Monday, April 7, 2014

കോണ്‍ഗ്രസും ജുഡീഷ്യറിയും

പുഡ്ഡിങ്ങിന്റെ സ്വാദ് തെളിയേണ്ടത് അതേക്കുറിച്ചു പറയുന്ന വാക്കുകളിലൂടെയല്ല, മറിച്ച് അത് രുചിക്കുമ്പോഴുള്ള അനുഭവത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍ `Proof of the pudding is in the eating'! ജുഡീഷ്യറിയോട് തനിക്ക് ബഹുമാനമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഈ ചൊല്ലിനെയാണ് ഓര്‍മിപ്പിക്കുന്നത്. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. മുഖ്യമന്ത്രിയുടെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ കടിച്ചുകീറിയപ്പോള്‍, ഈ മുഖ്യമന്ത്രി "അരുത്" എന്നൊരു വാക്ക് പറഞ്ഞില്ല. ജഡ്ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് അറിയിക്കുകയും ചെയ്ത കെ സി ജോസഫിനെ തന്റെ മന്ത്രിസഭയില്‍ പരിരക്ഷിച്ച് നിര്‍ത്താന്‍ മടികാട്ടിയില്ല ഈ മുഖ്യമന്ത്രി. രാജ്മോഹന്‍ ഉണ്ണിത്താന്‍മുതല്‍ ടി എന്‍ പ്രതാപന്‍വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിക്കെതിരെ തെരുവില്‍ ആക്രോശിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് പറയാമായിരുന്നല്ലോ മുഖ്യമന്ത്രിക്ക്. ജുഡീഷ്യറിയോട് "ബഹുമാനമുള്ള" മുഖ്യമന്ത്രി അതൊന്നും ചെയ്തില്ല.

മുമ്പ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലെ ജഡ്ജി, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ ചീഫ് വിപ്പുതന്നെയാണ് ആ ജഡ്ജിയെ തലങ്ങും വിലങ്ങും ആക്രമിച്ചത്. "ജഡ്ജി പാകിസ്ഥാന്‍ ചാരനാണോ" എന്ന് സംശയിക്കണമെന്നുവരെ പറഞ്ഞു. സുപ്രീംകോടതിയിലേക്ക് ജഡ്ജിക്കെതിരെ പരാതി അയച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പാണത് ചെയ്തത് എന്നതുകൊണ്ട് ഗവണ്‍മെന്റിന്റെ ചെയ്തിയായിത്തന്നെയേ അതിനെ കാണാനാവൂ. ഒടുവില്‍ ജഡ്ജി ആ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്ന അവസ്ഥയുണ്ടാക്കി. നിഷ്പക്ഷമായി ഉത്തരവിടുന്ന ജഡ്ജിമാരെ ഭര്‍ത്സിച്ചും സമൂഹമധ്യത്തില്‍ ആക്ഷേപിച്ചും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റി രക്ഷപ്പെടുക. ഇതാണോ ജുഡീഷ്യറിയോടുള്ള ആദരവിന് തെളിവ്? തെറ്റുചെയ്ത വ്യക്തിക്ക് ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാമെന്ന അവസ്ഥ ഉണ്ടായിക്കൂടാ. തല്‍പ്പരകക്ഷികള്‍ ആക്ഷേപമുന്നയിച്ചാല്‍ അതിന്റെ പേരില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പിന്മാറേണ്ട കാര്യവുമില്ല. പിന്മാറിയാല്‍ തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങളാകും ജയിക്കുക. അതിന് ജുഡീഷ്യറി അവസരം ഒരുക്കിക്കൊടുക്കേണ്ടതില്ല.

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടതായി കെ സുധാകരന്‍ എംപി പ്രസംഗിച്ചു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലായിരുന്നു പ്രസംഗം. എല്ലാ ടിവികളിലും അതിന്റെ ദൃശ്യം വന്നു. പൊലീസിന്റെ കൈയിലും അത് എത്തി. എന്നാല്‍, അങ്ങനെ കെ സുധാകരന്‍ പ്രസംഗിച്ചതിന് തെളിവില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആ കേസ് തേച്ചുമായ്ച്ചുകളഞ്ഞു. ഏതു ടിവി സ്ഥാപനത്തോട് ചോദിച്ചാലും കിട്ടുമായിരുന്നല്ലോ തെളിവ്. സുപ്രീംകോടതി ജഡ്ജിയെ ആക്ഷേപിച്ചാല്‍ അതിനും പൊലീസ് പരിരക്ഷ? ഇതാണ് ജുഡീഷ്യറിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആദരവിന്റെ യഥാര്‍ഥ സ്വഭാവം.

വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞുകഴിഞ്ഞ ഒരു കേസിന്റെ അന്വേഷണത്തിനായി സിബിഐക്കുമേല്‍ തീവ്രസമ്മര്‍ദം ചെലുത്തുകയാണ് ഉമ്മന്‍ചാണ്ടി. കോടതിയില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമല്ലേ ഇത്. എങ്കില്‍പ്പിന്നെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് കോടതിതന്നെ ഈ മുഖ്യമന്ത്രിയോട് നാളെ ചോദിച്ചാല്‍ ആരും അത്ഭുതപ്പെടുകയില്ല.

കോടതിയെ വരുതിക്കു നിര്‍ത്തുകയെന്നത് ഉമ്മന്‍ചാണ്ടിയുടെമാത്രമല്ല, കോണ്‍ഗ്രസിന്റെയാകെത്തന്നെ സംസ്കാരമാണ്. ജുഡീഷ്യറിയെ സ്വാധീനിക്കാനും ആ സ്വാധീനിക്കല്‍ശ്രമത്തിന് വഴങ്ങുന്നില്ലെന്ന് വരുമ്പോള്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയപ്പോള്‍, അത് നിരുപാധികം സ്റ്റേ ചെയ്യണമെന്ന് കല്‍പ്പിക്കാന്‍ ആ കേസ് കൈകാര്യം ചെയ്തിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അന്ന് നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെ നേരിട്ട് ഫോണില്‍ വിളിച്ച സംഭവം ഇന്ത്യന്‍ ജുഡീഷ്യറിക്ക് മറക്കാവുന്നതല്ല. വക്കീലുണ്ടെങ്കില്‍ അയാള്‍വഴി രജിസ്ട്രാര്‍മുമ്പാകെ അപ്പീലുമായി ചെന്നാല്‍മതി, തന്നെ കാണാന്‍ വരണമെന്നില്ല എന്നു പ്രതികരിച്ചു അന്ന് വി ആര്‍ കൃഷ്ണയ്യര്‍. അന്ന് പക്ഷേ, ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്മാറ്റുന്നിടത്തേക്ക് എത്തിയിരുന്നില്ല. കോണ്‍ഗ്രസിനെ അവിടേക്കെത്തിച്ചതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്കുള്ളതാണ്.

"നേരിടാനാണ് ഭാവമെങ്കില്‍ ജുഡീഷ്യറിക്ക് അത് ഒരു ദുര്‍ദിനമായിരിക്കും" (In case of confrontation, it will be a bad day for the judiciary of this country)  എന്ന് ഭരണഘടനയുടെ 44-ാം ഭേദഗതിബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് 1976 ഒക്ടോബര്‍ 28ന് നിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത് ലോക്സഭാരേഖകളിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയ കള്ളക്കളികള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്ജിമാര്‍ ഹേബിയസ് കോര്‍പസ് കേസുകളില്‍ അനുകൂലതീരുമാനമെടുത്തു. ജഡ്ജിമാരുടെ നിയമന- സ്ഥലംമാറ്റ കാര്യങ്ങളില്‍ കൂടിയ റോള്‍ അന്നുണ്ടായിരുന്നു കേന്ദ്രത്തിന്. കോണ്‍ഗ്രസ് കേന്ദ്രഗവണ്‍മെന്റ് ഈ 18 ജഡ്ജിമാരെയും പന്തുതട്ടുംപോലെ തട്ടിയെന്നതും ചരിത്രത്തിന്റെ ഭാഗം. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രംഗനാഥനെ അടുത്തദിവസം ഗുവാഹത്തിയിലേക്ക് തട്ടി. രംഗരാജനൊപ്പം ഉണ്ടായിരുന്ന ജഡ്ജി എ എന്‍ അഗര്‍വാളിനെ തരംതാഴ്ത്തിയത് ഇന്ദിരാഗാന്ധി രാഷ്ട്രീയമായി ഇടപെട്ടതുകൊണ്ടാണെന്ന് ഷാ കമീഷന്‍ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ജുഡീഷ്യറിവേട്ടയുടെ ഈ ചരിത്രം ഉമ്മന്‍ചാണ്ടി ഇന്നു കൂടുതല്‍ ശക്തിയോടെ മുമ്പോട്ടുകൊണ്ടുപോകുന്നു; ജുഡീഷ്യറിയെ ആദരവ് പ്രഖ്യാപിച്ചുകൊണ്ടുതന്നെ അപമാനിക്കുന്നു; അനുയായികള്‍ വഴി. പക്ഷേ, ഉമ്മന്‍ചാണ്ടി ഒരുകാര്യം ഓര്‍മിക്കണം. പുഡ്ഡിങ് കേട്ടല്ലാതെ അനുഭവിച്ച് അറിയുന്നുണ്ട് ഈ നാട്; ഒപ്പം ജുഡീഷ്യറിയും.

*
പ്രഭാവര്‍മ

No comments: