Saturday, April 5, 2014

സൂര്യനെല്ലി, മുംബൈ: പീഡകര്‍ക്ക് താക്കീത്

രണ്ടു കോടതിവിധികള്‍ ഒരേ ദിവസമായത് യാദൃച്ഛികമാകാം- സൂര്യനെല്ലി പീഡനക്കേസിലും മുംബൈ ബലാത്സംഗക്കേസിലും. സൂര്യനെല്ലി കേസില്‍ ഒന്നാംപ്രതി ധര്‍മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗംചെയ്ത കേസില്‍ മൂന്നു പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെ രാജ്യത്ത് നടമാടുന്ന അതിക്രമങ്ങള്‍ക്കും കുറ്റവാളികളെ സംരക്ഷിക്കാനുണ്ടാകുന്ന ഇടപെടലുകള്‍ക്കുമുള്ള ശക്തമായ താക്കീതാണ് ഇരുവിധികളും. സൂര്യനെല്ലി കേസിലേത് വൈകിയെത്തിയ നീതിയാണെങ്കില്‍ മുംബൈ കേസ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയാണുണ്ടായത്.

പതിനാറ് വയസ്സുമാത്രമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ചതാണ് സൂര്യനെല്ലി കേസ്. 39 പ്രതികളെ വിചാരണചെയ്തതില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍, അപ്പീലില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വിടുകയായിരുന്നു. പ്രധാനപ്രതി ധര്‍മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കുകയുംചെയ്തു. പോരാഞ്ഞ്, പെണ്‍കുട്ടിയെ "ബാലവേശ്യ" യായി ചിത്രീകരിക്കാനും കോടതി തയ്യാറായി. അന്നത്തെ ആ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ആര്‍ ബസന്ത് പിന്നീട് നടത്തിയ പ്രതികരണം സമൂഹത്തില്‍ കടുത്ത അമര്‍ഷമാണുണ്ടാക്കിയത്. നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി തുടര്‍ന്നും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ ഫലം കാണുന്നത്.

പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെ അന്നത്തെ വിധി റദ്ദാക്കിയാണ്, പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി അന്നുയര്‍ത്തിയ നിശിതമായ വിമര്‍ശം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വിചാരണക്കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പുനഃപരിശോധനയില്‍ സാധൂകരിക്കപ്പെട്ടത്. മുഖ്യപ്രതി ധര്‍മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവച്ചു. എഴുവര്‍ഷം ശിക്ഷ ഏറ്റുവാങ്ങിയവരില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധമുണ്ടായതെന്നതടക്കം മുമ്പത്തെ വിധിയിലെ അനുചിത പരാമര്‍ശങ്ങളെല്ലാം നീക്കി. ആ വിധിയില്‍ പറഞ്ഞതുപോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ടബലാല്‍സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്ന വാദം നിലനില്‍ക്കില്ല. ധര്‍മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാം എന്ന പരാമര്‍ശം ഈ കേസിലെ തുടര്‍ന്നുള്ള നിയമനടപടികളില്‍ നിര്‍ണായകമാണ് എന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കേസാണിത്. അട്ടിമറിശ്രമങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേസന്വേഷണത്തിലും കോടതിയില്‍ ഇരയ്ക്കായി വാദിക്കുന്നതിലും ജാഗ്രത കാണിച്ചത്; ഈ സംഭവത്തോടെ ഭാവിജീവിതംതന്നെ ഇരുളടഞ്ഞ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പെണ്‍കുട്ടിക്കെതിരെ വീണ്ടും നീക്കമുണ്ടായി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്യവെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എട്ടു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഇങ്ങനെ നാനാതലത്തില്‍നിന്നും പീഡനമേറ്റുവാങ്ങിയശേഷമാണ്, ഇരയ്ക്ക് നീതി ലഭ്യമാകുന്നത്. അതിനിടയില്‍ അവരും കുടുംബവും അനുഭവിച്ച മാനസിക പീഡനവും സമ്മര്‍ദവും ഒരിടത്തും കണക്കാക്കപ്പെടുന്നില്ല.

ഡല്‍ഹി സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് 376 (ഇ) പ്രകാരമാണ് മുംബൈ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ വിധിച്ചത്. നഗരമധ്യത്തിലെ ശക്തിമില്‍ പരിസരത്ത് വനിതാ പത്രഫോട്ടോഗ്രാഫറെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗംചെയ്ത കേസില്‍ നാലുപ്രതികളുള്ളതില്‍ ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2013 ആഗസ്ത് 22നാണ് കുറ്റകൃത്യമുണ്ടായത്്. എട്ടുമാസമാകുമ്പോള്‍തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനായത് ഈ കേസിന്റെ പ്രത്യേകത.

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് നാടിനെ നയിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയും നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെയും മലീമസമായ സാംസ്കാരിക ചിന്താഗതിക്കെതിരെയും പൊരുതുന്ന സര്‍വര്‍ക്കും ആശ്വാസംപകരുന്ന വിധികളാണ് രണ്ടും എന്നതില്‍ സംശയമില്ല. വധശിക്ഷ നല്‍കുന്നതിലെ അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിവേഗം ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതിനെ ശ്ലാഘിക്കാനാകും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിനുനേരെ അധിക്ഷേപത്തിന്റെയും നീതികേടിന്റെയും ആയുധമോങ്ങുന്ന ഏവര്‍ക്കും തിരിച്ചടിയും താക്കീതുമാണ് സൂര്യനെല്ലി കേസിലെ വിധി എന്നും പറയാനാകും.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: