Sunday, December 9, 2012

പി ജിയും സംസ്കാരചരിത്രവും

ബഹുശാഖിയായ ഒരു ജ്ഞാനവൃക്ഷമായിരുന്നു പി ജി. ഇല പടര്‍ത്തിയും പൂവിടര്‍ത്തിയും പല പതിറ്റാണ്ടുകള്‍ കേരളീയ ജീവിതത്തിനുമേല്‍ കുടചൂടിനിന്ന മാമരം. സാങ്കേതികവിദ്യയുടെ അതിസൂക്ഷ്മലോകങ്ങളും സമ്പദ്ശാസ്ത്രത്തിന്റെ ഗണിതവിചാരങ്ങളുംപോലെ ചുരുക്കം ചില വിഷയങ്ങളേ പി ജി ഒഴിച്ചുനിര്‍ത്തിയിട്ടുള്ളൂ. ഭാഷാ വിജ്ഞാനവും രാഷ്ട്രീയ ഭൂമിശാസ്ത്രവും മുതല്‍ കലാവിമര്‍ശനവും തത്വചിന്തയും വരെയുള്ള എത്രയോ വിഷയ മേഖലകളിലൂടെ പി ജി അനായാസം കടന്നുപോയി. ഈ വിഷയ മേഖലകളിലെ അറിവുകളെ ഇതര വിജ്ഞാനങ്ങളുമായി പല നിലകളില്‍ ചേര്‍ത്തുവച്ച് ചിലപ്പോഴൊക്കെ അന്തര്‍വിഷയ നിഷ്ഠമായും പലപ്പോഴും ബഹുവിഷയനിഷ്ഠമായും ഓരോ പഠനമേഖലയെയും പുനര്‍വിഭാവനംചെയ്തു. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ജ്ഞാനമേഖലകളെ വൈജ്ഞാനിക ചരിത്രത്തിന്റെയും സംസ്കാര ചരിത്രത്തിന്റെയും സമഗ്ര വീക്ഷണത്തില്‍ അവതരിപ്പിക്കുകയെന്നത് പി ജിയുടെ ധൈഷണികവൃത്തിയുടെ അടിസ്ഥാന താല്‍പര്യമായിരുന്നു. ഏതറിവും അദ്ദേഹത്തിന് ഒരുപോലെ പ്രിയപ്പെട്ടതായിത്തീര്‍ന്നത് അവയൊക്കെയും ഈ സമഗ്രബന്ധത്തിന്റെ ആവിഷ്കാരപ്രകാരങ്ങള്‍  ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടും, ആ നിലയില്‍ അവയോരോന്നിനെയും വകതിരിച്ചെടുക്കാന്‍പോന്ന വൈജ്ഞാനിക വ്യാപ്തി സ്വന്തമായി ഉണ്ടായിരുന്നതുകൊണ്ടുമാണ്.

അളവില്‍ നിന്നും ഗുണത്തിലേക്ക് പരിണമിച്ച ജ്ഞാനസമൃദ്ധിയായിരുന്നു പി ജിയുടേത്. തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടുപതിറ്റാണ്ടുകളില്‍ പി ജി ഏറ്റവുമധികം ശ്രദ്ധചെലുത്തിയ വിഷയമേഖലകളിലൊന്ന് സംസ്കാരചരിത്രമായിരുന്നു. സംസ്കാരചരിത്രം, സാംസ്കാരികചരിത്രം തുടങ്ങിയ പദങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പുതിയ കാലത്ത് അതിന്റെ അര്‍ത്ഥവിവക്ഷകളില്‍ വന്ന വ്യത്യാസം മിക്കപ്പോഴും തിരിച്ചറിയപ്പെടാറില്ല. സംസ്കാരപഠനം, സാംസ്കാരിക പഠനങ്ങള്‍ എന്നെല്ലാം പരാമര്‍ശിക്കപ്പെട്ടുവരുന്ന വിജ്ഞാനശാഖയെ സംബന്ധിച്ച് ഈ തിരിച്ചറിവില്ലായ്മ എത്രയോ ഗുരുതരമാണ് എന്നുതന്നെ പറയണം. സംസ്കാരം എന്ന വിശേഷമേഖലയെ വകതിരിച്ചെടുത്ത് അതിനെ ഏതെങ്കിലുമൊരു രീതി പദ്ധതിയെ മുന്‍നിര്‍ത്തി പഠിക്കുന്നതല്ല സംസ്കാരപഠനം. അതുപോലെ സംസ്കാരം എന്ന വിശേഷ മേഖലയുടെ ചരിത്രം എഴുതുന്നതല്ല സംസ്കാരചരിത്രം. സാഹിത്യവും സംഗീതവും പോലുള്ള കലാനിര്‍മ്മിതികളുടെയോ ദേശീയ പാരമ്പര്യങ്ങള്‍പോലുള്ള ആശയാവലികളുടെയോ അനുഷ്ഠാനക്രമങ്ങളും ആധാര പദ്ധതികളും ഉള്‍പ്പെട്ട ജീവിതക്രമങ്ങളുടെയോ ചരിത്രം എഴുതുന്നതിനെ സംസ്കാര ചരിത്രം എന്ന് വിശേഷിപ്പിക്കുന്നത്, സംസ്കാരം എന്ന പരികല്‍പനയുടെ അര്‍ത്ഥവിവക്ഷകളെ ചുരുക്കിയെഴുതിക്കൊണ്ടാണ്. സംസ്കാരം സമഗ്രജീവിതരീതിയാണ് എന്നതാണ് സംസ്കാര പഠനത്തിന്റെയും സംസ്കാരചരിത്രത്തിന്റെയും അടിസ്ഥാന സമീപനങ്ങളിലൊന്ന്. ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ഏതെങ്കിലുമൊരു ജനവിഭാഗം പിന്‍പറ്റുന്ന സമഗ്രജീവിത രീതിയെയാണ് സംസ്കാരമായി അത് പരിഗണിക്കുന്നത്. അതുകൊണ്ട് സംഗീതവും സാഹിത്യവും എന്നതുപോലെ കളിയും ഭക്ഷണശീലവും വസ്ത്രധാരണവും മുതല്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ദൈവാരാധനയുടെ സമ്പ്രദായങ്ങളും വരെ അവിടെ സാംസ്കാരിക നിര്‍മ്മിതികള്‍ (cutlural artifacts) ആയാണ് പരിഗണിക്കപ്പെടുന്നത്. പരസ്പര ബന്ധിതവും വിപുലവുമായ ഒരു ബന്ധവ്യവസ്ഥയ്ക്കുള്ളില്‍ ഇതരഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടും ഇതര ഘടകങ്ങളില്‍ സ്വാധീനം ചെലുത്തിയുമാണ് ഓരോ സാംസ്കാരികനിര്‍മ്മിതിയും നിലകൊള്ളുന്നത്. ഈ സ്വാധീനത്തിന്റെ തോതും തരവും വ്യത്യസ്തമാവാമെങ്കിലും ഇത്തരമൊരു ബന്ധവ്യവസ്ഥയ്ക്ക് പുറത്ത് ഒറ്റതിരിഞ്ഞ് ഒരു അനുഭവലോകമോ പ്രവൃത്തിമണ്ഡലമോ ജ്ഞാന രൂപമോ ആയി യാതൊന്നുംതന്നെ നിലനില്‍ക്കുന്നില്ല എന്നതാണ് സംസ്കാര പഠനം അവതരിപ്പിക്കുന്ന കാഴ്ചപ്പാട്. അതുകൊണ്ട് സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല, സംസ്കാര വ്യവസ്ഥയുടെ ഭാഗമെന്ന നിലയിലുള്ള പഠനമാണ് സംസ്കാര പഠനം. സംസ്കാരത്തിന്റെ ചരിത്രമല്ല, സംസ്കാരവ്യവസ്ഥയ്ക്കകത്ത് ഓരോ സാംസ്കാരിക നിര്‍മ്മിതിയും അര്‍ത്ഥവും അനുഭവവും ഉളവാക്കിയതിന്റെയും ആ പ്രക്രിയയുടെ ചരിത്ര പരിണാമത്തിന്റെയും വിശകലനമാണ് സംസ്കാരചരിത്രം. സംസ്കാരചരിത്രത്തിന്റെ മേല്‍പറഞ്ഞ പരിപ്രേക്ഷ്യത്തിന്റെ മൗലിക പ്രാധാന്യം അത് ആശയങ്ങളുടേയും അനുഭൂതികളുടേയും ലോകത്തെ ഭൗതിക ജീവിതത്തിന്റെ അനുബന്ധ ലോകമായി പരിഗണിക്കുന്നില്ല എന്നതാണ്. സംസ്കാരത്തെ ഉപരിഘടനാപരമായ ഉപ പ്രതിഭാസമായി ചുരുക്കിയെഴുതുന്ന യാന്ത്രിക വീക്ഷണത്തിനെതിരെ സംസ്കാരത്തിന്റെ ഭൗതികതയില്‍ ഊന്നുകയാണ് സംസ്കാരപഠനവും സംസ്കാര ചരിത്രവും ചെയ്യുന്നത്. പ്രത്യക്ഷവും ഭൗതികവുമായുള്ള നാനാതരം ബന്ധങ്ങളിലൂടെ ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ പ്രയോഗ ക്ഷമത കൈവരിക്കുന്ന ഭൗതിക ശക്തികളായിത്തന്നെയാണ് ആശയാനുഭൂതികളുടെ ലോകം സംസ്കാര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.

ഇംഗ്ലീഷ് തുറമുഖങ്ങളിലെ കച്ചവടക്കണക്കുകളും അക്കാലത്തെ പത്രവാര്‍ത്തകളും മറ്റും ഉപയോഗപ്പെടുത്തി എലിസബത്തന്‍ നാടകവേദിയുടെ പൊരുള്‍ വിശദീകരിക്കാനും ഷേക്സ്പീരിയന്‍ പ്രതിഭയുടെ സാമൂഹ്യ രാഷ്ട്രീയ മാനങ്ങള്‍ വിശകലനവിധേയമാക്കാനും സാംസ്കാരിക ഭൗതികവാദ ചിന്തകള്‍ നടത്തിയ പരിശ്രമങ്ങള്‍ സംഗതമാകുന്നതും ഈ പ്രകരണത്തിലാണ്. ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം ഉല്‍പാദന വ്യവസ്ഥയുടെ അനുബന്ധലോകമായി സ്ഥാനിര്‍ണ്ണയംചെയ്ത സാംസ്കാരികലോകത്തെ, ഉല്‍പാദന വ്യവസ്ഥയും ആശയാവലികളും ഭരണകൂടവും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പങ്കുചേരുന്ന വിപുലമായ ഒരു ബന്ധവ്യവസ്ഥയുടെ ഘടകസാമഗ്രിയായി പുനര്‍വിഭാവനംചെയ്യാനാണ് സാംസ്കാരിക ഭൗതികവാദം ശ്രമിക്കുന്നത് എന്നര്‍ത്ഥം. "സമഗ്രജീവിതരീതി" എന്ന പരികല്‍പന ഇത്രമേല്‍ വ്യാപകമായ അര്‍ത്ഥസാധ്യതകളെ ഉള്‍ക്കൊള്ളുന്നു. ഇക്കഴിഞ്ഞ ഒരു വ്യാഴവട്ട കാലയളവില്‍ (2000-2012) പി ജി ഏറ്റെടുത്ത രചനാ സംരംഭങ്ങള്‍ പരിശോധിച്ചാല്‍ സംസ്കാര ചരിത്രത്തിന്റെ മേല്‍പറഞ്ഞ കാഴ്ചവട്ടം അദ്ദേഹം അവയിലുടനീളം പല നിലകളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാനാകും. വ്യക്തിജീവിത ചരിത്രങ്ങള്‍, ചരിത്രാനുഭവങ്ങള്‍, വൈജ്ഞാനിക സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഷയമേഖലകളെ സ്പര്‍ശിക്കുന്നവയാണ് ഇക്കാലത്ത് പി ജിയുടേതായി പുറത്തുവന്ന ഗ്രന്ഥങ്ങള്‍. എംഗല്‍സ്, ചാള്‍സ്ഡാര്‍വിന്‍, പൗലോസ് മാര്‍ഗ്രിഗോറിയസ്, ഇ എം എസ്, കെ ദാമോദരന്‍ എന്നിവരുടെ ജീവചരിത്രങ്ങളാണ് പി ജി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ എഴുതിയത്. കേരളീയ ജീവിതത്തെ അടിമുടി പുതുക്കിപ്പണിത ചരിത്രാനുഭവം എന്ന നിലയില്‍ കേരളീയ നവോത്ഥാനത്തെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്ന നാല് സഞ്ചികകള്‍ (അതില്‍ അവസാനത്തേതായ "മാധ്യമപര്‍വം" പുറത്തുവരാനിരിക്കുന്നതേയുള്ളൂ) അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപോലെ ആധുനിക ലോകത്തിന്റെ പൊരുള്‍ നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒന്നാം വൈജ്ഞാനിക വിപ്ലവത്തിന്റെ (Scientific revolution എന്നതിന്റെ വിവര്‍ത്തനമായാണ് "വൈജ്ഞാനിക വിപ്ലവം" എന്ന് പി ജി എഴുതുന്നത്) സാംസ്കാരികചരിത്രവും അദ്ദേഹമെഴുതി. ആ നിലയില്‍ സംസ്കാര ചരിത്രരചനയുടെ ഏറ്റവും ഉയര്‍ന്ന കേരളീയ പ്രതിനിധിയും പ്രയോക്താവുമായി പി ജി ഈ കാലയളവില്‍ ഉയര്‍ന്നുവന്നു എന്ന് പറയാം.

ജീവചരിത്രവും സംസ്കാരചരിത്രവും

ജീവചരിത്രരചനയുടെ സാമ്പ്രദായികരീതി വ്യക്തിജീവിതത്തിന്റെ ചരിത്രമെഴുതുക എന്നതാണ്. ആധുനികത ജന്മം നല്‍കിയ മനുഷ്യ സങ്കല്‍പത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ടുവന്ന ഒരു സാഹിത്യജനുസ്സാണ് ജീവചരിത്രം എന്നു പറയാം. അന്യവും സ്വയം പൂര്‍ണവും അവിഭാജ്യവുമായ ആന്തരിക സത്തകളുടെ ആവിഷ്കാരപ്രകാരം എന്ന നിലയില്‍ വ്യക്തികളെ പരിഗണിക്കുന്ന ലോക വീക്ഷണത്തിന് ജന്മം നല്‍കിയത് ആധുനികതയാണ്. "സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം" ആയല്ല മറിച്ച് സത്താപരമായ അഖണ്ഡതയായാണ് ആധുനികതയില്‍ മനുഷ്യര്‍-വ്യക്തികള്‍-മനസ്സിലാക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തത്. ഈ അന്യത ചരിത്രത്തില്‍ ഇതള്‍വിടരുന്നതിന്റെ കഥപറഞ്ഞുകൊണ്ട് ജീവചരിത്രങ്ങളും രംഗത്തെത്തി. ആധുനികമായ മനുഷ്യസങ്കല്‍പത്തിന്റെ അനുബന്ധമാണ് ജീവചരിത്രം എന്ന ജനുസ്സ് എന്നര്‍ത്ഥം. ചര്‍ച്ചാവിഷയമായ വ്യക്തിയെ അഖണ്ഡമായ ഒരു ഏകകമായി പരിഗണിച്ച് അതിന്റെ വികാസ പരിണാമങ്ങളുടെയും പതനാഭ്യുദയങ്ങളുടെയും കഥ പറഞ്ഞുകൊണ്ടാണ് സാമ്പ്രദായിക ജീവചരിത്രങ്ങള്‍ പൊതുവില്‍ നിലനിന്നുപോരുന്നതും. ഔപചാരിക ജീവചരിത്രങ്ങളുടെ ഈ താവഴിയിലുണ്ടായ മറ്റൊരു വഴിത്തിരിവ് ധൈഷണിക ജീവചരിത്രങ്ങളുടെ രംഗപ്രവേശമാണ്. ഒരാളുടെ സ്വകാര്യ ജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും ചരിത്രം വിവരിക്കുന്നതിനപ്പുറം അയാളുടെ ചിന്താ ജീവിതത്തിന്റെയും അയാള്‍ ജന്മംനല്‍കിയ ആശയാവലികളുടെയും ചരിത്രം വിവരിക്കുക എന്നിടത്താണ് ധൈഷണിക ജീവചരിത്രങ്ങള്‍ ശ്രദ്ധചെലുത്തിയത്. അടിസ്ഥാനപരമായി ആധുനികതയുടെ മനുഷ്യ സങ്കല്‍പവും വ്യക്തിസങ്കല്‍പവും ഇവിടെയും മാറ്റമില്ലാതെ തുടരുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ-പൊതു ജീവിതത്തിനുപകരം അവരുടെ ധൈഷണിക ജീവിതം ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് വരുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ സാമ്പ്രദായിക ജീവചരിത്രത്തിന്റെ തുടര്‍ച്ചതന്നെയാണ് ധൈഷണിക ജീവചരിത്രങ്ങളിലും കാണാനാവുക. ഈ രണ്ട് സമീപനങ്ങളും കൂടിക്കലര്‍ന്ന നിലയിലാണ് ആധുനിക ജീവചരിത്രശാഖയിലെ ക്ലാസിക്കുകള്‍ പലതും-ലിട്ടന്‍ സ്ട്രാച്ചി മുതല്‍ ഇര്‍വ്വിംഗ് സ്റ്റോണ്‍വരെയുള്ളവര്‍ രചിച്ച ജീവചരിത്രങ്ങള്‍-എഴുതപ്പെട്ടിട്ടുള്ളതും. പ്രതാപികളായ നായകന്മാരുടെ സ്ഥാനത്ത് ഉന്നതമായ ബൗദ്ധിക ജീവിതത്തിന്റെ ഉടമകളായ വ്യക്തികള്‍ പൊതുജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് കൂടുതല്‍ കൂടുതലായി ഉയര്‍ന്നുവന്ന ചരിത്രസന്ധിയാണ് ധൈഷണിക ജീവചരിത്രങ്ങള്‍ക്ക് ജന്മംനല്‍കിയത് എന്നുപറയാം.

പി ജിയുടെ ജീവചരിത്രങ്ങള്‍ ജീവചരിത്രരചനയുടെ ഔപചാരികരീതിയെയോ ധൈഷണിക ജീവചരിത്രരീതിയെയോ അതേപടി പിന്‍പറ്റുന്നില്ല. നിശ്ചയമായും ഈ സമീപനങ്ങളുടെ അംശങ്ങള്‍ പലതും അദ്ദേഹത്തിന്റെ രചനകളിലുണ്ട്. അത് പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജീവചരിത്ര രചന സാധ്യവുമല്ല. എന്നാല്‍ ഇത്തരം ഘടകങ്ങളില്‍ പലതിനെയും നിലനിര്‍ത്തുമ്പോള്‍തന്നെ വ്യക്തി, ധൈഷണികത, ബൗദ്ധികത തുടങ്ങിയ സങ്കല്‍പങ്ങളെ പി ജി തന്റെ ആഖ്യാനത്തില്‍ അഴിച്ചുപണിയുന്നുണ്ട് എന്നതാണ് പ്രധാനം. ഇത് ബോധപൂര്‍വ്വം കൈക്കൊണ്ട ഒരു സമീപനം തന്നെയാകണമെന്നില്ല. പി ജിയുടെ ലോകബോധത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും ആധാരതത്വമായ മാര്‍ക്സിസ്റ്റ് സമീക്ഷ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളെ ആ ജനുസ്സിന്റെ ഔപാരികമായ അതിര്‍ത്തികള്‍ക്കുള്ളില്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാവാം ഇതിന് യഥാര്‍ത്ഥ കാരണം. ജീവചരിത്രങ്ങള്‍ എന്ന പരിധിയെ മറികടന്ന് സംസ്കാര ചരിത്രം എന്ന നിലയിലേക്ക് അവ എത്തിപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്താണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ കൈക്കൊള്ളുന്ന സമീപനത്തിന്റെ സവിശേഷത? എവിടെവച്ചാണ് അവ ജീവചരിത്രങ്ങളില്‍നിന്നും സംസ്കാര ചരിത്രത്തിലേക്ക് വഴിതിരിയുന്നത്? സൂക്ഷ്മമായി പരിശോധിച്ചാല്‍ പി ജിയുടെ ആഖ്യാന പദ്ധതിയിലെ രണ്ട് സവിശേഷതകളാണ് ഇതിന് പിന്നിലുള്ളത് എന്നു കാണാന്‍ കഴിയും. ലളിതമായി പറഞ്ഞാല്‍ വ്യക്തികളേയും ആശയങ്ങളേയും പ്രക്രിയകളായി പരിഗണിക്കുന്നതിലും ആ നിലയില്‍ അവയെ വിശദീകരിക്കുന്നതിലും കൈവരിച്ച വിജയമാണ് പി ജിയുടെ ജീവചരിത്രങ്ങളെ അന്യവും സവിശേഷവുമാക്കുന്നത്.

ഒരാളുടെ വ്യക്തിജീവിതത്തിന്റെ പശ്ചാത്തലം എന്ന നിലയില്‍ അയാളുടെ സമൂഹസന്ദര്‍ഭത്തെ അവതരിപ്പിക്കുന്നതിനുപകരം, സവിശേഷമായ ഒരു ചരിത്രപ്രക്രിയയുടെ ആവിഷ്കാരസ്ഥാനം എന്ന നിലയില്‍ വ്യക്തിജീവിതത്തെ അവതരിപ്പിക്കാനാണ് പി ജി ശ്രമിക്കുന്നത്. അതുകൊണ്ട് വ്യക്തിജീവിതങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍തെളിഞ്ഞുകാണുമ്പോഴും അവ "സാമൂഹികബന്ധങ്ങളുടെ സമുച്ചയങ്ങള്‍" ആയാണ് അവിടെ ഇടംപിടിക്കുന്നത്. ഇതോടൊപ്പം ഏതൊരാളുടേയും ധൈഷണികതയെ ഒരു ഭാഗത്ത് അയാളുടെ ചരിത്ര സന്ദര്‍ഭത്തിന്റെയും മറുഭാഗത്ത് അയാള്‍ കയ്യാളുന്ന ആശയാവലികളുടെ ചരിത്രത്തിന്റെയും സംവാദാത്മക ബന്ധത്തിന്റെ അനന്തരഫലം എന്ന നിലയില്‍ അവതരിപ്പിക്കാനും പി ജി ശ്രമിക്കുന്നു. ഇങ്ങനെ വ്യക്തിജീവിതത്തില്‍ സന്നിഹിതമായ ചരിത്രവും വ്യക്തികള്‍ ജീവിക്കുന്ന ചരിത്രസന്ദര്‍ഭവും ആശയാവലികളുടെ ചരിത്രവും പങ്കുചേരുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായി വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ചിന്താലോകത്തെയും അവതരിപ്പിക്കുന്ന ആഖ്യാനരീതിയാണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ പിന്‍തുടരുന്നത്.

എംഗല്‍സ് മുതല്‍ കെ ദാമോദരന്‍ വരെയുള്ളവരുടെ ജീവചരിത്രങ്ങളില്‍ ഈ സമീപനം, അനുപാത വ്യത്യാസങ്ങളോടെയാണെങ്കിലും, ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാള സാഹിത്യത്തിലെ ജീവചരിത്ര ശാഖയിലുണ്ടായ മര്‍മ്മസ്പര്‍ശിയായ ഈ പരിവര്‍ത്തനം നമ്മുടെ ഭാവി സാഹിത്യചരിത്രങ്ങള്‍ രേഖപ്പെടുത്താതെ പോവില്ല. ആഖ്യാനശൈലിയിലും വിഷയാവതരണക്രമത്തിലുമുള്ള ചെറിയ പരിവര്‍ത്തനങ്ങള്‍ എന്നതിനപ്പുറത്തുള്ള പ്രാധാന്യം മേല്‍പ്പറഞ്ഞ വഴിത്തിരിവില്‍ അടങ്ങിയിട്ടുണ്ട്. ആധുനികതയുടെ മനുഷ്യ സങ്കല്‍പത്തേയും അത് ജന്മം നല്‍കിയ ഒരു സാഹിത്യജനുസ്സിനേയും ആ ജനുസ്സിനകമേതന്നെ നിലയുറപ്പിച്ചുകൊണ്ട് അസ്ഥിരപ്പെടുത്താനും മറികടക്കാനുമുള്ള ശ്രമങ്ങളാണ് പി ജി തന്റെ ജീവചരിത്രങ്ങളില്‍ ചെയ്തത്. മനുഷ്യാവസ്ഥയെ സാമൂഹികബന്ധങ്ങളുടെ ആകെത്തുകയായി നിര്‍വ്വചിച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനിക പാരമ്പര്യവും ജീവചരിത്രം എന്ന ആധുനിക/വ്യക്തിവാദ സാഹിത്യജനുസ്സും തമ്മിലുള്ള സംവാദസ്ഥാനങ്ങളാണ് പി ജിയുടെ ജീവചരിത്രങ്ങള്‍. ഇവിടെവച്ചാണ് ജീവചരിത്രങ്ങളില്‍നിന്നും സംസ്കാരചരിത്രത്തിലേക്ക് അവ ചുവടുവയ്ക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. നവോത്ഥാനത്തിന്റെ സാംസ്കാരികചരിത്രം ജീവചരിത്രത്തിന്റെ സാമ്പ്രദായിക രീതികളെ മറികടക്കാന്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയും വികാസവും എന്ന നിലയില്‍ വേണം നവോത്ഥാനത്തിന്റെ ചരിത്രപരമായ വിശകലനത്തിനുള്ള പി ജിയുടെ ശ്രമങ്ങളെ വിലയിരുത്തേണ്ടത് എന്ന് തോന്നുന്നു. നവോത്ഥാനത്തെക്കുറിച്ചുള്ള പടിഞ്ഞാറന്‍ ആശയാവലികളെ അതേപടി ആവര്‍ത്തിക്കാതെ, ഭക്തിപ്രസ്ഥാനത്തെവരെ നവോത്ഥാനചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള പരികല്‍പനാപരമായ ചട്ടക്കൂടിന് പി ജി രൂപം നല്‍കി. അതേസമയംതന്നെ പടിഞ്ഞാറന്‍ നവോത്ഥാനത്തിന്റെയും അതിനെക്കുറിച്ചുള്ള പില്‍ക്കാല സംവാദങ്ങളുടെയും കാതലായി നിലകൊണ്ട, പലപ്പോഴും അദൃശ്യ രൂപത്തില്‍ വര്‍ത്തിച്ച, യൂറോ കേന്ദ്രിതത്വത്തെ അദ്ദേഹം അനാവരണം ചെയ്യുകയും ചെയ്തു. ഇത്തരമൊരു ദ്വിമുഖ സമീപനം നിലനിര്‍ത്തിക്കൊണ്ടാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രമെഴുതാന്‍ പി ജി ശ്രമിച്ചത്. തന്റെ ഈ സൈദ്ധാന്തിക പരിപ്രേക്ഷ്യം എത്രത്തോളം പ്രയോഗപഥത്തിലെത്തിക്കാന്‍ പി ജിക്ക് കഴിഞ്ഞു എന്നത്, നിശ്ചയമായും, വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുമെങ്കിലും. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പി ജിയുടെ ചര്‍ച്ചകളുടെ മൗലിക പ്രാധാന്യം ആശയാവലികളുടെ ഭൗതികതയെ മുന്‍നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ആധുനികീകരണ പ്രക്രിയയെ വിലയിരുത്താന്‍ അത് ശ്രമിക്കുന്നു എന്നതാണ്.

ആശയങ്ങള്‍ ഒരു ജനസമൂഹത്തിനുമേല്‍ പിടിമുറുക്കിയാല്‍ അത് ഭൗതികശക്തികളായിത്തീരും എന്നത് മാര്‍ക്സിന്റെ പ്രഖ്യാതമായ നിരീക്ഷണങ്ങളിലൊന്നാണ്. ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമെയര്‍ എന്ന ഗ്രന്ഥത്തില്‍ തന്റെ ഈ ധാരണയെ സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി മാര്‍ക്സ് പ്രയോഗിച്ചു കാണിക്കുന്നുമുണ്ട്. (ആ നിലയില്‍ പതിനെട്ടാം ബ്രൂമെയര്‍ ക്ലാസിക്കല്‍ മാര്‍ക്സിസം പറഞ്ഞുറപ്പിച്ച വര്‍ഗ സങ്കല്‍പത്തെ മറികടന്നുപോകുന്നുണ്ടെന്ന് പല പില്‍ക്കാല പഠിതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) ഇത്തരമൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ആശയാവലികള്‍ ഭൗതികതയുടെ പ്രതിഫലനങ്ങളോ പ്രതിനിധാനങ്ങളോ ആണെന്ന ദ്വന്ദ്വാത്മക വീക്ഷണമാണ് പലപ്പോഴും നവോത്ഥാനമുള്‍പ്പെടെയുള്ള ചരിത്രാനുഭവങ്ങളുടെ വിശദീകരണത്തില്‍ മുന്നിട്ടുനിന്നത്. ഈ പരിമിതിയെ മറികടക്കാനുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാര്‍ക്സിസ്റ്റ് ഇടപെടലാണ് പി ജിയുടെ നവോത്ഥാന പഠനങ്ങള്‍. മതദര്‍ശനവും അധ്യാത്മ വിചിന്തനങ്ങളും മുതല്‍ കവിതയും ശാസ്ത്രബോധവും പത്രമാധ്യമങ്ങളും വരെയുള്ള അത്യന്ത വിപുലവും സങ്കീര്‍ണവുമായ ആശയാനുഭൂതികളുടെ ലോകം പ്രത്യക്ഷമായ ഭൗതികാസ്പദങ്ങളുമായി പങ്കുചേര്‍ന്ന് കേരളീയ സമൂഹത്തിന്റെ ജീവിതക്രമത്തെ ആധുനികീകരിക്കുന്നതിന്റെയും പുതുക്കിപ്പണിയുന്നതിന്റെയും കഥയാണ് തന്റെ നവോത്ഥാന പഠനങ്ങളില്‍ പി ജി വിവരിക്കാന്‍ ശ്രമിച്ചത്. സംസ്കാര ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തെ ജീവചരിത്രങ്ങളില്‍നിന്നും കേരള ചരിത്രത്തിന്റെ സവിശേഷ സന്ദര്‍ഭങ്ങളിലൊന്നിലേക്ക് കൊണ്ടുവന്ന് ഉപയോഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. പരിമിതികള്‍ പലതും ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഇത്രമേല്‍ വ്യാപകവും സര്‍വ്വതലസ്പര്‍ശിയുമായ പരിശോധന കേരള നവോത്ഥാനത്തെക്കുറിച്ച് മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ നിര്‍വഹിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു.

വൈജ്ഞാനികവിപ്ലവത്തിന്റെ സാംസ്കാരികരാഷ്ട്രീയം
സംസ്കാരചരിത്രത്തിലേക്കുള്ള മേല്‍പറഞ്ഞ വഴിതിരിയലിന്റെ ഉജ്ജ്വലമയ പരിസമാപ്തി മുഹൂര്‍ത്തമാണ് 2009ല്‍ പുറത്തുവന്ന പി ജിയുടെ "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരികചരിത്രം" എന്ന ഗ്രന്ഥം. പി ജിയുടെ വിചാര ജീവിതത്തിന്റെ സാഫല്യവും സാക്ഷാത്കാരവുമായി പരിഗണിക്കാവുന്ന ഈ ബൃഹദ്ഗ്രന്ഥം രണ്ട് നിലകളില്‍ മലയാളത്തിലെ സംസ്കാര ചരിത്രചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒന്നാമതായി പറയേണ്ടത് മലയാളത്തില്‍ അത്യന്തം ദുര്‍ലഭമായ ശാസ്ത്രത്തിന്റെ സാംസ്കാരിക വിശകലനമാണ് ഈ ഗ്രന്ഥം എന്നതാണ്. ശാസ്ത്രത്തെ ഒരു സവിശേഷജ്ഞാന വ്യവസ്ഥയായി പരിഗണിച്ചുകൊണ്ട് അതിന്റെ ചരിത്രം പ്രതിപാദിക്കുന്ന ശാസ്ത്ര ചരിത്ര ഗ്രന്ഥങ്ങളല്ലാതെ (അതുതന്നെയും മലയാളത്തില്‍ വേണ്ടത്രയില്ല എന്നതാണ് വാസ്തവം) സംസ്കാര വ്യവസ്ഥയുടെ ഭാഗമായി ശാസ്ത്രവിജ്ഞാനത്തെ പരിഗണിക്കുകയും വിശദീകരിക്കുകയും ചെയ്യാനുള്ള ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടേയില്ല. അത്തരത്തിലുള്ളതെന്ന് തോന്നിപ്പിച്ച ചില ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തത് ഉത്തരാധുനികതയുടെ മറപറ്റിനിന്ന് ആധുനിക ശാസ്ത്രത്തെയപ്പാടെ തള്ളിപ്പറയാനും തങ്ങളുടെ മതാന്ധതയെ അതിന്റെപേരില്‍ ന്യായീരിക്കാനും പുറപ്പെട്ട ചില മതമൗലിക പ്രസ്ഥാനങ്ങളാണ്. ആ ആധുനികശാസ്ത്ര വിമര്‍ശനത്തെ മതമൗലികവാദത്തിന്റെ ആയുധശാലയാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായ നിലപാടുകള്‍ ശാസ്ത്രത്തെ ചരിത്രനിരപേക്ഷമായ കേവല ജ്ഞാനമായി അവതരിപ്പിക്കുന്നതിന് കൂടുതല്‍ ശക്തിപകരുകയും ചെയ്തു. ഫലത്തില്‍ ശാസ്ത്രവാദം എന്ന് വിശേഷിപ്പിക്കാവുന്ന മൗലികവാദ നിലപാടുകള്‍ക്കാണ് കേരളത്തിലെ ശാസത്രവിചാരരംഗത്ത് ഇപ്പോഴും മേല്‍കയ്യുള്ളത്. ഈ സ്ഥിതിവിശേഷത്തെ മറികടക്കാര്‍പോന്ന നിര്‍ണ്ണായകമായ ഇടപെടലാണ് പി ജിയുടെ ഗ്രന്ഥം.

ആധുനികശാസ്ത്ര വിമര്‍ശനത്തെ മതമൗലികവാദപരമോ വിഭാഗീയമോ ആയ താല്‍പര്യങ്ങളുമായി കൂട്ടിക്കെട്ടാതെ, ശാസ്ത്രവിജ്ഞാനത്തെ ചരിത്രവത്കരിക്കാനുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രമം എന്ന് ഈ ഗ്രന്ഥത്തെ സംശയലേശമെന്യെ വിശേഷിപ്പിക്കാം. സംസ്കാര ചരിത്രത്തിന്റെ മാതൃകകളായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അപൂര്‍വം പഠനങ്ങള്‍ ഏതെങ്കിലും ഒരു സവിശേഷ പ്രശ്നത്തെയോ സവിശേഷ സന്ദര്‍ഭത്തെയോ മാത്രമാണ് അഭിസംബോധനചെയ്യുന്നതെങ്കില്‍ പി ജിയുടെ ഗ്രന്ഥം നൂറ്റാണ്ടുകളില്‍ പരന്നുകിടക്കുന്ന അതിവിപുലമായ ഒരു വൈജ്ഞാനിക പ്രക്രിയയുടെ ചരിത്രം വിശകലനംചെയ്യാനാണ് പണിപ്പെടുന്നത് എന്നതാണ് അതിന്റെ രണ്ടാമത്തെ പ്രാധാന്യം.

ക്രിസ്തുവര്‍ഷം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ അരങ്ങേറിയ പാശ്ചാത്യ നവോത്ഥാനത്തില്‍നിന്നു തുടങ്ങി മതനവീകരണവും കോപ്പര്‍നിക്കന്‍ വിപ്ലവവുമെല്ലാം പിന്നിട്ട് ഒന്നാം വൈജ്ഞാനിക വിപ്ലവത്തിന്റെ ശ്രേഷ്ഠബിന്ദുവായി പരിഗണിക്കപ്പെടുന്ന ന്യൂട്ടോണിയന്‍ പ്രപഞ്ചദര്‍ശനത്തിന്റെയും ബലതന്ത്രത്തിന്റെയും അവതരണം മൂന്ന്-നാല് നൂറ്റാണ്ടുകളാണ് പി ജി തന്റെ ചര്‍ച്ചാവിഷയമായി സ്വീകരിച്ചിരിക്കുന്നത്. ഇത്രമേല്‍ യുഗനിര്‍ണായകവും സംഭവബഹുലവുമായ ഒരു കാലയളവിനെ കലയും സാഹിത്യവും വിജ്ഞാനവും രാഷ്ട്രതന്ത്രവും എല്ലാം മുന്‍നിര്‍ത്തി പരിശോധനാ വിധേയമാക്കുകയെന്ന എത്രയോ പ്രയാസകരമായ ദൗത്യമാണ് ഏറെ ആയാസപ്പെടാതെ വായിച്ചുനീങ്ങാവുന്ന ഭാഷയില്‍ പി ജി നിര്‍വഹിച്ചിരിക്കുന്നത്.

ഇനിയങ്ങോട്ട് ഏറെക്കാലം സംസ്കാരചരിത്രത്തിന്റെ പ്രാമാണിക പാഠങ്ങളിലൊന്നായി ഈ ഗ്രന്ഥം തുടരുകതന്നെ ചെയ്യും. ഒരര്‍ത്ഥത്തില്‍, ജീവചിത്രരചനകളില്‍ താന്‍ തുടങ്ങിവന്ന സംസ്കാര ചരിത്രരചനാ ശ്രമങ്ങളുടെ പൂര്‍ത്തീകരണമാണ് പി ജിയുടെ ഈ ഗ്രന്ഥം എന്നു പറയാം. വ്യക്തിജീവിത ചരിത്രങ്ങളെ സംസ്കാരചരിത്രത്തിന്റെ കാഴ്ചവട്ടത്തില്‍ വിശകലനംചെയ്യുന്നതില്‍ നിന്നുതുടങ്ങി, കേരളീയ നവോത്ഥാനംപോലൊരു ചരിത്ര സന്ദര്‍ഭത്തിന്റെ വിശകലനത്തിലൂടെ മുന്നേറിയ പി ജിയുടെ സംസ്കാര ചരിത്ര വിശകലനം അതിന്റെ സ്വാഭാവികവും പരമോന്നതവുമായ തലത്തിലേക്ക് എത്തിപ്പെടുന്ന കാഴ്ചയ്ക്കാണ് നാം ഈ ഗ്രന്ഥത്തില്‍ സാക്ഷ്യംവഹിക്കുന്നത്.

ഏഴു പതിറ്റാണ്ടെങ്കിലും പിന്നിട്ട തന്റെ വായനയുടെയും പഠനാന്വേഷണങ്ങളുടെയും അര്‍ത്ഥപൂര്‍ണമായ പരിസമാപ്തി മുഹൂര്‍ത്തം കൂടിയായി പി ജിയുടെ ഈ ഗ്രന്ഥത്തെ പരിഗണിക്കാം. ഇങ്ങനെ പറയുമ്പോള്‍ ഈ ഗ്രന്ഥം അവശേഷിപ്പിക്കുന്ന (കേരളീയ നവോത്ഥാന പഠന പരമ്പരയുടെ ഭാഗമായുള്ള ഗ്രന്ഥങ്ങളിലും അതില്‍ ചിലത് തുടരുന്നുണ്ട്) ചില പരാധീനതകള്‍ നാം കാണാതിരുന്നുകൂട. ആധുനിക ശാസ്ത്രത്തിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രത്തില്‍ ഏറിയും കുറഞ്ഞും ഉള്‍ച്ചേര്‍ന്നുകിടക്കുന്ന യൂറോ-കേന്ദ്രിതത്വത്തെയും പടിഞ്ഞാറന്‍ ശാസ്ത്രചരിത്രത്തിന്റെ കൊളോണിയല്‍ മുന്‍വിധികളെയും കുറിച്ച് പി ജി തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ഭാഗങ്ങള്‍ ഈ വിമര്‍ശനാത്മക നിലപാടിനെ സ്വാംശീകരിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഫലത്തില്‍ തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പിന്നീടുള്ള ഭാഗങ്ങളില്‍ പി ജി തന്നെ ഏറ്റെടുക്കുന്നതായി നമുക്ക് അനുഭവപ്പെടും.

ജീവചരിത്രത്തെ സംസ്കാരചരിത്രമായി വികസിപ്പിക്കാനാണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ശ്രമിച്ചതെങ്കില്‍ സംസ്കാരചരിത്രം ജീവചരിത്രത്തിലേക്ക് ചുരുങ്ങിപ്പോകുന്ന പ്രതീതി ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങളെങ്കിലും അവശേഷിപ്പിക്കുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്നം. കേരള നവോത്ഥാന പഠന പരമ്പരയിലുള്‍പ്പെട്ട കൃതികളിലും ഇത്തരമൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇത്തരം ചെറിയ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിക്കാനാവുമെങ്കിലും, സംസ്കാരചരിത്രം എന്ന വിജ്ഞാനശാഖയെ അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ അവതരിപ്പിക്കുകയും മാര്‍ക്സിസ്റ്റ് സംസ്കാര വിമര്‍ശനത്തിെന്‍റ സമകാലീനമുഖമായി അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്തുകൊണ്ട് പി ജി നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍ മാത്രമല്ല മലയാളത്തിന്റെ വൈജ്ഞാനിക ചരിത്രത്തിലും സമാനതകള്‍ ഇല്ലാത്തവിധം അന്യമാണ്. ഇത്തരമൊരു നിലയില്‍കൂടിയാവും ഭാവി ചരിത്രം പി ജിയുടെ അതുല്യമായ ധൈഷണികതയെ വിലയിരുത്തുകയെന്ന് തോന്നുന്നു.

*
സുനില്‍ പി ഇളയിടം ചിന്ത വാരിക

No comments: