Thursday, December 20, 2012

നസ്രേത്തിലെ ബാല്യം

"കൊട താ സിസ്റ്ററേ... മഞ്ഞേല് ങ്ങനെ പൂക്കള്ള്ളത്. നാന് പോവാ... ഈ ചേച്ചീടൊപ്പം... ബാഗും താ... ന്റെ ഉടുപ്പ്ണ്ടതില്. ഞാന്‍ വന്നപ്പൊ കൊണ്ടന്നതാ. പൊലീസാ എന്നെ ഇങ്ങട് കൊണ്ടന്നെ. ഞാം നി പോവില്ല അപ്പന്റേം അമ്മന്റേം അട്ത്തേക്ക്. ചേച്ചീന്റൊപ്പം പോകാ.. കൊട താ സിസ്റ്ററേ". ആറ് വയസ്സുകാരി സച്ചു (യഥാര്‍ഥ പേരല്ല) തമിഴും മലയാളവും കലര്‍ത്തി കൊഞ്ചിപ്പറയാന്‍ തുടങ്ങി. പാലക്കാട് കണ്ണാടി മുതുകാട് നസ്രത്ത് കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്ററിലെ സച്ചുവിനും സ്വപ്നങ്ങളുണ്ട്. പുറംലോകത്തെ കാഴ്ചകള്‍ കാണാന്‍. ഈ ലേഖനം തയ്യാറാക്കാന്‍ ചെന്ന് മടങ്ങുമ്പോള്‍ അവള്‍ എന്റെ നേഞ്ചോട് പറ്റിച്ചേര്‍ന്നു പറഞ്ഞു. "നാനും പോരാണ്...ചേച്ചീന്റെ ഒപ്പം." ഒടുവില്‍ അവളെ അടര്‍ത്തിമാറ്റിമടങ്ങുമ്പോള്‍ ഒരമ്മ മനസ്സ് വല്ലാതെ കുത്തിനോവിച്ചു. മറുപടികളില്ലാതെ...

ആരെങ്കിലും....

എച്ച് ഐ വി ബാധിതരായവരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് നസ്രത്ത് കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്റര്‍. സച്ചുവിന്റെ മാതാപിതാക്കള്‍ റെയില്‍വേസ്റ്റേഷന്റെ സമീപമാണ് താമസിക്കുന്നത്. ഇരുവരും എച്ച്ഐ വി ബാധിതര്‍. എന്നാല്‍ സച്ചുവിനെ രോഗം ബാധിച്ചിട്ടില്ല. ഇക്കൂട്ടത്തില്‍ നിന്ന് ഇവളെ ഏറ്റെടുക്കാന്‍ ആരെങ്കിലും വന്നെങ്കില്‍. അതാണ് ഇവിടെയുള്ളവരുടെ ആഗ്രഹവും. എച്ച്ഐവി രോഗബാധിതരായ ഒട്ടേറെ പേര്‍ ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാം കരയാനും ചിരിക്കാനും ഒരാള്‍ കൂടെ വേണം. അപ്പോഴെല്ലാം അവര്‍ ഉറക്കെ വിളിക്കും. "സിസ്റ്ററേ.... ഒന്ന് വാ... സിസ്റ്ററേ ഇത് നോക്ക്...." സ്ഥാപനത്തിന്റെ കോ- ഓര്‍ഡിനേറ്ററായ സിസ്റ്റര്‍ ടെസ്സിന്‍ മൈനാട്ടിയാണ് അവര്‍ക്കെല്ലാം. ഓരോ ജീവിതവും ഓരോ കഥകളാണ്. എത്ര പറഞ്ഞാലും തീരാതെ അവ നമുക്ക് മുന്നിലുണ്ടാകും. നസ്രത്തിലെ ഓരോ അന്തേവാസിക്കും പറയാനുണ്ട് താഴെ വീണുടഞ്ഞ് പോയ ജീവിതത്തിന്റെ കഥകള്‍. എന്നാല്‍ ഒരിക്കല്‍ പൊട്ടിച്ചിതറിയെന്ന് കരുതിയവയെല്ലാം സൂക്ഷ്മതയോടെ ചേര്‍ത്ത് പിടിച്ച് സിസ്റ്റര്‍ ടെസ്സിന്‍ അവരെ വീണ്ടും പിച്ചവെപ്പിക്കുന്നു. വീണ്ടും തുടങ്ങാം.. ഒരിക്കല്‍ വീണുപോയ കാലുകളോട് തളരല്ലേയെന്ന് പഠിപ്പിച്ച്... 2006ല്‍ രണ്ട് കുട്ടികളുമായാണ് നസ്രത്ത് കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്റര്‍ ഇവിടെ ആരംഭിച്ചത്. ജീവിതത്തിലേക്ക് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് തോന്നിപ്പിക്കും വിധം എച്ച്ഐവി രോഗബാധിതരായ രണ്ട് കുഞ്ഞുങ്ങള്‍. "അവരെയും കൊണ്ട് ആശുപത്രികളിലേക്ക് ഓടുമ്പോള്‍ ഒറ്റ പ്രാര്‍ഥന മാത്രം... എങ്ങനെയെങ്കിലും ഇവരുടെ ജീവന്‍ കാക്കണമേയെന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഉന്മേഷത്തോടെ ഓടിനടക്കുന്നു. ഇങ്ങനെ ഒട്ടേറെപ്പേര്‍ ഇവിടെയുണ്ട്." സിസ്റ്റര്‍ പറയുന്നു. "ഇവിടെയുള്ളവരെല്ലാം വീടും കുടുംബവും ഉള്ളവരാണ്. അവരെല്ലാം കാത്തിരിക്കുന്നുണ്ട്, എന്നെങ്കിലും ആരെങ്കിലും വരും തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമെന്ന്. എന്നാല്‍ ആ കാത്തിരിപ്പ് കാണുന്നത് വല്ലാത്ത സങ്കടമാണ്. അത്തരം പ്രതീക്ഷകള്‍ക്കുമുന്നില്‍ നമ്മള്‍ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ട അവസ്ഥ...

സാധാരണ മനുഷ്യര്‍

സംസ്ഥാനത്ത് എയ്ഡ്സ്ബാധിതരുടെ എണ്ണത്തില്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. ജില്ലാ ആശുപത്രിയില്‍ ആന്റി റെട്രോ വൈറല്‍ ടെസ്റ്റിങ് സെന്ററില്‍ എച്ച്ഐവി പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നരവര്‍ഷത്തിനിടെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40ഗര്‍ഭിണികളും 98 കുട്ടികളും ഉള്‍പ്പടെ 1405 രോഗികള്‍ ചികിത്സ തേടിയെത്തി. സംസ്ഥാനത്ത് എച്ച്ഐവി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മുന്നില്‍ നില്‍ക്കുന്ന നാല് താലൂക്കുകളില്‍ മൂന്നെണ്ണം പാലക്കാട് ജില്ലയിലാണ്. "എച്ച്ഐ വി ബാധിതരായവര്‍ക്ക് മരുന്ന് മാത്രം പോര. യോഗ, വ്യായാമം, കൗണ്‍സലിംഗ് എന്നിവയെല്ലാം നല്‍കി നിങ്ങളും സാധാരണ മനുഷ്യരില്‍ ഒരുവര്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍. അതാണ് ഏറ്റവും പ്രധാനം." സിസ്റ്റര്‍ പറയുന്നു.

ചിലപ്പോഴെല്ലാം രോഗബാധിതര്‍ക്കു മുന്നില്‍ പതറിപ്പോകാറുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. രോഗം പോസിറ്റീവാണെന്ന റിസല്‍ട്ട് കിട്ടിയാല്‍ ചുരുങ്ങിയത് ആറുമാസത്തേക്ക് അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവില്ല. ആ കാലയളവില്‍ അവരുടേതായ ലോകത്തേക്ക് സ്വയം ഉള്‍വലിഞ്ഞിരിക്കുന്ന കാഴ്ച. എല്ലാ വേദനകളേയും ഉള്ളിലൊതുക്കി മറ്റൊരാളായി മാറുന്ന ദിവസങ്ങള്‍. അതില്‍നിന്ന് അവരെ കൈപിടിച്ച് നടത്തുകയെന്നത് ഏറെ ശ്രമകരമാണ്. പലപ്പോഴും അവരുടെ കണ്ണീരിന് മുന്നില്‍ അറിയാതെ പതറുമ്പോള്‍ അരുതെയെന്ന് സ്വയം ഓര്‍മ്മപ്പെടുത്തി..." എല്ലാവര്‍ക്കും നസ്രേത്ത് പിച്ചവച്ച് നടക്കാന്‍ പഠിക്കുന്ന ബാല്യകാലമാണ്. നടന്ന് നടന്ന് ലക്ഷ്യത്തിലെത്താമെന്ന് അവരെ സ്വയം ബോധ്യപ്പെടുത്തുകയാണ് ഇവിടെ. ക്രിസ്തുവും പിച്ചവച്ച് വലുതായി വേദനിക്കുന്നവരുടെ അത്താണിയായത് നസ്രേത്തില്‍ (ഇസ്രായേല്‍) നിന്നാണല്ലോ.

വേദനയുടെ പുലര്‍ച്ചകള്‍

മിക്കവാറും ദിവസങ്ങളില്‍ ആരെങ്കിലുമൊക്കെ ആശുപത്രിയില്‍ ചികിത്സയിലാവും. ഒരാള്‍ക്ക് മാറി വരുമ്പോള്‍ മറ്റൊരാള്‍... ഒരു തുടര്‍ച്ചയെന്നോണം. ഇടയിലെപ്പോഴൊ ഇനിയൊരിക്കലും മടങ്ങിവരാത്ത വിധം മരണത്തിന്റെ കൈകളിലേക്ക് ആരെങ്കിലും നടന്നെത്തിയിട്ടുണ്ടാവാം. അടുത്ത ഊഴം ആരുടേതെന്നറിയാതെ എവിടെ നിന്നൊക്കെയോ ഉയരുന്ന അടക്കിപ്പിടിച്ച ചില നെടുവീര്‍പ്പിടല്‍. ഓരോ ദിവസവും പുലരുന്നത് ഇങ്ങനെ ആരുടെയെങ്കിലുമൊക്കെ വേദനകളിലൂടെയാവും. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, എസ് എ ബി എസ് സെന്റിനറി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കമ്യൂണിറ്റി കെയര്‍ സെന്റര്‍, കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്റര്‍ എന്നീ രണ്ട് പദ്ധതികള്‍ നസ്രത്തിലുണ്ട്. കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്റര്‍ പദ്ധതിയനുസരിച്ച് എച്ച്ഐവി പോസിറ്റീവായ സ്ത്രീകളെയും കുട്ടികളെയും ഇവിടെ താമസിപ്പിക്കുന്നു. കമ്യൂണിറ്റി കെയര്‍ സെന്ററില്‍ പുരുഷന്മാര്‍ക്കും ചികിത്സ നല്‍കുന്നുണ്ട്. അത് ഒരു താല്‍ക്കാലിക ചികിത്സാ സഹായം മാത്രമാണ്. രോഗം കുറഞ്ഞാല്‍ അവര്‍ക്ക് വീട്ടില്‍ മടങ്ങിപ്പോയി ജീവിതം തുടരാം. സ്ഥിരമായി താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ സംവിധാനം.

ഇപ്പോള്‍ ഇവിടെ നാല് കുട്ടികളും 16 സ്ത്രീകളും 10 പുരുഷന്മാരുമാണ് ഉള്ളത്. ഈ കണക്ക് പലപ്പോഴും മാറിമറിയും. ഇവിടെയെത്തുന്ന രോഗബാധിതരായ ഗര്‍ഭിണികള്‍ക്ക് പ്രസവത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. പിന്നീട് അവര്‍ക്ക് മടങ്ങിപ്പോകുന്ന വരെയുള്ള എല്ലാ ശുശ്രൂഷയും നല്‍കും. ഒടുവില്‍ അമ്മയെയും കുഞ്ഞിനെയും ബന്ധുക്കള്‍ക്ക് കൈമാറും. കോഴിക്കോട്, കോട്ടയം എന്നിങ്ങനെ ഒട്ടേറെ ജില്ലകളില്‍ നിന്നുള്ളവര്‍ ഇവിടുത്തെ അന്തേവാസികളാണ്. സിസ്റ്റര്‍ ടെസ്സിനെ കൂടാതെ ഒരു കൗണ്‍സിലര്‍, 2 നേഴ്സ്, ഒരു സീനിയര്‍ നേഴ്സ്, എന്നിവരെക്കൂടാതെ രോഗബാധിതരുടെ വീട്ടിലെത്തി വിവരങ്ങള്‍ നല്‍കുന്ന മൂന്ന് ഔട്ട്റീച്ച് വര്‍ക്കേഴ്സും ഇവിടെയുണ്ട്.

"പ്രതിരോധശേഷി കുറഞ്ഞതിനാല്‍ ഇവര്‍ക്കെല്ലാം മിക്കവാറും എന്തെങ്കിലുമൊക്കെയായി അസുഖങ്ങള്‍ ഉണ്ടാവും. ഒരു കുഞ്ഞിനെയെന്നപോലെ അവരെ നോക്കണം. ചിലപ്പോള്‍ മരുന്ന് കഴിക്കാന്‍ പോലും ഇവര്‍ ശാഠ്യം കാണിക്കും. അപ്പോഴെല്ലാം കൂടെ നിന്ന് മാനസികമായും ശാരീരികമായും പിന്തുണ നല്‍കി ഓരോ നിമിഷവും അവരുടെ കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുക. ക്ഷമയോടെയേ ഇതെല്ലാം ചെയ്യാനാവു. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്കെല്ലാം എന്നോട് തുറന്ന് പറയാനും കരയാനുമാകുന്നു. അത് അവര്‍ക്ക് വലിയൊരാശ്വാസമാണ്. കേട്ടിരിക്കാനും അവരുടെ സ്വന്തം എന്ന് പറയാനും ഒരാള്‍." സിസ്റ്റര്‍ പറയുന്നു. രോഗബാധിതര്‍ എന്ന് കരുതി അവരെ മാറ്റി നിര്‍ത്താറില്ല. അടുക്കളയില്‍പ്പേലും അവര്‍ക്ക് ചെയ്യാവുന്ന ചെറിയ ജോലികള്‍ ചെയ്യിക്കും. ഒപ്പം പ്ലാസ്റ്റിക്ക് പൂക്കള്‍ നിര്‍മ്മിക്കാനും പേപ്പര്‍ ബാഗുണ്ടാക്കാനും അവരെ പഠിപ്പിക്കുന്നു."

തുറന്നിട്ട വാതിലുകള്‍

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ചികിത്സക്കും കൗണ്‍സലിംഗിനും നസ്രത്തിലെത്താറുണ്ട്. എച്ച്ഐ വി ബാധിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആര്‍ക്കുമുന്നിലും നസ്രത്തിന്റെ പടികള്‍ തുറന്നുകിടക്കുന്നു. ഒരു കൈത്താങ്ങ് ഇവിടെ ലഭ്യമാണ്. എപ്പോഴും... ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം. സച്ചുവിന്റെ ലോകത്ത് വര്‍ണ്ണക്കടലാസുകളിലെ നക്ഷത്രങ്ങളില്ല. അപ്പൂപ്പന്‍താടി പോലെയെത്തുന്ന സാന്താക്ലോസില്ല. എങ്കിലും അവള്‍ പറയുന്നു. "ഉം... ക്രിസ്മസിന് ഞങ്ങളും....." ഇറങ്ങുമ്പോള്‍ വീണ്ടും നെഞ്ചുപൊള്ളിക്കുന്ന ആ ചോദ്യം... "വരില്ലേ എന്നെ കൊണ്ടുപോകാന്‍... നാളെ

*
ജിഷ ദേശാഭിമാനി

No comments: