Monday, December 17, 2012

ഗാസയുടെ വിജയം സുനിശ്ചിതം

കഴിഞ്ഞ ഒരാഴ്ചക്കാലം ഗാസയില്‍ ചോരപ്പുഴ ഒഴുകുകയായിരുന്നു. ഇസ്രയേല്‍ തൊടുത്തുവിട്ട മിസൈലുകളും അവരുടെ പടക്കപ്പലുകളും അപ്പാച്ചെ യുദ്ധ വിമാനങ്ങളും നടത്തിയ അവിരാമമായ ആക്രമണങ്ങളും ചുരുങ്ങിയത് 140 പലസ്തീന്‍കാരെയെങ്കിലും കൊന്നൊടുക്കിയിട്ടുണ്ട്. പാര്‍പ്പിടങ്ങളും ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരവും ഉള്‍പ്പെടെ പശ്ചാത്തല സംവിധാനങ്ങളെയാകെ അത് തകര്‍ത്ത് തരിപ്പണമാക്കി. നിരപരാധികളായ പലസ്തീന്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതിെന്‍റ ദൃശ്യങ്ങള്‍ പരിഷ്കൃത ലോകത്താകെയുള്ള വീടുകളില്‍ മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു; ഉപരോധിക്കപ്പെട്ട ഭാഗ്യഹീനരായ ഗാസയിലെ പലസ്തീന്‍ ജനത ലോകത്തിന്റെയാകെ സഹതാപം അര്‍ഹിക്കുന്നു.

ഇതിെന്‍റയെല്ലാം അനന്തരഫലവും തികച്ചും വ്യക്തമായി കഴിഞ്ഞിരിക്കുന്നു. രൂക്ഷമായ മിസൈല്‍ ആക്രമണം ആരംഭിച്ച് 8-ാം ദിവസം ഇസ്രയേലിലെ ഏറ്റവും ക്രൂരനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിയാലോചന നടത്താനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും നിര്‍ബന്ധിതനായി.

ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫെന്‍സ് എന്ന് പേരിട്ട ഇസ്രയേല്‍ നടത്തിയ കടന്നാക്രമണംമൂലം അവര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാനായില്ല. നിശ്ചയമായും സൈനികമായ കാഴ്ചപ്പാടില്‍ ഇതുമൂലം അവര്‍ക്ക് അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനവും ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള അയെണ്‍ഡോമും (വ്യോമാക്രമണത്തില്‍ നിന്നും രക്ഷനേടാനുള്ള ഇരുമ്പുകൊണ്ടുള്ള സുരക്ഷാകവചം) പരീക്ഷിച്ചുനോക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വമ്പന്‍ വിലയുള്ള അത്യാധുനികമായ ഈ പടക്കോപ്പുകള്‍ ഫലപ്രദമാണെന്ന് അവര്‍ക്ക് ഗാസയിലെ നിസ്സഹായരായ പലസ്തീന്‍കാര്‍ക്കുമേല്‍ അവ പ്രയോഗിച്ച് പരീക്ഷിച്ചറിയാന്‍ ഇതുമൂലം കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ "തുറന്ന ജയില്‍" എന്നറിയപ്പെടുന്ന സ്ഥലത്ത് കുടുങ്ങി തിങ്ങിഞെരുങ്ങിക്കഴിയുന്ന ഒരു ജനവിഭാഗത്തിനുമേല്‍ നടത്തിയ അതിനിഷ്ഠുരമായ ആക്രമണം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നതിന് ഇടയാക്കി. ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 4500 ആളുകള്‍ എന്ന ഏറ്റവും വലിയ ജനസാന്ദ്രതയുള്ള ഗാസയിലെ 17 ലക്ഷം ആളുകള്‍ അതിക്രൂരമായ ഉപരോധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ പത്ത് ലക്ഷം പേര്‍ 8 ക്യാമ്പുകളിലായി കഴിയുന്ന അഭയാര്‍ത്ഥികളാണ്. മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭാ ഓഫീസിന്റെ അഭിപ്രായത്തില്‍ ഗാസയിലെ 90 ശതമാനം കുടിവെള്ളവും സുരക്ഷിതമല്ല. ഗാസയിലെ 44 ശതമാനം ആളുകള്‍ക്കും അത്യാവശ്യത്തിനുപോലും ആഹാരം ലഭിക്കുന്നില്ല. 80 ശതമാനം പേരും മറ്റുള്ളവര്‍ നല്‍കുന്ന സഹായത്തിന്റെ കനിവില്‍ കഴിയുന്നവരാണ്. 6 ദശാബ്ദമായി തുടരുന്ന ഉപരോധവും പ്രതികൂലാവസ്ഥയുമാണ് ഈ ഭീകരമായ അവസ്ഥ സൃഷ്ടിച്ചത്. ഇത്രയും ഉയര്‍ന്ന ജനസാന്ദ്രത ഉള്ളതിനാല്‍ മാരകമായ മിസൈല്‍ ആക്രമണങ്ങളില്‍ ഒഴിഞ്ഞുമാറാനോ ഒളിച്ചുപോകാനോ ഒരിടവുമില്ലാത്ത ഗാസയിലെ പൗരസമൂഹത്തിന്റെ ജീവിതം മഹാനരകമാണ്; ഇതാണ് ഏറ്റവും വലിയ ദുരന്തവും. ഈ ജനതയെ "സൈനിക സംവിധാനങ്ങള്‍" എന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നവയില്‍ നിന്ന് വേര്‍തിരിച്ചു മാറ്റാന്‍പോലും സാധ്യമല്ല.

കൊഴിഞ്ഞുവീഴുന്ന പൂക്കളെപ്പോലെയുള്ള നിരപരാധികളായ ഈ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതിനെ ഏറ്റവും മൃദുവായ ഭാഷയില്‍ വിശേഷിപ്പിക്കാനാവുന്നത് "ആള്‍നാശം" എന്നാണ്. ആ കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ നമ്മുടെ മനഃസാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെയെല്ലാം കൂട്ടായ ബോധ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രൊഫ. നോം ചോംസ്കി ഇങ്ങനെ നിരീക്ഷിച്ചു: ""ജനങ്ങള്‍ തിങ്ങി ഞെരുങ്ങി പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലും സ്കൂളുകളിലും പാര്‍പ്പിടങ്ങളിലും മോസ്കുകളിലും ചേരിപ്രദേശങ്ങളിലും ബോംബിടാന്‍ ഇസ്രയേല്‍ ഉപയോഗിച്ചത് അത്യാധുനികമായ ബോംബര്‍ ജെറ്റുകളും നാവികയാനങ്ങളുമാണ്. വ്യോമസേനയോ വ്യോമ പ്രതിരോധ സംവിധാനമോ നാവികസേനയോ അത്യാധുനികമായ ആയുധങ്ങളോ സൈനിക യൂണിറ്റുകളോ യന്ത്രവല്‍കൃത രക്ഷാസംവിധാനങ്ങളോ കേന്ദ്രീകൃത സൈനിക നേതൃത്വമോ ഒന്നുമില്ലാത്ത ജനസഞ്ചയത്തിനുമേലാണ് ഇസ്രയേല്‍ ആക്രമണമഴിച്ചു വിടുന്നത്... എന്നിട്ട് അതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമേയല്ല; ഇത് അരുംകൊലയാണ്"" എന്നിട്ടും ഏഴുദിവസം ഈ ആക്രമണം തുടര്‍ന്നു; "സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച" പ്രസിഡന്‍റ് ഒബാമയുടെ അകമഴിഞ്ഞ ഒത്താശയാണ് ഇസ്രയേലിന് വീര്യം പകര്‍ന്നത്. സംശയലേശമില്ലാതെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് - ""തങ്ങളുടെ പ്രദേശത്തേക്ക് മിസൈലുകള്‍ അയക്കപ്പെടില്ല എന്ന് ഉറപ്പുവരുത്താനുള്ള സര്‍വ അവകാശവും ഇസ്രയേലിനുണ്ട്"". എന്നിട്ട് ചെറിയൊരു സൗജന്യത്തിന്റെ മട്ടില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു - ""ഗാസയില്‍ സൈനിക നടപടി കൂടാതെ അത് സാധ്യമാകുമെങ്കില്‍ അതായിരിക്കും ഏറ്റവും ഉചിതം"". ഗാസയില്‍ സൈനിക നടപടികള്‍ "ഗണ്യമായി വ്യാപിപ്പിക്കാന്‍" ഇസ്രയേല്‍ തയ്യാറായിരിക്കുകയാണെന്ന് നെതന്യാഹു ഭീഷണി മുഴക്കുകയും അതിര്‍ത്തിയിലുടനീളം ഇസ്രയേലി ടാങ്കുകള്‍ ആപത്കരമായി അണിനിരക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഒബാമ ഇതുപറയുന്നത്.

പാശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രയേലിനായി മലവെള്ളപ്പാച്ചില്‍പോലെ പ്രചരണം അഴിച്ചുവിട്ടിട്ടും ഇസ്രയേലിന്റെ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ ഐക്യരാഷ്ട്ര സുരക്ഷാസമിതി തയ്യാറായാല്‍ അമേരിക്ക അതിനെ വീറ്റോ ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തിയിട്ടും ഇന്ന് ടെല്‍ അവീവ് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.ഗാസയില്‍നിന്ന് തൊടുത്തുവിട്ട മിസൈലുകളാണ് തിരിച്ചടിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന ഈ അധിനിവേശ ശക്തിയുടെ വാദഗതികളെ ലോകം പാടെ നിരാകരിച്ചിരിക്കുകയാണ്. ഈ ആക്രമണങ്ങളും അതില്‍ സംഭവിച്ച അത്യാഹിതങ്ങളും തന്നെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ആനുപാതികമല്ലാത്ത പ്രകൃതം തികച്ചും വ്യക്തമാക്കുന്നവയാണ്.അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത്. പശ്ചിമേഷ്യയിലെ മാറിയ മേഖലാതല യാഥാര്‍ത്ഥ്യം ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയുണ്ടായി. മുബാറക്കിനുശേഷമുള്ള ഈജിപ്ത്, ഈ മേഖലയിലെ ഒരു പ്രധാനശക്തിയായി ഉയര്‍ന്നുവന്നത് ഹമാസ് ഔദ്യോഗികമായി അംഗീകരിക്കുന്നു - ""വെടിനിര്‍ത്തലിനായി അക്ഷീണം പ്രയത്നിച്ച നമ്മുടെ ഈജിപ്ഷ്യന്‍ സഹോദരന്മാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഞങ്ങള്‍ തൃപ്തരാണ്"". ഹമാസിനെയും പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പിനെയും മുട്ടുകുത്തിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ല എന്ന് ഹമാസിന്റെ പ്രമുഖ നേതാവ് ഖാലിദ് മിഷേല്‍ അടിവരയിട്ട് പറയുന്നു ""ചെറുത്തുനില്‍പാണ് ജനങ്ങള്‍ക്ക് കരണീയമായത് എന്ന പാഠമാണ് ഇത് നല്‍കുന്നത്"". ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയെയും കരാറിനെയും അംഗീകരിക്കാന്‍ അമേരിക്കയും നിര്‍ബന്ധിതമായി. ഈ വെടിനിര്‍ത്തല്‍ കരാര്‍ പലസ്തീന്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിന് അവരാഗ്രഹിച്ചത് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും അതേസമയം ഗാസയെ വളഞ്ഞുവെയ്ക്കുന്നത് പുനഃപരിശോധിക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായിയെന്നും വെടിനിര്‍ത്തല്‍ കരാര്‍ വെളിപ്പെടുത്തുന്നു. ""പുറത്തേക്കുള്ള വഴികള്‍ തുറക്കണമെന്നും ജനങ്ങള്‍ക്ക് സഞ്ചരിക്കാനും ചരക്ക് കടത്തുന്നതിനും അവസരമൊരുക്കണമെന്നും ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം നിഷേധിക്കുന്നതില്‍നിന്നും പിന്മാറണമെന്നും അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും"" കരാര്‍ ആഹ്വാനം ചെയ്യുന്നു. ഈ കരാറില്‍ എത്തിച്ചേരുന്നതില്‍ ഈജിപ്തിലെ മാറിയ രാഷ്ട്രീയ പശ്ചാത്തലം വഹിച്ച പങ്കിനെക്കുറിച്ചും മിഷാല്‍ അടിവരയിട്ട് പറയുന്നു -""ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ രക്തസാക്ഷികളുടെ വിരലടയാളം ഈ കരാറില്‍ പതിഞ്ഞിട്ടുണ്ട്"".

സിറിയയുടെ പശ്ചാത്തലത്തില്‍ വളരെ വ്യക്തമായി ഉയര്‍ന്നുവന്നിട്ടുള്ള ഈ മേഖലയിലെ ഇസ്ലാമിസ്റ്റ് - നാറ്റോ അച്ചുതണ്ടിലെ പ്രധാന ഭാഗമായ ഖത്തറും തുര്‍ക്കിയും കൂടി ഈജിപ്തിനൊപ്പം ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശക്തമായി മുന്നോട്ടുവന്നു. ഇസ്രയേലി ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിക്കാന്‍ എര്‍ദൊഗാനും മുന്നോട്ടുവന്നു - ""ഈ മേഖലയിലെ സമാധാനം തകര്‍ത്തുകൊണ്ട് ഇസ്രയേല്‍ വംശഹത്യ നടത്തുകയാണ്"". ഒരു ഭീകര രാഷ്ട്രത്തെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ സഹായിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്ന് ആരോപിച്ചു. എന്നാല്‍, പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍പോലും ടെല്‍ അവീവ് അമേരിക്കന്‍ നിലപാടിെന്‍റ ആന്തരാര്‍ത്ഥം തിരിച്ചറിയുകയും കടുത്ത വിലപേശല്‍ നടത്തുകയും ചെയ്തു. അതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ അമേരിക്കന്‍ മധ്യസ്ഥയായ ഹിലരി ക്ലിന്‍റണ്‍ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞത്, ""എല്ലാ റോക്കറ്റാക്രമണങ്ങളും അവസാനിപ്പിക്കണം"". ""ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സര്‍വ സഹായവും നല്‍കും"" എന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിന്റെ പ്രസ്താവനയിലും പ്രതിഫലിക്കുന്നത് അമേരിക്കയുടെ ഇസ്രയേലിനോടുള്ള സമീപനമാണ്. പ്രസിഡന്‍റ് ഒബാമ പ്രസ്താവിച്ചത് ഇങ്ങനെ. ""അയെണ്‍ ഡോമിനും മറ്റ് അമേരിക്കന്‍ - ഇസ്രയേല്‍ മിസൈല്‍ പ്രതിരോധ പരിപാടികള്‍ക്കും വേണ്ടിയുള്ള അധിക ഫണ്ട് കണ്ടെത്തുന്നത് തുടരും"". ഒബാമയുടെ ഈ ഉറപ്പ് കരാറില്‍ ഒപ്പിടാന്‍ നെതന്യാഹുവിനെ പ്രേരിപ്പിക്കുകയും ചെയ്തു. തല്‍സ്ഥിതി തുടരുന്നതും സാമ്രാജ്യത്വ അധീശത്വവും ""തെമ്മാടി രാജ്യ""മായ ഇസ്രയേലിനെ സംബന്ധിച്ച് പ്രധാനമാണ്. പക്ഷേ, ഇതെല്ലാം വെള്ളത്തിലായിരിക്കുകയാണ്!

ഗാസയില്‍ ചിതറിക്കിടന്ന മൃതശരീരങ്ങളില്‍നിന്നും നാശാവശിഷ്ടങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന വലിയ അനുകൂലഘടകം ഹമാസും ഫത്തയും തമ്മിലുള്ള ഐക്യത്തിന്റെ പുതിയ ആവേശമാണ്. ഗാസയിലെ ഇസ്രയേല്‍ കാട്ടാളത്തത്തെ അപലപിക്കുന്നതിന് പലസ്തീന്‍ ദേശീയ അതോറിറ്റിയുടെ ആസ്ഥാനമായ രാമള്ളയില്‍ ചേര്‍ന്ന വിവിധ പലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം ഉയര്‍ന്നുവന്ന ഈ ഐക്യത്തിന്റെ നിദര്‍ശനമാണ്. പലസ്തീന് ""അംഗത്വമില്ലാത്ത നിരീക്ഷകരാഷ്ട്ര"" പദവി ഉറപ്പാക്കുന്നതിനുള്ള പലസ്തീന്‍ ദേശീയ അതോറിറ്റിയുടെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് ഈ പുത്തന്‍ ഐക്യമായിരുന്നു - നിശ്ചയമായും, പൂര്‍ണമായ യുഎന്‍ അംഗത്വമാകുന്നില്ലെങ്കില്‍പോലും. എന്നാല്‍, ഇപ്പോള്‍ പലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും മറ്റു ചില അന്താരാഷ്ട്ര വേദികളിലും അംഗത്വം ലഭിക്കുന്നതിന് അവസരമൊരുങ്ങിയിരിക്കുകയാണ്. പലസ്തീന്‍കാരുടെ ഈ നീക്കം തെറ്റായ വഴിയിലൂടെയാണെന്നും മധ്യപൂര്‍വ മേഖലയിലെ മുടങ്ങിപ്പോയ സമാധാനപ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് പലസ്തീന്‍കാരെ അനുനയിപ്പിക്കാനാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ ശ്രമിച്ചത്. ""പലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിനുള്ള ഇരുരാഷ്ട്രങ്ങളുടെ നിലനില്‍പ് അംഗീകരിക്കുന്ന പരിഹാരത്തിലേക്കുള്ള പാത ജെറുസലേമിലൂടെയും രാമള്ളയിലൂടെയുമാണ്; ന്യൂയോര്‍ക്കിലൂടെയല്ല"" അവര്‍ തുടര്‍ന്നു- ""ശാശ്വത പരിഹാരം ഉണ്ടാകുന്നതിന് നേരിട്ടുള്ള കൂടിയാലോചനകള്‍ തുടങ്ങുകയാണ് വേണ്ടത്"". ഗാസയ്ക്കുനേരെ നടന്ന ഇസ്രയേല്‍ കടന്നാക്രമണത്തെ തുടര്‍ന്ന്, രാഷ്ട്രപദവി നേടുന്നതിനുള്ള അഭ്യര്‍ത്ഥനയ്ക്ക് ഗണ്യമായവിധം പിന്തുണ വര്‍ദ്ധിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞ പലസ്തീന്‍ നേതൃത്വം അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാന്‍ തയ്യാറായില്ല. ഐക്യരാഷ്ട്ര സഭയിലെ വോട്ടെടുപ്പില്‍നിന്ന് പിന്മാറുന്നതിന് അമേരിക്കയും മറ്റു ചില രാജ്യങ്ങളും അബ്ബാസിനുമേല്‍ നടത്തുന്ന കടുത്ത സമ്മര്‍ദ്ദം ""പരിതാപകരമായ""താണെന്നാണ് സമാധാന കൂടിയാലോചനകളിലെ പരിണതപ്രജ്ഞനായ പലസ്തീന്‍ നേതാവ് ഹനന്‍ അസ്രാവി പറഞ്ഞത്. ഇത് അറബ് ലോകത്തുള്ള വാഷിങ്ടണ്‍ സ്വാധീനം ഇനിയും തകരുന്നതിന് മാത്രമേ ഇടയാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍റും സ്പെയിനും ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീെന്‍റ നീക്കത്തിന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കപ്പെട്ടു. പലസ്തീന്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തീരുമാനിച്ച ഒരു പാശ്ചാത്യ നയതന്ത്രജ്ഞന്‍ തുറന്നടിച്ചു - ""തിരഞ്ഞെടുക്കപ്പെട്ട് മൂന്നാഴ്ച പിന്നിടുമ്പോള്‍ പ്രസിഡന്‍റ് ഒബാമയുടെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണിത്"". ഇസ്രയേല്‍പോലും ചുവരെഴുത്ത് കാണുന്നതായാണ് തോന്നുന്നത്. പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ വോട്ടെടുപ്പിനെതിരെ ആഴ്ചകളോളം കടുത്ത ഭീഷണി മുഴക്കിനിന്ന ഇസ്രയേല്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്. പലസ്തീന്‍ രാഷ്ട്രപദവിക്കായി യുഎന്നില്‍ വോട്ട് ആവശ്യപ്പെടുകയാണെങ്കില്‍ ""അബുമസെനില്‍നിന്ന് (അബ്ബാസ്) അദ്ദേഹത്തിന്റെ ഭരണത്തെ അട്ടിമറിക്കുന്നതും പലസ്തീന്‍ അതോറിറ്റിയെ തകര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള കനത്ത വില ഇസ്രയേല്‍ ഈടാക്കും"" എന്നാണ് ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി അവിഗ്ഡോര്‍ ലീബര്‍മാന്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഗാസയെ സംബന്ധിച്ച ഇന്ത്യയുടെ പങ്ക് പരിതാപകരമാണ്.

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇസ്രയേലിന്റെ നിയമവിരുദ്ധ ആക്രമണങ്ങളെ കുറ്റപ്പെടുത്തുന്നതിന് കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുന്നതിന് ഇന്ത്യക്ക് കഴിഞ്ഞില്ല. അതിലും പ്രധാനം ആക്രമണം ആരംഭിച്ച് നാല് ദിവസം പിന്നിട്ടശേഷം പുറപ്പെടുവിച്ച ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവന, രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല ഇതെന്നും ആക്രമണകാരിയും ആക്രമിക്കപ്പെടുന്നവരും തമ്മിലുള്ള പ്രശ്നമാണിതെന്നും അടിവരയിട്ട് പറയുന്നതില്‍പോലും വീഴ്ച വരുത്തി എന്നതാണ്. അമേരിക്കയുമായുണ്ടാക്കിയിട്ടുള്ള "തന്ത്രപരമായ പങ്കാളിത്ത"ത്തിന്റെ അനന്തര ഫലമാണിത്. ഇസ്രയേലില്‍നിന്ന് സൈനികോപകരണങ്ങള്‍ വാങ്ങുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ അവരുമായുള്ള ബന്ധം സുദൃഢമാക്കുന്നതിെന്‍റ ഫലവുമാണിത്. അങ്ങനെ, വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും, ആത്യന്തികമായി രണ്ട് രാഷ്ട്രങ്ങള്‍ എന്ന നിലയിലുള്ള രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരുന്നതുവരെ പലസ്തീന്‍ ചോരയും ചലവും ഒലിക്കുന്ന ഒരു വ്രണമായി തന്നെ തുടരുന്നതാണ്.

ആ മേഖലയിലെ സുസ്ഥിരതയ്ക്കും സമാധാനത്തിനും നേരെയുള്ള വെല്ലുവിളി തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു സ്വതന്ത്ര ജനതയെ കോളനിയാക്കി വെച്ചിരിക്കുന്ന ഇസ്രയേല്‍ അതിെന്‍റ അധിനിവേശം സ്വമേധയാ കൈവെടിയില്ല. എന്നാല്‍ അതേപോലെ തന്നെ, പലസ്തീന്‍ ജനതയ്ക്ക് തങ്ങളുടെ ചെറുത്തുനില്‍പ് അവസാനിപ്പിച്ച് പിന്‍വാങ്ങാനുമാവില്ല. ഗാസയുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട് പലസ്തീന്‍ ഗായകനും കവിയുമായ ഖലീദ് എല്‍ ഹിബര്‍ ഇങ്ങനെ പാടുന്നു: നിങ്ങളുടെ ആയുധങ്ങളില്‍നിന്ന്, വാഗ്ദാനങ്ങളില്‍നിന്ന്, വാക്കുകളില്‍നിന്ന് വാളുകളില്‍നിന്ന് ഞങ്ങളെ രക്ഷിക്കുന്നത് ഞങ്ങളുടെ ആത്മാവുകള്‍, ഞങ്ങളുടെ മുറിവുകള്‍, ഞങ്ങളുടെ വീടുകള്‍, ഞങ്ങളുടെ ആകാശങ്ങള്‍, ഞങ്ങളുടെ മുഖങ്ങള്‍, ഞങ്ങളുടെ ചോര, ഞങ്ങളുടെ കണ്ണുകള്‍, ഞങ്ങളുടെ ശവപ്പെട്ടികള്‍, ഇവിടെ ഗാസയില്‍ ഞങ്ങള്‍ക്കാകെ സുഖമാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചോരയൊലിച്ചു നില്‍ക്കുന്ന ഗാസയുടെ വിജയം തുടരുക തന്നെ ചെയ്യും. ഹിബറിന്റെ വാക്കുകള്‍ പ്രവചന സ്വഭാവമുള്ളതാണ്; തികച്ചും പരിഹാസം നിറഞ്ഞതുമാണ്.

*
നീലോല്‍പല്‍ ബസു ചിന്ത വാരിക

No comments: