Sunday, December 30, 2012

ചങ്കൂറ്റത്തോടെ ലാറ്റിനമേരിക്ക

ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ കുന്തമുനയായ ഹ്യൂഗോ ഷാവേസ് വീണ്ടും വെനസ്വേലയില്‍ അധികാരത്തിലെത്തിയത് ലോകത്താകെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭകര്‍ക്ക് ആവേശമായി. ക്യൂബയും ബൊളീവിയയും ഇക്വഡോറും വെനസ്വേലയുമൊക്കെയടങ്ങുന്ന ലാറ്റിനമേരിക്കന്‍ ചെങ്കോട്ട സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പ് ചങ്കൂറ്റത്തോടെ തുടരുന്നു. അമേരിക്കയുടെ പിന്നാമ്പുറ പദവിയില്‍നിന്ന് മോചിതമാകുന്ന തെക്കനമേരിക്കയുടെ സോഷ്യലിസ്റ്റ് പാത കൂടുതല്‍ ചുവക്കുകയാണ്.

ഒക്ടോബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാംതവണയാണ് ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായത്. ഷാവേസ് 54.42 ശതമാനം വോട്ട് നേടിയപ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ മത്സരിച്ച വലതുപക്ഷ എതിരാളി ഹെന്‍റി കാപ്രിലെസിന് 44.9 ശതമാനം വോട്ടേയുള്ളൂ. 1.9 കോടിയില്‍പ്പരം വോട്ടര്‍മാരില്‍ 81 ശതമാനവും വോട്ട് ചെയ്തതുവഴി ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യങ്ങളില്‍ ഒന്നാണ് തങ്ങളുടേതെന്ന് വെനസ്വേലന്‍ജനത തെളിയിച്ചു. ഡിസംബറില്‍ നടന്ന സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഷാവേസിന്റെ അഭാവത്തിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍തന്നെയാണ് തങ്ങളെ ഭരിക്കുകയെന്ന് വെനസ്വേലന്‍ ജനത തെളിയിച്ചു. ഷാവേസ് അധികാരത്തില്‍ എത്തിയശേഷമുള്ള 14 വര്‍ഷത്തില്‍ ആദ്യമായി അദ്ദേഹം സജീവമായി പ്രചാരണരംഗത്തില്ലാതെയായിരുന്നു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍, ആകെയുള്ള 23 സംസ്ഥാനങ്ങളില്‍ 20 ഇടത്തും വന്‍വിജയം നല്‍കിയാണ് ഷാവേസിന്റെ സോഷ്യലിസ്റ്റ് നയങ്ങളോടുള്ള പ്രതിബദ്ധത ജനം പ്രകടിപ്പിച്ചത്. 15 സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തിയ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി അഞ്ച് സംസ്ഥാനം എതിരാളികളില്‍നിന്ന് പിടിച്ചെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിനോട് പരാജയപ്പെട്ട ഹെന്‍റി കാപ്രിലെസ് കഷ്ടിച്ചാണ് മിരാന്‍ഡ ഗവര്‍ണര്‍സ്ഥാനം നിലനിര്‍ത്തിയത്.

2013 ജനുവരി 10ന് പുതിയ ഊഴം തുടങ്ങാനിരിക്കെ ഷാവേസിന്റെ ആരോഗ്യസ്ഥിതി ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഒന്നര വര്‍ഷംമുമ്പ് അര്‍ബുദബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സയെത്തുടര്‍ന്ന് സുഖംപ്രാപിച്ചതായിരുന്നു. എന്നാല്‍, വീണ്ടും രോഗം തിരിച്ചെത്തി. ക്യൂബയില്‍ ശസ്ത്രക്രിയക്കുശേഷം ഷാവേസ് പൂര്‍ണ ബോധം വീണ്ടെടുത്തതായും കിടക്കയില്‍നിന്ന് അദ്ദേഹം നിര്‍ദേശംനല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റത്തിന് വെനസ്വേലയില്‍ തുടക്കമിട്ട് 1998ലാണ് ഷാവേസ് ആദ്യമായി അധികാരത്തിലെത്തിയത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പല തന്ത്രവും പയറ്റി. 2002ല്‍ സിഐഎയുടെ പിന്തുണയോടെ നടന്ന അട്ടിമറിശ്രമവും 2004ല്‍ രാജ്യത്തെ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടന്ന എണ്ണപ്പണിമുടക്കും ചിലതുമാത്രം. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്‍ഗാമിയായി വൈസ്പ്രസിഡന്റ് നിക്കോളസ് മഡൂറോയെ അംഗീകരിക്കണമെന്ന് ഷാവേസ് രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു.

2013-19 കാലഘട്ടത്തില്‍ രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഷാവേസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സോഷ്യലിസ്റ്റ് പദ്ധതി നടപ്പാക്കാന്‍ ജനങ്ങളുടെ ആവേശകരമായ പിന്തുണ വര്‍ധിത ഊര്‍ജമാകുമെന്നും മഡൂറോ വ്യക്തമാക്കിയിട്ടുണ്ട്. സൈമണ്‍ ബൊളിവാറുടെയും ഷാവേസിന്റെയും സ്വപ്നംപോലെ ശക്തമായ രാജ്യം കെട്ടിപ്പടുക്കാന്‍ സജീവമായി രംഗത്തിറങ്ങാന്‍ മഡൂറോ വെനസ്വേലന്‍ ജനതയോട് ആഹ്വാനംചെയ്തു. പരാഗ്വയില്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോയെ പാര്‍ലമെന്റ് ഇംപീച്ച്മെന്റ് അധികാരമുപയോഗിച്ച് അട്ടിമറിച്ചതിനെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തതും തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തിലെ മാറ്റത്തിന്റെ പ്രതിഫലനമായി. അമേരിക്കയുടെ നോട്ടപ്പുള്ളിയായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ഇക്വഡോര്‍ രാഷ്ട്രീയ അഭയം പ്രഖ്യാപിച്ചതും ലാറ്റിനമേരിക്ക ഇനി പാശ്ചാത്യരാഷ്ട്രങ്ങളുടെ താളത്തിന് തുള്ളില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.

മാന്ദ്യനിഴലില്‍ ഒബാമയ്ക്ക് രണ്ടാമൂഴം

അമേരിക്കയുടെ ആദ്യ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനം നേടി നാലുവര്‍ഷംമുമ്പ് ചരിത്രം കുറിച്ച ബറാക് ഹുസൈന്‍ ഒബാമ രണ്ടാമൂഴത്തിന് തെരഞ്ഞെടുക്കപ്പെട്ടത് 2012ലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. ഒന്നരവര്‍ഷത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങളുടെയും അമേരിക്കന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഉദ്വേഗത്തിന്റെയും പരിസമാപ്തിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിക്കാരനായ ഒബാമയുടെ വിജയം അമേരിക്കയിലെ വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതായിരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറല്‍ കോളേജില്‍ 332 സീറ്റ് നേടിയാണ് ഒബാമ മിറ്റ് റോംനിയെ പരാജയപ്പെടുത്തിയത്. രണ്ട് മുഖ്യ സ്ഥാനാര്‍ഥികളുംകൂടി 200 കോടി ഡോളറിലേറെ ചെലവഴിച്ച പ്രചാരണത്തിന്റെ ഫലമായി വര്‍ഷം മുഴുവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒബാമയെ അമേരിക്കന്‍ വാരികയായ ടൈം 2012ലെ വ്യക്തിയായി തെരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. എന്നാല്‍, ലോകത്തിന് ഇക്കാലയളവില്‍ ഒബാമയില്‍ നിന്നുണ്ടായ സംഭാവന ഇത്തരം വാഴ്ത്തലുകളെ പരിഹാസ്യമാക്കുന്നതാണ്. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ യാഹുവില്‍ ഈവര്‍ഷം ഏറ്റവും തെരയപ്പെട്ട വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റേതായിരുന്നു. നാലുവര്‍ഷത്തെ ഭരണത്തില്‍ ഒബാമയ്ക്ക് നേട്ടമായി അവകാശപ്പെടാന്‍ കാര്യമായി ഒന്നുമില്ല. മുന്‍ഗാമി ജോര്‍ജ് ഡബ്ല്യു ബുഷില്‍നിന്ന് കൈമാറിക്കിട്ടിയ സാമ്പത്തിക പ്രതിസന്ധി അത്ര തീവ്രമായിട്ടല്ലെങ്കിലും തുടരുകയാണ്. അടിതെറ്റിയാല്‍ അഗാധഗര്‍ത്തില്‍ പതിക്കാവുന്ന അമേരിക്കയിലെ ധനപ്രതിസന്ധിയെ ഒരു കിഴുക്കാംതൂക്കിനോടാണ് സാമ്പത്തിക വിദഗ്ധര്‍ ഉപമിക്കുന്നത്.അമേരിക്കയ്ക്ക് താങ്ങാവുന്ന വായ്പാപരിധി 16.4 ലക്ഷം കോടി ഡോളറായാണ് കഴിഞ്ഞവര്‍ഷം യുഎസ് കോണ്‍ഗ്രസ് നിശ്ചയിച്ചത്. അത് വര്‍ഷാന്ത്യത്തിനുമുമ്പ് ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പാപ്പരായി എന്നാണര്‍ത്ഥം. വായ്പാപരിധി ഉയര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ അംഗീകാരം നേടാന്‍ ഒബാമ നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. 2011ല്‍ 14.3 ലക്ഷം കോടി ഡോളറായിരുന്ന വായ്പാപരിധി കഴിഞ്ഞ വര്‍ഷത്തെ അവസാന ദിനങ്ങളില്‍ 16.4 കോടി ഡോളറായി ഉയര്‍ത്തുകയായിരുന്നു. സമാനരീതിയില്‍ ഇത്തവണയും പ്രതിസന്ധി അതിജീവിക്കാം എന്നാണ് ഒബാമ പ്രതീക്ഷിക്കുന്നതെങ്കിലും റിപബ്ലിക്കന്‍ ഭൂരിപക്ഷ പ്രതിനിധി സഭ അതിന് ഈടാക്കുന്ന വില ഡെമോക്രാറ്റുകളുടെ പല ക്ഷേമപദ്ധതികളെയും വികലമാക്കും. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളില്‍നിന്ന് ആദ്യ ഊഴത്തില്‍ അല്‍പ്പംപോലും വ്യതിചലിക്കാതിരുന്ന ഒബാമയില്‍നിന്ന് അവസാന ഊഴത്തിലും ലോകത്തിന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. യുദ്ധഭ്രാന്തില്‍ ഒരുപടി മുന്നിലായ റിപബ്ലിക്കന്മാരെ നാലുവര്‍ഷത്തേക്കുകൂടി വെള്ളക്കൊട്ടാരത്തിന് പുറത്തുനിര്‍ത്തി എന്നുമാത്രം ആശ്വസിക്കാം.

ചൈനയ്ക്ക് പുതുനേതൃത്വം

ആഗോള സാമ്പത്തികപ്രതിസന്ധിയിലും ഉലയാതെ മുന്നേറുന്ന ചൈനയെ അടുത്ത പതിറ്റാണ്ടില്‍ നയിക്കുന്നത് പുതുനേതൃത്വം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) പതിനെട്ടാം കോണ്‍ഗ്രസ് ഒക്ടോബറില്‍ പുതിയ കേന്ദ്രകമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. ഷി ജിന്‍പിങ്ങാണ് പുതിയ ജനറല്‍ സെക്രട്ടറി. രണ്ട് വനിതാനേതാക്കളടക്കം 25 അംഗ പൊളിറ്റ് ബ്യൂറോയെയും ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പതിറ്റാണ്ടില്‍ ഒരിക്കല്‍ ചൈനയില്‍ നടപ്പാക്കുന്ന അധികാരമാറ്റത്തിന്റെ ആദ്യപടിയാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ സിപിസിയുടെ നേതൃത്വത്തിലെ മാറ്റം. ജനകീയ വിമോചനസേനയെ നയിക്കുന്ന കേന്ദ്ര സൈനിക കമീഷന്‍ തലവനായും അമ്പത്തൊമ്പതുകാരനായ ഷീ തെരഞ്ഞെടുക്കപ്പെട്ടു. ഉപപ്രധാനമന്ത്രിമാരായ ലീ കെഖ്യാങ്, ഷാങ് ദീജിയാങ്, വാങ് കിഷാങ്, ഷാങ്ഹായ് പാര്‍ടി സെക്രട്ടറി യൂ ഷെങ്ഷെങ്, പ്രചാരണവിഭാഗം തലവന്‍ ലിയൂ യുന്‍ഷാന്‍, തിയാന്‍ജിന്‍ പാര്‍ടി സെക്രട്ടറി ഷാങ് ഗൗലി എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി വളര്‍ന്ന ചൈനയെ അടുത്ത പതിറ്റാണ്ടില്‍ നയിക്കുക ഈ നേതൃത്വമാകും. 18-ാം കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഹു ജിന്താവോ മാര്‍ച്ചില്‍ രാജ്യത്തിന്റെ പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധികാരം ഒഴിയുമ്പോള്‍ ഷി ജിന്‍പിങ് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും. വെന്‍ ജിയബാവോയുടെ സ്ഥാനത്ത് അമ്പത്തേഴുകാരനായ ലീ കെഖ്യാങ് പ്രധാനമന്ത്രിയാകും. ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ചൈന രക്ഷപ്പെട്ടെങ്കിലും അതിന്റെ ആഘാതത്തിന്റെ ഫലമായി ചൈനയുടെയും വളര്‍ച്ചാനിരക്കില്‍ കുറവുണ്ട്. ഇത് നേരിടുകയാകും പുതിയ നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി. 3.20 ലക്ഷം കോടി ഡോളറിന്റെ ഭീമമായ വിദേശനാണ്യശേഖരവും സാമ്പത്തിക ഉത്തേജന പദ്ധതികള്‍ തുടര്‍ന്ന് കുതിപ്പ് തുടരാനുള്ള സാമ്പത്തികശക്തിയുമുള്ള ചൈനയ്ക്ക് ഇത് നിഷ്പ്രയാസം നേരിടാനാകും എന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. വിപ്ലവശേഷം അഞ്ചാംതലമുറ നേതാക്കളിലേക്കാണ് ചൈനയില്‍ ഭരണമാറ്റം. 2002ല്‍ 16-ാം കോണ്‍ഗ്രസിലായിരുന്നു മുമ്പ് നേതൃമാറ്റം. ലിയു യാന്‍ദോങ്, സുന്‍ ചുന്‍ലാങ് എന്നിവരാണ് പുതിയ പൊളിറ്റ്ബ്യൂറോയിലെ വനിതാ അംഗങ്ങള്‍.

*
കടപ്പാട്: ദേശാഭിമാനി 30 ഡിസംബര്‍ 2012

No comments: