Tuesday, July 21, 2009

ഉദാരതയുടെ വൈറസ്

പ്രസിദ്ധ മാക്സിയന്‍ ചിന്തകന്‍ ഡോ. സമീര്‍ അമീന്‍ സംസാരിക്കുന്നു - ഭാഗം 2

ഇപ്പോഴത്തെ ആഗോള സാമ്പത്തികതകര്‍ച്ചയുടെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍?

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച യഥാര്‍ത്ഥത്തില്‍, മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അതിനിടയില്‍ മൂലധന സഞ്ചയത്തിന്റെ ആഴമേറിയ പ്രതിസന്ധിയുണ്ട്. അതിലും ആഴത്തിലുളള മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധിയുണ്ട്. നമുക്കാദ്യം മഞ്ഞുമലയുടെ അഗ്രം പരിശോധിക്കാം. സാമ്പത്തിക തകര്‍ച്ച നിയന്ത്രണമില്ലാത്ത ചുറ്റുപാടില്‍, വളരെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവന്ന ബാങ്കിംഗ് സംവിധാനങ്ങളുടെ പിശകുകളുടെയോ ഉത്തരവാദിത്വമില്ലായ്മയുടെയോ ഫലമല്ല. നിയന്ത്രണങ്ങള്‍ യഥാവിധി നടപ്പാക്കപ്പെട്ടു കഴിഞ്ഞാല്‍ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും എന്ന തോന്നലാണ് ഈ തെറ്റായ വിശകലനം ഉളവാക്കുന്നത്. പ്രതീക്ഷിച്ച പോലെ, ഇതു തന്നെയായിരുന്നു വാഷിംഗ്‌ടണില്‍ ചേര്‍ന്ന ജി-20 ന്റെ പ്രതികരണവും. അതില്‍ അതിശയിക്കാനൊന്നുമില്ല. കാരണം ജി-20 ന്റെ ദുര്‍ബലമായ പ്രഖ്യാപനം ജി-8 മായി ചേര്‍ന്ന്, ഐ.എം.എഫ് കാലേക്കൂട്ടി തയ്യാറാക്കിയതായിരുന്നു. ഈ കാഴ്ചപ്പാടല്ല എനിക്കുള്ളത്. അത് വിശദീകരിക്കാന്‍ ഈ പ്രതിസന്ധി നവലിബറല്‍ ആഗോളീകരണത്തിന്റെ ഭാഗമാണെന്ന സങ്കല്‍പ്പത്തില്‍ നിന്ന് കുത്തി മാറേണ്ടിയിരിക്കുന്നു. അത്തരം സങ്കല്‍പ്പം പരിമിതികള്‍ നിറഞ്ഞതാണ്. കാരണം അത് വിവരണാര്‍ത്ഥമാണ്. വിശകലനാത്മകമല്ല. മൂലധനത്തിന്റെ തികഞ്ഞ കേന്ദ്രീകരണവും ഏതാനും ചില വമ്പന്‍ കുത്തകകളുടെ വാഴ്‌ചയും എന്നതാണ് നിലവിലെ വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യം. ലോകമാകെയുളള ഏതാണ്ട് അയ്യായിരത്തോളം വരുന്ന കുത്തക പ്രഭുക്കളാണ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഒക്കെ അധികാരം നിയന്ത്രിക്കുന്നത്. അവരുടെ തീരുമാനങ്ങളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്. 50 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിലും ഏറെ വളര്‍ന്നതും ശക്തവുമായ കേന്ദ്രീകരണത്തിലാണ് നമ്മള്‍ ഇപ്പോഴുളളത്. മൂലധനത്തിന്റെ ഈ തീവ്രമായ കേന്ദ്രീകരണം വ്യവസ്ഥയുടെ നിയന്ത്രണത്തിന്റെ യുക്തിയില്‍ തന്നെ മൌലികമായ മാറ്റം വരുത്തിയിട്ടുണ്ട്. അതായത്, ഉല്‍പാദനമേഖലകളില്‍, നിക്ഷേപം നടത്തി മിച്ചമൂല്യം ഉല്‍പാദിപ്പിക്കുന്നതിനു പകരം ഇപ്പോള്‍ മൂലധനം ശ്രദ്ധപതിപ്പിക്കുന്നത് ചൂഷണത്തിലധിഷ്ഠിതമായ മിച്ചമൂല്യത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന, ലാഭം കുത്തകകള്‍ക്കിടയില്‍ പുനര്‍വിതരണം നടത്തുന്നതിനാണ്. ലാഭം തങ്ങള്‍ക്കനുകൂലമായി മാറ്റുന്നതിന് ഓരോ സ്ഥാപനവും അതിന്റെ സാമ്പത്തിക നിക്ഷേപത്തിന്റെ മേഖല വിപുലപ്പെടുത്തുകയാണ്. വാസ്തവത്തില്‍ ഈ ലാഭം, മറ്റൊരു സ്വഭാവത്തിലുളളതാണ്. അത് കുത്തകപാട്ടമാണ്. ഇതിനെയാണ് 'ധനവത്കരണം' എന്ന പേരുവിളിക്കുന്നത്. ധനവത്കരണത്തിലൂടെ ലാഭം പരമാവധിയാക്കുന്നതിനുളള കുത്തക പ്രഭുക്കളുടെ ഈ പദ്ധതിക്ക് നിയന്ത്രണരാഹിത്യം അത്യന്താപേക്ഷിതമാണ്.

നിയന്ത്രണരാഹിത്യവും അത്യാര്‍ത്തിയും മുഖ്യകാരണമല്ല എന്നാണോ?


വ്യവസായ പ്രഭുക്കളുടേയും അവര്‍ നിയന്ത്രിക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളുടെയും ശ്രമം വ്യവസ്ഥ അതേപടി നിലനിര്‍ത്താനാണ്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇത് അസാധ്യമല്ല. ശതകോടികണക്കിന് ഡോളര്‍ കടത്തിവിടുന്നത് വന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കുമെന്നും ധന-സാമ്പത്തിക വ്യവസ്ഥകളുടെ ചുരുങ്ങിയ വിശ്വാസ്യതയെങ്കിലും പുനപ്രതിഷ്ഠിക്കുമെന്നും സങ്കല്‍പ്പിക്കുന്നു. മറ്റൊന്ന്, പ്രതിസന്ധിയുടെ ഇരകളുടെ പ്രതിഷേധം കൈകാര്യം ചെയ്യാവുന്നതേയുളളു എന്നതുകൊണ്ട് വ്യവസ്ഥ അതേപടി തുടരുന്നു എന്നും. പണപ്പെരുപ്പത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും കുറയുന്ന പെന്‍ഷനിലൂടെയും സാധാരണ മനുഷ്യര്‍ നഷ്ടം സഹിച്ചുകൊള്ളും; അവരുടെ പ്രതിഷേധങ്ങള്‍ ശിഥിലീകരിക്കപ്പെട്ടതും ഭരണകൂടത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായതുകൊണ്ട് വ്യവസ്ഥയുടെ തുടര്‍ച്ചയെ ബാധിക്കില്ല ! മൂന്നാമത്, ദക്ഷിണ രാഷ്ട്രങ്ങള്‍ വ്യവസ്ഥയെ അംഗീകരിക്കുകയും നിയമങ്ങള്‍ അതേപടി പാലിക്കുകയും ചെയ്യുന്നു എന്നതാണ്. അതായത്, ആഗോളീകരണത്തിന്റെ ഭാഗമായിത്തന്നെ നില്‍ക്കുന്നതിലൂടെ, ധന-സാമ്പത്തിക വ്യവസ്ഥയെ അതേപടി നിലനിര്‍ത്തുന്നു എന്നര്‍ത്ഥം. ധനസാമ്പത്തിക വ്യവസ്ഥകളെ നിലനിര്‍ത്തുന്നതിന് ദക്ഷിണ രാജ്യങ്ങളിലെ ധന-സാമ്പത്തിക വ്യവസ്ഥകളെ ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായിട്ടുളളതിനോട് ഉള്‍ച്ചേര്‍ക്കേണ്ടതാണ്. ജി-20 യോഗത്തിന്റെ ലക്ഷ്യം, വളര്‍ന്നുവരുന്ന സമ്പദ്ഘടനകളായ ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ വ്യവസ്ഥ നിലനിര്‍ത്താനുളള ഈ പദ്ധതിയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. ഈ രാജ്യങ്ങളില്ലാതെ ഒരു നിലനിര്‍ത്തല്‍ സംവിധാനവും അധികനാള്‍ നീണ്ടുനില്‍ക്കില്ല. അവയില്ലാതെ മുന്നോട്ടുപോയാല്‍, മാസങ്ങള്‍ക്കകമോ എറിയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കകം മറ്റൊരു ആഴമേറിയ പ്രതിസന്ധി ഉടലെടുക്കുമെന്നും അവരൂഹിക്കുന്നു.

വര്‍ത്തമാനകാല പ്രതിസന്ധി, നിയന്ത്രണമില്ലായ്മ പോലെയുളള തെറ്റുകളുടെ ഫലമല്ല (അങ്ങിനെയാണ് എന്നതാണ് മുഖ്യധാരാ കാഴ്ചപ്പാട്) മറിച്ച് കുത്തക പ്രഭുക്കള്‍ക്കിടയില്‍ ലാഭം പുനര്‍വിതരണം ചെയ്യുന്നതിനുളള മത്സരത്തിന്റെ സ്വാഭാവികമായ പരിണാമം തന്നെയാണെന്ന കാര്യത്തില്‍ ഊന്നി വേണം, നമ്മള്‍ ഇടതുപക്ഷക്കാരുടെ അന്വേഷണങ്ങളും ചര്‍ച്ചകളും നടക്കേണ്ടത്. ഈ പ്രശ്നത്തിനുളള പരിഹാരം മൌലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുളളതുമായ മാറ്റമാണ്. അത് നടപ്പില്‍വരിക, സാമൂഹ്യവല്‍ക്കരണം ലക്ഷ്യമാക്കിയുളള, കുത്തകകളുടെ ദേശസാല്‍ക്കരണത്തിലൂടെയാണ്. ഇത് പക്ഷെ, തീര്‍ച്ചയായും നിലവിലെ അജണ്ടയിലില്ലാത്തതിനാല്‍ സാമ്രാജ്യത്വം ഗൌരവതരമായ പ്രതിസന്ധികളെ നിരന്തരം നേരിട്ടുകൊണ്ടേയിരിക്കും. ഇന്നല്ലെങ്കില്‍ നാളെ മുതലാളിത്തം ഈ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി കരകയറുമായിരിക്കും. പക്ഷേ തൊലിപ്പുറമേയുളള നടപടികള്‍ തുടരുന്നിടത്തോളം കാലം ലോകം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കും.

ഇന്ത്യ സുരക്ഷിതമാണെന്നും നമ്മള്‍ പ്രതിസന്ധി മുന്‍കൂട്ടി കണ്ടിരുന്നുവെന്നും മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചിരുന്നു?

ഇന്ത്യയില്‍ വിനിമയ നിയന്ത്രണമുണ്ട്. ക്യാപിറ്റല്‍ അക്കൌണ്ട് കണ്‍‌വര്‍ട്ടബിലിറ്റി പൂര്‍ണ്ണമായിട്ടില്ല. നിരവധി വലിയ ദേശസാല്‍കൃത ബാങ്കുകളുണ്ട് വിദേശ ബാങ്കുകളുടെ പ്രവര്‍ത്തനം പരിമിതമാണുതാനും. ആഗോളപ്രതിസന്ധിയുടെ അവസരം മുതലെടുത്തുകൊണ്ട് വ്യവസ്ഥയില്‍ നിന്നും മാറുന്നതിനു പകരം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത് വിപരീത നടപടിയാണ്. അതായത്, വികസിത രാജ്യങ്ങള്‍ക്കൊപ്പം ഉയര്‍ന്ന തലത്തില്‍ ഇരിപ്പിടം ലഭിക്കേണ്ട, വളര്‍ന്നുവരുന്ന ആഗോള ശക്തി എന്ന പാശ്ചാത്യരുടെ വാഴ്ത്തലുകളും സ്‌തുതിഗീതങ്ങളും സ്വീകരിച്ച് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങുകയാണ് ചെയ്തിട്ടുളളത്. ഇത്, അമേരിക്കയുമായിട്ടുളള ആണവകരാര്‍ യുഎസിന്റെ സഹായത്തോടെ ഏഷ്യയില്‍ ചൈനയക്ക് ബദലായ ഒരു ശക്തിയാവാനുളള ഇന്ത്യയുടെ ശ്രമം തുടങ്ങിയ രാഷ്‌ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടതുകൂടിയാണ്. ഇത് ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തിരഞ്ഞെടുത്ത വഴിയാണ്. ഇടത്- പുരോഗമന ശക്തികളും, കഴിയുമെങ്കില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഒരു വിഭാഗവും ചേര്‍ന്ന് ഈ തീരുമാനത്തിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇത് ചെറുക്കപ്പെടാതെ പോയാല്‍ തികച്ചും അപകടകരമായിരിക്കും.

താന്‍ പ്രതിസന്ധി മുന്‍കൂട്ടി കണ്ടിരുന്നുവെന്നും മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നുമുളള പ്രധാനമന്ത്രി സിംഗിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു കാര്യം - ഇത് വെറും വാചാടോപമാണ്. പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നു എന്നത് ഒരു നുണയാണ്. മുന്‍കരുതല്‍ നടപടിയെ സംബന്ധിച്ചാണെങ്കില്‍, ധനമൂലധനത്തിനും വന്‍കിട മുതലാളിമാര്‍ക്കും വേണ്ടതെന്താണോ അതു തന്നെയാണ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുളള ഉത്തേജക പാക്കേജുകള്‍. എന്നു മാത്രമല്ല, പരമ്പരാഗത ധനശാസ്ത്രകാരന്‍മാരും സര്‍ക്കാരുകളും ഇത്തരം ഒരു പ്രതിസന്ധി ഒട്ടും പ്രതീക്ഷിച്ചതല്ല. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ പോലും ഇത് മുന്‍കൂട്ടി കണ്ടവര്‍ വളരെ ചുരുക്കമാണ്. ലാഭത്തിന്റെ പുനര്‍വിതരണത്തിനുളള മുതലാളിത്തത്തിന്റെ തുടര്‍ച്ചയായ ഈ അന്വേഷണം സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്കു വഴിവയ്ക്കുമെന്ന് 2003-ല്‍ 'കാലഹരണപ്പെട്ട മുതലാളിത്തം' എന്ന കൃതിയില്‍ ഞാനെഴുതിയിരുന്നു. പക്ഷേ, അതെപ്പോള്‍ സംഭവിക്കുമെന്നു പ്രവചിക്കാനുളള ശേഷി എനിക്കില്ല എന്നുകൂടി ഞാനെഴുതിയിരുന്നു.

വ്യാപാരവും സ്വതന്ത്രവ്യാപാരവും രണ്ടായിതന്നെ കാണണം എന്നാണോ?

വ്യാപാരത്തെ 'സ്വതന്ത്ര വ്യാപാര'ത്തില്‍ നിന്നും വ്യത്യസ്ഥമായി കാണേണ്ടതുണ്ട്. സ്വതന്ത്ര വ്യാപാരത്തിന് നിങ്ങള്‍ എതിരാണെന്നതിന്, എല്ലാത്തരം വ്യാപാരങ്ങള്‍ക്കും എതിരാണെന്നര്‍ത്ഥമില്ല. സ്വതന്ത്ര വ്യാപാര മാതൃകയില്‍ നിന്നു പിന്മാറുന്നു എന്നു വച്ചാല്‍ ചന്ദ്രനിലേക്ക് പോകുന്നു എന്നര്‍ത്ഥമില്ലല്ലോ. നിര്‍ഭാഗ്യവശാല്‍, ഒട്ടുമിക്ക ദക്ഷിണരാഷ്‌ട്രഭരണകൂടങ്ങള്‍ക്കും വ്യാപാരം എന്നതിനര്‍ത്ഥം സ്വതന്ത്രവ്യാപാരം എന്നായിട്ടുണ്ട്. സ്വതന്ത്രവ്യാപാരം ഉഭയകക്ഷിപരമോ ബഹുകക്ഷിപരമോ പ്രാദേശികമോ ആവാം . മൂന്ന് തരത്തിലായാലും അത് ദക്ഷിണ രാഷ്‌ട്രങ്ങളെ സംബന്ധിച്ചിടത്തോളം അനഭിലഷണീയമാണ്. മൂന്നാമത്തെ കാര്യം, ഉഭയകക്ഷിതലത്തിലുംബഹുകക്ഷിതലത്തിലും യു.എസ്. സ്വതന്ത്ര വ്യാപാരത്തിന്റെ പക്ഷത്തായിരുന്നു എന്നതാണ്. അത് അവര്‍ക്കല്ല, മറിച്ച്, വ്യാപാര പങ്കാളികള്‍ക്കുവേണ്ടിയായിരുന്നു. സ്വതന്ത്രവ്യാപാര നിയമങ്ങള്‍ യുഎസിന് ബാധകമാക്കുന്നതിന് ഇപ്പോഴത്തെ യുഎസ് കോണ്‍ഗ്രസ് എതിരാണ്. എന്നാല്‍ ദക്ഷിണ രാജ്യങ്ങളിലെ കമ്പോളം കൈയടക്കുന്നതിന് അതേ നിയമങ്ങള്‍ ആവശ്യവുമാണ്. ഇത് കൃത്യമായും അധീശശക്തിയുടെ രീതിയാണ് അതായത്, "നിങ്ങള്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കുക, ഞാനത് ചെയ്യില്ല'' എന്ന്. ഉഭയകക്ഷിപരമായാലും ബഹുകക്ഷിപരമായാലും കുറേ വര്‍ഷങ്ങളായി സ്വതന്ത്രവ്യാപാരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദോഹവട്ടം സഞ്ചരിക്കുന്ന ഒറ്റയടിപ്പാത ഇതിന്റെ ഒരുദാഹരണമാണ്. കാര്‍ഷിക സബ്‌സിഡിയുടെയും കയറ്റുമതിയുടെയും സേവന മേഖലയുടെ ഉദാരവല്‍ക്കരണത്തിന്റെയുമൊക്കെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ സ്വതന്ത്രവ്യാപാരസങ്കല്‍പ്പത്തില്‍ നിന്നും നിയന്ത്രിതവും സന്ധി സംഭാഷണത്തിലൂടെയുളളതുമായ വ്യാപാരത്തിലേക്ക് മാറുന്നതിനുളള ഒരവസരം കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉത്തര-ദക്ഷിണ രാജ്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉളളതുകൊണ്ടുതന്നെ ഇപ്പോഴത്തെ ചര്‍ച്ചകളും പൊരുത്തകേടുകള്‍ നിറഞ്ഞതാണ് ഇത്, ഫ്രാന്‍സും സെനഗലും തമ്മില്‍ ഏര്‍പ്പെട്ട ഒരു മത്സ്യബന്ധന കരാറിനെക്കുറിച്ചുളള ഒരു തമാശയെ ഓര്‍മിപ്പിക്കുന്നു. "സെനഗലിന്റെ കടലില്‍ മത്സ്യബന്ധനം നടത്താന്‍ ഫ്രഞ്ച് കപ്പലുകള്‍ക്ക് അനുവാദം നല്‍കി. തിരിച്ചും.'' ഇത്തരം കാപട്യം അംഗീകരിക്കാനാവില്ല.

സ്വതന്ത്രവ്യാപാരത്തിന് പുറത്ത് ലാറ്റിനമേരിക്കന്‍ വ്യാപാരകരാര്‍ (ALBA) പോലെ ചിലതുണ്ടല്ലോ?

ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുളള വ്യാപാര ഉടമ്പടികള്‍ക്ക് എന്നും UNCTAD നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു, ALBA എന്നത് തെക്കേ അമേരിക്കയിലെ കമ്പോളം സംയോജിപ്പിക്കാനുളള ഒരു പദ്ധതിയല്ല, മറിച്ച് സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത്, ആലോചിച്ചുറച്ച് തീരുമാനത്തിലെത്തുന്ന പരസ്പര പൂരകങ്ങളെ വാര്‍ത്തെടുക്കുന്ന ഒരു പ്രക്രിയയാണ്. ഇത് തീര്‍ച്ചയായും സുപ്രധാനമായ ഒരു പൊതുരാഷ്‌ട്രീയ നിലപാട് കൂടി ഉള്‍ക്കൊളളുന്നതാണ്. നിര്‍ഭാഗ്യവശാല്‍, ബ്രസീല്‍ ALBA യുടെ യുക്തിയെ നിരാകരിക്കുന്നു എന്നുളളതുകൊണ്ട്, അതിപ്പോഴും ഫലപ്രദമായിട്ടില്ല. ബ്രസീല്‍ ഇല്ലാത്ത ALBA എന്നാല്‍ ക്യൂബ, വെനിസ്വല, ഇക്വഡോര്‍, ബൊളീവിയ എന്നിവ ചേര്‍ന്നതാണെന്നര്‍ത്ഥം. അത് തീര്‍ച്ചയായും ലാറ്റിനമേരിക്കയിലെ ശാക്തികബലാബലത്തില്‍ മാറ്റം വരുത്താന്‍ പോന്നതല്ല.

അങ്ങ് ഒരു ബന്ദൂംഗ് രണ്ടിന്റെ ആവശ്യം ഉന്നയിച്ചുകണ്ടു. ഇന്ന് ഇടതുപക്ഷം ദുര്‍ബലമാണ്.. സോഷ്യലിസ്‌റ്റ് മുന്നേറ്റവുമില്ല, അപ്പോള്‍?

ബന്ദൂഗ് ഒന്ന് ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ വിമോചക ചരിത്രവും പാരമ്പര്യവും കത്തിനിന്ന സമയത്തായിരുന്നു. അത് ചൈനയിലേതുപോലെ സമൂലമായ പരിഷ്‌ക്കാരമോ, അല്ലെങ്കില്‍ മറ്റുചില രാജ്യങ്ങളിലേതുപോലെ അര്‍ദ്ധപരിവര്‍ത്തകമായ പരിഷ്‌ക്കാരമോ, അതുമല്ലെങ്കില്‍ പരിഷ്‌ക്കാരമില്ലായ്‌മ തന്നെയോ ഒക്കെയായി ബന്ധപ്പെട്ടതായിരുന്നു എന്നതുകൊണ്ടുതന്നെ ദേശീയത നിറഞ്ഞതായിരുന്നു. അതിനെ നമുക്ക് 'ഗുണപരമായ ദേശീയത' എന്നുവിളിക്കാം. അതുതന്നെയായിരുന്നു അതിന്റെ പരിമിതിയും. ഭാരതം എന്നത് ഒരു ഇന്ത്യന്‍ കുട്ടിയില്‍ എന്തു വികാരമാണുണ്ടാക്കുന്നത്? ഒന്നുമില്ല അതേ സമയം മറ്റ്സ്വത്വങ്ങള്‍- ഹിന്ദുത്വം, പ്രാദേശികത്വം തുടങ്ങിയവ - കൂടുതല്‍ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിച്ച നല്ല ദേശീയതക്ക് ഇന്ന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. എന്നാല്‍, അതിനുപകരമായി ഉയര്‍ന്നുവന്നിട്ടുളളത് തൊഴിലെടുക്കുന്നവരുടെ സാര്‍വദേശീയതല്ല, മറിച്ച് കപട ദേശിയതയുടെ മിഥ്യാധാരണകളാണ്. ഇതാണ് പുതിയ ദേശീയത, ഇത് വളരെ അപകരടകരമായ പ്രവണതയാണ്. ഇതിനെയാണ് ഞാന്‍ ഉദാരതയുടെ വൈറസ് എന്നു പറയുക. ഈ വൈറസില്‍ നിന്നും ഇടതുപക്ഷം മോചിതമാകണം.

എന്താണ് ഇടതുപക്ഷത്തെ ബാധിച്ച ഉദാരതയുടെ വൈറസ്?

രണ്ടോ മൂന്നോ കാര്യങ്ങളിലുളള ഉറച്ച വിശ്വാസമാണ് ഉദാരതയുടെ വൈറസ്. ഒന്ന് കമ്പോള വ്യവസ്ഥ എന്ന ഒരു വ്യവസ്ഥയുണ്ടെന്ന വിശ്വാസം. കമ്പോള വ്യവസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നില്ല. കമ്പോളം തീര്‍ച്ചയായും ഉണ്ട്. അത് മുതലാളിത്ത കമ്പോളമാകാം. അല്ലെങ്കില്‍ സോഷ്യലിസ്‌റ്റ് കമ്പോളം. മുതലാളിത്തം വരുന്നതിന് മുന്‍പും, ഇന്ത്യയിലേതുപോലെ തന്നെ മറ്റിടങ്ങളിലും കമ്പോളമുണ്ടായിരുന്നു. ഏതൊരു വ്യവസ്ഥയുടെ ഭാഗമായും കമ്പോളമെന്ന ഉപസംവിധാനമുണ്ടാകാം. പക്ഷേ നമ്മള്‍ സംസാരിക്കുന്നത് കമ്പോളത്തെക്കുറിച്ചല്ല, മുതലാളിത്ത കമ്പോളത്തെക്കുറിച്ചാണ്. ഇത് ഈ വൈറസിന്റെ ഒരു തലമാണ്. അതായത്, ആസൂത്രിത സമ്പദ് വ്യവസ്ഥ, കമ്പോള സമ്പദ് വ്യവസ്ഥ എന്നിങ്ങനെ രണ്ടുതരംസമ്പദ് വ്യവസ്ഥകളുണ്ടെന്ന, അധീശ ശക്തികളുടെ വാദം സ്വീകരിക്കുന്നു. എന്നാല്‍ അങ്ങിനെ രണ്ടെണ്ണമില്ല. ഇവ, യാഥാര്‍ത്ഥ്യത്തിന്റെ രണ്ട് പ്രത്യയശാസ്‌ത്ര ചിത്രങ്ങളാണ്. നമുക്ക് അതുപേക്ഷിച്ചിട്ട്, കമ്പോള വ്യവസ്ഥ എന്നൊന്നില്ല എന്നു മനസ്സിലാക്കാം. തീര്‍ച്ചയായും കമ്പോളമുള്ള മുതലാളിത്ത സമ്പദ് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ കമ്പോളങ്ങള്‍ മൂലധനം സമാഹരിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഒരു ഉപഉല്പന്നം കണക്കെ മൂലധനം ഉല്പാദിപ്പിക്കുന്ന കമ്പോളമല്ല അത്. മറിച്ച്, മൂലധന സഞ്ചയത്താല്‍ നിയന്ത്രിക്കപ്പെടുന്ന കമ്പോളമാണ്.

രണ്ടാമത്തെ വിശ്വാസം, സാമൂഹ്യസമസ്യകളില്‍ നിന്നും വ്യതിരിക്തമായ ജനാധിപത്യം എന്നതാണ്. ജനാധിപത്യം എന്നത്, പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ്, സ്വതന്ത്രമായ തിരഞ്ഞെടുപ്പ്, ചില്ലറ രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവയിലൂടെ മാത്രം നിര്‍വ്വചിക്കപ്പെടുന്ന ഒന്നായിട്ടുണ്ട്. ജനാധിപത്യം സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്നുണ്ടോ എന്ന ഉല്‍ക്കണ്ഠ നന്നേ കുറവാണ്. സാമൂഹ്യപുരോഗതിയുമായി ബന്ധപ്പെട്ട, സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കണമാണ് മനുഷ്യര്‍ക്കാവശ്യം. അല്ലാതെ അതില്‍ നിന്നു വേറിട്ടതല്ല. അതായത്, സാമൂഹ്യാവകാശം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കുള്ള അവകാശവുമായി ചേര്‍ന്നു നില്‍ക്കുന്ന ജനാധിപത്യം. ഇതിനര്‍ത്ഥം ഈ അവകാശങ്ങളൊക്കെ ഭരണഘടനയില്‍ മാത്രം കൊണ്ടുവരിക എന്നല്ല. സാമൂഹ്യപുരോഗതി കൈവരിക്കുന്നതിനുവേണ്ടി അവകാശങ്ങള്‍ പ്രായോഗികമാക്കുകയും അത് സ്വത്തുടമസ്ഥാവകാശത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുക എന്നാണര്‍ത്ഥം. സ്വത്തുടമാവകാശം അംഗീകരിക്കുമ്പോള്‍ തന്നെ അത് സാമൂഹ്യാവകാശത്തിനു കീഴ്പ്പെട്ടുകൊണ്ടായിരിക്കണം.

ഇത്, ജനാധിപത്യ സങ്കല്പനത്തില്‍ യഥാര്‍ത്ഥ വിപ്ളവം തന്നെയാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെയോ പ്രാതിനിധ്യ ജനാധിപത്യത്തിന്റെയോ പ്രച്ഛന്നമോ ഹാസ്യാനുകരണമോ ആയ ഒരുതരം ജനാധിപത്യത്തിന്റെ മാതൃക, ഇടതുപക്ഷത്തിനു പോലും ഇന്ന് സ്വീകാര്യമായി മാറിയിട്ടുണ്ട്. സോഷ്യലിസം കെട്ടിപ്പടുക്കുന്നത് തികച്ചും സ്വത്തുടമാവകാശത്തിനു കീഴ്പ്പെട്ടുകൊണ്ടായിരിക്കണം എന്ന രീതിയിലാണവര്‍ അതിനെ സ്വീകരിക്കുന്നത്. അതില്‍ തികഞ്ഞ ഒരു വൈരുദ്ധ്യമുണ്ട്. സോഷ്യലിസമെന്നത് സ്വത്തുടമസ്ഥതയുടെ സാമൂഹ്യവല്‍ക്കരണമാണ്. സ്വത്തുടമാവകാശത്തിന്റെ തികഞ്ഞ അംഗീകാരമല്ല അത്.

ലിബറല്‍ വൈറസിന് മറ്റുചില മാനങ്ങള്‍ കൂടിയുണ്ട്. അത് ആഗോള തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുബദലുകളില്ല എന്നതാണത്. സാമ്രാജ്യത്വം ആധിപത്യം വഹിക്കുന്ന ഈ ആഗോളവ്യവസ്ഥക്ക് കീഴെ നിന്നു പ്രവര്‍ത്തിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം എന്നതാണത്. ഇതിനെയാണ് നമ്മള്‍ ഘടനാപരമായ പരിഷ്‌ക്കാരം എന്നു പറയുന്നത്. യു.എസി.ന്റെ ആവശ്യത്തിനനുസരിച്ചുള്ള മൂലധന സഞ്ചയത്തിനുള്ള ഇന്ത്യയിലെ ഇന്നത്തെ ഘടനാപരമായ പരിഷ്‌ക്കാരം, അത് ഇന്ത്യയുടെ ആവശ്യത്തിനുള്ളതല്ല. ഇന്ത്യയുടെ വികസനാവശ്യങ്ങള്‍ക്കുള്ള യുഎസിന്റെ ക്രമീകരണമല്ല അത്. ഇതില്‍ നിന്നു കൂടി ഇടതുപക്ഷം മോചിതരാകേണ്ടതുണ്ട്.

മുതലാളിത്ത അധീശത്വം ശക്തമായി തുടരുകതന്നെയാണ്.. ചിലപ്പോള്‍ ഇടതുപക്ഷരൂപത്തിലും അത് കാണാമെന്നാണ് അങ്ങ് സൂചിപ്പിക്കുന്നത്. അപ്പോഴും സോഷ്യലിസ്‌റ്റ് മുന്നേറ്റവും ബന്ദൂംഗ് രണ്ടും താങ്കള്‍ മുന്നോട്ട് വെയ്ക്കുന്നു...?


ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. കാരണം, നമ്മള്‍ ഒരു ബന്ദൂംഗ് 2 ന്റെ സാദ്ധ്യതയിലേക്കാണ് നീങ്ങുന്നതെന്നു ഞാന്‍ കരുതുന്നു. എന്നുവച്ചാല്‍, വടക്കിനെതിരായ, അല്ലെങ്കില്‍ ഒരു പരിധിവരെ വടക്കില്‍ നിന്നു സ്വതന്ത്രമായ ദക്ഷിണ രാഷ്‌ട്രങ്ങളുടെ ഒരു കൂട്ടായ്മ അല്ലെങ്കില്‍ ഒരു പൊതുമുന്നണി ഉണ്ടാകും എന്നര്‍ത്ഥം. അത്തരം ഒരു കൂട്ടുകെട്ടിന്റെ സത്ത ഇവയായിരിക്കും: ഒന്ന്- കഴിയുന്നതും വേഗം നിലവിലെ ധന-സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും പുറത്തു കടക്കണം. ചില രാജ്യങ്ങള്‍ക്ക് ഇതിനു കഴിയും. ചൈന ഒരുദാഹരണമാണ്. ഒരു പക്ഷെ മലേഷ്യയും, ഇത് ചിലപ്പോള്‍ മറ്റു രാജ്യങ്ങളെ ഈ ദിശയില്‍ നീങ്ങാന്‍ പ്രേരിപ്പിക്കും.

രണ്ട്: കയറ്റുമതി കേന്ദ്രിത വികസനതന്ത്രത്തില്‍ നിന്നുമാറി ആഭ്യന്തര കമ്പോളത്തിന്റെ വികസനം ലക്ഷ്യമാക്കുന്ന തരത്തില്‍ വികസന നയത്തിന്റെ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ത്യയും ചൈനയും പോലെയുള്ള കോണ്ടിനെന്റല്‍ രാജ്യങ്ങള്‍ക്ക് ഇത് എളുപ്പമാണ്. ചൈന ആഗോള വിപണിയുടെ യുക്തിയില്‍ നിന്നു പിന്മാറുന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇന്ത്യക്കും ഇത് ചെയ്യാന്‍ കഴിയുമെങ്കിലും നേര്‍ വിപരീതമാണ് ചെയ്യുന്നത്. ചൈനയില്‍ വലിയ നിയന്ത്രണങ്ങളുള്ള ആറ് പ്രത്യേക സാമ്പത്തിക മേഖലകള്‍ (SEZ)മാത്രമുള്ളപ്പോള്‍, നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഏതാണ്ട് 500 SEZ തുടങ്ങാനുള്ള, തെറ്റായ പാതയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കുന്നത്. ഈ രണ്ടു രാജ്യങ്ങളുടെയത്രയും വലുതല്ലാത്ത മറ്റു രാജ്യങ്ങള്‍, ഉത്തരദേശത്തെ കമ്പോളത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനുപകരം പ്രാദേശിക സഹകരണത്തിന് മുന്‍തൂക്കം നല്‍കണം. ദക്ഷിണേഷ്യയില്‍ പ്രാദേശിക സഹകരണം എളുപ്പമല്ല. കാരണം, ഇന്ത്യ വലിയതും മറ്റുള്ളവ ചെറിയ രാജ്യങ്ങളുമാണ്. അതോടൊപ്പം തന്നെ അവര്‍ക്കിടയില്‍ ഇന്ത്യയുടെ ഉപസാമ്രാജ്യത്വത്തിന്റെ ഭയവുമുണ്ട്, എന്നാല്‍ നിങ്ങള്‍ ഏഷ്യ, ചൈന, ഇന്ത്യ, ദക്ഷിണേക്ഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിങ്ങനെ കണക്കാക്കിയാല്‍ കുറേക്കൂടി സമതുലിതമായ ചിത്രം ലഭിക്കും. അവിടെ യഥാര്‍ത്ഥ വ്യാപാര-സാമ്പത്തിക സഹകരണത്തിന് വലിയ സാദ്ധ്യതയുണ്ട്. ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും അത്തരം നിര്‍ണ്ണായക രാജ്യങ്ങളില്‍ നിന്നുകൂടിയുള്ള പ്രതികരണത്തെയാണ് ഞാന്‍ ബന്ദൂംഗ് 2 എന്നു വിളിക്കാനാഗ്രഹിക്കുന്നത്.

ബന്ദൂംഗ്-2 എങ്ങനെ വ്യതസ്തമായിരിക്കും?

ഇത് 1955-ലെ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒന്നാം ബന്ദൂംഗ് സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇപ്പോള്‍, സാങ്കേതിക വിദ്യപോലെയുള്ള കാര്യങ്ങള്‍ കൂടി വിഷയമാക്കാവുന്നതാണ്. ഈ രാജ്യങ്ങള്‍, പ്രത്യേകിച്ചും ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവ സ്വന്തം നിലയ്ക്ക് സാങ്കേതിക വിദ്യ സമര്‍പ്പിക്കുന്നതിന് ഇന്ന് പ്രാപ്തരാണ്. ഇത് 1955-ലെ സമ്മേളനത്തില്‍ നിന്നും വലിയ അളവില്‍ വ്യത്യസ്തമായിരിക്കും. കാരണം അക്കാലത്ത് ഈ രാജ്യങ്ങളില്‍ വ്യവസായവും ശാസ്‌ത്രസാങ്കേതിക വിദ്യയും ഇല്ലായിരുന്നു എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ ആ സമ്മേളനത്തിന്റെ ഉന്നത ലക്ഷ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ പാശ്ച്യാത്യ രാജ്യങ്ങളില്‍ നിന്നും അവരുടെ നിബന്ധനകള്‍ക്കും വിധേയരായി സാങ്കേതിക വിദ്യ ഇറക്കുമതിചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ചില സംരംഭങ്ങള്‍ക്ക് UNCTAD നേതൃത്വം കൊടുക്കുകയും ചില രാജ്യങ്ങള്‍ക്ക് ഗുണം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഇന്ന് വടക്കിന്റെ സാങ്കേതിക വിദ്യയുടെ കുത്തകയെ വെല്ലുവിളിക്കാന്‍ തെക്കന്‍ രാഷ്‌ട്രങ്ങള്‍ക്ക് കളിയും. അതുകൊണ്ട് TRIPS കരാറിലൂടെ തങ്ങളുടെ കുത്തക സംരക്ഷിച്ചു നിര്‍ത്താന്‍ ഉത്തര രാഷ്‌ട്രങ്ങള്‍ ലോകവ്യാപാര സംഘടനയെ ഉപയോഗിക്കുന്നു എന്നതില്‍ ഒട്ടുംതന്നെ അതിശയമില്ല. ഈ കുത്തക തകിടം മറിക്കാന്‍ ചൈന അവകാശപരമല്ലാത്ത ചില സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നതാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടാണ് ചൈന ബൌദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നില്ല എന്ന പ്രതിക്ഷേധ സ്വരം നമ്മള്‍ കേള്‍ക്കുന്നത്. ഇന്ത്യയ്ക്കും ഇത് ചെയ്യാന്‍ കഴിയും. പക്ഷെ ചെയ്യുന്നില്ല എന്നതാണ്. ബാംഗ്ളൂര്‍ പട്ടണം സേവനമേഖലയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ അത് ഇന്ത്യയുടെ വികസനത്തിനു വേണ്ടിയല്ല സജ്ജമാക്കപ്പെട്ടിട്ടുള്ളത് മറിച്ച് അന്താരാഷ്ട്ര കുത്തകകളുടെ നേട്ടത്തിനുവേണ്ടിയാണ്. ഇത് ചെയ്യുന്നതാവട്ടെ വിലകുറഞ്ഞ, എന്നാല്‍ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഇന്ത്യന്‍ പ്രൊഫഷണലുകളെക്കൊണ്ടാണ്.

അതുകൊണ്ട് ബന്ദൂംഗ് 2 നെക്കുറിച്ച് രാഷ്‌ട്രീയ തലത്തിലും വളരെ വ്യത്യസ്തമായ സങ്കല്പനമുണ്ടാവണം. ബന്ദൂംഗ് 1 രാജ്യങ്ങളുടെയും അതിലെ ജനങ്ങളുടെയും സമ്മേളനമായിരുന്നു. ചൈനയില്‍ വിപ്ളവം നടന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയവയാവട്ടെ നവസ്വതന്ത്ര രാജ്യങ്ങളും. അതിനാല്‍ വലിയൊരളവുവരെ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ജനങ്ങള്‍ കണ്ടിരുന്നത് പുരോഗമനാത്മകമായ, ദേശീയ കാഴ്ചപ്പാടോടുകൂടിയെ നീതിയുക്തമായ ഭരണകൂടങ്ങളായിട്ടാണ്. പക്ഷെ ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്നത് ആഗോളവ്യവസ്ഥയില്‍ നിന്ന് നേട്ടം കൊയ്യുന്ന, കൂടുതല്‍ ദല്ലാള്‍ ആയിട്ടുള്ള ഭരണവര്‍ഗത്തെയാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് വിശ്വാസ്യതയും തീരെയില്ല. അപ്പോള്‍ ബന്ദൂംഗ് 2 ജനങ്ങളുടെ ബന്ദൂംഗ് ആയിരിക്കണം. അത്തരത്തില്‍ ജനങ്ങളെ ഒരുക്കിയെടുക്കാന്‍ കഴിയുമെങ്കില്‍ ഒരു പക്ഷെ ചില ഗവണ്‍മെന്റുകള്‍ മാറിയേക്കാം. മറ്റൊരര്‍ത്ഥത്തില്‍ അത് ഇടതുപക്ഷത്തിന്റെ ബന്ദൂംഗ് ആയിരിക്കണം. ഇതിനര്‍ത്ഥം, ഇടതുപക്ഷം, ഇപ്പോഴത്തേതുപോലെ, പ്രവര്‍ത്തിക്കാതിരുന്നാല്‍ അതിനര്‍ത്ഥം മുതലാളിത്തത്തിന് ബദലില്ല എന്നാണ്. ഞാനിവിടെ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്നുവെച്ചാല്‍ "സോഷ്യലിസത്തിന് ബദലില്ല'' എന്നതാണ്. ഇവിടെയാണ് സാര്‍വ്വദേശീയതയുടെ പ്രാധാന്യം കടന്നുവരുന്നത്. ഒരു പുതിയ സാര്‍വ്വദേശീയത ഉയര്‍ന്നുവന്നില്ല എങ്കില്‍, നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരിക, രാഷ്‌ട്രീയ ഇസ്ളാം, രാഷ്‌ട്രീയ ഹിന്ദുത്വം, രാഷ്‌ട്രീയ വംശീയത തുടങ്ങിയവയായിരിക്കും. ഇത് ആസന്നമായ ഒരപകടമാണ്. കാരണം, ജനങ്ങള്‍ക്ക് അധികാരഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അത് അവരെ ഇത്തരത്തിലുള്ള ഭ്രമാത്മകമായ കൃത്രിമ പ്രയോഗങ്ങളിലേക്കു നയിക്കും. ഇപ്പോഴുള്ള 'ഭീകരവാദ' ത്തിലേക്കു പോകാത്തിടത്തോളം കാലം അത്തരം നിലപാടുകള്‍ സാമ്രാജ്യത്വത്തിന് തീര്‍ത്തും സ്വീകാര്യമായിരിക്കും താനും.

താങ്കള്‍ ലോക സോഷ്യല്‍ ഫോറത്തിന്റെ വിമര്‍ശകന്‍ ആണ്... ചിതറികിടക്കുന്ന പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഒത്തൊരുമിക്കുകയല്ലെ അവിടെ?

തൊണ്ണൂറുകളുടെ ആദ്യപകുതി സോഷ്യലിസത്തിന്റെ തകര്‍ച്ചയും ചൈനയുടെ മുതലാളിത്ത പാതയിലേക്കുള്ള മാറ്റവും ദര്‍ശിച്ചു. പിന്നീട് ലോകത്തെല്ലായിടത്തും, വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഒക്കെ ചെറുത്തു നില്പുകളും പ്രതിഷേധങ്ങളും വീണ്ടും ആരംഭിച്ചു. കാരണം, നവലിബറല്‍ എന്നു വിളിക്കപ്പെടുന്ന, വാസ്തവത്തില്‍ നവലിബറലിനുമപ്പുറം അത്യധികം പ്രതിലോമകരമായ നയങ്ങള്‍ നടപ്പാക്കിയതിന്റെ പരിണിത ഫലമായിരുന്നു അത്. അതിവേഗം വളരുന്ന പാപ്പരീകരണം, അസമത്വം, തൊഴിലില്ലായ്‌മ, അസ്ഥിരതകള്‍, ഒക്കെയുണ്ടാകുമ്പോള്‍ ജനങ്ങള്‍ ചെറുത്തു നില്‍പ്പ് നടത്തുന്നതും സ്വയം സംഘടിക്കുന്നതും പ്രതിക്ഷേധിക്കുന്നതും ഒക്കെ സ്വാഭാവികം മാത്രമാണ്. ഒന്നാമതായി ചെറുത്തുനില്‍പ്പുകള്‍ ശിഥിലീകരിക്കപ്പെട്ടു നില്‍ക്കുന്നവയാണ് എന്നതും തികച്ചും സ്വാഭാവികമാണ്. കാരണം ഓരോരുത്തരും ഏറ്റുമുട്ടുന്നത് അവരുടെ അടിയന്തിര പ്രശ്‌നവുമായിട്ടാണ്. രണ്ടാമത്, മുന്‍പ് നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ട് അടിസ്ഥാനപരമായി അവര്‍ പ്രതിരോധത്തിലായിരിക്കും. അത് വടക്ക് ജനാധിപത്യ ക്ഷേമരാഷ്‌ട്രം പ്രതിരോധിക്കുന്ന കാര്യത്തിലായാലും തെക്ക് ഭൂപരിഷ്‌ക്കാരവും വിദ്യാഭ്യാസ അവകാശവും സൌജന്യപൊതുജനാരോഗ്യവും സൌജന്യ വിദ്യാഭ്യാസവും പ്രതിരോധിക്കുന്നതിലായാലും സ്വകാര്യവല്‍ക്കരണത്തിനെതിരായാലും അങ്ങനെ തന്നെയാണ്.

അങ്ങിനെ വളര്‍ന്നുവന്ന പ്രതിക്ഷേധത്തിന്റെയും ചെറുത്തുനില്പിന്റെയും ഫലമായിട്ടാണ്, എല്ലാ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്കുമുള്ള ഒരു തുറന്നവേദിയായിട്ട് ലോക സോഷ്യല്‍ ഫോറം വളര്‍ന്നു വന്നത്. ഞാനതിനെ നിക്ഷേധാത്മകമായി കാണുന്നില്ല. ഞാന്‍ കണക്കാക്കുന്നത്, ലോക സോഷ്യല്‍ ഫോറത്തിന് മുന്‍പ് തന്നെ ബദലുകള്‍ക്കുള്ള ലോക വേദി (World Forum for Alternatives) നിലനിന്നിരുന്നു എന്നും ഞങ്ങള്‍ WSF ല്‍ ഒരു പങ്കു വഹിച്ചിരുന്നു എന്നും അത് തുടരുന്നിടത്തോളം കാലം WSF ഫലപ്രദമായിരിക്കും എന്നുമാണ്. പക്ഷെ ഞങ്ങള്‍ കരുതുന്നത്, ഇത് പോര എന്നു തന്നെയാണ്. പല സാമൂഹ്യ പ്രസ്ഥാനങ്ങളും കരുതുന്നതിലും എത്രയോ ഗൌരവതരമാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അവര്‍ വിശ്വസിക്കുന്നത്, അവരുടെ ചിതറിയ പ്രതിരോധം കൊണ്ട് ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താമെന്നാണ്. ഇത് തെറ്റാണെന്ന് ഞാന്‍ കരുതുന്നു. ചിതറിക്കിടക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍, പൊതു നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒരു പൊതു വേദി കണ്ടെത്താതെ ഈ ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ഞങ്ങള്‍, ബദലുകള്‍ക്കുള്ള ലോക വേദി, അതിനെ നാനാത്വത്തിന്റെ സംഗമം എന്നു വിളിക്കുന്നു. അതായത്, ചിതറിയ പ്രസ്ഥാനങ്ങളുടെ മാത്രമല്ല അവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും, ഭാവിയെക്കുറിച്ചുള്ള ആ രാഷ്‌ട്രീയ ശക്തികളുടെ കാഴ്ചപ്പാടുകള്‍ പോലും സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യണം. ഒരുമുന്തിയ പാര്‍ട്ടി ഒറ്റക്ക് ഒരു പൊതു മുന്നണിയുണ്ടാക്കിയിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. മേല്‍പറഞ്ഞ ഏകോപനം എന്നത് വളരെ ബുദ്ധിമുട്ടാണെങ്കിലും അത് സാദ്ധ്യമായില്ലെങ്കില്‍, ശാക്തിക ബലാബലം ജനപ്രിയ വര്‍ഗ്ഗത്തിന്റെ ഭാഗത്തേക്ക് മാറും.

വലതുപക്ഷശക്തികളും കുത്തകമുതലാളിത്തവും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഈ ഐക്യമുന്നണിയെ എങ്ങനെ നേരിടും?

ഇത് ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. രാഷ്‌ട്രീയ ഇസ്ളാമിനെയും രാഷ്‌ട്രീയ ഹിന്ദുത്വത്തെയും സംബന്ധിച്ച എന്റെ തീര്‍പ്പ് വളരെ നിഷേധാത്മകമാണ്. അവര്‍ പ്രതിലോമകാരികളാണ്. അത് മതപരമായതുകൊണ്ടല്ല. മറിച്ച് അതിന്റെ ഉള്ളടക്കംകൊണ്ടാണ്. അവരെ ഭരണവര്‍ഗ്ഗം കൌശലപൂര്‍വ്വം ഉപയോഗിക്കുകയാണ്. രാഷ്‌ട്രീയ ഇസ്ലാമും രാഷ്‌ട്രീയ ഹിന്ദുത്വവുമൊക്കെ ജനപ്രിയവര്‍ഗ്ഗത്തിന്റെ സ്വാഭാവികമായ ഉല്പന്നമാണെന്നു ഞാന്‍ കരുതുന്നില്ല. വലിയ ഒരളവുവരെ അവ സംഘടിപ്പിക്കപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനാണ്. ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തടയാനാണ്. ഈ ശക്തികള്‍ ബദലുകളായി തോന്നപ്പെടുന്നത് രാഷ്‌ട്രീയ വരേണ്യവര്‍ഗ്ഗത്തിന് അതിന്റെ വിശ്വാസ്യതയും യോഗ്യതയും നഷ്‌ടപ്പെട്ടു എന്നുള്ളതു കൊണ്ടാണ്. ഈ സംഘങ്ങളുടെ പരിപാടികള്‍ക്കുള്ളിലേക്കു കടന്നു നോക്കിയാല്‍ നമുക്ക് ബോദ്ധ്യപ്പെടും അവ സാമൂഹ്യവും സാംസ്കാരികവും മാത്രമല്ല, സാമ്പത്തികമായിക്കൂടി പ്രതിലോമപരമാണെന്ന്. അവര്‍ പൂര്‍ണ്ണമനസ്സോടെ നിലവിലുള്ള മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി ഒരു ആഭ്യന്തര ശത്രുവിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെയുള്ള മുസ്ലിമായാലും അവിടെയുള്ള ഹിന്ദുവായാലും മറ്റിടങ്ങളിലുള്ള കൃസ്ത്യാനിയായാലും ഇതുതന്നെയാണ് സ്ഥിതി. ഇത് ശരിക്കും അപകടകരമാണ്.
ഇടതുപക്ഷത്തിന് ഇതത്ര എളുപ്പമല്ല. ഇത് ഒരു യഥാര്‍ത്ഥ വെല്ലുവിളി തന്നെയാണ്. ആദര്‍ശങ്ങള്‍ പറഞ്ഞുകൊണ്ട് വെറുതെ ഇരിക്കാന്‍ ഇടതുപക്ഷത്തിനു കഴിയില്ല. മതത്തിന്റെ കാര്യങ്ങളില്‍ ഇടപെടാതെ ഒരു മതനിരപേക്ഷ രാഷ്‌ട്രമാണ് ബദല്‍ എന്നു പറഞ്ഞാല്‍ മാത്രം പോര. പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനം എത്തരത്തില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നു കൂടി അവര്‍ പരിശോധിക്കേണ്ടതുണ്ട്. കേവലം വാചാടോപങ്ങളില്‍ ഒതുങ്ങാതെ, യഥാര്‍ത്ഥ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം മുന്നോട്ടുവരണം. മദ്ധ്യ-പ്രതിലോമ ശക്തികളെ പ്രാന്തവല്‍ക്കരിക്കാന്‍ ഇതുമാത്രമാണ് പോംവഴി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ, തങ്ങളുടെ വിശകലനങ്ങളും പരിപാടികളും കടലാസില്‍ മാത്രമൊതുക്കി, രാഷ്‌ട്രീയ വാചാടോപങ്ങളുമായി കഴിയുന്നിടത്തോളം കാലം ഇടതുപക്ഷം ഒരു പ്രാന്തീയ ശക്തിയായി തുടരും. അതില്‍ കൂടുതല്‍ ഒന്നുമില്ല.

(ഇതിന്റെ ഒന്നാം ഭാഗം ‘മാര്‍ക്സിസം മടങ്ങിയെത്തുന്നു’ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു)

ഡോ. സമീര്‍ അമീന്‍

ഈജിപ്റ്റില്‍ ജനിച്ചു. പഠിച്ചത് പാരീസില്‍. പ്രമുഖ മാര്‍ക്സിസ്‌റ്റ് ചിന്തകനും, സമൂഹ്യപ്രവര്‍ത്തകനും ഗവേഷകനുമാണ്. കടുത്ത മുതലാളിത്ത വിമര്‍ശകനും പ്രഭാഷകനും. 25ല്‍ പരം പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവ്. കെയ്റോ അടക്കം നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍.


കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോഴത്തെ ആഗോള സാമ്പത്തികതകര്‍ച്ചയുടെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളെക്കുറിച്ച് പ്രസിദ്ധ മാക്സിയന്‍ ചിന്തകന്‍ ഡോ. സമീര്‍ അമീന്‍ സംസാരിക്കുന്നു - ഭാഗം 2

*free* views said...

Very good article. Very balanced.

Capitalism is flawed and crony capitalism practised now is purely corrupt.

Can CPM come out of the petty politics and concentrate on real issues faced by people. Stop low level propaganda war to earn some extra votes, remove the petty politicians on top and give more powers to intellectuals in party.

CPM is facing same problems that Christianity is facing. Christians do not understand what Christianity is about, all they know is that they need to go to church and listen to Bishops and priest.

Remove your bishops and bring teachings of Christ in front, then only call yourself Christians. Same advice for CPM.

Thanks for sharing the article, it is much better than hearing about why Pinarayi is innocent or conspiracy theories against Pinarayi.