Thursday, July 16, 2009

ക്രോസ്‌ബാര്‍

'ഹായ്! എന്താ ഒരൂട്ടം തെരക്കുകള് ങ്ങ്നെ?...അങ്ങ്ട് ഓട്ാ..ഇങ്ങ്ട് ഓട്ാ..അങ്ങ്ട് ചാട്ാ..ഇങ്ങ്ട് ചാട്ാ..അതിനെടയില്‍ ചായേം കാപ്പീന്നൊക്കെ പറഞ്ഞ് ഒരൂട്ടങ്ങ്ള് എറങ്ങി നടക്ക്ാ..അപ്പോ വേറൊരൂട്ടം പത്രോം പത്രോം ന്ന് പറഞ്ഞ് നടക്ക്ാ..ചൂടന്‍ വാര്‍ത്ത്യാത്രെ!. ഇപ്പോ..ത്ര ചൂട് വേണ്ടില്ലേനീം...ല്ലേലും ചൂട് ത്തിരി കൊറയ്ക്കണ്താ നല്ലത്. ഊതിയൂതി കുടിക്കണ്ടാല്ലൊ...ഒറ്റ വലിക്ക് ങ്ങട് അകത്താക്കാല്ലോ'

ഇത്രയുമായപ്പോള്‍ ഇട്ടിരാരിശ്ശന്‍ നമ്പൂതിരിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പറഞ്ഞ താനെങ്കിലും ഈ ഫലിതം ആസ്വദിച്ചില്ലെങ്കില്‍ പിന്നെ ന്താവും നാടിന്റെ സ്ഥിതി?. നാടിന്റെ നന്മക്ക് വേണ്ടി ഇട്ടിരാരിശ്ശന്‍ സ്വയം ചിരിച്ചു. കുലുങ്ങിത്തന്നെ. ന്തിനാ കൊറയ്ക്കണെ?.

ഇട്ടിരാരിശ്ശന്റെ ഏകാന്തമായ ചിരിക്ക് വിരാമമിട്ട് അനൌണ്‍സുമെന്റ്...' യാത്രക്കാരുടെ ശ്രദ്ധക്ക്...ട്രെയിന്‍ നമ്പര്‍......'

സ്റ്റേഷനില്‍ ബഹളം.പെട്ടി, കിടക്ക, കുട്ടി, വട്ടി, കെട്ട്യോള്‍ എന്നീ ആയുധങ്ങളുമായി യാത്രക്കാര്‍ യുദ്ധസന്നദ്ധരായി. സമസ്ത സന്നാഹങ്ങളോടുംകൂടി അവര്‍ തീവണ്ടിയെ മാനഭംഗപ്പെടുത്തി. ഇടിച്ചുകയറി അചേതനങ്ങള്‍ സീറ്റിനടിയിലും, ചേതനങ്ങള്‍ സീറ്റിനു മുകളിലും വിലയം പ്രാപിച്ചു.

അഴികള്‍ക്കിടയിലൂടെ യാത്ര പറച്ചിലിന്റെ വിലാപഗാനങ്ങള്‍ ഒഴുകി. ആരോ കൊണ്ടുപോകുന്ന പക്ഷിക്കൂടുകള്‍ പോലെ ബോഗികള്‍ ഇളകി. കണ്ണീരിന്റെ ഗന്ധമുള്ള കൈകള്‍ വീശി. തീവണ്ടി കൂകി. പൂ..പൂ.

ഓടിപ്പോയ തീവണ്ടിക്കുവേണ്ടി സ്റ്റേഷന്‍ ഒരു മിനിറ്റ് മൌനമാചരിച്ചു. ഒരു നിശ്ചലാവസ്ഥ. പെട്ടെന്ന് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതി പ്രാപിച്ചു. പോയ തീവണ്ടി മറന്നുപോയ മരണമായി. അപ്പോഴേക്കും വീണ്ടും മുഴങ്ങി.

".....യാത്രക്കാരുടെ ശ്രദ്ധക്ക്....ട്രെയിന്‍ നമ്പര്‍.....''

കുറച്ചുനേരമായി ഇട്ടിരാരിശ്ശന്‍ ഇത് കേള്‍ക്കുന്നു. ഇതിനിടയില്‍ വന്നകാര്യം ഒട്ടും നടന്നില്ലേനീം...ന്താ..ചെയ്യാ?''

തനിക്ക് സംശയനിവൃത്തി വരുത്താന്‍ യോഗ്യനായ ഒരാളെ ഇട്ടിരാരിശ്ശന്‍ തെരഞ്ഞു. പ്ളാറ്റ്ഫോമിലെ ചാരുബെഞ്ചില്‍ തേടിയ വള്ളി ഇരിക്കുന്നു. അതില്‍ തന്നെ ഇട്ടിരാരിശ്ശന്‍ ചുറ്റി.

മാന്യന്‍. ശരീരഭാഷ ഇംഗ്ളീഷാണ്. വായിക്കുന്നത് ഇംഗ്ളീഷ് പത്രം. ഭാവം പ്രസന്നം. മുഖത്ത് അളന്നുമുറിച്ച് സര്‍വെകല്ല് പാകിയ വികാരം. തറവാടി.

ചോദിച്ചാല്‍ അബദ്ധാവില്ല്യ. നിശ്ചയം. ചോദിച്ചൂലോ ഭഗവാനേ..ന്ന സംശയോം ണ്ടാവില്ലേനീം. ചോദ്യത്തിനാവും ഉത്തരം. കൂടേം ല്ല്യ..ഒട്ട് കൊറയേം ല്ല്യ.

ആദരവോടെ ഇട്ടിരാരിശ്ശന്‍ മുരടനക്കി. അപരിചിതനും മുരടനക്കി പ്രത്യഭിവാദ്യം ചെയ്തു.

ഔദ്യോഗിക ബഹുമതികളോടെ ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

"..ങ്ടാ..?''

ബെഞ്ചില്‍ സ്വല്‍പം സ്ഥലം കനിഞ്ഞനുഗ്രഹിച്ച് അപരിചിതന്‍ പറഞ്ഞു.

"മുന്നോട്ടാ..''

ഉത്തരത്തില്‍ മറുപടി ഇല്ലാത്തതില്‍ ഇട്ടിരാരിശ്ശന് ലേശം ക്ഷീണം തോന്നി. തന്റെ ഒരു കേമത്തം പിടികിട്ടി കാണ്ല്യ. പാവം. ഇല്ലത്തിന്റെ പേര് പറഞ്ഞാലോ എന്നൊന്ന് നിരീച്ചു. സമൂര്‍ത്ത രാഷ്ട്രീയ- സാമ്പത്തീക-സാമൂഹ്യ പരിതസ്ഥിതി അനുകൂലമല്ലാത്തതിനാല്‍ ഉപേക്ഷിച്ചു.

എങ്കിലും ചോദ്യം തുടരാതിരിക്കാന്‍ ഇട്ടിരാരിശ്ശന് കഴിഞ്ഞില്ല. ആവശ്യക്കാരന് ഔചിത്യം വേണ്ടെന്നാണല്ലൊ പ്രമാണം.

ചിരിവരുത്തി ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

"മംഗള എപ്പ്ളാ..?''

"കുറച്ചു കഴിയും.''

"കൊറച്ച് കഴിയും ന്ന് വെച്ചാ..എന്തിനും ഒരു സമയം ണ്ടാവൂല്ലോ..?''

"ഉണ്ടാവും. അവ്ടെ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്. അതില്‍ ഉണ്ടാവും. ശല്യം ചെയ്യാന്‍ ഓരോന്ന് ഇങ്ങനെ ഇറങ്ങും..''

'ഏഭ്യന്‍..' ഇട്ടിരാരിശ്ശന്‍ മൌനമായി ശപിച്ചു. ഇക്കാലത്ത് ആര്‍ക്കും ഒരു ഉപകാരവും ചെയ്യര്ത്. ഇതാവും ഫലം. വഷ്ളന്‍.

അടുത്ത ഇരയെത്തേടി ഇട്ടിരാരിശ്ശന്‍ അലഞ്ഞു. ഒരെണ്ണത്തിനെ കിട്ടിയേ പറ്റു. സമയം പോണു.

അങ്ങനെ നടക്കുമ്പോള്‍ ഒന്ന് കാലില്‍ തടഞ്ഞു. ഇത് പഴയത് പോലെയാവില്ല്യ. സാധു. വെളുത്ത വസ്ത്രം. നിഷ്ക്കളങ്കന്‍, നിഷ്ക്കാമകര്‍മന്‍, നിത്യസ്നേഹി.

ഇട്ടിരാരിശ്ശന്‍ വാല്‍സല്യപൂര്‍വം അടുത്തെത്തി ആമുഖമിട്ടു.

"..ങ്ടാ..?''

പിടിച്ചതിലും വലുതായിരുന്നു അളയില്‍.

"ലോകാവസാനം വരുന്നതിനാല്‍ മക്കളേ മാനസാന്തരപ്പെടുവീന്‍...അവന്റെ രാജ്യം ഇതാ വരുന്നു. ആ സ്വര്‍ഗീയ മണവാളനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുക. മക്കളേ പ്രാര്‍ഥിക്കുക..പശ്ചാത്തപിക്കുക.. പാപങ്ങള്‍ ഏറ്റുപറയുക..ദൈവരാജ്യത്തില്‍ പ്രവേശിക്കാനുള്ള അവസാനത്തെ അവസരമാണിത്. അവനെ സ്തുതിക്കുക..അവന്റെ സ്നേഹത്തെ വാഴ്ത്തിപ്പാടുക..ബലഹീനനും പാപിയുമായ ഞാന്‍ അവന്റെ മഹത്വങ്ങളും സുവിശേഷങ്ങളും ലോകമെമ്പാടും അറിയിക്കാനുള്ള യാത്രയിലാണ്. ആയതിനാല്‍ കുഞ്ഞേ എന്റെയൊപ്പം ചേരുക. കര്‍ത്താവിന്റെ സുവിശേഷങ്ങള്‍ പ്രകീര്‍ത്തിക്കുക..''

ഇട്ടിരാരിശ്ശന്‍ ഓടി. ജീവന്‍ തിരിച്ചുകിട്ടി.

ശിവ..ശിവ..ഇനി എന്താ ചെയ്യാ..?സമയം ശ്ശി പോയേനീം..ഇതൊന്ന്..ങ്ങ്നാ അറിയ്യാ..

പ്ളാററ്ഫോമില്‍ ഇട്ടിരാരിശ്ശന്‍ ആകാംക്ഷയോടെ കറങ്ങി. പറ്റിയ ഒരെണ്ണത്തിനേം കാണ്‍ണ്ല്ല്യാലോ ഭഗവാനേ..പരീക്ഷിക്ക്യാ..?

എന്തും വരട്ടെ എന്ന് തന്നെ കരുതി മുന്നില്‍ കണ്ട ആളോട് ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

"ഒരു സംശയം ണ്ടേനീം..''

അപരിചിതന്‍ ചിരിച്ചു

ശ്ശി സന്തോഷമായി.

ഒടുവില്‍ മര്യാദക്കാരനെക്കണ്ടൂലോ. ഭഗവാന്‍ കൈവിട്ടില്ല്യ.

"മംഗള എപ്പ്ളാ..?''

ചിരിച്ചുകൊണ്ട് അപരിചിതന്‍ പറഞ്ഞു.

"ആറെ പത്തിന്...''

"കൃത്യസമയത്ത് തന്നെ വര്വോ ആവ്വോ..?''

"ചിലപ്പം വൈകിയേക്കും..എങ്ങോട് പോവാനാ..?''

"യേയ്..ങ്ങനെയൊന്നും ല്യ. കാര്യങ്ങളൊക്കെ ഒന്നറിഞ്ഞിരിക്ക്യാലോ..രാജധാനി എപ്പ്ളാ?''

"മൂന്നേ അമ്പത്തെട്ടാവും''

"ഉവ്വോ..വൈകോ..?''

"സാധ്യത കുറവാ''

"അപ്പോ...വൈകില്യ..ല്ലേ..?''

"ഇല്ല. എങ്ങ്ട് പോവാനാ?''

"യേയ്. അതിനല്ല. നാട്ടിലെ ഓരോരൂട്ടങ്ങള് അറിയ്യാ..ത്രന്നെ. അമൃത എപ്പ്ളാ..?''

"പന്ത്രണ്ടെ ഇരുപതാവും''

"എപ്പ്ളാ പുവ്വാ..?''

"പന്ത്രണ്ടെ ഇരുപത്തഞ്ചിന്..എന്താ അമൃതക്ക് പോവുന്നുണ്ടോ..?''

"യേയ് ഇല്ല്യ.''

അപരിചിതന്‍ ഒട്ടും പ്രകോപിക്കാവാത്തതില്‍ ഇട്ടിരാരിശ്ശന് സന്തോഷമായി.

പേടിക്കാതെ ചോദിക്കാലോ.

"മലബാര്‍ എപ്പ്ളാ..?''

"രണ്ടേ അഞ്ചിന് വരും. രണ്ടേ പത്തിന് പോവും..എങ്ങ്ടാ കണ്ണൂര്‍ക്കാ?''

"പോണം ന്ന്ണ്ടേനീം. പക്ഷെ ഇപ്പ്ളില്ല്യ. പിന്നെയാവാം ന്ന് നിരീച്ചു. ടീ ഗാര്‍ഡന്‍ എപ്പ്ളാ വര്ാ..?''

"മൂന്നരയാവും.''

"അവ്രെങ്ങനെ കൃത്യായിട്ട് വര്വോ?''

"ഒന്നും പറയാനാവില്ല. വണ്ടീടെ കാര്യോല്ലേ.''

"ആണേനീം. മന്‍ഷ്യന്റെ കാര്യം തന്നെ നിശ്ചയം ല്യ. പിന്നെയല്ലെ ചക്രത്തിലോടുന്നതിന്റെ കാര്യം. മില്യേന്യം ന്നൊരു വണ്ടീണ്ട്ന്ന് കേക്കണ്ണ്ടല്ലൊ. ശര്യാ?''

"ശരിയാ''

"ഇതെ പാളത്തീക്കൂട്യാ അവനും പോണേ?''

"തന്നെ''

"എപ്പ്ളാ വരവ്?''

"നാലരയാവും''

"ഒടനെ പുവ്വായിരിക്കും ല്ലേ?''

"പെട്ടെന്ന് പോവും''

"..ന്താ ധൃതി?. ഒന്നും പതുക്കെ പോവില്ലാന്ന് ആയിരിക്ക്ണു.ങ്ടാ ഈ രാജ്യം പൂവ്വാ?.വണ്ടിക്കു പോലും പത്തു മിനിറ്റ് കെടക്കാന്‍ വയ്യാ എന്നായിരിക്ക്ണൂ. ശബരി എപ്പ്ളാ?''

"ഉച്ചക്കാ. ഒന്നരയാവും''

"നല്ല വെശപ്പ്ണ്ടാവും. ല്ലേ?''

"അഞ്ചുമിനിറ്റേ കിടക്കൂ''

"അപ്പ്ളക്കും അമൃതേത്ത് കഴിയ്വോ?. കാര്യായിട്ട് ഒന്നും കഴിക്കണില്ലേനീം. വയ്യായ്കയൊണ്ടോ?.വല്ല പ്രെഷറോ. കൊളസ്റ്ററോളോ..അങ്ങനെ ഒരൂട്ടങ്ങ്ള്ണ്ടല്ലോ പ്പോ.''

അപരിചിതന് ദേഷ്യം വന്നു തുടങ്ങി.

"ഒരു പരശുരാമന്‍ ണ്ടല്ലോ. അത് എപ്പ്ളാ?''

"രണ്ടാവും''

"ഐലന്റോ..?''

"എന്തിനാ തിരുമേനി ഇതൊക്കെ അന്വേഷിക്കണെ?. രണ്ടേകാലിനാ..''

"അപ്പോ നേത്രാവതിയോ..?''

"അപരിചിതന്റെ ശബ്ദം കനത്തു.''

"മൂന്നാവും''

"ജയന്തിയോ..?''

"അതും കഴിഞ്ഞ് അരമണിക്കൂറാവും.''

"പാസഞ്ചര്‍ എന്നു പറഞ്ഞ് ചില കുട്ടിവേഷങ്ങള്‍ ണ്ടല്ലോ. അവരുടെ എഴുന്നുള്ളത്ത്് എപ്പ്ളാ?''

"ഒന്ന് മൂന്നേ മുക്കാലിനും മറ്റൊന്ന് നാലേകാലിനും''

"അപ്പ്ളൊരു ചെന്നൈയില്ല്യേ..?''

"ഒണ്ട്.''

"അ..അ..അത് എപ്പ്ളാ..?''

"അത് ഇതിനെടേപ്പോവും''

"അതെന്താ അങ്ങ്നെ പോണെ. ഒറ്റക്ക് വയ്യാന്നുണ്ടോ..?''

അപരിചിതന് ദേഷ്യം സഹിക്കാനായില്ല.

"തിരുമേനീ, നിങ്ങക്കെന്താ വേണ്ടേ..?''

"പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലേനീം. ഒന്നറിഞ്ഞിരിക്ക്യാലോ ന്ന് നിരീച്ചു. മാവേലി എപ്പ്ളാ?''

"ഓണത്തിന്''

"ക്ഷോഭം വര്ണൂ..ല്ലേ. കൊഴപ്പം ല്ല്യ. ഇതും കൂടി ഒന്ന് പറഞ്ഞോളൂ.''

"എന്തിനാ ഇതൊക്കെ നിങ്ങളറിയണെ..?''

"പറയാം. പറയ്ാ''

"ആറുമണിയാവും''

"ഉവ്വോ. അപ്പ്ളിന്റര്‍ സിറ്റിയോ..?''

"തിരുമേനി ന്താ ആളെ കളിപ്പിക്ക്യാ. ഇവ്ടെ വേറെ പണിയൊന്നും ഇല്ലാതിരിക്കയാണെന്നാ വിചാരം?. വിവരം ഇല്ലാഞ്ഞിട്ടല്ലെ പറഞ്ഞുകൊടുത്തേക്കാം എന്ന് കരുതീപ്പോ തലേക്കേറുന്നോ..?''

"ഇല്ല്യ. ഇനീം ബുദ്ധിമുട്ടിക്കില്ല്യ. ഇതുംകൂടി മതി.''

"ഇല്ല പറയണില്ല. തിരുമേനി എന്തിനാ ഇതൊക്കെ അറിയണെ..?''

"താന്‍ ആരോടും പറയില്ലാച്ചാല്‍ പറയ്യാം''

"പറയില്ല.''

"ഒറപ്പല്ല്യേ..?''

"ഒറപ്പ്''

"ഒന്ന് അപ്പ്റം കടക്കണം. പാളം മുറിച്ചു കടന്നാല്‍ എളുപ്പം എത്താല്ലോന്ന് നിരീച്ചു. ലേശം ധൃതിയൊട്ടെണ്ടേനീം. ന്നാലും അബദ്ധത്തീച്ചാടരുതല്ലൊ....ബുദ്ധിമുട്ടായോ കുട്ടിക്ക?''.

*
എം എം പൌലോസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

'ഹായ്! എന്താ ഒരൂട്ടം തെരക്കുകള് ങ്ങ്നെ?...അങ്ങ്ട് ഓട്ാ..ഇങ്ങ്ട് ഓട്ാ..അങ്ങ്ട് ചാട്ാ..ഇങ്ങ്ട് ചാട്ാ..അതിനെടയില്‍ ചായേം കാപ്പീന്നൊക്കെ പറഞ്ഞ് ഒരൂട്ടങ്ങ്ള് എറങ്ങി നടക്ക്ാ..അപ്പോ വേറൊരൂട്ടം പത്രോം പത്രോം ന്ന് പറഞ്ഞ് നടക്ക്ാ..ചൂടന്‍ വാര്‍ത്ത്യാത്രെ!. ഇപ്പോ..ത്ര ചൂട് വേണ്ടില്ലേനീം...ല്ലേലും ചൂട് ത്തിരി കൊറയ്ക്കണ്താ നല്ലത്. ഊതിയൂതി കുടിക്കണ്ടാല്ലൊ...ഒറ്റ വലിക്ക് ങ്ങട് അകത്താക്കാല്ലോ'

ഇത്രയുമായപ്പോള്‍ ഇട്ടിരാരിശ്ശന്‍ നമ്പൂതിരിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പറഞ്ഞ താനെങ്കിലും ഈ ഫലിതം ആസ്വദിച്ചില്ലെങ്കില്‍ പിന്നെ ന്താവും നാടിന്റെ സ്ഥിതി?. നാടിന്റെ നന്മക്ക് വേണ്ടി ഇട്ടിരാരിശ്ശന്‍ സ്വയം ചിരിച്ചു. കുലുങ്ങിത്തന്നെ. ന്തിനാ കൊറയ്ക്കണെ?.

ഇട്ടിരാരിശ്ശന്റെ ഏകാന്തമായ ചിരിക്ക് വിരാമമിട്ട് അനൌണ്‍സുമെന്റ്...' യാത്രക്കാരുടെ ശ്രദ്ധക്ക്...ട്രെയിന്‍ നമ്പര്‍......'

എം എം പൌലോസിന്റെ നര്‍മ്മഭാവന.

ഗന്ധർവൻ said...

:0)

Jayasree Lakshmy Kumar said...

ക്ഷ ബോധിച്ചു ഈ പോസ്റ്റ് :))