Wednesday, April 23, 2014

വേലിതന്നെ വിള തിന്നാല്‍

ഏറെ പ്രസിദ്ധമായ ആരാധനാലയമാണല്ലോ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം. അനന്തപുരിയുടെ പ്രശസ്തി ഇന്നത്തെ നിലയില്‍ ഉയര്‍ത്തുന്നതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും ഒരു സുപ്രധാന പങ്കുണ്ടെന്നത് നിഷേധിക്കാന്‍ കഴിയുന്നതല്ല. ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നപ്പോള്‍, ലോകത്തില്‍തന്നെ ഇത്രയധികം നിധി സംഭരിച്ച് സൂക്ഷിച്ചിട്ടുള്ള മറ്റൊരു ആരാധനാലയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ സൂക്ഷിച്ചുവച്ച അമൂല്യനിധികളുടെ യഥാര്‍ഥ മൂല്യനിര്‍ണയം ഇതേവരെ പൂര്‍ത്തിയായിട്ടില്ല. "ബി" നിലവറ തുറക്കുന്ന വിഷയം വന്നപ്പോള്‍ ദേവപ്രശ്നം നടത്തി തടയാന്‍ ശ്രമിച്ചു. അന്ധവിശ്വാസവും ക്ഷേത്രസംരക്ഷണവും ഒത്തുപോകില്ലെന്ന ധീരമായ തീരുമാനമാണ് സുപ്രീംകോടതി സ്വീകരിച്ചത്. കാലാകാലമായി ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ സ്വര്‍ണവും രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ഭക്തജനങ്ങള്‍ അവരുടെ വിശ്വാസമനുസരിച്ച് ക്ഷേത്രത്തിന് വഴിപാട് നല്‍കിയത് ഒരു കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടിയോ ക്ഷേമത്തിനുവേണ്ടിയോ ധൂര്‍ത്തടിക്കാനോ അല്ല; ക്ഷേത്രത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ്. ക്ഷേത്രഭരണം നടത്തിയ രാജകുടുംബം ക്ഷേത്രസ്വത്തുക്കള്‍ അന്യൂനമായി സൂക്ഷിക്കാന്‍ ചുമതലയുള്ളവരാണ്. ദീര്‍ഘകാലം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിലവറകളില്‍ ഇത്രയധികം നിധി സംരക്ഷിക്കപ്പെടുമായിരുന്നില്ല. അതുകൊണ്ടുതന്നെയാകണം അനന്തപുരിയിലെ ഭക്തര്‍ക്ക് രാജകുടുംബത്തോട് ഇന്നും വലിയ ബഹുമാനമുള്ളത്. രാജവാഴ്ച ദശാബ്ദങ്ങള്‍ക്കുമുമ്പ് അവസാനിച്ചെങ്കിലും രാജകുടുംബാംഗങ്ങളെ അനന്തപുരിയിലെ വലിയ വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍, വസ്തുതകള്‍ മറനീക്കി പുറത്തുവന്നതോടെ ആ വിശ്വാസം ചോര്‍ന്നുപോകാന്‍ ഇടവന്നിരിക്കുന്നു.

ക്ഷേത്രസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കൊള്ളചെയ്യാനും മോഷ്ടിക്കാനും നേതൃത്വം നല്‍കുന്ന നിലയാണുണ്ടായത്. വേലിതന്നെ വിള തിന്നുന്ന നിലയുണ്ടായാല്‍ വിശ്വാസം നഷ്ടപ്പെടുന്നതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. 2012ല്‍ സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ധസമിതി ഒട്ടേറെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നതാണ്. എന്നാല്‍, സമിതിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് പറയുന്നത്. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിധിയുടെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്. അദ്ദേഹം വിദഗ്ധമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അമ്പരപ്പുളവാക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ചുവച്ച് സ്വര്‍ണം ലോറിയില്‍ കടത്തിക്കൊണ്ടുപോയതായ വിവരം ഉള്‍പ്പെടെ ഇപ്പോള്‍ പുറത്തുവന്നു.

ക്ഷേത്രത്തിലെ അമൂല്യമായ സ്വത്ത് നഷ്ടപ്പെടുന്നതായുള്ള വാര്‍ത്ത മുമ്പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അതിന് ആധികാരികത ഇല്ലെന്ന കാരണത്താല്‍ പലരും തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോള്‍ സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടുതന്നെ വന്നു. ക്ഷേത്രസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം അപര്യാപ്തമാണെന്ന വിവരവും വന്നു. മുമ്പുള്ള വിവരം പുറത്തുവന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നിസ്സംഗതയോടെ കാഴ്ചക്കാരായി നോക്കിനിന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത് നഷ്ടപ്പെട്ടതില്‍ യുഡിഎഫ് സര്‍ക്കാരിനും പങ്കുണ്ടെന്ന് വ്യക്തമാണ്. അഴിമതി നടത്തുന്നവര്‍ക്ക് അഴിമതി തടയാന്‍ കഴിയില്ല. അഴിമതിയില്‍നിന്ന് പൂര്‍ണമായി മോചിതരായവര്‍ക്കുമാത്രമേ അതിന് കഴിയൂ. ആത്മാര്‍ഥതയും സത്യസന്ധതയുമാണ് അഴിമതി തടയാന്‍ അവശ്യം ആവശ്യമായത്. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന വളരെ പ്രധാനപ്പെട്ട നിര്‍ദേശമാണ് അമിക്കസ്ക്യൂറിയില്‍നിന്നുണ്ടായത്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു നിര്‍ദേശം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഭരണസംവിധാനത്തില്‍ ഉടനടി മാറ്റം ആവശ്യമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ ക്ഷേത്രമുതല്‍ കൊള്ളചെയ്തവരെ കണ്ടെത്തണം. കൊള്ളക്കാര്‍ക്കെതിരെ, അവരെത്രതന്നെ ഉന്നതരായിരുന്നാലും നിയമാനുസരണം കര്‍ശനമായ നടപടി സ്വീകരിക്കണം. ക്ഷേത്രസംരക്ഷണമെന്നത് വിശ്വാസികളുടെമാത്രം സ്വകാര്യപ്രശ്നമായി കാണാനുള്ള പ്രവണത അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആരാധനാലയങ്ങള്‍ ഏത് മതവിഭാഗത്തിന്റേതായാലും സംരക്ഷിക്കപ്പെടണം. ക്ഷേത്രസ്വത്തും വഖഫ് സ്വത്തുക്കളും അന്യൂനമായി സംരക്ഷിക്കപ്പെടണം. പത്മനാഭസ്വാമി ക്ഷേത്രമുതല്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമവും അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുത്തതും ക്രിമിനല്‍ കുറ്റംതന്നെയാണ്. ഏറ്റക്കുറച്ചിലോടെ മറ്റു ചില ക്ഷേത്രങ്ങളിലും അഴിമതി നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ 2001 മുതലുള്ള കണക്ക് ഓഡിറ്റുചെയ്യാന്‍ മുന്‍ സിഎജി വിനോദ്റായിയെ ചുമതലപ്പെടുത്തണമെന്ന അമിക്കസ്ക്യൂറിയുടെ നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.

ട്രസ്റ്റിമാരുടെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യേണ്ടിവരുന്ന അനുഭവങ്ങളുണ്ട്. ക്ഷേത്രഭണ്ഡാരം എണ്ണുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ സംഭവിക്കുന്നു. യഥാര്‍ഥ വരുമാനം മറച്ചുപിടിക്കുന്ന നിലയുണ്ട്. ക്ഷേത്രത്തിന് ആവശ്യമുള്ള ചന്ദനമുട്ടി വാങ്ങുന്നതില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി പുറത്തായിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന സ്ഥിതിയുണ്ട്. ഇതൊക്കെ അവസാനിപ്പിച്ചേ മതിയാകൂ. ഈ വിഷയത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഒത്തുകളിയും ഒളിച്ചുകളിയും അവസാനിപ്പിക്കണം. ആരാധനാലയങ്ങളുടെ സ്വത്ത് പൊതുസ്വത്താണെന്ന പരിഗണനയില്‍ അത് സംരക്ഷിക്കാനുള്ള ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിച്ചുകൂടാ.

*
deshabhimani editorial

No comments: