനിന്ന് ജയിച്ച 16 യുഡിഎഫ് എംപിമാര്‍ക്കും ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നേര്‍ക്ക് മുഖം തിരിച്ചുനിന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീടുപോലും നിര്‍മിക്കാന്‍ കഴിയുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര മേഖലയിലെ ജനങ്ങളെയാണ് നിത്യദുരിതത്തിലാഴ്ത്തുന്നതെങ്കില്‍ തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളെയാണ് കടുത്ത നിരാശയിലാഴ്ത്തുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സോണിയയുടെ പാര്‍ടിക്ക് കഴിവില്ലെന്നത് ഇതിനകം അവര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. അവര്‍ നടത്തിയ സംഘടിതമായ സമരങ്ങള്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണോ കരുതേണ്ടത്!

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക എല്ലാവരുടെയും ക്ഷേമം ലക്ഷ്യമാക്കുന്നതാണെന്നും 10 കോടി യുവാക്കള്‍ക്ക് തൊഴിലവസരം (തൊഴിലവസരമാണ്, തൊഴിലല്ല), എല്ലാവര്‍ക്കും വീട്, പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീകള്‍ക്ക് സംവരണം, 70 കോടി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ 16-ാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സോണിയക്ക് ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെട്ടില്ലെന്നതാണ് അത്ഭുതമായി തോന്നുന്നത്. മനഃസാക്ഷിയെന്ന ഒന്നുണ്ടെങ്കിലല്ലേ കുത്തനുഭവപ്പെടൂ. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങി വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക കണ്ടുംകേട്ടും മനസ്സു മരവിച്ചവരാണ് സമ്മതിദായകരെന്ന് ഓര്‍ക്കുന്നത് നല്ലത്. ഇത്തരം ചപ്പടാച്ചികൊണ്ടൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഇത്തവണ വോട്ട് ലഭിക്കില്ല. ജനങ്ങള്‍ നല്ല ബുദ്ധിയും വിവരവും സാമാന്യബോധവുമുള്ളവരാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മടുത്തവര്‍ പകരം ചോദിക്കാന്‍ ഏപ്രില്‍ പത്ത് പുലരാന്‍ കാത്തിരിക്കുകയാണെന്ന് ഓര്‍ത്താലും.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: