Sunday, December 30, 2012

ജനകീയ ബാങ്കിങ്ങിന് മരണമണി

ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ അലകുംപിടിയും മാറ്റാന്‍ സാധിക്കുന്ന വകുപ്പുകളാണ് ഡിസംബര്‍ 18ന് ലോക്സഭ പാസാക്കിയ ബാങ്കിങ് നിയമഭേദഗതിയില്‍ അടങ്ങിയിട്ടുള്ളത്. ഇടതുപക്ഷ എംപിമാര്‍ നിര്‍ദേശിച്ച എല്ലാ ഭേദഗതികളും നിഷ്കരുണം തള്ളി, യുപിഎ- എന്‍ഡിഎ മുന്നണികളുടെ സംയുക്ത സഹകരണത്തോടെയാണ് ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കിയത്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും ആഗോള മൂലധനശക്തികള്‍ക്കും വലിയ ആവേശം പ്രദാനംചെയ്ത നിയമനിര്‍മാണമാണിതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസിലാക്കാനാകും. സഭാസമ്മേളനം ഒരു ദിവസംകൂടി ദീര്‍ഘിപ്പിച്ച് ഡിസംബര്‍ 20ന് രാജ്യസഭയും ബാങ്കിങ് ബില്ല് പാസാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ചതും ഇടതുപക്ഷ സമ്മര്‍ദത്തെതുടര്‍ന്ന് നിരവധി തവണ മാറ്റിവച്ചതുമായ ബില്ലാണ് ഇപ്പോള്‍ ഇടതുപക്ഷ എതിര്‍പ്പോടെ പാസാക്കിയത്. ജനകീയ ബാങ്കിങ് സംസ്കാരം വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ തീര്‍ത്തും സമ്പന്നാഭിമുഖ്യമുള്ളതാക്കുന്ന നിയമനിര്‍മാണമാണിത്.

ജനങ്ങളുടെ ചെറുസമ്പാദ്യത്തിന്റെ സുരക്ഷയും ഈ സുപ്രധാന വിഭവസ്രോതസ്സിനെ രാഷ്ട്രനിര്‍മാണത്തിനുതകുംവിധം വിന്യസിക്കുകയെന്ന ലക്ഷ്യവും നേടിയെടുക്കാനാണ് 1969ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടപ്പാക്കിയത്. ഇന്ദിരാഗാന്ധിയുടെ ആ നിലപാടിനെ അന്ന് ദേശ-വിദേശ കുത്തകകള്‍ എതിര്‍ക്കുകയും, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഇടതുപക്ഷം പിന്തുണയ്ക്കുകയുംചെയ്തു. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ എല്ലാ സത്തയും ഊറ്റിക്കളഞ്ഞ് ദേശകുത്തകകള്‍ക്കും വിദേശ ഭീമന്മാര്‍ക്കും ഇന്ത്യന്‍ ബാങ്കുകളെ കൈവശപ്പെടുത്താനുള്ള അവസരമാണ് യുപിഎയും എന്‍ഡിഎയും ചേര്‍ന്ന് ഒരുക്കിക്കൊടുക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനംവരെ ഓഹരി കരസ്ഥമാക്കാന്‍ വിദേശികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, എത്ര ഓഹരിയെടുത്താലും പത്തുശതമാനംമാത്രം അധികാരവും ആധിപത്യവും സ്ഥാപിക്കാനേ ഇതുവരെ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ 12 (2) എന്ന കുത്തക വിരുദ്ധമായ വകുപ്പ് ഉണ്ടായിരുന്നതിനാലാണ് വിദേശികള്‍ക്ക് സ്വകാര്യ ബാങ്കുകളില്‍ കടന്നുകയറ്റം നടത്താന്‍ സാധിക്കാതെ പോയത്. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്കിന്റെ 66 ശതമാനം ഓഹരികളും വിദേശികളുടേതാണ്. പക്ഷേ, വിദേശതാല്‍പ്പര്യമനുസരിച്ച് സമ്പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത് ഈ വകുപ്പ് സൃഷ്ടിച്ച പ്രതിബന്ധംമൂലമായിരുന്നു. മലയാളികള്‍ക്ക് സുപരിചിതമായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയിലും 40-50 ശതമാനം വിദേശ ഓഹരി ഉടമകള്‍ ഇപ്പോള്‍ത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടത്ര സജീവതയോടെ ഈ ബാങ്കുകളെ നിര്‍ണായകമായി നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും മുന്‍പ്രതിപാദിച്ച കുത്തകവിരുദ്ധ സ്വഭാവമുള്ള വകുപ്പിന്റെ സാന്നിധ്യംകൊണ്ടായിരുന്നു. ഈ സുപ്രധാന വകുപ്പാണ് ഇപ്പോള്‍ ഭേദഗതിചെയ്തത്. അതുപ്രകാരം സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരിയുടമകള്‍ക്ക് 26 ശതമാനംവരെ ആധിപത്യവും അധികാരവും അനുവദിച്ചിരിക്കുകയാണ്. അഥവാ രണ്ട് വിദേശകുത്തകകള്‍ ചേര്‍ന്നാല്‍ ഇന്ത്യയിലെ ഏതു സ്വകാര്യ ബാങ്കിനെയും കീഴ്പ്പെടുത്താനും അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് ഈ സ്ഥാപനങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കാനും കഴിയും. വിദേശ മൂലധനശക്തികള്‍ നിശ്ചയിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും അധികാര സംവിധാനങ്ങളും എല്ലാ സ്വകാര്യ ബാങ്കുകളിലും യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷണമൊത്ത ഒരു വിദേശ ബാങ്കായിട്ടായിരിക്കും ഇനിമുതല്‍ അവ പ്രവര്‍ത്തിക്കുക. വരുന്ന ഒന്നു രണ്ടു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ സ്വകാര്യ ബാങ്കുകളിലും സമ്പൂര്‍ണ വിദേശാധിപത്യം സാധ്യമാകുമെന്നതാണ് ബാങ്കിങ് നിയമഭേദഗതി ബില്ലിന്റെ സുപ്രധാന പ്രത്യാഘാതം.

സമാനമായ മറ്റൊരു ഭേദഗതിയാണ് ദേശസാല്‍കൃത ബാങ്കുകളെ സംബന്ധിച്ചും നിയമമായിട്ടുള്ളത്. പൊതുമേഖല ബാങ്കുകളില്‍ 20 ശതമാനംവരെ വിദേശികള്‍ക്കും, 49 ശതമാനംവരെ സ്വകാര്യകുത്തകകള്‍ക്കും ഓഹരി അനുവദിച്ചിരുന്നുവെങ്കിലും ഇവരുടെ വോട്ടിങ് അധികാരപരിധി കേവലം ഒരു ശതമാനമായിരുന്നു. ഈ പരിധി ഭേദഗതിചെയ്ത് 10 ശതമാനം വോട്ടിങ് അധികാരം അനുവദിച്ചിരിക്കുന്നു. തന്മൂലം നാലോ അഞ്ചോ വിദേശ-സ്വകാര്യ കുത്തകകള്‍ സംയുക്തമായി യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയിലെ ഏതു ദേശസാല്‍കൃത ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും കയറിപ്പറ്റാം, ആധിപത്യം ഉറപ്പാക്കാം, അവര്‍ വിഭാവനംചെയ്യുന്ന കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാം. അന്നേരവും ഈ ബാങ്കുകളെ ദേശസാല്‍കൃത ബാങ്കെന്നും ഇന്ത്യാ സര്‍ക്കാരിന്റെ അധീനതയിലുള്ള ബാങ്കെന്നും നാമകരണംചെയ്യാന്‍ കഴിയും. ഇപ്പോഴത്തെ ബാങ്കിങ് നിയമഭേദഗതിയുടെ സുപ്രധാന കൗശലവും ഈ മാരീചവേഷം കെട്ടുന്ന സമീപനമാണ്. ബാഹ്യമായ കാഴ്ചപ്പുറത്ത് ഒരു മാറ്റവും വരുത്താതെ ആന്തരികമായ ഉള്ളടക്കവും സിലബസും പ്രവര്‍ത്തന പരിപാടിയും സമൂലമായി അഴിച്ചുപണിയുന്ന വിധത്തിലാണ് ഉപായങ്ങള്‍ ചമയ്ക്കുന്നത്.

2012 ന്റെ അര്‍ധവാര്‍ഷിക കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ 65,00,000 കോടിരൂപയാണ് ജനങ്ങള്‍ അവരുടെ സമ്പാദ്യമായി നിക്ഷേപിച്ചിട്ടുള്ളത്. ബാങ്ക് നിക്ഷേപത്തിന്റെ 23 ശതമാനംതുക സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്ന രൂപത്തില്‍ സര്‍ക്കാരിന്റെ ബോണ്ടുകളിലും സെക്യൂരിറ്റികളിലും ബാങ്കുകള്‍ മുതല്‍മുടക്കേണ്ടതുണ്ട്. ഇങ്ങനെ ബാങ്കുകളില്‍നിന്ന് ലഭിച്ചുവരുന്ന വന്‍തുക ഉപയോഗിച്ചാണ് സര്‍ക്കാര്‍ അതിന്റെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. പുതിയ ബാങ്ക് നിയമ ഭേദഗതിയനുസരിച്ച് എസ്എല്‍ആര്‍ തുക കോര്‍പറേറ്ററുകളുടെ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ സമ്പാദ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് കൈമാറുന്ന ജനവിരുദ്ധ പ്രവൃത്തിയാണിത്. എസ്എല്‍ആറിന്റെ ഒരു ശതമാനമെന്നാല്‍ 65,000 കോടി രൂപയാണെന്നറിയുമ്പോഴാണ് ഈ ഭീമന്‍ വിഭവ സ്രോതസ്സിനെ സംബന്ധിച്ച പുതിയ നിര്‍ദേശത്തിന്റെ ഭയാനകത ബോധ്യപ്പെടുക. പഞ്ചവത്സര പദ്ധതിയടക്കമുള്ള നാടിന്റെ വികസന പ്രവൃത്തികള്‍ക്ക് ലഭിച്ചിരുന്ന വന്‍ തുകയാണ് ഇങ്ങനെ സ്വകാര്യ മുതലാളിമാര്‍ക്ക് വഴിമാറ്റിക്കൊടുക്കുന്നത്. വിഭവദാരിദ്ര്യം അനുഭവിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള ക്ഷേമാനുകൂല്യങ്ങള്‍ വേണ്ടെന്നുവയ്ക്കുകയും നിര്‍മാണ പ്രവൃത്തികളില്‍നിന്ന് സ്വയം പിന്തിരിയുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാരാണ് കോര്‍പറേറ്റുകളുടെ ഉന്നമനത്തിനായി വല്ലാതെ വിയര്‍പ്പൊഴുക്കുന്നത്. മാത്രമല്ല, ഈ നയംമാറ്റംമൂലം ജനങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷപോലും അപകടപ്പെടാനിടവരും.

നിലവിലുള്ള പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് മെഗാ ബാങ്കുകളാക്കാനാണ് മറ്റൊരു നീക്കം. അതു സംഭവിക്കുമ്പോള്‍ കേരളത്തിന്റെ പ്രീമിയര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് ആദ്യം ഇല്ലാതാകുന്നത്. അവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി പരിണമിക്കും. ഒരു പ്രദേശത്തുതന്നെ ഒരേ ബാങ്കിന്റെ ഒന്നിലധികം ശാഖകള്‍ വരുമ്പോള്‍ ശാഖകളുടെ അടച്ചുപൂട്ടല്‍ അനിവാര്യമാകും. മാത്രമല്ല, സ്വകാര്യ മുതലാളിമാരുടെ നിയന്ത്രണത്തിലാകാന്‍ പോകുന്ന എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ലാഭംമാത്രം തേടിയുള്ള യാത്രയില്‍ സാധാരണക്കാരെ അവഗണിക്കുമെന്നത് തീര്‍ച്ച. സബ്സിഡിത്തുകയും പെന്‍ഷനും ബാങ്ക് വഴി പണമായി നല്‍കുമെന്ന വങ്കന്‍ പ്രഖ്യാപനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വേളയിലാണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയെ വരേണ്യവല്‍ക്കരിക്കുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. വന്‍ വ്യവസായ ഗ്രൂപ്പുകള്‍ക്കും ബ്ലേഡ് കമ്പനിപോലെ പെരുമാറുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇഷ്ടംപോലെ ബാങ്കിങ് ലൈസന്‍സ് നല്‍കാനാണ് മറ്റൊരു തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ അംഗീകൃത മൂലധനം 3000 കോടി രൂപയായി ഉയര്‍ത്തുന്നതും സ്വകാര്യവല്‍ക്കരണ കവാടം വിസ്തൃതമാക്കുന്നതിനാണ്. ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയിലെ ജനകീയതയുടെ മരണമണിയാണ് ഈ നടപടികളിലൂടെ മുഴങ്ങുന്നത്. നാടിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന ബാങ്കിങ് സംവിധാനത്തെ ഒരു കൂട്ടം ദേശവിദേശ കുത്തകകള്‍ക്ക് വീതംവച്ചുനല്‍കുന്ന ഇത്തരം നടപടികള്‍ രാഷ്ട്രവികസന പ്രക്രിയയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. നാടിന്റെ സമ്പദ് വ്യവസ്ഥയിലും സാമാന്യ ജനതയുടെ ജീവിതതാളത്തിലും വലിയ കോളിളക്കം ഉണ്ടാക്കുന്ന നടപടിയാണിത്.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി 27 ഡിസംബര്‍ 2012

No comments: