Friday, December 7, 2012

വൈകിവരുന്ന നീതി നീതിനിഷേധംതന്നെ

അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ എന്നു പറയുന്ന ആര്‍എസ്എസ്- ബിജെപി സംഘം ഇടിച്ചുതകര്‍ത്തിട്ട് 20 വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ കഴിയാത്തത് സിബിഐയുടെമാത്രം കുറ്റമായി കാണാന്‍ കഴിയുന്നതല്ല. കേവലം ഒരു പള്ളി തകര്‍ത്ത സംഭവമല്ല അയോധ്യയില്‍ നടന്നത്. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ആലേഖനംചെയ്ത മതനിരപേക്ഷതയുടെ അടിവേരാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഗാന്ധിവധത്തിനുശേഷമുള്ള ഏറ്റവും കടുത്ത കുറ്റകൃത്യമാണ് ബാബറി മസ്ജിദ് തകര്‍ക്കല്‍. രാജ്യദ്രോഹകുറ്റംതന്നെയാണത്. നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ് സംഭവം നടന്നത്. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പള്ളി സംരക്ഷിക്കുന്നതിന് കലവറയില്ലാത്ത പിന്തുണ നരസിംഹറാവുവിന് നല്‍കിയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി നിര്‍വികാരനായി ഈ കുറ്റകൃത്യം നോക്കി നില്‍ക്കുകയാണ് ചെയ്തത്. യുപി ഭരിച്ചത് ബിജെപിയായിരുന്നു. അതുകൊണ്ടുകൂടിയാണ് ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഹിന്ദുവര്‍ഗീയ കോമരങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞത്.

പള്ളി തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയ ബിജെപി നേതാവ് എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ സിബിഐ റായ്ബറേലി കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് റായ്ബറേലി കോടതി തള്ളുകയായിരുന്നു. അലഹബാദ് ഹൈക്കോടതി കീഴ്ക്കോടതിയുടെ നടപടി ശരിവച്ചു. ഇതിനെതിരെയുള്ള അപ്പീല്‍ ഒമ്പതുമാസം കഴിഞ്ഞ് കാലഹരണപ്പെട്ടതിനുശേഷമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസംവന്നത് മാപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും അപ്പീലിനോടൊപ്പം സിബിഐ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരുടെ ബെഞ്ച് കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം എസ് ചാന്ദിയോക് ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം മറ്റൊരു കോടതിയില്‍ കേസ് വദിക്കാന്‍ പോയതാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. 20 വര്‍ഷം പഴക്കമുള്ള വളരെ പ്രാധാന്യമുള്ള ഒരു കേസ് കൈകാര്യംചെയ്യുന്നതില്‍ സിബിഐ കാണിക്കുന്ന അനാസ്ഥയുടെ മകുടോദാഹരണമായിട്ടാണ് ഹൈക്കോടതി ബെഞ്ച് ഇതിനെ കണ്ടത്. ബാബറി മസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സിബിഐക്ക് ഒരു ആത്മാര്‍ഥതയുമില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് സിബിഐയുടെമാത്രം കുറ്റമായി കാണാന്‍ കഴിയുന്നതല്ല. ബിജെപി കേന്ദ്രം ഭരിച്ചകാലത്ത് ഈ കേസിന്റെ നടത്തിപ്പില്‍ അനാസ്ഥ കാണിക്കുന്നത് മനസ്സിലാക്കാം. അവര്‍ ഇന്ത്യയുടെ മതനിരപേക്ഷതയെ കപട മതനിരപേക്ഷതയായാണ് വിലയിരുത്തുന്നത്. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളുടേതു മാത്രമാണെന്നുമാണ് ഹിന്ദുത്വവാദികള്‍ കരുതുന്നത്. മറ്റുള്ളവര്‍ ഇവിടെ വിരുന്നവന്നവരാണെന്നും അവര്‍ ജനംമുതല്‍ മരണംവരെ ഹിന്ദുമതാചാരങ്ങള്‍ സ്വീകരിച്ച് ജീവിക്കണമെന്നുമാണ് സംഘപരിവാറിന്റെ സിദ്ധാന്തം. എന്നാല്‍, കോണ്‍ഗ്രസ് മതനിരപേക്ഷതാവാദികളായിട്ടാണല്ലോ അറിയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ മതനിരപേക്ഷത തകര്‍ക്കുന്നതിന്റെ ഭാഗമായി ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുപിഎ സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബാബറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനക്കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് റായ്ബറേലി കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സിബിഐയുടെ ഭാഗത്തുനിന്നുള്ള വീഴ്ച ഗൗരവമായിട്ടാണ് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചത്. ബാബറിമസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെടേണ്ടത് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് അനിവാര്യമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 08 ഡിസംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...