Sunday, December 23, 2012

കൗതുകകരമായ കാലഘട്ടങ്ങളുടെ ചരിത്രകാരന്‍

ഇരുപതാം നൂറ്റാണ്ട് സൃഷ്ടിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില്‍ ഉന്നതനിരയില്‍ നിന്ന ആളായിരുന്നു എറിക് ഹോബ്സ്ബോം. അദ്ദേഹത്തിന്റെ ചിന്തകള്‍ മറ്റുള്ളവരില്‍ അഗാധമായ സ്വാധീനം ചെലുത്തുകയും പുസ്തകങ്ങള്‍ വിപുലമായി വായിക്കപ്പെടുകയും ചെയ്തു. ക്രിസ്റ്റഫര്‍ ഹില്‍, ഇ പി തോംസണ്‍ തുടങ്ങിയ ബ്രിട്ടീഷ് ചിന്തകന്മാരുടെ സമകാലികനായിരുന്നുവെങ്കിലും ആധുനിക കാലത്തിന്റെ ചരിത്രകാരന്‍എന്ന നിലയിലാണ് ഹോബ്സ്ബോം അറിയപ്പെടുന്നത്. അന്തര്‍ദേശീയ തലത്തില്‍ തന്നെ സ്വാധീനം ചെലുത്താന്‍ കഴിയുംവിധത്തില്‍ കരുത്താര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും ചിന്തയും.

ഒന്ന്

1917ല്‍ ജനിച്ച ഹോബ്സ്ബോമിന്റെ ജീവിതത്തിന് 20-ാം നൂറ്റാണ്ടിനെ ഇളക്കിമറിച്ച സുപ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിക്കാനായി. സോവിയറ്റ് യൂണിയന്റെ രൂപീകരണവും വളര്‍ച്ചയും, ഫാസിസത്തിന്റെ ഉദയവും തകര്‍ച്ചയും, മുതലാളിത്തത്തിന്റെ കുതിപ്പും കിതപ്പും (1930കളിലെ സാമ്പത്തിക മാന്ദ്യം, 1945 - 1973 കാലത്തെ വളര്‍ച്ച എന്നിവ), ആഗോള ഫൈനാന്‍സ് ക്യാപ്പിറ്റലിസത്തിന്റെ തുടക്കം, സോവിയറ്റ് യൂണിയന്റെ പതനം, സ്വതന്ത്ര കമ്പോളത്തിന്റെ പ്രതിസന്ധികള്‍ തുടങ്ങിയ സുപ്രധാനമായ എല്ലാ കാര്യങ്ങളും നേരിട്ടനുഭവിക്കാന്‍ ഹോബ്സ്ബോമിന് കഴിഞ്ഞു. ഇംഗ്ലീഷുകാരനായ അച്ഛന്റെയും ഓസ്ട്രിയക്കാരിയായ അമ്മയുടെയും മകനായി അലക്സാണ്ട്രിയയിലായിരുന്നു ജനം. ബെര്‍ലിനിലേക്ക് കുടിയേറിയ ഹോബ്സ്ബോമിന്റെ കുടുംബം അദ്ദേഹത്തിന് 16 വയസ്സാകുന്നതുവരെ അവിടെ താമസിച്ചു. നാസികളുടെ കിരാതത്വങ്ങളും ഹിറ്റ്ലറുടെ അധികാര പ്രവേശവും ജര്‍മനിയില്‍ അരങ്ങേറിയത് ഇക്കാലത്താണ്. കമ്യൂണിസ്റ്റാശയങ്ങളില്‍ ആകൃഷ്ടനായ ഹോബ്സ്ബോം ഫാസിസത്തിനെതിരായ ശക്തി എന്ന നിലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നോക്കിക്കണ്ടു.

