Friday, December 7, 2012

വൈജ്ഞാനിക മാനുഷികതയുടെ നിറവ്

സൈദ്ധാന്തികന്‍, ചിന്തകന്‍, പ്രഭാഷകന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍, രാഷ്ട്രീയവിശാരദന്‍ എന്നിങ്ങനെപോകുന്ന വിശേഷണങ്ങള്‍ക്കിടയിലും പി ജി ഒരു പച്ചമനുഷ്യനായിരുന്നു. സൈദ്ധാന്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ സമസ്യകള്‍ സൂക്ഷ്മമായി വിശകലനംചെയ്ത് എ കെ ജി ഹാളിലോ നഗരത്തിലെ പ്രധാന വേദികളിലേതിലെങ്കിലുമോ പ്രസംഗിച്ചുനില്‍ക്കുന്ന പി ജിയെ തെല്ലിടകഴിഞ്ഞ് പാളയം ചന്തയില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുന്നതുകണ്ടാല്‍ ആരും പരിഭ്രമിക്കേണ്ടതില്ല. പുസ്തകക്കട അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ ദൗര്‍ബല്യമായിരുന്നു. വായനയും എഴുത്തും പ്രഭാഷണവും സാംസ്കാരികപ്രവര്‍ത്തനവുമെല്ലാം ഇതിന്റെയൊക്കെ അനുബന്ധം മാത്രം. സൈദ്ധാന്തികനിലപാടുകളും പ്രായോഗികപ്രവര്‍ത്തനങ്ങളും ജീവിതത്തിന്റെ രണ്ട് പുറങ്ങളാവണമെന്ന് അദ്ദേഹം വാക്കുകളിലൂടെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നോര്‍മയില്ല. പക്ഷേ ആ ജീവിതം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് അതുമാത്രമാണ്. സംഘടനാപരമെന്നോ സാംസ്കാരികമെന്നോ രാഷ്ട്രീയമെന്നോ വിശേഷിപ്പിക്കാവുന്നതായിരുന്നു പി ജിയുമായി എനിക്കുള്ള ബന്ധത്തിന്റെ പ്രാഥമികരൂപമെന്നിരുന്നാലും അത് ഒരിക്കലും ഏതിലെങ്കിലും ഒതുങ്ങിനിന്നിരുന്നില്ല.

നാല്‍പ്പത് വര്‍ഷം മുമ്പ് സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തകനെന്ന നിലയില്‍ അതിന്റെ ഉയര്‍ന്ന നേതാവിനെയും സൈദ്ധാന്തികനെയുമാണ് ഞാന്‍ പരിചയപ്പെടുന്നത്. എങ്കിലും ഏതാനും രചനകളിലൂടെ മാത്രം അന്ന് പൊതുരംഗത്തെത്തിയിരുന്ന ചെറുപ്പക്കാരനായ എന്നോട് തികഞ്ഞ സമഭാവനയോടെയാണ് അദ്ദേഹം ഇടപെട്ടത്. പാണ്ഡിത്യത്തിന്റെയോ സ്ഥാനപ്പെരുമയുടെയോ തലക്കനം ഒരിക്കലും അദ്ദേഹത്തിന്റെ അരികിലെത്തിയിരുന്നില്ല. സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലായാലും സാഹിത്യസാംസ്കാരിക പ്രശ്നങ്ങളിലായാലും വ്യക്തികുടുംബജീവിത സംബന്ധമായ കാര്യങ്ങളിലായാലും വഴികാട്ടിയും സഹായിയുമായി പി ജി എപ്പോഴുമുണ്ടായിരുന്നു.1983ല്‍ ഞങ്ങള്‍ ചേര്‍ത്തലനിന്ന് തിരുവനന്തപുരത്തേക്ക് കുടിമാറിയെത്തിയപ്പോള്‍ താമസിക്കുന്നതിന് കാരയ്ക്കാമണ്ഡപത്തൊരു വീട് ഏര്‍പ്പാടാക്കിത്തന്നത് പി ജി ഇടപെട്ടാണ്. ആ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീട് ഇന്നോളമുള്ള അനുഭവങ്ങള്‍. നമ്മുടെ സാംസ്കാരികനായകരില്‍ പലരുടെയും കാര്യമോര്‍ത്താല്‍ ഇത് അസാധാരണമാണെന്നുതന്നെ പറയണം. കഴിഞ്ഞ നാല് ദശകങ്ങളുടെ കാര്യമെടുത്താല്‍ സാംസ്കാരികം, സാമൂഹികം, സാഹിത്യം, ലോകരാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ ഇ എം എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ളതും പ്രസംഗിച്ചിട്ടുള്ളതും പി ജിയാണ്. ഓരോന്നിലെയും ചരിത്രപരവും സമകാലികവും അന്തര്‍ദേശീയവുമായ ബന്ധങ്ങള്‍ ഇഴപിരിച്ച് സൂക്ഷ്മമായി പരിശോധിക്കുകയും സമസ്യകളെ വിശകലനം നടത്തുകയുംചെയ്യുന്ന ആ ഇടപെടലുകളോരോന്നും ഓരോ മഹാപ്രബന്ധമാണ് (അവയെല്ലാം സമാഹരിച്ച് പി ജിയുടെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇനി നാം ആലോചിക്കേണ്ടിയിരിക്കുന്നു).

ഇങ്ങനെയാണെന്നിരുന്നാലും നല്ലൊരുകാലത്തോളം അദ്ദേഹത്തിന്റെ രചനകള്‍ ഗ്രന്ഥരൂപത്തില്‍ കാര്യമായി പുറത്തുവന്നിരുന്നില്ല. ഇസങ്ങള്‍ക്കിപ്പുറം, മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം; ഉത്ഭവവും വളര്‍ച്ചയും എന്നിങ്ങനെ ചില ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനുശേഷം കുറേക്കാലത്തേക്ക് അദ്ദേഹം ഗ്രന്ഥരചനയില്‍നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്. മാര്‍ക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രം; ഉത്ഭവവും വളര്‍ച്ചയും എന്ന കൃതി കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടുകയുംചെയ്തു. പിന്നീട് ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും പ്രഭാഷണങ്ങളുടെയും ആനുകാലിക എഴുത്തിന്റെയും തിരക്കില്‍പ്പെട്ടതുകൊണ്ടാവാം മലയാളത്തിന് അദ്ദേഹത്തില്‍നിന്ന് പുസ്തകങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഏറ്റവുമധികം എഴുതുകയും സാംസ്കാരിക എഴുത്തില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നെങ്കിലും ഗ്രന്ഥപ്രസാധനരംഗത്ത് ഇത് പി ജിയെ സംബന്ധിച്ച് ഒരു ശൂന്യവേളയുണ്ടാക്കി. ചില പുരസ്കാരനിര്‍ണയസംരംഭങ്ങളില്‍ ഇടപെടേണ്ടിവന്നപ്പോള്‍ ഇത് വലിയൊരപാകതയായി അനുഭവപ്പെടുകയുംചെയ്തു. അതുകൊണ്ട് ഗ്രന്ഥരചനയിലേക്ക് തിരിച്ചുവരേണ്ടതിന്റെ ആവശ്യകത പലതവണ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴൊക്കെ തന്റെ വിപുലമായ ഗ്രന്ഥരചനാപദ്ധതികളെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു.

ഷേക്സ്പിയര്‍ കൃതികളുടെ സമഗ്രപഠനം (അത് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു), കേരളനവോത്ഥാനത്തെ സംബന്ധിച്ച ബൃഹത്തായ സാംസ്കാരിക വിശകലനം, ഫ്രെഡറിക് ഏംഗല്‍സിന്റെ ജീവചരിത്രം, ലോകവിജ്ഞാനചരിത്രം (പിന്നീട് ഒരു അത്ഭുതമായി അത് നമ്മുടെ കൈയിലെത്തുകയും അതിന്റെ ഒരു പ്രതി എനിക്ക് പ്രത്യേകം രേഖപ്പെടുത്തി തരികയും ചെയ്തു), ഇങ്ങനെ നീണ്ടുപോകുന്ന പദ്ധതികള്‍. എല്ലാം ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പുള്ള കാര്യം. പി ജിയെ സംബന്ധിച്ച ഒരു പ്രൊജക്ട് ചെയ്യുന്നതിന് പുരോഗമനകലാസാഹിത്യസംഘത്തിന്റെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ആലോചിച്ചത് ഏതാണ്ട് ഈ കാലത്ത് തന്നെയാണ്. പി ജി യുടെ രചനകളുടെ സമഗ്രമായ ശേഖരണം, സംഭാവനകളെ സംബന്ധിച്ച സമഗ്രപഠനം, വിപുലമായ സെമിനാറുകള്‍, പിജിയെക്കുറിച്ചുള്ള സിനിമാനിര്‍മാണം എന്നിങ്ങനെയായിരുന്നു പദ്ധതികള്‍. അതിലേക്ക് കമ്മിറ്റിയുണ്ടാക്കുകയും ചില യോഗങ്ങള്‍ കൂടുകയും ചെയ്തെങ്കിലും കാര്യമായൊന്നും മുന്നോട്ടുപോയില്ല. പി ജിയെക്കുറിച്ച് സിനിമ നിര്‍മിക്കുന്ന കാര്യം പ്രശസ്ത ചലച്ചിത്രകാ രന്‍ ഷാജി എന്‍ കരുണുമായി സംസാരിച്ചിരുന്നു. എന്നാല്‍ അതിലും പുരോഗതിയുണ്ടായില്ല. ഗ്രന്ഥരചനയില്‍നിന്ന് കുറേക്കാലം വിട്ടുനിന്ന പി ജി കഴിഞ്ഞ ഒരു ദശകക്കാലം ഗ്രന്ഥരചനയും അവയുടെ പ്രസാധനവും കൊണ്ട് നമ്മെയെല്ലാം വിസ്മയിപ്പിച്ചു. സാഹിത്യവിമര്‍ശനം, ജീവചരിത്രം, സാംസ്കാരികപഠനം എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ ഒരു ദശകക്കാലത്തു മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കൃതികള്‍ അദ്ദേഹത്തിന്റേതാണ്. ആഗോളവല്‍കരണസംസ്കാരം മാധ്യമം, കേരളനവോത്ഥാനത്തെ സംബന്ധിച്ച നാലു ഭാഗങ്ങളായുള്ളകൃതികള്‍, ഫ്രെഡറിക് ഏംഗല്‍സ് ജീവചരിത്രം, മാര്‍ ഗ്രിഗോറിയോസിന്റെ മതവും മര്‍ ക്സിസവും, ഇ എം എസും മലയാളസാഹിത്യവും ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, Bhakthi Movement: Renaissance or Revivalism എന്നിങ്ങനെ നീണ്ടുപോകുന്ന അദ്ദേഹത്തിന്റെ രചനകള്‍ ഇതു വിളിച്ചുപറയുന്നു. വളരെ വ്യത്യസ്തമായ സാഹിത്യസാമൂഹിക സാംസ്കാരികചരിത്രമേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ജീവിച്ച ഏറ്റവും ഉന്നതനായ ഗ്രന്ഥകര്‍ത്താവായി അദ്ദേഹത്തെ നിസ്സംശയം സ്ഥാനപ്പെടുത്തുന്നു.

മലയാളവൈജ്ഞാനിക സാഹിത്യത്തിന്റെ നിറവിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ സംഭാവനകള്‍ ഒരു വിസ്മയമായിത്തന്നെ നിലനില്‍ക്കുന്നു. പി ജിയുടെ അവസാന കൃതി, ഡല്‍ഹിയിലെ ആകാര്‍ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിനു കാണാന്‍ അവസരം ലഭിക്കാതെ പോയ ആവമസവേശ ങീ്ലാലിേ ഞലിമശമൈിരല ീൃ ഞല്ശ്മഹശൊ നവംബര്‍ 30ന് തിരുവനന്തപുരത്തു നടക്കുന്ന പുരോഗമനകലാസാഹിത്യപ്രസ്ഥാനം പ്ലാറ്റിനം ജൂബിലി ദേശീയ സെമിനാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുകയാണ്. ഇനിയും പ്രസിദ്ധീകരിക്കാനായി അദ്ദേഹത്തിന്റെ രചനകള്‍ അവശേഷിക്കുന്നുണ്ടാവുമെന്നാണ് പ്രതീക്ഷ. മലയാളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ എ കെ ജി സെന്ററിലെ കംപ്യൂട്ടറില്‍ അതു കുറേ ചെയ്തിട്ടിട്ടുണ്ട് എന്ന് ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് ഇനിയും നാം കണ്ടെത്തേണ്ട രചനകളെ സൂചിപ്പിക്കുന്നു.

*
എസ് രാജശേഖരന്‍ ദേശാഭിമാനി വാരിക

No comments: