Tuesday, April 22, 2014

ഉദ്യോഗസ്ഥ മേധാവികളുടെ അതിരില്ലാത്ത യുഡിഎഫ് സേവ

സംസ്ഥാന ചീഫ്സെക്രട്ടറി ഇ കെ ഭരത്ഭൂഷനെയും ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെയും തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായി ശാസിക്കുകയും താക്കീതുചെയ്യുകയും ചെയ്തു. മുമ്പൊരിക്കലും ഒരു ചീഫ്സെക്രട്ടറിക്കും പൊലീസ് സേനാമേധാവിക്കും ഏല്‍ക്കേണ്ടി വന്നിട്ടില്ല ഇത്ര കടുത്ത അപമാനം. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനവാരം കണ്ണൂര്‍ ജില്ലയിലെ ഏഴിമല നാവിക അക്കാദമിയില്‍വെച്ച് ചീഫ്സെക്രട്ടറി വളരെ രഹസ്യമായി ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഐപിഎസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. യോഗത്തിനുപോയ ഉദ്യോഗസ്ഥന്മാരില്‍ എല്ലാവര്‍ക്കും അറിയില്ലായിരുന്നു യോഗം വിളിച്ചതിന്റെ ദുരുദ്ദേശ്യം. ക്രമസമാധാനവുമായി ബന്ധപ്പെട്ട് അതീവരഹസ്യമായി എന്തോ ചര്‍ച്ചചെയ്യാന്‍വേണ്ടിയാണ് യോഗം എന്നാണ് ചിലര്‍ കരുതിയത്. സംസ്ഥാനത്തെ സമുന്നത ഉദ്യോഗസ്ഥ മേധാവികളുടെമുമ്പില്‍ ചീഫ്സെക്രട്ടറി തന്റെ ഉദ്ദേശ്യം വ്യക്തമാക്കി.

""ഇലക്ഷനില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ നമ്മള്‍ എല്ലാ സഹായവും ചെയ്യണം."" ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥന്മാരില്‍ രണ്ടുതരക്കാരുണ്ട്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാന്‍ എന്തു നെറികെട്ട ദൗത്യവും ഏറ്റെടുക്കാന്‍ തയ്യാറുള്ളവരാണ് ഒരു കൂട്ടര്‍. തങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തെ ഹീനമായി മലിനപ്പെടുത്താന്‍ ഒരു മനഃസാക്ഷിക്കുത്തും ഇല്ലാത്തവരാണവര്‍. എത്ര നാണംകെട്ട രീതിയിലും തരംതാഴാന്‍ മടിയില്ലാത്ത ഇവര്‍ തക്കസമയത്ത് ഇതിന് പ്രത്യുപകാരമായി സ്വന്തം കാര്യങ്ങള്‍ പലതും സാധിച്ചെടുക്കും. തങ്ങളില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം പരമാവധി കാര്യക്ഷമമായും കുറ്റമറ്റതായും ചെയ്ത് സ്വന്തം തൊഴിലിനോട് മാന്യത പുലര്‍ത്തുന്നവരാണ് വേറൊരു വിഭാഗം ഉദ്യോഗസ്ഥ മേധാവികള്‍. സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ നിയമാനുസൃതം ജോലിചെയ്യുന്ന അന്തസുള്ള ഈ വിഭാഗക്കാര്‍ നിര്‍ഭയരും നീതിനിഷ്ഠരുമായിരിക്കും.

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ മേല്‍പറഞ്ഞ രണ്ടു വിഭാഗത്തിലുംപെട്ട ഉദ്യോഗസ്ഥരുണ്ടായിരുന്നു. അതില്‍ ആദ്യത്തെ വിഭാഗക്കാര്‍ സര്‍വതും മറന്ന് ചീഫ്സെക്രട്ടറിക്കും യുഡിഎഫിനും "ജയ് ജയ്" വിളിച്ചു. ചീഫ്സെക്രട്ടറിയുടെയും യുഡിഎഫിന്റെ വലുതും ചെറുതുമായ നേതാക്കള്‍ ഉള്‍പ്പെട്ട യജമാനന്മാരുടെ സംഘത്തിന്റെയും ആജ്ഞകള്‍ തങ്ങള്‍ ശിരസാവഹിച്ചുകൊള്ളാമെന്നറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ സമുന്നത ഉദ്യോഗസ്ഥന്‍ ഈ രീതിയില്‍ തരംതാഴുന്നതുകണ്ട് അക്ഷരാര്‍ഥത്തില്‍ അന്തംവിട്ടുപോയി. ഇത്തരം ഒരു മീറ്റിംഗില്‍ തങ്ങള്‍ പങ്കെടുത്തുപോയല്ലോ എന്നോര്‍ത്ത് അവര്‍ സ്വയം പഴിച്ചു. ഈ നെറികേടിന് തങ്ങളെ വലിച്ചിഴച്ചതില്‍ അവര്‍ ലജ്ജിച്ചു. ഈ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ അസാധാരണവും അധാര്‍മികവും നിയമവിരുദ്ധവുമായ നിലപാടിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. ആ പരാതി പരിഗണിച്ചാണ് ഇലക്ഷന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിയെ ശക്തമായി വിമര്‍ശിച്ചത്.

കേരളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ ഇതിനുമുമ്പ് ഒരു ചീഫ് സെക്രട്ടറിക്കും ഇതുപോലെ ഇലക്ഷന്‍ കമ്മീഷനില്‍നിന്ന് ശാസന കേള്‍ക്കേണ്ടിവന്നിട്ടില്ല. അന്തസുള്ള ഒരു ചീഫ്സെക്രട്ടറിയും ചെയ്യാന്‍ തയ്യാറാകാത്ത തരംതാണ പണിയാണ് ഭരത്ഭൂഷണ്‍ ചെയ്തതെന്നു വ്യക്തം. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ മാത്രമേ ചെയ്യാവൂ. അല്ലാതെയുള്ള ഒരു നടപടിക്രമത്തിലും ഇടപെടരുത് എന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. വളരെ ഗുരുതരമായ ചട്ട ലംഘനമാണ് ചീഫ്സെക്രട്ടറി ചെയ്തതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല.

ഉദ്യോഗസ്ഥരുടെ രഹസ്യയോഗം വിളിച്ചത് മാര്‍ച്ച് അവസാനം ആണെങ്കിലും ഭരണയന്ത്രത്തെ യുഡിഎഫിനുവേണ്ടി ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം ഭരത്ഭൂഷണും കൂട്ടരും നേരത്തെതന്നെ ആരംഭിച്ചു എന്നതിന്റെ സൂചനകളാണ് പിന്നീട് പുറത്തുവന്നത്. വളരെ ആസൂത്രിതവും നിഗൂഢവുമായ പല പദ്ധതികളും ഭരണ നേതൃത്വവും ഉദ്യോഗസ്ഥ പ്രമാണിമാരും ചേര്‍ന്ന് ഇട്ടിരുന്നു എന്നുവേണം കരുതാന്‍. സമകാലിക സംഭവങ്ങള്‍ അടിവരയിടുന്നത് ആ പരമാര്‍ഥത്തിലേക്കാണ്. യുഡിഎഫ് സ്ഥാനാര്‍ഥികളായ ജോസ് കെ മാണി, ബിന്ദുകൃഷ്ണ, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍ എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളേണ്ടതായിരുന്നു. നാമനിര്‍ദേശപത്രികകളിലും അതോടൊപ്പം നല്‍കിയ രേഖകളിലും ഗുരുതരമായ പിശകുകളുണ്ടായിരുന്നു. കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് പാര്‍ടിയുടെ ചിഹ്നം അനുവദിക്കണം എന്നാവശ്യപ്പെട്ട നാമനിര്‍ദേശ പത്രികയിലെ ഫോം എയും ബിയും സമര്‍പ്പിച്ചത് ജനറല്‍സെക്രട്ടറി ജോയി എബ്രഹാമാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ കെ എം മാണിയാണ് ജോയി എബ്രഹാമിനെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സി എഫ് തോമസാണ്. 24-ാം തീയതിവരെ പാര്‍ടി ചെയര്‍മാന്‍ സി എഫ് തോമസ് എന്നാണ് കാണിച്ചത്. 25-ാം തീയതി ആ രേഖ സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി. അതുപോലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് ഗ്രൂപ്പ് ലയിച്ചതിനുശേഷം ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ രജിസ്ട്രേഡ് പാര്‍ടി എന്ന പദവി കേരള കോണ്‍ഗ്രസിന് നഷ്ടമായി.

കെ എം മാണിതന്നെയാണ് ചെയര്‍മാന്‍ എന്ന് അംഗീകരിച്ചാല്‍ വേറെ ഗുരുതരമായ നിയമപ്രശ്നം ഉയര്‍ന്നുവരുന്നു. കാരണം കേരള കോണ്‍ഗ്രസ് എം ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് പാര്‍ടി ചെയര്‍മാന്‍ പദവിയും മന്ത്രിസ്ഥാനവും ഒരേസമയം വഹിക്കാനാവില്ല. എന്നാല്‍ ഗുരുതരമായ ഈ നിയമപ്രശ്നങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വരണാധികാരികൂടിയായ കലക്ടര്‍ പത്രിക സ്വീകരിച്ചു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇല്ലായിരുന്നു. എന്നിട്ടും ഇടുക്കി കലക്ടര്‍ ഡീനിന്റെ പത്രിക സ്വീകരിച്ചു. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ സമര്‍പ്പിച്ച മൂന്ന് സെറ്റ് പത്രികകളില്‍ ഒന്നില്‍ സത്യവാങ്മൂലം ഇല്ലായിരുന്നു. മറ്റു രണ്ടെണ്ണത്തില്‍ നിയമപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുമില്ല. 24-ാം തീയതി സൂക്ഷ്മപരിശോധനാവേളയില്‍ എല്‍ഡിഎഫ് നേതാക്കള്‍ ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയില്‍പെടുത്തി. വരണാധികാരികൂടിയായ കലക്ടര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം പത്രിക വീണ്ടും പരിശോധിച്ചപ്പോള്‍ പുതിയ സത്യവാങ്മൂലം തിരുകിക്കയറ്റി. കലക്ടറേറ്റിലെ യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരുകിക്കയറ്റിയത്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ സ്വത്തുവിവരം മറച്ചുവെച്ചതിനെക്കുറിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതി കലക്ടര്‍ അവഗണിച്ചു. വരണാധികാരികള്‍ നീതിബോധത്തോടെയും സ്വതന്ത്രമായും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ നാല് നാമനിര്‍ദേശ പത്രികകളും തള്ളപ്പെടുമായിരുന്നു. തമിഴ്നാട്ടില്‍ ഗുരുമൂര്‍ത്തിയുടെ പത്രിക തള്ളിപ്പോയത് ഓര്‍ക്കുക.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും യുഡിഎഫിനെ ഏതറ്റംവരെപോയും തുണയ്ക്കാന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ നിരവധിയാണ്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ സമ്പത്തിന്റെയും കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിന്റെയും എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ ചെറുതായും അവ്യക്തമായും പ്രസിദ്ധീകരിച്ചാണ് ഉദ്യോഗസ്ഥര്‍ യുഡിഎഫിന് പാദസേവ ചെയ്തത്. ചിഹ്നത്തിന്റെ വലിപ്പം കുറയുന്നതും വ്യക്തതയില്ലാത്തതും പ്രായമുള്ളവര്‍ക്കും കാഴ്ച കുറഞ്ഞവര്‍ക്കും വോട്ടുചെയ്യാന്‍ പ്രയാസമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതാക്കള്‍ വരണാധികാരിക്കും കേന്ദ്ര - സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കി. ചിഹ്നം അച്ചടിച്ചതിനാല്‍ മാറ്റാനാവില്ല എന്ന നിലപാടാണ് കലക്ടര്‍മാര്‍ സ്വീകരിച്ചത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള യുഡിഎഫ്-ആര്‍എംപി ഗൂഢാലോചന അവരെത്തന്നെ തിരിഞ്ഞുകൊത്തുകയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ്, ഷംസീറിനെ വിളിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ 9847562679 എന്ന ഈ നമ്പര്‍ പന്തക്കല്‍ സ്വദേശി അജീഷിന്റേതാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ ആ ഗൂഢാലോചന പൊളിഞ്ഞു. മനോരമയും മാതൃഭൂമിയും ഒന്നാം പേജില്‍ വെണ്ടയ്ക്ക തലക്കെട്ടുകൊടുത്തെങ്കിലും ഷംസീര്‍ വക്കീല്‍നോട്ടീസ് അയച്ചതോടെ ആരോപണം ഉന്നയിച്ചവര്‍ മാളത്തിലൊളിച്ചു. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഷംസീറിനെതിരെ ആരോപണം ആരും ഉന്നയിച്ചില്ല എന്ന് നന്നായി അറിയാവുന്നവരാണ് വടകരയിലെ വോട്ടര്‍മാര്‍. സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള ബന്ധം പുറത്തുവന്നത് ഭരണ-യുഡിഎഫ് നേതൃത്വത്തിനേറ്റ കനത്ത ആഘാതമായി. ഫയാസുമൊത്ത് ചെന്നിത്തലയും കോണ്‍ഗ്രസ് വക്താവ് എം എം ഹസനും നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വികൃതമുഖം ഒരിക്കല്‍കൂടി അനാവരണംചെയ്യപ്പെട്ടു.

ഫയാസും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. ഫയാസിന്റെ കോഴിക്കോട് ജയില്‍ സന്ദര്‍ശനവും മോഹനന്‍മാസ്റ്ററെ കണ്ടെന്ന പ്രചരണവും പിന്നീട് പ്രചരിപ്പിക്കപ്പെട്ട അവ്യക്തമായ ചിത്രങ്ങളും എല്ലാം ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് ഇതോടെ തെളിഞ്ഞു. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈമാറ്റത്തിന്റെപേരില്‍ ജോയ്സിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും അമ്പേ പരാജയപ്പെട്ടു. പട്ടയമില്ലാത്ത ഭൂമിയാണ് കൈമാറ്റം ചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപണം ഉന്നയിക്കുന്നു. ഉടനെതന്നെ റവന്യുമന്ത്രി അന്വേഷിക്കാന്‍ ഉത്തരവിടുന്നു. ഇലക്ഷന്‍ വേളയില്‍ അന്വേഷണം മിന്നല്‍ വേഗത്തില്‍ നടക്കുന്നു. എന്നാല്‍ ജോയ്സ് അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന സത്യം അന്വേഷണത്തില്‍ വെളിപ്പെട്ടു. യുഡിഎഫ് - ഉദ്യോഗസ്ഥതല ഗൂഢാലോചനയും അട്ടിമറി പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നതിന്റെ ചിത്രമാണ് നമുക്കുമുമ്പില്‍. കള്ളത്തരം കാണിക്കുന്നവരുടെ വിശ്വാസം അത് ലോകാവസാനംവരെയും രഹസ്യമായി ഇരിക്കുമെന്നാണ്. എന്നാല്‍ സത്യത്തെ അങ്ങനെ കുഴിച്ചുമൂടാനാവില്ലെന്നും അത് വൈകിയാണെങ്കിലും പുറത്തുവന്ന് തിരിച്ചടിക്കുമെന്നുമുള്ള വസ്തുതയാണ് അവര്‍ മറക്കുന്നത്.

*
ഗിരീഷ് ചേനപ്പാടി ചിന്ത വാരിക

No comments: