Showing posts with label അയോധ്യ. Show all posts
Showing posts with label അയോധ്യ. Show all posts

Friday, September 6, 2013

അയോധ്യ: വര്‍ഗീയശക്തികള്‍ അടങ്ങിയിരിക്കില്ല

അയോധ്യയെയും അതുവഴി രാജ്യത്തെയാകെയും ഇരുപത് വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകാനുള്ള സംഘപരിവാറിന്റെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും പണ്ടേപ്പോലെ പല്ലുകള്‍ക്ക് മൂര്‍ച്ചയില്ല. 1992ല്‍ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകളായിരുന്നു ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും. എന്നാല്‍ 2013ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്കു നേരെ ശക്തമായ നടപടിയെടുത്തു. ചൗരാസി പരിക്രമമെന്ന പേരില്‍ അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് ജില്ലയിലും സമീപത്തുള്ള അഞ്ച് ജില്ലകളിലും വര്‍ഗീയമായി തീകൊളുത്താനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി തടയപ്പെട്ടു. ആശ്വസിക്കാം. പക്ഷേ ജാഗ്രത നഷ്ടപ്പെട്ടാല്‍ ഉത്തര്‍പ്രദേശിനെയും ഇന്ത്യയെയാകെയും അവര്‍ വീണ്ടും വര്‍ഗീയതയുടെ കൊയ്ത്തുപാടമാക്കും.

1990ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിക്കൊണ്ടാണ് 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയത്. 1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച രഥയാത്ര രാജ്യത്തിന്റെ തെക്കും കിഴക്കുമൊക്കെ സഞ്ചരിച്ച് ബിഹാറിലെത്തിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 23ന് സമസ്തിപ്പൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റുചെയ്തു. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങും രഥയാത്ര തടയുന്നതില്‍ ശക്തമായ നിലപാടെടുത്തു. ഉത്തര്‍പ്രദേശില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവും ഉത്തര്‍പ്രദേശിലെത്തിയാല്‍ രഥയാത്രയെ തടയാന്‍ തയ്യാറായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ബിജെപിക്കുണ്ടായിരുന്ന ശക്തമായ എതിര്‍പ്പും രഥയാത്ര തടയാന്‍ വി പി സിങ് കൂട്ടുനിന്നതുമാണ് വി പി സിങ് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. പിന്നീട് രാജീവ്ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നീട്ടിവെച്ച 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുകയും പി വി നരസിംഹറാവു പ്രധാനമന്ത്രിയാവുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 1991 ജൂണില്‍ ബിജെപി നേതാവ് കല്യാണ്‍സിങ് മുഖ്യമന്ത്രിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍സേവയ്ക്കായി അയോധ്യയിലെത്തിയ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുന്ന സ്വാഗതസംഘത്തിന്റെ കണ്‍വീനറെപ്പോലെയാണ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് പ്രവര്‍ത്തിച്ചത്. ഭരണഘടനയെയും സത്യപ്രതിജ്ഞാ വാചകങ്ങളെയും കാറ്റില്‍പ്പറത്തി കല്യാണ്‍സിങ് ബാബറി മസ്ജിദ് തകര്‍ക്കലിന്റെ പ്രധാന കാര്‍മ്മികനായി മാറി. ഡല്‍ഹിയിലിരുന്ന് നിഷ്ക്രിയത കൊണ്ട് പ്രധാനമന്ത്രി നരസിംഹറാവുവും അതിന് കൂട്ടുനിന്നു. അങ്ങനെയാണ് 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ തകര്‍ത്തിട്ടത്.

ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കേറ്റ ഏറ്റവും വലിയ മുറിവുകളിലൊന്നായി അത് മാറി. 1984ലെ രണ്ട് സീറ്റില്‍ നിന്ന് 1991ല്‍ 120 സീറ്റിലേക്ക് ബിജെപി വളര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഭാവന 85ല്‍ 51 സീറ്റുകളായിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ ഇപ്പോഴും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 80 ലോക്സഭാ സീറ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പരമാവധി സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നേടുകയെന്നത് കോണ്‍ഗ്രസിനും ബിജെപിക്കും പ്രധാന ലക്ഷ്യമാണ്. 1980ല്‍ ബിജെപി രൂപീകരിച്ചതു മുതല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള അവരുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ബിജെപിക്കു മുന്നില്‍ അതിനുള്ള ഏറ്റവും എളുപ്പമുള്ളതും അവര്‍ക്ക് അറിയാവുന്നതുമായ മാര്‍ഗം ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കുകയെന്നതാണ്. എണ്‍പതുകളില്‍ പല ഘട്ടങ്ങളിലായി ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചു. ഷാബാനു കേസിലെ വിധിയെത്തുടര്‍ന്ന് മുസ്ലിം മതമൗലികവാദികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത പ്രധാനമന്ത്രി രാജീവ്ഗാന്ധി സംഘപരിവാറിന്റെ വിമര്‍ശനത്തെ മയപ്പെടുത്താനും ഹൈന്ദവ വര്‍ഗീയതയെ പ്രീണിപ്പിക്കാനും വേണ്ടി 1986ല്‍ ബാബറി മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ഒത്താശ ചെയ്തു. 1949 മുതല്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാബറി മസ്ജിദില്‍ വിഗ്രഹപൂജ നടത്താനുള്ള വഴിയാണ് ഹൈന്ദവ വര്‍ഗീയവാദികള്‍ക്ക് തുറന്നുകിട്ടിയത്. അതില്‍പ്പിടിച്ചാണ് ബിജെപിയും സംഘപരിവാറും രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധസന്നാഹം നടത്തി ബാബറി മസ്ജിദ് തകര്‍ത്തത്.

1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിനു ശേഷം ബിജെപിയും സംഘപരിവാറും രാജ്യത്താകെ തുടര്‍ച്ചയായി നടത്തിവന്ന വര്‍ഗീയകലാപങ്ങള്‍ക്കും ധ്രുവീകരണത്തിനും അവര്‍ക്ക് പ്രതിഫലം കിട്ടി. 1998 മുതല്‍ 2004 വരെ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യക്ക് കുടപിടിക്കാന്‍ കഴിഞ്ഞു. മുംബൈയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്ലിങ്ങളെ കൂട്ടക്കുരുതി ചെയ്തു. വര്‍ഗീയസംഘര്‍ഷങ്ങള്‍ വ്യാപിച്ചു. ഈ ഘട്ടത്തിലാണ് രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഏറ്റവും വലിയ രാഷ്ട്രീയ വിട്ടുവീഴ്ചക്ക് തയ്യാറായത്. നയപരമായും രാഷ്ട്രീയമായും തങ്ങള്‍ ഏറ്റവും ശക്തിയായി എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതു പാര്‍ടികള്‍ പിന്തുണച്ചു. അത് വലിയൊരു രാഷ്ട്രീയ ത്യാഗമായിരുന്നു. രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പും മതസൗഹാര്‍ദ്ദവും മാത്രമായിരുന്നു ഇടതുപക്ഷത്തെ ആ നിലപാടിന് പ്രേരിപ്പിച്ചത്. 2004ല്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിനെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷത്തിന് തൊഴിലുറപ്പു പദ്ധതി, ആദിവാസി - വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി അഭിമാനകരമായ നിരവധി പരിപാടികള്‍ക്ക് ശക്തമായ പ്രചോദനവും പിന്തുണയും നല്‍കാന്‍ കഴിഞ്ഞു. ഇത്തരത്തിലാണ് ബിജെപിക്ക് ജനങ്ങളിലുണ്ടായിരുന്ന അവഗണിക്കാനാവാത്ത സ്വാധീനവും അവരുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും ദുര്‍ബലമാക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്, ജനദ്രോഹങ്ങളിലാണ് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചത്. അസംതൃപ്തരായ ജനങ്ങളെ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ അസംതൃപ്തിയെ വര്‍ഗീയമായി മുതലെടുക്കാനാണ് ബിജെപി-സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിന്റെ ഫലമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വര്‍ഗീയകലാപങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. എന്നാല്‍ പണ്ടേപ്പോലെ വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിച്ച് പടര്‍ത്താന്‍ സംഘപരിവാറിന് കഴിയുന്നില്ല. അയോധ്യയില്‍ ചൗരാസി പരിക്രമയുടെ പേരിലുള്ള വര്‍ഗീയപ്രചരണത്തിന് വിശ്വഹിന്ദു പരിഷത്തും മറ്റ് സംഘപരിവാര്‍ സംഘടനകളും കൂടി തീരുമാനമെടുത്തതും ശ്രമം നടത്തിയതും അതിന്റെ ഭാഗമായാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമങ്ങളെ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ചെറുക്കേണ്ടത് എന്നതിന് മാതൃകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാട്ടിത്തന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രചരണങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 18 വര്‍ഗീയകലാപങ്ങള്‍ നടത്താനും സംഘപരിവാറിന് കഴിഞ്ഞു. വളരെ നിസ്സാരമായ പ്രാദേശിക പ്രശ്നങ്ങളില്‍ കയറിപ്പിടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു. ഈ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ജാഗ്രത കാട്ടിയില്ല. പിന്നീട് ചൗരാസി പരിക്രമ നടത്തുമെന്ന് പ്രഖ്യാപിക്കുകയും അതിനു പിന്നിലുള്ള വലിയ ലക്ഷ്യങ്ങള്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് യുപി സര്‍ക്കാര്‍ ഉണര്‍ന്നത്. ആഗസ്ത് 15നു ശേഷം അയോധ്യയിലേക്കുള്ള വഴികളിലെല്ലാം ശക്തമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലും സമീപ ജില്ലകളായ ബരാബങ്കി, ഗോണ്ട, അംബേദ്കര്‍നഗര്‍, ബസ്തി, ബറീച്ച് എന്നിവയിലും ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. ഏകദേശം അര ലക്ഷത്തോളം പൊലീസുകാരെയാണ് നിയോഗിച്ചത്.

ചൗരാസി പരിക്രമ അയോധ്യയില്‍ നിന്ന് ആഗസ്ത് 25ന് ആരംഭിച്ച് ഈ ജില്ലകളില്‍ സഞ്ചരിച്ച് സെപ്തംബര്‍ 12ന് അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ യാത്രയ്ക്ക് യുപി സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. അയോധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയേയും രണ്ടായിരത്തോളം വരുന്ന വിശ്വഹിന്ദു പ്രവര്‍ത്തകരെയും, പരിക്രമയ്ക്ക് എത്തുന്നതിനു മുമ്പുതന്നെ പൊലീസ് അറസ്റ്റുചെയ്തു. ആഗ്ര, കാണ്‍പൂര്‍, അലഹബാദ്, ബസ്തി, ജോണ്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളിലും മുന്‍കരുതല്‍ അറസ്റ്റു നടന്നു. വര്‍ഗീയതിമിരം ബാധിച്ച് അക്രമത്തിന്റെയും വെറുപ്പിന്റെയും ഭാഷയില്‍ മാത്രം പ്രസംഗിച്ചിരുന്ന തൊഗാഡിയ, തങ്ങളുടെ സമരം തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് പ്രസംഗിച്ചതും കൗതുകമായി. അയോധ്യ യാത്രയെന്ന പേരില്‍ വലിയ കോലാഹലമൊക്കെയുണ്ടാക്കിയെങ്കിലും മല പോലെ വന്നത് എലി പോലെ പോയി. ആപത്തൊഴിഞ്ഞിട്ടില്ല. ബിജെപിക്ക് ഹൈന്ദവ വര്‍ഗീയത ഉയര്‍ത്തിക്കാട്ടുകയല്ലാതെ 2014ലെ തെരഞ്ഞെടുപ്പില്‍ മറ്റൊരു വഴിയുമില്ല. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്ത് തരിപ്പണമാക്കിയ യുപിഎ സര്‍ക്കാരിന്റെ നയ പരിപാടികളോട് ജനങ്ങള്‍ക്കാകെ ശക്തമായ രോഷമുണ്ടെങ്കിലും ബിജെപിക്ക് തരിമ്പു പോലും എതിര്‍പ്പില്ല.

ഇന്ത്യന്‍ ജനതയുടെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ആരോഗ്യകരമായ മുന്നോട്ടുപോക്കിനുള്ള ഒരു ബദല്‍ നിര്‍ദ്ദേശവും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പകരം ഈ തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നോട്ടുവെക്കുന്നത് ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയമാണ്. നരേന്ദ്ര മോഡിയെ പ്രചാരണ വിഭാഗത്തിന്റെ തലവനാക്കിയ ബിജെപി തീരുമാനം വളരെ വ്യക്തമായ സൂചനകളാണ് നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയതന്ത്രം എന്തായിരിക്കുമെന്ന് മോഡിയുടെ ആധിപത്യം സൂചിപ്പിച്ചു. ഉത്തര്‍പ്രദേശിനെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ മോഡിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ അമിത് ഷായെ നിയോഗിച്ചു. ഗുജറാത്ത് വംശഹത്യാ പരിപാടികള്‍ ആസൂത്രണം ചെയ്ത് "വിജയകരമായി" നടപ്പാക്കിയതിന്റെ റെക്കോഡാണ് അമിത്ഷായെ നരേന്ദ്ര മോഡിക്ക് ഏറ്റവും പ്രിയപ്പെട്ടവനാക്കുന്നത്. ഉത്തര്‍പ്രദേശില്‍ പരമാവധി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യം പറഞ്ഞ് രാജ്യത്താകെ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കുക; ഇതാണ് ബിജെപിയുടെ പദ്ധതി.

കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ കഥ കഴിഞ്ഞതോടെ ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് തീരെ പ്രതീക്ഷയില്ലാതായി. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സമാഹരിക്കുകയെന്നതാണ് ബിജെപിയുടെ പരിപാടി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഭൂരിപക്ഷം സീറ്റുകള്‍ നേടുക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുക, മഹാരാഷ്ട്രയില്‍ ശിവസേനയുമായും പഞ്ചാബില്‍ അകാലിദളുമായും ചേര്‍ന്ന് എന്‍ഡിഎ സംവിധാനത്തിന് പരമാവധി സീറ്റ് നേടുക എന്നിവയാണ് ബിജെപി ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവചനക്കാര്‍ ബിജെപിയെ ഏറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈ വ്യാമോഹത്തില്‍ സീറ്റ് നേടാനായി കയ്യിലുള്ള ഏക ആയുധമായ വര്‍ഗീയത എടുത്തുപയോഗിക്കുകയാണ് ബിജെപി. അതിന് കുടപിടിക്കുകയാണ് സംഘപരിവാര്‍. തെരഞ്ഞെടുപ്പിനു മുമ്പുള്ള നാളുകളെ ഈ വര്‍ഗീയ അജണ്ട ഉപയോഗിച്ചുള്ള പരമാവധി ധ്രുവീകരണത്തിനായി അവര്‍ ഉപയോഗിക്കും. കോണ്‍ഗ്രസിന് ഇതൊരു തലവേദനയേയല്ല. മതനിരപേക്ഷതയും ജനാധിപത്യവും ദുര്‍ബലമാകരുതെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെയും ജനങ്ങളുടെയും ചുമതലയാണ് ഈ വര്‍ഗീയവല്‍ക്കരണത്തെ ചെറുക്കല്‍.

*
വി ജയിന്‍ ചിന്ത വാരിക 06 സെപ്തംബര്‍ 2013

Friday, December 7, 2012

വൈകിവരുന്ന നീതി നീതിനിഷേധംതന്നെ

അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ എന്നു പറയുന്ന ആര്‍എസ്എസ്- ബിജെപി സംഘം ഇടിച്ചുതകര്‍ത്തിട്ട് 20 വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ കഴിയാത്തത് സിബിഐയുടെമാത്രം കുറ്റമായി കാണാന്‍ കഴിയുന്നതല്ല. കേവലം ഒരു പള്ളി തകര്‍ത്ത സംഭവമല്ല അയോധ്യയില്‍ നടന്നത്. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ആലേഖനംചെയ്ത മതനിരപേക്ഷതയുടെ അടിവേരാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഗാന്ധിവധത്തിനുശേഷമുള്ള ഏറ്റവും കടുത്ത കുറ്റകൃത്യമാണ് ബാബറി മസ്ജിദ് തകര്‍ക്കല്‍. രാജ്യദ്രോഹകുറ്റംതന്നെയാണത്. നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ് സംഭവം നടന്നത്. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പള്ളി സംരക്ഷിക്കുന്നതിന് കലവറയില്ലാത്ത പിന്തുണ നരസിംഹറാവുവിന് നല്‍കിയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി നിര്‍വികാരനായി ഈ കുറ്റകൃത്യം നോക്കി നില്‍ക്കുകയാണ് ചെയ്തത്. യുപി ഭരിച്ചത് ബിജെപിയായിരുന്നു. അതുകൊണ്ടുകൂടിയാണ് ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഹിന്ദുവര്‍ഗീയ കോമരങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞത്.

പള്ളി തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയ ബിജെപി നേതാവ് എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ സിബിഐ റായ്ബറേലി കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് റായ്ബറേലി കോടതി തള്ളുകയായിരുന്നു. അലഹബാദ് ഹൈക്കോടതി കീഴ്ക്കോടതിയുടെ നടപടി ശരിവച്ചു. ഇതിനെതിരെയുള്ള അപ്പീല്‍ ഒമ്പതുമാസം കഴിഞ്ഞ് കാലഹരണപ്പെട്ടതിനുശേഷമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസംവന്നത് മാപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും അപ്പീലിനോടൊപ്പം സിബിഐ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരുടെ ബെഞ്ച് കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം എസ് ചാന്ദിയോക് ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം മറ്റൊരു കോടതിയില്‍ കേസ് വദിക്കാന്‍ പോയതാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. 20 വര്‍ഷം പഴക്കമുള്ള വളരെ പ്രാധാന്യമുള്ള ഒരു കേസ് കൈകാര്യംചെയ്യുന്നതില്‍ സിബിഐ കാണിക്കുന്ന അനാസ്ഥയുടെ മകുടോദാഹരണമായിട്ടാണ് ഹൈക്കോടതി ബെഞ്ച് ഇതിനെ കണ്ടത്. ബാബറി മസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സിബിഐക്ക് ഒരു ആത്മാര്‍ഥതയുമില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് സിബിഐയുടെമാത്രം കുറ്റമായി കാണാന്‍ കഴിയുന്നതല്ല. ബിജെപി കേന്ദ്രം ഭരിച്ചകാലത്ത് ഈ കേസിന്റെ നടത്തിപ്പില്‍ അനാസ്ഥ കാണിക്കുന്നത് മനസ്സിലാക്കാം. അവര്‍ ഇന്ത്യയുടെ മതനിരപേക്ഷതയെ കപട മതനിരപേക്ഷതയായാണ് വിലയിരുത്തുന്നത്. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളുടേതു മാത്രമാണെന്നുമാണ് ഹിന്ദുത്വവാദികള്‍ കരുതുന്നത്. മറ്റുള്ളവര്‍ ഇവിടെ വിരുന്നവന്നവരാണെന്നും അവര്‍ ജനംമുതല്‍ മരണംവരെ ഹിന്ദുമതാചാരങ്ങള്‍ സ്വീകരിച്ച് ജീവിക്കണമെന്നുമാണ് സംഘപരിവാറിന്റെ സിദ്ധാന്തം. എന്നാല്‍, കോണ്‍ഗ്രസ് മതനിരപേക്ഷതാവാദികളായിട്ടാണല്ലോ അറിയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ മതനിരപേക്ഷത തകര്‍ക്കുന്നതിന്റെ ഭാഗമായി ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുപിഎ സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബാബറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനക്കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് റായ്ബറേലി കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സിബിഐയുടെ ഭാഗത്തുനിന്നുള്ള വീഴ്ച ഗൗരവമായിട്ടാണ് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചത്. ബാബറിമസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെടേണ്ടത് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് അനിവാര്യമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 08 ഡിസംബര്‍ 2012

Thursday, December 6, 2012

ഡിസംബര്‍ ആറിന്റെ ഓര്‍മ

ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. സംഘപരിവാര്‍ ശക്തികള്‍ അത് തകര്‍ത്തപ്പോള്‍ ഒപ്പം തകര്‍ന്നുവീണത് സാര്‍വദേശീയരംഗത്ത് അതുവരെ ഉയര്‍ന്നുനിന്ന ഇന്ത്യന്‍ മതസൗഹാര്‍ദത്തിന്റെ യശസ്സുകൂടിയാണ്.

ലജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ഒരേപോലെ അരുത് എന്ന് വിലക്കിയിരുന്നതാണ്. പരമാധികാര ജനപ്രതിനിധി സഭയായ പാര്‍ലമെന്റ് പ്രമേയത്തിലൂടെ വിലക്കി. എക്സിക്യൂട്ടീവ് ആകട്ടെ ഉത്തരവുകളിലൂടെ വിലക്കി. ജുഡീഷ്യറിയാകട്ടെ, വിധിന്യായത്തിലൂടെ വിലക്കി. എന്നാല്‍, ഈ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അവജ്ഞയോടെ പുച്ഛിച്ചുതള്ളി സംഘപരിവാര്‍ ശക്തികള്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടി.

അതിന് മൗനത്തിലൂടെ അനുവാദം നല്‍കിയത് നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്ന സര്‍ക്കാരാണ്. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്തുമാത്രമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ ആവശ്യമുയര്‍ന്നിരുന്നു. പൂര്‍ണമായും പട്ടാളത്തിന്റെ അധീനതയിലാക്കി മസ്ജിദ് സംരക്ഷിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ബാബറി മസ്ജിദിലേക്ക് ചെറുസംഘങ്ങള്‍ നീങ്ങിത്തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ അവരെ അറസ്റ്റുചെയ്ത് നീക്കംചെയ്യാന്‍ മതനിരപേക്ഷ കക്ഷികള്‍ ആകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു നടപടിയും കൈക്കൊള്ളാതെ ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കുംവരെ നിഷ്ക്രിയത്വം തുടരുകയാണ് നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കെതിരായ അക്ഷന്തവ്യമായ അപരാധം.

ബാബറി മസ്ജിദ് തകര്‍ക്കുന്നിടത്തേക്കും അതിനുശേഷം കാര്യങ്ങള്‍ വഷളാകുന്നിടത്തേക്കും സ്ഥിതി എത്തിച്ചത് ഹിന്ദുത്വ വര്‍ഗീയവോട്ടുകള്‍ സമാഹരിക്കാനുദ്ദേശിച്ചുള്ള കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വനയമാണ്. ഹിന്ദുവര്‍ഗീയ പ്രീണനത്തില്‍ ബിജെപിയോട് മത്സരിക്കുകയായിരുന്നു അന്ന് കോണ്‍ഗ്രസ്. കാലങ്ങളായി അടച്ചിട്ടിരുന്ന ബാബറി മസ്ജിദിന്റെ ഒരുഭാഗം പ്രാര്‍ഥനയ്ക്കുവേണ്ടി എന്നുപറഞ്ഞ് ഹിന്ദുവര്‍ഗീയവാദികള്‍ക്ക് തുറന്നുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവിടെ ക്ഷേത്രം പണിയാന്‍ ശിലാന്യാസ് എന്ന പേരില്‍ തറക്കല്ലിടാന്‍ അനുവാദം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആ തറക്കല്ല് മണ്ഡപമാക്കി ഉയര്‍ത്തിയെടുക്കാനുള്ള സംഘപരിവാറിന്റെ "കര്‍സേവ"യ്ക്ക് അനുവാദം നല്‍കിയതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു ഇതെല്ലാംചെയ്തത്. ഈ മതനിരപേക്ഷ വിരുദ്ധ നടപടികളുടെ സ്വാഭാവിക പരിണതിയായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. ഇതെല്ലാം നടക്കുമ്പോഴും കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യൂനപക്ഷ താല്‍പ്പര്യ സംരക്ഷണം സംബന്ധിച്ച് ഗിരിപ്രഭാഷണം നടത്തിപ്പോരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.

രാജീവ്ഗാന്ധിയുടെ കോണ്‍സ്ര് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം അയോധ്യയായതും അവിടെ ചെന്നുനിന്ന് "രാമരാജ്യം" സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജീവ്ഗാന്ധിതന്നെ പ്രസംഗിച്ചതും യാദൃച്ഛികമായിരുന്നില്ല. ഹിന്ദുവോട്ടുകള്‍ കഴിയുന്നത്ര സമാഹരിക്കുക, ഹിന്ദുവര്‍ഗീയതയുടെ കാര്‍ഡുപയോഗിച്ചുതന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുക എന്നിവയായിരുന്നു അന്ന് പ്രധാനം. മൃദുഹിന്ദുത്വനയം തീവ്രഹിന്ദുത്വത്തിലേക്കുതന്നെ ചെന്നെത്തുന്നതാണ് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിച്ച നിഷ്ക്രിയത്വത്തില്‍ തെളിഞ്ഞുകണ്ടത്.

മൃദുഹിന്ദുത്വനയമാകട്ടെ, കോണ്‍ഗ്രസിന് പുതുതായ ഒന്നായിരുന്നില്ല. അയോധ്യപ്രശ്നം ഉയര്‍ന്നുവരുന്നതില്‍ത്തന്നെ വലിയ പങ്കുവഹിച്ച പാര്‍ടി കോണ്‍ഗ്രസാണ്. ആചാര്യ നരേന്ദ്രദേവ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസിനെതിരെ മത്സരിച്ചത് ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന ഫെയ്സാബാദ് മണ്ഡലത്തിലായിരുന്നു. ഹിന്ദുവോട്ടുകള്‍ സമാഹരിച്ചാലേ നരേന്ദ്രദേവിനെ തോല്‍പ്പിക്കാനാവൂ എന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് ഒരു ഹിന്ദു സന്യാസിയെയാണ് നരേന്ദ്രദേവിനെതിരെ കണ്ടെത്തി നിര്‍ത്തിയത്. മത്സരം ചൂടുപിടിച്ചപ്പോള്‍ വീണ്ടും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ബാബറി മസ്ജിദ് നിന്ന കോമ്പൗണ്ടില്‍നിന്ന് വിഗ്രഹം കണ്ടുകിട്ടി എന്നുപറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പുവേദികളിലേക്ക് ആകര്‍ഷിച്ചു. ജയിച്ചാല്‍ രാമന് മന്ദിരമുണ്ടാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചു. അന്നുമുതലാണ് പ്രശ്നം ഈവിധം വഷളായത്.

ഈ ഹിന്ദുത്വ പ്രീണനയം പിന്നീട് എല്‍ കെ അദ്വാനി രഥയാത്ര നടത്തിയ വേളയില്‍ മറനീക്കി പുറത്തുവന്നു. ബാബറി മസ്ജിദിനെ ലക്ഷ്യമാക്കിയായിരുന്നു പ്രകോപനപരവും വഴിനീളെ വര്‍ഗീയകലാപങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടുമുള്ള രഥയാത്ര. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ നിര്‍ദേശപ്രകാരം ബിഹാറില്‍ ലാലുപ്രസാദ് യാദവ് സര്‍ക്കാര്‍ അദ്വാനിയെ അറസ്റ്റുചെയ്തു. അതില്‍ പ്രകോപിതമായ ബിജെപി, വി പി സിങ് സര്‍ക്കാരിനെ രഥയാത്ര തടഞ്ഞതിന്റെ പേരില്‍ത്തന്നെ താഴത്തിറക്കാന്‍ ലോക്സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ ബിജെപിയുമായി കൂടിച്ചേര്‍ന്ന് വോട്ടുചെയ്ത് കോണ്‍ഗ്രസ് വീണ്ടും ഒരിക്കല്‍ക്കൂടി മൃദുഹിന്ദുത്വനയം തെളിയിച്ചു. മതനിരപേക്ഷതയെ രക്ഷിക്കാനുള്ള ഇടപെടലായിരുന്നു മന്ത്രിസഭ തകരുമെന്നറിഞ്ഞുകൊണ്ടുതന്നെ വി പി സിങ് ധീരമായി നടത്തിയത്. എന്നിട്ടും മതനിരപേക്ഷതയ്ക്കുവേണ്ടി നിലപാടെടുത്ത വി പി സിങ് മന്ത്രിസഭയെ ആദ്യം പിന്തുണ പിന്‍വലിച്ചും പിന്നീട് ബിജെപിക്കൊപ്പംനിന്ന് വോട്ടുചെയ്തും തകര്‍ക്കാന്‍ സന്നദ്ധമാകുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സംഘപരിവാറിന് കൂടുതല്‍ പ്രകോപനത്തിന് ശക്തിപകര്‍ന്നതും ബാബറി മസ്ജിദ് തകര്‍ക്കല്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന്റെ അന്നത്തെ ആ നിലപാടാണ്.

പിന്നീട് ഇടവേളയ്ക്കുശേഷം ബിജെപി ഭരണം വരുന്നതിന് വഴിതെളിച്ചതും ആ നിലപാടുതന്നെ. ഇന്ത്യയുടെ ചരിത്രത്തെയും ഇന്ത്യന്‍ ജനതയുടെ മനസ്സിനെയും വിഭജിക്കുന്ന വിധത്തിലായി ബാബറി മസ്ജിദ് തകര്‍ക്കല്‍. 1947നുമുമ്പുള്ള ഇന്ത്യ, പിന്‍പുള്ള ഇന്ത്യ എന്നതുപോലെ 1992നു മുമ്പുള്ള ഇന്ത്യ, പിന്‍പുള്ള ഇന്ത്യ എന്ന നിലയ്ക്കുള്ള ഒരു വേര്‍തിരിവുകൂടിയുണ്ടായി. 92നു ശേഷമുള്ള പല വര്‍ഗീയചേരിതിരിവുകള്‍ക്കും കലാപങ്ങള്‍ക്കും 92ലെ സംഭവം വഴിവച്ചു. ഇന്ത്യയെക്കുറിച്ചുള്ള ലോകജനതയുടെ മതിപ്പിന് വലിയതോതില്‍ ഇടിവുതട്ടുന്നതിനും ആ സംഭവം ഇടയാക്കി. വലിയ ഒരു ജനവിഭാഗത്തെ അവിശ്വസിക്കുന്നു എന്ന അന്തരീക്ഷം അതുണ്ടാക്കി. അതാകട്ടെ, ഇന്ത്യന്‍ജനതയുടെ ഐക്യത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച ക്രിമിനല്‍ കേസില്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധി വരാത്തതും ലോകം ശ്രദ്ധിക്കുന്നുണ്ട്. കേസ് വേഗത്തിലാക്കി കുറ്റവാളികളെ ശിക്ഷിപ്പിക്കാനുള്ള പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ- അതായത് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ ഒന്നുമാത്രമാണ് പതിറ്റാണ്ടുകളായി കേസ് അനിശ്ചിതമായി നീളുന്നതിന്റെ പിന്നിലുള്ളത്. കേസ് അന്വേഷിച്ച ലിബറാന്‍ കമീഷന്‍ കുറ്റവാളികളായി കണ്ടെത്തിയവര്‍ അടക്കം സമൂഹത്തില്‍ വര്‍ഗീയ പ്രകോപനങ്ങളുമായി സ്വതന്ത്രരായി വിഹരിക്കുന്നു. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുകയുംചെയ്യുന്നു. മഹാത്മജിയെ നാഥുറാം ഗോഡ്സെ വെടിവച്ചുകൊന്നതിനുശേഷം രാഷ്ട്രമാകെ ഞെട്ടിത്തരിച്ചുനിന്നത് 92 ഡിസംബര്‍ ആറിന്റെ സംഭവത്തിനുമുന്നിലാണ്. യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ക്ക് മസ്ജിദ് തകര്‍ക്കേണ്ട കാര്യമില്ല. മസ്ജിദ് തകര്‍ക്കേണ്ടത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാന്‍ വ്യഗ്രതപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അവരുടെ രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമായ നീക്കം തകര്‍ക്കാനും മതനിരപേക്ഷത പരിരക്ഷിക്കാനും ബലപ്രയോഗമടക്കം എന്ത് നടപടിയും കൈക്കൊള്ളുന്നതിന് ഇന്ത്യയിലെ ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളും എല്ലാ സ്വാതന്ത്ര്യവും നരസിംഹറാവുവിന് അനുവദിച്ചുകൊടുത്തിരുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നേരിട്ടുതന്നെ ആ നിലയ്ക്കുള്ള പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, നിഷ്ക്രിയത്വത്തിലൂടെ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നു റാവുവും കോണ്‍ഗ്രസും. അവര്‍ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിച്ച മുറിവ് ചെറുതല്ല. സംഘപരിവാര്‍ ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം അതും ഇന്ത്യന്‍ മനസ്സില്‍നിന്ന് മാറില്ല. എങ്കിലും ഡിസംബര്‍ ആറിനെ വീണ്ടും വര്‍ഗീയകലാപത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് കൂടുതല്‍ പരിക്കുപറ്റാതിരിക്കാന്‍ ആ നിലയ്ക്കുള്ള ജാഗ്രതകൂടി ആവശ്യമാണെന്നതാണ് ഡിസംബര്‍ ആറിന്റെ ഇന്നത്തെ സന്ദേശം.

*
പ്രഭാവര്‍മ

അയോധ്യ നല്‍കുന്ന സന്ദേശം

ഹിന്ദുവര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് രണ്ട് ദശാബ്ദം പിന്നിടുന്നു. സരയൂ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി; അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ വെളിവാക്കുന്ന സംഭവപരമ്പരകളാണ് രണ്ട് ദശാബ്ദത്തിനിടയിലുണ്ടായത്.

ആദ്യം അയോധ്യയില്‍നിന്ന് തുടങ്ങാം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അയോധ്യയില്‍ നിന്ന് വിജയിച്ച ബിജെപിയുടെ ലല്ലുസിങ് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി പരാജയപ്പെട്ടു. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷമാണ് ലല്ലുസിങ്, ലഖ്നൗ സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവും സമാജ്വാദിപാര്‍ടി സ്ഥാനാര്‍ഥിയുമായ തേജ്നാരായണ്‍ പാണ്ഡെക്ക് മുമ്പില്‍ പരാജയപ്പെട്ടത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘപരിവാര്‍ സൃഷ്ടിച്ച മതസ്പര്‍ധയിലൂടെ വിജയം ഉറപ്പിച്ച ബിജെപിക്ക് അയോധ്യയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെങ്ങും ചുവട് പിഴച്ചുവെന്നു വേണം കരുതാന്‍ .

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ആളിക്കത്തിച്ച ഹൈന്ദവ വികാരത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത രാഷ്ട്രീയ പാര്‍ടി ബിജെപിയാണ്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഡല്‍ഹിയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 1995ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ആദ്യമായി ബിജെപി അധികാരത്തിലെത്തി; കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍. അയോധ്യ സംഭവത്തിന് പത്ത് വര്‍ഷത്തിനകമാണ് ഗുജറാത്തില്‍ മോഡി വംശഹത്യക്ക് നേതൃത്വം നല്‍കിയതും സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചതും. ഇന്ന് കേശുഭായ് മോഡിക്കെതിരെ തിരിഞ്ഞെങ്കിലും സംഘപരിവാര്‍ അവരുടെ ആശയഗതിയില്‍ നിന്ന് ഒരടി പിന്നോട്ടു പോയിട്ടില്ല. അയോധ്യക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബിജെപി-ശിവസേന സഖ്യം അധികാരത്തില്‍ വന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റും ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചതും അയോധ്യാപ്രസ്ഥാനം തന്നെ.

ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും അയോധ്യപ്രസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഒരു രാഷ്ട്രീയപാര്‍ടിക്കും അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് പിന്നീടുള്ള വര്‍ഷങ്ങള്‍ തെളിയിച്ചു. അയോധ്യയുടെ മണ്ണില്‍തന്നെയാണ് ആദ്യം ബിജെപിക്ക് അടിതെറ്റിയത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 425 അംഗ സഭയില്‍ 221 സീറ്റും 34 ശതമാനം വോട്ടും ലഭിച്ച ബിജെപിക്ക് 2012ല്‍ ലഭിച്ചത് 47 സീറ്റും 15 ശതമാനം വോട്ടുംമാത്രമാണ്. 1998ല്‍ 85 ലോക്സഭാ സീറ്റില്‍ 57 ഉം നേടിയ ബിജെപിക്ക് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 10 വീതം സീറ്റുമാത്രമാണ് ഉത്തര്‍പ്രദേശില്‍നിന്ന് ലഭിച്ചത്. വോട്ടിങ് ശതമാനത്തിലും കുറവ് ദൃശ്യമാണ്. അയോധ്യാപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്വാനിയും ഉമാഭാരതിയും മറ്റും പഴയ പ്രതാപം നിലനിര്‍ത്താന്‍ വിഷമിക്കുന്ന കാഴ്ചയുമുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ലെന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വീഴ്ചയായി വിലയിരുത്താം. മതനിരപേക്ഷ രാഷ്ട്രത്തിന്റെ അടിക്കല്ല് ഇളക്കുന്ന സംഭവമായിട്ടും ഇന്ത്യന്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവും മറ്റും ആ ഗൗരവത്തില്‍ പ്രശ്നത്തെ സമീപിച്ചുവെന്ന് കരുതാനാവില്ല. ലിബറാന്‍കമീഷന്‍ തന്നെ ഉദാഹരണം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപീകരിച്ച കമീഷന്‍ 48 തവണ കാലാവധി നീട്ടി 17 വര്‍ഷത്തിന് ശേഷം 2009 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമര്‍പ്പിച്ച റിപ്പോര്‍ട്ടാകട്ടെ വ്യര്‍ഥവും. മൂന്ന് വര്‍ഷമായിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എല്‍ കെ അദ്വാനിയും ഉമാഭാരതിയും എം എം ജോഷിയും മറ്റും ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസും തീരുമാനത്തിലെത്തിയിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ നിന്ന് ഉപപ്രധാനമന്ത്രിയായ അദ്വാനിയെ ഒഴിവാക്കിയെങ്കിലും ഈ വര്‍ഷം മെയ് ഏഴിന് സിബിഐ കോടതിയിലെത്തി അദ്വാനിയെ ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞതു മാത്രമാണ് ഈ കേസിലെ ഏക പുരോഗതി. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മൂന്നില്‍ രണ്ടുഭാഗം ഹിന്ദുക്കള്‍ക്കും ഒരുഭാഗം മുസ്ലിങ്ങള്‍ക്കും നല്‍കി വിധിന്യായം പുറപ്പെടുവിച്ചത് പ്രശ്നപരിഹാരത്തിന് പകരം, പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ വിധിയെ ചോദ്യംചെയ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു.

ഒരു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന അയോധ്യയിലെ ജനങ്ങള്‍ക്കും സംഘപരിവാറിന്റെ പ്രസ്ഥാനം വലിയ വിഷമമാണ് സൃഷ്ടിച്ചത്. "അയോധ്യാപ്രസ്ഥാനം പുറത്തുള്ളവര്‍ക്കാണ്. അയോധ്യവാസികളുടേതല്ല" എന്നത് അയോധ്യയിലെ ജനങ്ങളുടെ ശബ്ദമാണ്. മുമ്പ് ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു അയോധ്യ. എന്നാല്‍, അയോധ്യപ്രസ്ഥാനം ആരംഭിച്ചതോടെ നഗരം കനത്ത സുരക്ഷാവലയത്തിലായി. ഹനുമാന്‍ഗഢ് മുതല്‍ സരയൂ നദിവരെയുള്ള അയോധ്യ നഗരം പട്ടാളക്യാമ്പിനെയാണ് അനുസ്മരിപ്പിക്കുക. ജനങ്ങളുടെ വരവ് കുറഞ്ഞു. ആരും നഗരത്തില്‍ നിക്ഷേപം നടത്താതായി. എപ്പോഴാണ് കുഴപ്പമുണ്ടാകുക എന്ന അനിശ്ചിതത്വമാണ് കാരണം. അയോധ്യപ്രസ്ഥാനത്തിന്റെ കാലത്ത് ബാബറിമസ്ജിദ് തകര്‍ക്കുന്ന സിഡികളും മറ്റും ചൂടപ്പംപോലെ വിറ്റിരുന്നു. എന്നാല്‍, ഇന്ന് സിഡി വാങ്ങാന്‍ ആളില്ലാതായി എന്ന് അയോധ്യവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങള്‍ നിര്‍മിക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകമായ "ഖാത്തുവാന്‍" എന്ന മരച്ചെരിപ്പിനുള്ള ആവശ്യക്കാരും കുറഞ്ഞു. എല്ലാ അര്‍ഥത്തിലും അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടി. അവര്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പിറകോട്ട് നയിക്കുകയാണ് അയോധ്യാ പ്രസ്ഥാനം ചെയ്തത്. ജനങ്ങള്‍ ഇത് തിരിച്ചറിയുകയാണ്.

അയോധ്യാ പ്രസ്ഥാനം സൃഷ്ടിച്ച വര്‍ഗീയതയുടെ വിഷവിത്തുകള്‍ നശിച്ചുവെന്നോ, ഇനി ഒരിക്കലും ഇന്ത്യന്‍ മനസ്സിനെ അസ്വസ്ഥമാക്കില്ലെന്നോ പറയാനാകില്ലെന്ന് ഗുജറാത്ത് വംശഹത്യയും ഒഡിഷയിലെ ക്രിസ്ത്യന്‍വേട്ടയും നമ്മെ ഓര്‍മിപ്പിക്കുന്നു. ബാബറിമസ്ജിദ് തകര്‍ന്നപ്പോള്‍പ്പോലും ശാന്തമായിരുന്ന അയോധ്യയോട് മുട്ടിയുരുമ്മി നില്‍ക്കുന്ന ഫൈസാബാദ് നഗരം ഒക്ടോബര്‍ 24ന് വര്‍ഗീയാഗ്നിയില്‍ അമരുകയുണ്ടായി. ഫൈസാബാദിനടുത്ത ഭദ്രസയിലും റുദ്ദാലിയിലും ഷാഗഞ്ചിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ കടകളും വീടുകളും അഗ്നിക്കിരയായി. ഫൈസാബാദിലെ വലിയദേവകാളി മന്ദിറിലെ ലക്ഷ്മി, സരസ്വതി, കാളി വിഗ്രഹങ്ങള്‍ മോഷണംപോയതാണ് കലാപത്തിന് കാരണമായത്. "ഹിന്ദുക്കള്‍ ഒരിക്കലും ദൈവവിഗ്രഹം മോഷണംചെയ്യില്ലെന്ന്" പറഞ്ഞ് ഹിന്ദുയുവവാഹിനി നേതാവും ഗോരഖ്പുര്‍ എംപിയുമായ യോഗി ആദിത്യനാഥിന്റെ വര്‍ഗീയച്ചുവയുള്ള പ്രസംഗവും അടുത്ത ദിവസം ബിജെപിയും വിഎച്ച്പിയും ബജ്രംഗ്ദളും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ബന്ദുമാണ് പ്രശ്നം വഷളാക്കിയത്. ഉത്തര്‍പ്രദേശ് പൊലീസാകട്ടെ നോക്കുകുത്തിയായി നിന്നു. "ഉത്തര്‍പ്രദേശും ഗുജറാത്താക്കും, ഫൈസാബാദില്‍നിന്ന് തുടക്കം കുറിക്കും" എന്ന മുദ്രാവാക്യമാണ് അവിടെനിന്ന് നിന്നുയരുന്നത്. വിഗ്രഹം മോഷ്ടിച്ചത് നാല് ഹിന്ദുക്കളാണ് എന്ന് കണ്ടെത്തിയപ്പോഴേക്കും ഫൈസാബാദ് നഗരം വര്‍ഗീയ ലഹളയിലമര്‍ന്നിരുന്നു. ഹിന്ദു-മുസ്ലിം ഭിന്നതയിലൂടെ നഷ്ടപ്പെട്ട അയോധ്യയിലെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനുമപ്പുറം വര്‍ഗീയ അജന്‍ഡയുമായി ഹിന്ദുത്വശക്തികള്‍ എപ്പോള്‍ വേണമെങ്കിലും ഫണമുയര്‍ത്താം എന്ന സന്ദേശമാണ് അയോധ്യ ഇപ്പോഴും നല്‍കുന്നത്.

*
വി ബി പരമേശ്വരന്‍

Saturday, October 16, 2010

ബാബറി മസ്‌ജിദ് തര്‍ക്കവും കോടതികളുടെ നീതിബോധവും

'അയോദ്ധ്യാ കേസ്' എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച, യുപിയിലെ ഫെയിസാബാദില്‍ സ്ഥിതി ചെയ്യുന്ന ബാബറി മസ്‌ജിദിനെ സംബന്ധിച്ച അവകാശ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇതിനകം വ്യത്യസ്‌ത പ്രതികരണങ്ങളുയര്‍ത്തിക്കഴിഞ്ഞു. ബാബറി മസ്‌ജിദും തൊട്ടടുത്തുള്ള രാംഛബൂത്രയും സീതാറസോയിയുമടക്കമുള്ള ഭാഗം മൂന്നു വിഭാഗങ്ങളായി പകുത്തു നല്‍കാനാണ് വിധി. അതില്‍ 1949ല്‍ ഏതാനും ഹിന്ദുക്കള്‍ കയറി സ്ഥാപിച്ച രാമവിഗ്രഹത്തിന്റെ ഭാഗം ഹിന്ദുക്കള്‍ക്കും രാംഛബൂത്രയും സീതാറസോയിയും നിര്‍മോഹി അഖാഡ എന്നറിയപ്പെടുന്ന ബൈരാഗി സന്ന്യാസിമാര്‍ക്കും ബാബറിമസ്‌ജിദിന്റെ മറ്റുഭാഗങ്ങള്‍ സുന്നി വഖഫ് ബോര്‍ഡിനും നല്‍കാനാണ് വിധിന്യായത്തില്‍ പറയുന്നത്. വിധിന്യായം നടപ്പിലാക്കുന്നതു സംബന്ധിച്ച തര്‍ക്ക പരിഹാരത്തിനായി മൂന്നു മാസത്തേക്ക് എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്.

പ്രകടമായും ഇത് രാഷ്‌ട്രീയ സ്വഭാവമുള്ള വിധിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മസ്‌ജിദ് വസ്‌തുക്കള്‍ എല്ലാ അവകാശികള്‍ക്കും തുല്യമായി വീതിച്ച് പ്രശ്‌നം പരിഹരിക്കുക എന്ന സ്വാഭാവികനീതിയാണ് നടപ്പിലാക്കിയതെന്നാണ് കോടതിയും ഭരണാധികാരികളും അഭിപ്രായപ്പെടുന്നത്. അമ്പലവും പള്ളിയും കൂടാതെ ഒരു ക്രിസ്‌ത്യന്‍ പള്ളിയും കൂടി പണിതാല്‍ സര്‍വമത സമദ്ഭാവത്തിന്റെ ചിഹ്നമായി തര്‍ക്കസ്ഥലം മാറുമെന്നു വരെ അഭിപ്രായമുണ്ട്. വിധിന്യായം കൊണ്ട് ഒരു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കിയെന്ന് സംതൃപ്‌തിയടയുന്നവരാണ് പലരും. മൂന്നില്‍ രണ്ടു ഭാഗം ഹിന്ദുവിഭാഗങ്ങള്‍ക്കും ഒരു വിഭാഗം മുസ്ളീങ്ങള്‍ക്കും നല്‍കിയതില്‍ ഹിന്ദുപക്ഷപാതമില്ലേ എന്നു സംശയിക്കുന്നവരുണ്ട്. ജഡ്‌ജിമാരില്‍ ഒരാള്‍ തര്‍ക്കഭൂമി "ഭഗവാന്‍ രാമ''ന്റെ ജന്മഭൂമിയാണെന്ന് വിധിന്യായത്തില്‍ തന്നെ പരാമര്‍ശിച്ചത് പലരും ചൂണ്ടിക്കാണിക്കുന്നു. അതൊരു ന്യൂനപക്ഷ അഭിപ്രായമാണെന്നും മറ്റു രണ്ടു ജഡ്‌ജിമാര്‍ ഇതിനോട് യോജിക്കുന്നില്ലെന്നും മറ്റു ചിലര്‍ വിലയിരുത്തുന്നു. ബാബറി മസ്‌ജിദ് കയ്യേറ്റത്തെ കോടതി ന്യായീകരിച്ചിട്ടില്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസും വന്നിട്ടുണ്ട്. വിധിന്യായത്തിനെതിരായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിഭാഗങ്ങള്‍ക്കും പൂര്‍ണമായ സംതൃപ്‌തിയില്ല. കഴിഞ്ഞ രണ്ടു ദശകക്കാലത്തിലേറെയായി നടക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലികമായ തീര്‍പ്പുണ്ടായി എന്നതല്ലാതെ പൂര്‍ണമായ പരിഹാരമുണ്ടായതായി സൂചനയില്ല.

ബാബറി മസ്‌ജിദ് തര്‍ക്കം കേവലമായ ഒരു വസ്‌തു തര്‍ക്കമോ ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള സമവായത്തിന്റെ പ്രശ്‌നമോ മാത്രമല്ല. റോമിലാ ഥാപ്പര്‍ സൂചിപ്പിച്ചതുപോലെ തര്‍ക്കത്തിനാധാരമായ ചരിത്ര വസ്‌തുതകള്‍ മുഴുവന്‍ കോടതി വിസ്‌മരിക്കുകയോ, ഇത്തരത്തിലുള്ള വിധിന്യായത്തിനാവശ്യമുള്ളതു മാത്രം എടുത്തുപയോഗിക്കുകയോ ചെയ്‌തിരിക്കുകയാണ്. മുമ്പു നിലവിലിരുന്ന ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്‌ജിദ് നിര്‍മ്മിച്ചതെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. മസ്‌ജിദിനടുത്തു കണ്ടെത്തിയതായി പറയുന്ന ചില ക്ഷേത്രാവശിഷ്‌ടങ്ങള്‍ മതിയായ തെളിവല്ലെന്നും പറയുന്നുണ്ട്. ഇത് ശരിയാണ്. പക്ഷേ, അത്തരത്തിലുള്ള ക്ഷേത്രം കണ്ടെത്തിയാല്‍ പോലും അതുകൊണ്ട് മാത്രം രാമന്റെ ജന്മസ്ഥാനമാണതെന്ന് തെളിയിക്കാന്‍ കഴിയില്ല. ഫെയിസാബാദ് പ്രദേശം രാമന്റെ ജന്മഭൂമിയാണോ അല്ലയോ എന്നതിനെപ്പറ്റി വളരെ വിശദമായ വിവാദം നടക്കുകയും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും ഇതിനെപ്പറ്റി എഴുതുകയും ചെയ്‌തതാണ്. അയോദ്ധ്യയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തിയ ഉല്‍ഖനന റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഇവയിലേതെങ്കിലും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായി കാണുന്നില്ല. അതുപോലെ, ബാബറി മസ്‌ജിദ് ബാബറിന്റെ സേവകരില്‍ ഒരാളായ മീര്‍ബാഖി നിര്‍മ്മിച്ചെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തുന്നു. ബാബര്‍ ഫെയിസാബാദില്‍ വന്നതല്ലാതെ അവിടെ എന്തു നടന്നു എന്നു പറയുന്ന ഭാഗം ബാബര്‍നാമയുടെ കയ്യെഴുത്തു പ്രതിയില്‍ കാണുന്നില്ലെന്ന് വിവര്‍ത്തകയായ മാര്‍ഗരറ്റ് ബെവരിഡ്‌ജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മിര്‍ബാഖിയാണ് ബാബറി മസ്‌ജിദ് പണിതതെന്നു പറയുന്ന ലിഖിതത്തെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു. ഇത്തരം ലിഖിതങ്ങളെയും മറ്റു ഉപദാനങ്ങളെയും ആശ്രയിച്ചാണ് ചരിത്രകാരന്മാര്‍ ചരിത്രം രചിക്കുന്നത്. മീര്‍ബാഖിയുടെ ലിഖിതം ഇപ്പോള്‍ കാണുന്നില്ലെന്നു പറയുന്നു. അങ്ങിനെയെങ്കില്‍ മാര്‍ഗരറ്റ് ബെവരിഡ്‌ജിന്റെ സൂചന എങ്ങനെ പ്രത്യക്ഷപ്പെട്ടു? അതിനെക്കുറിച്ച് എന്തന്വേഷണമാണ് കോടതി നടത്തിയത് ?

അതിനേക്കാള്‍ ഗൌരവമേറിയ കാര്യം രാമന്റെ ജന്മഭൂമിയാണ് ഈ പ്രദേശം എന്ന് കോടതി വിലയിരുത്തുന്നത് വിശ്വാസത്തെ ആധാരമാക്കിയാണ്. അയോദ്ധ്യയെ സംബന്ധിച്ച് നടത്തിയ പുരാവസ്‌തു ഗവേഷണത്തെ തെളിവുകളായി അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല. അവയനുസരിച്ച് അയോദ്ധ്യ എന്ന നഗരത്തെ സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത് ബി സി 500 മുതല്‍ക്കാണ്. അതിനുമുമ്പ് കുഴച്ചമണ്ണുകൊണ്ട് തേച്ചുണ്ടാക്കിയ കുടിലുകളുടെ അവശിഷ്‌ടങ്ങള്‍ മാത്രമാണ് നമുക്ക് ലഭിച്ചത്. ബിസി 500നുശേഷം രാമന്‍ എന്ന രാജാവിന്റെയോ അവതാര പുരുഷന്റെയോ സൂചനകളൊന്നും നിലവിലില്ല. അതിനുമുമ്പും രാമന്റെ ജന്മത്തെക്കുറിച്ചു തെളിവുകളില്ല. അതായത്, രാമായണത്തിലെ പരാമര്‍ശവും വിശ്വാസവും ഒഴികെ രാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ എന്നതിനെക്കുറിച്ച് വേറെ യുക്തിസഹമായ തെളിവുകള്‍ ലഭ്യമല്ല. തര്‍ക്ക സ്ഥലത്താണ് രാമന്‍ ജനിച്ചത് എന്നതിന് അത്രയുംപോലും സൂചനകളില്ല. ഇതൊന്നും കണക്കിലെടുക്കാതെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെ ആധാരമാക്കി നിഗമനത്തിലെത്തുകയാണ് കോടതി ചെയ്‌തത്. ഇതെത്രമാത്രം ശാസ്‌ത്രീയമാണ് ? വിശ്വാസമാണ് നീതിയുടെ അടിത്തറയെങ്കില്‍ വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടിവരില്ലേ? പിന്നെ ശാസ്‌ത്രീയമായ തെളിവുകള്‍ക്കെന്തു പ്രസക്തി?

വിശ്വാസികളുടെ വാദങ്ങള്‍ കോടതി ഉപയോഗിച്ച വിധവും പരിശോധിക്കേണ്ടതാണ്. 1734 മുതലെങ്കിലും നിര്‍മോഹി അഖാഡയിലെ ബൈരാഗികള്‍ രാംഛബൂത്രയും സീതാറസോയിയും കൈവശം വെച്ചിരുന്നതായി കോടതി കണ്ടെത്തുന്നു. വടക്കേ ഇന്ത്യയിലെ വൈഷ്‌ണവ ക്ഷേത്ര പരിസരങ്ങളില്‍ ബൈരാഗികളെ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഫെയിസാബാദില്‍ തന്നെ ബൈരാഗികളുടെ കലാപം നടക്കുന്നുണ്ട്. ബൈരാഗികള്‍ സന്യാസികളാണ്. സ്വത്തുടമകളല്ല. അവരുടെ അഖാഡകളില്‍ അവര്‍ മതാധ്യയനവും കായിക പരിശീലനവും ഒന്നിച്ചു നടത്താറുമുണ്ട്. ഇതിന്റെ പേരില്‍ ബൈരാഗി സന്യാസികള്‍ക്ക് ക്ഷേത്രങ്ങളുടെ ഉടമാവകാശം നല്‍കുകയാണ് കോടതി ചെയ്‌തത്. നിര്‍മോഹി അഖാഡ സംഘ്പരിവാറിനെതിരാണ് എന്നത് ശരിയായിരിക്കാം. എന്നാല്‍, ക്ഷേത്ര പരിസരത്ത് ഭജനയും അധ്യാപനവും മറ്റുമായി കഴിഞ്ഞുകൂടിയ സന്യാസിമാര്‍ക്ക് ക്ഷേത്രഭരണമേല്‍പിക്കുന്ന ഏര്‍പ്പാട് എത്രമാത്രം ശരിയാണ് ? ഇതുപോലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാനുള്ള സാധ്യത അതോടെ തെളിയുകയാണ്. "വിശ്വാസി''കളാണ് ദേവാലയങ്ങള്‍ നിയന്ത്രിക്കേണ്ടത് എന്ന നമ്മുടെ ഇടയില്‍ സ്ഥിരമായി കേള്‍ക്കുന്ന വാദത്തിന് നിയമപരമായ സാധുത ലഭിക്കുന്നു.

ഇതിനേക്കാള്‍ വിചിത്രമാണ് മസ്‌ജിദ് പങ്കുവെക്കുന്നതിന് കോടതി കണ്ടെത്തിയ മറ്റു നീതീകരണങ്ങള്‍. മസ്‌ജിദില്‍ അവസാനം നമാസ് നടന്നത് 1949ലാണ് എന്ന് കോടതി കണ്ടെത്തുന്നു. 1949 ഡിസംബറിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കയറി രാമവിഗ്രഹം സ്ഥാപിക്കുന്നത്. പിന്നീട് മസ്‌ജിദില്‍ ആരാധന നടക്കാത്തതിന്റെ കാരണം അതോടെ വ്യക്തമാണ്. എന്നാല്‍ കോടതിയുടെ കണ്ണില്‍ അറുപതുകൊല്ലത്തിലേറെയായി ആരാധന നടക്കാത്ത സ്ഥലം ആരാധനാലയമല്ലാതാകുന്നു. വഖഫ് ബോര്‍ഡിനെ ഏല്‍പിക്കേണ്ട ഒരു വസ്‌തു മാത്രമാകുന്നു. അതേകാരണം കൊണ്ടു തന്നെ ആരാധന നടത്താന്‍ കയ്യേറിയ സ്ഥലം ആരാധനാലയമാകുന്ന തര്‍ക്കസ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നു നിരീക്ഷണത്തിന്റെ ഏക വസ്‌തുതാപരമായ അടിത്തറ അറുപതുവര്‍ഷമായി സ്ഥലം കയ്യേറി ആരാധന നടത്തി എന്നതാണ് ! ഈ കയ്യേറ്റത്തെ വിശ്വാസത്തിന്റെ പേരില്‍ കോടതി തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.

ആരാധനയ്‌ക്കുവേണ്ടി നിര്‍മ്മിച്ച സ്ഥലത്ത് ആരാധന നടക്കുന്നില്ലെങ്കില്‍ പിന്നെ അതൊരു കെട്ടിടം മാത്രമാണ്. അതിനുള്ള അവകാശം വഖഫ് ബോര്‍ഡിനല്ല, 16-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടമെന്ന നിലയില്‍ അത് പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണത്തിന്‍കീഴില്‍ വരേണ്ടതാണ്. അങ്ങനെ സംരക്ഷിക്കപ്പെടുന്ന കെട്ടിടങ്ങള്‍ എത്ര വേണമെങ്കിലും ഇന്ത്യയിലുണ്ട്. വഖഫ് ബോര്‍ഡിനെ ഏല്‍പിക്കുക വഴി ആരാധനാലയം എന്ന അതിന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവകാശം കോടതി നല്‍കിയിരിക്കുന്നു. കയ്യേറ്റ സ്ഥലത്തിനും അതേ അവകാശംതന്നെ നല്‍കിയിരിക്കുന്നു. നിലവിലുള്ള സ്വത്തവകാശ നിയമങ്ങളനുസരിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ അമ്പലവും പള്ളിയും ഉണ്ടാക്കുന്നതിനും തടസ്സമില്ല. അതായത് 1992ല്‍ സംഘപരിവാര്‍ ചെയ്‌തത് "നിയമപരമായി നടത്താനുള്ള'' സൌകര്യം ഇപ്പോള്‍ ലഭിക്കുന്നു. ഇവിടെയും കോടതി തര്‍ക്കമുണ്ടായ ചരിത്രപരമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വിധി പ്രസ്‌താവിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗൌരവമുള്ളതാണ്. ഇന്ന് വിശ്വാസത്തിന്റെപേരില്‍ തര്‍ക്കം നടക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. മഥുരയിലെ കേശവ് കാഖായി ക്ഷേത്രം, ബനാറസിലെ ഗ്യാന്‍വാപിപള്ളി തുടങ്ങിയവ ഉദാഹരണങ്ങളാണ്. പൊളിച്ചുകളഞ്ഞ 3000 ക്ഷേത്രങ്ങളുടെ പട്ടികതന്നെ വിശ്വഹിന്ദു പരിഷത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് പള്ളികളുമായിട്ടുണ്ട്. ഇവയില്‍ ചിലത് കയ്യേറി ക്ഷേത്രങ്ങള്‍ പണിയുകയും അവയുടെമേല്‍ ഉടമാവകാശം ഉന്നയിക്കുകയും ചെയ്‌താല്‍ വിശ്വാസത്തിന്റെപേരില്‍ കോടതിക്ക് കയ്യേറ്റത്തെ ന്യായീകരിക്കേണ്ടിവരും. ഏതു പൊതുസ്ഥലവും കയ്യേറി ദേവാലയങ്ങള്‍ പണിയുന്ന പ്രവണത ഇപ്പോള്‍തന്നെ വ്യാപകമാണ്. അത്തരം ദേവാലയങ്ങളെല്ലാം വിശ്വാസത്തിന്റെപേരില്‍ കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കേണ്ടിവരും. കാലങ്ങളായി ആരാധന നടക്കാത്ത ഇടിഞ്ഞുപൊളിഞ്ഞ ദേവാലയങ്ങള്‍ ധാരാളമാണ്. അവയില്‍ മിക്കവയും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിലതെങ്കിലും ചരിത്ര സ്‌മാരകങ്ങളായി സംരക്ഷിക്കേണ്ടവയുമാണ്. ഇവയെല്ലാം പുനര്‍നിര്‍മ്മിച്ച് ആരാധന തുടങ്ങിയാല്‍ വിശ്വാസത്തിന്റെപേരില്‍ അവയെല്ലാം സ്വത്തായി പതിച്ചുകൊടുക്കേണ്ടിവരും. നാം ഇതുവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കിയ വാസ്‌തുരൂപങ്ങളും ശില്‍പകലയും കൊത്തുപണികളുമെല്ലാം അപ്രത്യക്ഷമാവുകയും ചെയ്‌തു.

ഇത്തരം ഇടപെടലുകളുടെ ഏറ്റവും വലിയ ഇര ചരിത്രപഠനമാണ്. രാജരാജചോളന്‍ മരിച്ച സ്ഥലം എവിടെയാണെന്ന് നാം കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും രാമന്റെ ജന്മസ്ഥലം അയോദ്ധ്യയാണെന്ന് ജഡ്‌ജിമാര്‍ കണ്ടെത്തിയതായി ആക്ഷേപഹാസ്യത്തിന്റെ സ്വരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി നടത്തിയ പ്രസ്‌താവന ഇവിടെ ഓര്‍ക്കേണ്ടതാണ്. ഏറ്റവുമധികം വസ്‌തുനിഷ്‌ഠതയോടെ വിലയിരുത്തേണ്ട നീതിന്യായ കോടതികള്‍, ചരിത്രത്തെ വളച്ചൊടിക്കുകയും മിത്തുകളെ ചരിത്രവല്‍ക്കരിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ് നാമിപ്പോള്‍ കാണുന്നത്. മീര്‍ബാഖി പണിതാലും ഇല്ലെങ്കിലും, മുഗള്‍ കാലഘട്ടത്തു പണിത ഒരു ചരിത്രസ്‌മാരകം ഫെയിസാബാദില്‍ നിലനിന്നുവെന്നും അടുത്തകാലംവരെ ഒരു മസ്‌ജിദ് ആയി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതും വസ്‌തുതയാണ്. ഈ വസ്‌തുതയെ ഒരു മിത്തിന്റെ പേരില്‍ തകര്‍ക്കുകയാണ് കയ്യേറ്റക്കാര്‍ ചെയ്‌തത്. ഇപ്പോള്‍ കയ്യേറ്റക്കാരുടെ പ്രവര്‍ത്തനത്തിന് കോടതിയുടെ പിന്‍ബലവും കിട്ടിയിരിക്കുന്നു. അതായത് ചരിത്രസ്‌മാരകമായ ഒരു മസ്‌ജിദ് ഇല്ലാതാകുകയും രണ്ടു ഹിന്ദു വിഭാഗങ്ങളും ഒരു മുസ്ളിം വിഭാഗവും കൂടി പങ്കിട്ട ഒരു വസ്‌തുവായി അതു മാറുകയും ചെയ്‌തിരിക്കുന്നു. അതോടെ ചരിത്രം ഈ സ്‌മാരകത്തില്‍നിന്ന് പിന്‍വാങ്ങുകയാണ്.

ഇതൊരു രാഷ്‌ട്രീയ വിധിന്യായമാണെന്ന് മുമ്പ് സൂചിപ്പിച്ചു. ഇതിന്റെ രാഷ്‌ട്രീയമെന്താണ് ? ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷതയല്ല ഇതിന്റെ അടിത്തറ. മതനിരപേക്ഷതയുടെപേരില്‍ ഇന്ദിരാഗാന്ധിയുടെ കാലംമുതല്‍ ഉയര്‍ത്തിപ്പിടിച്ച സര്‍വമതസമദ്ഭാവനയാണെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. പക്ഷേ, എന്തു തരത്തിലുള്ള സമദ്ഭാവന? കയ്യേറ്റക്കാരനെയും സന്യാസിയെയും കെട്ടിടമുടമയെയും ഒരേ തട്ടില്‍ കാണുന്ന സമദ്ഭാവനയോ? അത്തരം സമദ്ഭാവന ഇതുവരെ സമൂഹത്തിന്റെ വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുത്തുക മാത്രമേ ചെയ്‌തിട്ടുള്ളു. ബാബറിമസ്‌ജിദില്‍ നമാസ് നടക്കാത്തത് അവിടെ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. മുസ്ളീങ്ങള്‍ക്ക് മറ്റു നിരവധി ദേവാലയങ്ങള്‍ ഉള്ളത് അതിനു കാരണമാകാം. അതേസമയം കയ്യേറ്റക്കാരുടെ ആരാധന തടഞ്ഞത് അവിടെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ഇനിമുതല്‍ ബാബറിമസ്‌ജിദിന്റെ വിവിധ ഭാഗങ്ങള്‍ ദേവാലയങ്ങളും പള്ളിയുമാകും. മുമ്പുതന്നെ സൃഷ്‌ടിക്കപ്പെട്ട വര്‍ഗീയ ധ്രുവീകരണം ഇനിയും ശക്തിപ്പെട്ടുവന്നുകൂടായ്‌കയില്ല. ഇപ്പോഴത്തെ വിധിയനുസരിച്ച് ഒരു ഹിന്ദു ക്ഷേത്രസമുച്ചയത്തിന്റെ ഇടയില്‍ കോടതി വിധിപ്രകാരം ലഭിച്ച ഭൂമിയുമായാകും ബാബറിമസ്‌ജിദ് തുടരുക. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് മതനിരപേക്ഷത വളര്‍ത്തുക? വര്‍ഗീയ ധ്രുവീകരണം സംഭവിച്ചുകഴിഞ്ഞ ഭൂമിയില്‍ കോടതി വിധികള്‍ സമദ്ഭാവന വളര്‍ത്തുമെന്ന് കരുതുന്നത് അസംബന്ധമാണ്. ധ്രുവീകരണം കൂടുതല്‍ ശക്തിപ്പെടാനുള്ള പഴുതുകള്‍ നല്‍കാതിരിക്കാനെങ്കിലും വിധി ന്യായങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

വിധിന്യായം സൃഷ്‌ടിച്ച ഭയത്തിന്റേതായ അന്തരീക്ഷം നമ്മുടെ മാനസികാവസ്ഥയുടെ ദൃഷ്‌ടാന്തമാണ്. ആരും ഒന്നും പ്രസ്‌താവിച്ചില്ലെങ്കിലും, വിധികാരണം ഒരു ഹര്‍ത്താലുണ്ടാകുമെന്ന ധാരണ നാടുമുഴുവന്‍ പരന്നു. സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം നിര്‍ത്തി. പലയിടങ്ങളിലും കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതെല്ലാം കാണിക്കുന്നത് വിശ്വാസത്തിന്റെപേരില്‍ സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം ഇന്ന് സമൂഹബന്ധങ്ങളെയും സൌഹൃദങ്ങളെയുംപോലും നിഷേധാത്മകമായി സ്വാധീനിക്കുന്നു എന്നാണ്.

വിധിന്യായത്തെ സംബന്ധിച്ച ആശങ്കകളും അവ വളര്‍ത്തുന്ന വിധത്തിലുള്ള മാധ്യമ പ്രകടനങ്ങളും ഒരുതരം മാസ് ഹിസ്റ്റീരിയ സൃഷ്‌ടിക്കുകയാണ് ഇവിടെ ചെയ്‌തത്. തൊട്ടടുത്തു താമസിക്കുന്ന അന്യമതസ്ഥരെ ഈ അന്തരീക്ഷത്തില്‍പോലും സംശയത്തോടെ കാണുന്ന അവസ്ഥ. കയ്യേറ്റഭൂമിയും പൈതൃകഭൂമിയും ഒരുപോലെ കാണുന്ന വിധിന്യായരീതി ചെയ്യുന്നത് ഇത്തരം സാമൂഹ്യമായ അന്തരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വിധിന്യായംകൊണ്ട് കലാപങ്ങളുണ്ടായില്ല എന്നാശ്വസിക്കുന്നവര്‍ക്കുപോലും നാളെ സംഘര്‍ഘങ്ങളുണ്ടാകില്ല എന്നുറുപ്പു പറയാനാവില്ല.

ബാബറിമസ്‌ജിദ് തര്‍ക്കത്തെ സംബന്ധിച്ച വിധി യഥാര്‍ത്ഥ തര്‍ക്കപരിഹാരത്തെ മാറ്റിവെയ്‌ക്കുന്ന ജനപ്രിയ രാഷ്‌ട്രീയത്തിന്റെ കൈകടത്തലാണ്. വിശ്വാസത്തെയും മിത്തുകളെയും സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇത്തരം മേഖലകളില്‍ ശാസ്‌ത്രീയമായ തര്‍ക്കപരിഹാരം സാധ്യമാകുന്നത് വസ്‌തുനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെയാണ്. അത്തരം ഒരു അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്‌തുതകള്‍ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള ഫോര്‍മുല നിര്‍ദ്ദേശിക്കുകയുമായിരുന്നു കോടതി ചെയ്യേണ്ടയിരുന്നത്.

അതനുസരിച്ച് ബാബറിമസ്‌ജിദിനെ സംബന്ധിച്ച വാദങ്ങളുടെ തെറ്റും ശരിയും പരിശോധിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. വൈരാഗികളുടെ കാര്യത്തില്‍ മാത്രമാണ് ഇത് കുറച്ചെങ്കിലും നടന്നത്. മറ്റുള്ളവരുടെ പരാതികളില്‍ ചരിത്ര വസ്‌തുതകള്‍ സമഗ്രമായി പരിശോധിക്കാനുള്ള വിമുഖത വിധിന്യായത്തില്‍തന്നെ കാണാം. വിധിന്യായം രൂപപ്പെടുത്തുന്നതിന് സ്വീകരിച്ച അശാസ്‌ത്രീയമായ രീതികള്‍ കോടതികളുടെ വസ്‌തുനിഷ്‌ഠതയെയും നീതിബോധത്തെയും ചോദ്യംചെയ്യുന്നു. മറ്റെല്ലാ സ്ഥാപനങ്ങളെയുംപോലെ, ഭരണാധികാരികളുടെയും അധീശത്വം പുലര്‍ത്തുന്ന ആശയ സംഹിതകളുടെയും വക്താക്കളായാണ് കോടതികള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന ധാരണ കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.


*****

പ്രൊഫ. കെ എന്‍ ഗണേശ്

Monday, October 11, 2010

അയോധ്യയും കോൺഗ്രസും

കോൺഗ്രസിന്റെ ബോധപൂര്‍വമായ സഹായമില്ലായിരുന്നെങ്കില്‍ ബാബറിമസ്‌ജിദ് തകര്‍ക്കാനോ ഇന്ത്യന്‍ജനതയെ വര്‍ഗീയവല്‍ക്കരിച്ച് അധികാരം നേടാനോ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാറിന് കഴിയുമായിരുന്നില്ല. ഏറ്റവും അവസാനമായി ഹിന്ദുമതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി വിധിയെപ്പോലും സ്വാഗതം ചെയ്‌ത കോൺഗ്രസ് ഹിന്ദുരാഷ്‌ട്രവാദത്തെയാണ് അതുവഴി പിന്തുണയ്‌ക്കുന്നത്.

കോൺഗ്രസ് ജന്മമെടുത്ത 1885 ലാണ് നിര്‍മോഹി അകാഡയില്‍പെട്ട സന്യാസി രഘുബര്‍ദാസ് ബാബറിമസ്‌ജിദ് നിലനിന്ന സ്ഥലത്ത് ആരാധന നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയിലെത്തുന്ന്. അന്ന് ഭരണം നടത്തിയ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും രഘുബര്‍ദാസിന്റെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യ 1947ല്‍ സ്വതന്ത്രമാവുകയും ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരികയുംചെയ്‌തു. ഈ ഘട്ടത്തിലാണ് ബ്രിട്ടീഷുകാരുടെ കാലത്തുപോലും നടക്കാതെ പോയ പലകാര്യങ്ങളും നടത്താന്‍ നിര്‍മോഹി അകാഡയ്‌ക്കും ഹിന്ദുതീവ്രവാദി സംഘടനകള്‍ക്കും കഴിഞ്ഞത്.

കോൺഗ്രസ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോഴായിരുന്നു ഹൈന്ദവസംഘടനകള്‍ക്ക് അയോധ്യയില്‍ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ സൌകര്യം ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ മന്‍മോഹന്‍സിങ്ങിന്റെ കാലംവരെയും അതില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഉടമസ്ഥാവകാശ കേസ് ഹിന്ദുസംഘടനകള്‍ക്ക് അനുകൂലമായി വിധിക്കുന്നതിന് പ്രധാന കാരണമായത് രാംലല്ല വിഗ്രഹം രാത്രിയുടെ മറവില്‍ ബാബറിമസ്‌ജിദ് കോംപ്ളക്‌സില്‍ സ്ഥാപിക്കപ്പെട്ടതാണ്. രാമവിഗ്രഹത്തെ ഉടമസ്ഥാവകാശക്കേസില്‍ കക്ഷിചേരാന്‍ അനുവദിച്ച കോടതി ക്ഷ്രേത്രനിര്‍മാണത്തിന് രാംലല്ല വിഗ്രഹത്തിന് മൂന്നിലൊന്ന് ഭൂമി നല്‍കുകയുംചെയ്‌തു. എന്നാല്‍, ഈ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിക്കപ്പെട്ടതാണെന്ന് മൂന്ന് ജഡ്‌ജിമാരും ഏകസ്വരത്തില്‍ പറയുകയും ആ നടപടിക്ക് നിയമസാധുത നല്‍കി ഭൂമി അനുവദിക്കുകയുംചെയ്‌തു.

കേസിന്റെ വഴിത്തിരിവിനുതന്നെ കാരണമായ രാമവിഗ്രഹം 1949 ഡിസംബര്‍ 22-23 തീയതികളിലായി സ്ഥാപിക്കപ്പെട്ടത് കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു. അഭിറാം ദാസ് എന്ന സന്യാസിയുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ ചേര്‍ന്നാണ് രാമവിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം സ്ഥാപിക്കാന്‍ ഹിന്ദുസംഘടനകള്‍ക്ക് മുന്‍കൂട്ടി പരിപാടിയുണ്ടെന്ന കാര്യം സംസ്ഥാനത്തെ ഗോവിന്ദ് വല്ലഭ് പന്ത് സര്‍ക്കാരിനറിയാമായിരുന്നു. വിഗ്രഹം സ്ഥാപിക്കുന്നതിന്റെ തൊട്ട് തലേദിവസം അയോധ്യയിലെ മഹാരാജാ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ ഗോവിന്ദ് സാഹിയും സീതാറാം ശുക്ളയും ഈ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. സിഐഡി ഗ്രൂപ്പ് ഓഫീസര്‍ നരേന്ദ്രപ്രസാദും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

വിഗ്രഹം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അവ എടുത്തു മാറ്റി മുന്‍പദവി നിലനിര്‍ത്താന്‍ അന്നത്തെ മുഖ്യമന്ത്രി ജി ബി പാന്തിനോടും ആഭ്യന്തരമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയോടും ചീഫ് സെക്രട്ടറി ഭഗവന്‍ സഹായിയോടും ആവശ്യപ്പെടുകയുണ്ടായി. ഇത്തരം കടന്നാക്രമണങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും അഭിപ്രായപ്പെട്ടു. എന്നാല്‍, ഒന്നും നടന്നില്ല. അന്നത്തെ ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ കെ കെ നായര്‍ എന്ന ഹൈന്ദവപക്ഷപാതിയായ മലയാളി ഓഫീസര്‍ നല്‍കിയ മറുപടിയില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് ഈ പ്രശ്‌നം ഉപക്ഷിക്കയായിരുന്നു കോൺഗ്രസ് നേതൃത്വം.

ഡിസംബര്‍ 26ന് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വിഗ്രഹം നീക്കിയാല്‍ അത് ഭരണത്തകര്‍ച്ചയ്‌ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് പിന്നീട് ജനസംഘത്തിന്റെ എംപിയായ നായര്‍ മുന്നറിയിപ്പ് നല്‍കി. തൊട്ടടുത്ത ദിവസം ചീസ് സെക്രട്ടറിക്ക് അയച്ച രണ്ടാമത്തെ കത്തില്‍ അയോധ്യയിലെ കോൺഗ്രസുകാര്‍പോലും വിഗ്രഹം മാറ്റുന്നതിനെ പിന്തുണയ്‌ക്കുന്നില്ലെന്ന രാഷ്‌ട്രീയ സന്ദേശം നല്‍കുന്നുണ്ട്. വിഗ്രഹം മാറ്റുന്നതിന് ജില്ലയിലെ ഒരു പൂജാരിയും തയ്യാറായില്ലെന്ന വിചിത്രവാദവും നായര്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. ഈ വാദങ്ങള്‍ അംഗീകരിക്കാനാണ് കോൺഗ്രസ് നേതൃത്വവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അന്ന് തയ്യാറായത്.

എങ്കിലും തര്‍ക്കസ്ഥലത്തിന്റെ ഭരണം ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്ത റാമിനെ ഏല്‍പ്പിച്ച് തര്‍ക്കസ്ഥലം പൂട്ടിയിടാന്‍ തീരുമാനമായി. പിന്നീട് മൂന്ന് ദശാബ്‌ദക്കാലം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ 1984ല്‍ ഏപ്രില്‍ 7,8 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പിയുടെ ധര്‍മസന്‍സദിലാണ് അയോധ്യ, കാശി, മഥുര മുദ്രാവാക്യം ഉയരുന്നത്. തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യമുയര്‍ത്തി ശ്രീരാമ ജാനകി രഥയാത്രയും ധര്‍മയാത്രയും വിഎച്ച്പി ആരംഭിച്ചു. ബാബറി മസ്‌ജിദിനകത്തെ രാംലല്ല ആരാധനയ്‌ക്കായി തുറന്നുതരാത്ത പക്ഷം രാമനവമി ദിനത്തില്‍ ആത്മഹത്യചെയ്യുമെന്നുവരെ ദിഗംബര്‍ അകാഡയുടെ മേധാവി രാമചന്ദ്രപരമഹംസ് ഭീഷണി മുഴക്കി.

ഈ ഘട്ടത്തിലാണ് തീര്‍ത്തും നാടകീയമായി തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുക്കാന്‍ ഉത്തരവാകുന്നത്. ഉമേഷ് ചന്ദ്രപാണ്ഡെയെന്ന പ്രാദേശിക അഭിഭാഷകന്‍ കൊടുത്ത ഹര്‍ജിയില്‍ 24 മണിക്കൂറിനകമാണ് തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുക്കാന്‍ ഫൈസാബാദ് ജില്ലാക്കോടതി തീരുമാനിച്ചത്. ജനുവരി 25 ന് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ജനുവരി 30ന് ജില്ലാ ജഡ്‌ജിയുടെ മുമ്പില്‍ പരാതിയുമായി ഉമേഷ്‌ചന്ദ്രയെത്തുന്നത്. ഫെബ്രുവരി ഒന്നിന് ക്ഷേത്രാരാധന നടത്താന്‍ അനുവദിച്ചുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ ഉത്തരവിട്ടു. വെറും 40 മിനിറ്റിനകം തര്‍ക്കസ്ഥലം ആരാധനയ്‌ക്കായി തുറന്നുകൊടുത്തു. ഈ ചടങ്ങ് പകര്‍ത്താന്‍ ദൂരദര്‍ശന്റെ ക്യാമറ ടീം പോലും എത്തിയിരുന്നുവെന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണം എത്രമാത്രമുണ്ടെന്ന് വ്യക്തമാകും. വീര്‍ബഹാദൂര്‍സിങ്ങിനെ മാറ്റി മുഖ്യമന്ത്രിയായ എന്‍ ഡി തിവാരിയുടെ ഗവമെന്റാകട്ടെ ഈ വിധിക്കെതിരെ അപ്പീല്‍ പോയതുമില്ല. ഉടമസ്ഥാവകാശക്കേസില്‍ കക്ഷിയായ അയോധ്യയിലെ ഹഷീം അന്‍സാരി മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി തള്ളുകയാണുണ്ടായത്.

തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് മണിക്കൂറുകള്‍ക്കകം തുറന്നുകൊടുത്തത് ബിജെപിയെപോലും അത്ഭുതപ്പെടുത്തി. 37 വര്‍ഷം ഹിന്ദുസംഘടനകളുടെ നിരന്തര ആവശ്യം പരിഗണിക്കാതിരുന്ന സര്‍ക്കാര്‍ നൊടിയിടയില്‍ കാര്യങ്ങള്‍ ചെയ്‌തതിനെക്കുറിച്ച് ബിജെപിയുടെ അയോധ്യ സംബന്ധിച്ച ധവളപത്രത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. (പേജ് 155). ഷാബാനു ബീഗം കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച രാജീവ് ഗാന്ധി സര്‍ക്കാര്‍ ഹിന്ദുവോട്ട് നഷ്‌ടപ്പെടാതിരിക്കാനാണ് തര്‍ക്കസ്ഥലം ഹൈന്ദവ ആരാധനയ്‌ക്കായി തുറന്നുകൊടുത്തത്.

1986ല്‍ തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുത്ത രാജീവ്ഗാന്ധി സര്‍ക്കാര്‍തന്നെയാണ് 1989 നവംബര്‍ 10ന് ശിലാന്യാസം നടത്താനും അനുവദിച്ചത്. നവംബര്‍ 22, 24 തീയതികളിലായി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നടപടി. അന്ന് ആഭ്യന്തരമന്ത്രിയായിരുന ഭൂട്ടാസിങ്ങാണ് തര്‍ക്കസ്ഥലത്തുതന്നെ ശിലാന്യാസം നടത്താന്‍ അനുവദിച്ചത്. തര്‍ക്കസ്ഥലത്ത് ശിലാന്യാസം അനുവദിക്കരുതെന്ന് ലോക്‌സഭ 1989 ഒക്ടോബര്‍ 13ന് പ്രമേയം പാസാക്കിയിരുന്നു. എന്നിട്ടും വഖഫ് സ്ഥലത്തുതന്നെ ശിലാന്യാസം നടത്താനാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍,ഈ സ്ഥലം തര്‍ക്കസ്ഥലമല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി അഡ്വക്കറ്റ് ജനറല്‍ പ്രഖ്യാപിച്ചു. നിമിഷനേരംകൊണ്ട് തര്‍ക്കസ്ഥലം അതല്ലാതായി. ശിലാന്യാസവും നടന്നു.

1984 ല്‍ 415 ലോക്‌സഭാസീറ്റുമായി വിജയിച്ച കോൺഗ്രസിന് 1989 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 196 സീറ്റു മാത്രം. ബിജെപിയാകട്ടെ രണ്ട് സീറ്റില്‍നിന്ന് 88 സീറ്റായി വര്‍ധിപ്പിക്കുകയുംചെയ്‌തു. എന്നാല്‍ ഇതേ നരസിംഹറാവു സര്‍ക്കാര്‍ പ്രധാനമന്ത്രിയായപ്പോഴാണ് ബാബറിമസ്‌ജിദ് തന്നെ തകര്‍ക്കപ്പെട്ടത്. സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടും കേന്ദ്രസേനയെ വിന്യസിക്കാന്‍ തയ്യാറാകാതിരുന്ന നരസിംഹറാവു പള്ളി സംരക്ഷിക്കുമെന്ന ബിജെപി മുഖ്യമന്ത്രി കല്യാൺസിങ്ങിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് അത് തകര്‍ക്കുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. ഗാന്ധി കുടുംബത്തില്‍നിന്നുള്ള ഒരു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പള്ളി തകരില്ലായിരുന്നു എന്ന രാഹുലിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അപ്പോള്‍ തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുത്തതും ശിലാന്യാസം നടന്നതും രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.

അവസാനമായി ഹിന്ദുക്കളുടെ വിശ്വാസം അംഗീകരിച്ചുകൊണ്ട് രാമന്‍ ജനിച്ചത് ബാബറിമസ്‌ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിന് താഴെയുള്ള പ്രദേശത്തുതന്നെയാണന്നും തര്‍ക്കസ്ഥലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഹിന്ദു സംഘടനകള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി വിധിച്ചതും കോൺഗ്രസ് സര്‍ക്കാരിന്റെ കാലത്തു തന്നെ. ബാബറി മസ്‌ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സമീപനം ഒരച്ചുതണ്ടിന് ചുറ്റുമാണെന്ന് മുന്‍ കോൺഗ്രസ് എംപിയും പത്രപ്രവര്‍ത്തകനുമായ എം ജെ അക്‌ബര്‍ പറയുന്നു. 'മുസ്ളിം വോട്ട് നഷ്‌ടപ്പെടാതെ എങ്ങനെ അമ്പലം പണിയാമെന്നതാണ്' കോൺഗ്രസിന്റെ എപ്പോഴത്തെയും ആലോചന. കോൺഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നതും അതുതന്നെ.

*****

വി ബി പരമേശ്വരന്‍