കുടുംബത്തിന്റെ ജൂതപാരമ്പര്യം കാരണം ഹോബ്സ്ബോമിനും മാതാപിതാക്കള്‍ക്കും ജര്‍മനിയില്‍ അധികനാള്‍ തങ്ങാനായില്ല. അവര്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്നങ്ങോട്ടുള്ള കാലത്ത് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഹോബ്സ്ബോം ലണ്ടനില്‍ സ്ഥിരതാമസമാക്കി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ആയിരുന്ന കാലത്ത് അദ്ദേഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. പിന്നീട് ചരിത്രകാരന്മാര്‍ക്കുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഗ്രൂപ്പില്‍ സജീവമാകുകയുംചെയ്തു. ചരിത്ര രചനയില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയും വിധം ചരിത്രകാരന്മാരെ സജ്ജമാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കീഴിലുള്ള ചരിത്രകാരന്മാരുടെ ഗ്രൂപ്പിന് കഴിഞ്ഞു. 1956ലെ ഹംഗറിയിലെ സോവിയറ്റ് യൂണിയന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് പല ചരിത്രകാരന്മാരും കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് അകന്നുപോയപ്പോഴും, സോവിയറ്റ് നടപടിയോട് വിയോജിപ്പ് ഉണ്ടായിട്ടുകൂടി, ഹോബ്സ്ബോം പാര്‍ടിയില്‍ തന്നെ നിലകൊണ്ടു. 1991ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ശൈഥില്യം ഉണ്ടാകുന്നതുവരെ അദ്ദേഹം അതില്‍ തുടര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഹോബ്സ്ബോമിന് യൂണിവേഴ്സിറ്റി അധികൃതരില്‍നിന്ന് പലപ്പോഴും അവഗണന നേരിടേണ്ടിവന്നു. കേംബ്രിഡ്ജ് അടക്കമുള്ള യൂണിവേഴ്സിറ്റികളില്‍ അദ്ദേഹത്തിന് അധ്യാപക സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ടു. കോളേജ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ജോലിക്കാരായ ആളുകള്‍ക്ക് കോഴ്സുകള്‍ നല്‍കുന്ന ലണ്ടനിലെ ബിര്‍ബെക്ക് കോളേജില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ശിഷ്ടകാലത്ത് അദ്ദേഹം ഉപജീവനം കണ്ടെത്തിയത്്.

രണ്ട്

ഇതിനിടെ ആധുനിക കാലത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും ചരിത്രകാരനായി അദ്ദേഹം ഉയര്‍ന്നു. ഹോബ്സ്ബോമിന്റെ കൃതികളുടെ വിലയിരുത്തലിലേക്ക് ഞാന്‍ ഇവിടെ മുതിരുന്നില്ല, കാരണം അതിനുള്ള പ്രാപ്തി എനിക്കില്ല. എങ്കിലും ഒരു ""സാമര്‍ഥ്യമുള്ള സാധാരണക്കാരന്‍"" എന്ന നിലയില്‍ (അവര്‍ക്കുവേണ്ടിയാണ് ഹോബ്സ്ബോം എഴുതിയത്) ചില കാര്യങ്ങള്‍ എനിക്ക് പറയാന്‍ പറ്റും. സമൂഹത്തിലെ വര്‍ഗങ്ങളെയും അതിന്റെ ഘടനയേയും കുറിച്ചാണ് മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ അദ്ദേഹം എഴുതിയത്. മുതലാളിത്തത്തിന്റെ വരവോടെയുണ്ടായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷണങ്ങളില്‍ മുഴുകി. ഇത്തരം കാര്യങ്ങള്‍ ഒരു അന്തര്‍ദേശീയ കാഴ്ചപ്പാടില്‍നിന്ന് നിര്‍വഹിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും മുതലാളിത്ത പൂര്‍വ സമൂഹങ്ങളിലും ഗ്രാമങ്ങളിലും നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഹോബ്സ്ബോം പ്രഥമമായ പരിഗണന നല്‍കിയത്. "പ്രിമിറ്റീവ് റിബല്‍സ്" , "ബാന്‍ഡിറ്റ്സ്", "ലേബറിങ് മെന്‍" തുടങ്ങിയ പുസ്തകങ്ങള്‍ കാര്‍ഷിക കലാപങ്ങളെക്കുറിച്ചും ഒരു പ്രതിഷേധ രൂപം എന്ന നിലയില്‍ കവര്‍ച്ചകളെക്കുറിച്ചുമുള്ള  പഠനങ്ങളാണ്. കാര്യങ്ങളെ അടിത്തട്ടില്‍നിന്ന് നോക്കിക്കാണാന്‍ ശ്രമിക്കുന്ന അഭൂത പൂര്‍വമായ ഒരു സാമൂഹിക പഠന രീതിയായിരുന്നു ഇത്. തുടര്‍ന്നുണ്ടായ ഇത്തരം പഠനങ്ങള്‍ക്കെ ല്ലാം മാതൃകയായിത്തീരാന്‍ ഹോബ്സ്ബോമിന്റെ കൃതികള്‍ക്ക് കഴിഞ്ഞു.

ഒരു ചരിത്രകാരന്‍ എന്ന നിലയിലുള്ള ഹോബ്സ്ബോമിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ "സുദീര്‍ഘമായ പത്തൊന്‍പതാം നൂറ്റാണ്ട്" എന്ന പേരിലുള്ള പുസ്തക ത്രയത്തിലാണ് കുടികൊള്ളുന്നത്. 1789ലെ ഫ്രഞ്ച് വിപ്ലവം മുതല്‍ 1914ലെ ഒന്നാം ലോകയുദ്ധംവരെ നീണ്ടു നില്‍ക്കുന്ന കാലഘട്ടത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. ആധുനിക യുഗത്തിലേക്കുള്ള പരിണാമത്തിന്റെ വേരുകള്‍ എങ്ങനെ പതിനെട്ടാം നൂറ്റാണ്ടിലെ വിപ്ലവങ്ങളിലേക്ക് ആണ്ടിറങ്ങിച്ചെല്ലുന്നു എന്ന് ഹോബ്സ്ബോം വിശദീകരിക്കുന്നു. 1789ലെ ഫ്രഞ്ച് വിപ്ലവവും ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവവും ഇവിടെ പഠന വിധേ യമാക്കപ്പെടുന്നു. ഈ കാലഘ ട്ടത്തിന്റെ ചരിത്രമാണ് വിപ്ലവ ങ്ങളുടെ യുഗത്തെ സൃഷ്ടിക്കുന്നത്. രണ്ടാം വോള്യത്തില്‍ ബൂര്‍ഷ്വാസിയുടെ ഉയര്‍ന്നുവരവിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ഫ്യൂഡല്‍ വിരുദ്ധ വിപ്ലവങ്ങള്‍ക്കും വ്യാവസായിക വിപ്ലവത്തിനും നേതൃത്വം കൊടുത്ത വര്‍ഗമാണ് ബൂര്‍ഷ്വാസി. യൂറോപ്പില്‍ എങ്ങനെ ബൂര്‍ഷ്വാസി പ്രബല ഭരണ വര്‍ഗമായിത്തീരുന്നു, സാമ്രാജ്യത്വമായി അത് എങ്ങനെ ലോകം മുഴുവന്‍ വ്യാപിക്കുന്നു എന്നതാണ്  മൂന്നാം വോള്യത്തിന്റെ ഉള്ളടക്കം. ഹോബ്സ്ബോം ഇക്കാര്യത്തെക്കുറിച്ച് സംക്ഷിപ്തമായി ഇങ്ങനെ എഴുതുന്നു:
""അടിസ്ഥാനപരമായി ഞാന്‍ ശ്രമിക്കുന്നത് പുരോഗമന സ്വഭാവമുള്ള ബൂര്‍ഷ്വാ സമൂഹം എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ഉയര്‍ന്നുവരവും അതിന്റെ രൂപപരിണാമവും എന്ന വിഷയത്തിന്റെ അച്ചുതണ്ടിലേക്ക് 19 -ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ ചിട്ടപ്പെടുത്തിയെടുക്കുക എന്നതാണ്.""

പുസ്തകത്രയത്തിെന്‍റ തുടര്‍ച്ച എന്നവണ്ണം ഹോബ്ബോം  1914 1991എന്ന പുസ്തകം എഴുതി. ഹ്രസ്വമായ ഇരുപതാം നൂറ്റാണ്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാംലോക മഹായുദ്ധം മുതല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെയുള്ള കാലത്തെയാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ആശയപരമായി അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും മാസ്റ്റര്‍ പീസ് എന്നു പറഞ്ഞ് ശ്ലാഘിച്ച പുസ്തകമാണിത്. ഫ്രാന്‍സിസ് ഫുക്കുയാമയുടെ "ചരിത്രത്തിെന്‍റ അന്ത്യം" എന്ന പുസ്തകത്തിനുള്ള മറുപടി കൂടിയായിരുന്നു ഇത്.

മൂന്ന്

ഹോബ്സ്ബോമിെന്‍റ ചില വിമര്‍ശകര്‍ പറയുന്നത് കമ്യൂണിസ്റ്റ് അനുഭാവം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ വസ്തുനിഷ്ഠതയെ തകര്‍ക്കുകയും ചിന്തയെ അലങ്കോലമാക്കുകയുംചെയ്തു എന്നാണ്. സോവിയറ്റ് യൂണിയനിലെ സ്റ്റാലിനിസ്റ്റ് ഭീകരതകളെ അദ്ദേഹം കണ്ടില്ലെന്നു നടിച്ചതായും വിമര്‍ശനങ്ങളുയര്‍ന്നു. യഥാര്‍ഥത്തില്‍ ഹോബ്സ്ബോമിന്റെ കമ്യൂണിസ്റ്റ് പാര്‍ടി ബന്ധത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം ചരിത്രപഠനത്തില്‍ അദ്ദേഹം സ്വീകരിച്ച മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തോടുള്ള എതിര്‍പ്പില്‍ നിന്നായിരുന്നു ഉയര്‍ന്നുവന്നത്. ഹോബ്സ്ബോമിന്റെ ചരിത്ര പഠനങ്ങള്‍ ശ്രദ്ധിച്ചാല്‍ പല കാര്യങ്ങളിലും അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുണ്ടായിരുന്നു എന്നു കാണാം. പല കാര്യങ്ങളിലും അദ്ദേഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാടുകളോടും സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളോടും ഇടഞ്ഞുനിന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അതേ സമയം മറ്റു പല മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരെയുംപോലെ ഹോബ്സ്ബോം തന്റെ പാര്‍ടി അംഗത്വവും സോവിയറ്റ് യൂണിയനോടുള്ള അനുഭാവവും കൈയ്യൊഴിയാന്‍ തയ്യാറായില്ല. മാര്‍ക്സിസത്തിലുള്ള അടിയുറച്ച വിശ്വാസവും ചരിത്രപഠനത്തില്‍ കൈക്കൊണ്ട മാര്‍ക്സിയന്‍ രീതിശാസ്ത്രവുമാണ് അദ്ദേഹത്തെ ഏറ്റവും മികച്ച ചരിത്രകാരനായി ഉയര്‍ത്തിയത്. യൂറോപ്പിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെയും ഭാവിയെക്കുറിച്ച് വൈകാരികമായ അകലം പാലിച്ചുകൊണ്ട് നോക്കിക്കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുതലാളിത്തവും ബൂര്‍ഷ്വാ ജനാധിപത്യവും മേല്‍ക്കോയ്മ പുലര്‍ത്തുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കിയിരുന്നു.

ഹോബ്സ്ബോം ആയിരുന്നു ഇറ്റാലിയന്‍ കമ്യൂണിസത്തിന് സൈദ്ധാന്തികമായ അടിത്തറയിട്ട അന്റോണിയോ ഗ്രാംഷിയുടെ ചിന്തകളുടെ പ്രാധാന്യത്തെ ആദ്യം തിരിച്ചറിഞ്ഞ മാര്‍ക്സിസ്റ്റ് ചിന്തകന്‍. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുത്ത ബന്ധം വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആ പാര്‍ടിയുടെ ഒരു "ആത്മീയ അംഗം" ആയിട്ടാണ് ഹോബ്സ്ബോം തന്നെ സ്വയം വിലയിരുത്തിയത്. 1990കളില്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ശൈഥില്യം അദ്ദേഹത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പഴയകാല കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് യൂറോപ്പില്‍ ഒരു ഭാവിയും ഇല്ലെന്ന തന്റെ നിലപാട് ഒരിക്കല്‍ക്കൂടി ഉറപ്പിക്കാന്‍ ഈ സംഭവം ഹോബ്സ്ബോമിനെ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ഹോബ്സ്ബോമിന്റെ ബന്ധം അതിന്റെ അവസാന നാളുകളില്‍ വിവാദങ്ങളൊന്നും കൂടാതെയാണ് കഴിഞ്ഞുപോയത്. യൂറോ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനുസരിച്ച് പാര്‍ടിയെ പരിപൂര്‍ണമായി അഴിച്ചുപണിയണമെന്ന ചിന്താഗതി വച്ചുപുലര്‍ത്തിയവരുമായി അദ്ദേഹം ഐക്യപ്പെട്ടു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ മാര്‍ക്സിസം ടുഡെ ഈ കാഴ്ചപ്പാടിന്റെ പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടു. ഹോബ്സ്ബോമിന് ഈ പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ പാര്‍ടിയുടെ ശൈഥില്യത്തെ കൂടുതല്‍ ത്വരിതമാക്കുകയായിരുന്നു. താച്ചറിസം ശക്തമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അതിനെതിരെ ലേബര്‍ പാര്‍ടിയെ പിന്തുണക്കുക എന്ന സമീപനമാണ് ഹോബ്സ്ബോം സ്വീകരിച്ചത്. ലേബര്‍ പാര്‍ടി നേതാവ് നീല്‍ കിന്നോക്കുമായി അദ്ദേഹം ആശയവിനിമയം നടത്തി. താച്ചറിസത്തിനെതിരെ ഫലപ്രദമായ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാന്‍ ലേബര്‍ പാര്‍ടിക്കാവും എന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നു അത്. എന്നാല്‍ ഈ പ്രതീക്ഷ ഏറെക്കാലം നീണ്ടുനിന്നില്ല. ടോണി ബ്ലെയറുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച ലേബര്‍ പാര്‍ടിയുടെ നയങ്ങള്‍ ഹോബ്സ്ബോമിന്റെ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും നിരക്കുന്നതായിരുന്നില്ല. ഈ "ട്രൗസറിട്ട താച്ചറെ" അദ്ദേഹത്തിന് പരസ്യമായി അപലപിക്കേണ്ടി വന്നു.

രാഷ്ട്രീയ രംഗത്ത് എടുത്ത ഇത്തരം അതിസാഹസികമായ നിലപാടുകള്‍ മാറ്റിവച്ചാല്‍ അവസാനത്തെ ഒന്നരപ്പതിറ്റാണ്ടുകാലത്ത് ഹോബ്സ്ബോമിന്റെ പുസ്തകങ്ങളും ചിന്തകളും വ്യാപകമായി വായിക്കപ്പെടുകയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. സോഷ്യലിസം അതിന്റെ പ്രസക്തി വീണ്ടെടുക്കുകയും, ആഗോളമുതലാളിത്തം മുപ്പതുകളിലെ മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയുംചെയ്ത സാഹചര്യത്തിലായിരുന്നു ഹോബ്സ്ബോമിന്റെ ചിന്തകള്‍ക്ക് പുതിയ പ്രസക്തി കൈവന്നത്. രണ്ടാംലോക യുദ്ധത്തിനു ശേഷം മുതലാളിത്തത്തിനുണ്ടായ വമ്പിച്ച കുതിപ്പിന് അറുതിവന്നതിനു ശേഷമുള്ള മുന്ന് പതിറ്റാണ്ടുകാലത്ത് ആഗോള സമൂഹം നാടകീയമായ പലമാറ്റങ്ങള്‍ക്കും വിധേയമായതായി ഹോബ്സ്ബോം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക വികാസത്തിന്റെ ഫലമായി ഉത്പാദന ശക്തിയില്‍ വന്‍പുരോഗതി കൈവരിച്ച ഒരു ലോകം; പുത്തന്‍ ആശയവിനിമയോപാധികളുടെ സഹായത്തോടെ ആഗോള ഗ്രാമമായിത്തീരുകയും അതേസമയം തന്നെ സാര്‍വദേശീയ കാഴ്ചപ്പാടുകളും മൂല്യങ്ങളും കൈയൊഴിയുക വഴി മതത്തേയും വംശീയതകളേയും അടിസ്ഥാനമാക്കിയുള്ള പഴയ സ്വത്വ വിചാരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ലോകം- മുതലാളിത്ത വികസനം സൃഷ്ടിച്ച ഈ സാമൂഹികാവസ്ഥയെ ഒരു ബുദ്ധിജീവിയുടെ ദോഷൈകദര്‍ശിത്വത്തോടെ നോക്കിക്കണ്ട ഹോബ്സ്ബോം ഇതിനെയൊക്കെ മാനവരാശി മറികടക്കുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസവും ഉയര്‍ത്തിപ്പിടിച്ചു.

നാല്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലം സാക്ഷ്യംവഹിച്ച സോഷ്യലിസത്തിന്റെ തകര്‍ച്ചയെയും ആഗോള ഫൈനാന്‍സ് മുതലാളിത്തത്തിന്റെയും നിയോലിബറലിസത്തിന്റെയും ഉയര്‍ച്ചയെയും കുറിച്ച് പഠിക്കാനാണ് ജീവിതത്തിന്റെ അവസാനകാലം ഹോബ്സ്ബോം ചെലവഴിച്ചത്. Interesting times: A life in the 20th century (ആത്മകഥ) , How to change the world; Marx and Marxsim 1840-2007 എന്നീ പുസ്തകങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍. നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് വായ നക്കാരെ ബോധവാന്മാരാക്കാനാണ് തന്റെ ആത്മകഥയില്‍പോലും ഈ ചരിത്രകാരന്‍ ശ്രമിക്കുന്നത്.

മാനവരാശിയുടെ ഭാവി ആഗോള മുതലാളിത്തത്തിന്റെ കൈകളിലല്ലെന്ന് അത് നേരിടുന്ന ഘടനാപരമായ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹോബ്സ്ബോം സമര്‍ഥിക്കുന്നു. സമകാല ലോകത്ത് മാര്‍ക്സിന്റെ പ്രസക്തിയെക്കുറിച്ച് വിവരിച്ചുകൊണ്ട് മാറ്റം അനിവാര്യമാണെന്നും പക്ഷേ അത് എങ്ങനെയാണ് സംഭവിക്കുക എന്നത് അവ്യക്തമാണെന്നും ഹോബ്സ്ബോം പറയുന്നു. മാനവരാശിയുടെ പ്രകാശപൂരിതമായ ഭാവിയില്‍ ഉള്ള അടിയുറച്ച വിശ്വാസമാണ് ഹോബ്സ്ബോമിന്റെ ചിന്തകളെ മഹത്തരമാക്കുന്നത്. ഭൂതകാലത്തെ പഴിക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്ന് അദ്ദേഹം പറയുന്നു. മാര്‍ഗോട്ട് ഹെയ്ന്‍മാന്‍ എന്ന സുഹൃത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി:

""നമുക്ക് പലര്‍ക്കും ശുഭപ്രതീക്ഷ കൈമോശം വന്നിട്ടുണ്ടെങ്കിലും നാം നമ്മുടെ ജീവിതത്തെ വൃഥാവിലാക്കി എന്നു പറയാന്‍ ആവില്ല. ഒന്നാമതായി നമ്മള്‍ കമ്യൂണിസ്റ്റുകാരും ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടമായ സോവിയറ്റ് റഷ്യയും ഈ നൂറ്റാണ്ടില്‍ നിര്‍ണായകമായ വിജയം കൈവരിച്ചു. നമ്മള്‍ ഫാസിസത്തെ പരാജയപ്പെടുത്തി. സോവിയറ്റ് യൂണിയന്റെയും ജനകീയ മുന്നേറ്റങ്ങളുടെയും ഫലമായി ഫാസിസം തോല്‍പ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ രണ്ടാം ലോകയുദ്ധത്തില്‍ അത് നിര്‍ണായകമായ വിജയം കൈവരിക്കുമായിരുന്നു. എന്നാല്‍ നമ്മള്‍ വിജയശ്രീലാളിതരും വഴികാട്ടികളുമായി. ""

ഒരു നല്ല നാളേക്കു വേണ്ടി പോരാടാനുള്ള പ്രതിജ്ഞാബദ്ധത ഹോബ്സ്ബോം എക്കാലവും ഉയര്‍ത്തിപ്പിടിച്ചിരുന്നു. തന്റെ ആത്മകഥയുടെ അവസാനഭാഗത്ത് അദ്ദേഹം ഇങ്ങനെ എഴുതി: ""തികച്ചും അസംതൃപ്തമായ സന്ദര്‍ഭത്തിലും നമുക്ക് നിരായുധരാകാതിരിക്കാന്‍ ശ്രമിക്കാം. സാമൂഹികമായ അസന്തുലിതത്വങ്ങളെ പോരാടി തോല്‍പ്പിക്കേണ്ടതുണ്ട്. ലോകം സ്വമേഥയാ നന്നായിത്തീരുമെന്ന് കരുതരുത്."" അഞ്ച് 2000 ത്തിലാണ് ഹോബ്സ്ബോമിനെ ഞാന്‍ നേരിട്ട് പരിചയപ്പെടുന്നത്. ലണ്ടനിലെ ബിര്‍ബെക്ക് കോളേജില്‍ വച്ചായിരുന്നു അത്. വിക്ട ര്‍ കിയര്‍നാനെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹത്തിന്റെ 90-ാം ജന്മദിനത്തില്‍ പുറത്തിറക്കാനുള്ള എെന്‍റ ഉദ്യമത്തെക്കുറിച്ചായിരുന്നു അപ്പോള്‍ ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഗ്രൂപ്പിലെ ഹോബ്സ്ബോമിന്റെ സഹപ്രവര്‍ത്തകനും എഡിന്‍ ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ എന്റെ അധ്യാപകനുമായിരുന്നു കിയര്‍നാന്‍. ഞാന്‍ എഡിറ്റു ചെയ്ത പുസ്തകത്തിനുവേണ്ടി അത്യുജ്വലമായ ഒരു പ്രബന്ധം ഹോബ്സ്ബോം എഴുതിത്തന്നു. 2005ല്‍ ഹോബ്സ്ബോം ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ സൗഹൃദം പുതുക്കുവാനുള്ള സന്ദര്‍ഭം എനിക്ക് ലഭിച്ചു. പിന്നീട് ലണ്ടനില്‍ വച്ചും കണ്ടുമുട്ടുവാന്‍ സാധിച്ചു. ഹാമസ്റ്റെഡിലെ വീട്ടില്‍ വച്ചാണ് അവസാനമായി അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അപ്പോഴേക്കും അദ്ദേഹം രോഗബാധിതനും ക്ഷീണിതനുമായിത്തീര്‍ന്നിരുന്നു. എന്നാല്‍ കസേരയിലിരുന്ന് സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം ഊര്‍ജസ്വലനായി മാറി. ലാറ്റിന്‍ അമേരിക്കയില്‍ തുടങ്ങി ചൈനയില്‍ അവസാനിച്ച സുദീര്‍ഘമായ ഒരു സംഭാഷണമായിരുന്നു അത്. എല്ലായ്പ്പോഴുമെന്നതുപോലെ അന്നും അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ആരാഞ്ഞു. പശ്ചിമ ബംഗാളില്‍ സി പി ഐ എമ്മിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട ""നിങ്ങള്‍ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന കാര്യം"" ഞാന്‍ മനസ്സിലാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി വാരിക

No comments: