Tuesday, July 7, 2009

പങ്കാളിത്ത സ്വകാര്യവല്‍ക്കരണത്തിന്റെ ബജറ്റ്

നമ്മള്‍ ഇന്ദിരാസോഷ്യലിസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, സോഷ്യലിസം ഇപ്പോള്‍ അത്രയ്ക്ക് ഫാഷനല്ലല്ലോ. അതുകൊണ്ട് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുളള പുതിയ ഒരുപേരാണ് ഉള്‍ച്ചേര്‍ന്ന വളര്‍ച്ച -ഇന്‍ക്ളൂസിവ് ഗ്രോത്ത്. ദ്രുതഗതിയിലുളള വളര്‍ച്ചയില്‍ എല്ലാവരെയും പങ്കാളികളാക്കണമെന്നതാണ് ഈ സിദ്ധാന്തം. ഇതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ദിരാസോഷ്യലിസത്തിലെന്നപോലെ കുറച്ചൊക്കെ ജനകീയാംഗീകാരം കിട്ടുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ ഭയാനകമായ തോതിലാണ് ഉളളവനും ഇല്ലാത്തവനും തമ്മിലുളള അസമത്വം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേവലം 9 മാത്രമായിരുന്ന ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2009ആയപ്പോഴേക്കും 53 ആയി ഉയര്‍ന്നു. സാമ്പത്തികവളര്‍ച്ച മുഖ്യമായും നഗരമേഖലകളിലൊതുങ്ങി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍ നിന്ന് പുറത്തായി. ഇതിനൊരു താല്‍ക്കാലിക സമാശ്വാസനടപടിയായിട്ടാണ് കാര്‍ഷിക കടാശ്വാസം, വനവാസി അവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ ജനപ്രിയ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദവും ഇത്തരം സ്കീമുകള്‍ കൂടുതല്‍ ഫലപ്രദമായി ആവിഷ്കരിക്കുന്നതിന് സാഹചര്യമൊരുക്കി. യുപിഎയുടെ ആദ്യവര്‍ഷങ്ങളില്‍ തകര്‍ന്ന ജനപ്രീതി 2008 നിയമസഭാതെരഞ്ഞടുപ്പോടെ തിരിച്ചുപിടിക്കാന്‍കഴിഞ്ഞതില്‍ ഈ പദ്ധതികളും സഹായിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞത് ഇന്ന് ഒരു വികസനമന്ത്രമായി മാറ്റിയിരിക്കുകയാണ്.

സാമ്പത്തിക സര്‍വേയില്‍ അക്കമിട്ട് നിരത്തിയ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ നിര്‍ദാക്ഷിണ്യം നടപ്പാക്കുകയാണ് ഒരുഭാഗം. നാടനും വിദേശിയുമായ കുത്തകകളുടെ സഹായത്തോടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. അതേസമയം വിവിധങ്ങളായ ഗ്രാമവികസന പരിപാടികളിലൂടെ ജനകീയ എതിര്‍പ്പിന്റെ മുനയൊടിക്കുക എന്നതാണ് മറുഭാഗം. ഈ വികസനതന്ത്രത്തിന് പ്രണബ് മുഖര്‍ജിയുടെ 2009-10 ലെ ബജറ്റ് നല്‍കിയിരിക്കുന്ന സംഭാവനയാണ് 'പങ്കാളിത്ത സ്വകാര്യവല്‍ക്കരണം'. അതീവ കൌശലത്തോടെ ജനകീയതയുടെ മുഖംമൂടി ഇട്ടുകൊണ്ടാണ് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുളളത്. പൊതുമേഖലയുടെ 51 ശതമാനം ഓഹരിയും സര്‍ക്കാരില്‍ തുടരും. പക്ഷേ, ഈ രാഷ്ട്രപൈതൃകത്തില്‍ പങ്കാളികളാകുന്നതിന് സാധാരണക്കാര്‍ക്ക് ഒരവസം കൊടുക്കാന്‍ പോകുകയാണ്. 49 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്നതിനെ ബജറ്റില്‍ വിളിച്ചിരിക്കുന്ന പേരാണ് 'പൊതുമേഖലയുടെ പങ്കാളിത്തവികസനം'. ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തെ പിടിച്ച് ആണയിട്ടുകൊണ്ടാണ് ബാങ്കുകളുടെ പങ്കാളിത്തവികസനത്തിന് പ്രണബ് മുഖര്‍ജി പാതയൊരുക്കുന്നത് എന്നുകാണുക.

മുകളില്‍ പറഞ്ഞത് ഒറ്റപ്പെട്ട കാര്യമല്ല. മറ്റൊരു സുപ്രധാന ആഗോളവല്‍ക്കരണപരിഷ്കാരമായ ഡി-കൺട്രോളിന്റെ കാര്യമെടുക്കൂ. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയുടെ മേല്‍ നിയന്ത്രണമില്ലാതാകും. അതിന്റെ ഫലമായി ഇതിന്റെ വില കമ്പോളത്തിനനുസൃതമായി ക്രമീകരിക്കപ്പെടും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് ഇതിന് തുടക്കമിട്ടുകഴിഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില 70 ഡോളറില്‍നിന്ന് 65 ആയി താഴ്ന്നതുകൊണ്ട് ഇന്ത്യയിലെ വിലവര്‍ധനയ്ക്ക് ന്യായീകരണമില്ലെന്ന് ഞാന്‍ പറഞ്ഞു. ഒരു ചാനല്‍ അവതാരകന്റെ ചോദ്യം: "ഇതുതന്നെയല്ലേ കേന്ദ്രസര്‍ക്കാരും പറയുന്നത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ നമ്മുടെ നാട്ടിലും കൂടണം. കുറയുമ്പോള്‍ ഇവിടെയും കുറയണം. ഇതല്ലേ വേണ്ടത്.'' ഇത്തരമൊരു സമീപനത്തിലേക്ക് ഇന്ത്യയെ നീക്കാന്‍വേണ്ടിയുളള ഉപായവും കൂടിയായിരുന്നു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന.

വളത്തിന്റെ കാര്യത്തില്‍ പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചതിതാണ്. വളത്തിന്റെ സബ്സിഡി കമ്പനികള്‍ക്ക് നൽകുന്നതിനു പകരം ഇനിമേല്‍ കൃഷിക്കാര്‍ക്ക് നേരിട്ട് നല്‍കും. കേട്ടാല്‍ ഏറ്റവും വിപ്ളവകരമായ തീരുമാനമായി ഇതു തോന്നാം. എന്നാല്‍, പ്രണബ് മുഖര്‍ജി പറയാതെ വിട്ടുകളഞ്ഞ ഒരു സുപ്രധാന സംഗതിയുണ്ട്. വളത്തിന്റെ വില ആരു നിശ്ചയിക്കും? ഇപ്പോള്‍ വില നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം സബ്സിഡിയായി നല്‍കും. എന്നാല്‍, ഇനി കൃഷിക്കാര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുമ്പോള്‍ വളത്തിന്റെ വില കമ്പനികളാണ് നിശ്ചയിക്കുക. ഇന്ത്യയിലെ വളത്തിന്റെ വിലകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരും. കൃഷിക്കാരന് എങ്ങനെ എത്ര സബ്സിഡി നേരിട്ടുനല്‍കിയാലും ഈ പുതിയ രീതി ഒരു നഷ്ടക്കച്ചവടമാകാനാണ് പോകുന്നത്.

ഇക്കണോമിക് സര്‍വേ ഇന്ത്യയില്‍ ഓരോ മേഖലയിലും നടപ്പാക്കേണ്ടുന്ന ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. വലിയ ജനകീയ എതിര്‍പ്പ് കോണ്‍ഗ്രസില്‍നിന്നുപോലും ഉണ്ടാക്കാവുന്ന നിര്‍ദേശങ്ങളാണിവ. അതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് ബജറ്റില്‍ പറയേണ്ട. ബജറ്റിന് പുറത്ത് നടപ്പാക്കാനാണ് തീരുമാനിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് അങ്ങനെയായിരുന്നല്ലോ. ബാക്കി ബജറ്റില്‍ പറഞ്ഞ കാര്യങ്ങളാകെ കൌശലപൂര്‍വം മറയിട്ടുകൊണ്ട്. ഷെയര്‍ മാര്‍ക്കറ്റിലെ ശുദ്ധഗതിക്കാരായ ദല്ലാളന്മാര്‍പോലും ആദ്യം ഒന്നു പകച്ചുപോയി.

ഗ്രാമവികസന പരിപാടികള്‍ക്കുള്ള അടങ്കല്‍ അതിഭീമമായി വര്‍ധിപ്പിച്ചിരിക്കുന്നു എന്ന തോന്നല്‍ ബജറ്റ് അവതരണത്തിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഉദാഹരണത്തിന് ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി അനുവദിച്ച തുക 39,000 കോടി രൂപയായി. 144 ശതമാനം ഉയര്‍ത്തി എന്നാണ് അവകാശവാദം. പ്രണബ് മുഖര്‍ജി ചെയ്ത വിദ്യ എന്താണ്. 2008-09 അവസാനത്തില്‍ യഥാര്‍ഥത്തില്‍ ചെലവാക്കിയ തുക (ബജറ്റ് ഭാഷയില്‍ പുതുക്കിയ കണക്ക്) പരിഗണിക്കുന്നതിന് പകരം 2008-09 ലെ ബജറ്റ് അവതരിപ്പിച്ചപ്പോഴുളള കണക്ക് അതായത് (ബജറ്റ് ഭാഷയില്‍ മതിപ്പ് കണക്ക്) ആണ് അദ്ദേഹം താരതമ്യത്തിന് ഉപയോഗിച്ചത്. പുതുക്കിയ കണക്കെടുത്താല്‍ 2008-09 ല്‍ 30,000 കോടി രൂപയാണ് യഥാര്‍ഥത്തില്‍ ചെലവാക്കിയത്. ഇതുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന 144 ശതമാനം 30 ശതമാനമായി താഴുന്നു. ഇങ്ങനെയാണ് പല കാര്യങ്ങളും. പ്രാഥമികവിദ്യാഭ്യാസം അങ്കണവാടികള്‍, തുടങ്ങിയവയ്ക്ക് നാമമാത്രമായ വര്‍ധനയേ ഉളളൂ. സത്യം പറഞ്ഞാല്‍ 2008-09 ല്‍ 9,00953 കോടിരൂപ ചെലവാക്കിയ സ്ഥാനത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ മൊത്തം സര്‍ക്കാര്‍ ചെലവ് 10,20838 കോടി രൂപയായി ഉയരുന്നതേയുളളൂ. അതായത് കേവലം 13 ശതമാനം. ഇത് തെളിച്ചുപറയുന്നതിനു പകരം പ്രണബ് മുഖര്‍ജിയുടെ വിദ്യയെന്തെന്നാല്‍ 2008-09 മതിപ്പുകണക്കിനോട് താരതമ്യപ്പെടുത്തി 36 ശതമാനം സര്‍ക്കാര്‍ ചെലവ് വരും എന്ന് പ്രഖ്യാപിക്കുകയാണ്.

ലോകം ഇന്നും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. ഇന്ത്യയിലെ സാമ്പത്തികവളര്‍ച്ച 2009-10 ല്‍ 4 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്. 5.6 ശതമാനമായിരുക്കുമെന്ന് ഐഎംഎഫ്. 6.8 ശതമാനമായിരിക്കുമെന്ന് എഡിബി എന്നാല്‍, ഇന്ത്യാ സര്‍ക്കാരിന്റെ പ്രതീക്ഷയാകട്ടെ 7-7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ്. സര്‍ക്കാരിന്റെ പ്രതീക്ഷ വ്യാമോഹം മാത്രമാണ്. 2008-09 ല്‍ ഉപഭോക്തൃ ഉപഭോഗം ദേശീയ വരുമാനത്തിന്റെ 8.5 ശതമാനം ആയിരുന്നത് 2.4 ശതമാനമായി താണു. സര്‍ക്കാര്‍ ചെലവുകള്‍ 7.4 ശതമാനത്തില്‍നിന്ന് 20.2 ശതമാനമായി ഉയര്‍ത്തിയതുകൊണ്ടാണ് 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കയറ്റുമതി കൂടാന്‍ പോകുന്നില്ല. കാലവര്‍ഷം ദുര്‍ബലമായതുകൊണ്ട് കാര്‍ഷികമാന്ദ്യം കൂടുതല്‍ രൂക്ഷമാകും. ഇത്തരത്തില്‍ ആഭ്യന്തര ഉപഭോക്തൃ കമ്പോളം മുരടിക്കുന്നതിനാണ് സാധ്യത. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 13 ശതമാനം മാത്രമായി ഉയരുന്നത് മതിയായ ഉത്തേജകം ആയിരിക്കുകയില്ല.

ബജറ്റിലെ മൊത്തം ധനകമ്മി 6.8 ശതമാനമായിരിക്കുന്നതുകൊണ്ട് ആരും പരിഭ്രമിക്കേണ്ടതില്ല. 2008-09 ല്‍ ധനകമ്മി 6 ശതമാനം ആയിരുന്നിട്ടും വില ഇടിയുകയല്ലേ ചെയ്തത്. പലിശനിരക്കും കുറഞ്ഞുകൊണ്ടിരിക്കുകയല്ലേ. മാന്ദ്യകാലത്തെ കമ്മി വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എന്നെ അലട്ടുന്നത് കമ്മിയുടെ വലുപ്പമല്ല. അതിന്റെ ഗുണപരതയാണ്. 4 ലക്ഷം കോടി രൂപയുടെ ധനകമ്മിയില്‍ സിംഹഭാഗവും മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നികുതിയിളവുകളുടെ ഫലമായി ഉണ്ടായിട്ടുളളതാണ്. 2008 സെപ്തംബറില്‍ സാമ്പത്തികമാന്ദ്യം ആരംഭിച്ചതിനുശേഷം 1.85ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളായി നല്‍കിയത്. മറ്റൊരു ഉല്‍ക്കണ്ഠാജനകമായ വസ്തുത ധനകമ്മിയുടെ 71 ശതമാനവും സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് അഥവാ റവന്യൂ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത് എന്നതാണ്. 2008-09 ലെ ബജറ്റ് മതിപ്പ് കണക്ക് പ്രകാരം ഇത് 41 ശതമാനം മാത്രമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി അനുവദനീയമായ 3 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമാക്കി ഉയര്‍ത്തുന്നതില്‍ എനിക്ക് പരാതിയില്ല. എന്നാല്‍, സംസ്ഥാനങ്ങളുടെ വായ്പ 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയര്‍ത്താനേ അനുവദിക്കൂ എന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ അടങ്കലില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാക്കിയിട്ടുളളത്. സംസ്ഥാന സര്‍ക്കാര്‍ വഴിയായും അല്ലാതെയും നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കല്‍ 1.17 ലക്ഷം കോടിരൂപയാണ്. എന്നാല്‍, കേന്ദ്ര പദ്ധതി സഹായമായി നല്‍കുന്നത് 0.81 കോടി ലക്ഷംരൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനോട് ഒരാനുകൂല്യവും പ്രണബ് മുഖര്‍ജി കാണിച്ചില്ല. കേരളത്തില്‍ 2 രൂപയ്ക്ക് 25 ലക്ഷം കുടുംബങ്ങള്‍ക്ക് അരിയും ഗോതമ്പും നല്‍കുമ്പോള്‍ കിലോക്ക് 3 രൂപയ്ക്ക് അരി നല്‍കാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നുമാത്രമല്ല അന്ത്യോദയ സ്കീമിലുളള പരമദരിദ്രരുടെ അരിവില 1 രൂപ കൂട്ടിയിരിക്കുകയാണ്. അവര്‍ക്ക് നല്‍കുന്ന ധാന്യമാകട്ടെ 35 കിലോയില്‍ നിന്ന് 25 കിലോ ആയി കുറച്ചു. 58,000 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിന് പ്രഖ്യാപിച്ചിട്ടുളളത് എന്നാണ് തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷനേതാവ് വീമ്പിളക്കിയത്. ഇതില്‍ ഏതാണ്ട് 1000 കോടിയില്‍ തഴെയാണ് ഈ വര്‍ഷത്തെ ബജറ്റില്‍. പ്രവാസികളെ പൂര്‍ണമായും വിസ്മരിച്ചിരിക്കുന്നു.

പ്രണബ് മുഖര്‍ജിയുടെ ഒന്നാമത്തെ ബജറ്റ് ഒരു ചൂണ്ടുപലകയാണെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരനെ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കും എന്നതിന് സംശയം വേണ്ട.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി 070709

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മള്‍ ഇന്ദിരാസോഷ്യലിസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, സോഷ്യലിസം ഇപ്പോള്‍ അത്രയ്ക്ക് ഫാഷനല്ലല്ലോ. അതുകൊണ്ട് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുളള പുതിയ ഒരുപേരാണ് ഉള്‍ച്ചേര്‍ന്ന വളര്‍ച്ച -ഇന്‍ക്ളൂസിവ് ഗ്രോത്ത്. ദ്രുതഗതിയിലുളള വളര്‍ച്ചയില്‍ എല്ലാവരെയും പങ്കാളികളാക്കണമെന്നതാണ് ഈ സിദ്ധാന്തം. ഇതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ദിരാസോഷ്യലിസത്തിലെന്നപോലെ കുറച്ചൊക്കെ ജനകീയാംഗീകാരം കിട്ടുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ ഭയാനകമായ തോതിലാണ് ഉളളവനും ഇല്ലാത്തവനും തമ്മിലുളള അസമത്വം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേവലം 9 മാത്രമായിരുന്ന ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2009ആയപ്പോഴേക്കും 53 ആയി ഉയര്‍ന്നു. സാമ്പത്തികവളര്‍ച്ച മുഖ്യമായും നഗരമേഖലകളിലൊതുങ്ങി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍ നിന്ന് പുറത്തായി. ഇതിനൊരു താല്‍ക്കാലിക സമാശ്വാസനടപടിയായിട്ടാണ് കാര്‍ഷിക കടാശ്വാസം, വനവാസി അവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ ജനപ്രിയ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദവും ഇത്തരം സ്കീമുകള്‍ കൂടുതല്‍ ഫലപ്രദമായി ആവിഷ്കരിക്കുന്നതിന് സാഹചര്യമൊരുക്കി. യുപിഎയുടെ ആദ്യവര്‍ഷങ്ങളില്‍ തകര്‍ന്ന ജനപ്രീതി 2008 നിയമസഭാതെരഞ്ഞടുപ്പോടെ തിരിച്ചുപിടിക്കാന്‍കഴിഞ്ഞതില്‍ ഈ പദ്ധതികളും സഹായിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞത് ഇന്ന് ഒരു വികസനമന്ത്രമായി മാറ്റിയിരിക്കുകയാണ്.