Friday, April 25, 2014

ചെറുകാടിന്റെ കരുത്ത്

മലയാളത്തിലെ വിഖ്യാത എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതകഥയാണ് ""ചെറുകാട്: എഴുത്തും കരുത്തും"". കേരള സാഹിത്യഅക്കാദമിക്കുവേണ്ടി കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയ്യങ്കോട് ശ്രീധരനാണ് ഗ്രന്ഥം രചിച്ചത്. സാഹിത്യഅക്കാദമിയിലും സംഗീതനാടക അക്കാദമിയിലും ഭാരവാഹിത്വം വഹിക്കുകയും പുരോഗമന കലാസാഹിത്യസംഘത്തെ നയിക്കുകയും ചെയ്തപ്പോള്‍ പതിറ്റാണ്ടുകളായി ചെറുകാടുമായി നിരന്തരം ഇടപഴകാന്‍ അവസരം ലഭിച്ച ഇയ്യങ്കോടിന് ചെറുകാട് ചരിതം കരതലാമലകമത്രേ. മഹാവനമായ ചെറുകാടിന്റെ സാഹിത്യവും മനോസഞ്ചാരവും വ്യാകുലതകളും വഴിത്തിരിവുകളും കാണിച്ചുതരുന്ന കൃതി എന്ന് പുരുഷന്‍ കടലുണ്ടി പരിചയപ്പെടുത്തിയതില്‍ അപാകതയില്ല. ""ഇതാ, എന്റെ സ്വന്തം ഒരാള്‍"" എന്ന തോന്നലുളവാക്കാറുള്ള ചെറുകാട് എന്ന് തുടങ്ങുന്ന അവതാരിക എം ടി വാസുദേവന്‍നായരുടേതാണ്. ജീവിതപ്പാതയെയാണ് ഇയ്യങ്കോട് പിന്തുടര്‍ന്നിട്ടുള്ളത്. കൂടെ ചേര്‍ത്തത് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായതിന്റെ അനുഭവ സമ്പത്തും. ""നാടും തറവാടും കുട്ടിക്കാലവും"" പ്രഥമാധ്യായം.

ഞാനൊരു അമ്പലവാസിയാണ് എന്ന സത്യവാങ്മൂലത്തില്‍ പിടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഗ്രന്ഥകാരന്‍ കടക്കുന്നു. പിഷാരടിമാര്‍ ജൈനമതക്കാരുടെ വംശപരമ്പരയില്‍പെട്ടതാണെന്ന് ഇയ്യങ്കോട് പ്രസ്താവിക്കുന്നു. അതിലേറെ വസ്തുതാപരമാണ് അമ്പലവാസികളുടെ സാമൂഹ്യാസ്തിത്വത്തെ ചെറുകാട് വെളിപ്പെടുത്തിയത് എന്ന് തോന്നി:

""നമ്പൂരിതന്‍ താഴെ,
നായര്‍ക്കുമീതെയായ്
അമ്പലവാസിഞാന്‍
മൂടിത്തിരിയവേ...""

വല്ലാത്തൊരു സന്ദിഗ്ധതയാണത്. അവിടെ തനിക്ക് വഴികാണിച്ചതും ലക്ഷ്യബോധം പകര്‍ന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ചെറുകാട് അരുളി. വള്ളുവനാട്, ഏറനാട് എന്നീ പ്രാചീന ഇടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്-പ്രാരംഭത്തില്‍. ഇവിടെ ഒരു കാര്യം ഓര്‍ക്കാവുന്നതാണ്, ജീവിതപ്പാതയില്‍ മാത്രമല്ല "മണ്ണിന്റെ മാറില്‍", "മുത്തശ്ശി", "ശനിദശ" എന്നീ നോവലുകളിലും ചെറുകാട് വള്ളുവനാടിന്റെ ചരിത്രം വിസ്തരിക്കുന്നുണ്ട്.

വള്ളുവനാടിന്റെ ഹൃദയം എന്ന് ചെറുകാട് കരുതുന്ന പുലാമന്തോളിലിരുന്ന് കുറിച്ചുവെച്ച ദേശചരിത്രം പ്രധാനമാണ്. എന്നല്ല ഒടുക്കം ""ജന്മഭൂമി"" എന്നൊരു നാടകംതന്നെ എഴുതി. സി വി രാമന്‍പിള്ള തിരുവിതാംകോടിന്റെയും അപ്പന്‍തമ്പുരാന്‍ കൊച്ചിയുടേതുമെന്നപോലെ ചെറുകാട് വള്ളുവനാടിന്റെ ചരിത്രകാരന്‍കൂടിയാണ് എന്നു പറഞ്ഞാല്‍ പാപമില്ല എന്നു തോന്നുന്നു. സുഖദുഃഖ സമ്മിശ്രമായിരുന്നു ചെറുകാടിന്റെ ബാല്യം. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശകാരവും ഭേദ്യവും ഒരുവശത്ത്. നേരവും കാലവുമനുസരിച്ച് വല്ലപ്പോഴും ഒഴുകുന്ന അമ്മാവന്റെ വാത്സല്യം മറുവശത്ത്. മരുമക്കളുടെ അനുസരണവും ആദരവും എപ്പോഴും. ആറ്റുനോറ്റു പിറന്ന ഉണ്ണിയായിരുന്നല്ലോ ഗോവിന്ദന്‍. സ്കൂള്‍ വിദ്യാഭ്യാസം വളവും തിരിവും നിറഞ്ഞ വഴികളില്‍. സംസ്കൃതപഠനവും വൈദ്യം ഹൃദിസ്ഥമാക്കിയതും ജീവിതപ്പാതയില്‍ താങ്ങും തണലുമായി. അതിനിടയ്ക്ക് മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടിയോടുള്ള പ്രണയത്തിന് വിത്തിട്ടു. ഇണങ്ങിയും പിണങ്ങിയും കണ്ണീരൊഴുക്കിയും ആവേശം പകര്‍ന്നും ആ കാക്കക്കുറത്തി കണവനെ കൊണ്ടുനടന്നു. അധ്യാപകവൃത്തിയും കര്‍ഷകവേലയുമായി ചെറുകാട് നിലയുറപ്പിച്ചുനിന്നു. ചെറുകാട് നിരത്തിയ ആത്മകഥാഖ്യാനം ഇയ്യങ്കോട് ഭംഗിയായി ആവിഷ്കരിച്ചിട്ടുമുണ്ട്. ക്ഷേത്രപ്രവേശന ശ്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തനം, ഗാന്ധിജിയെ പിന്തുടര്‍ന്നത്, പതുക്കെ പതുക്കെ കമ്യൂണിസ്റ്റായത്. ഇ എം എസ് നമ്പൂതിരിപ്പാട് അയല്‍ക്കാരന്‍ മാത്രമല്ല ആരാധ്യ പുരുഷനുമായിരുന്നു. അപ്പോഴേക്ക് എഴുത്തുകാരനെന്ന ഖ്യാതിയും പരന്നിരുന്നു.

""ചെറുകാട്-പാര്‍ടിയുടെ കവി"" എന്നാണ് സഖാക്കള്‍ പരിചയപ്പെടുത്തുക. നാടകത്തിലാണ് അധികം മോഹവും മിടുക്കും. ചൊവ്വൂര്‍ നമ്പൂതിരിപ്പാട് ആണ് നാടകത്തിലേക്ക് ഉപനയിച്ചത്-പ്രഹ്ലാദ ചരിതം എന്ന സംഗീത നാടകമാണ് കന്നിക്കൃതി. (ഇവിടെ ഇയ്യങ്കോടിന് നിസ്സാരമെങ്കിലും ഒരു അശ്രദ്ധപറ്റി "കുട്ടിത്തമ്പുരാന്‍" സി എം നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് എന്ന്. അത് അനുജന്‍ സി എം എസ് നമ്പൂതിരിപ്പാടാണ്. കുട്ടിത്തമ്പുരാന്‍ എന്ന നാടകത്തിലെ വലിയ തമ്പുരാന്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടല്ലതാനും.) അതിനിടയ്ക്ക് തറവാടുഭരണവും ചുമക്കേണ്ടിവന്നു. പഴയ പ്രൗഢിയേ ഉള്ളൂ. കെട്ടിയിരിപ്പൊന്നുമില്ല. അധ്വാനിക്കാന്‍ വശത ഉള്ള ആണ്‍തരികളുമില്ല. എന്നാലും ചെറുകാട് പിടിച്ചുനടത്തി. അതിനിടയ്ക്ക് ലക്ഷ്മിക്കുട്ടിയെ പരിണയിക്കുകയും ചെയ്തു. പല സ്കൂളിലായി അവര്‍ അധ്യാപികയായി. പക്ഷേ വിവാഹനിശ്ചയവേളയിലെ വാക്കാല്‍ കരാറുപ്രകാരം അവരുടെ ശമ്പളം അമ്മാവന് കൊടുക്കണം. അന്നത്തെ ധര്‍മ്മസങ്കടമാണ് ""അടിമ"" എന്ന ലഘു നാടകത്തിലുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനം കേമമായി നടന്നു. രാഷ്ട്രീയ ഗുരുനാഥന്‍ സി ആര്‍ - രാമന്‍കുട്ടിനായര്‍. പാര്‍ടി നേതാവ്, പില്‍ക്കാലത്ത് അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

അതിനിടയ്ക്കാണ് കെ പി നാരായണപിഷാരടി പാവര്‍ട്ടി സംസ്കൃത കോളേജിലേക്ക് വിളിച്ചത്. അവിടെ ""ശീലാവതി മുന്‍ഷി"" യായി കുലപതിയുടെ സഹജീവിയായി കൂടി. കെ പി നാരായണപിഷാരടി, പി സി വാസുദേവനിളയത്, ശ്രീകൃഷ്ണശര്‍മ്മ, എം പി ശങ്കുണ്ണിനായര്‍ എന്നീ പണ്ഡിതവരേണ്യന്മാരുടെ സമ്പര്‍ക്കത്തില്‍ സംസ്കൃത മഹാകാവ്യങ്ങളുടെ മധുരം മോന്തിക്കുടിച്ചു. എം എസ് മേനോന്‍, കോവിലന്‍ എന്നീ ശിഷ്യന്മാരുടെ സഹവാസം ഉത്സാഹം പകര്‍ന്നു. അണ്ടത്തോട് ഫര്‍ക്കയിലെ പാര്‍ടി പ്രവര്‍ത്തനം സംതൃപ്തി നല്‍കി. എന്നാല്‍ പ്രണയിനിയുടെയും കുട്ടികളുടെയും കൂട്ടില്ലാത്തത് ചുളുചുളെ കുത്തലുണ്ടാക്കി. ജാപ്പ് വിരുദ്ധപാടകം, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെ പാര്‍ടിക്ക് ഉണര്‍വുണ്ടാക്കുന്ന കലാവിദ്യകള്‍ എം പി ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ബോംബെതൊട്ട് കണ്ണൂര്‍വരെ കൊണ്ടുനടന്നത് ചെറുകാടിനെ ജനപ്രിയനാക്കി. പക്ഷേ പാവര്‍ടി ജീവിതംവിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചെറുകാടിന് ധൃതിയായി. പുലാമന്തോളിലും പാര്‍ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ നെല്ലായ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായത് ചെറുകാടിനെ സാഹിത്യലോകത്ത് പ്രസിദ്ധനാക്കി. മഹാകവി ജി, മുണ്ടശ്ശേരി തുടങ്ങിയ വമ്പന്മാരും കൊമ്പന്മാരും അണിനിരന്ന സമ്മേളനത്തിന്റെ സഹായികളില്‍ പ്രധാനി ഒ എം സി നാരായണന്‍ നമ്പൂതിരിയായിരുന്നു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിനെ കേരളത്തിലെ ഒന്നാംകിട കോളേജാക്കി ഉയര്‍ത്തുന്നതില്‍ ഇ പി ഗോപാലനോടൊപ്പം ചെറുകാട് നടത്തിയ കഠിനാധ്വാനം വാഴ്ത്തത്തക്കതാണ്. ഇനിയും പറയാനേറെയുണ്ട്. ചെറുകാടിന്റെ കുടുംബത്തെ വിശദമായി പരിചയപ്പെടുത്തി ഒന്നാം പടലം അടയ്ക്കുന്നു. രണ്ടാം പടലത്തില്‍ ചെറുകാടിന്റെ സാഹിത്യദര്‍ശനം, രചനയിലെ രസതന്ത്രം എന്നീ ലേഖനങ്ങളാണ്. മഹാകവി പി കുഞ്ഞിരാമന്‍നായരുടെയും സി പി ചിത്രഭാനുവിന്റെയും ഓര്‍മ്മക്കുറിപ്പുകളുമുണ്ട്. ചെറുകാടിന്റെ കൃതികള്‍, ചെറുകാടിനെക്കുറിച്ചുള്ള പഠനങ്ങള്‍, കുറെ ഫോട്ടോകള്‍-ഇയ്യങ്കോടിന്റെ പഠന ഗ്രന്ഥത്തിന് പൂര്‍ണതയേകുന്നു.

*
പാലക്കീഴ് നാരായണന്‍

No comments: