Tuesday, December 11, 2012

പുല്‍ത്തകിടിയിലെ കവിതയും സംഗീതവും

ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ള കായികരൂപമെന്ന സിനിമയാണ് ഫുട്ബോളിലുള്ളത്. അതിലെ എക്കാലത്തെയും വലിയ വിസ്മയം എന്ന പദവിയിലേക്ക് ലൂയി ലയണല്‍ ആന്ദ്രെ മെസി എന്ന അര്‍ജന്റീനിയന്‍ യുവാവ് ഉയര്‍ന്നിരിക്കുന്നു. ഏഷ്യന്‍ പ്രദേശത്തെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ ഇന്നലെ പാതിരാത്രി ഉറക്കമൊഴിച്ച് കാത്തിരുന്നത് വൃഥാവിലായില്ല. 16-ാം മിനിറ്റ് റയല്‍ ബെറ്റിസ് എന്ന എതിര്‍ടീമിന്റെ പ്രതിരോധനിരയില്‍ രാജകുമാരന്റെ അന്തസ്സോടെയും വീരയോദ്ധാവിന്റെ ചടുലതയോടെയും കാലില്‍ പറ്റിപ്പിടിച്ച പന്തുമായി ഓടിക്കയറിയ മെസ്സി തന്റെ ഇടംകാലില്‍നിന്നുതിര്‍ത്ത മിന്നല്‍പ്പിണര്‍പോലെയുള്ള പന്ത് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കുരുങ്ങിയപ്പോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു റെക്കോഡ് കുറിക്കുകയായിരുന്നു. ഒരു കലണ്ടര്‍വര്‍ഷം 85 ഗോളെന്ന ജര്‍മന്‍താരം ഗെര്‍ഡ് മുള്ളറുടെ റെക്കോഡിനൊപ്പം എത്തി. ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ 75 എന്ന ലക്ഷ്യം ആഴ്ചകള്‍ക്കുമുമ്പ് മെസ്സി മറികടന്നിരുന്നു. 16-ാം മിനിറ്റില്‍തന്നെ മുള്ളറുടെ റെക്കോഡിനൊപ്പം എത്തിയതോടെ ലോകത്തിന്റെ ഓരോ കോണിലും കാത്തിരുന്ന കാണികള്‍ക്ക് മുള്ളറുടെ റെക്കോഡ് മറികടക്കാന്‍ ഒരു ഗോള്‍കൂടി മെസ്സിയുടെ കാലില്‍നിന്ന് പിറക്കുമോ എന്ന ആകാംക്ഷയായിരുന്നു. എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സുന്ദരമുഹൂര്‍ത്തം പ്രതിരോധനിരയെ കബളിപ്പിച്ച് കൂട്ടുകാരന്‍ ഇനിയെസ്റ്റയ്ക്ക് തളികയിലെന്നപോലെ മെസ്സി പാസു നല്‍കി. അപ്പോഴേക്ക് പ്രതിരോധനിരക്കാര്‍ ഇനിയെസ്റ്റയ്ക്ക് തടസ്സമുണ്ടാക്കി. മനസ്സുകള്‍ നിശ്ശബ്ദമായി ആശയവിനിമയം നടത്തിയപോലെ ഇനിയെസ്റ്റ മെസ്സിക്കു പുറംകാലുകൊണ്ട് പിന്നിലേക്ക് പന്ത് നല്‍കി. മെസ്സിയുടെ ഇടംകാലില്‍നിന്നുതന്നെ വീണ്ടും എതിര്‍ഗോള്‍വല ഇളക്കുന്ന മിന്നല്‍പ്പിണര്‍ ഷോട്ട്. ഒരു കളിയില്‍ രണ്ട് ചരിത്രമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കത്തക്ക അസുലഭസൗഭാഗ്യമാണ് ഉറക്കം ഉപേക്ഷിച്ച കാണികള്‍ക്ക് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്നു എന്നതുമാത്രമല്ല മെസ്സിയുടെ മികവ്. ഐസക് ന്യൂട്ടന്‍ കണ്ടെത്തി പറഞ്ഞുതന്ന ബലതന്ത്രനിയമങ്ങള്‍ പലതും മാന്ത്രിക വിദ്യയാലെന്നപോലെ അസാധുവാക്കുന്ന ചലനങ്ങളും വേഗവും ദിശാമാറ്റങ്ങളും പന്തിന്റെ ഭ്രമണവുമാണ് മെസ്സിയുടെ കാല്‍സ്പര്‍ശത്തില്‍ കളിക്കളത്തില്‍ നാം കാണുന്നത്. ഒരേസമയം അത് പുല്‍ത്തകിടിയിലെ കവിതയും സംഗീതവുമാണ്.

യുവലോകത്തിന്റെ നിത്യപ്രചോദനമായ രക്തസാക്ഷി ചെഗുവേരയുടെ അര്‍ജന്റീനയില്‍ ചെഗുവേര ജനിച്ച ഒസാരിയോയില്‍ത്തന്നെയാണ് 1987 ജൂണ്‍ 24ന് മെസ്സി ജനിച്ചത്. ചെഗുവേരയുടെ ചിത്രം തന്റെ ബലിഷ്ഠമായ ഭുജങ്ങളില്‍ പച്ചകുത്തി പ്രദര്‍ശിപ്പിക്കുന്ന ഇതിഹാസതാരം ഡീഗോ മറഡോണ "ഇവന്‍ എന്റെ പ്രിയ പിന്‍ഗാമി" എന്ന് മെസ്സിയെ ചൂണ്ടി പ്രഖ്യാപിക്കുന്ന മികവിലേക്ക് കുട്ടിത്തം മുഖത്തും ചിരിയിലും സൂക്ഷിക്കുന്ന മെസ്സിയുടെ വളര്‍ച്ച എളുപ്പമുള്ളതായിരുന്നില്ല. ചെറുപ്രായത്തില്‍ ഗുരുതരമായ ഒരു ഹോര്‍മോണ്‍ തകരാറു നിമിത്തം ആരോഗ്യവും വളര്‍ച്ചയും സംബന്ധിച്ച് ഒരുപാട് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സയ്ക്കായി കൂടിയാണ് അര്‍ജന്റീനയില്‍നിന്ന് ബാഴ്സലോണയിലേക്ക് താമസം മാറ്റിയത്. ബാഴ്സലോണ ക്ലബ് അവരുടെ യുവതാരങ്ങളെ പരിശീലിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുമെസ്സിയെയും ഉള്‍പ്പെടുത്തി. ചികിത്സാ ചെലവും ഏറ്റെടുത്തു. 16-ാം വയസ്സില്‍ എസ്പാനിയോള്‍ ടീമിനെതിരെ ആദ്യ മത്സരം. 1-0 വിജയം നേടിയ ടീമില്‍ അന്നേ ശ്രദ്ധിക്കപ്പെട്ടു. 2005 മെയ് ഒന്നിന് റെക്കോഡുകള്‍ സൃഷ്ടിക്കുന്ന വിനോദത്തിന് മെസ്സി തുടക്കം കുറിച്ചു. സ്പാനിഷ് ലീഗില്‍ ഗോള്‍ കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 17 വയസ്സും 10 മാസവും 7 ദിവസവും. 20 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പില്‍ 2005ല്‍ അര്‍ജന്റീനയ്ക്ക് കപ്പ് നേടിക്കൊടുത്തു. ഏറ്റവും കൂടുതല്‍ ഗോളടിച്ചതിനുള്ള സുവര്‍ണപാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സുവര്‍ണപന്തും നെതര്‍ലന്‍ഡ്്സില്‍ നടന്ന ആ ജൂനിയര്‍ ലോകകപ്പില്‍ മെസ്സിയെ തേടിയെത്തി. കഴിഞ്ഞ ലോകകപ്പില്‍ മറഡോണ പരിശീലകനായെത്തിയ ടീമില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ബാഴ്സലോണയ്ക്കുവേണ്ടി നടത്തിപ്പോന്ന ഉജ്വലഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്നത് വിമര്‍ശങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഇപ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി നേടിയ ഗോളുകളും ഒരുക്കിയ ഗോളുകളും വിമര്‍ശകരെ നിശ്ശബ്ദരാക്കി. കൊല്‍ക്കത്തയില്‍ പാഴ്സനിക് സ്റ്റേഡിയത്തില്‍ വെനസ്വേലയുടെ ദേശീയ ടീമിനെതിരായ കളിയില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ മെസ്സിയുടെ ആസൂത്രണത്തില്‍നിന്നു പിറന്നതാണ്. അന്ന് സ്റ്റേഡിയത്തില്‍ കാണികളായുണ്ടായിരുന്നവര്‍ ഓരോരുത്തരും മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോള്‍ ഇളകിമറിയുകയായിരുന്നു.

ടെന്നീസ്കോര്‍ട്ടില്‍ റോജര്‍ ഫെഡറര്‍ കളിക്കാനിറങ്ങുമ്പോള്‍ കളി ജയിച്ചാലും തോറ്റാലും പുതിയ ചില റെക്കോഡുകള്‍ തിരുത്തിക്കുറിക്കാറുണ്ട് എന്ന് നമുക്കറിയാം. കുറെ നാളായി അത് മെസ്സിക്കും ബാധകമാണ്. ഫെഡററെ കുറിച്ച് പറയുമ്പോള്‍ നദാലിനെയും ജോകോവിക്കിനെയും ആന്‍ഡിമറെയെയും കുറിച്ച് ഓര്‍ത്തുപോകും. മെസ്സിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാക്കയെയും വെയ്ന്‍ റൂണിയെയും ഇബ്രാഹിമോവിച്ചിനെയും പോലുള്ള കളിക്കാരെയും ഓര്‍ക്കുക സ്വാഭാവികം. ചിലര്‍ മെസ്സിയെക്കാള്‍ രണ്ടുവയസ്സുകൂടുതലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രാഗത്ഭ്യത്തെക്കുറിച്ച് പറയാറുണ്ട്. ഇന്നത്തെ ലോകത്ത് ഏറ്റവും മികച്ച കളിക്കാരന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയാണെന്ന് പലതവണ ആവര്‍ത്തിച്ച അതിവേഗ ഓട്ടത്തിലെ ഉസൈന്‍ബോള്‍ട്ട് ഏറ്റവും ഒടുവില്‍ പറഞ്ഞത് ലയണല്‍ മെസ്സി കഴിഞ്ഞേ ക്രിസ്റ്റ്യാനോ വരൂ എന്നാണ്. എന്തായാലും കാല്‍പ്പന്തുകളിയിലെ ഈ മഹാ ഇതിഹാസങ്ങളുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞത് നമ്മുടെ സൗഭാഗ്യം. മെസ്സിയും കൂട്ടുകാരും കളിക്കളത്തില്‍ അത്ഭുതങ്ങളും പുതുചരിത്രങ്ങളും കുറിക്കാന്‍ ഇനിയും ഉണര്‍വോടെയും ഉത്സാഹത്തോടെയും മത്സരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

*
എം എ ബേബി ദേശാഭിമാനി 11 ഡിസംബര്‍ 2012

No comments: