Tuesday, December 25, 2012

എഫ്ഡിഐയുടെ ലക്ഷ്യം പരമാവധി ലാഭം

ഇന്ത്യയിലെ മള്‍ട്ടിബ്രാന്‍റ് ചില്ലറ വ്യാപാരരംഗത്ത് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് അംഗീകാരം നിഷേധിക്കുന്ന പ്രമേയത്തെ പരാജയപ്പെടുത്താന്‍ രണ്ടാം യുപിഎ സര്‍ക്കാരിന് കഴിഞ്ഞ നിലയ്ക്ക്, അടുത്ത പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ക്കുള്ള മുറവിളി ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ""ചില്ലറ വ്യാപാരത്തില്‍ എഫ്ഡിഐ തീരുമാനമായ നിലയ്ക്ക്, യുപിഎ സര്‍ക്കാര്‍ മറ്റ് പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകണം"" എന്നാണ് 2012 ഡിസംബര്‍ 10െന്‍റ ഹിന്ദുസ്ഥാന്‍ ടൈംസ് മുഖപ്രസംഗം ആവശ്യപ്പെടുന്നത്. പാര്‍ലമെന്‍റിെന്‍റ വേദിയില്‍ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കിത്തീര്‍ക്കുന്ന വിദ്യയില്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടുകള്‍ വമ്പിച്ച വൈദഗ്ദ്ധ്യം നേടിയിരിക്കുന്നു.

1993ലെ ""ജെഎംഎം കൈക്കോഴക്കേസി""ലും 2008ലെ ""വോട്ടിന് പണം"" കേസിലും അത്തരം ""ഭൂരിപക്ഷം നിര്‍മിച്ചെടുക്കുന്""തിനുള്ള വൈദഗ്ദ്ധ്യം തുറന്നു കാട്ടപ്പെട്ടതാണ്. (""സമ്മതിയുടെ നിര്‍മിതിയെ""പ്പറ്റി പറഞ്ഞിട്ടുള്ള നോം ചോംസ്കിയോടും വാള്‍ട്ടര്‍ ലിപ്മാനോടും മറ്റും ക്ഷമാപണത്തോടെ). ഇപ്പോഴത്തെ സംഭവത്തില്‍ ചില്ലറ വ്യാപാരത്തില്‍ എഫ്ഡിഐ കൊണ്ടുവരുന്നതിനെ പരസ്യമായി എതിര്‍ത്ത പാര്‍ടികള്‍ക്കാണ് രണ്ടു സഭകളിലും, അംഗസംഖ്യയനുസരിച്ച് കേവല ഭൂരിപക്ഷം. എന്നിട്ടുമതാ, വോട്ടിങ്ങ് സമയത്ത് സ്ഥിതി കീഴ്മേല്‍ മറിഞ്ഞു! അതിെന്‍റ പിന്നിലുള്ള ദുരൂഹതയെ, കാലം തുറന്നു കാണിക്കുക തന്നെ ചെയ്യും. ഇതു സംഭവിച്ച ഉടനെ മറ്റൊരു വസ്തുത കൂടി പുറത്തുവന്നു -""ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി വിപണി ലഭിക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതടക്കം ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ആഗോള ചെറുകിട കച്ചവട കുത്തക ഭീമനായ വാള്‍മാര്‍ട്ട് ഏതാണ്ട് 125 കോടി രൂപ ചെലവഴിച്ചുവെന്നതാണത്.

ഇന്ത്യയിലെ ചെറുകിട വ്യാപാര വിപണി ഇന്ന് 50,000 കോടി ഡോളറിേന്‍റതാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2020 ആകുമ്പോഴേക്ക് അത് 1 ലക്ഷം കോടി ഡോളറിേന്‍റതാകും എന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു അന്വേഷണം നടത്തണം എന്ന ആവശ്യത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടര്‍ന്ന് രാജ്യസഭയ്ക്ക് തിങ്കളാഴ്ച (10.12.12) ചോദ്യോത്തര വേളയ്ക്ക് അപ്പുറത്തേക്ക് കടക്കാനായില്ല - തൊട്ടുമുമ്പുള്ള ദിവസത്തെ വോട്ടിങ്ങില്‍ ജയിയ്ക്കാനായി കോണ്‍ഗ്രസ്സിനെ സഹായിച്ച ചില പാര്‍ടികളുടെപോലും പിന്തുണ ഈ ആവശ്യത്തിന് ലഭിക്കുകയുണ്ടായി. വാള്‍മാര്‍ട്ടിെന്‍റ പങ്കാളിയായ ഭാരതി എന്‍റര്‍പ്രൈസസിെന്‍റ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കടകളുടെ ശൃംഖലയില്‍ വാള്‍മാര്‍ട്ട് ""രഹസ്യമായും നിയമവിരുദ്ധമാ""യും 10 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്കിനോട് വ്യാപാര മന്ത്രാലയം ആവശ്യപ്പെട്ടതിെന്‍റ തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. മാധ്യമങ്ങളിലെ വാര്‍ത്തയനുസരിച്ച്, ഈ നിക്ഷേപം കൊണ്ട് ഈ സംയുക്ത കമ്പനിയുടെ ഓഹരിയില്‍ 49 ശതമാനം വാള്‍മാര്‍ട്ടിെന്‍റ കൈകളിലാകും. വാള്‍മാര്‍ട്ടിെന്‍റ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ശനമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, ഇന്ത്യയില്‍ ഈ അന്വേഷണവും നടക്കുന്നത്. മെക്സിക്കോയില്‍ വാള്‍മാര്‍ട്ടിെന്‍റ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി, പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിനുവേണ്ടി വാള്‍മാര്‍ട്ട് മെക്സിക്കോ എന്ന സ്ഥാപനം കോടിക്കണക്കിന് ഡോളര്‍ ചെലവിടുകയുണ്ടായി എന്ന് എട്ടുകൊല്ലം മുമ്പു തന്നെ, വാള്‍മാര്‍ട്ട് മനസ്സിലാക്കിയിരുന്നതായി, ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതുപോലെത്തന്നെ, നിരവധി തൊഴിലാളിവിരുദ്ധ നയങ്ങള്‍ കൈക്കൊണ്ടതിന്, വാള്‍മാര്‍ട്ടിന് പല രാജ്യങ്ങളില്‍നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ലോകത്തെങ്ങുമായി വാള്‍മാര്‍ട്ടിന് കീഴില്‍ 222 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കുറഞ്ഞ കൂലി, മോശപ്പെട്ട തൊഴില്‍ പരിതഃസ്ഥിതി, അപര്യാപ്തമായ ആരോഗ്യപരിരക്ഷ, യൂണിയന്‍വിരുദ്ധമായ നയങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍, വാള്‍മാര്‍ട്ട് എത്രയോ നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, ഇന്ത്യന്‍ പാര്‍ലമെന്‍റിന് ഇതൊക്കെ നല്ലപോലെ അറിയുകയും ചെയ്യാം. ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് മേഖലയിലെ എഫ്ഡിഐ നിക്ഷേപം ഇന്നത്തെ 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുക, പെന്‍ഷന്‍ ഫണ്ടില്‍ എഫ്ഡിഐ അനുവദിക്കുക തുടങ്ങിയ അടുത്ത തലമുറയില്‍പ്പെട്ട പരിഷ്കരണങ്ങള്‍ ആരംഭിക്കണം എന്ന ആവശ്യത്തിനുള്ള ന്യായീകരണമായി ഉന്നയിയ്ക്കപ്പെടുന്നത്, നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വളരെ അത്യാവശ്യമായ പണം ഇങ്ങനെ എഫ്ഡിഐ കൂടുതല്‍ ഒഴുകി വരുന്നതുവഴി ലഭിക്കും എന്നാണ്. ദീര്‍ഘകാലത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതിനേക്കാള്‍ സേവന മേഖലകളില്‍നിന്ന് ദ്രുതഗതിയില്‍ ലാഭമുണ്ടാക്കുന്നതിലാണ് എഫ്ഡിഐയ്ക്ക് താല്‍പര്യമെന്നാണ് സാര്‍വത്രികമായ അന്താരാഷ്ട്ര അനുഭവം കാണിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലേക്ക് ഒഴുകിവന്നിട്ടുള്ള മൊത്തം എഫ്ഡിഐയില്‍ വെറും 5 ശതമാനം മാത്രമാണ് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ നിക്ഷേപിയ്ക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 26 ശതമാനം എഫ്ഡിഐ അനുവദിച്ചുവെങ്കിലും കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിച്ച എഫ്ഡിഐ ഏതാണ്ട് 6700 കോടി രൂപ മാത്രമാണ്. നേരെമറിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍നിന്ന് ലഭിച്ച മൊത്തം തുകയില്‍ ഏതാണ്ട് 90 ശതമാനവും എല്‍ഐസി നല്‍കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്.

2010-11 വര്‍ഷത്തില്‍ ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് കടന്നുവന്ന എഫ്ഡിഐ അമേരിക്കയിലെ 4.1 ശതമാനവും ജര്‍മനിയിലെ 3.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ 4.4 ശതമാനം ആയിരുന്നുവെന്നതില്‍നിന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ഇറങ്ങിവരുന്നതിനുള്ള അവരുടെ പ്രത്യേക താല്‍പര്യം വ്യക്തമാകുന്നുണ്ട്. ആഗോളതലത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും ജനറല്‍ ഇന്‍ഷ്വറന്‍സില്‍ മൂന്നാംസ്ഥാനവുമാണുള്ളത്. ആഗോള മാന്ദ്യത്തിെന്‍റ ഈ കാലഘട്ടത്തില്‍ ഈ വിപണിയെ ചൂഷണം ചെയ്യുന്നതിനാണ് എഫ്ഡിഐ വ്യഗ്രത കാണിക്കുന്നത്. ഇന്ത്യയിലെ വമ്പിച്ച ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് എഫ്ഡിഐയ്ക്ക് പ്രവേശനം ലഭിക്കുന്നുവെന്നതിന്നര്‍ഥം, ലാഭം പരമാവധിയായി വര്‍ദ്ധിപ്പിക്കുന്നതിനായി, ഇവിടെ നിന്നു ലഭിക്കുന്ന പണം അവര്‍ക്ക് ലോകത്തില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോയി പ്രയോജനപ്പെടുത്താം എന്നാണ്;

ഇന്ത്യയിലെ അടിസ്ഥാന വികസന പദ്ധതികളില്‍ നിക്ഷേപിയ്ക്കണമെന്നില്ല. തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവനും ഇന്‍ഷ്വറന്‍സില്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഇന്ത്യക്കാരുടെ സാമ്പത്തിക ഭദ്രതയെ (അന്താരാഷ്ട്ര ധനവിപണികളിലെ അസ്ഥിരത കാരണം) ഇത് അട്ടിമറിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എഫ്ഡിഐയ്ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്നതോടുകൂടി, പെന്‍ഷന്‍ പറ്റിയതിനുശേഷമുള്ള തങ്ങളുടെ ഉപജീവനമാര്‍ഗത്തിനായി പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ സാമ്പത്തികമായി തകര്‍ന്നുപോകും. ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ചിലിയിലെ പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ക്ക് അവരുടെ പെന്‍ഷന്‍ വരുമാനത്തിെന്‍റ 17 ശതമാനം നഷ്ടമായി എന്ന് ചിലിയന്‍ ഇക്കണോമിക് റിസര്‍ച്ച് സെന്‍റര്‍ (ഇഋചഉഅ) പ്രസ്താവിക്കുന്നു. ""ലാഭം പരമാവധിയാക്കല്‍, നയപരമായ പരിഷ്കാരങ്ങള്‍, രാഷ്ട്രീയം എന്നിവ അന്തിമ വിശകലനത്തില്‍ അന്യോന്യം വേര്‍തിരിഞ്ഞു നില്‍ക്കുന്ന വിഷയങ്ങളായി നിലകൊള്ളുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ പരിഷ്കാരങ്ങളുടെ രണ്ടാംഘട്ടം ഊര്‍ജിതമായി ആരംഭിച്ചിരിക്കുന്നു"" എന്ന നിഗമനത്തിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിെന്‍റ മുഖപ്രസംഗം എത്തിച്ചേരുന്നത്. സാധാരണക്കാര്‍ക്ക് അനുകൂലമായതും രാജ്യത്തിെന്‍റയും ജനങ്ങളുടെയും ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതുമായ നയങ്ങള്‍ എന്താണെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയമാണ് എന്ന അവസ്ഥയ്ക്കുപകരം ഉന്നയിയ്ക്കപ്പെടുന്നത് ലാഭം പരമാവധിയാക്കിത്തീര്‍ക്കുക എന്നതാണ് - സാമൂഹ്യക്ഷേമത്തെ പരമാവധിയാക്കിത്തീര്‍ക്കുക എന്നതിന് പകരമാണിത്. അടിസ്ഥാന വികസന പദ്ധതികളില്‍ സര്‍ക്കാര്‍ ഫണ്ട് നിക്ഷേപിച്ചുകൊണ്ട് സാധാരണക്കാരന് അനുകൂലമായി തൊഴിലവസരങ്ങള്‍ വിപുലമായി വര്‍ദ്ധിപ്പിക്കുന്ന പരിഷ്കാരങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യം. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ, ആഭ്യന്തരചോദനം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുകയും സ്ഥിരമായ വളര്‍ച്ചാപഥം കാണിക്കുകയും ചെയ്യുന്ന പദ്ധതികളായിരിക്കണം അവ.

ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ ദൃഢമായ അടിസ്ഥാനമാണ് അവസാനഘട്ടത്തില്‍ വിജയിക്കുന്നതിന് നമ്മെ സഹായിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ ദൃഢമായ അടിസ്ഥാനത്തെ അവസാനഘട്ടത്തില്‍ തകര്‍ത്തതു കാരണം (സന്ധ്യയ്ക്ക് കൊണ്ടുപോയി കുടമുടയ്ക്കുന്നതുപോലെ) ഇന്ത്യയ്ക്ക് പല ക്രിക്കറ്റ് മാച്ചുകളിലും പരാജയം സംഭവിച്ചിട്ടുണ്ട്. നാം പാഠം പഠിയ്ക്കേണ്ടിയിരിക്കുന്നു. അടുത്ത തലമുറയിലെ ഈ പരിഷ്കാരങ്ങള്‍ എഫ്ഡിഐയുടെ ലാഭം പരമാവധിയാക്കുന്നതിനു മാത്രമേ ഉപകരിയ്ക്കുകയുള്ളൂ. രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ കോര്‍പറേറ്റുകളിലെ ഒരു വിഭാഗത്തിനും അത് പ്രയോജനപ്പെട്ടേയ്ക്കാം.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

1 comment:

അനില്‍ഫില്‍ (തോമാ) said...

PLEASE GO TO BELOW LINK AND READ, COMMENT ON THIS SIMILAR ARTICLE

http://anilphil.blogspot.com/2012/12/blog-post_23.html