Friday, July 17, 2009

സംഗീതത്തിന്റെ സ്ത്രീശക്തി


വിശ്രുത കര്‍ണാടക സംഗീതജ്ഞ ഡി കെ പട്ടമ്മാള്‍ അന്തരിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടിന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. കുറച്ചുകാലമായി രോഗശയ്യയിലായിരുന്നു. കര്‍ണാടക സംഗീതരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് അടിത്തറയിട്ട 'പെത്രയം' ആണ് പട്ടമ്മാളിന്റെ വേര്‍പാടോടെ അസ്തമിച്ചത്. സമകാലീനരായിരുന്ന പരേതരായ എം എസ് സുബ്ബലക്ഷ്മി, എം എല്‍ വസന്തകുമാരി എന്നിവരായിരുന്നു പെൺത്രയത്തിലെ മറ്റുള്ളവര്‍. ഒരു കാലഘട്ടത്തിന്റെ സംഗീതമായിരുന്നു ഈ മൂവര്‍ സംഘം. 1919ല്‍ കാഞ്ചീപുരത്ത് ജനിച്ച പട്ടമ്മാള്‍ പത്താംവയസ്സില്‍ ആകാശവാണിയിലൂടെയാണ് സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചത്. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച് പുരോഗമനകാരിയായ സംഗീതജ്ഞ എന്ന് അറിയപ്പെട്ട പ്രതിഭയായിരുന്നു പട്ടമ്മാള്‍. പൊതുവേദിയില്‍ സമ്പൂര്‍ണ കച്ചേരി പാടില്ലെന്ന യാഥാസ്ഥിതികരുടെ വിലക്ക് ലംഘിച്ച് ആദ്യം വേദിയിലെത്തിയ സ്ത്രീയാണ് പട്ടമ്മാള്‍. സുബ്രഹ്മണ്യഭാരതിയുടെ വിപ്ളവകവിതകള്‍ ആലപിച്ചും യാഥാസ്ഥിതികരുടെ എതിര്‍പ്പിന് പാത്രമായി. നൂറോളം സിനിമാഗാനങ്ങള്‍ പട്ടമ്മാളിന്റേതായുണ്ട്. 1971ല്‍ പത്മഭൂഷണും 1998ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കാളിദാസ സമ്മാന്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടി. പരേതനായ എന്‍ജിനീയര്‍ ആര്‍ ഈശ്വറാണ് ഭര്‍ത്താവ്. സഹോദരങ്ങളായ ഡി കെ രംഗരാജന്‍, ഡി കെ ജയരാമന്‍ എന്നിവരും കര്‍ണാടക സംഗീതകാരന്മാരായിരുന്നു. രണ്ടു മക്കളുണ്ട്. കര്‍ണാടക സംഗീതകാരി നിത്യശ്രീ മഹാദേവന്‍ പേരക്കുട്ടിയാണ്.

വി ജയിന്‍ എഴുതിയ ഓര്‍മക്കുറിപ്പ്...

കര്‍ണാടക സംഗീതത്തില്‍ സ്ത്രീശക്തിയുടെ പ്രതീകമായാണ് ദമല്‍ കൃഷ്ണസ്വാമി പട്ടമ്മാളിനെ വിലയിരുത്തുന്നത്. പൊതുവേദികളില്‍ ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകള്‍ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന കാലത്ത് രംഗത്തുവന്ന അവര്‍ സ്‌ത്രീകളുടെ ശാരീരം, കച്ചേരിഘടന എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളും അട്ടിമറിച്ചു. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ശാസ്‌ത്രവും സൌന്ദര്യവും കോര്‍ത്തിണക്കിയ പ്രയോക്താവായിരുന്നു ഡി കെ പി. കൊണ്ടാടാന്‍ വേണ്ടത്ര രക്ഷകരോ സൂത്രപ്പണികളോ വശമില്ലാതിരുന്ന പട്ടമ്മാള്‍ സ്വന്തം സംഗീതത്തിന്റെ ശക്തി കൊണ്ടുമാത്രമാണ് അംഗീകരിക്കപ്പെട്ടത്. പത്തുവര്‍ഷമായി പൊതുവേദികളില്‍ എത്തുന്നില്ലെങ്കിലും എല്ലാക്കാലത്തേക്കുമുള്ള കര്‍ണാമൃതം അവര്‍ നേരത്തെതന്നെ ആസ്വാദകര്‍ക്കായി നല്‍കി. കര്‍ണാടക സംഗീതത്തില്‍ ഏറ്റവും സൌന്ദര്യമുള്ള ദീക്ഷിതര്‍കൃതികളുടെ ആലാപനത്തില്‍ സവിശേഷമായ മികവുപ്രകടിപ്പിച്ച അവര്‍ അതിന്റെ പേരില്‍ത്തന്നെ അറിയപ്പെട്ടു.

പത്താം വയസ്സില്‍ ആദ്യത്തെ റേഡിയോ കച്ചേരി നടത്തിയ 'പട്ട' മുത്തുസ്വാമി ദീക്ഷിതരുടെ ചെറുമകന്റെ മകനായ അമ്പി ദീക്ഷിതരില്‍നിന്നാണ് ദീക്ഷിതര്‍ കൃതികള്‍ പഠിച്ചത്. അതിനാല്‍ കൃതികളുടെ യഥാര്‍ഥ സ്വരൂപം ഗ്രഹിക്കാന്‍ കഴിഞ്ഞു. കര്‍ണാടക സംഗീത ത്രിമൂര്‍ത്തികളുടെ കൃതികള്‍ പാടിവരുന്നത് മൂലരൂപത്തില്‍നിന്ന് കുറെയൊക്കെ വ്യതിയാനങ്ങളോടെയാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. രാഗസ്വരൂപം മാറില്ലെങ്കിലും വാഗ്ഗേയകാരന്മാര്‍ തന്നെ സ്വരപ്പെടുത്തിയ രൂപത്തില്‍ കൃതികള്‍ ലഭ്യമാകില്ല. ശിഷ്യരുടെ പരമ്പരകളിലൂടെയും വലിയ സംഗീതജ്ഞരുടെ സേവനങ്ങളിലൂടെയും കൃതികള്‍ സ്വരപ്പെടുത്തിയിട്ടുണ്ടെങ്കിലും മൂലസ്വരൂപത്തോട് എത്രത്തോളം അവ നീതിപുലര്‍ത്തുന്നെന്ന് പറയാനാകില്ല. ദീക്ഷിതര്‍ കൃതികള്‍ ഏറെക്കുറെ അതിന്റെ തനിമയോടെ പാടുന്ന സംഗീതജ്ഞയാണ് പട്ടമ്മാള്‍. കോകിലനാദ കച്ചേരികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പട്ടമ്മാള്‍ നിരാശയായിരിക്കും നല്‍കുക. എന്നാല്‍, സംഗീതത്തിന്റെ ഉന്നതമായ സൌന്ദര്യശാസ്‌ത്ര സങ്കല്‍പ്പങ്ങള്‍ക്കും സംഗീതത്തിലെ മധുരഭാവങ്ങള്‍ക്കും അവരുടെ കച്ചേരി നിറംപകര്‍ന്നു. സാഹിത്യവും സംഗീതവും അര്‍ഥവും ഭാവവുമായി കൂട്ടിയിണക്കുന്ന കലാമികവ് ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ഏഴ് ദശാബ്‌ദത്തിലധികമായി വിജയക്കൊടി നാട്ടി. സംസ്‌കൃതം, തെലുങ്ക് കൃതികള്‍ മാത്രം കച്ചേരികളില്‍ ആലപിച്ചിരുന്ന കാലത്ത് താരതമ്യേന നവാഗതനായ പാപനാശം ശിവന്റെ തമിഴ് കൃതികള്‍ ആലപിക്കാന്‍ ധൈര്യം കാട്ടിയെന്നതും പട്ടമ്മാളിന്റെ സവിശേഷതയാണ്. സ്‌ത്രീകളുടെ കച്ചേരികളെക്കുറിച്ചുള്ള പല സങ്കല്‍പ്പങ്ങളും പട്ടമ്മാള്‍ മാറ്റിമറിച്ചു. സ്‌ത്രീകള്‍ക്ക് മേജര്‍ കൃതികള്‍പോലും നന്നായി പാടാന്‍ കഴിയില്ലെന്നായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍, പട്ടമ്മാള്‍ പാടാന്‍ ഇഷ്ടപ്പെട്ടത് സങ്കീര്‍ണമായ ദീക്ഷിതര്‍ കൃതികളായിരുന്നു. കച്ചേരികളില്‍ ആദ്യമായി രാഗം താനം പല്ലവി എന്ന മനോധര്‍മ സംഗീതത്തിന്റെ അത്യുന്നതരൂപം അവതരിപ്പിച്ചതും പട്ടമ്മാളാണ്. ശാരീരത്തെ ഒതുക്കി ഇല്ലാതാക്കുന്നതല്ല അവരുടെ ആലാപനശൈലി. തുറന്ന ശബ്‌ദത്തില്‍ നേരേചൊവ്വേ പാടിപ്പോകുകയായിരുന്നു ശൈലി. കര്‍ണാടക സംഗീതജ്ഞര്‍ ഏറെ കൊതിക്കുന്ന സംഗീതകലാനിധിപ്പട്ടം 1970ല്‍ അവര്‍ക്ക് ലഭിച്ചതും ഈ കഴിവുകളെ നിഷേധിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌ക്കാരവും അവര്‍ക്ക് ലഭിച്ചു.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍..

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കര്‍ണാടക സംഗീതത്തില്‍ സ്ത്രീശക്തിയുടെ പ്രതീകമായാണ് ദമല്‍ കൃഷ്ണസ്വാമി പട്ടമ്മാളിനെ വിലയിരുത്തുന്നത്. പൊതുവേദികളില്‍ ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകള്‍ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന കാലത്ത് രംഗത്തുവന്ന അവര്‍ സ്ത്രീകളുടെ ശാരീരം, കച്ചേരിഘടന എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളും അട്ടിമറിച്ചു. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ശാസ്ത്രവും സൌന്ദര്യവും കോര്‍ത്തിണക്കിയ പ്രയോക്താവായിരുന്നു ഡി കെ പി. കൊണ്ടാടാന്‍ വേണ്ടത്ര രക്ഷകരോ സൂത്രപ്പണികളോ വശമില്ലാതിരുന്ന പട്ടമ്മാള്‍ സ്വന്തം സംഗീതത്തിന്റെ ശക്തി കൊണ്ടുമാത്രമാണ് അംഗീകരിക്കപ്പെട്ടത്. പത്തുവര്‍ഷമായി പൊതുവേദികളില്‍ എത്തുന്നില്ലെങ്കിലും എല്ലാക്കാലത്തേക്കുമുള്ള കര്‍ണാമൃതം അവര്‍ നേരത്തെതന്നെ ആസ്വാദകര്‍ക്കായി നല്‍കി. കര്‍ണാടക സംഗീതത്തില്‍ ഏറ്റവും സൌന്ദര്യമുള്ള ദീക്ഷിതര്‍കൃതികളുടെ ആലാപനത്തില്‍ സവിശേഷമായ മികവുപ്രകടിപ്പിച്ച അവര്‍ അതിന്റെ പേരില്‍ത്തന്നെ അറിയപ്പെട്ടു.

SunilKumar Elamkulam Muthukurussi said...

Good writing. Thanks

Regards,
-S-