Friday, July 31, 2009

വിമോചന സമരം: എന്ത്, എങ്ങനെ

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങളുടെ ഗുണഭോക്താക്കളില്‍ ഒരു വിഭാഗത്തെ അന്ധമായ കമ്യൂണിസ്റ്റ്വിരോധം ഉപയോഗപ്പെടുത്തി ഹാലിളക്കി ജാതി വര്‍ഗീയ ചിന്തകള്‍ കുത്തിപ്പൊക്കാന്‍ വിമോചനസമരത്തിന് കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു?

ഒന്ന്. കമ്യൂണിസ്റ്റ്സര്‍ക്കാരിന്റെ ആദ്യനാള്‍ മുതല്‍ അരങ്ങേറിയ എതിര്‍പ്പുകള്‍ അനുക്രമമായി ശക്തിപ്രാപിച്ച് സ്വാഭാവികമായി രൂപം കൊണ്ട ഒന്നായിരുന്നില്ല കേരളത്തിലെ വിമോചനസമരം. ഈ എതിര്‍പ്പുകളുടെയെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ട്, സമരങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്.

രണ്ട്. വിമോചനസമര നിര്‍മിതിയില്‍ പള്ളിപ്രഭാഷണങ്ങള്‍ക്കൊപ്പം മാധ്യമ പ്രചാരണങ്ങളും സുപ്രധാന പങ്കു വഹിച്ചു. അക്രമങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. വലിയ തോതിലുള്ള സ്ത്രീപങ്കാളിത്തമായിരുന്നു സമരത്തിന്റെ വിജയത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്ന്. ധിഷണാശാലികളായ ഒരുപറ്റം കമ്യൂണിസ്റ്റ്വിരുദ്ധ ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും ആവിര്‍ഭാവവും കമ്യൂണിസ്റ്റ്വിരുദ്ധ നുണപ്രചാരണത്തിന് ആധികാരികത്വം നല്‍കിയ ഘടകമായിരുന്നു.

മൂന്ന്. സര്‍ക്കാരില്‍നിന്ന് ഭാഗികമായ എന്തെങ്കിലും ആവശ്യങ്ങള്‍ നേടുന്നതിനപ്പുറം ഭരണത്തെ സ്തംഭിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇതിനായി രൂപംകൊണ്ട വര്‍ഗീയ കൂട്ടുകെട്ടിന് രാഷ്ടീയ പിന്തുണയും ലഭിച്ചു. കേരളത്തിലെയും കേന്ദ്രത്തിലെയും കോഗ്രസ് സംഘടനാ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ ഈ രാഷ്ട്രീയനീക്കത്തിന് സഹായകമായി. കമ്യൂണിസ്റ്റ്ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളത്തെ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന വേവലാതിയായിരുന്നു ഇതിനു പിന്നില്‍.

നാല്. കേരളത്തിലെ കമ്യൂണിസ്റ്റ്ഭരണത്തിന്റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു അമേരിക്കയെ ഭരിച്ചിരുന്നത്. ഇക്കാലത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മൂന്നാം ലോക രാജ്യങ്ങളിലെ എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളിലൂടെ അമേരിക്ക അട്ടിമറിക്കുകയുണ്ടായി. കേരളം മാത്രം ഈയൊരു പ്രവണതയ്ക്ക് അപവാദമാകുന്നതെങ്ങനെ? ആഗോള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലേ കേരളത്തിലെ വിമോചന സമരത്തെ മനസ്സിലാക്കാനാകൂ.

അഞ്ച്. വിമോചനസമരത്തിനു പിന്നില്‍ വിദേശ കമ്യൂണിസ്റ്റ്വിരുദ്ധ ശക്തികളുടെ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് അസന്ദിഗ്ധമായി തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൌസിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്‍കി സഹായിച്ചു. എന്നാല്‍, മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെന്നപോലെ കേരളത്തില്‍ പ്രത്യക്ഷമായി അമേരിക്കന്‍ ചാരസംഘടനയ്ക്ക് ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അമേരിക്കന്‍ ഇടപെടല്‍ ഏറ്റവും ഗോപ്യമായ വിധത്തിലായിരുന്നു. ഇന്നും വളരെ കുറച്ച് രഹസ്യരേഖകള്‍ മാത്രമേ ഇത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ.

ആറ്. കമ്യൂണിസ്റ്റ്ഭരണത്തെ അട്ടിമറിക്കുന്നതിന് ഇന്ത്യയിലെ കേന്ദ്ര രഹസ്യപ്പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന നയമാണ് അമേരിക്കന്‍ ചാരസംഘടന കൈക്കൊണ്ടത്. കമ്യൂണിസ്റ്റ്വിരുദ്ധമുന്നണിക്ക് രൂപംനല്‍കുന്നതിലും സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിലും കേന്ദ്ര രഹസ്യപ്പൊലീസ് നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി.

ഏഴ് ആഗോള ക്രിസ്ത്യന്‍ പള്ളിയുടെ വിവിധ വിഭാഗങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ്വിരുദ്ധ പ്രക്ഷോഭത്തില്‍ പണംകൊണ്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പങ്കു വഹിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്വിരുദ്ധ കുരിശുയുദ്ധക്കാരാണ് കേരളദ്ധ്വനി പത്രത്തിനുള്ള പണം നല്‍കിയത്. മിന്‍സെന്റി ഫൌണ്ടേഷനും മറ്റും വഴി കത്തോലിക്കാ പള്ളിക്കും വലിയ തോതില്‍ പണം ലഭിച്ചു. ധാര്‍മിക പുനരുദ്ധാരണ പ്രസ്ഥാനം കേരളത്തില്‍ സജീവമായി ഇടപെടുകയുണ്ടായി.

എട്ട്. വിമോചന സമരത്തിന്റെ തീക്ഷ്ണതയുടെ മുമ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടിയും സര്‍ക്കാരും പകച്ചുപോയി. നെഹ്റുവിന്റെ ചേരിചേരാ നയത്തിലും ജനാധിപത്യ മര്യാദയിലും ഉണ്ടായ അതിരു കവിഞ്ഞ വിശ്വാസംമൂലം ഭരണത്തെ അട്ടിമറിക്കാനുള്ള വിമോചന സമരം അസംഭവ്യമായിട്ടാണ് പാര്‍ടിയും സര്‍ക്കാരും കരുതിയത്. അമൃത്സര്‍ പാര്‍ടി കോണ്‍ഗ്രസ് സൃഷ്ടിച്ച പരിഷ്കരണ വ്യാമോഹവും ഈ തെറ്റിദ്ധാരണയില്‍ ഒരു പങ്കു വഹിച്ചു. സാമുദായിക സംഘടനകളോടും ഇടതുപക്ഷ പാര്‍ടികളോടും എടുത്ത അടവു നയങ്ങളില്‍ അതിരു കവിഞ്ഞ ആത്മവിശ്വാസം പ്രതിഫലിച്ചു കാണാം. ഈ പോരായ്മകള്‍ വിശാലമായ കമ്യൂണിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് പിന്തിരിപ്പന്മാര്‍ക്ക് സഹായകമായി.

ഒമ്പത്. കേരളത്തിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതില്‍ വിമോചനസമരം പരാജയപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ കുതിപ്പിന് വിമോചന സമരം കടിഞ്ഞാണിട്ടു. ക്രിസ്ത്യന്‍ സമുദായത്തിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. ഏതാണ്ട് മൂന്ന് ദശാബ്ദത്തിനു ശേഷമാണ് വിമോചനസമര പ്രേതബാധ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒഴിഞ്ഞത്. മുസ്ളിം ലീഗിന്റെ രാഷ്ട്രീയ രംഗപ്രവേശവും പിന്നീട് അതിന് കേരള രാഷ്ട്രീയത്തില്‍ ലഭിച്ച ലബ്ധപ്രതിഷ്ഠയും മുസ്ളിം മതന്യൂനപക്ഷങ്ങള്‍ക്കിടയിലും കമ്യൂണിസ്റ്റ്സ്വാധീനം വര്‍ധിപ്പിക്കുന്നതിന് തടസ്സമായി.

മലങ്കരസഭയിലെ മാര്‍ ബസേലിയോസ് ക്ളിമീസ് തിരുമേനി അഭിപ്രായപ്പെട്ടതുപോലെ: '1959-ലെ സഭയുമല്ല 1959-ലെ പാര്‍ടിയുമല്ല ഇന്നുള്ളത്' ആഗോളമായി വിമോചന ദൈവശാസ്ത്ര ചിന്തകള്‍ പ്രബലമായി. കുറച്ചൊക്കെ ഇതിനോടുള്ള പ്രതിരോധ പ്രതികരണമായിട്ടാണെങ്കിലും പള്ളി കൂടുതല്‍ വികസനോന്മുഖ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇത് സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറന്നു. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ഭാഗത്തുനിന്നാണെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷ അവകാശസംരക്ഷണം മുഖ്യ ഘടകമായുള്ള ഒരു ദേശീയ രാഷ്ട്രീയ നയം രൂപംകൊണ്ടു. മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രത്യേക മതാന്തരീക്ഷം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനവും പാര്‍ടി കൈക്കൊണ്ടു. കേവല യുക്തിവാദ സമീപനരീതിയുടെ നിരാകരണം ഇതിന്റെ ഭാഗമാണ്. ജനകീയ പ്രക്ഷോഭസമരങ്ങളും ബഹുജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും മതന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. ഈ മാറ്റങ്ങള്‍ ഒട്ടേറെ അര്‍ഥവത്തായ സംവാദങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും വഴി തെളിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന കമ്യൂണിസ്റ്റ്സ്വാധീനത്തിന്റെ ഏറ്റവും വലിയ നാടകീയമായ പ്രഖ്യാപനമായിരുന്നു സമീപകാലത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഇതില്‍ ഖിന്നരായ ചിലര്‍ സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായി ഉയര്‍ന്നുവന്ന തര്‍ക്കത്തെ മതന്യൂനപക്ഷ അവകാശപ്രശ്നമായി ഉയര്‍ത്തി വിമോചന സമര ഹാലിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ രാഷ്ട്രീയ സാഹചര്യംതന്നെ മാറിപ്പോയിരിക്കുന്നു എന്നവര്‍ വിസ്മരിക്കുന്നു. 1959 അല്ല 2009.

ചരിത്രത്തില്‍ സംഭവിച്ചുപോയതിനെയൊന്നും തിരുത്താനാവില്ല. എങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ച് പോലും തെറ്റിന്റെ പിന്തുടര്‍ച്ചക്കാര്‍ കുറ്റസമ്മതം നടത്തുകയും മാപ്പുപറയുകയുംചെയ്ത സന്ദര്‍ഭങ്ങളുണ്ട്. അതൊരു ചരിത്രനീതിയാണ്. ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയരുടെ നരഹത്യക്കും മധ്യകാല യുഗത്തിലെ ഇന്‍ക്വിസിഷനും നാസി കോസെന്‍ട്രേഷന്‍ ക്യാമ്പുകളെ എതിര്‍ക്കാതെ പോയതിനും പള്ളി മാപ്പു പറഞ്ഞിട്ടുണ്ട്. ഈ ഗണത്തില്‍പെടുന്നതാണ് 1959ലെ വിമോചന സമരം. 50 വര്‍ഷം ഒരു പക്ഷേ മാപ്പു പറയാനുള്ള കാലമായി പള്ളിക്കു കരുതാന്‍ കഴിയാത്തതു സ്വാഭാവികമാവാം. പക്ഷേ, തെറ്റു തിരുത്തല്‍ പ്രക്രിയയെക്കുറിച്ച് ആലോചിക്കാനേ കൂട്ടാക്കാതെ, 50 വര്‍ഷം മുമ്പ് നടന്നതിന്റെ പേരില്‍ അഹങ്കരിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല. പഴയ സമരത്തിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ലെന്നും വേണ്ടിവന്നാല്‍ അത്തരമൊരു സമരത്തിന് വീണ്ടും തയ്യാറാകുമെന്നുംകൂടി പ്രഖ്യാപിക്കുമ്പോഴാണ് പണ്ടു നടന്നതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാകുന്നത്.

***

ഡോ. ടി എം തോമസ് ഐസക്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

1959 ജൂലൈ 31

കേരളത്തിന്റെ ആദ്യത്തെ സര്‍ക്കാരിനെ ഭരണഘടന ദുര്‍വിനിയോഗം ചെയ്തുകൊണ്ട് പിരിച്ചു വിട്ട ദിവസം. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആ കറുത്ത അദ്ധ്യായത്തിന് അന്‍പത് വയസ്സാകുന്നു. കംയൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കൂട്ടായ്മ അരുതാത്ത വഴികളിലൂടെയുള്ള സഞ്ചാരം തുടരുകയാണ്. പുതിയ വിമോചനസമരത്തിന്റെ സ്വപ്നങ്ങള്‍ നെയ്യുകയാണ് വീണ്ടും അവര്‍...

മരത്തലയന്‍ പട്ടേട്ടന്‍ said...

വിമോചന സമരം എന്ന് കേട്ടാലേ കമ്മ്യൂണിസ്റ്റുകാര്‍ കിടുങ്ങും.ഉറക്കത്തില്‍ പോലും പിച്ചും പേയും പറയും. ഒരിക്കല്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ സര്‍ക്കാരിനെതിരെ ജനം കലാപം ചെയ്യുന്നത് പാപമാണെന്നാണ് ഇവര്‍ 50 വര്‍ഷം കഴിഞ്ഞിട്ടും വിലപിക്കുന്നത്.സോവിയറ്റ് യൂനിയന്‍ പോലുള്ള രാജ്യങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ലാത്തതിനാല്‍ അവിടങ്ങളിലൊക്കെ ജനം കലാപം ചെയ്ത് സര്‍ക്കാറിനെ മറിച്ചിട്ടതില്‍ ഇക്കൂട്ടര്‍ക്ക് പരാതിയില്ല. വിമോചനസമരം ചെയ്യാനുള്ള കഴിവ് ജനങ്ങള്‍ക്ക് എന്നുമുണ്ടാവണം. അതുണ്ടായിരുന്നില്ലെങ്കില്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കപ്പെടുമായിരുന്നില്ല.

Baiju Elikkattoor said...

"കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൌസിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്‍കി സഹായിച്ചു. എന്നാല്‍, മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെന്നപോലെ കേരളത്തില്‍ പ്രത്യക്ഷമായി അമേരിക്കന്‍ ചാരസംഘടനയ്ക്ക് ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അമേരിക്കന്‍ ഇടപെടല്‍ ഏറ്റവും ഗോപ്യമായ വിധത്തിലായിരുന്നു. ഇന്നും വളരെ കുറച്ച് രഹസ്യരേഖകള്‍ മാത്രമേ ഇത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ."

ഉമ്മാക്കി......വീണ്ടും.....? അഭിനവ കമ്മ്യൂണിസ്റ്റ്‌ കരാ, താങ്കളുടെ അടുത്ത ബന്ധുക്കള്‍ അങ്ങ് അമേരിക്കയില്‍ തൊഴിലാളി വര്‍ഗ്ഗ സേവയാണോ ചെയ്യുന്നത്? ഓ, വെറുതെ "hunting with the hounds and running with hares" എന്നാ "കളി" കളിക്കുകയാണല്ലേ? ശരി, നടക്കട്ടെ!

ജനശക്തി said...

ജനകീയ സര്‍ക്കാരിനെതിരെ എവിടെ നിന്നോ ഒക്കെ ‘ആസൂത്രണം’ ചെയ്യപ്പെട്ട വിമോചനസമരവും, ജനങ്ങള്‍ക്കെതിരെ ഒരു (അര്‍ദ്ധ) ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയ അടിയന്തിരാവസ്ഥക്കെതിരായ ജനമുന്നേറ്റവും ഒരേ രീതിയില്‍ കാണാന്‍ കഴിയുന്ന രാഷ്ട്രീയപ്രബുദ്ധതയ്ക്ക് ഒരു നല്ല നമസ്കാരം.

Irshad said...

വിമോചന സമരത്താല്‍ പിരിച്ചു വിട്ട മന്ത്രിസഭ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയോ? എന്തുകൊണ്ട്?