Sunday, December 16, 2012

മരുപ്പച്ചയുടെ ദര്‍ശനം

പ്രവാസമേഖലയില്‍ കഴിവുള്ള നിരവധി എഴുത്തുകാരുണ്ട്. നിര്‍ഭാഗ്യവശാല്‍, അവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഗൗരവമുള്ള വായനയുടെ അന്തരീക്ഷത്തിലേക്ക് വരാന്‍ കഴിയുന്നുള്ളൂ. അവിടെ ജീവിതം ജീവിച്ചുതീര്‍ക്കുന്ന മുഴുവന്‍ പ്രതിഭകളെക്കുറിച്ചും അന്വേഷണവും പഠനവും ആവശ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഗള്‍ഫ്യാത്രയില്‍ ഇ കെ ദിനേശന്റെ "ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങള്‍" എന്ന കൃതി സജീവശ്രദ്ധയില്‍ വരികയുണ്ടായി.

നേരത്തെ മൂന്ന് പുസ്തകങ്ങളിലൂടെ ഈ എഴുത്തുകാരന്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. "ആഗോളവല്‍ക്കരണവും ഡോ. ലോഹ്യയുടെ ഏകലോകദര്‍ശനവും" എന്ന പേരില്‍ വന്ന രാഷ്ട്രീയപഠനമായിരുന്നു അതിലൊന്ന്. "മരണത്തിന്റെ മരുന്നുവില്‍പ്പനക്കാരന്‍" എന്നൊരു കഥാസമാഹാരമാണ് മറ്റൊന്ന്. ബെന്യാമിന്റെ പ്രശസ്ത കൃതിയുടെ പഠനങ്ങളടങ്ങുന്ന "ആടുജീവിതം- വായന, വിചാരണ" ആണ് മൂന്നാമത്തേത്. ഇതിലെല്ലാം തെളിഞ്ഞുകാണുന്ന നിരീക്ഷണപാടവവും അവതരണശേഷിയും പുതിയ ഉപന്യാസസമാഹാരത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി അനുഭവപ്പെട്ടു. ശരാശരിയും അതിനു മേലെയും ജീവിതസാഹചര്യമുള്ളവരെപ്പോലെതന്നെ സ്വന്തം നാട്ടില്‍ നേടാവുന്നതിനേക്കാള്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്നവരും ഗള്‍ഫ്മേഖലയിലുണ്ട്. പക്ഷേ, ഒരിക്കലും തിരിച്ചുപോകാനാകാത്ത വിധം അവര്‍ എന്തുകൊണ്ട് അവിടെ ഒട്ടിപ്പിടിച്ചുപോകുന്നുവെന്നത് സാമൂഹ്യ-മനഃശാസ്ത്രജ്ഞരുടെ ആലോചനാവിഷയമാകേണ്ടതുണ്ട്. അതുപോലെ, പ്രവാസിലോകം അവിടെ അബോധമായി കെട്ടിപ്പടുത്ത ഒരു പ്രത്യേക സാമൂഹ്യ-സാമ്പത്തിക ക്രമത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങളും വേദനയുടെ നവുള്ള പ്രവാസിയുടെ നേര്‍ജീവിതവും തൊട്ടറിയാനുള്ള ശ്രമമാണ് ദിനേശന്‍ 20 ചെറു കുറിപ്പുകളിലൂടെ നടത്തിയിരിക്കുന്നത്. ഒപ്പം പ്രവാസിയെ ജന്മദേശം വേണ്ടവണ്ണം തിരിച്ചറിയുന്നില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവയ്ക്കുന്നു. നാട്ടില്‍ കാണുന്നതുപോലെ, ഒരുപക്ഷേ അതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയ, കല-സാഹിത്യ ചര്‍ച്ചകള്‍ ഒക്കെ മണല്‍നഗരങ്ങളില്‍ നടക്കുന്നുണ്ട്. പലപ്പോഴും വളരെ യാന്ത്രികമായി പോകുന്ന ജീവിതത്തിരക്കുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇടയിലും ഇതിനെല്ലാം അവര്‍ സമയം കണ്ടെത്തുന്നുവെന്നത് വളരെ അഭിനന്ദനീയമായ കാര്യമാണ്.

പ്രവാസമേഖലയിലും നമ്മുടെ നാട്ടിലും ഗള്‍ഫ് ജീവിതത്തെ സമഗ്രമായി കാണാനുള്ള വഴിവിളക്കുകള്‍ കൊളുത്തിത്തരികയാണ് ഈ കൃതിയിലൂടെ ദിനേശന്‍ ചെയ്യുന്നത്. ദിനേശന്‍ ഉള്‍പ്പെടുന്ന അടുത്തടുത്ത പ്രദേശത്തുകാരായ ചില എഴുത്തുകാരുടെ കൂട്ടായ്മയെ അഭിമുഖീകരിക്കാന്‍ എനിക്ക് അവസരമുണ്ടായി. സമീപവാസികളായ കഴിവുള്ള കുറെ എഴുത്തുകാര്‍- അതെന്നെ അത്ഭുതപ്പെടുത്തുകയുംചെയ്തു. ഇവരാരും ഗള്‍ഫില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവരല്ല. ഇവര്‍ എഴുത്തിനെ ഐക്യത്തോടെ, ഗൗരവത്തോടെ നോക്കിക്കാണുന്നു. ഇവരില്‍- സത്യന്‍ മാടക്കര നമ്മുക്ക് പരിചിതനാണ്. നല്ല എഴുത്തുകാരനായ ബാലന്‍ തളിയില്‍, ഫെയ്സ്ബുക്കിലും സജീവസാന്നിധ്യമാണ്. അഹമദ് മൂന്നാംകൈയുടെ വിവര്‍ത്തനങ്ങളും ലേഖനങ്ങളും പുറത്തുവന്നിട്ടുണ്ട്. റഫീക് മേമുണ്ട നല്ല ശക്തിയുള്ള കഥകളും കവിതകളും എഴുതുന്നു. ദിനേശനും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

ഇങ്ങനെ ഒരു ദേശക്കാര്‍മാത്രമല്ല, മറ്റ് ചില ദേശക്കാരും അവരുടെ സര്‍ഗജീവിതത്തിന് ഇതേപോലെ സാക്ഷ്യങ്ങള്‍ ചമയ്ക്കുന്നുണ്ട്. ഇവരുടെയും ഇവരുടെ ചുറ്റിലുള്ളവരുടെയും ജീവിതം, സാമ്പത്തിക-സാമൂഹ്യ ഘടകങ്ങള്‍, രാഷ്ട്രീയസമീപനങ്ങള്‍, തൊഴില്‍ബന്ധങ്ങള്‍, മതേതരമായ ഒത്തുചേരലുകള്‍ എന്നിവയെല്ലാം ദിനേശന്റെ പുസ്തകത്തില്‍ വിശകലനംചെയ്യുന്നു. ഈ പുസ്തകം നല്ലൊരു ദര്‍ശനവും സന്ദേശവും കാഴ്ചവയ്ക്കുന്നു. ദിനേശന്‍ ആത്മാര്‍ഥമായി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍- നിങ്ങള്‍ക്ക് വിയോജിക്കേണ്ട ഘടകങ്ങള്‍ ഉണ്ടായാല്‍പ്പോലും- നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ഇപ്പോള്‍ ഞാന്‍ വായിച്ചുതീര്‍ത്ത 116 പേജുള്ള ഈ ഒലീവ് പുസ്തകം സര്‍ഗസ്പര്‍ശമുള്ള നല്ലൊരു എഴുത്തുകാരനെയും ചിന്താശീലനായ ഒരു സഹൃദയനെയും ഒന്നിച്ച് നമ്മുടെ മുന്നിലെത്തിക്കുന്നു.

*
അക്ബര്‍ കക്കട്ടില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 16 ഡിസംബര്‍ 2012

No comments: