Wednesday, April 23, 2014

തിരിച്ചുപിടിക്കാം നിലപാടുകളെ

ഇന്ന് ലോകപുസ്തകദിനം. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവുംകൂടിയാണ് ഇന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം പുസ്തകങ്ങളുടെ ശക്തി തിരിച്ചറിയാനും ഈ ദിനം പ്രയോജനപ്പെടുന്നു. അന്തര്‍ദേശീയപുസ്തകസംഘടനയാണ് ലോകപുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യജീവിതത്തില്‍ ഗ്രന്ഥങ്ങള്‍ക്കുള്ള സ്വാധീനത്തിന്റെ അനിവാര്യതയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. പോയകാലത്തെ മഹാന്മാരാണ് പുസ്തകരൂപങ്ങളില്‍ നമുക്കിടയില്‍ ജീവിക്കുന്നത്.

പുസ്തകങ്ങള്‍ ആശയങ്ങളായി പെയ്തിറങ്ങുന്ന കാലമാണിത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത്തിരിനേരം വായനയില്‍ ഏര്‍പ്പെടുക എന്നത് ശ്രമകരമാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കേരളത്തിലങ്ങോളമിങ്ങോളം പുസ്തകോത്സവങ്ങളും അക്ഷരോത്സവങ്ങളും സംഘടിപ്പിക്കുന്നു. മനുഷ്യന്റെ സംസ്കാരത്തെയും പൗരബോധത്തെയും ത്വരിതപ്പെടുത്താനുള്ള പ്രക്രിയയായി പുസ്തകോത്സവങ്ങള്‍ പ്രയോജനപ്പെടുന്നു. ലക്ഷക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. നാളികേരത്തിന്റെ ഈ നാട്ടില്‍ ഇത്രയധികം വായനക്കാരുണ്ടായതെങ്ങനെ? കേരളത്തിന്റെ നവോത്ഥാനകാലം ഉല്‍പ്പാദിപ്പിച്ച ഉണര്‍വും സാക്ഷരതാനിലവാരത്തിന്റെ ഉയര്‍ച്ചയുമാകണം ഇതിന് പിന്‍ബലമായിട്ടുണ്ടാകുക. അക്ഷരം പഠിച്ചവര്‍ പുസ്തകങ്ങള്‍ തേടിപ്പോകുന്നു എന്നതാണ് പുതിയകാലത്തെ പ്രസക്തി. വായനക്കാര്‍ ഇവിടെ അറിവിന്റെ കര്‍ത്താക്കളായിത്തീരുന്നു. ആശയങ്ങളെ വ്യക്തമാക്കുന്നതിനും ഗൗരവമായ ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വായന ആവശ്യംതന്നെ. പുസ്തകങ്ങളിലെ ഉള്ളടക്കം ഓര്‍മവയ്ക്കുന്ന പ്രക്രിയയല്ല ഇന്ന് വായന. പുസ്തകം നല്‍കുന്ന ആശയങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ പ്രായോഗികത കൈക്കൊള്ളാനുള്ള പ്രേരണയാണ്.

കേരളത്തിന് എന്നും പരിവര്‍ത്തനോന്മുഖമായ മനസ്സുണ്ട്. നാടുവാഴിത്തത്തിന്റെ ഇരുണ്ട അകത്തളങ്ങളില്‍നിന്ന് പരിഷ്കാരത്തിന്റെയും പുതുമയുടെയും നാട്ടുപാതകളിലേക്ക് കേരളം നടന്നെത്തിയത് ആരിലും വിസ്മയമുളവാക്കുന്നു. ഈ യാത്രയില്‍ ചിന്തകളെ സദാ നവീകരിച്ച് സൂര്യസാന്നിധ്യമായി ജ്വലിച്ചുനിന്നത് പുസ്തകങ്ങളും ഗ്രന്ഥശാലകളുമാണ്. അറിവ് സാര്‍വത്രികമാകുന്ന പുതിയ കാലത്തും ലൈബ്രറി കൗണ്‍സിലിന് പ്രസക്തിയും പ്രാധാന്യവുമുണ്ട്. കേരളപ്പിറവിക്കുമുമ്പുതന്നെ ഗ്രന്ഥശാലാസംവിധാനം വ്യാപിച്ചിരുന്നു. സാമൂഹിക ചരിത്രവും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ സാഹിത്യകാരന്മാര്‍ സൃഷ്ടികര്‍മത്തെ സാമൂഹ്യദൗത്യമായി ഏറ്റെടുത്തപ്പോള്‍ ഗ്രന്ഥങ്ങള്‍ക്കും ഗ്രന്ഥശാലകള്‍ക്കും ജനജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. സാംസ്കാരിക നവോത്ഥാനത്തിന്റെ തുയിലുണര്‍ത്ത് കേള്‍പ്പിക്കുന്ന ഗ്രന്ഥശാലകളെ ഞെക്കിക്കൊല്ലാനുള്ള നീക്കം എന്നും നടന്നിരുന്നു. ഇതിനെതിരെ കേരളത്തിലെ വായനക്കാരും ലൈബ്രറികൗണ്‍സില്‍ പ്രവര്‍ത്തകരും സാംസ്കാരികപ്രവര്‍ത്തകരും അക്ഷരസ്നേഹികളും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി.

ഗ്രന്ഥാലയങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായ ഇടങ്ങളാണ്. വളക്കൂറുള്ള മണ്ണില്‍ ജീവിതം തളിരിടുന്നതിനെക്കുറിച്ചാണ് മലയാളികളെന്നും ചിന്തിച്ചത്. മാനവീയതയുടെയും ജനാധിപത്യത്തിന്റെയും പുതിയ കുടമാറ്റത്തിന് മലയാളികളെന്നും തുടിച്ചിരുന്നു. തൊട്ടുകൂടായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളില്‍നിന്ന് സ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രകാശത്തിലേക്ക് പ്രവഹിക്കാന്‍ അവരെന്നും കൊതിച്ചു. പാടവരമ്പുകളിലും മലഞ്ചെരുവുകളിലും ഉണര്‍വിന്റെ തോറ്റംപാട്ടുകള്‍ കേള്‍പ്പിച്ചത് പുസ്തകങ്ങളും വായനശാലകളുമാണ്. കേരളം ലോകത്തിനു കാഴ്ചവച്ച ശ്രദ്ധേയമായ മറ്റൊരു മാതൃകയാണ് ഗ്രന്ഥശാലാ പ്രസ്ഥാനം. കരയാതെ മക്കളേ, കല്‍പ്പിച്ചു തമ്പുരാന്‍ എന്ന ഗതകാലാവസ്ഥയെ മറികടന്ന്, ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ എന്ന പ്രബുദ്ധതയിലേക്ക് മലയാളികളെ എത്തിച്ചത് വായനശാലകളും ഗ്രന്ഥാലയങ്ങളുമാണ്. പുസ്തകങ്ങള്‍ പോരാട്ടത്തിന്റെ ആയുധങ്ങളായിതീര്‍ന്നതാണ് ചരിത്രപാഠം. രണ്ടാംലോകമഹായുദ്ധത്തിനുശേഷമാണ് പുസ്തക പ്രസാധനവും വായനയും പ്രതിബദ്ധതയോടെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. മനുഷ്യകേന്ദ്രീകൃത ഇടമെന്ന നിലയില്‍ ഗ്രന്ഥാലയങ്ങള്‍ക്കുള്ള പ്രാധാന്യം നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു. പത്രങ്ങളും പുസ്തകങ്ങളും സാമാന്യജനങ്ങള്‍ക്കിടയില്‍ ക്രമമായും വ്യാപകമായും എത്തിക്കേണ്ടതിന്റെ അനിവാര്യത പി കൃഷ്ണപിള്ള ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ ജനായകരുടെ നാമധേയത്തിലാണ് ഒട്ടുമിക്ക വായനശാലകളും ഗ്രന്ഥശാലകളും പ്രവര്‍ത്തിക്കുന്നത്. പോരാട്ടവഴിയില്‍ ചോരചിന്തിയ രക്തസാക്ഷികളുടെയും സാഹിത്യകാരന്മാരുടെയും പേരുകളിലും ഇവ പ്രവര്‍ത്തിക്കുന്നു. വിപുലമായ ജനകീയാടിത്തറയില്‍ വികസിച്ചുവന്ന ഈ മഹാപ്രസ്ഥാനത്തെ തളര്‍ത്തിക്കളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളീയ പ്രബുദ്ധത ആവശ്യപ്പെടുന്നു.

ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തിലും അക്ഷരം പഠിക്കുന്നതും പുസ്തകം വായിക്കുന്നതും ആത്മാഭിമാനത്തിന്റെ ലക്ഷണമായി മലയാളികള്‍ കൊണ്ടുനടക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറികടക്കാനുള്ള കര്‍മോന്മുഖതയുടെ പാതയില്‍ അപൂര്‍വചൈതന്യമായി ഈ പ്രസ്ഥാനത്തെ മലയാളികള്‍ നെഞ്ചേറ്റുന്നു. നാട്ടുബോധത്തെ നന്മയുടെ പക്ഷംചേരാന്‍ പ്രേരിപ്പിക്കുന്ന അനേകം കൂട്ടായ്മകളും കലാജാഥകളും സെമിനാറുകളും സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മലയാളനാടിന് ചടുലത ചേര്‍ക്കുമ്പോള്‍ പുസ്തകങ്ങള്‍ ജനഹൃദയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. അതുകൊണ്ട് തളരാത്ത വായനശീലമുള്ള കേരളീയര്‍ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി ഗ്രന്ഥശാലകളെ കൈക്കൊള്ളുന്നു. നിശിതമായ വായനപ്രവര്‍ത്തനം നിലപാടുകളെ തിരിച്ചുപിടിക്കാനുള്ള സാംസ്കാരികപ്രവര്‍ത്തനമാണ്. നാളിതുവരെ ചിട്ടപ്പെടുത്തിയ ജീവിതപരിസരങ്ങള്‍ മുറിച്ചുകടന്ന് നൂതനവും അഭിവൃദ്ധിദായകവുമായൊരു വിതാനത്തിലെത്താനുള്ള പ്രേരണ ഗ്രന്ഥങ്ങള്‍ നല്‍കുന്നു. അനാവശ്യ വിവാദങ്ങളും വിലയിരുത്തലുകളുംകൊണ്ട് തകര്‍ക്കാനുള്ളതല്ല ഈ ഗ്രാമീണ സര്‍വകലാശാലകള്‍. കലകള്‍ കച്ചവടമാവുകയും ജീവിതം നാട്യമാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഭാവനാപൂര്‍ണവും അര്‍ഥപൂര്‍ണവുമായ ചുവടുവയ്പുകളോടെ ലൈബ്രറി കൗണ്‍സില്‍ പ്രതികരിക്കട്ടെ. ഒരുമയുടെയും സഹജീവിസ്നേഹത്തിന്റെയും താളാത്മകസംഗീതം ഇവകളില്‍നിന്നുയരട്ടെ.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

No comments: