Friday, July 31, 2009

വിമോചനം ആര്‍ക്കുവേണ്ടി?

1959ലെ വിമോചനസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷികളും സാമുദായിക സംഘടനകളും വിമോചന കാഹളവുമായി വീണ്ടും അരങ്ങുതകര്‍ക്കുകയാണ് ഇപ്പോള്‍. ഈ നാടകത്തിന് രണ്ട് പ്രധാന ദൃശ്യമുണ്ട്. ഒന്ന്, വിമോചനസമരത്തിന്റെ ആഘോഷം. രണ്ടാമതായി ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ നിരത്തുന്ന തെരുവുതടസ്സങ്ങള്‍. ജനാധിപത്യ പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യശക്തികള്‍ക്ക് അമ്പരപ്പ് ഉളവാക്കുന്ന ഈ കര്‍മപദ്ധതി വലതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സാരവിഹീനതയെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരിടേണ്ടിവരാവുന്ന അപകടങ്ങളുടെ സൂചനയും. ജനാധിപത്യത്തെ സംരക്ഷിക്കാന്‍വേണ്ടിയാണ് ഈ നീക്കങ്ങളെന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് മാധ്യമപിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

ഇന്ത്യന്‍ ജനാധിപത്യത്തിന് പല തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥ, 84ലെ സിക്കുകാരുടെ കൂട്ടക്കൊല, 2002ലെ ഗുജറാത്തിലെ നരഹത്യ തുടങ്ങിയ ചെറുതും വലുതുമായ പല സംഭവവും ജനാധിപത്യ ചരിത്രത്തിന്റെ തീരാകളങ്കങ്ങളായി ചരിത്രത്തിന്റെ താളുകളില്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമെങ്കിലും അവയോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിമോചനസമരം. ജനാധിപത്യത്തിന്റെ മൌലിക സ്വഭാവവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യമുള്ളതും. കാരണം, ജനസമ്മതിയാണ് ജനാധിപത്യം. ജനസമ്മതിക്കെതിരായി നിക്ഷിപ്ത താല്‍പ്പര്യം നിറവേറ്റുന്നതിനുവേണ്ടി ജനങ്ങളെത്തന്നെ അണിനിരത്തുകയാണ് വിമോചനസമരം ചെയ്തത്. പക്ഷേ, പങ്കെടുത്ത ജനങ്ങള്‍ ആരായിരുന്നു? അങ്കമാലിയിലെ കല്ലറകളില്‍ അടക്കംചെയ്ത രക്തസാക്ഷികളും വെടിയുണ്ടയേറ്റു മരിച്ച ധീരപോരാളികളും എങ്ങനെ, എന്തുകൊണ്ട് വിമോചന സമരഭടന്മാരായി എന്ന അന്വേഷണം അര്‍ഥവത്താണ്. ആ അന്വേഷണം വിമോചനസമരത്തിന്റെ പ്രത്യയശാസ്ത്ര സ്വാധീനത്തിലേക്കും അതിന്റെ പ്രചാരണത്തില്‍ ജാതി-മത അവബോധം വഹിച്ച പങ്കിലേക്കും വെളിച്ചംവീശുന്നതായിരിക്കും.

വിമോചനസമരത്തില്‍ ഉത്സാഹത്തോടെ പങ്കെടുത്ത ജനം വിമോചനസമരത്തിന്റെ വിധികര്‍ത്താക്കളോ, ഗുണഭോഗികളോ ആയിരുന്നില്ല. വെറും വൈക്കോല്‍ത്തുരുമ്പുകള്‍മാത്രം. ജാതിമത നേതാക്കള്‍ക്ക് ഇഛാനുസരണം കത്തിക്കാന്‍ കഴിയുന്ന വൈക്കോല്‍. അവരെ തെരുവിലിറക്കിയ ചാലകശക്തികളില്‍ പ്രധാനപ്പെട്ടവ മതം നിഷേധിക്കപ്പെടുമെന്നും പള്ളികള്‍ തകര്‍ക്കപ്പെടുമെന്നും കുടുംബബന്ധങ്ങള്‍ നിഷേധിക്കപ്പെടുമെന്നുമുള്ള പ്രചാരണങ്ങളായിരുന്നു. അതായത്, കമ്യൂണിസ്റ്റ് ഭരണം നിലനിന്നാല്‍ ഈശ്വരവിശ്വാസം അസാധ്യമാകുമെന്നും സാമൂഹ്യബന്ധങ്ങള്‍ താറുമാറാകുമെന്നും ഒരു ഗണ്യമായ വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു; മെത്രാന്മാരുടെ ഉപദേശത്തോടെ. അതില്‍നിന്ന് ഉടലെടുത്ത ഭീതി അവരെ യുക്തിഹീനരാക്കുകയും കമ്യൂണിസം എന്ന 'ഭൂത'ത്തെ ചെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ പ്രേരണ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിനും സമരസന്നദ്ധതയ്ക്കും ഇടയാക്കി. യുക്തിക്ക് അതീതമായ വിശ്വാസമായിരുന്നു അവരുടെ ഏക ബൌദ്ധികസമ്പത്ത്. ഈ വിഭ്രാന്തി സൃഷ്ടിച്ചത് സ്വയം ജനങ്ങളായിരുന്നില്ല. 1957-59 കാലത്തെ ഭരണനടപടികള്‍ പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുള്ളവരായിരുന്നു ചാലകശക്തി നല്‍കിയത്. ഭൂപരിഷ്കരണംകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവര്‍, ഭൂമി നഷ്ടപ്പെടുന്നതുകൊണ്ട് സാമൂഹ്യാധികാരത്തിന് ഉലച്ചില്‍ തട്ടിയവര്‍; വിദ്യാഭ്യാസ പരിഷ്കാരംകൊണ്ട് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍. ഈ രണ്ടു വിഭാഗങ്ങളും അന്യോന്യം ബന്ധപ്പെട്ടവരായിരുന്നു. 1959ല്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് അവര്‍ കൈകോര്‍ത്തത്.

പക്ഷേ,ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവുമായിരുന്നു വിമോചനസമരത്തിന്റെ കാരണങ്ങളെന്ന കാഴ്ചപ്പാട് വളരെ ഭാഗികമാണ്. കമ്യൂണിസം പ്രതിനിധാനംചെയ്യുന്ന വര്‍ഗരഹിത ഭാവിയെയായിരുന്നു സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങള്‍ ഭയപ്പെട്ടത്. അതിനെ തടയിടാനുള്ള കൂട്ടുകെട്ടിന്റെ രാഷ്ട്രീയസമരമായിരുന്നു വിമോചനസമരം. സാമൂഹ്യാധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള ശ്രമം. മന്നത്ത് പത്മനാഭനും വടക്കനച്ചനും ആര്‍ ശങ്കറുമൊക്കെ പ്രതിനിധാനംചെയ്തത് ഈ സാമൂഹ്യവിഭാഗത്തെയാണ്. അവരെ സഹായിക്കാന്‍ കേന്ദ്രഭരണവും അമേരിക്കന്‍ സാമ്രാജ്യത്വവും സന്നദ്ധരാവുകയും ചെയ്തു. മതപുരോഹിതന്മാര്‍ അവരുടെ അനുയായികള്‍ക്ക് വിശ്വാസത്തിന്റെ പരിവേഷംചാര്‍ത്തി. കൂടെ 'സ്വാതേന്ത്ര്യേച്ഛുക്ക'ളായ കുറെ ബുദ്ധിജീവികളും. അമേരിക്കന്‍ ചാരസംഘടനയുടെ ജിഹ്വയായ സാംസ്കാരിക സ്വാതന്ത്ര്യവേദിയുമായി ബന്ധപ്പെട്ടവര്‍.

വിമോചനസമരം 'വിജയി'ക്കാന്‍ പ്രധാനകാരണം കേന്ദ്രഭരണത്തിന്റെ ഇടപെടലാണ്. ജനാധിപത്യസംരക്ഷണമായിരുന്നില്ല ആ ഇടപെടലിനു പിന്നില്‍; രാഷ്ട്രീയ അധികാരം പിടിച്ചെടുക്കലുമായിരുന്നില്ല; കേരളത്തിലെ കോൺഗ്രസിനുള്ളില്‍ ഭരണമേറ്റെടുക്കാന്‍ വ്യഗ്രതയുള്ള പലരുമുണ്ടായിരുന്നു എങ്കില്‍കൂടി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടില്‍ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം ഒരു വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ളതായിരുന്നു. മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ ഒരു വിലങ്ങുതടിയാകുമോ എന്ന് സംശയിച്ചതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയ കാഴ്ചപ്പാടുമാത്രമായിരുന്നെങ്കില്‍ നെഹ്റുവിന്റെ ജനാധിപത്യ പ്രതിബദ്ധത വിജയിക്കുമായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഇടപെടല്‍ രാഷ്ട്രീയേതര ശക്തികളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.

വിമോചനസമരം ഒരു വിരോധാഭാസമാണ്. ആധുനികതയിലേക്കുള്ള കേരളസമൂഹത്തിന്റെ പുരോഗതിയില്‍ പുറന്തള്ളപ്പെടേണ്ട സാമൂഹ്യശക്തികളാണ് വിമോചനസമരത്തെ നയിച്ചത്. കേരളസമൂഹം വിമോചനം നേടേണ്ടത് അവരില്‍നിന്നായിരുന്നു. അതുകൊണ്ട് വിചോമനസമരം എന്ന പദപ്രയോഗംതന്നെ അര്‍ഥവത്തല്ല. വാസ്തവത്തില്‍ അത് ജാതിമതശക്തികളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും പുനഃപ്രതിഷ്ഠാശ്രമമായിരുന്നു. നവോത്ഥാനത്തില്‍നിന്ന് രൂപംകൊണ്ട സാമൂഹ്യദൃഢീകരണ പ്രസ്ഥാനങ്ങള്‍ അതിന് സഹായകമായി. ഇന്ന് ഒരു രണ്ടാം വിമോചനസമരത്തിന് പ്രസക്തിയില്ലെന്നത് സുവിദിതമാണ്. അതിന്റെ സമര്‍ഥകര്‍ക്കുപോലും. പക്ഷേ, വിമോചനസമരത്തിന്റെ പ്രായോഗികതയല്ല പ്രശ്നം; അതിന്റെ ആശയസാധ്യതയാണ്. കമ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ജനകീയ വികസനസാധ്യതകള്‍ കാലഹരണപ്പെട്ടെന്നും നിയോലിബറല്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുമാത്രമേ ഭാവിയുള്ളൂ എന്നുമാണ് പുതിയ കാഴ്ചപ്പാട്. മധ്യവര്‍ഗത്തിന്റെയും സമ്പന്നവര്‍ഗത്തിന്റെയും പിന്തുണയുള്ള ഈ സമീപനത്തെ പൊലിപ്പിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്, കേരളത്തെ ദൈവത്തിന്റെ രാജ്യമാക്കിയില്ലെങ്കിലും, ഒരു വലതുപക്ഷ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ സഹായകമാകും.

രണ്ടാം വിമോചനത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം വാചാലമാകുന്ന ഈ സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ കേരളത്തില്‍ ഒരു വിമോചനം ആവശ്യമാണ്. പലതലങ്ങളില്‍ പ്രായോഗികമാകേണ്ടതാണ് ആ വിമോചനം. വലതുപക്ഷ രാഷ്ട്രീയം പറയുകയോ ഏറ്റെടുക്കാനോ സാധ്യതയില്ലാത്ത മേഖലകളിലേക്ക് ഈ വിമോചനത്തിന്റെ സ്വാധീനം കടന്നുചെല്ലേണ്ടതുണ്ട്. ദാരിദ്ര്യരേഖയ്ക്കു കീഴെ പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന അഗണ്യമല്ലാത്ത ഒരു ജനവിഭാഗം, ജാതിമത അവബോധത്തില്‍ കുടുങ്ങി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടുപോയ മധ്യവര്‍ഗം, പുരുഷമേധാവിത്വത്തിന്റെ സ്വാധീനത്തില്‍ നിശ്ശബ്ദരായി കഴിയുന്ന സ്ത്രീകള്‍ തുടങ്ങിയ പല ജനവിഭാഗങ്ങളും വിമോചനം കാത്തുകിടക്കുന്നു. അവര്‍ക്ക് വിമോചനം നല്‍കാനുള്ള സമരമാണ് ഉണ്ടാകേണ്ടത്. സാമൂഹ്യമായി യാഥാസ്ഥിതികരും ധൈഷണികമായി കാലഹരണപ്പെട്ടവരും രാഷ്ട്രീയമായി പ്രതിലോമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും സാമ്പത്തികമായി മുതലാളിത്തവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരുമായ വിമോചനക്കാര്‍ അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനിടയില്ല. പ്രത്യുത ഈ സാഹചര്യങ്ങളെ കൂടുതല്‍ പൊലിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് വിമോചനം സിദ്ധിക്കേണ്ടത് ഈ വിമോചനക്കാരില്‍നിന്നുതന്നെയാണ്. കാരണം, അവര്‍ പാടിപ്പുകഴ്ത്തുന്ന വിമോചനം ബഹുഭൂരിപക്ഷത്തിനും അരക്ഷിതത്വത്തിലേക്കുള്ള മടക്കയാത്രയാണ്. ഈ മടക്കയാത്രയുടെ വലതുപക്ഷ രാഷ്ട്രീയവും സാംസ്കാരികതയും ആരോഗ്യകരമായ സാമൂഹ്യാവബോധത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയുടെ പുരോഗതിക്ക് തടയിടാന്‍ ഇടതുപക്ഷ സാംസ്കാരികതയുടെയും ധൈഷണികതയുടെയും ഒരു പുതിയ മുന്നേറ്റം അനിവാര്യമാണ്. അതില്‍നിന്നുമാത്രമേ ജനകീയസ്വഭാവമുള്ള, പുരോഗമന ലക്ഷ്യങ്ങളുള്ള വിമോചനം സാധ്യമാകുകയുള്ളൂ. സാമൂഹ്യ വ്യതിരേകത നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വിമോചനത്തിന്റെ സ്വഭാവവും തത്വശാസ്ത്രവും വിശദീകരിക്കാന്‍ പുരോഗമന രാഷ്ട്രീയ നേതൃത്വത്തിനും ബുദ്ധിജീവികള്‍ക്കും കഴിയേണ്ടതാണ്. എങ്കില്‍ മാത്രമേ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ കരുക്കളാക്കുന്ന കപട വിമോചന സമരങ്ങള്‍ക്ക് അറുതി ഉണ്ടാകുകയുള്ളൂ.

***

കെ എന്‍ പണിക്കര്‍ ദേശാഭിമാനി,31 ജൂലൈ 2009

വിമോചന സമരം: എന്ത്, എങ്ങനെ

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങളുടെ ഗുണഭോക്താക്കളില്‍ ഒരു വിഭാഗത്തെ അന്ധമായ കമ്യൂണിസ്റ്റ്വിരോധം ഉപയോഗപ്പെടുത്തി ഹാലിളക്കി ജാതി വര്‍ഗീയ ചിന്തകള്‍ കുത്തിപ്പൊക്കാന്‍ വിമോചനസമരത്തിന് കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു?

ഒന്ന്. കമ്യൂണിസ്റ്റ്സര്‍ക്കാരിന്റെ ആദ്യനാള്‍ മുതല്‍ അരങ്ങേറിയ എതിര്‍പ്പുകള്‍ അനുക്രമമായി ശക്തിപ്രാപിച്ച് സ്വാഭാവികമായി രൂപം കൊണ്ട ഒന്നായിരുന്നില്ല കേരളത്തിലെ വിമോചനസമരം. ഈ എതിര്‍പ്പുകളുടെയെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ട്, സമരങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്.

രണ്ട്. വിമോചനസമര നിര്‍മിതിയില്‍ പള്ളിപ്രഭാഷണങ്ങള്‍ക്കൊപ്പം മാധ്യമ പ്രചാരണങ്ങളും സുപ്രധാന പങ്കു വഹിച്ചു. അക്രമങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. വലിയ തോതിലുള്ള സ്ത്രീപങ്കാളിത്തമായിരുന്നു സമരത്തിന്റെ വിജയത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്ന്. ധിഷണാശാലികളായ ഒരുപറ്റം കമ്യൂണിസ്റ്റ്വിരുദ്ധ ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും ആവിര്‍ഭാവവും കമ്യൂണിസ്റ്റ്വിരുദ്ധ നുണപ്രചാരണത്തിന് ആധികാരികത്വം നല്‍കിയ ഘടകമായിരുന്നു.

മൂന്ന്. സര്‍ക്കാരില്‍നിന്ന് ഭാഗികമായ എന്തെങ്കിലും ആവശ്യങ്ങള്‍ നേടുന്നതിനപ്പുറം ഭരണത്തെ സ്തംഭിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇതിനായി രൂപംകൊണ്ട വര്‍ഗീയ കൂട്ടുകെട്ടിന് രാഷ്ടീയ പിന്തുണയും ലഭിച്ചു. കേരളത്തിലെയും കേന്ദ്രത്തിലെയും കോഗ്രസ് സംഘടനാ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ ഈ രാഷ്ട്രീയനീക്കത്തിന് സഹായകമായി. കമ്യൂണിസ്റ്റ്ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളത്തെ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന വേവലാതിയായിരുന്നു ഇതിനു പിന്നില്‍.

നാല്. കേരളത്തിലെ കമ്യൂണിസ്റ്റ്ഭരണത്തിന്റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു അമേരിക്കയെ ഭരിച്ചിരുന്നത്. ഇക്കാലത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മൂന്നാം ലോക രാജ്യങ്ങളിലെ എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളിലൂടെ അമേരിക്ക അട്ടിമറിക്കുകയുണ്ടായി. കേരളം മാത്രം ഈയൊരു പ്രവണതയ്ക്ക് അപവാദമാകുന്നതെങ്ങനെ? ആഗോള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലേ കേരളത്തിലെ വിമോചന സമരത്തെ മനസ്സിലാക്കാനാകൂ.

അഞ്ച്. വിമോചനസമരത്തിനു പിന്നില്‍ വിദേശ കമ്യൂണിസ്റ്റ്വിരുദ്ധ ശക്തികളുടെ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് അസന്ദിഗ്ധമായി തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൌസിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്‍കി സഹായിച്ചു. എന്നാല്‍, മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെന്നപോലെ കേരളത്തില്‍ പ്രത്യക്ഷമായി അമേരിക്കന്‍ ചാരസംഘടനയ്ക്ക് ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അമേരിക്കന്‍ ഇടപെടല്‍ ഏറ്റവും ഗോപ്യമായ വിധത്തിലായിരുന്നു. ഇന്നും വളരെ കുറച്ച് രഹസ്യരേഖകള്‍ മാത്രമേ ഇത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ.

ആറ്. കമ്യൂണിസ്റ്റ്ഭരണത്തെ അട്ടിമറിക്കുന്നതിന് ഇന്ത്യയിലെ കേന്ദ്ര രഹസ്യപ്പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന നയമാണ് അമേരിക്കന്‍ ചാരസംഘടന കൈക്കൊണ്ടത്. കമ്യൂണിസ്റ്റ്വിരുദ്ധമുന്നണിക്ക് രൂപംനല്‍കുന്നതിലും സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിലും കേന്ദ്ര രഹസ്യപ്പൊലീസ് നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി.

ഏഴ് ആഗോള ക്രിസ്ത്യന്‍ പള്ളിയുടെ വിവിധ വിഭാഗങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ്വിരുദ്ധ പ്രക്ഷോഭത്തില്‍ പണംകൊണ്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പങ്കു വഹിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്വിരുദ്ധ കുരിശുയുദ്ധക്കാരാണ് കേരളദ്ധ്വനി പത്രത്തിനുള്ള പണം നല്‍കിയത്. മിന്‍സെന്റി ഫൌണ്ടേഷനും മറ്റും വഴി കത്തോലിക്കാ പള്ളിക്കും വലിയ തോതില്‍ പണം ലഭിച്ചു. ധാര്‍മിക പുനരുദ്ധാരണ പ്രസ്ഥാനം കേരളത്തില്‍ സജീവമായി ഇടപെടുകയുണ്ടായി.

എട്ട്. വിമോചന സമരത്തിന്റെ തീക്ഷ്ണതയുടെ മുമ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടിയും സര്‍ക്കാരും പകച്ചുപോയി. നെഹ്റുവിന്റെ ചേരിചേരാ നയത്തിലും ജനാധിപത്യ മര്യാദയിലും ഉണ്ടായ അതിരു കവിഞ്ഞ വിശ്വാസംമൂലം ഭരണത്തെ അട്ടിമറിക്കാനുള്ള വിമോചന സമരം അസംഭവ്യമായിട്ടാണ് പാര്‍ടിയും സര്‍ക്കാരും കരുതിയത്. അമൃത്സര്‍ പാര്‍ടി കോണ്‍ഗ്രസ് സൃഷ്ടിച്ച പരിഷ്കരണ വ്യാമോഹവും ഈ തെറ്റിദ്ധാരണയില്‍ ഒരു പങ്കു വഹിച്ചു. സാമുദായിക സംഘടനകളോടും ഇടതുപക്ഷ പാര്‍ടികളോടും എടുത്ത അടവു നയങ്ങളില്‍ അതിരു കവിഞ്ഞ ആത്മവിശ്വാസം പ്രതിഫലിച്ചു കാണാം. ഈ പോരായ്മകള്‍ വിശാലമായ കമ്യൂണിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് പിന്തിരിപ്പന്മാര്‍ക്ക് സഹായകമായി.

ഒമ്പത്. കേരളത്തിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതില്‍ വിമോചനസമരം പരാജയപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ കുതിപ്പിന് വിമോചന സമരം കടിഞ്ഞാണിട്ടു. ക്രിസ്ത്യന്‍ സമുദായത്തിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. ഏതാണ്ട് മൂന്ന് ദശാബ്ദത്തിനു ശേഷമാണ് വിമോചനസമര പ്രേതബാധ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒഴിഞ്ഞത്. മുസ്ളിം ലീഗിന്റെ രാഷ്ട്രീയ രംഗപ്രവേശവും പിന്നീട് അതിന് കേരള രാഷ്ട്രീയത്തില്‍ ലഭിച്ച ലബ്ധപ്രതിഷ്ഠയും മുസ്ളിം മതന്യൂനപക്ഷങ്ങള്‍ക്കിടയിലും കമ്യൂണിസ്റ്റ്സ്വാധീനം വര്‍ധിപ്പിക്കുന്നതിന് തടസ്സമായി.

മലങ്കരസഭയിലെ മാര്‍ ബസേലിയോസ് ക്ളിമീസ് തിരുമേനി അഭിപ്രായപ്പെട്ടതുപോലെ: '1959-ലെ സഭയുമല്ല 1959-ലെ പാര്‍ടിയുമല്ല ഇന്നുള്ളത്' ആഗോളമായി വിമോചന ദൈവശാസ്ത്ര ചിന്തകള്‍ പ്രബലമായി. കുറച്ചൊക്കെ ഇതിനോടുള്ള പ്രതിരോധ പ്രതികരണമായിട്ടാണെങ്കിലും പള്ളി കൂടുതല്‍ വികസനോന്മുഖ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇത് സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറന്നു. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ഭാഗത്തുനിന്നാണെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷ അവകാശസംരക്ഷണം മുഖ്യ ഘടകമായുള്ള ഒരു ദേശീയ രാഷ്ട്രീയ നയം രൂപംകൊണ്ടു. മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രത്യേക മതാന്തരീക്ഷം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനവും പാര്‍ടി കൈക്കൊണ്ടു. കേവല യുക്തിവാദ സമീപനരീതിയുടെ നിരാകരണം ഇതിന്റെ ഭാഗമാണ്. ജനകീയ പ്രക്ഷോഭസമരങ്ങളും ബഹുജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും മതന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. ഈ മാറ്റങ്ങള്‍ ഒട്ടേറെ അര്‍ഥവത്തായ സംവാദങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും വഴി തെളിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന കമ്യൂണിസ്റ്റ്സ്വാധീനത്തിന്റെ ഏറ്റവും വലിയ നാടകീയമായ പ്രഖ്യാപനമായിരുന്നു സമീപകാലത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഇതില്‍ ഖിന്നരായ ചിലര്‍ സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായി ഉയര്‍ന്നുവന്ന തര്‍ക്കത്തെ മതന്യൂനപക്ഷ അവകാശപ്രശ്നമായി ഉയര്‍ത്തി വിമോചന സമര ഹാലിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ രാഷ്ട്രീയ സാഹചര്യംതന്നെ മാറിപ്പോയിരിക്കുന്നു എന്നവര്‍ വിസ്മരിക്കുന്നു. 1959 അല്ല 2009.

ചരിത്രത്തില്‍ സംഭവിച്ചുപോയതിനെയൊന്നും തിരുത്താനാവില്ല. എങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ച് പോലും തെറ്റിന്റെ പിന്തുടര്‍ച്ചക്കാര്‍ കുറ്റസമ്മതം നടത്തുകയും മാപ്പുപറയുകയുംചെയ്ത സന്ദര്‍ഭങ്ങളുണ്ട്. അതൊരു ചരിത്രനീതിയാണ്. ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയരുടെ നരഹത്യക്കും മധ്യകാല യുഗത്തിലെ ഇന്‍ക്വിസിഷനും നാസി കോസെന്‍ട്രേഷന്‍ ക്യാമ്പുകളെ എതിര്‍ക്കാതെ പോയതിനും പള്ളി മാപ്പു പറഞ്ഞിട്ടുണ്ട്. ഈ ഗണത്തില്‍പെടുന്നതാണ് 1959ലെ വിമോചന സമരം. 50 വര്‍ഷം ഒരു പക്ഷേ മാപ്പു പറയാനുള്ള കാലമായി പള്ളിക്കു കരുതാന്‍ കഴിയാത്തതു സ്വാഭാവികമാവാം. പക്ഷേ, തെറ്റു തിരുത്തല്‍ പ്രക്രിയയെക്കുറിച്ച് ആലോചിക്കാനേ കൂട്ടാക്കാതെ, 50 വര്‍ഷം മുമ്പ് നടന്നതിന്റെ പേരില്‍ അഹങ്കരിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല. പഴയ സമരത്തിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ലെന്നും വേണ്ടിവന്നാല്‍ അത്തരമൊരു സമരത്തിന് വീണ്ടും തയ്യാറാകുമെന്നുംകൂടി പ്രഖ്യാപിക്കുമ്പോഴാണ് പണ്ടു നടന്നതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാകുന്നത്.

***

ഡോ. ടി എം തോമസ് ഐസക്

Wednesday, July 29, 2009

ആസിയന്‍ കരാറും കേരളവും

ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്?

തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം.

2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്.

ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.

*
ടി എം തോമസ് ഐസക് ദേശാഭിമാനി

Monday, July 27, 2009

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

ജ്ഞാനം, വിജ്ഞാനം, വിവേകം, ബുദ്ധി, ബോധം, ചിന്ത, മനസ്സ് എന്നിവയെല്ലാം അന്യോന്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സംവേദന ഇന്ദ്രിയങ്ങള്‍ വഴിയാണ് ശരീരത്തിന് പുറത്തുള്ള ഭൌതിക വികാസങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ മസ്‌തിഷ്‌ക്കത്തിലേക്ക് കടന്നുചെല്ലുന്നത്. ഇവയൊന്നും ഇല്ലെങ്കില്‍ മസ്‌തിഷ്‌ക്കം വികസിക്കുകയില്ല; മനസ്സ് എന്നൊന്ന് ഉണ്ടാവുകയുമില്ല. മസ്‌തിഷ്‌ക്കാഘാതംവന്ന് അബോധാവസ്ഥയില്‍ കഴിയുന്ന വ്യക്തിയുടെ ബുദ്ധിയോ മനസ്സോ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് എപ്പോള്‍ ഒരുവന്‍ തന്റെ എല്ലാ ഇന്ദ്രിയങ്ങളില്‍നിന്നും പിന്‍വലിയുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍പോയിട്ട് ജ്ഞാനിപോലും അല്ലാത്തവനാകും.

പദാര്‍ഥമാണ് എല്ലാ നിലനില്‍പ്പിനും അടിസ്ഥാനമെന്നും, മാനസികവും ആത്മീയവുമായ എല്ലാ പ്രതിഭാസങ്ങളും അതില്‍നിന്നുളവായതാണെന്നും, മസ്‌തിഷ്‌ക്കത്തിനതീതമായി മനസ്സിന് അസ്തിത്വമില്ലെന്നും ഡാര്‍വിന്‍ പരിണാമ സിദ്ധാന്തത്തില്‍ വ്യക്തമാക്കുന്നു. പദാര്‍ഥത്തിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. മാറ്റം മാത്രമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് , ആത്മീയവാദികള്‍ പറയുന്നപോലെ നാശമുള്ളതും പരിണാമിയുമായ ദൃശ്യമാധ്യമം (അക്ഷരം), അതിനും ഉറവിടവും അതില്‍ പ്രവര്‍ത്തിക്കുന്നതുമായ അടിസ്ഥാന ബലം (അക്ഷരാതീതം) എന്നതാണ് പ്രപഞ്ചഘടന എന്നും അതിനെയാണ് പരമാത്മാവ് എന്ന് പറയുന്നതെന്നും അതിന്റെ അനുരണനമാണ് ജീവാത്മാവ് എന്നും, ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവില്ല, ബുദ്ധിക്ക് ഗ്രഹിക്കാനാവും എന്നും മറ്റും പറയുന്നത് ശാസ്‌ത്രത്തിന് നിരക്കാത്തതാണ്. ഒരു തരത്തില്‍ വസ്‌തുതകളെ തല കീഴായി കാണലാണ്. സങ്കീര്‍ണമായ പ്രപഞ്ചത്തെക്കുറിച്ചുള്ള സത്യാന്വേഷണമാണ് ആത്മീയത എന്നും, ശരീരത്തില്‍നിന്ന് അന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണ് ആത്മാവ് എന്നും, അവ്യക്ത മാധ്യമമായും, അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ, നിരീക്ഷിക്കാനോ, പരീക്ഷിക്കാനോ കഴിയില്ല എന്നും പറയുന്നതും ശാസ്‌ത്രീയമല്ല. ആത്മാവ് ശരീരത്തില്‍ നിന്നന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണെങ്കില്‍ അത് പദാര്‍ഥത്തിന്റെ ഉല്‍പ്പന്നമാവുന്നില്ല. അതുകൊണ്ട്തന്നെ ഊര്‍ജമല്ല. അതിന് നിലനില്‍പ്പും ഇല്ല. അതുകൊണ്ട് , ആത്മീയത എന്നത് മനുഷ്യമനസ്സിന്റെ അത്യഗാധതയിലേക്കും സൂക്ഷ്മതയിലേക്കും ഇറങ്ങിച്ചെന്നാലും കണ്ടെത്താന്‍ കഴിയാത്ത കേവലം കാല്‍പനിക പ്രതിഭാസമാണെന്ന് വരുന്നു.

എന്തായാലും, സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ആത്മീയതയുടെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച് ചൂഷണവിധേയരാക്കാന്‍ വരേണ്യവര്‍ഗത്തിന് നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്നു. വൈദിക കാലഘട്ടത്തില്‍, തങ്ങള്‍ ചെയ്ത അനീതികളെയും മര്‍ദനങ്ങളെയും ഹിംസകളെയും ന്യായീകരിക്കാന്‍ ആത്മീയതയെയാണ് അവര്‍ കൂട്ടുപിടിച്ചത്. അതിന് തത്വശാസ്‌ത്രങ്ങളും പുരാണങ്ങളും മെനഞ്ഞുണ്ടാക്കി. അത്തരം ഒരു കഥ രാമായണത്തില്‍ ഉള്ളത് ഒരു ഉദാഹരണമായി എടുക്കാം. ആര്യരാജാവായ ശ്രീരാമന്‍ ദ്രാവിഡനായ ബാലിയെ ഒളിയമ്പെയ്ത് ചതിച്ചുകൊന്നശേഷം ബാലിയുടെ ആത്മാവ് മരിച്ചിട്ടില്ലെന്നും, നശ്വരമായ ഭൌതിക ശരീരം നഷ്ടപ്പെട്ടതില്‍ ബുദ്ധിയുള്ളവര്‍ ദുഃഖിക്കയില്ലെന്നും വിഷാദഭാരത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന താരയെ ശ്രീരാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ സീത അപഹരിക്കപ്പെട്ടപ്പോഴും, ഒടുവില്‍ സീതയുടെ തിരോധാനത്തിലും ഇതേ ശ്രീരാമന്‍ നിയന്ത്രണംവിട്ട് വാവിട്ട് നിലവിളിക്കുന്നു. തനിക്കുതന്നെ ബോധ്യമല്ലാത്ത തത്വവാദം താരയെ ഉപദേശിക്കയായിരുന്നു ശ്രീരാമന്‍.

ഹോമവും യജ്ഞവും പൂജയും മന്ത്രവാദങ്ങളും ആത്മീയ കാര്യങ്ങളായാണ് കരുതപ്പെടുന്നത്. ജ്യോതിഷം അതില്‍ അനുപേക്ഷണീയമായ ഘടകമാണ്. താടിയും മുടിയും വളര്‍ത്തി, കാവിയുടുത്ത്, നെറ്റിയില്‍ ഭസ്‌മവും കളഭവും പൂശി, രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് വേഷം കെട്ടിയ പൂജാരികള്‍, സ്വാമിമാര്‍, മന്ത്രവാദികള്‍ എന്നിവരെല്ലാം ആത്മീയാചാര്യന്മാരായാണ് പൊതുവെ അറിയപ്പെടുന്നത്.

മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുക വൈദിക കാലഘട്ടത്തിലായിരിക്കും. ബ്രഹ്മത്തില്‍നിന്ന് പ്രകടീദൂതമായതത്രെ വേദമന്ത്രങ്ങള്‍. അതിനാല്‍ നിരവധി കാര്യസിദ്ധിക്കായി വേദമന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വേദങ്ങളില്‍ പ്രാര്‍ഥനകളും സ്‌തുതികളും മന്ത്രവാദങ്ങളും ഉണ്ട്. ഋഗ്വേദത്തില്‍ പ്രധാനമായും വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെ കഥകളും പ്രകൃതിപ്രതിഭാസങ്ങളായ ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍, അഗ്നി, ഉഷസ്സ്, മരുത്തുക്കള്‍, അശ്വികള്‍ എന്നിവരെ സ്‌തുതിക്കുന്ന പ്രാര്‍ഥനകളുമാണ്. പ്രാര്‍ഥനകള്‍കൊണ്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തി അഭീഷ്ടം സാധിക്കാമെന്നാണ് വിശ്വാസം. യജ്ഞങ്ങളും, ഹോമങ്ങളും ചെയ്യാനുള്ള മന്ത്രങ്ങളും ഋഗ്വേദത്തില്‍ ഉണ്ട്. സാമവേദം, അഥര്‍വവേദം എന്നിവയില്‍ മന്ത്രവാദവും മന്ത്രവാദക്രിയകളും പ്രതിപാദിച്ചിരിക്കുന്നു. സാമവേദത്തില്‍ മാന്ത്രിക പ്രയോഗത്തിന്നുതകുന്ന ശാസനകള്‍ ധാരാളം കാണാം. അഥര്‍വവേദത്തില്‍ എല്ലാതരത്തിലുള്ള ഭൂതപ്രേതങ്ങള്‍, പിശാചുകള്‍, അസുരന്മാര്‍ തുടങ്ങിയവരില്‍നിന്നും സര്‍പ്പങ്ങളില്‍നിന്നും രക്ഷനേടാനുള്ള മന്ത്രങ്ങളാണ്. വിഷചികിത്സക്കുള്ള മന്ത്രങ്ങള്‍ അതില്‍ പ്രധാനമാണ്. മന്ത്രംകൊണ്ട് കടിച്ച പാമ്പിനെ വരുത്തി തിരിച്ച്കൊത്തിച്ച് വിഷം ഇറക്കാമെന്ന അന്ധവിശ്വാസം ഒരു കാലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളും മാരണം, ഉച്ചാടനം, വശീകരണം തുടങ്ങിയവയ്ക്കുള്ള ധാരാളം മന്ത്രങ്ങളും അഥര്‍വവേദത്തില്‍ കാണാം. സ്‌ത്രീകളെ സ്വാധീനിക്കുന്ന ദുര്‍ദേവതകളാണ് ഗന്ധര്‍വന്മാരെന്നും അവര്‍ക്ക് മായകൊണ്ട് പല ജന്തുക്കളുടെയും വേഷം ധരിക്കാന്‍ കഴിയുമെന്നും അത്തരം ഗന്ധര്‍വന്മാരെ മന്ത്രശക്തിയാല്‍ തുരത്തി ഓടിക്കാമെന്നും അഥര്‍വവേദ സൂക്തങ്ങളില്‍ ഉണ്ട്. ഒരു സൂക്തം ഇപ്രകാരമാണ്.

ജയ് ഇദ്വോ അപ്സരസോ ഗന്ധര്‍വാ പതയോയുയം

അപധാവതാ മര്‍ത്യാ മര്‍ത്യാന്‍ മാസചധ്വം

(ചതുര്‍കാണ്ഡം, സൂക്തം 37)

"അല്ലയോ ഗന്ധര്‍വന്മാരേ, അപ്സരസുകളാണ് നിങ്ങളുടെ പത്നിമാര്‍. നിങ്ങളുടെ ഉപഭോഗത്തിന് പറ്റിയവര്‍ അവരാണ്. അവരുടെ അടുത്തു ചെല്ലുക. നിങ്ങള്‍ മരണമില്ലാത്തവരാകയാല്‍ മരണമുള്ളവരെ സമീപിക്കാതിരിക്കുക.''

ഇങ്ങനെ~സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഗന്ധര്‍വന്മാരെന്ന വിചിത്ര ജീവികളെ സാങ്കല്‍പികമായി സൃഷ്ടിച്ച് സ്‌ത്രീകളെ ഭയപ്പെടുത്തി അര്‍ഥമില്ലാത്ത മന്ത്രവാദത്തിനടിമപ്പെടുത്തുന്നത് അസംബന്ധമാണ്. വേദത്തിലായതുകൊണ്ട് അത് അങ്ങനെ അല്ലാതാകുന്നില്ല.

ഭൂത, പ്രേത പിശാചുകള്‍, ദുര്‍ബലമനസ്സുകളില്‍ ഭയം സൃഷ്‌ടിച്ച് മന്ത്രവാദത്തിനടിമപ്പെടുത്തി ചൂഷണ വിധേയരാക്കാന്‍ വരേണ്യവര്‍ഗം കണ്ടെത്തിയ വിചിത്ര സാങ്കല്‍പിക സൃഷ്‌ടികളാണ്. അവയില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ വൈദികവും വൈദികേതരവുമായ വ്യത്യസ്ത മന്ത്രങ്ങള്‍ ഉണ്ട്. അതുപോലെ മന്ത്രങ്ങള്‍ക്ക് ലിംഗഭേദവും ഉണ്ട്. വൈദിക കാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യവും ഉച്ചനീചത്വവും, സ്‌ത്രീകളെ പുരുഷന്റെ അടിമയായി കരുതുന്ന വ്യവസ്ഥയും ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാമാന്യ ജനങ്ങളില്‍ ഭീതിയും വിഹ്വലതയും സൃഷ്ടിച്ചുകൊണ്ടാണ് മന്ത്രവാദികള്‍ തട്ടിപ്പ് നടത്തുന്നത്. അത് ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്നു. പ്രകൃതിയില്‍നിന്നും ജന്തുക്കളില്‍നിന്നും മനുഷ്യരില്‍നിന്നുതന്നെയും ഉളവാകുന്ന വിപത്തുക്കളെ മാന്ത്രിക ശക്തികൊണ്ട് തടയാന്‍ കഴിയുമെന്ന് അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. ആ ശക്തിയെ അഭൌമമായ ബാഹ്യശക്തികളില്‍ പ്രതിഷ്ഠിക്കുന്നു. മാന്ത്രിക കര്‍മത്തില്‍ സദ്മന്ത്രവാദം, ദുര്‍മന്ത്രവാദം എന്നീ വിഭാഗങ്ങള്‍ ഉണ്ട്. പരദ്രോഹത്തിനും ശത്രുസംഹാരത്തിനും സ്വാര്‍ഥ ലാഭത്തിനുംവേണ്ടിയുള്ള ആഭിചാര കര്‍മങ്ങളാണ് ദുര്‍മന്ത്രവാദം. അവയെ നിര്‍വീര്യമാക്കാനുള്ളതാണ് സദ്മന്ത്രവാദം. മന്ത്രവാദ സാധനകളില്‍ മന്ത്രവാദി ദുര്‍മൂര്‍ത്തികളെ അടിമകളാക്കി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്നു. ദുര്‍ദേവതകളായ കാളി, കൂളി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, മാടന്‍, മറുത, യക്ഷി, ഗുളികന്‍ എന്നിവരെയാണ് ഉപാസിക്കുന്നത്. ഇതില്‍ ഗുളികന്‍ ജ്യോതിഷത്തിലെ ഒരു സാങ്കല്‍പിക ഗ്രഹമാണ്. അങ്ങനെ ഒരു ഗ്രഹം ഉള്ളതായി ഒരു ജ്യോതിഷിക്കും പറയാന്‍ കഴിയില്ല. എന്നിട്ടും ഗുളികന്‍ മന്ത്രവാദത്തില്‍ പ്രധാനപ്പെട്ട ദുര്‍ദേവതയാണ്. മറ്റുദേവതകളും കേവലം സാങ്കല്‍പ്പിക സൃഷ്ടികള്‍. ഓരോ മൂര്‍ത്തിയും പ്രത്യേകം പ്രത്യേകം ഉദ്ദിഷ്ട കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നു എന്നാണ് വിശ്വാസം.

മാരണം, വശീകരണം, ഉച്ചാടനം, സ്തംഭനം, ആകര്‍ഷണം, മോഹനം എന്നിവയാണ് മന്ത്രവാദി ലക്ഷ്യമിടുന്ന ഷട്സിദ്ധികള്‍. ശാന്തി (രോഗശമനം), വശ്യം (വശീകരിക്കുക), സ്തംഭനം (ഒന്നും ചെയ്യാന്‍ കഴിയാതാക്കുക), ദ്വേഷണം (വിദ്വേഷം സൃഷ്ടിക്കുക), ഉച്ചാടനം (സ്വന്തം ഭവനത്തില്‍ നിന്നോ സ്ഥാപനത്തില്‍നിന്നോ ഇറക്കി വിടുക), മാരണം (കൊല്ലുക) എന്നിവയാണ് ആറ് കര്‍മങ്ങള്‍. ഇവയില്‍ ശത്രുവിനെ തകര്‍ക്കാന്‍ ഏതൊക്കെയാണ് ചെയ്യേണ്ടതെന്ന് മന്ത്രവാദി ഉപദേശിക്കുന്നു. അപ്രകാരമുള്ള മന്ത്രവാദങ്ങള്‍ ചെയ്യുന്നു. ആഭിചാരക്രിയ ചെയ്യുമ്പോള്‍, ലക്ഷ്യമിടുന്ന ശത്രുവിന്റെ പേരും ജന്മനക്ഷത്രവും അറിഞ്ഞിരിക്കണം. ജ്യോതിഷികളുടെ സഹായത്തോടെയാണ് മന്ത്രവാദം ചെയ്യുക. ഫലജ്യോതിഷം നോക്കി പ്രേതബാധപോലുള്ള ബാധകളെ മന്ത്രവാദി ഉച്ചാടനംചെയ്യുന്നു. ദേവത വന്നോ, മന്ത്രവാദംകൊണ്ട് തൃപ്‌തിപ്പെട്ടോ, ബാധ നീങ്ങിയോ എന്നീ കാര്യങ്ങള്‍ കവിടി നിരത്തി ജ്യോത്സ്യന്‍ കണ്ടുപിടിക്കുന്നു. പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. രാഹു എന്ന ഒരു ഗ്രഹം ഇല്ലാത്തതാണെന്ന് ജ്യോതിശ്ശാസ്‌ത്രം തെളിയിച്ചിട്ടും രാഹുവിന്റെ നില്‍പ്പ് നോക്കിയാണ് സര്‍പ്പകോപത്തിനുള്ള പരിഹാരക്രിയ ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത്. ഇതുപോലെ ശനിയുടെ ക്ഷേത്രത്തില്‍ വ്യാഴം നിന്നാല്‍ ഭസ്‌മ പിശാച്, ശൂലപാണി തുടങ്ങിയ ബാധകള്‍ ഉണ്ടായതായി ഗ്രഹിക്കണമെന്ന് ജ്യോത്സ്യന്‍ വിധിക്കുകയും പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബധോച്ചാടനത്തിലെ ജപം, ഹോമം, വ്രതം, ബലി തുടങ്ങിയ മന്ത്രങ്ങള്‍ വേദകാലത്തുണ്ടായ വിധികളാണ്.

മന്ത്രവാദികള്‍ അടുത്ത് വരുന്നവരില്‍ ഭീതി സൃഷ്ടിക്കാന്‍ പര്യാപ്തമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. അര്‍ധരാത്രിയില്‍ അരണ്ട വെട്ടത്തിലാണ് മന്ത്രവാദം നടത്തുക. അവിടെ തലയോട്ടി, എല്ലിന്‍ കഷണങ്ങള്‍, തലമുടി, മാംസക്കഷണങ്ങള്‍, കറുത്തതും ചുവന്നതുമായ തുണിക്കഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പിന്നെ, തവള, മൂങ്ങ, പല്ലി, പാമ്പ്, എലി, മലങ്കാക്ക, കരിംപൂച്ച, വവ്വാല്‍ എന്നിവയില്‍ ചിലതും കാണും. മന്ത്രവാദിയാകാന്‍ ഗുരുവിന്റെ കീഴില്‍ ഏറെക്കാലത്തെ പരിശീലനം ആവശ്യമാണ്. നല്ല മനക്കരുത്ത് ഉണ്ടായിരിക്കണം. മനക്കരുത്ത് പരീക്ഷിക്കാന്‍ ഒരു ഗുരു ശിഷ്യനോട് ആജ്ഞാപിച്ചത് ഇതായിരുന്നു. കറുത്ത വാവിലെ അര്‍ധരാത്രി പ്രേതങ്ങള്‍ നൃത്തം ചെയ്യുന്ന ഒരു ശ്‌മശാനത്തിലെ കാഞ്ഞിരമരത്തില്‍ ഒരു ഇരുമ്പാണി തറച്ചുവരിക. വെളിച്ചം കരുതാന്‍ പാടില്ല. ശിഷ്യന്‍ കാഞ്ഞിരമരത്തില്‍ ചുറ്റിക കൊണ്ടടിച്ച് ഇരുമ്പാണി തറച്ച് കയറ്റി. തിരിച്ചുനടന്നപ്പോള്‍ പിന്നില്‍നിന്ന് ഏതോ പ്രേതം പിടിച്ച്വലിച്ചതായി തോന്നി. ശ്മശാനത്തില്‍ പ്രേതം ഉണ്ടെന്ന വിശ്വാസമാണ് അങ്ങനെ തോന്നിച്ചത്. പേടിച്ചരണ്ട ശിഷ്യന്‍ എങ്ങനെയോ ഓടി വീട്ടില്‍ എത്തി. പിന്നെ വിറയലും പനിയും. പിറ്റേന്ന് രാവിലെ അന്വേഷിക്കാന്‍ ചെന്ന ഗുരു കണ്ടത് കാഞ്ഞിരമരത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പളിയാണ്. ഇരുമ്പാണി തറച്ച കൂട്ടത്തില്‍ ശിഷ്യന്‍ പുതച്ചിരുന്ന കമ്പളിയുടെ ഒരറ്റവും അതില്‍ കുടുങ്ങിപ്പോയി. അതാണ് പ്രേതം പിടിച്ചുവലിച്ചതായി തോന്നിയത്.

മന്ത്രങ്ങളിലെ വാക്കുകള്‍ നിരര്‍ഥകങ്ങളാണ്. ബീജാക്ഷരങ്ങള്‍ എന്നറിയപ്പെടുന്ന ഓം, ക്ളിം, ബ്ളും, ഹ്രീം, ശ്രീം തുടങ്ങിയവക്ക് എന്തെങ്കിലും അര്‍ഥമുള്ളതായി കാണാന്‍ കഴിയില്ല. ഉദാഹരണത്തിന് രുദ്ര മഹാമന്ത്രത്തിലെ ഈ വരികള്‍ നോക്കാം.

ഓം, ഹ്രീം, സ്‌ഫുര പ്രസ്‌ഫുര പ്രസ്‌ഫുര ഘോരഘോര

തനുറൂപ ചടപട പ്രചട പ്രചട കഹ കഹ ബദ്ധ ബദ്ധ ഘാതായഹുംഫട് സ്വാഹാ

ശബ്ദ കോലാഹലംകൊണ്ട് ദുര്‍ബല മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച് മന്ത്രവാദത്തിന് അടിമയാക്കുകയാണ് മന്ത്രവാദി ചെയ്യുന്നത്. ഒരിക്കല്‍ ഇതെഴുതുന്ന ആള്‍ ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ പോകാന്‍ ഇടയായി. ഒരു ഗ്രാമത്തില്‍വച്ച് ഒരു മന്ത്രവാദിയെ പരിചയപ്പെട്ടു. മലയാളി. അദ്ദേഹത്തിന്റെ മന്ത്രവാദം ഇതായിരുന്നു.

നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന

മര്‍ക്കടാ നീയങ്ങ് മാറിക്കിടാ, ശഠാ!

ഓം, ഹ്രീം, ക്ളിം, ബ്ളും സ്വാഹാ

ഇതുകൊണ്ട് ആളുകള്‍ക്ക് നല്ല ഫലം കിട്ടുന്നുണ്ടെന്നും, ധാരാളം ആളുകള്‍ മന്ത്രവാദം ചെയ്യിക്കാന്‍ വരുന്നുണ്ടെന്നും, തരക്കേടില്ലാത്ത വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രങ്ങളും തന്ത്രങ്ങളും കൂടാതെ യന്ത്രങ്ങളും ഇന്ന് വളരെ പ്രചാരത്തില്‍ ഉണ്ട്. ആറ്റുകാല്‍ രാധാകൃഷ്ണന്മാര്‍ ധനാകര്‍ഷണ ഭൈരവ യന്ത്രം വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു. ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം എന്നീ ലോഹത്തകിടുകളും താളിയോല, അസ്ഥി തുടങ്ങിയവയും യന്ത്രമന്ത്രാദികള്‍ എഴുതാന്‍ ഉപയോഗിക്കാമെന്നാണ് വിധി. അവയുടെ കൂടുകള്‍ ചെമ്പുകൊണ്ടോ, വെള്ളികൊണ്ടോ, സ്വര്‍ണംകൊണ്ടോ ആയിരിക്കും. ശാന്തികര്‍മങ്ങള്‍ക്കും വശീകരണത്തിനും സ്‌തംഭനത്തിനും ഉച്ചാടനത്തിനും മാരണത്തിനും വ്യത്യസ്ത തകിടുകളാണ് ഉപയോഗിക്കുക. മന്ത്രത്തകിട് എഴുതാന്‍ ഉപയോഗിക്കുന്ന നാരായം, സൂചി എന്നിവയ്ക്കും ദേവതാ ഭേദമനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. മാന്ത്രികയന്ത്രം, ഉപയോഗിക്കുന്നതിന് മുമ്പായി ഒരുദിവസം വെള്ളത്തിലിട്ടുവയ്ക്കണം. പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. യന്ത്രത്തിന്റെ വീര്യം ഉറപ്പാക്കാനാണ് അങ്ങനെ ചെയ്യുന്നത്. യന്ത്രത്തിന് ഏലസ്സ് അല്ലെങ്കില്‍ ഉറുക്ക് എന്നും പറയും. സാമ്പത്തിക വരുമാനത്തിനും, ഇഷ്ട കാമുകിയെയോ, കാമുകനെയോ വശീകരിക്കുന്നതിനും ഏലസ്സുണ്ട്. തകിടില്‍ എഴുതുന്ന മന്ത്രങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നതാണ് സത്യം. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കാണാം-

സര്‍വാകര്‍ഷണ യന്ത്രം: ഒരു ഷഡ്‌കോണ്‍ ഒരു തകിടില്‍ വരയുക. മധ്യത്തില്‍ സാന്ധ്യനാമം എഴുതുക. വലതുവശത്ത് 'ക്ളീം' എന്നും, 'എം' എന്നും എഴുതുക. ആറുകോണിലും 'സൌെ' എന്ന മന്ത്രാക്ഷരം എഴുതുക. തകിട് റെഡി.

മായാവശ്യ മാന്ത്രിക യന്ത്രം: മന്ത്രത്തകിടില്‍-

ജൃം ഭേ ജൃംഭിനീ സ്വാഹാ

മോഹേ മോഹതിസ്വാഹാ

അന്ധേ അന്ധതി സ്വാഹാ

രുന്ധേ രുന്ധതി സ്വാഹാ

എന്നെഴുതുക.

ഇങ്ങനെ ഓരോ മന്ത്രം എടുത്തു നോക്കിയാലും ഒരര്‍ഥവുമില്ലാത്ത വാക്കുകളാണെന്ന് കാണാം. വാസ്തവത്തില്‍ എന്താണ് എഴുതിയതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ പിന്നെ ആരും ഇത്തരം ഏലസ്സുകളുടെ പിന്നാലെ പോവുകയില്ല. ഏലസ്സിന്റെ മാന്ത്രികശക്തി കൂട്ടാന്‍ മന്ത്രവാദി ചെയ്യുന്ന ഒരു സൂത്രമുണ്ട്. രാത്രി അരണ്ട വെളിച്ചത്തില്‍ നടത്തുന്ന മന്ത്രവാദത്തിന്റെ ശക്തികൊണ്ട് തകിട് കൂട്ടിന്നുള്ളില്‍ സ്വയം കയറുന്നതായി കാണിക്കുന്നു. അതിന്റെ രഹസ്യം എന്റെ സുഹൃത്തായ മാന്ത്രികന്‍ പറഞ്ഞുതരികയുണ്ടായി. കൂടില്‍ കയറ്റാന്‍ പാകത്തില്‍ ചുരുട്ടിയ തകിടിന്റെ ഒരറ്റം ഒരു തലനാരിഴകൊണ്ടു ബന്ധിക്കുന്നു. മറ്റേ അറ്റം പത്മാസനത്തില്‍ ഇരിക്കുന്ന മാന്ത്രികന്റെ കാല്‍മുട്ടുമായി ബന്ധിക്കുന്നു. മന്ത്രം മുറുകുമ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച്കാല്‍മുട്ടു ചലിപ്പിച്ച് തകിട് സാവധാനം കൂടിനുള്ളില്‍ കയറ്റുന്നു. ഇരുട്ടിലും പുകയിലും ആര്‍ക്കും തലനാരിഴ കാണാന്‍ കഴിയില്ല.

ഹിന്ദുമത വിശ്വാസികളുടെ ഇടയില്‍ വൈഷ്ണവം, ശൈവം, ശാക്തേയം, ഗാണപത്യം എന്നിങ്ങനെ പലതരത്തിലുള്ള താന്ത്രികവിദ്യകള്‍ ഉണ്ട്. മുസ്ളിങ്ങളുടെ ഇടയില്‍ പരിശുദ്ധ ഖുറാനിലെ ചില വാക്യങ്ങള്‍ ഉരുവിട്ട് രോഗശാന്തിക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്‍കുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു കടലാസില്‍ എഴുതി ആ കടലാസ് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ ദീനം മാറുമെന്ന വിശ്വാസം ചിലരിലുണ്ട്. അതുപോലെ ക്രിസ്ത്യന്‍ വിശ്വാസികളില്‍ കുരിശോടുകൂടിയ പ്രാര്‍ഥനയുടെ രൂപത്തില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എല്ലാം ചൂഷണോപാധിയാണ്. അങ്ങനെ മന്ത്രവാദവും ദുര്‍മന്ത്രവാദവും ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തില്‍ വളരെ വ്യാപകമാണ്. ഇതിന്ന് ഏറ്റവും സഹായമായി വര്‍ത്തിക്കുന്നത് മറ്റൊരന്ധവിശ്വാസമായ ജ്യോതിഷമാണ്.

ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ സ്‌നേഹബന്ധങ്ങളേക്കാളേറെ ഏത് വിധേയനയും ധനം സമ്പാദിക്കുക എന്നതാണ് ഒരു വിഭാഗം ജനങ്ങളുടെ ലക്ഷ്യം. തിരക്കുപിടിച്ച ജീവിതത്തില്‍ പ്രശ്‌നങ്ങളുടെയും കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കത്തിന്റെയും ചുഴിയില്‍പെട്ടുഴലുന്ന മനുഷ്യര്‍ അവയുടെ കാരണങ്ങള്‍ കണ്ടെത്താനോ, പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനോ അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സാമൂഹ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുന്നതിന് പകരം ജ്യോതിഷികളെയോ പുരോഹിതന്മാരേയോ മന്ത്രവാദികളെയോ സമീപിക്കുന്നു. അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഇങ്ങനെ എത്രയോ തട്ടിപ്പുകളുടെ കഥ നാം ദിവസേന കേള്‍ക്കുന്നു; പത്രങ്ങളില്‍ വായിക്കുന്നു.

ഇതിനെല്ലാം പ്രധാന കാരണം സാധാരണ ജനങ്ങള്‍ മാത്രമല്ല, അഭ്യസ്‌തവിദ്യരും ഏത് പ്രശ്‌നത്തിനും ജ്യോതിഷത്തിലും മന്ത്രവാദത്തിലും അഭയം തേടുന്നതാണ്. വേദങ്ങളില്‍നിന്ന് തുടങ്ങി എത്രയോ നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളില്‍ രൂഢമൂലമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിയുക അത്ര എളുപ്പമല്ല, ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ കൊടിയ വിപത്തിന് പരിഹാരമാകൂ.

***

വി സി പത്മനാഭന്‍, കടപ്പാട് : ദേശാഭിമാനി വാരിക

"ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും''

2009 ക്യൂബന്‍ വിപ്ലവത്തിന്റെ വിജയകരമായ 50-ാം വര്‍ഷം. അതെ! ലാറ്റിന്‍ അമേരിക്ക നെഞ്ചോട് ചേര്‍ത്താരാധിക്കുന്ന സാഹസിക വിപ്ലവസമരത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം. ഇരുപതാം നൂറ്റാണ്ടിലെ ദാര്‍ശനികരില്‍ മുമ്പനായ ജീന്‍പോള്‍ സാര്‍ത്ര് ക്യുബന്‍ വിപ്ലവത്തെക്കുറിച്ച് ഇങ്ങനെ എഴുതി-

"എനിക്കറിയാവുന്ന വിപ്ലവങ്ങളില്‍ ഏറ്റവും മൌലികമായത് ക്യൂബന്‍ വിപ്ലവമാണ്. സംഘാടനത്തിലും പ്രവര്‍ത്തനത്തിലും യുവത്വവും സാഹസികതയും മൌലികതയും ഒത്തുചേര്‍ന്നതായിരുന്നു ക്യൂബന്‍ വിപ്ലവം.''

വിപ്ലവത്തിന്റെ 50-ാം വാര്‍ഷികചിന്തയ്ക്ക് വിഷയമാകേണ്ട സന്ദര്‍ഭത്തില്‍ മൊന്‍കാടാ പട്ടാളബാരക്ക് ആക്രമണത്തിന്റെ മങ്ങാത്ത സ്മരണകളുമായാണ് ജൂലൈ 26 വന്നെത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂക്കിന്‍ചുവട്ടില്‍ നിരവധി ഇടതുപക്ഷ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തുന്ന ഇക്കാലം പ്രതിരോധത്തിന്റെയും ജീവന്‍ അവഗണിച്ചുള്ള വിപ്ലവ പോരാട്ടത്തിന്റെയും സ്മരണ അഭിമാനപൂര്‍വം പുതുക്കാവുന്ന സന്ദര്‍ഭമാണിത്.

വെനസ്വേല, നിക്കരാഗ്വ, ബ്രസീല്‍, ഗ്രിനേഡ, പരാഗ്വേ, ചിലി തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെല്ലാം ഇന്ന് മുതലാളിത്തേതരമായ രാഷ്ട്രീയ നിലപാടുകളുടെ വിജയ സൂചകങ്ങളാണ്. എന്നാല്‍ അരനൂറ്റാണ്ടായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും പരാജയപ്പെടുത്താനാവാത്ത രാഷ്ട്രീയശക്തിയായി ഫിഡല്‍ കാസ്ട്രോയുടെ ക്യൂബ തലയുയര്‍ത്തി നില്‍ക്കുന്നു എന്നതാണ് ജൂലയ് 26ന്റെ സ്മരണയെ കൂടുതല്‍ ദീപ്തമാക്കുന്നത്.

1953 ജൂലൈ 26ന് ഫിദല്‍ കാസ്ട്രോയും സായുധരായ നൂറ്റിയറുപത് സഖാക്കളും ചേര്‍ന്ന് നടത്തിയ മൊന്‍കാട പട്ടാളബാരക്ക് ആക്രമണം ഏകാധിപതിയായ ബാറ്റിസ്തായെ ഞെട്ടിച്ച സംഭവമാണ്. 1952 ജൂണില്‍ ക്യൂബന്‍ പ്രസിഡന്റ്സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടാള അട്ടിമറി നടത്തി അധികാരത്തില്‍വന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്തായ്ക്കെതിരെ ഫിദലിന്റെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ വിപ്ലവചരിത്രത്തിലെ ധീരോജ്വല ഏടാണ് മൊന്‍കാട പട്ടാളബാരക്ക് ആക്രമണം. ഈ സംഭവത്തില്‍ അറുപത് വിപ്ലവകാരികള്‍ രക്തസാക്ഷികളായി. അറുപതുപേര്‍ പിടിയിലായി. പതിനഞ്ചുവര്‍ഷക്കാലത്തേക്ക് ഫിദലിനെയടക്കം ശിക്ഷിച്ചു. വിചാരണക്കോടതിയില്‍ നാലുമണിക്കൂര്‍ നീണ്ട ഫിദലിന്റെ വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച കോപ്പികള്‍ രാജ്യവ്യാപകമായി പ്രചരിപ്പിച്ചു. "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും'' എന്ന ആ വിഖ്യാത പ്രസംഗം തലമുറകള്‍ക്ക് എന്നും ആവേശം പകരുന്നതാണ്. ഇരുപത്തിരണ്ടുമാസത്തെ ശിക്ഷയ്ക്കുശേഷം ഫിദലിനെ മോചിപ്പിച്ചു. ജൂലൈ 26ന്റെ വിപ്ലവത്തില്‍ പങ്കെടുത്ത് പിടികൂടപ്പെട്ടവരും കൊല്ലപ്പെട്ടവരും പില്‍ക്കാല ക്യൂബയുടെ ചരിത്രത്തെതന്നെ മാറ്റിയെഴുതി.

ലോകരാഷ്ട്രീയ ഭൂപടത്തില്‍ ക്യൂബ ഒരു രാഷ്ട്രീയസൂചകമാണ്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും പരാജയപ്പെടുത്താനാവാത്ത കമ്യൂണിസ്റ്റ് കരുത്തിന്റെ രാഷ്ട്രീയചിഹ്നം. കരിമ്പിനെയും കൃഷിയെയുംമാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ പരാജയപ്പെടുത്താന്‍ സാമ്പത്തിക ഉപരോധത്തിനോ മാധ്യമങ്ങളിലൂടെയുള്ള വമ്പന്‍ നുണപ്രചാരണങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ക്യൂബ ഉപരോധങ്ങളുടെ തടവറയിലാണെങ്കിലും ഇവിടെയാരും പട്ടിണികിടക്കുന്നില്ല. കടുത്ത കുറ്റകൃത്യങ്ങളില്ല. അടിക്കടി എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറുന്നു. ക്യൂബയുടെ ഈ നിലനില്‍പ്പ് കമ്യൂണിസ്റ്റ് ആശയങ്ങളുടെ ജീവധമനികളില്‍ പ്രധാനപ്പെട്ടതാണ്. മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവമെന്റുകള്‍ അധികാരത്തിലെത്തുന്നതില്‍ ക്യൂബയുടെ ചെറുത്തുനില്‍പ്പ് ശക്തിസ്രോതസ്സായിതീര്‍ന്നിട്ടുണ്ട്.

താന്‍ എന്തുകൊണ്ട് ഒരു വിപ്ലവകാരിയായിത്തീര്‍ന്നു എന്നതിന് കാസ്ട്രോ നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്.

"ഞാന്‍ ഒരു ഭൂവുടമയുടെ മകനാണ് എന്നതാണ് എന്നെ വിപ്ലവകാരിയാക്കിയതിന്റെ ഒന്നാമത്തെ കാരണം. മതാധികാരത്തിന്‍കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു എന്നതാണ് രണ്ടാമത്തെ കാരണം. അമേരിക്കന്‍ ഐക്യനാടുകളില്‍ നിര്‍മിച്ച സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റു ബഹുജനമാധ്യമങ്ങളുമുള്ള ക്യൂബയില്‍ ജീവിക്കാനായി എന്നതാണ് മൂന്നാമത്തെ കാരണം''

സാഹചര്യങ്ങള്‍ക്ക് കീഴടങ്ങുന്ന വ്യക്തിത്വങ്ങള്‍ക്കുപകരം സാമൂഹ്യ സാഹചര്യങ്ങളെ വിമര്‍ശനബോധത്തോടെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന വിപ്ലവകാരിയെയാണ് ഈ അഭിപ്രായപ്രകടനത്തിലൂടെ വെളിവാക്കപ്പെടുന്നത്.

ജൂലൈ 26 പ്രസ്ഥാനത്തിന്റെ അലയടികള്‍ ക്യൂബയിലൊട്ടാകെയുള്ള ധീരദേശാഭിമാനികളെ കോരിത്തരിപ്പിച്ച സംഭവമാണ്. ഇതിന്റെ ഭാഗമായിതന്നെയാണ് 1956 ഡിസംബര്‍ രണ്ടിന്റെ ഗ്രാന്മാ പോരാട്ടവും. 1958 ആയപ്പോഴേക്കും ക്യൂബയിലെ അനേകം യുവാക്കള്‍ ജൂലൈ 26 പ്രസ്ഥാനത്തിന്റെ കൂടെ ചേര്‍ന്നു. സീറോ മേസ്ട്രാ പര്‍വതനിരകളില്‍ തമ്പടിച്ച ഫിദലിന്റെ പോരാളികള്‍ ബാറ്റിസ്തായ്ക്കെതിരെ നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഫിദലിന്റെ ആഹ്വാനം അനുസരിച്ച് ലക്ഷക്കണക്കിന് ക്യൂബക്കാര്‍ വിപ്ലവ വിജയത്തിനുവേണ്ടിയുള്ള പൊതുപണിമുടക്ക് ആരംഭിച്ചു. പിടിച്ചുനില്‍ക്കാനാവാതെ 1959 ജനുവരി ഒന്നിന് ബാറ്റിസ്താ പലായനംചെയ്തു. തുടര്‍ന്ന് വിപ്ലവനായകനായ ഫിദല്‍ കാസ്ട്രോ ജനുവരി എട്ടിന് വിജയശ്രീലാളിതനായി ഹവാനയിലെത്തി. 1959 ഫെബ്രുവരി 13ന് അദ്ദേഹം ക്യൂബന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. വിപ്ലവസിദ്ധാന്തത്തിന് പ്രായോഗികരൂപം നല്‍കി അത് നടപ്പാക്കിയ കാസ്ട്രോ സായുധവിപ്ലവ സംഘത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. ഫിദലിന് 26 വയസ്സുള്ളപ്പോഴാണ് മൊന്‍കാട പട്ടാളബാരക്ക് ആക്രമണം. വിപ്ലവം ജയിച്ച് പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് 33 വയസ്സ് തികഞ്ഞിട്ടില്ല.

ഫാദര്‍ ബെറ്റോയുടെ ചോദ്യത്തിനുത്തരമായി കാസ്ട്രോ പറഞ്ഞു.

"ജനങ്ങളോട് ഇപ്പോള്‍ സോഷ്യലിസത്തേക്കുറിച്ച് പ്രസംഗിക്കുന്നത് പ്രശ്നങ്ങള്‍ക്കുള്ള ഉടന്‍ പരിഹാരമല്ല, ജനങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തൊഴിലില്ലായ്മ, നീതിനിഷേധം, പട്ടിണി, കൃഷിക്കാരെ കുടിയിറക്കല്‍, കുറഞ്ഞകൂലി, രാഷ്ട്രീയ അഴിമതി ഇവയ്ക്കെല്ലാമെതിരായ പോരാട്ടമാണ് അടിയന്തരമായി നടത്തേണ്ടത്''.

അതോടൊപ്പം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടാണ് തന്നെ ഈ പോരാട്ടത്തിനെല്ലാം പ്രാപ്തനാക്കിയത് എന്ന ബോധ്യവും അദ്ദേഹം ഫാദര്‍ ബെറ്റോയുമായി പങ്കുവച്ചു. മാത്രമല്ല മൊന്‍കാട ആക്രമണത്തിന് ക്യൂബന്‍ ജനമനസ്സുകളില്‍ വമ്പിച്ച ആവേശമുണര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇത് സോഷ്യലിസത്തിലേക്കുള്ള ആദ്യകാല്‍വയ്പാണെന്നും കാസ്ട്രോ ഫാദര്‍ ബെറ്റോയോട് സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങള്‍കൂടി ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ചൂഷകസംവിധാനത്തിനെതിരെ നിലകൊള്ളുന്ന വിപ്ലവകാരികളും ക്രിസ്തീയസഭയും തമ്മിലുള്ള ആദര്‍ശപരമായ ഒത്തുചേരലും കാസ്ട്രോയുടെ ജീവിതാനുഭവത്തിലുണ്ട്. കാസ്ട്രോയെ ബാറ്റിസ്തായുടെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ അധ്യാപകരായ വൈദികരും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ അധ്യാപകരായ ജസ്യൂട്ട് വൈദികരെക്കുറിച്ച് കാസ്ട്രോ ഇങ്ങനെ പറയുന്നു.

"ജസ്യൂട്ടുകള്‍ക്ക് ലാഭേച്ഛ തീരെ ഉണ്ടായിരുന്നില്ല. ലളിതജീവിതം നയിച്ചിരുന്നവരും കണിശക്കാരും ആത്മത്യാഗം ചെയ്യപ്പെട്ടവരും കഠിനാധ്വാനികളുമായ ജസ്യൂട്ടുകള്‍ മനുഷ്യപ്രയത്നം സംഭാവനചെയ്തു. ലാസല്ല സ്കൂളില്‍ ഫീസ് നാമമാത്രമായേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ചെലവ് ചുരുക്കി, അവര്‍ കൂടുതല്‍ ചെലവുകള്‍ വരുത്തുന്നവരോ കൂടുതല്‍ ശമ്പളം പറ്റുന്നവരോ ആയിരുന്നെങ്കില്‍ ട്യൂഷന്‍ഫീസ് മുപ്പത് പെസോ ആകുമായിരുന്നില്ല. മറിച്ച് അതിന്റെ മൂന്നോ നാലോ ഇരട്ടിയാകുമായിരുന്നു; അദ്ദേഹം ഫാദര്‍ ബെറ്റോയോട് തുടര്‍ന്നു "ഒരിക്കലും ക്യുബന്‍വിപ്ലവത്തെ മതവിരുദ്ധവികാരങ്ങള്‍ ആവേശം കൊള്ളിച്ചിട്ടില്ല. ഒരു സാമൂഹ്യവിപ്ലവവും ജനങ്ങളുടെ മതവിശ്വാസവും തമ്മില്‍ വൈരുധ്യം ഉണ്ടാകേണ്ടതില്ല. ക്രിസ്തീയ തത്വങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സിദ്ധാന്തമാകെ പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അധികാരദുര്‍വിനിയോഗത്തിനും അനീതിക്കും മനുഷ്യനെ അധഃപതിപ്പിക്കുന്നതിനെതിരെയും പൊരുതാനുള്ള പ്രേരണാശക്തിയായിരുന്നു ക്രിസ്തുവിന്റെ സിദ്ധാന്തം''.

കമ്യൂണിസവും ക്രിസ്തീയ ദര്‍ശനവും പരസ്പരം പോരാടാനുള്ളതല്ല എന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ഫിദല്‍ കാസ്ട്രോ ക്യൂബയുടെ മാത്രം വിപ്ലവനായകനായിരുന്നില്ല. മൂന്നാംലോക രാഷ്ട്രങ്ങളുടെയും ചേരിചേരാ രാജ്യങ്ങളുടെയും കൂടി നേതാവായിരുന്നു. ചേരിചേരാനയത്തില്‍ ഇന്ത്യയും ക്യൂബയും ഒരേ ദിശയിലായിരുന്നു ചിന്തിച്ചിരുന്നത്. കൊച്ചുക്യൂബ സാമ്രാജ്യത്വവിരോധ നയത്തില്‍ ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ആശയപരമായ നേതൃത്വം ഇപ്പോഴും ക്യൂബയ്ക്കാണ്. ഇന്ത്യ ഒരുകാലത്ത് സാമ്രാജ്യത്വ വിരോധ നയത്തില്‍ ഊന്നി ചേരിചേരാനയത്തെ മുറുക്കിപ്പിടിച്ചെങ്കിലും സാവധാനം അത് കൈവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവുമായി ഐക്യപ്പെടാനുള്ള സൂചകങ്ങളാണ് ആയുധ ആണവകരാറുകളും പുത്തന്‍ നയതന്ത്രബന്ധങ്ങളും. ഇന്നലത്തെ ഉറപ്പുകള്‍ മറക്കാനും ലംഘിക്കാനും കോണ്‍ഗ്രസിന് ഒരു മടിയുമില്ല. ദീര്‍ഘകാലമായി ക്യൂബയുടെ മേലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെമേലും രാഷ്ട്രീയമായും സൈനികമായും ഇടപെട്ടും തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റുകളെ അട്ടിമറിച്ചുമുള്ള അമേരിക്കയുടെ തേര്‍വാഴ്ച ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. സാമ്രാജ്യത്വനുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ വെമ്പല്‍കൊള്ളുന്ന മറ്റ് ലാറ്റിന്‍ അമേരിക്കന്‍ ജനതയ്ക്ക് ഫിദല്‍ കാസ്ട്രോയും ചെ ഗുവരേയും അല്ലന്‍ഡേയും ആവേശമാണ്.

*
കെ ജെ തോമസ് ദേശാഭിമാനി ദിനപ്പത്രം

Friday, July 24, 2009

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

എസ്.എന്‍.സി ലാവ്ലിനുമായി ബന്ധപ്പെട്ട വിഷയങ്ങളും പിണറായി വിജയനെതിരായ സി.ബി.ഐ കേസും (2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണവും ആധുനികവല്‍ക്കരണവും

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1995 ആഗസ്റ്റ് 10 ന്, പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) എസ്.എന്‍.സി ലാവ്ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി; ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയും. യന്ത്രസാമഗ്രികളും നിയന്ത്രണ സംവിധാനങ്ങളും പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച സാങ്കേതിക റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്തുതന്നെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി 1996 ഫെബ്രുവരി 24ന് ഇതേ പദ്ധതികള്‍ക്കുവേണ്ടി, കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, പ്രത്യേകവും എന്നാല്‍ സമാനവുമായ മൂന്ന് നിര്‍വ്വഹണ/കണ്‍സള്‍ട്ടന്‍സി കരാറുകളിലും ഒപ്പുവെച്ചു. പ്രാഥമിക എഞ്ചിനീയറിങ്, വിശദമായ എഞ്ചിനീയറിങ് ഡ്രോയിങ്ങുകളും സവിശേഷ നിര്‍ദ്ദേശങ്ങളും തയ്യാറാക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനവും സിവില്‍ ഡ്രോയിങ്ങും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും എന്നിങ്ങനെയുള്ള ജോലികള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം സംഘടിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുന്നതായിരുന്നു ഈ കരാറുകള്‍. കരാറിന്റെ ഷെഡ്യൂളില്‍ ഓരോ പദ്ധതിക്കുംവേണ്ടി മാറ്റി സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പട്ടികയും 1995ലെ നിലവാരമനുസരിച്ചുള്ള മതിപ്പുവിലയും ഉള്‍പ്പെടുത്തിയിരുന്നു. എസ്.എന്‍.സി ലാവ്ലിന് കൊടുക്കേണ്ട കള്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് 24.04 കോടി രൂപയായി നിശ്ചയിച്ചിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു. ഏതെങ്കിലും വിധത്തില്‍ കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനുവേണ്ടിയുള്ള ആര്‍ബിട്രേഷന്‍ പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും എന്ന് കരാറിന്റെ 17-ാം വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഈ പദ്ധതിക്ക് ആവശ്യമായ വായ്പ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കാനഡ (ഇ.ഡി.സി-കാനഡയിലെ കയറ്റുമതി വികസന ഏജന്‍സി) ലഭ്യമാക്കുന്നതിനും പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കാനഡയില്‍നിന്നുതന്നെ വാങ്ങുന്നതിനുമുള്ള വ്യവസ്ഥകളും ഈ കരാറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1996 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി. ആ കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുകയായിരുന്നു. വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിങ്ങും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. വൈദ്യുതി പ്രതിസന്ധി കാരണം പല വ്യവസായങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കടുത്ത തിരിച്ചടി ഉണ്ടാകാന്‍ അത് കാരണമായി. തൊഴിലില്ലായ്മയുടെ സ്ഥിതി കൂടുതല്‍ വഷളായി.

ഈ വൈദ്യുതി പ്രതിസന്ധിയുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്. വൈദ്യുതിക്ഷാമത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് ഭരണകാലത്ത് എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രവും കരാറുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടോ എന്നതായിരുന്നു പാര്‍ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ വന്ന പ്രശ്നങ്ങളിലൊന്ന്. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് അധികൃതരുമായും ചര്‍ച്ച നടത്തുന്നതിന് 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശിക്കാന്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് അനുവാദം നല്‍കാന്‍ 1996 ആഗസ്റ്റ് 22-23 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും ഇ.ഡി.സിയുമായും കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ)യുമായും ചര്‍ച്ചകള്‍ നടത്തി. കാനഡയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറുകളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും കാനഡയിലെ മറ്റു സ്ഥാപനങ്ങളും തയ്യാറായി. ആ മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. വിദേശ വായ്പയുടെ അളവ് കുറയ്ക്കും.
2. ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും പോലെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായിട്ടുള്ള ചില ഉപകരണങ്ങള്‍ ഇന്ത്യയില്‍നിന്ന് കെ.എസ്.ഇ.ബിക്ക് വാങ്ങാം.
3. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച മൂലകരാറുകളില്‍ കാനഡയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചിരുന്നതും നിശ്ചയിച്ചിരുന്നതുമായ ഉപകരണങ്ങളുടെ എണ്ണവും വിലയും കുറയും. കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് തുടങ്ങിയവയും കുറയ്ക്കും.

പിണറായി വിജയന്റെ കാനഡ സന്ദര്‍ശനത്തിന്റെ ഫലങ്ങളെയും കാനഡയില്‍ എസ്.എന്‍.സി ലാവ്ലിനുമായും മറ്റ് അധികൃതരുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകളെയും കുറിച്ച് 1996 നവംബര്‍ 10-12 നും നവംബര്‍ 28-29 നും ചേര്‍ന്ന കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. വായ്പാ തുക, കാനഡയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത, ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കാനുള്ള സാധ്യത തുടങ്ങിയ വിശദവിവരങ്ങള്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനമെടുത്ത പ്രക്രിയയുടെ ഒരു ഘട്ടത്തിലും പാര്‍ടിയില്‍ ഒരു അഭിപ്രായഭിന്നതയും ഇല്ലായിരുന്നു.

എം.ഒ.യു റൂട്ടിനെപ്പറ്റി

യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യു(ധാരണാപത്രം)വുമായും കരാറുകളുമായും മുന്നോട്ടുപോകാന്‍ ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാരണങ്ങളാല്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും തീരുമാനമെടുത്തു. സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുകയായിരുന്നു. അതിന് അടിയന്തര പരിഹാരം കാണുന്നതില്‍ കാലതാമസം വരുത്താനാവില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി പദ്ധതികളാണ് ആ സമയത്ത് കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തിലെ 10 ശതമാനം നല്‍കിയിരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവും കരാറുകളും റദ്ദാക്കുന്നത് കാലതാമസത്തിനും നീണ്ട നിയമനടപടികള്‍ക്കും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഇടവരുത്തും. യു.ഡി.എഫ് സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീസും ഉപകരണങ്ങളുടെ വിലയും കുറയ്ക്കാന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിക്കുകയും ചെയ്തു. വിവിധ സ്രോതസ്സുകളില്‍നിന്ന് പണം സമാഹരിച്ച് ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ഏര്‍പ്പാടാക്കാമെന്നും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

നേരിയമംഗലം ജലവൈദ്യുതി നിലയത്തിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് സര്‍ക്കാര്‍ എ.ബി.ബി എന്ന സ്വിസ് കമ്പനിയുമായി ഒപ്പിട്ടിരുന്ന എം.ഒ.യു റദ്ദു ചെയ്തതിന്റെ അനുഭവവും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലെന്നപോലെ നിര്‍വ്വഹണ കരാറൊന്നും അതില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നതുമില്ല. എന്നിട്ടും, എം.ഒ.യു റദ്ദു ചെയ്തതിനെതിരെ എ.ബി.ബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആ കേസ് അഞ്ചുവര്‍ഷം നീണ്ടുനിന്നു; ഒടുവില്‍ കോടതിയില്‍നിന്ന് എ.ബി.ബിക്ക് അനുകൂലമായ വിധിയും ഉണ്ടായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വീണ്ടും നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള ജോലികള്‍ എ.ബി.ബിയെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു. ആ കേസ് തീരുന്നതുവരെ പണിയില്‍ കാലതാമസം ഉണ്ടായി. ഈ വശങ്ങളെല്ലാം പരിഗണിച്ചാണ്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവുമായും നിര്‍വ്വഹണ കരാറുമായും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒഴികെ, കേരളത്തിലെ മറ്റൊരു വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.ഒ.യു റൂട്ട് അംഗീകരിച്ചില്ല; എം.ഒ.യു റൂട്ട് അവസാനിപ്പിക്കാനും ഇത്തരത്തിലുള്ള എല്ലാ ജോലികളും ആഗോള ടെണ്ടര്‍ നല്‍കി നടപ്പിലാക്കാനുമുള്ള സുപ്രധാനമായ ഒരു നയംമാറ്റം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തി.

ബാലാനന്ദന്‍ കമ്മിറ്റി

വൈദ്യുതിയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കൊപ്പം വൈദ്യുതിവികസനത്തിനാവശ്യമായ വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി കേരള സംസ്ഥാന സര്‍ക്കാര്‍ 1996 സെപ്തംബര്‍ 19ന് ഇ ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. പദ്ധതികള്‍ക്കുവേണ്ടി താഴെപറയുന്ന വശങ്ങള്‍ കമ്മിറ്റി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു:

1. ഗാര്‍ഹികവും വ്യാവസായികവും ആദിയായ മേഖലകള്‍ക്കുള്ള വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൈദ്യുതിബോര്‍ഡ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളും ആവശ്യമെന്നുണ്ടെങ്കില്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട അനിവാര്യമായ മാറ്റങ്ങളും.

2. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ വൈദ്യുതിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും പ്രസരണത്തിന്റെയും വിതരണത്തിന്റെയും വികസനം അതിവേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

3. ഈ മേഖലയില്‍ ആവശ്യമായി വരുന്ന വര്‍ധിച്ച തോതിലുള്ള പണസമാഹരണത്തിനുള്ള നടപടികള്‍.

1997 ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളില്‍ വൈദ്യുതി ഉല്‍പ്പാദനയന്ത്രങ്ങള്‍ മൊത്തം മാറ്റിസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അത്യാവശ്യമായി മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങള്‍മാത്രം മാറ്റലും ആധുനികവല്‍ക്കരണവുമായി പരിമിതപ്പെടുത്തണമെന്ന് കമ്മിറ്റി മറ്റു പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം നിര്‍ദേശിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതിനിലയങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുംവേണ്ടി മതിപ്പു ചെലവായി 100.50 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം വൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ചുവടെ ചേര്‍ക്കുന്നു:

പള്ളിവാസല്‍ വൈദ്യുതിനിലയം:

"അടുത്ത മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട അതിപ്രധാന ഹ്രസ്വകാല നടപടിയെന്ന നിലയില്‍ കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ അനുവാദം ലഭിച്ച ഈ പുനഃസ്ഥാപനപദ്ധതിയുടെ നിര്‍മാണവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം മാതൃകയിലുള്ള പുനഃസ്ഥാപനം തമിഴ്നാട് വൈദ്യുതിബോര്‍ഡ് പൈക്കാറയില്‍ നടപ്പാക്കിവരികയാണ്; മുമ്പ് കര്‍ണാടകത്തില്‍ എം.ജി.എച്ച്.ഇയില്‍ ഇത് ചെയ്തിട്ടുമുണ്ട്.''

ശെങ്കുളം വൈദ്യുതി നിലയം:

"ഇവ പരിഗണിച്ച് ഇന്‍ജക്ടറുകള്‍പോലെയുള്ള അവശ്യഭാഗങ്ങളുടെ മാറ്റിസ്ഥാപിക്കലോ ആള്‍ട്ടര്‍നേറ്ററുകള്‍ മാറ്റുന്നതോ ആയും ഇലക്ട്രോണിക് ഗവര്‍ണറുകള്‍/സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കണ്‍ട്രോള്‍ സിസ്റ്റവും വൈന്‍ഡ് ചെയ്യുന്നതും ആധുനികവല്‍ക്കരിക്കുന്നതുമായും പരിമിതപ്പെടുത്താന്‍ ഈ നിര്‍ദേശങ്ങളെ പുനരവലോകനം ചെയ്യാവുന്നതാണ്. ജി.ഇ.സി ആല്‍സ്തോമില്‍നിന്ന് ഘടകഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമാണ്.''

പന്നിയാര്‍ വൈദ്യുതിനിലയം:

"പൂര്‍ണമായി മാറ്റിസ്ഥാപിക്കുന്നത് പുനഃപരിശോധിക്കാവുന്നതാണ്. മാറ്റിസ്ഥാപിക്കല്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താവുന്നതുമാണ്. ഒറിജിനല്‍ വിതരണക്കാരായ ജപ്പാനിലെ മെസേഴ്സ് ഹിറ്റാച്ചിയില്‍നിന്നും ഇത്തരം ഇനങ്ങള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അനായാസമാണ്. ഇലക്ട്രോണിക് ഗവര്‍ണേഴ്സും സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കട്രോള്‍ സിസ്റ്റവും ആയി ആധുനികവല്‍ക്കരിക്കലും നിര്‍ദേശിക്കുന്നു.''

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അടിസ്ഥാനപ്പെടുത്തി, ആ സമയത്ത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുവേണ്ടി എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്ന കരാറുകള്‍ ഏകപക്ഷീയമായി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റു സ്ഥാപനങ്ങളുമായുമുള്ള കൂടിയാലോചനകള്‍ അതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. 1997 ഫെബ്രുവരി രണ്ടിന് ബാലാനന്ദന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ തീരുമാനങ്ങളും കൈക്കൊണ്ടുകഴിഞ്ഞിരുന്നു. അതിനുംപുറമെ, കരാര്‍ ലംഘനം എന്തെങ്കിലും ഉണ്ടായാല്‍, പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചുള്ള ആര്‍ബിട്രേഷന് വിധേയമാകേണ്ടതായി വരുമെന്ന് യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച ധാരണപത്രത്തിലും കരാറുകളിലും കര്‍ശനമായ വ്യവസ്ഥയും ഉണ്ടായിരുന്നു. കരാര്‍ റദ്ദാക്കുകയാണെങ്കില്‍ പണികള്‍ നടപ്പാക്കുന്നതില്‍ കാലതാമസത്തിന് ഇടവരുത്തുകയും ചെയ്യും; എസ്എന്‍സി ലാവ്ലിന് കോടതിയില്‍ പോകാവുന്നതും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുന്നതുമാണ്.

1996 ഒക്ടോബറില്‍ പിണറായി വിജയന്‍ കനഡയില്‍ നടത്തിയ ചര്‍ച്ചകളെയും തുടര്‍ന്നു നടത്തിയ ചര്‍ച്ചകളെയും ആധാരമാക്കി 1996 ഫെബ്രുവരി 24ന്റെ അടിസ്ഥാന കരാറുകള്‍ക്കുള്ള അനുബന്ധ കരാറുകള്‍ 1997 ഫെബ്രുവരി 10ന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചു. ഈ അനുബന്ധ കരാറുകള്‍ പ്രകാരം കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി കുറച്ചു; കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായും കുറച്ചു. അനുബന്ധങ്ങളും പുതുക്കലുകളും ഒപ്പിട്ടത് സ്വതന്ത്രകരാറുകളായല്ല; മറിച്ച് യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച നിലവിലുള്ള കരാറുകളുടെ ഭേദഗതികള്‍ എന്ന നിലയിലാണ്. അനുബന്ധങ്ങള്‍ അനുസരിച്ച് ഭേദഗതി വരുത്തിയതല്ലാതെ കരാറിലെ മറ്റെല്ലാ വ്യവസ്ഥകളും യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാറുകളിലേതുതന്നെയാണ്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

1997 മെയ് 30നും 31നും ചേര്‍ന്ന കേരള പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ്, കനഡ സന്ദര്‍ശിക്കുന്നതിന് ഇ കെ നായനാര്‍ക്കും പിണറായി വിജയനും അനുവാദം നല്‍കി. കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ധനസഹായം ലഭിക്കുന്നതിനുവേണ്ടി എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളുമായും ഇഡിസിയുമായും സിഐഡിഎയുമായും ചര്‍ച്ച നടത്തുന്നതിനായി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ളതും പിണറായി വിജയന്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രതിനിധിസംഘം 1997 ജൂണില്‍ കനഡ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കനേഡിയന്‍ അധികൃതരും എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളും സമ്മതിച്ചു. സഹായത്തിന്റെ അളവ് എത്രയായിരിക്കും എന്നതിനെ സംബന്ധിച്ച് അപ്പോള്‍ ഔപചാരികമായ കരാറുകളിലൊന്നിലും എത്തിച്ചേര്‍ന്നില്ല. എന്നാല്‍, മലബാര്‍മേഖലയിലെ തലശേരിയില്‍ ഒരു സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. അവിടെ അത്തരം സൌകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. സിഐഡിഎ, ഇഡിസി, കനഡയിലെ പ്രവിശ്യാ ഗവമെന്റ് തുടങ്ങിയവ അടക്കം വിവിധ ഏജന്‍സികളില്‍നിന്ന് സംഭാവന പിരിച്ചുതന്ന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

1997 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളം സന്ദര്‍ശിച്ച എസ്എന്‍സി ലാവ്ലിന്‍ കമ്പനി സംഘം, ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി. 1997 ഡിസംബര്‍ 23ന് അവര്‍ ആ നിര്‍ദേശം കേരളസര്‍ക്കാരിന് സമര്‍പ്പിച്ചു. ആ പദ്ധതി റിപ്പോര്‍ട്ടില്‍ കനഡയില്‍നിന്നുള്ള സഹായം 98.3 കോടി രൂപയുടേത് ആയിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു; സംസ്ഥാനസര്‍ക്കാര്‍ അഞ്ചുകോടി രൂപ ചെലവഴിച്ച് ഭൂമിയും മറ്റ് അനുബന്ധസൌകര്യങ്ങളും ഒരുക്കണമെന്നും പ്രസ്താവിച്ചിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് 1998 ജനുവരി 20ന് മന്ത്രിസഭ അംഗീകരിച്ചു. 1998 ഏപ്രില്‍ 25ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച എംഒയു കേരളസര്‍ക്കാരും എസ്എന്‍സി ലാവ്ലിനും തമ്മില്‍ ഒപ്പുവച്ചു. പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച്, സിഐഡിഎ അടക്കമുള്ള കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം സംഭരിച്ച്, സ്പെഷ്യാലിറ്റി ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ സമ്മതിച്ചിരുന്നു. അന്ന് ഒപ്പുവച്ച എംഒയുവിന്റെ സാധുത തുടക്കത്തില്‍ ആറുമാസക്കാലത്തേക്കായിരുന്നു. അതിനുശേഷം, അതിന്റെ സ്ഥാനത്ത് ഔപചാരികമായ മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പിടുന്നതുവരെ പുതുക്കിക്കൊണ്ടിരിക്കുകയും വേണം. 1998 ഒക്ടോബര്‍ മൂന്നിന് എംഒയു മൂന്നുമാസക്കാലത്തേക്കുകൂടി നീട്ടി. പിന്നീട് 2002 മാര്‍ച്ചുവരെ എംഒയു തുടര്‍ച്ചയായി യഥാസമയം പുതുക്കിക്കൊണ്ടിരുന്നു. അതിനുശേഷം അത് അസാധുവായി. എംഒയു അനുസരിച്ച്, ആശുപത്രിയുടെ ഡിസൈനും സാധനങ്ങളുടെ സംഭരണവും കെട്ടിടം പണിക്കുള്ള കരാറുകള്‍ ഉണ്ടാക്കലും നിര്‍മാണത്തിന്റെ മേല്‍നോട്ടവും എല്ലാം എസ്എന്‍സി ലാവ്ലിന്‍ നിര്‍വഹിക്കും. ഒരു ഫിനാന്‍ഷ്യല്‍ സംവിധാനം സ്ഥാപിച്ച്, ധനസഹായ ദാതാക്കളോടും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളോടും ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കിക്കൊണ്ട് പദ്ധതിക്കാവശ്യമായ തുക ലാവ്ലിന്‍ സംഭരിച്ചുതരുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഔപചാരികമായ കരാര്‍ ഉണ്ടാക്കുന്നതുവരെ എംഒയു പ്രാബല്യത്തിലുണ്ടാകുമെന്നും സമ്മതിച്ചിരുന്നു.

എംഒയുവിന്റെ അടിസ്ഥാനത്തില്‍, ആ എംഒയുവിനു പകരമായി ഒരു കരട് കരാര്‍ തയ്യാറാക്കിയ എസ്എന്‍സി ലാവ്ലിന്‍ കമ്പനി, 2000 മെയില്‍ അത് സര്‍ക്കാരിന് അയച്ചുകൊടുത്തു. ആ കരട് കരാര്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. 2001 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും ആയി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള എംഒയു 2001 സെപ്തംബര്‍ 14ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി പുതുക്കി; എന്നാല്‍, മുമ്പത്തെപ്പോലെ അത് വീണ്ടും പുതുക്കാത്തതുകാരണം 2002 മാര്‍ച്ച് 14ന് അത് കാലഹരണപ്പെട്ടു.

എംഒയു കാലഹരണപ്പെട്ടെങ്കിലും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് 2002 ഡിസംബര്‍ രണ്ടിന് അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണിക്ക് എസ്എന്‍സി ലാവ്ലിന്‍ കമ്പനി അയക്കുകയുണ്ടായി. ആ കത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

"2. എസ്.എന്‍.സി ലാവ്ലിനും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധത്തിന് ആധാരമായ ആദ്യത്തെ എം.ഒ.യു 1998 ഏപ്രില്‍ 25നാണ് ഒപ്പുവെച്ചത്. അത് കുറെക്കാലമായി കാലഹരണപ്പെട്ടിരിക്കുകയാണ്. രണ്ടിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒരു പുതിയ കരട് കരാര്‍ സമര്‍പ്പിക്കുകയുണ്ടായി. അതിനെ സംബന്ധിച്ച സൊസൈറ്റിയുടെ പ്രതികരണം ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിനുമുമ്പ് ആ കരട് കരാര്‍ ചര്‍ച്ച ചെയ്ത് ഒപ്പുവയ്ക്കപ്പെടേണ്ടതുണ്ട്.''

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് എംഒയു കാലഹരണപ്പെട്ടു. ഒരു കരാര്‍ ഒപ്പിടുന്നതിന് ലാവ്ലിന്‍ കമ്പനി സന്നദ്ധമായിരുന്നിട്ടും അവരുമായി യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടില്ല. അതിന്റെ ഫലമായി സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. പിണറായി വിജയനോ എല്‍ഡിഎഫ് സര്‍ക്കാരോ അതിന് ഒട്ടുംതന്നെ ഉത്തരവാദികളല്ല.

സിബിഐ ചട്ടുകമായി

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല. 1996 മെയിലാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായി ചാര്‍ജെടുത്തത്. 1998 ഒക്ടോബറില്‍ മന്ത്രിപദവി ഒഴിഞ്ഞ് കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ എംഒയുവും നിര്‍വഹണ-കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യഥാക്രമം 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും ആണ്. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായതിനുശേഷം, 1996 ആഗസ്ത് 22നും 23നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്റെ അനുവാദത്തോടെ, അദ്ദേഹം കനഡ സന്ദര്‍ശിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും ചര്‍ച്ച നടത്തുകയുംചെയ്തു. കസള്‍ട്ടന്‍സി ചാര്‍ജും കനഡയില്‍നിന്ന് വാങ്ങിയ ഉപകരണങ്ങളുടെ വിലയും അവയുടെ അളവും കുറയ്ക്കുന്നതിന് ആ ചര്‍ച്ചകള്‍ സഹായകമായി. 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിട്ടതുവഴി മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ എംഒയുവിലും കരാറിലും വരുത്തുകയും ചെയ്തു. 1996 നവംബര്‍ 10-12 തീയതികളിലും 1996 നവംബര്‍ 28-29 തീയതികളിലും ചേര്‍ന്ന പാര്‍ടിയുടെ സെക്രട്ടറിയറ്റ് യോഗങ്ങളില്‍ കനഡയിലെ ചര്‍ച്ചകളുടെ ഫലം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാന സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 1997 മെയ് 30നും 31നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ഇ കെ നായനാര്‍ക്കും പിണറായി വിജയനും കനഡ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കിയത്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനുള്ള എംഒയു ഒപ്പിട്ടത് 1998 ഏപ്രില്‍ 25നാണ്. 1998 ഒക്ടോബര്‍ മൂന്നിന് അത് വീണ്ടും പുതുക്കി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത് 1999ലാണ്. ഒന്നാംഘട്ടം 2001ല്‍ കമീഷന്‍ചെയ്തു. ഈ പദ്ധതിയുടെ അവസാനഘട്ടം 2003 ജനുവരിയില്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്തു. കരാറുകളില്‍ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്ന ആകെ തുക 149 കോടി രൂപയായിരുന്നു. ഇന്ത്യയില്‍നിന്ന് വാങ്ങിച്ച ഉപകരണങ്ങള്‍ക്കും മറ്റുമായി കെഎസ്ഇബി ചെലവഴിച്ചത് ഏതാണ്ട് 90 കോടി രൂപയുമാണ്. ഈ മൂന്നു പദ്ധതികളും പൂര്‍ത്തിയായപ്പോള്‍ അവയ്ക്കുവേണ്ടി ആകെ വേണ്ടിവന്ന ചെലവ് 374.5 കോടി രൂപയാണ് എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. കനഡയുടെ ഡോളറിന്റെ മൂല്യത്തില്‍ വന്ന വ്യത്യാസം, ഭാവിയില്‍ കൊടുക്കേണ്ടിവരുന്ന പലിശ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം കൂട്ടിയിട്ടാണ് ഈ അധികത്തുക കിട്ടിയത്.

എംഒയു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന കാലത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം എസ്എന്‍സി ലാവ്ലിന്‍ കമ്പനി നിര്‍വഹിച്ചു; 2000, 2001 വര്‍ഷങ്ങളില്‍ ഏതാണ്ട് 12 കോടി രൂപ ചെലവഴിച്ചു. 2001 തൊട്ട് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ 2002 ജനുവരി 15ന് ചേര്‍ന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡി ക്യാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക കണക്കുകള്‍ അംഗീകരിച്ചു. വിദേശ സംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശ സംഭാവന ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ല എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, വൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട പണികള്‍ക്കുള്ള കരാറുകളില്‍ ഒപ്പിടുമ്പോള്‍, ക്യാന്‍സര്‍ സെന്റര്‍പോലെ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനുള്ള ധനസഹായത്തിനോ ഗ്രാന്റിനോ വേണ്ടിയുള്ള കരാറില്‍ ഭാവിയില്‍ ഏര്‍പ്പെടരുത്. അത് അടിസ്ഥാനകരാറിന്റെ കളങ്കമില്ലായ്മയില്‍ സംശയം ജനിപ്പിച്ചേക്കാം. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ കാര്യത്തില്‍ എംഒയുവും നിര്‍വഹണ/കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരാണ്; അതേ അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ആദ്യത്തെ കരാറിലുണ്ടായിരുന്ന ചെലവുകള്‍ കുറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത.

സിബിഐ കേസ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ്വകുപ്പിന്റെ അന്വേഷണത്തിന് ആ സര്‍ക്കാര്‍ ഉത്തരവിട്ടത് 2003 മാര്‍ച്ച് ആറിനാണ്. സിഎജിയുടെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. വിശദമായ അന്വേഷണം നടത്തിയ വിജിലന്‍സ്വകുപ്പ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് 2006 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ വന്ന ഏതെങ്കിലും വീഴ്ചയ്ക്ക് പിണറായി വിജയനെ ഉത്തരവാദിയായി കാണാന്‍ കഴിയില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്, അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിന് ഉതകുന്നതല്ലെന്നു കണ്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചു. 2006 മാര്‍ച്ച് ഒന്നിന് അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ വിഷയം സിബിഐക്ക് വിടാനും അവര്‍ നിശ്ചയിച്ചു.

സിബിഐ അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുവാദത്തിനായി ഗവര്‍ണറോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്ചെയ്യാനുള്ള അനുവാദത്തിന് കേരള സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് പിണറായി വിജയന്റെമേല്‍ സിബിഐ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍. പിണറായി വിജയന്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയെന്നോ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നോ ഉള്ള ആരോപണം സിബിഐ ഉന്നയിക്കുന്നില്ല. സിബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഢാലോചനയുടെ ഉപജ്ഞാതാവ് യുഡിഎഫ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. 1996 മെയില്‍ വൈദ്യുതിമന്ത്രിയായിത്തീര്‍ന്ന പിണറായി വിജയന്‍ പിന്നീട് ആ ഗൂഢാലോചനയില്‍ പങ്കാളിയായി. ഗൂഢാലോചനയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുക എന്നതായിരുന്നുവെന്നും പിണറായി വിജയന്‍ ജനിച്ച ജില്ലയില്‍പ്പെടുന്ന സ്ഥലമാണ് തലശേരിയെന്നും സിബിഐ തുടര്‍ന്ന് പ്രസ്താവിക്കുന്നു. 1995ല്‍ ഗൂഢാലോചനയുടെ ഉപജ്ഞാതാവ് ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ടതാണ് ക്രിമിനല്‍ ഗൂഢാലോചനയില്‍നിന്ന് പിണറായി വിജയന്‍ ഉണ്ടാക്കിയ നേട്ടം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ മണ്ഡലമാണ് തലശേരി എന്ന കാര്യം ഓര്‍ക്കണം.

രാഷ്ട്രീയപ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും രാഷ്ട്രീയസുഹൃത്തുക്കളെ ക്രിമിനല്‍ബാധ്യതകളില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതിനുംവേണ്ടി സിബിഐയെ ഒരു ചട്ടുകമാക്കി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി സിബിഐയെ ചട്ടുകമാക്കി ദുരുപയോഗംചെയ്യുന്ന കേന്ദ്രഭരണകക്ഷിയുടെ ഈ നടപടി, ഗൌരവമായ പൊതുതാല്‍പ്പര്യം അര്‍ഹിക്കുന്ന കാര്യമാണ്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സിബിഐ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ അഭിപ്രായം ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സിബിഐ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റമൊന്നും ചുമത്താനാകില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള അഭിപ്രായമാണ് എജി, സംസ്ഥാന മന്ത്രിസഭയ്ക്ക് നല്‍കിയത്. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഗുണത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ കടമകള്‍ വൈദ്യുതിമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നിര്‍വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് ലഭ്യമായ വസ്തുതകള്‍ വെളിപ്പെടുത്തുന്നതെന്നും എജി പ്രസ്താവിച്ചു. അതുകൊണ്ട് സിബിഐ ആവശ്യപ്പെടുന്നപോലെ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നും എജി ശുപാര്‍ശചെയ്തു. 2009 മെയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം, എജിയുടെ അഭിപ്രായം സ്വീകരിച്ചു; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കേണ്ടതില്ലെന്ന് ഗവര്‍ണറെ മന്ത്രിസഭ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2009 ജൂണ്‍ ഏഴിന് ഇറക്കുകയാണുണ്ടായത്. ഈ കേസ് ഇപ്പോള്‍ സിബിഐ കോടതിക്കു മുന്നിലാണ്.

മന്ത്രിമാരുടെ അഭിപ്രായത്തിന് വിഷയം വിട്ടശേഷം മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളഞ്ഞ ഗവര്‍ണറുടെ നടപടി പക്ഷപാതപരമാണ്; ദുഷ്പ്രേരിതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലില്‍നിന്നോ രാജ്യത്തിന്റെ അറ്റോര്‍ണി ജനറലില്‍നിന്നോ ഒരു ഉപദേശവും ഗവര്‍ണര്‍ ആരായുകയുണ്ടായില്ല. ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയില്‍നിന്നു ലഭിച്ച സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഉത്തരവിട്ടതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ആ ജഡ്ജിയുടെ പേര്‍ ആ ഉത്തരവില്‍ വെളിപ്പെടുത്തുന്നുമില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ മുഴുവനും തെറ്റാണ്; ദുരുപദിഷ്ടമാണ്.

പാര്‍ടി നിലപാട് സുവ്യക്തം

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും താഴെ പറയുന്ന നിലപാടാണ് സ്വീകരിച്ചത്:

1. 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പിലെ ചില ഭാഗങ്ങള്‍:

ചില വൈദ്യുതപദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രകമ്മിറ്റി അപലപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈക്കൊണ്ട ഈ തീരുമാനം പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഈ കേസില്‍ കുടുക്കാനുള്ള നഗ്നമായ രാഷ്ട്രീയനീക്കമാണിത്. ഇതേ യുഡിഎഫ് ഗവമെന്റ് തന്നെയാണ് ഇതിനുമുമ്പ് ഇക്കാര്യം അന്വേഷിക്കുന്നതിന് സംസ്ഥാന വിജിലന്‍സ് വകുപ്പിനെ ഏല്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് യുഡിഎഫ് ഗവമെന്റിന് സമര്‍പ്പിച്ചു. എന്നാല്‍, യുഡിഎഫിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതല്ല അത് എന്നതിനാല്‍, മന്ത്രിസഭ ഇക്കാര്യം സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പരിശോധന നടത്തുകയും വേണം. ഇക്കാര്യത്തിലുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ സി.പി.ഐ (എം) തയ്യാറാണെന്ന് പാര്‍ടി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫ് ഗവമെന്റിന്റെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ദയനീയമായ റെക്കോര്‍ഡില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വം കൈക്കൊള്ളുന്ന അത്തരം തന്ത്രങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചു.''

2. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചതിനുശേഷം 2009 ജനുവരി 22ന് പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:

"സി.പി.ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്. അന്നത്തെ ഉമ്മന്‍ചാണ്ടി ഗവമെന്റ് നടത്തിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സ: വിജയന്റെ പേരില്‍ തെറ്റൊന്നും കാണാത്തതിനാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐക്ക് വിട്ടത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. "

അസംബ്ളി തിരഞ്ഞെടുപ്പാണ് തൊട്ടുമുമ്പ്, അന്ധമായ രാഷ്ട്രീയപക്ഷപാത ലക്ഷ്യങ്ങളോടെ കൈക്കൊണ്ട നടപടിയാണ് അതെന്ന് പ്രസ്താവിച്ചുകൊണ്ട് സി.പി.ഐ (എം) അതിനെ അപലപിച്ചു. ഇപ്പോള്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ആ കേസ് കുത്തിപ്പൊക്കിയിരിക്കുകയാണ്.

"രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍കണ്ഠാജനകമായ ഒരു വിഷയമാണ്. സി.പി.ഐ (എം) ഈ പ്രശ്നത്തെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും; ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയ കള്ളക്കളിയെ തുറന്നു കാണിക്കും.''

3. 2009 ഫെബ്രുവരി 14ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പ്:

"സഖാവ് പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്ന തങ്ങളുടെ മുന്‍ നിലപാട് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ മുക്തമല്ല എന്നത് ഖേദകരമാണ്.

"മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്ലിനുമായുണ്ടാക്കിയ കരാര്‍ തുടങ്ങിവെച്ചത്, അതിനു മുമ്പത്തെ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവമെന്റ് ആണ്. അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള തീരുമാനം കൈക്കൊണ്ടത് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഗവമെന്റാണ്. ആ നിര്‍ദ്ദേശം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ആ തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്.

"സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്ന ഏതൊരാളും സി.ബി.ഐയുടെ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയനാകേണ്ടിവരികയാണെങ്കില്‍, തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്ന അഭിപ്രായമാണ് സി.പി.ഐ (എം) എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയോ ഗവമെന്റ് ഉദ്യോഗസ്ഥനോ അല്ലാത്തതുകൊണ്ട്, ഇത് അദ്ദേഹത്തിന് ബാധകമാകുന്നില്ല. ഈ കേസിനെ പാര്‍ടി രാഷ്ട്രീയമായും കോടതിയില്‍ വരികയാണെങ്കില്‍ നിയമപരമായും നേരിടും.''

*
ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 21 മുതല്‍ 24 വരെ പ്രസിദ്ധീകരിച്ചത്

Wednesday, July 22, 2009

തിരുനെല്ലി: ആദിവാസി നവോത്ഥാനത്തിന്റെ പരിഛേദം

മഹാ സാമ്രാജ്യങ്ങള്‍ക്കും രാജവംശങ്ങള്‍ക്കും ഉപരിവര്‍ഗത്തിനും മാത്രമല്ല, ഗ്രാമീണ കൂട്ടായ്മകള്‍ക്കും കീഴാള സമൂഹങ്ങള്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ചരിത്രവും ഭൂതകാലാനുഭവങ്ങളുമുണ്ട് എന്നത് നവചരിത്രാവബോധം മുന്നോട്ടുവയ്ക്കുന്ന പ്രധാന കാഴ്ചപ്പാടാണ്. ചരിത്രത്തെക്കുറിച്ചുള്ള ഈ പുതുകാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ കേരളീയചരിത്രവും നവോത്ഥാനവും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. ബൃഹദ് ആഖ്യാനങ്ങള്‍ക്ക് മാത്രമല്ല ലഘു ആഖ്യാനങ്ങള്‍ക്കും മുഖ്യധാരയ്ക്ക് മാത്രമല്ല, പാര്‍ശ്വവല്‍കൃതര്‍ക്കും ഇടംകിട്ടുമ്പോള്‍ മാത്രമാണ് ചരിത്രം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത്.

കേരളീയ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങേറിയിട്ടുള്ള നിരവധി പോരാട്ടങ്ങളുടെയും ചെറുകിട നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ് കേരളീയ ചരിത്രവും നവോത്ഥാനവും. നാളിതുവരെയുള്ള ചരിത്രനിര്‍മിതി ഉപരിതലത്തില്‍ മാത്രം ഒതുങ്ങിയതിനാല്‍ കീഴ്ത്തട്ടില്‍ നടന്ന നിരവധി ചെറുസമരങ്ങളും നവോത്ഥാന പരിഷ്കരണ പ്രവര്‍ത്തനങ്ങളും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അവ വിസ്മൃതിയില്‍ അകപ്പെടുകയാണ് പതിവ്.

നവോത്ഥാനത്തെപ്പറ്റി പറയുമ്പോള്‍ ഉപരിവര്‍ഗത്തിനിടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനസംഖ്യയില്‍ ന്യൂനപക്ഷമായ ആദിവാസികള്‍ അടക്കമുള്ള കീഴാള സമൂഹങ്ങള്‍ക്കിടയില്‍ നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറേയില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവോ എന്ന അന്വേഷണങ്ങള്‍പോലും നടത്താതെ മാറ്റിനിര്‍ത്തപ്പെടുകയാണ് പതിവ്.

കേരളത്തിലെ ഒട്ടുമിക്ക ജാതികൂട്ടായ്മകള്‍ക്കിടയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും പുതുചിന്തകളും മുന്നോട്ടുവച്ച മഹദ്വ്യക്തിത്വങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അവരെ വിലയിരുത്തുവാന്‍ തക്ക അളവുകോലുകള്‍ വികസിപ്പിച്ചെടുക്കാത്തതും നിലവിലുള്ള മാനദണ്ഡങ്ങള്‍ അപര്യാപ്തമായതിനാലും പൊതുമണ്ഡലത്തില്‍ അത്തരം മഹദ് വ്യക്തിത്വങ്ങള്‍ക്ക് ഇടം ലഭിക്കാറില്ല. അവരെ പാരമ്പര്യ 'മൂപ്പന്മാ'രുടെ ഗണത്തില്‍ പെടുത്തുകയാണ് പതിവ്.

അത്തരം പരിഷ്കര്‍ത്താക്കളെപ്പറ്റിയും അവര്‍ പിറവിയെടുത്ത സമൂഹത്തേയും ദേശത്തേയും കുറിച്ചും അന്വേഷണങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്; നമ്മുടെ ഗ്രാമങ്ങള്‍ ആഗോളഗ്രാമമെന്ന ആഗോളീകരണാനന്തര അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. ഗ്രാമങ്ങളുടെ ചരിത്രവും അവിടങ്ങളിലെ മിത്തുകളും മറ്റുനാട്ടറിവുകളും ആഗോളീകരണത്തിന്റെ ആസുരതയെ ചെറുക്കുവാനുള്ള പോര്‍ച്ചട്ടയാക്കി എങ്ങനെ പരിവര്‍ത്തനപ്പെടുത്താമെന്ന ചിന്തക്ക് ഇന്നേറെ പ്രാധാന്യമുണ്ട്.

നമ്മുടെ ഗ്രാമങ്ങള്‍ക്കെല്ലാം മിത്തും ചരിത്രവും ഇടകലര്‍ന്ന, പൊയ്പോയ കാലത്തിന്റെ പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. ചില ഗ്രാമങ്ങള്‍ക്കെങ്കിലും ആയിരത്താണ്ടുകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീഴുവാന്‍ കഴിയും. ചരിത്രാംശത്തെക്കാള്‍ മിത്തുകള്‍ക്ക് വളക്കുറുള്ള മണ്ണായി അത്തരം പ്രദേശങ്ങള്‍ മാറുക സ്വാഭാവികമാണ്. മിത്തുകളുടെ മുത്തുകളാല്‍ സൃഷ്ടിച്ച പൂര്‍വകാലത്തെ തങ്ങളുടെ വിശ്വാസാചാരങ്ങളുടെ നിര്‍മിതിക്ക് ഉപയോഗിക്കുന്നതുപോലും അപൂര്‍വമല്ല. അവ ആ ഗ്രാമാതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും അത്തരം ഗ്രാമങ്ങള്‍ വിശ്വാസാചാരങ്ങളുടെ കേന്ദ്രസ്ഥലിയാവുകയും ചെയ്യുന്ന അവസ്ഥയും ഇല്ലാതെയല്ല. ഇതിനേറ്റവും മികച്ച ഉദാഹരണമാണ് വയനാട് ജില്ലയിലെ തിരുനെല്ലി.

തിരുനെല്ലി

വയനാട്ജില്ലയിലെ പ്രമുഖ നഗരമായ മാനന്തവാടിയില്‍നിന്ന് മുപ്പത്തിയൊന്നു കിലോമീറ്റര്‍ അകലെയാണ് തിരുനെല്ലി ഗ്രാമം. തിരുനെല്ലി എന്നത് ഒരു പഞ്ചായത്തിന്റെകൂടി പേരാണ്. കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യമുന്നണി മാത്രം ഭരിച്ച പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തിലെ കുടക് ജില്ലയും ബ്രഹ്മഗിരി മലകളും കിഴക്കേ അതിരില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ മൈസൂര്‍ ഡിവിഷനും പടിഞ്ഞാറ് ഭാഗത്ത് മാനന്തവാടി, തവിഞ്ഞാല്‍ (വയനാട് ജില്ല) കൊട്ടിയൂര്‍(കണ്ണുര്‍ ജില്ല) ഗ്രാമപഞ്ചായത്തുകളുമാണ്. ഇതില്‍ ബ്രഹ്മഗിരിയുടെ താഴ്വരയിലുള്ള മനോഹരമായ ഗ്രാമമാണ് തിരുനെല്ലി.

ബ്രഹ്മഗിരിയില്‍നിന്ന് ഉറവയെടുത്ത് കിഴക്കോട്ടൊഴുകുന്ന നദിയാണ് കാളിന്ദി, ബാവലി, കബനി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ബാവലിപ്പുഴ. ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ, തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലിക്ഷേത്രവും പുണ്യതീര്‍ഥമെന്ന് വിശ്വസിക്കപ്പെടുന്ന പാപനാശിനിയും തിരുനെല്ലിയിലാണ്.

വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുങ്കാടിന് നടുവില്‍, മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലേക്ക് എത്തിപ്പെടാന്‍ ഒരു ടാര്‍ റോഡ് മാത്രമാണ് മാര്‍ഗം. പിതൃതര്‍പ്പണത്തിനായും തീര്‍ഥാടകരായും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിച്ചേരുന്ന ഈ ഗ്രാമം ഇന്നും പരിഷ്കൃതിയുടെ പകിട്ടും സൌകര്യങ്ങളും എത്തിച്ചേരാത്ത പ്രദേശമാണ്.

തിരുനെല്ലിക്ഷേത്രത്തിന്റെ മുറ്റത്തുനിന്ന് നോക്കുമ്പോള്‍ ഒരു കോട്ട കെട്ടിയതുപോലെ ചുറ്റും മലനിരകളാണ്. ബ്രഹ്മഗിരി(വടക്ക്)യും നരിനിരങ്ങിമല (തെക്ക്)യും ഉദയഗിരി(കിഴക്ക്) യും കരിമല(പടിഞ്ഞാറ്) യും തിരുനെല്ലിക്ക് ചുറ്റുമുള്ള മലനിരകളാണ്. പ്രാചീനകാലം മുതല്‍തന്നെ കേരളത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍പോലും പ്രശസ്തിയുണ്ടായിരുന്ന തിരുനെല്ലി ക്ഷേത്രത്തിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ആമലക ഗ്രാമമെന്നുമാണ് സംസ്കൃതകൃതികളില്‍ തിരുനെല്ലിക്ഷേത്രവും തിരുനെല്ലിഗ്രാമവും അറിയപ്പെട്ടിരുന്നത്.

ക്രിസ്തുവര്‍ഷം ആയിരാമാണ്ടിലെ ജൂതശാസനത്തിലൂടെ ലോകപ്രശസ്തനായ ഭാസ്കരരവിവര്‍മയുടെ 37-ാം ഭരണവര്‍ഷത്തിലെ ചെമ്പുപട്ടയം തിരുനെല്ലിയിലെ ആദ്യകാലചരിത്രത്തിലേക്കു വെളിച്ചംപരത്തുന്ന സുപ്രധാന രേഖയാണ്. ഭാസ്കരരവിവര്‍മയുടെ മുന്‍ഗാമിയായ ചേരപെരുമാളായ കുലശേഖര ആഴ്വാര്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാതാവ് (തിരുനെല്ലി പഴമ -മുണ്ടക്കയം ഗോപി). എഡി 962 മുതല്‍ 1020 വരെ മലനാട് ഭരിച്ച ഭാസ്കരരവിവര്‍മന്റെ കാലമായപ്പോഴേക്കും തിരുനെല്ലി ഏറെ പ്രശസ്തമായ പ്രദേശമായി മാറിയതായി രേഖകള്‍ തെളിയിക്കുന്നു.

എഡി 12-13 നുറ്റാണ്ടുകള്‍ക്കിടയില്‍ വിരചിതമായ 'ഉണ്ണിയച്ചി ചരിത'ത്തില്‍ "മല്ലികപോലെ വെളുത്ത നിറമുള്ള വരിനെല്ലും, കഴമയെന്നുപേരായ ചെന്നെല്ലും, മോക്ഷദായിനിയായ തീര്‍ഥനദിയുമുള്ള, പെരിയ വില്ലുധരിച്ച ലക്ഷ്മീകാന്തന്‍ വാഴുന്ന'' തിരുനെല്ലിയെപ്പറ്റി പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രികള്‍ രചിച്ച 'കോകില സന്ദേശ'ത്തിലും (കൊല്ലവര്‍ഷം 580-650) തിരുനെല്ലി പരാമര്‍ശവിധേയമാകുന്നു.

തിരുനെല്ലിപോലെ മധ്യകാലകൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് തിരുനെല്ലിക്കടുത്ത തൃശ്ശിലേരി. തിരുനെല്ലിയുടെ തെക്കുകിഴക്കായി കിടക്കുന്ന നരിനിരങ്ങി മലക്കപ്പുറമാണ് തൃശ്ശിലേരി. തിരുനെല്ലി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രമാണ് തൃശ്ശിലേരിയിലെ ശ്രീ മഹാദേവക്ഷേത്രം. തിരുനെല്ലിയില്‍നിന്നും മാനന്തവാടിയിലേക്കുള്ള പഴയ ഒരു കാട്ടുപാത തൃശ്ശിലേരി നരിനിരങ്ങിമല വഴിയായിരുന്നുവത്രെ.

തിരുനെല്ലിയുടെ തലയാണ് തൃശ്ശിലേരി എന്നും ആദ്യം അവിടെ കര്‍മം ചെയ്തിട്ട് മാത്രമേ തിരുനെല്ലി ക്ഷേത്രത്തില്‍ എത്താവൂ എന്നും ഹൈന്ദവര്‍ വിശ്വസിക്കുന്നു (സാധുകൃഷ്ണാനന്ദ- തിരുനെല്ലി പുരാണം- പുറം: 33). ഇഴപിരിക്കാനാവാത്ത ബന്ധം തിരുനെല്ലിക്കും തൃശ്ശിലേരിക്കുമുണ്ട്. ചരിത്രത്തിന്റെ വ്യത്യസ്ത ദിശാസന്ധികളില്‍ നടന്ന രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങളില്‍പോലും ഇത് പ്രകടമാണ്.

പ്രാചീനകാലത്ത് ഈ പ്രദേശങ്ങളില്‍ വസിച്ചിരുന്നവരെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും പില്‍ക്കാലത്ത് ഹൈന്ദവസമൂഹത്തിന് മേല്‍ക്കൈയുള്ള പ്രദേശമായി മാറി എന്നത് യാഥാര്‍ഥ്യമാണ്. ഇതിനിടയില്‍ ജൈനമതത്തിന് ഈ പ്രദേശത്ത് സ്വാധീനമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകള്‍ ലഭിച്ചിട്ടുണ്ട്. സാധു കൃഷ്ണാനന്ദ എഴുതി: "ശ്രാവണ ബലഗോളയില്‍നിന്നും കേവലം നൂറിനടുത്തു കി. മീ. മാത്രം ദൂരമുള്ള വയനാട് ജൈനസംസ്കാരത്തിന്റെ വ്യക്തമായ ഒരു ഭാഗമായി മാറിയതിന്റെ തെളിവാണ് ഇവിടുത്തെ ഇന്നും ആരാധന തുടരുന്ന ജൈനക്ഷേത്രങ്ങളും ജൈന സമൂഹവും. അവരുടെ ഇന്നത്തെ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണ് കര്‍ണാടകത്തിലെ ധര്‍മശാല. ബ്രഹ്മഗിരിയില്‍ ഗുഹാക്ഷേത്രങ്ങള്‍ രൂപംകൊള്ളുന്നതും ഇക്കാലത്താണ്. അതിന്റെ ഭാഗമാണ് തിരുനെല്ലിയില്‍ നിരവധി ഗുഹാക്ഷേത്രങ്ങള്‍ ഇന്നും അവശേഷിക്കുന്നത്. പക്ഷിപാതാളം, മുനിയറ, ഗുണ്ടികാ, ബസവതീര്‍ഥം, യോഗീശ്വരന്‍പീഠം തുടങ്ങിയവ തിരുനെല്ലിയിലെ ഗുഹാക്ഷേത്രങ്ങളാണ്. ചന്ദ്രഗുപ്തന് ശേഷം ബി സി രണ്ടാം നൂറ്റാണ്ടില്‍ സംപ്രതി എന്ന രാജാവ് വ്യാപകമായും ശക്തമായും സംഘടിതമായും ജൈനമതം ഇവിടെ പ്രചരിപ്പിച്ചു എന്നതിനും രേഖകളുണ്ട്. ജൈനമത സന്ന്യാസികള്‍ക്കായി ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിന്റെ യശസ്സ് സംപ്രതിയും ഖാരവേലനും ഒരുപോലെ പങ്കിടുന്നു. ബ്രാഹ്മലിപി ഇവരാണ് ഇവിടെ കൊണ്ടുവന്നത്'' (തിരുനെല്ലി പുരാണം പുറം-14)

ആദിവാസികളും തിരുനെല്ലിയും

വയനാട് ജില്ലയില്‍ ഏറ്റവും കുടുതല്‍ ആദിവാസികള്‍ ഉള്ള പഞ്ചായത്ത് തിരുനെല്ലിയാണ്. അടിയാന്‍, പണിയന്‍, കുറിച്യര്‍, മുള്ള കുറുമര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് പുറമെ, കര്‍ണാടകത്തില്‍ നിന്നുവന്ന ഇടനാടന്‍ ചെട്ടിമാര്‍, ഉരുദവര്‍ എന്നീ ജാതി വിഭാഗങ്ങളും തിരുനെല്ലിയിലുണ്ട്. ഇവര്‍ ഏത് കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് അദിവാസമുറപ്പിച്ചത് എന്നത് വ്യക്തമല്ല.

ആദിവാസികളില്‍ അടിയാന്മാരാണ് ജനസംഖ്യയില്‍ ഇവിടെ കൂടുതല്‍. ഇവരുടെ ആചാരവിശേഷങ്ങളില്‍ കാണപ്പെടുന്ന കര്‍ണാടക ദേശസ്വാധീനവും ഭാഷാപരമായ പ്രത്യേകതകളും കണക്കിലെടുക്കുമ്പോള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വന്ന ചെട്ടികളുടെയും ബ്രാഹ്മണരുടെയും കൂടെ എത്തിയവരാകാം അടിയാന്മാര്‍ എന്ന ഊഹത്തിന് ബലമേറുന്നു. അവര്‍ തൃശ്ശിലേരിയിലും തിരുനെല്ലിയിലും മുഖ്യമായും അമ്പലവാസി ജനവിഭാഗങ്ങളുടെ അടിമപ്പണിക്കാരായിരുന്നു. എവിടെയായിരുന്നാലും ചെട്ടിമാര്‍, ഗൌണ്ടന്മാര്‍, അമ്പലവാസി വിഭാഗക്കാരായ മാരാന്മാര്‍, എമ്പ്രാശന്മാര്‍, വാര്യന്മാര്‍, പട്ടന്മാര്‍, നമ്പൂതിരിമാര്‍ തുടങ്ങിയവരുടെ അടിമകളായിട്ടാണ് അധികവും കഴിഞ്ഞുകൂടിയിരുന്നത്..... പണിയരെപ്പോലെതന്നെ വള്ളിയൂര്‍ക്കാവ് ഉത്സവകാലത്ത് അടിയാന്മാരും വില്‍പ്പനക്കെത്തിയിരുന്നു (ഡോ. പി ജി പദ്മിനി, കാട്ടുജീവിതത്തിന്റെ സ്പന്ദനതാളങ്ങള്‍ പുറം-76).

കൊടിയ ചൂഷണത്തിന്റെയും അതിരറ്റ മനുഷ്യാവകാശലംഘനങ്ങളുടെയും ചരിത്രമാണ് ഇവിടുത്തെ ആദിവാസികളുടെ ഭൂതകാലം. സ്വച്ഛന്ദമായ ജീവിതം നയിച്ചിരുന്ന തങ്ങളെ പലവിധ ചതികളില്‍പ്പെടുത്തി അടിമകളാക്കി മാറ്റിയതിനെക്കുറിച്ചുള്ള കരളലിയിക്കുന്ന ഐതിഹ്യങ്ങള്‍ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട് (കെ ജെ ബേബിയുടെ 'മാവേലിമന്റ'ത്തിലും പി വത്സലയുടെ 'നെല്ലി'ലും ആദിവാസികള്‍ നേരിട്ട അടിമത്താവസ്ഥയുടെ നേര്‍ചിത്രം കാണാം.)

തിരുനെല്ലിയുടെയും തൃശ്ശിലേരിയുടെയുമെല്ലാം ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ പലരും തദ്ദേശീയരില്‍ ഭൂരിപക്ഷമായ ആദിവാസിവിഭാഗങ്ങളെക്കുറിച്ച് മൌനംപാലിക്കുകയാണ് പതിവ്. ഇവരെ പൂര്‍ണമനുഷ്യരായി കരുതിയിരുന്നുവോ എന്നുതന്നെ സംശയമാണ്. വയനാടിന്റെ നാനാഭാഗങ്ങളിലും ആദിവാസികളെ അടിമകളാക്കിയിരുന്നെങ്കിലും അതിന്റെ ക്രൌര്യം ഏറ്റവും കൂടുതല്‍ അരങ്ങേറിയത് തിരുനെല്ലി, തൃശ്ശിലേരി ഭാഗങ്ങളിലാണെന്ന് കാണാം.

പണ്ട് ഒരടിമ നിതാന്ത അടിമത്തമാണ് അനുഭവിച്ചിരുന്നതെങ്കില്‍ പിന്നീടത് ഒരു ജന്മിക്ക് കീഴില്‍ ഒരു വര്‍ഷമെന്ന രീതിയിലേക്ക് മാറി. മാനന്തവാടിക്കടുത്ത വള്ളിയൂര്‍കാവിലെ ഉത്സവനാളിലായിരുന്നു ഈ അടിമകളെ കൈമാറുന്ന ചടങ്ങ് നടന്നിരുന്നത്. 1970 കളുടെ ഒടുവില്‍ മാത്രമാണ് ഈ അടിമക്കച്ചവടം നിര്‍ത്തലാക്കിയത്. അന്നത്തെ അടിമച്ചന്തയെക്കുറിച്ച് ആദിവാസി ഗവേഷകനായ കെ പാനൂര്‍ ഇങ്ങനെയെഴുതി:

"വളളിയൂര്‍കാവിലെ അടിമക്കച്ചവടം നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഒരേര്‍പ്പാടായിരുന്നു എന്നതാണ് സത്യം. മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍കാവില്‍ മീനം ഒന്നാം തീയതി ഉത്സവം തുടങ്ങുന്നു. 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് വയനാട്ടിലെ പണിയരും അടിയരും വള്ളൂരമ്മയുടെ മുമ്പാകെ എത്തിച്ചേരുന്നു- വയനാട്ടിലെ ജന്മിമാരും അന്ന് അവിടെ എത്തും. ഓരോ ജന്മിയും ഒരു കൊല്ലക്കാലം അതായത് വള്ളിയൂര്‍കാവിലെ അടുത്തകൊല്ലത്തെ ഉത്സവം തുടങ്ങുന്നതുവരെ തന്റെ വയലില്‍ അടിമജോലി ചെയ്തുകൊള്ളാമെന്ന കരാറിന്മേല്‍ കാലിച്ചന്തയില്‍നിന്ന് കന്നുകാലികളെ തെരഞ്ഞെടുക്കുന്ന മട്ടില്‍, ഒരു കൂട്ടം പണിയരെയും അടിയരെയും അന്നവിടെവച്ച് വള്ളിയൂര്‍കാവിലെ ഭദ്രകാളിയുടെ മുമ്പാകെ അടിമപ്പണം കൊടുത്ത് വിലയ്ക്കെടുക്കുന്നു. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ആണിന് 10ക. തോതിലും പെണ്ണിന് 5ക. തോതിലും അടിമപ്പണം കൊടുക്കും. വിവാഹം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് രണ്ടര ക. തോതില്‍ മാത്രമേ വിലയുള്ളൂ. ജന്മിമാര്‍ ഈ ചടങ്ങ് കാവില്‍വച്ച് നടത്തുന്നതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. വള്ളൂരമ്മ ആദിവാസികള്‍ വളരെയേറെ ഭയപ്പെടുന്ന ദേവതയാണ്- അവര്‍ക്ക് ദീനം ഉണ്ടാകുന്നതും സുഖപ്പെടുത്തുന്നതും ഈ ദേവതയാണ്. അതുകൊണ്ട് വള്ളൂരമ്മ സാക്ഷിയായി നടക്കുന്ന കരാര്‍ പാലിക്കേണ്ടത് തങ്ങളുടെ കടമയായി അവര്‍ കരുതുന്നു. പ്രവൃത്തിയില്‍ ഉപേക്ഷ കാണിക്കുകയോ ഒളിച്ചോടിപ്പോവുകയോ ചെയ്താല്‍ ഭദ്രകാളി കോപിക്കുകയും കഠിന രോഗംവരുത്തി ശിക്ഷിക്കുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. ദേവന്മാരും ജന്മിമാരും തമ്മില്‍ അങ്ങനെയൊരു ധാരണയുണ്ടായിരുന്നു! കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ ഒളിച്ചോടിയവരെ പിടിച്ച് തിരിച്ചേല്‍പ്പിക്കാന്‍ പൊലീസുംകൂടി സഹായിച്ചിരുന്നുപോല്‍! ഒരടിമയായാല്‍ ജന്മിയുടെ വയല്‍ക്കരയില്‍ത്തന്നെ കുടുമ്പുകെട്ടി താമസിക്കാനുള്ള സൌകര്യം അനുവദിച്ചുകിട്ടും. അങ്ങനെ വള്ളൂരമ്മയുടെ പ്രീതിക്കുവേണ്ടി എന്നതിലേറെ ജന്മി നല്‍കുന്ന താമസസൌകര്യത്തിനും 'കാടിക്കഞ്ഞി'ക്കുള്ള വകക്കുംവേണ്ടി അവര്‍ അടിമകളായി ജീവിക്കുകയായിരുന്നു ''(കേരളത്തിലെ ആഫ്രിക്ക-പുറം 99).

മുപ്പത്തിയഞ്ചുവര്‍ഷം അടിമപ്പണിയെടുത്ത, അടിമ സമുദായമൂപ്പനും തൃശ്ശിലേരി സ്വദേശിയും ഗദ്ദിക കലാകാരനും ഫോക്ലോര്‍ അക്കാദമി പ്രസിഡന്റുമായിരുന്ന പി കെ കാളന്‍ വള്ളിയൂര്‍കാവിലെ അടിമ വ്യാപാരരീതി ഇങ്ങനെ ഓര്‍ത്തെടുത്തു: "ഉത്സവദിവസം ഞങ്ങള്‍ കുടുംബസമേതം വള്ളിയൂര്‍കാവിലേക്ക് പോകും. ഞങ്ങളുടെ മൂപ്പന്മാരൊക്കെ അവിടെയെത്തിയിട്ടുണ്ടാവും. ഞങ്ങള്‍ വിശാലമായ ക്ഷേത്രമൈതാനത്ത് പായവിരിച്ചും വിരിക്കാതെയും ഇരിക്കും. അപ്പോള്‍ ഓരോ ജന്മിയും ഇടയില്‍ വന്ന് അവര്‍ക്കിഷ്ടപ്പെട്ട തടിമിടുക്കും ആരോഗ്യവുമുള്ളവരെ തെരഞ്ഞെടുക്കും. 'നിങ്ങള്‍ ഞങ്ങളുടെ കൂടെ വാ' എന്നു പറയും. ഒടുവില്‍ മൂപ്പന്മാരുമായി അവര്‍ കരാര്‍ ഉറപ്പിക്കും. തമ്പുരാന്‍ ആരെന്നോ എവിടെയുള്ള ആളെന്നോ നോക്കാതെ ഞങ്ങള്‍ അവരുടെ പിന്നാലെ പോകും. നാല്‍പ്പതും അമ്പതും അടിമകള്‍ ഒരു ജന്മിക്ക് കീഴിലുണ്ടാകും. തമ്പുരാന്റെ വിശാലമായ കൃഷിയിടത്തില്‍ കുടില്‍ കെട്ടാന്‍ അനുവദിക്കില്ല. ഉപയോഗക്ഷമമല്ലാത്ത കാട്ടുപ്രദേശം കാണിച്ചുതരും. ഞങ്ങള്‍ അവിടെ കുടിലുകെട്ടും. കുടിലിനുചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് മാവും പിലാവും വാഴയുമെല്ലാം നടും. അവ അല്‍പ്പം വളരുമ്പോള്‍ ഉടമ പറയും: "ഇനി നിങ്ങള്‍ ഇവിടെ താമസിക്കേണ്ട, അക്കരെ കുന്നില്‍ താമസിച്ചോ''എന്ന്. ഞങ്ങള്‍ കുടിലും പരിസരവും വിട്ട് അടുത്ത കാട്ടുപ്രദേശത്തുപോകും. പഴയത് ആവര്‍ത്തിക്കും. ഇങ്ങനെ വഞ്ചനയിലൂടെ കാട് തെളിച്ച് തമ്പുരാന്‍ പാടം വികസിപ്പിച്ചെടുക്കും. (ആഴ്ചവട്ടം -2006, ജനു. 29, 'അടിമനിരോധനത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍).

വയനാട്ടിലെ അടിമത്തൊഴിലാളിയുടെ ഒരു ദിനം എങ്ങനെയായിരുന്നു എന്ന് തൃശ്ശിലേരിയിലെ മാതൈ മൂപ്പന്‍ എന്ന മുന്‍ അടിമത്തൊഴിലാളി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: "പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ടാല്‍ വയലിലെത്തണം. ചെറിയ അസുഖങ്ങളൊന്നും ഇതിന് തടസ്സമല്ല. ഏരുകെട്ടല്‍ (നിലമുഴുതല്‍) ആണെങ്കില്‍ 12 മണിവരെ തുടരും. 12 മണിക്ക് പുരുഷന്മാര്‍ക്ക് രണ്ടുസേര്‍ നെല്ലും സ്ത്രീകള്‍ക്ക് ഒരു സേര്‍ നെല്ലും കൂലിയായി കിട്ടും. അത് കുടിലില്‍കൊണ്ടുപോയി കുത്തി കഞ്ഞിവച്ച് കുടിക്കും. വീണ്ടും വയലിലേക്ക് പണിക്കിറങ്ങും. അല്ലെങ്കില്‍ കാട്വെട്ടി തോട്ടമാക്കാന്‍ കുന്നിന്‍ പ്രദേശങ്ങളിലേക്ക് പോകും. ഇരുട്ടുപരക്കുന്നതുവരെ ജോലി തുടരും. ഉച്ചക്ക് കിട്ടിയ നെല്ലില്‍ ബാക്കിയുള്ളതുകൊണ്ട് (ഉണ്ടെങ്കില്‍) കഞ്ഞിവയ്ക്കും. പലപ്പോഴും പട്ടിണിയായിരിക്കും. രാവിലെ എന്നും മുഴുപ്പട്ടിണിയാണ്. ഭക്ഷണം കഴിക്കാതെയാണ് പണിക്കിറങ്ങുന്നത്. നേരം അല്‍പ്പം വൈകിയാല്‍ തെറി കേള്‍ക്കേണ്ടിവരും. ''(അതേ ദിനപത്രം)

വേതനമായി പണം നല്‍കുന്ന രീതി ഒരിക്കലുമുണ്ടായിരുന്നില്ല. വല്ലിയാണ് (നെല്ല്) നല്‍കിയിരുന്നത്. അതുകൊണ്ട് 'വല്ലിപ്പണി' എന്ന് അടിമത്തൊഴിലിനെ വിളിച്ചിരുന്നു. 'കുണ്ടല്‍പ്പണി' എന്നും പറയാറുണ്ട്. എല്ലാ ദിവസവും കൃത്യമായി വല്ലി നല്‍കുന്ന രീതിയൊന്നും നിലനിന്നിരുന്നില്ല. ഇടിയും തൊഴിയും തെറിയും പതിവായിരുന്നു. അടിമകള്‍ക്ക് നാല്‍ക്കാലികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഒരു കാലത്തും ഉടമകള്‍ നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല ഒരു കാലത്ത് വില്‍ക്കുവാനും വാങ്ങുവാനും പണയംവയ്ക്കുവാനും പറ്റുന്ന വസ്തുവായിരുന്നു അടിമ. കൈപ്പാടന്‍ എന്ന പണിയനെ സുഭരായ പട്ടര്‍ എട്ടണയ്ക്ക് പണയംവച്ചതിന്റെ രേഖകള്‍ തുക്കിടി മുന്‍സിഫ് കോടതി രേഖകളില്‍ ലഭ്യമാണ്. മാനന്തവാടിയിലെ പ്രമുഖ ജന്മി കുടിയേറ്റക്കാരനായ ഒരു കൃസ്ത്യാനിക്ക് സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ ആധാരവ്യവസ്ഥയില്‍ '600 ഏക്കര്‍ സ്ഥലവും 60 ആദിവാസികുടുംബവും' എന്നെഴുതിയതായി കെ ജെ ബേബി പറയുന്നു.

നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഈ അടിമക്കച്ചവടത്തിനെതിരെ സംഘടിതമായ ആദ്യപ്രതിഷേധമുയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. 1950കളുടെ ആരംഭത്തിലായിരുന്നു അത്.

"എ കെ ജിയുടെയും കെ എ കേരളീയന്റെയും മുന്‍കൈയില്‍ രൂപീകൃതമായ കര്‍ഷകത്തൊളിലാളി യൂണിയന്‍, നെല്ലിന് പുറമെ ഒരു രൂപ നിത്യക്കൂലിയും വേണമെന്ന് ആവശ്യമുന്നയിച്ചു. പുരുഷന്മാര്‍ക്ക് നല്‍കുന്ന രണ്ടു സേര്‍ മൂന്നു സേറായും സ്ത്രീകളുടെ ഒരു സേര്‍ രണ്ടു സേറായും വര്‍ധിപ്പിക്കുവാന്‍ യൂണിയന്‍ പനമരം സമ്മേളനത്തില്‍ ജന്മിമാരോടാവശ്യപ്പെട്ടു. ഇതിനായി വയനാട്ടിലുടനീളം പ്രചാരണജാഥകളും യോഗങ്ങളും നടത്തി. കമ്യൂണിസ്റ്റ് നേതാവും ആദിവാസി കുറിച്യസമുദായ അംഗവുമായ കെ കെ അണ്ണനും പി ആര്‍ വാര്യരുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത് ''(ഒ കെ ജോണി, വയനാട് രേഖകള്‍ 156)

കാലക്രമേണ, ക്ഷയിച്ചുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളി യൂണിയനെ സജീവമാക്കുവാന്‍ പാര്‍ടി കണ്ടെത്തിയത് അന്ന് കര്‍ഷകസംഘം കണ്ണൂര്‍ ഓഫീസ് സെക്രട്ടറിയായിരുന്ന എ വര്‍ഗീസിനെയാണ്. 1966-ല്‍ വര്‍ഗീസ് വടക്കേ വയനാട് താലൂക്ക് സെക്രട്ടറിയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വര്‍ഗീസും സംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടിമകളാക്കപ്പെട്ട ജനതയില്‍ പ്രതീക്ഷകളുണര്‍ത്തി.

പാര്‍ടിയുടെ നേതൃത്വത്തില്‍ തിരുനെല്ലിയിലും തൃശ്ശിലേരിയിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആദിവാസികളെ അടിമത്താവസ്ഥയില്‍ നിലനിര്‍ത്തി ചൂഷണം ചെയ്തിരുന്ന മര്‍ദക-ജന്മി, ഭൂവുടമകളില്‍ ഇത് അങ്കലാപ്പുകള്‍ സൃഷ്ടിച്ചു. പാര്‍ടി നയിച്ച സമരപ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളിലെ മര്‍ദിതരായ ആദിവാസികളില്‍ ആവേശമുണര്‍ത്തി. അവര്‍ പാര്‍ടിക്ക് കീഴില്‍ അണിനിരന്നു. ഈ സംഘടിത മുന്നേറ്റമാണ് പിന്നീട് അടിമത്തം നിരോധിക്കുവാനുള്ള നിയമനിര്‍മാണത്തിലേക്ക് ഭരണകൂടത്തെ എത്തിച്ചത്. 1976ല്‍ അടിമവേല നിര്‍ത്തലാക്കുന്ന ഒരു നിയമം കേരള നിയമസഭ പാസാക്കി. 1977-ഓടെ അടിമത്തം പൂര്‍ണമായും നിരോധിച്ചു.

കമ്യൂണിസ്റ്റ് പാര്‍ടി ആദിവാസികള്‍ക്കിടയില്‍ വേരോട്ടം നേടുന്നത് തിരിച്ചറിഞ്ഞ ശത്രുക്കള്‍ ഇതിനെ തകര്‍ക്കുവാനുള്ള പതിനെട്ടടവും പയറ്റി നോക്കി. അതിവിപ്ളവ വായാടിത്തമായിരുന്നു ഒരു തുരുപ്പു ശീട്ട്. "കമ്യൂണിസ്റ്റ് പാര്‍ടി സമം തലവെട്ട്'' എന്ന സമവാക്യം സൃഷ്ടിച്ചുകൊണ്ട് പാര്‍ടിയില്‍നിന്ന് അനുയായികളെ അകറ്റുവാനുള്ള ശ്രമങ്ങള്‍ നടന്നു. തിരുനെല്ലിയും തൃശ്ശിലേരിയുമായിരുന്നു ഇതിന്റെ ഏറ്റവും പ്രധാന രംഗഭൂമി.

ആദിവാസികള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കീഴില്‍ അണിനിരക്കുവാനുള്ള സാധ്യത എവിടെയൊക്കെ ഉണ്ടാവുന്നുവോ അത് തിരിച്ചറിയുകയും അതിനെ തകര്‍ക്കുകയും ചെയ്യുവാനുള്ള ആസൂത്രിത ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആദിവാസികള്‍ നിയമവിധേയ മാര്‍ഗങ്ങളിലൂടെ പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ ഭീകരസംഘം എന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടി സമീപകാലത്തുപോലും ശ്രമങ്ങള്‍ നടന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും. 'അയ്യങ്കാളിപ്പട' നടത്തിയ കലക്ടറെ ബന്ദിയാക്കല്‍ നാടകം മുതല്‍ മുത്തങ്ങാ സമരത്തിന്റെ മറവില്‍ ചില ഗ്രൂപ്പുകള്‍ നടത്തിയ മുതലെടുപ്പുകള്‍ വരെ ഇതിനുദാഹരണമാണ്. ഒ കെ ജോണിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. "സാമൂഹികാംഗീകാരവും ജനകീയാടിത്തറയുമില്ലാത്ത രാഷ്ട്രീയഭയാര്‍ഥി സംഘങ്ങള്‍ക്കും ചെറുഗ്രൂപ്പുകള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ ഇടം കണ്ടെത്താനുള്ള കുറുക്കുവഴികളായി ആദിവാസി പ്രക്ഷോഭങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍ മാത്രമല്ല, ഇടതുപക്ഷത്തിന്റെ പദാവലികളില്‍ സംസാരിക്കുകയും വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രച്ഛന്നോപാധികളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും ഈ നിലപാടാണ് പിന്തുടരുന്നത്. ആദിവാസി പ്രക്ഷോഭങ്ങളെ മാത്രമല്ല; സജീവമായ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെക്കൂടി 'ഹൈജാക്' ചെയ്യുക എന്നതാണ് ഇതിന്റെ ഹിഡന്‍ അജന്‍ഡ. കേരളത്തിലേയും ഇന്ത്യയിലെയും ഇടതുപക്ഷത്തെ നിഷ്കാസനം ചെയ്യുക എന്ന ആഗോള വലതുപക്ഷത്തിന്റെ ശുദ്ധപദ്ധതികളെ പിന്തുണയ്ക്കുന്ന ഇത്തരം അനൌദ്യോഗിക ഏജന്‍സികള്‍ക്കൊപ്പം അണിനിരക്കുന്നത്, സായുധ വിപ്ളവത്തില്‍ കവിഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് ശഠിച്ചിരുന്ന കേരളത്തിലെ പഴയ തീവ്ര കമ്യൂണിസ്റ്റ് വിപ്ളവകാരികളാണെന്നതാണ് ക്രൂരമായ തമാശ'' (വയനാട് രേഖകള്‍: പുറം:148).

കമ്യൂണിസ്റ്റ് പാര്‍ടി തിരുനെല്ലിയിലും തൃശ്ശിലേരിയിലും സമീപപ്രദേശങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കീഴാള ആദിവാസി വിഭാഗങ്ങളില്‍ ഉണര്‍വും ആവേശവും സൃഷ്ടിക്കുക മാത്രമല്ല, അവര്‍ക്കിടയില്‍ നിന്നുതന്നെ നേതാക്കളെയും പരിഷ്കര്‍ത്താക്കളെയും സൃഷ്ടിക്കുവാന്‍ സഹായകമാവുകയും ചെയ്തു. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്തവിധം ആദിവാസികളില്‍ ആത്മവിശ്വാസവും നേതൃപാടവവും തിരുനെല്ലി പ്രദേശത്തെ ആദിവാസികളില്‍ കാണാം. ചോമമൂപ്പന്‍ മുതല്‍ സികെ ജാനുവരെയുള്ള ആദിവാസി അടിയവിഭാഗത്തില്‍ പെടുന്ന നേതാക്കളെ എടുത്തുപറയേണ്ടതാണ്.

നൂറ്റാണ്ടുകളോളം അടിമത്തമനുഭവിച്ച അടിയസമുദായത്തെ സ്വത്വബോധവും സംഘബോധവുമുള്ളവരാക്കി പാര്‍ടി വളര്‍ത്തിയപ്പോള്‍, തങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരിച്ചറിയുവാനും അവയെ ചെറുക്കുവാനുമുള്ള ത്വര അവരിലുണ്ടായി. അത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹദ്വ്യക്തിത്വമായിരുന്നു 2007നവംബര്‍ 12ന് അന്തരിച്ച പി കെ കാളന്‍.

പി കെ കാളന്റെ പ്രവര്‍ത്തനങ്ങള്‍

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തെ പിന്നിട്ട നരകപഥത്തില്‍നിന്ന് വിമോചനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശ്രമിച്ച പോരാളിയും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുകിടന്ന സ്വസമുദായത്തെ പിടിച്ചുയര്‍ത്തിയ പരിഷ്ക്കര്‍ത്താവും ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന 'ഗദ്ദിക' എന്ന കലാരൂപത്തെ പൊതു സമൂഹത്തിന് മുമ്പിലേക്കെത്തിച്ച കലാകാരനും അടിയസമുദായത്തില്‍നിന്ന് പൊതുമണ്ഡലത്തിലിടപെട്ട ആദ്യ വ്യക്തിയുമാണ് പികെ കാളന്‍.

കൊടിയ ചൂഷണവും മര്‍ദന പീഡനങ്ങളും കണ്ടും കൊണ്ടുമാണ് കാളന്‍ തന്റെ ബാല്യം പിന്നിട്ടത്. അക്കാലത്തെ തൃശ്ശിലേരി, തിരുനെല്ലി പ്രദേശങ്ങളിലെ ഏതൊരാദിവാസിയെയുംപോലെ കാളനും കലാലയത്തിന്റെ പടിവാതില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. (16-ാം വയസ്സില്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സാക്ഷരതാ ക്ളാസില്‍ പങ്കെടുത്തുകൊണ്ടാണ് അക്ഷരങ്ങളുമായുള്ള അല്‍പ്പബന്ധമെങ്കിലും അദ്ദേഹം സ്ഥാപിച്ചത്). മുപ്പത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം അടിമത്തൊഴിലാളിയായി വിവിധ ജന്മിമാരുടെ പാടത്തും പറമ്പിലും കഠിനാധ്വാനം നടത്തി. തന്റെ മുമ്പിലുള്ള ഏതൊരു ആദിവാസിയുടെയും അവസ്ഥ അക്കാലത്ത് ഇതുതന്നെയായിരുന്നു. ഒരുപക്ഷേ, കാളേട്ടനോളം ദുരിതപര്‍വങ്ങള്‍ താണ്ടിയ മറ്റൊരു കലാകാരന്‍ കേരളത്തിലുണ്ടാവില്ല.

തിരുനെല്ലിയുടെ പരിസരപ്രദേശങ്ങളിലുള്ള ജന്മിമാരാണ് കാളേട്ടനെ അടിമയായി സ്വീകരിച്ചിരുന്നത്. ശൂലപാണിവാര്യര്‍ (കുളിര്‍മാവ്) അനന്തന്‍ കമ്പോണ്ടര്‍ (പ്ളാമൂല), പരമേശ്വരഅയ്യര്‍ (ചിറമൂല), അഗസ്ത്യന്‍ (നിരപ്പാറ), അപ്പുഅയ്യര്‍ സ്വാമി (കൈതവല്ലി) അപ്പയ്യര്‍ പട്ടര്‍ (എടപ്പാടി) മാതുകൊടകന്‍ (കുടകുജില്ലയിലെ വീരകം) ഇവരായിരുന്നു അദ്ദേഹത്തിന്റെ 'ഉടമകള്‍'. ഈ ദുരിതക്കയത്തില്‍നിന്ന് തന്നെ രക്ഷിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണെന്ന് കാളേട്ടന്‍ എന്നും പറയുമായിരുന്നു.

ആദിവാസികളുടെ വിമോചനത്തിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 15 വയസ്സിനകം കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധം പുലര്‍ത്തിത്തുടങ്ങിയ കാളേട്ടന്‍ പതിനെട്ടുവയസ്സിനകം സമരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. ആദിവാസികളുടെ കൂലി സംബന്ധിച്ച സമരങ്ങളിലൂടെയാണ് പാര്‍ടിയില്‍ സജീവമാകുന്നത്. ജന്മിമാര്‍ പുരുഷത്തൊഴിലാളികള്‍ക്ക് മൂന്നു 'മാന'വും സ്ത്രീത്തൊഴിലാളികള്‍ക്ക് 'രണ്ടു മാന'വുമാണ് 'വല്ലി' കൂലിയായി നല്‍കിയിരുന്നത്. ഇത് നാലും മൂന്നും 'മാന'മാക്കി മാറ്റാനായിരുന്നു സമരം. ഇതുകൂടാതെ കൂലിയായി ആണുങ്ങള്‍ക്ക് 75 പൈസയും പെണ്ണുങ്ങള്‍ക്ക് 25 പൈസയും നല്‍കണമെന്നും കാളനും മറ്റു സഖാക്കളും ആവശ്യപ്പെട്ടു. 'കുണ്ടല്‍സമരം' എന്നാണ് ഈ പ്രക്ഷോഭം അറിയപ്പെട്ടിരുന്നത്. നമ്മുടെ സമരചരിത്രങ്ങളില്‍ വേണ്ടത്ര ഇടം കിട്ടാതെപോയ കീഴാള സമരമാണിത്. ഇതിന് നേതൃത്വം നല്‍കിയതാവട്ടെ കമ്യൂണിസ്റ്റ് പാര്‍ടിയും. ആദിവാസി ഭൂസമരങ്ങളിലും കാളേട്ടന്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. (ഒടുവില്‍ അന്ത്യവിശ്രമത്തിനായി തെരഞ്ഞെടുത്ത ഭൂമി അത്തരത്തില്‍ വീണ്ടെടുത്തതാണ്. (ദേശാഭിമാനി വാരിക, 2007 നവം.20)

എക്കാലത്തും പാര്‍ടിയോടൊപ്പം നിന്ന കാളേട്ടന്‍ ആദ്യമായി രൂപംകൊണ്ട വയനാട് ജില്ലാ കൌണ്‍സിലില്‍ അംഗമായിരുന്നു; സി പിഐ എം മുന്‍ തിരുനെല്ലി ലോക്കല്‍ കമ്മിറ്റി അംഗവും. 1996-ല്‍ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മരിക്കുമ്പോള്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗവും ഫോക്ലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്നു.

സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍

ഔദ്യോഗിക പദവികള്‍ വഹിക്കുന്ന കാലത്തും കാളന്‍ അടിയ സമുദായമൂപ്പനായിരുന്നു. ഔദ്യോഗിക പരിപാടികളുടെ തിരക്കുകള്‍ക്കിടയിലും ഒരു മൂപ്പനെന്ന നിലയിലുള്ള അനുഷ്ഠാന കര്‍മങ്ങളിലും മറ്റും അദ്ദേഹം മുടക്കം കൂടാതെ പങ്കെടുത്തിരുന്നു. മൂപ്പനെന്ന നിലയില്‍ കാളന് സ്വസമുദായം വിലകല്‍പ്പിച്ചിരുന്നു. ഒരര്‍ഥത്തില്‍, അടിയ സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങള്‍ക്ക് ഈ പദവി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശിലേരിയിലെയും തിരുനെല്ലിയിലെയും മറ്റും അടിയസമുദായത്തിനിടയില്‍ നിലനിനിരുന്ന പല അനാചാരങ്ങളെയും കാളന്‍ നിര്‍ത്തലാക്കുകയുണ്ടായി. ഒരു വര്‍ഷംവരെ കുളിക്കാതിരിക്കുന്ന (കുളിക്കാന്‍ പാടില്ലാത്ത) ചില ചടങ്ങുകള്‍ അടിയാന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇവ നിര്‍ത്തലാക്കിയത് കാളനാണ്. ഇത്തരം അനാചാരങ്ങളെ എതിര്‍ത്തപ്പോള്‍ സ്വസമുദായത്തില്‍നിന്ന് അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. രോഗം വന്നാല്‍ മന്ത്രവാദ ചികിത്സയെ മാത്രം ആശ്രയിച്ചിരുന്നവരെ അദ്ദേഹം ആശുപത്രിയില്‍ പോവാന്‍ ഉപദേശിച്ചു. മന്ത്രവാദവുമായി ബന്ധപ്പെട്ട പല അന്ധവിശ്വാസങ്ങളെയും അദ്ദേഹം തുറന്നുകാട്ടുകയുണ്ടായി. പ്രസവവുമായി ബന്ധപ്പെട്ട ചില മന്ത്രവാദപരിപാടിയെക്കുറിച്ച് ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അകത്ത് ഗര്‍ഭിണിയായ സ്ത്രീ വേദനകൊണ്ട് പുളയുമ്പോള്‍ പുറത്ത്നിന്ന് പാട്ടുപാടും. പാട്ട് ദേവീസ്തുതിയാണ്. പാട്ടില്‍ ദേവി പ്രസവിക്കുന്നതിനെക്കുറിച്ച് പാടുമ്പോള്‍ അകത്തുള്ള ഗര്‍ഭിണി പ്രസവിക്കുമെന്നായിരുന്നു വിശ്വാസം. പണ്ട് കാലത്ത് ഈ സന്ദര്‍ഭത്തില്‍ ചില പച്ചമരുന്നുകള്‍ ഗര്‍ഭിണിയുടെ വയറ്റില്‍ പുരട്ടുമായിരുന്നത്രെ. പുതിയ തലമുറയ്ക്ക് ഈ പച്ചമരുന്നിനെക്കുറിച്ച് അറിയില്ല. അതിനാല്‍ പാട്ടിലെ ദേവി പ്രസവിച്ചാലും അകത്തെ ഗര്‍ഭിണി പ്രസവിക്കില്ല. പച്ചമരുന്നിന്റെ പ്രയോഗമാണ് സുഖപ്രസവ ഹേതുവെന്നും കേവലം പാട്ടുകൊണ്ട് അത് സാധ്യമല്ലെന്നും അതിനാല്‍ പ്രസവവേദനകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉടനെ ആശുപത്രിയിലേക്ക് പോകുകയാണ് വേണ്ടതെന്നും കാളന്‍ സമുദായത്തോട് പറഞ്ഞു.ചികിത്സാ സൌകര്യങ്ങളുടെ സാധ്യതയെക്കുറിച്ച് യാതൊരുവിധ വിവരവുമില്ലാതിരുന്ന കാളന്റെ മുന്‍തലമുറ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം തികച്ചും ബോധവാനായിരുന്നു. കാളന്റെ തന്നെ സഹോദരീ സഹോദരന്മാരുടെ മരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്. "അച്ഛനമ്മമാരുടെ പതിനൊന്നാമത്തെ മകനായാണ് എന്റെ ജനനം. ഒരു പെങ്ങളൊഴികെ ബാക്കി പത്തുപേരും കുട്ടിക്കാലത്തേ മരിച്ചുപോയി. ചിലര്‍ നാലുവയസ്സിന് മുമ്പേ മരിച്ചു. ചിലര്‍ നാലായപ്പോഴേക്കും മരിച്ചു. ഞാന്‍ ജീവിക്കുമെന്ന് അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്റെ ദുര്‍വിധിയെ പേടിച്ച് അവര്‍ ഒരു മന്ത്രവാദിയെക്കണ്ടു. അയാള്‍ ഒരു ഉറുക്കുണ്ടാക്കി എന്റെ കഴുത്തില്‍ കെട്ടി. തിരുനെല്ലിയിലെ ശിവനായിരുന്നു ഞങ്ങളുടെ പരദൈവം. അതോര്‍ത്ത് അച്ഛനമ്മമാര്‍ എനിക്ക് കാളപ്പന്‍ എന്ന പേരിട്ടു (അഭിമുഖം: പി കെ കാളന്‍, ഡി ഡി നമ്പൂതിരി, മാതൃഭൂമി ആഴ്ചപ്പതിപ്പ് -2007 ഡിസം. 2-6)

കാളന്റെ സഹോദരീസഹോദരന്മാര്‍ ചികിത്സ കിട്ടാതെയാവണം മരണപ്പെട്ടത്. ഈ ദുര്യോഗം തന്റെ സമുദായത്തിനിനി ഉണ്ടാവരുതെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരിക്കണം. വിദ്യാഭ്യാസമാണ് വിമോചനത്തിന്റെ താക്കോലെന്നും അതിനാല്‍ എല്ലാവരും വിദ്യ അഭ്യസിക്കണമെന്നും അദ്ദേഹം സമുദായത്തെ ഉണര്‍ത്തി.

ഒരു പക്ഷേ, കാളേട്ടന്റെ ഏറ്റവും പ്രധാന സംഭാവന ആദിവാസി ഊരുകളില്‍ രോഗമകറ്റാനും ദുര്‍മൂര്‍ത്തികളെ ആട്ടിയോടിക്കുവാനും മറ്റും നടത്തിയിരുന്ന മാന്ത്രിക കര്‍മമായ ഗദ്ദികയെ ഒരു നാടന്‍ കലാരൂപമെന്ന നിലക്ക് പരിഭാഷപ്പെടുത്തി പൊതുവേദിയില്‍ എത്തിച്ചു എന്നതാണ്. തന്റെ സമുദായത്തോട് പൊതുധാരയിലേക്ക് വരാനുള്ള ആഹ്വാനം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള ഗദ്ദികയാണ് ഏറ്റവും അനുയോജ്യമായ മാധ്യമമെന്ന് അദ്ദേഹം വിശ്വസിച്ചു. പൊതുവേദിയില്‍ ഗദ്ദിക അവതരിപ്പിക്കുമ്പോള്‍ അതില്‍ സാമൂഹ്യവിമര്‍ശം ഉള്‍പ്പെടുത്താന്‍ അദ്ദേഹം മറന്നിരുന്നില്ല. ഗദ്ദിക എന്ന പാരമ്പര്യകലാരൂപത്തെ പഴയരൂപത്തിലല്ല, പുതുക്കി പണിത പുതിയ രൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. സദസ്സില്‍ ഇരിക്കുന്നവര്‍ക്കനുസരിച്ച് പാട്ടിലും പറയലിലും മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം മറന്നിരുന്നില്ല. 2003ല്‍ കല്‍പ്പറ്റയില്‍ ഡിവൈ എഫ് ഐ സംഘടിപ്പിച്ച വറുതി പ്രയാണം പരിപാടിയുടെ ഉദ്ഘാടനയോഗത്തില്‍ ഗദ്ദിക അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ സദസ്സില്‍ ഇരിക്കുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണനെ ചൂണ്ടി കാളന്‍ പറഞ്ഞു: "നമ്മളെ അടിച്ചു പണിയെടുപ്പിച്ച തമ്പ്രാക്കളുടെ കുലംമുടിച്ച പാര്‍ടിയെ ഞങ്ങ മറക്കില്ല..''

അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുകിടക്കുന്ന സ്വസമുദായ അംഗങ്ങളോട് അവയില്‍നിന്ന് മുക്തരാവാന്‍ ഗദ്ദികയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. ഗദ്ദികയെ മാത്രമല്ല , മൂപ്പന്‍ പദവിയെയും പുരോഗമന ആശയം പ്രചരിപ്പിക്കുവാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.

നിഷ്ക്കളങ്കരായ ആദിവാസികളെ പലവിധ പ്രലോഭനങ്ങള്‍ നല്‍കി കാവിപുതപ്പിക്കുവാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളെ തടയിടുന്നതില്‍ കാളേട്ടന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ആദിവാസികളെ അടിമക്കച്ചവടം നടത്തിയിരുന്ന വള്ളിയൂര്‍ക്കാവില്‍ വനവാസി സംഗമം സംഘടിപ്പിച്ച് ആദിവാസികളെ ഫാസിസ്റ്റ്വത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തിയ ശ്രമങ്ങളെ രൂക്ഷമായി എതിര്‍ത്തുകൊണ്ട് കാളേട്ടന്‍ മുന്നോട്ടുവരികയുണ്ടായി. 2003ല്‍ നടത്തിയ ഈ വനവാസി സംഗമത്തില്‍ കാളേട്ടന്‍ പങ്കെടുക്കുമെന്ന് ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം വഴി പരമാവധി ആദിവാസികളെ സംഗമത്തിന് എത്തിക്കുക എന്നതായിരുന്നു ആര്‍എസ്എസ് അജന്‍ഡ. ഇത് തിരിച്ചറിഞ്ഞ കാളേട്ടന്‍ വനവാസിസംഗമത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് 'ദേശാഭിമാനി' ദിനപത്രത്തില്‍ ലേഖനമെഴുതുകയുണ്ടായി. വനവാസി സംഗമം ആദിവാസികളെ വീണ്ടും അടിമകളാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹം തുറന്നെഴുതി: "കമ്യൂണിസ്റ്റുകാരനായ എന്നെ വിലയ്ക്കുവാങ്ങാന്‍ ആര്‍എസ്എസിന് കഴിയില്ല. അയിത്തവും അടിമത്തവും ചൂഷണവുംമൂലം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആദിവാസി സമൂഹത്തെ മനുഷ്യരാക്കി മാറ്റിയത് കമ്യൂണിസ്റ്റുകാരാണ്. ആദിവാസികളെ വീണ്ടും അടിമകളാക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. വിശ്വാസത്തെ ചൂഷണംചെയ്ത് വര്‍ഗീയവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കം ആദിവാസികള്‍ തിരിച്ചറിയണം'' (ദേശാഭിമാനി 2003, ജനു.14)

കാളേട്ടന്‍ അടക്കമുള്ള ഒട്ടേറെ ആദിവാസി ഇടതുപക്ഷപ്രവര്‍ത്തകരുടെ പ്രചാരണഫലമായി തിരുനെല്ലിയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസികളെ വശത്താക്കുവാന്‍ സംഘപരിവാറിന് ഇന്നും കഴിഞ്ഞിട്ടില്ല. "ഗോത്രവര്‍ഗാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഹൈന്ദവ ആചാരങ്ങളുമായി സാമ്യമുണ്ടെങ്കിലും ആദിവാസികള്‍ ഹൈന്ദവ വര്‍ഗീയവാദികളല്ല''. (ദേശാഭിമാനി, 2003, ജനു. 14) എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുവാന്‍ മറന്നിരുന്നില്ല.

തിരുനെല്ലിയുടെ വര്‍ത്തമാനം

തിരുനെല്ലി ഇന്ന് ഇക്കോ ടൂറിസത്തിന്റെയും സ്പിരിച്ച്വല്‍ ടൂറിസത്തിന്റെയും മേപ്പില്‍ അടയാളപ്പെടുത്തിയ ഗ്രാമമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ഒരുക്കങ്ങളാണ് ഇന്നവിടെ തകൃതിയായി നടക്കുന്നത്. ഒട്ടേറെ റിസോര്‍ട്ടുകള്‍ തിരുനെല്ലിയില്‍ തുടങ്ങിക്കഴിഞ്ഞു.

തദ്ദേശവാസികളില്‍ ഭൂരിപക്ഷം വരുന്ന ആദിവാസികളുടെ ജീവിതാവസ്ഥക്ക് താളഭംഗങ്ങള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു. പുറമെ നിന്ന് എത്തുന്നവരുടെ 'കാഴ്ചവസ്തുക്കളി'ല്‍ ഒന്നായ ആദിവാസികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലൈംഗിക ചൂഷണമാണ് അതില്‍ മുഖ്യം.

സ്തംഭിച്ചുപോയ ഒരു ഗ്രാമമായി ഒരു പ്രദേശത്തിനും ഇനിമാറി നില്‍ക്കാനാവില്ല. മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ചെയ്യാനാവുക. ആഗോളീകരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും കുത്തൊഴുക്കില്‍ പിടിവള്ളി നഷ്ടപ്പെട്ട് ഒഴുകിപ്പോകാതെ ഒരു തുരുത്തായി തിരുനെല്ലിക്ക് ഇനി മുന്നോട്ടുപോവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.

*
ഡോ. അസീസ് തരുവണ ദേശാഭിമാനി വാരിക