Saturday, December 15, 2012

ഭരണയന്ത്രത്തിന്റെ ദുരുപയോഗം

കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചില മന്ത്രിമാരും തങ്ങളുടെ പക്കലുള്ള ഭരണയന്ത്രം നിത്യേന ദുരുപയോഗിക്കുന്നതാണ് ഇപ്പോള്‍ കേരളം കാണുന്നത്. ഈ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം.

കേസ് എഴുതിത്തള്ളണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ ഈ അപേക്ഷ കോടതി തള്ളി; തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയുംചെയ്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ഇടയ്ക്കിടെ ഗിരിപ്രഭാഷണം നടത്താറുള്ള ഉമ്മന്‍ചാണ്ടിക്ക് ഈ ഒരു കേസ് മാത്രം ഇങ്ങനെ എഴുതിത്തള്ളണമെന്ന് തോന്നാനെന്താണ് കാര്യം? കേസ് തുടര്‍ന്നാല്‍ കുരുക്കിലാകുക താന്‍തന്നെയാണെന്ന് ഈ മുഖ്യമന്ത്രി മനസ്സിലാക്കുന്നു. മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിക്കണമല്ലോ. അതുകൊണ്ട് താനുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരായ അഞ്ഞൂറുകോടിയുടെ സൈന്‍ബോര്‍ഡ് അഴിമതിക്കേസ് കോടതിയിലെത്താതെതന്നെ അവസാനിപ്പിച്ചുകളയാമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതി. അതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു വിജിലന്‍സിന്റെ അപേക്ഷ. ഇത്തരം പരിപാടികളുമായി വിജലിന്‍സിനെ ഇറക്കുമ്പോള്‍ തനിക്ക് അതിലൊന്നും ഒരുവിധ പങ്കുമില്ലെന്ന് മേനിനടിക്കാന്‍വേണ്ടികൂടിയാണ് സ്വന്തം കൈവശമുണ്ടായിരുന്ന വിജിലന്‍സ്വകുപ്പ് ഉമ്മന്‍ചാണ്ടി നേരത്തെതന്നെ ഒരു പ്രത്യേക സാഹചര്യത്തിലാണെങ്കിലും തന്റെ അനുചരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചത്. വിജിലന്‍സ് തന്റെ കീഴിലല്ല എന്ന് സാങ്കേതികമായി ഉമ്മന്‍ചാണ്ടിക്ക് പറയാം; എന്നാല്‍, വിജിലന്‍സ് ആരുടെ കീഴിലാണോ ആ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്റെ കീഴിലല്ല എന്ന് ഉമ്മന്‍ചാണ്ടി പറയുമോ? മുഖ്യമന്ത്രിക്ക് വകുപ്പുകള്‍ക്കുമേലുള്ള പൊതുവായ അധികാരം ഇല്ല എന്നും ഇദ്ദേഹം ഇനി പറഞ്ഞുകളയുമോ?

പ്രതികളെ പ്രോസിക്യൂട്ടുചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതാണ് കേസ് പിന്‍വലിക്കാനുള്ള കാരണമായി കോടതിയില്‍ വിജിലന്‍സ് ബോധിപ്പിച്ചത്. ആരൊക്കെയാണ് പ്രതികളുടെ നിരയില്‍ വരിക? ഉമ്മന്‍ചാണ്ടിയും കൂട്ടരും. അവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതിനുള്ള അനുമതി നിഷേധിച്ചതോ? അതും ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഈ കാപട്യം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് കോടതികളിലുള്ളത് എന്നാണോ ഈ ഭരണക്കാര്‍ കരുതുന്നത്? അങ്ങേയറ്റം അധാര്‍മികവും നിയമവിരുദ്ധവുമായ ഈ നടപടി ഭരണയന്ത്രത്തിന്റെ നഗ്നമായ രാഷ്ട്രീയ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല. സൈന്‍ബോര്‍ഡ് ഇടപാടില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി 500 കോടി രൂപയുടെ അഴിമതി കാട്ടിയെന്ന് നിയമസഭാതലത്തില്‍ വീറോടെ സ്ഥാപിച്ചത് ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘകാല സഹപ്രവര്‍ത്തകനായിരുന്ന ടി എം ജേക്കബ് തന്നെയാണ്. ഈ കേസ് തനിക്ക് അപകടകരമാണെന്ന് ഉമ്മന്‍ചാണ്ടി തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ, കഴിഞ്ഞതവണ മുഖ്യമന്ത്രിസ്ഥാനം വിടുന്നതിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടി ഈ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ഉപേന്ദ്രവര്‍മ മറ്റൊരു നിലപാടെടുത്തതുകൊണ്ടുമാത്രമാണ് കേസ് തുടര്‍ന്ന് നടന്നത്. നിയമത്തെ വഴിതിരിച്ചുവിടാന്‍ അന്ന് തുടങ്ങിവച്ച ശ്രമങ്ങളാണ് ഉമ്മന്‍ചാണ്ടി ഇന്നും മുമ്പോട്ടുകൊണ്ടുപോകുന്നത് എന്നതാണ് വിജിലന്‍സ് കോടതി മുമ്പാകെ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് വിഭാഗം കൊടുത്ത അപേക്ഷ തെളിയിക്കുന്നത്.

നിയമത്തിന്റെ വഴി കൃത്രിമത്തിന്റേതാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ പരമ്പരയിലെ ഒരു കണ്ണിമാത്രമാണിത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തുവരുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്ന് വന്നവേളയില്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ അനുമതിക്കായി പ്രത്യേക കോടതിയെ യുഡിഎഫ് സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം സമീപിച്ചത് മറക്കാറായിട്ടില്ല. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ കോടതിക്കെതിരെയായി യുഡിഎഫ് സര്‍ക്കാര്‍. ജഡ്ജിയെ ഭര്‍ത്സിക്കുന്ന സ്ഥിതിയായി. അദ്ദേഹത്തിനെതിരെ പരാതി കൊടുക്കലായി. ഒടുവില്‍ കേസില്‍നിന്ന് പിന്മാറാന്‍ ജഡ്ജിയെ നിര്‍ബന്ധിക്കുന്ന നിലയായി. പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആ നീക്കം. അതില്‍ പ്രതിഷേധിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് രാജിവച്ച് പോകേണ്ട സ്ഥിതികൂടിയുണ്ടാക്കി ഈ സര്‍ക്കാര്‍. തുടരന്വേഷണത്തെ പാമൊലിന്‍ കേസില്‍ ഭയപ്പെട്ട കൂട്ടര്‍തന്നെ, റേഷന്‍ഡിപ്പോ അഴിമതിക്കേസില്‍നിന്ന് മന്ത്രി അടൂര്‍ പ്രകാശിനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തുടരന്വേഷണമേ വഴിയുള്ളൂ എന്നുകണ്ടപ്പോള്‍ തുടരന്വേഷണാനുമതിക്കുള്ള അപേക്ഷയുമായി കോടതിയെ സമീപിക്കുന്നതും കേരളം കണ്ടു. കെപിസിസി എക്സിക്യൂട്ടീവ് അംഗംതന്നെ ഉന്നയിച്ച അഴിമതി ആരോപണമാണ് കേസിന്റെ രൂപത്തില്‍ പിന്നീട് അടൂര്‍ പ്രകാശിനെ നേരിട്ടത്. മന്ത്രിക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിദ്യയായിരുന്നു തുടരന്വേഷണം. കാസര്‍കോട് വെടിവയ്പ് കേസിലെ അന്വേഷണം ലീഗ് നേതാക്കളിലേക്ക് ചെന്നെത്തുന്നു എന്നുകണ്ടപ്പോള്‍ അത് അന്വേഷിച്ചുകൊണ്ടിരുന്ന നിസാര്‍ കമീഷനെത്തന്നെ ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാര്‍ചെയ്തത്. മാറാട് കേസില്‍ സാമ്പത്തിക സ്രോതസ്സ്, വിദേശബന്ധം, ആയുധം വന്ന വഴി തുടങ്ങിയവ അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിനെ അതില്‍നിന്ന് വിടുവിച്ചയച്ചതും ഐസ്ക്രീംപാര്‍ലര്‍ കേസ് അന്വേഷണസംഘത്തെ അപ്പാടെതന്നെ മാറ്റിയതും "നിയമത്തിന് നിയമത്തിന്റെ വഴി" എന്ന് രാപ്പകലില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നവര്‍തന്നെ. ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണവും ഇതേപോലെ ഇടയ്ക്കുവച്ച് തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതാണ്; കേസ് തങ്ങളുടെ താല്‍പ്പര്യത്തിനെതിരാകുന്നു എന്ന് വന്നപ്പോള്‍. അതും കോടതിയാണ് തടഞ്ഞത്. സിബിഐ അന്വേഷണം ഉണ്ടെന്ന് കള്ളംപറഞ്ഞ് കേരളത്തിലെ കേസ് ഇല്ലാതാക്കി ദല്ലാള്‍ നന്ദകുമാറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ച് ശ്രമം നടത്തിയതും ഇവര്‍തന്നെ. സിബിഐ അന്വേഷണ തീരുമാനം സര്‍ക്കാര്‍ ഫയലില്‍ മരവിപ്പിച്ചുവച്ച് ദല്ലാള്‍ നന്ദകുമാറിന് ജാമ്യം കിട്ടുന്ന നിലയുണ്ടാക്കി സഹായിച്ചതും ഇവര്‍തന്നെ. ഒരുവശത്ത് ഇതെല്ലാം വഴിവിട്ട് ചെയ്യുമ്പോള്‍ത്തന്നെ രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസുകളില്‍ കുടുക്കിയിടാനുള്ള ഭരണയന്ത്ര ദുരുപയോഗവും തകൃതിയായിത്തന്നെ നടക്കുന്നു. ഭരണയന്ത്രം ഇത്ര നഗ്നമായി രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെട്ടിട്ടില്ല കേരളത്തില്‍ ഒരുകാലത്തും.

*
ദേശാഭിമാനി മുഖപ്രസംഗം 15 ഡിസംബര്‍ 2012

No comments: