Wednesday, April 9, 2014

ജനങ്ങളെ മറന്നവര്‍ ഇനി വേണോ ?

പത്തുവര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അഴിമതി മുഖമുദ്രയാക്കി. കോര്‍പറേറ്റുകളുടെ താല്‍പര്യ സംരക്ഷകരായി മാറിയ കോണ്‍ഗ്രസ് സാധാരണക്കാരെ പരിഗണിച്ചതേയില്ല. വിലക്കയറ്റം അതിരൂക്ഷമായി. സബ്സിഡികള്‍ വെട്ടിക്കുറച്ചു. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായി. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയശക്തികള്‍ പിടിമുറുക്കി. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. ജനങ്ങളെ പാടെ മറന്നവരെ വീണ്ടും അധികാരക്കസേരയില്‍ എത്തിക്കണോ എന്ന് ചിന്തിക്കേണ്ട സമയമാണിത്.

യുപിഎ സര്‍ക്കാരിന്റെ ഇരുണ്ട റെക്കോഡ്

വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികവിഭജനത്തിലേക്ക് നയിച്ച നവലിബറല്‍ നയങ്ങളാണ് രണ്ട് യുപിഎ സര്‍ക്കാരുകളും സ്വീകരിച്ചത്. സമ്പന്നരെ അതിസമ്പന്നരാക്കാനും പാവപ്പെട്ട ജനങ്ങളെ ഞെരിച്ചമര്‍ത്താനും ഇത് ഇടയാക്കി. യുപിഎ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളില്‍ കൈവരിച്ചതായി പറയപ്പെടുന്ന ഉയര്‍ന്ന വളര്‍ച്ച സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയില്ല. സ്ത്രീകളില്‍ 36 ശതമാനവും പുരുഷന്മാരില്‍ 34 ശതമാനവും പോഷണക്കുറവുള്ളവര്‍. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 48 ശതമാനം പോഷണക്കുറവുള്ളവരും പോഷണവൈകല്യമുള്ളവരുമാണ്. ഒന്നാം ക്ലാസിനും അഞ്ചാം ക്ലാസിനും ഇടയ്ക്കുവച്ച് കുട്ടികളില്‍ 29 ശതമാനവും സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോകുന്നു; ഒന്നാം ക്ലാസിനും എട്ടാം ക്ലാസിനും ഇടയ്ക്കുവച്ച് ഇത് 46 ശതമാനമാണ്. ലോകത്തില്‍വച്ച് ഏറ്റവും കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യ പരിരക്ഷാ വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആശുപത്രികളില്‍ കിടത്തി ചികിത്സിപ്പിക്കുന്ന രോഗികളില്‍ 60 ശതമാനത്തിനും കിടത്തി ചികിത്സിപ്പിക്കേണ്ടാത്ത (ഔട്ട് പേഷ്യന്റ്) രോഗികളില്‍ 80 ശതമാനത്തിനും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.

അഴിമതിയില്‍ മുങ്ങി പ്രതിരോധം

ഏറ്റവുമധികം അഴിമതി നടക്കുന്നത് പ്രതിരോധ വകുപ്പിലാണ്. അഴിമതിവകുപ്പെന്ന പ്രതിരോധവകുപ്പിന്റെ കാവലാളാവുകയായിരുന്നു മലയാളിയായ ഏ കെ ആന്റണി. രാജ്യരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷം ചെലവിടുന്നത് രണ്ടുലക്ഷം കോടിയോളം രൂപ. വാര്‍ഷിക ബജറ്റിന്റെ അഞ്ചിലൊന്നുവരും ഇത്. ഇതിന്റെ വലിയൊരുഭാഗം ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്നതിലെ കമീഷന്‍ സഹസ്ര കോടികളുടേതാണ്. മുങ്ങിയാല്‍ പൊങ്ങാത്ത അന്തവാഹിനികളും പറന്നുയരുമ്പോള്‍ തകര്‍ന്നു വീഴുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളുമാണ് സേനക്കായി വാങ്ങുന്നത്. ഗുണകുറഞ്ഞ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നാവിക, വ്യോമ സേനാ വിഭാഗത്തില്‍ അടിക്കടി ദുരന്തങ്ങളുണ്ടാകുന്നു. നിരവിധ സേനാംഗങ്ങളുടെ ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഒടുവിലത്തെ ദുരന്തമാണ് കഴിഞ്ഞ ദിവസം സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം തകര്‍ന്നത്. അമേരിക്കയില്‍ നിന്ന് 6000 കോടി രൂപയ്ക്ക് വാങ്ങിയ ആറ് വിമാനങ്ങളില്‍ ഒന്നാണിത്. വിദേശരാജ്യങ്ങളില്‍നിന്നും വിമാനങ്ങള്‍ വാങ്ങുന്നതില്‍ വമ്പിച്ച തോതിലുള്ള കമീഷന്‍ തട്ടിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അഴിമതിക്ക് കണ്ണുംപൂട്ടി ആന്റണി നോക്കിനില്‍ക്കുകമാത്രമല്ല, പ്രതിരോധ വകുപ്പിനെ നിരായുധനാക്കിയ പ്രതിരോധ മന്ത്രികൂടിയാണ് ആന്റണി.

സര്‍വത്ര അഴിമതി

യുപിഎ ഭരണം അഴിമതിയില്‍ റെക്കോഡ് സൃഷ്ടിച്ചു. 2-ജി സ്പെക്ട്രംതൊട്ട് കല്‍ക്കരി ബ്ലോക്ക് അനുവദിക്കലും കെജി തട ഗ്യാസ് വില നിര്‍ണയവുംവരെയുള്ള പടുകൂറ്റന്‍ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവന്നു. 2ജി ടെലികോം കുംഭകോണത്തില്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയും കല്‍ക്കരി കുംഭകോണത്തില്‍ 1.86 ലക്ഷം കോടി രൂപയും നഷ്ടമുണ്ടായെന്നും സിഎജി കണക്കാക്കി. കെജി തടത്തിലെ ഗ്യാസ് ഇടപാടും ഗ്യാസിന് വില വര്‍ധിപ്പിച്ചുകൊടുക്കുന്ന കാര്യത്തില്‍ മുമ്പ് റിലയന്‍സിന് നല്‍കിയ സൗജന്യങ്ങളുംകൂടി സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി 36,000 കോടി രൂപയാണ്. ചൂഷണം നേരിട്ട് കര്‍ഷകത്തൊഴിലാളികള്‍ കര്‍ഷകത്തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നതിനും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഉതകുന്ന സമഗ്രമായ നിയമം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരുകള്‍ വിസമ്മതിക്കുന്നു. പല സംസ്ഥാനങ്ങളിലും നിയമപരമായി നിശ്ചയിച്ച മിനിമംകൂലി നിലവിലില്ല. വര്‍ഷത്തില്‍ ലഭിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണവും കുറഞ്ഞുവരുന്നു. മിക്ക സംസ്ഥാനങ്ങളിലും അവര്‍ക്ക് വീടുകളോ വീടിനുള്ള സ്ഥലമോ ഇല്ല. കര്‍ഷകത്തൊഴിലാളികളായ സ്ത്രീകളുടെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണ്.

ദുസ്സഹം വിലക്കയറ്റം

ഭക്ഷ്യസാധനങ്ങളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിന് തീര്‍ത്തും കഴിവില്ലാതെ വന്നതാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം. കഴിഞ്ഞ നാലുവര്‍ഷക്കാലത്ത് അരി, ഗോതമ്പ്, നിലക്കടല എണ്ണ എന്നിവയുടെ വില 50 മുതല്‍ 100 ശതമാനം വരെ വര്‍ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളഞ്ഞതും വിലക്കയറ്റം രൂക്ഷമാകാന്‍ ഇടയാക്കി.

തൊഴിലില്ലായ്മ രൂക്ഷം

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 2005നും 2010നും ഇടയില്‍ പ്രതിവര്‍ഷ തൊഴില്‍ വളര്‍ച്ചാനിരക്ക് ഒരു ശതമാനത്തില്‍ താഴെ. 15നും 29നും ഇടയില്‍ പ്രായമുള്ള 33 കോടി യുവാക്കളില്‍ തൊഴിലില്ലായ്മ 13.3 ശതമാനമാണ്. ഉയര്‍ന്ന വളര്‍ച്ച നേടിയ വര്‍ഷങ്ങള്‍ എന്ന് പറയപ്പെടുന്ന കാലം ജോലിയില്ലാത്ത വളര്‍ച്ചയുടെ കാലമാണ്. ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകളുടെ വളര്‍ച്ച ലക്ഷ്യമാക്കിയായിരുന്നു കേന്ദ്ര ഭരണം. 2003ല്‍ 5000 കോടി രൂപയും അതിലധികവും ആസ്തിയുള്ള 13 ശതകോടീശ്വരന്മാരായിരുന്നു രാജ്യത്ത്്. 2012ല്‍ ഇത് 122 ആയി. 2009നും 2013നും ഇടയില്‍ കേന്ദ്രസര്‍ക്കാര്‍ 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കി.

സുരക്ഷയില്ലാത്ത ഭക്ഷ്യ സുരക്ഷ

ആഗോള പട്ടിണി സൂചികയില്‍ 199 രാജ്യങ്ങളില്‍ 94-ാം സ്ഥാനത്താണ് ഇന്ത്യ. ലോകബാങ്കിന്റെയും വിപണിയുടെയും ധാരണകള്‍ക്ക് എതിരായിരുന്നതിനാല്‍ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം, ഭക്ഷ്യസുരക്ഷയിലേക്കുള്ള സുപ്രധാന കാല്‍വയ്പായി കാണിക്കപ്പെടുന്നുണ്ടെങ്കിലും ഇത് സത്യമല്ല. അത് ഇപ്പോഴും ഒരു നിര്‍ദിഷ്ട വിഭാഗത്തിനുള്ള വ്യവസ്ഥയായി തുടരുന്നു.

വിദേശനയം

യുഎസിന്റെ ഭാഗതതേക്കുള്ള ചായ്വ് യുപിഎ സര്‍ക്കാരിന്റെ വിദേശനയം അമേരിക്കയ്ക്ക് അനുകൂലമായ ദിശയിലാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലും സൈനിക സഹകരണത്തിലും ഏര്‍പ്പെട്ടും ഇന്ത്യ-യുഎസ് ആണവ കരാറില്‍ ഒപ്പിട്ടും ഒന്നാം യുപിഎ സര്‍ക്കാര്‍, വിദേശനയത്തിന്റെ സ്വതന്ത്രമായ അടിത്തറ അമേരിക്കയ്ക്ക് അടിയറവച്ചു. ഈ നടപടിയുടെ പ്രത്യാഘാതങ്ങള്‍ ആ സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ മറനീക്കി. ഇന്ത്യ-പാകിസ്ഥാന്‍-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി അമേരിക്കയുടെ ഇംഗിതത്തിനുസരിച്ച് അട്ടിമറിച്ചു. സിറിയയുടെ കാര്യത്തില്‍ ഇരട്ടസ്വഭാവമുള്ള നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. ഇസ്രയേലുമായുള്ള സൈനികവും സുരക്ഷാപരവുമായ ബന്ധങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തി. പലസ്തീന്റെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണ കുറഞ്ഞു. ചൈനയെ നേരിടുന്നതിനായി അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഉണ്ടാക്കപ്പെട്ട നീക്കമായ, ഇന്ത്യ-ജപ്പാന്‍-അമേരിക്ക ത്രികക്ഷി സുരക്ഷാബന്ധത്തില്‍ യുപിഎ സര്‍ക്കാര്‍ ചേര്‍ന്നു. ബ്രിക്സിലും ഐബിഎസ്എയിലും മറ്റ് ബഹുമുഖവേദികളിലും ഉള്ള പങ്കാളിത്തവും സ്വാധീനവും ദക്ഷിണ-ദക്ഷിണ സഹകരണവും ബഹുധ്രുവതയും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ പ്രയോജനപ്പെടുത്തുകയുണ്ടായില്ല.

വര്‍ഗീയത പിടിമുറുക്കി

അഞ്ചുവര്‍ഷത്തിനിടെ സംഘര്‍ഷങ്ങള്‍ കുത്തിയിളക്കിവിട്ട് വര്‍ഗീയശക്തികള്‍ സജീവമായി. ഹൈദരാബാദ്, നാന്ദെദ്, അഹമ്മദാബാദ്, ബെല്‍ഗാം, ദൂലെ, ബോഡോ ലാന്‍ഡ് ഭൂപ്രദേശം, കിഷ്ത്വാര്‍, നവാദ, ബറേലി, കോസി, കലാന്‍, പ്രതാപ്ഗഢ്, ഫൈസാബാദ്, മുസഫര്‍ നഗര്‍... വര്‍ഗീയകലാപങ്ങളുടെ ലിസ്റ്റ് അനന്തമായി നീണ്ടു. 2008ല്‍ ബിജെപിക്ക് അധികാരം നഷ്ടമായതോടെ രാജസ്ഥാനിലും വര്‍ഗീയസംഘട്ടനങ്ങളുണ്ടായി. മുസഫര്‍ നഗറിലെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കലാപങ്ങളിലെല്ലാം ഒരുവശത്ത് ആര്‍എസ്എസും അതിന്റെ ഉപഗ്രഹങ്ങളുമായിരുന്നു. മധ്യപ്രദേശ്, കര്‍ണാടക ബിജെപി സര്‍ക്കാരിനു കീഴില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണം വര്‍ധിച്ചു. 2013ല്‍ രാജ്യത്താകെ 828 വര്‍ഗീയസംഘട്ടനങ്ങളില്‍ 133 പേര്‍ കൊല്ലപ്പെട്ടു. 2269 പേര്‍ക്ക് പരിക്കേറ്റു.

ഭീതിയുണര്‍ത്തി ഭീകരവാദം

രാജ്യത്ത് ഭീകരവാദികളുടെ ആക്രമണത്തിന് കണക്കില്ല. മതതീവ്രവാദമാണ് അവയുടെ സ്രോതസ്സ്. മുസ്ലിം തീവ്രവാദികള്‍ക്കൊപ്പംതന്നെ മലേഗാവ്, മെക്കാ മസ്ജിദ്, അജ്മീര്‍ ഷെറീഫ്, സംഝോധ എക്സ്പ്രസ് ഭീകരസ്ഫോടനങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ ഹിന്ദുത്വശക്തികളുമുണ്ട്. വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയ സങ്കുചിതവാദികളാണ് പ്രതിസ്ഥാനത്ത്. മതതീവ്രവാദ-വര്‍ഗീയ-സങ്കുചിത ദേശീയവാദ ശക്തികള്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

തൊഴിലാളികള്‍ ഇരകള്‍

നവബറല്‍ വാഴ്ചയുടെ ചൂഷണത്തിന്റെ പ്രധാന ഇരകള്‍ തൊഴിലാളികളാണ്. സംഘടിത വ്യവസായമേഖലയിലെ കൂലിയുടെ വിഹിതം, ലോകത്തില്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 1981ല്‍ 30.36 ശതമാനമായിരുന്നത് 2007-08ല്‍ 10.6 ശതമാനമായി കുറഞ്ഞു. കൂലിയുടെ വിഹിതം കുറച്ച് തൊഴിലുടമകളുടെ ലാഭവിഹിതം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കിയ പ്രധാന കാരണം തൊഴിലിടങ്ങളിലെ കരാര്‍വല്‍ക്കരണമാണ്. 2004-05നും 2011-12നും ഇടയില്‍ സ്ത്രീത്തൊഴിലാളികളുടെ സംഖ്യ രണ്ടുകോടിയോളം കുറഞ്ഞു. കാരണം, ജോലി ലഭിക്കാത്തതുതന്നെ. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ക്കും തൊഴിലാളിവര്‍ഗ വിരുദ്ധ വഴക്കമാണുള്ളത്.

കര്‍ഷകന് കൊലക്കയര്‍

എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ പ്രത്യാഘാതം കൂടുതല്‍ അനുഭവിച്ചത് കര്‍ഷകരാണ്. കൃഷിയുടെ കോര്‍പറേറ്റുവല്‍ക്കരണവും കാര്‍ഷികമേഖലയില്‍ സബ്സിഡികളും പൊതുനിക്ഷേപവും വെട്ടിക്കുറച്ചതും വ്യാപാര ഉദാരവല്‍ക്കരണവും കര്‍ഷകരെ ദുരിതത്തിലാക്കി. 1996നും 2012നും ഇടയില്‍ 2.9 ലക്ഷത്തിലധികം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ഭൂപരിഷ്കരണനിയമം തകിടംമറിച്ചതും കൃഷിഭൂമി പിടിച്ചെടുത്തതും കൃഷിക്കാരെ കാര്‍ഷികവൃത്തിയില്‍ നിന്ന് ആട്ടിയോടിച്ചു.
*
ദേശാ‍ാഭിമാനി

No comments: