Monday, April 21, 2014

പത്‌മനാഭസ്വാമിക്ഷേത്രത്തിലെ കൊള്ളകൾ വിശ്വാസികളെയാണ്‌ വെല്ലുവിളിക്കുന്നത്‌

വിശ്വാസികളായ ദശലക്ഷക്കണക്കിനു മനുഷ്യർ ഭയഭക്തിബഹുമാനപൂർവമാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ആരാധിച്ചുപോരുന്നത്‌. അവിടത്തെ കാര്യനിർവഹണം സംബന്ധിച്ച്‌ പഠിക്കാൻ സുപ്രിം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോർട്ട പുറത്തുവന്നിരിക്കുന്നു. അതിലെ കണ്ടെത്തലുകൾ ആരേയും നടുക്കാൻ പോന്നതാണ്‌. ഈശ്വരനുമായി ബന്ധപ്പെട്ട്‌ പവിത്രമെന്ന്‌ കരുതപ്പെടുന്ന ഒരിടത്ത്‌ ഒരിക്കലും സംഭവിച്ചുകൂടാത്തത്ര അഴിമതികളും ക്രമക്കേടുകളുമാണ്‌ അവിടെ നടന്നിട്ടുളളത്‌. ക്ഷേത്രഭരണത്തിന്റെ നടത്തിപ്പുകാരും അവരെ നിയന്ത്രിക്കുന്ന തിരുവിതാംകൂർ രാജകുടുംബവും ഉത്തരം പറയേണ്ട ഒട്ടേറെ കാര്യങ്ങളാണ്‌ അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ഉള്ളത്‌. ക്ഷേത്രസ്വത്തുക്കളെ സംബന്ധിച്ചും അവയുടെ നടത്തിപ്പുസംബന്ധിച്ചും ഉയർന്നുവന്ന വിവാദങ്ങളാണ്‌ സുപ്രിംകോടതിക്കുമുമ്പിൽ എത്തിയത്‌. അതിൽ കോടതിയെ സഹായിക്കാനായി പരമോന്നത നീതിപീഠം നിയോഗിച്ചത്‌ സോളിസിറ്റർ ജനറലായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഗോപാൽ സുബ്രഹ്മണ്യത്തെയാണ്‌. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്‌ അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമി ഭക്തരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളും അതിന്റേതായ വിശ്വാസ്യത കൽപ്പിക്കും.

നിയമവ്യാഖ്യാനത്തിന്റെ തലനാരിഴകീറി സത്യാന്വേഷണത്തിന്റെ വഴി അടപ്പിക്കാൻ പല കേന്ദ്രങ്ങളും രംഗത്തുവന്നു കഴിഞ്ഞു. അമിക്കസ്‌ക്യൂറി റിപ്പോർട്ടിലടങ്ങുന്ന ഗുരുതരമായ ക്രമക്കേടുകൾ പാടെ നിരാകരിച്ചുകൊണ്ട്‌ സാങ്കേതികത്വത്തിന്റെ മൃതശിലകൾകൊണ്ട്‌ പ്രതിരോധത്തിന്റെ കോട്ട പണിയാനാണ്‌ അവരുടെ ശ്രമമെന്ന്‌ തോന്നുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ സാമൂഹിക മാന്യതയാണ്‌ ഇവിടെ തുലാസിലാടുന്നത്‌. സത്യം പുറത്തുവരാനുള്ള ന്യായമായ പരിശ്രമങ്ങൾക്ക്‌ തടയിടാൻ അവർ ശ്രമിച്ചാൽ രാജകുടുംബത്തിന്റെമേൽ പലരും ചാർത്തിക്കൊടുക്കുന്ന അന്തസും ആഭിജാത്യവുമെല്ലാം കെട്ടുകഥയാണെന്നു ജനങ്ങൾ വിധിയെഴുതും. ജനാധിപത്യ വ്യവസ്ഥയിൽ ഏറ്റവും വലിയ അധികാരകേന്ദ്രം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർതന്നെയാണ്‌. അതിന്റെ അധികാരാവകാശങ്ങളെല്ലാം ഭരണഘടനാദത്തമാണ്‌. സർക്കാർ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന്‌ ജനങ്ങളാകെ ഉറ്റുനോക്കുകയാണ്‌. വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു എന്ന ഒഴുക്കൻ പ്രസ്‌താവനകൊണ്ട്‌ രണ്ടോ നാലോ ദിവസം തലപൂഴ്‌ത്തി ഇരിക്കാൻ ഗവൺമെന്റിനു കഴിഞ്ഞേക്കാം. അതിനുശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം സുതാര്യമാക്കുന്നതിന്‌ ഗവൺമെന്റ്‌ കൃത്യമായി എന്തു നടപടി സ്വീകരിക്കുമെന്നാണ്‌ ജനങ്ങൽക്കറിയേണ്ടത്‌.

മണലിനോടൊപ്പം ക്ഷേത്രത്തിൽ നിന്ന്‌ ലോറികളിൽ സ്വർണവും കടത്തിയെന്നു പറയുന്നത്‌ വഴിയേപോയ ആരെങ്കിലുമല്ല. അതിന്റെ ഒത്താശക്കാരന്‌ 20 കിലോ സ്വർണം ലഭിച്ചുവെന്നും അയാൾ അതുപയോഗിച്ച്‌ സ്വന്തം ജ്വല്ലറി തുടങ്ങിയെന്നു കണ്ടെത്തിയതും ഏതെങ്കിലും തൽപ്പരകക്ഷികളല്ല. ക്ഷേത്ര സ്വത്തുക്കളെ സംബന്ധിച്ചും നടത്തിപ്പിനെക്കുറിച്ചും തീരുമാനിക്കാൻ സുപ്രിം കോടതിയെ സഹായിച്ച അമിക്കസ്‌ക്യൂറിയാണ്‌. ദശാബ്‌ദങ്ങളുടെ നിയമവ്യാഖ്യാനപാടവവും അനുഭവ സമ്പത്തുമുള്ള തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ ഒരു നിയമജ്ഞനാണ്‌ അമിക്കസ്‌ക്യൂറി. അദ്ദേഹത്തിന്റെ അഞ്ഞൂറിൽപ്പരം പേജുള്ള റിപ്പോർട്ട്‌ ഒരാവർത്തി ഓടിച്ചുവായിക്കുന്നവർപോലും മൂക്കത്തുവിരൽവച്ചുപോകും. വിശ്വാസത്തിന്റെ ചോദ്യം ചെയ്യാനാകാത്ത മേലങ്കിപുതപ്പിച്ച ആരാധനാകേന്ദ്രങ്ങളുടെ അകത്തളങ്ങളിലും, ഒരിക്കലും തുറക്കാൻ അവർ സമ്മതിക്കാത്ത നിലവറകളിലും എന്തൊക്കെയാണ്‌ നടക്കുന്നതെന്ന്‌ അറിഞ്ഞ്‌ ജനങ്ങൾ അത്‌ഭുതം കൂറുകയാണ്‌.

ക്ഷേത്രത്തിന്റെ സ്വർണം സൂക്ഷിക്കുന്ന നിലവറകളുടെ മുകളിലൂടെയുള്ള നടപ്പാത, ക്ഷേത്രത്തിന്റെ ഉള്ളറകളിൽ നിന്ന്‌ സമീപത്തുള്ള കൊട്ടാരങ്ങളിലേക്കുള്ള ഭൂഗർഭ രഹസ്യപാതകൾ, നിലവറകൾ തുറക്കാനുള്ള താക്കോൽ കൈമാറാൻ വിസമ്മതിക്കുന്ന പുത്തൻകാലത്തെ `നിധികാക്കുന്ന ഭൂതങ്ങൾ, നിർണായകമായ വിവരങ്ങൾ അറിയാവുന്ന ജീവനക്കാർക്ക്‌ ഒന്നിച്ചുണ്ടായ അസുഖംമൂലമുള്ള ലീവെടുക്കൽ, നിലവറയിൽ കാണപ്പെട്ട സ്വർണം പൂശുന്നയന്ത്രം, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വിളക്കും ആഭരണങ്ങളും എടുത്തുകൊണ്ടുപോകുന്നതുകണ്ട ജീവനക്കാരന്റെ നേർക്കുള്ള ആസിഡ്‌ ആക്രമണം (ആ ആസിഡ്‌ ആകട്ടെ സ്വർണം` പൂശാൻ ഉപയോഗിച്ചതും) ക്ഷേത്രം വക ഭൂമിയും സ്വത്തുക്കളും ഗൂഢമായി വിറ്റഴിച്ച സംഭവം, (ഉദ്ദിഷ്‌ടകാര്യത്തിനുലഭിച്ച സഹായത്തിന്റെ പേരിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കും അവർ ശ്രീപത്മനാഭന്റെ ഭൂമി നൽകിയത്രെ!) ഭക്തർ നൽകുന്ന കാണിക്ക എണ്ണുന്നതിന്‌ ഭരമേൽപ്പിക്കപ്പെട്ട തൃശിനാപ്പള്ളിയിലെ `പത്മാകഫെ`യെപ്പറ്റിയുള്ള വിവരം- ഇങ്ങനെ നീണ്ടുപോവുകയാണ്‌. കേരളത്തിലെ ഏറ്റവും പെരുമപെറ്റ ക്ഷേത്രത്തിൽനിന്നുള്ള അന്തർരഹസ്യങ്ങൾ. 2001 മൂതൽ 2009 വരെയുള്ള എട്ട്‌ വർഷങ്ങളിൽ ഒരു ചില്ലിക്കാശുപോലും ക്ഷേത്രാധികൃതർ ആദായനികുതി നൽകിയിട്ടില്ലെന്നും കൂടി അറിയുക. 2010-2011 കാലത്തേക്ക്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ നൽകിയിട്ടുള്ളത്‌ 37 ലക്ഷം രൂപയാണെന്നതും കൂടി മനസിലാക്കുമ്പോഴേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കുമിഞ്ഞുകൂടിയിട്ടുള്ള സമ്പത്തിന്റെ വ്യാപ്‌തി ഊഹിക്കാനാവൂ. അവിടെ നടക്കുന്ന തീവെട്ടിക്കൊള്ളകളുടെ വ്യാപ്‌തിയും അപ്പോൾ ഊഹിച്ചെടുക്കാൻ കഴിയും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യസ്വത്തല്ലെന്നും അത്‌ പൊതുസ്വത്താണെന്നുമുള്ള മൗലിക നിലപാട്‌ അമിക്കസ്‌ക്യൂറി ഉയർത്തിപ്പിടിക്കുന്നുണ്ട്‌. ഗുരുവായൂർ ക്ഷേത്രഭരണത്തിന്റെ മാതൃകയിൽ ഇവിടേയും എന്തുകൊണ്ട്‌ കാര്യങ്ങൾ നടത്തികൂടാ എന്ന ചോദ്യം ഈ ജനാധിപത്യയുഗത്തിൽ ഗൗരവപൂർവം പരിഗണിക്കപ്പെടണം.

ദൈവത്തിന്റെയും ദേവാലയങ്ങളുടേയും മേൽവിലാസത്തിൽ നടക്കുന്ന നീചപ്രവൃത്തികൾ നിഷ്‌ക്കളങ്കമായ വിശ്വാസത്തോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്‌. ദൈവത്തോട്‌ ഏറ്റവും ചേർന്നു നിൽക്കുന്നുവെന്നുവെന്ന പ്രതീതി പരത്തുന്നവർ പിശാചുക്കളെപ്പോലും നാണിപ്പിക്കുന്നവരാണെന്ന്‌ തെളിയുകയാണ്‌. അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന പെരുംകൊളളകളുടെ വലിപ്പം സമൂഹത്തെയാകെ അസ്വസ്ഥമാക്കും. “ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമായും അടിച്ചമർത്തപ്പെട്ട മനുഷ്യന്റെ നെടുവീർപ്പായും” (മാർക്‌സ്‌) കരുതപ്പെടുന്ന വിശ്വാസം അധികാരം കൈയാളുന്നവരുടെ ആർത്തികളുടെ ചവിട്ടുപടിയായി മാറുകയാണ്‌. ഈ കെട്ടുനാറുന്ന സ്ഥിതിവിശേഷം കൊഞ്ഞനംകുത്തുന്നത്‌ `സംസാരദുഃഖസാഗരം നീന്തിക്കടക്കാൻ` ദൈവത്തെ ആശ്രയിക്കുന്ന വിശ്വാസിലക്ഷങ്ങളെ നോക്കിയാണ്‌. ഇതിന്റെ കാരണങ്ങളാരായാനും കാരണക്കാരെ പിടിച്ചുകെട്ടാനും ആ സഹോദരങ്ങൾ മറ്റാരേക്കാളുമാദ്യം രംഗത്തുവരണമെന്ന്‌ ഞങ്ങൾ അഭ്യർഥിക്കുന്നു.

*
Janayugom Editorial

No comments: