Monday, December 10, 2012

സ്ത്രീകളും മനുഷ്യാവകാശവും

1948 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി സാര്‍വത്രിക മനുഷ്യാവകാശം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനമായി ആചരിക്കണമെന്ന് 1950ല്‍ ഔദ്യോഗിക തീരുമാനമായി. മനുഷ്യസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ഓരോ മനുഷ്യാവകാശദിനത്തിലും പ്രത്യേക ഊന്നല്‍ നല്‍കി പ്രചരിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭക്ഷ്യസുരക്ഷാദിനമായാണ് ഡിസംബര്‍ 10 ആചരിച്ചത്. സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണം പെരുകിവരുന്ന പശ്ചാത്തലത്തില്‍ ഇത്തവണ അതിക്രമവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടമാടുന്ന അതിക്രമങ്ങള്‍ ചെറുക്കാന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10വരെ വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാനത്തുടനീളം നടത്തിയത്.

മനുഷ്യാവകാശം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്നത് ലിംഗഭേദമില്ലാത്ത മാനുഷികമൂല്യങ്ങളിലുള്ള അവകാശമാണ്. ആശയപ്രകടനത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും സംഘടനാ സ്വാതന്ത്ര്യത്തിനും സര്‍ക്കാരുകളില്‍ പങ്കാളികളാകുന്നതിനും സ്ത്രീക്കും പുരുഷനും ഒരേ അവകാശം ഐക്യരാഷ്ട്രസഭ വെളിവാക്കുന്നു. എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കഴിയണമെന്നാണ് അവകാശ പ്രഖ്യാപന പ്രമേയം അനുശാസിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ അവകാശ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍പ്പറത്തി ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്. മുതലാളിത്തത്തിന്റെ അക്രമാസക്തമായ മൂലധന സമാഹരണ നീക്കത്തിന്റെ ഭാഗമായാണ് കടുത്ത അതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ പാത്രമാകുന്നത്. കമ്പോളവല്‍ക്കരണം ധനിക- ദരിദ്ര അന്തരം പെരുപ്പിക്കുമ്പോള്‍ ദാരിദ്ര്യത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത് കൂടുതലും സ്ത്രീകളാണ്. ഏറ്റവും കുറഞ്ഞ കൂലിക്ക് കഠിനമായ ജോലി ചെയ്യേണ്ടിവരുന്നതും തൊഴിലില്‍നിന്ന് ഏറ്റവും ആദ്യം പുറത്താക്കപ്പെടുന്നതും സ്ത്രീകളാണ്. കോണ്‍ട്രാക്ടര്‍മാരുടെ കരുതല്‍ തൊഴില്‍സേനയായി സ്ത്രീസമൂഹം മാറുന്നു.

സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയില്‍ മുതലാളിത്തലോകം രാജ്യങ്ങളുടെ പരമാധികാരം ചവിട്ടിമെതിക്കുന്നു. യുദ്ധവും ഭീകരവാദവും വംശീയ സംഘട്ടനങ്ങളും സൃഷ്ടിക്കുന്നു. അത്തരം അസ്ഥിര സമൂഹത്തില്‍ സ്ത്രീകളുടെ ജീവിതം നരകതുല്യമായി മാറുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും കശ്മീര്‍ താഴ്വരകളിലുമെല്ലാം ഭീകരവാദികളും പട്ടാളക്കാരും സ്ത്രീകള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ വിവരണാതീതമാണ്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരുടെ വീടുകളില്‍ അച്ഛന്‍ അപൂര്‍വ വസ്തുവാണെന്ന് ഖാലിദ് ഹൊസ്സേനിയുടെ കൈറ്റ് റണ്ണര്‍ എന്ന നോവലില്‍ പരാമര്‍ശമുണ്ട്. താലിബാന്‍ തീവ്രവാദികള്‍ പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ അവരുടെ ഇംഗിതത്തിന് പാത്രമാക്കുകയുംചെയ്യുന്നു. നിരാലംബരായ സ്ത്രീകള്‍ അച്ഛനാരെന്ന് അവകാശപ്പെടാനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടിവരുന്നു. അനാഥരായ കുഞ്ഞുങ്ങള്‍ തെരുവില്‍ ഭീകരരുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇതേ തീവ്രവാദികളാണ് പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായി എന്ന പെണ്‍കുട്ടിയെ കൊല്ലാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യയിലും മത-വര്‍ഗീയവാദികളും ഭീകരവാദികളും സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്നുണ്ട്. കേരളത്തിലടക്കം ഡ്രസ് കോഡും പെരുമാറ്റച്ചട്ടവുമായി സദാചാരവിരുദ്ധ ഗുണ്ടാവിളയാട്ടം നടക്കുന്നു. മലപ്പുറത്തെ അരീക്കോട് സ്കൂളില്‍ അധ്യാപിക പച്ചക്കോട്ട് ധരിച്ച് എത്തണമെന്ന് പറഞ്ഞതും കടുത്ത അവകാശലംഘനം തന്നെ.

മാവോയിസ്റ്റുകളും തൃണമൂല്‍ ഗുണ്ടകളും അതിക്രമങ്ങള്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമായി ബംഗാള്‍ മാറി. മുമ്പ് അതിക്രമങ്ങള്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാള്‍. മണിപ്പുരിലും അസമിന്റെ അതിര്‍ത്തികളിലും കലാപകാരികളും പട്ടാളക്കാരുമെല്ലാം സ്ത്രീകളെ നിരന്തരം വേട്ടയാടുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ നടക്കുന്നത് ന്യൂഡല്‍ഹിയിലാണ്. ന്യൂഡല്‍ഹിക്ക് തൊട്ടു പിന്നിലാണ് മുംബൈയും ജയ്പുരും. 1995നുശേഷം സ്ത്രീ പീഡനങ്ങള്‍ 75 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീധന കൊലപാതകങ്ങളും ആസിഡ് അക്രമങ്ങളുമെല്ലാം അരങ്ങുതകര്‍ക്കുമ്പോള്‍ പൊലീസും പട്ടാളവും നിയമങ്ങളും കോടതികളുമെല്ലാം നോക്കുകുത്തികളായി മാറുന്നു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കടുത്ത ജാതിവിവേചനവും സവര്‍ണാധിപത്യത്തിന്റെ ഭാഗമായ സ്ത്രീപീഡനങ്ങളും നിത്യസംഭവങ്ങളാണ്. കേരളീയ സമൂഹവും ഉപഭോഗാര്‍ത്തിയുടെ ഇരയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പണക്കൊഴുപ്പിന്റെയും സുഖലോലുപതയുടെയും മുതലാളിത്ത ജീര്‍ണത കേരളത്തെ വല്ലാതെ ബാധിച്ചുതുടങ്ങി. മദ്യവും മയക്കുമരുന്നും അതിവേഗം വ്യാപിക്കുകയാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, സിനിമ, സീരിയല്‍ തുടങ്ങിയ സങ്കേതങ്ങള്‍ ലൈംഗിക അരാജകത്വ പ്രചാരണത്തിനുള്ള ഉപാധികളായി മാറി. മഞ്ഞപ്രസിദ്ധീകരണങ്ങളും നിര്‍ബാധം വിറ്റഴിക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള പഠനമെന്ന വ്യാജേന ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍പ്പോലും ലൈംഗിക വൈകൃതങ്ങള്‍ നിറയുമ്പോള്‍ സെന്‍സര്‍ ബോര്‍ഡും നിയമങ്ങളും നോക്കിനില്‍ക്കുന്നു. മൊബൈല്‍ ഫോണില്‍ രതിവൈകൃതങ്ങള്‍ കാണുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തപ്പോഴാണ് തലശേരിക്കടുത്ത ധര്‍മടത്ത് 15 വയസ്സുള്ള ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അച്ഛനെന്നു പറയുന്ന നരാധമനും അതിന് കൂട്ടുനിന്നു. പെണ്‍കുട്ടി ഭയന്ന് മഹിളാമന്ദിരത്തില്‍ അഭയം തേടി. അവളുടെ ജ്യേഷ്ഠത്തി തീകൊളുത്തി ആത്മഹത്യചെയ്തത് ഇവരുടെ പീഡനം സഹിക്കാതെയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വീടാണ് ഏറ്റവും സുരക്ഷിത സങ്കേതം എന്ന നമ്മുടെ സങ്കല്‍പ്പവും തകര്‍ന്നുവീഴുകയാണ്. ഐടി നിയമവും അശ്ലീല പ്രദര്‍ശനത്തിനെതിരായ നിയമങ്ങളും ധാരാളമുണ്ടായിട്ടും അതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത നിലവാരവും കേരളത്തിലെ സ്ത്രീകള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും സാമൂഹ്യ പദവിയില്‍ പുരുഷനോടൊപ്പം എത്താത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണം.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപദവി ഉയര്‍ത്തുന്നതിന് ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തി. 50 ശതമാനം സീറ്റ് സംവരണം, ജന്‍ഡര്‍ ബജറ്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, ബജറ്റിലെ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ഉപേക്ഷിച്ചും, കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിച്ചും, ദേവസ്വം ബില്ലിലെ വനിതാ സംവരണം എടുത്തുകളഞ്ഞും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സ്ത്രീവിരുദ്ധത പ്രകടമാക്കി. മാത്രമല്ല, യുഡിഎഫിന്റെ രണ്ടുവര്‍ഷം കൊണ്ട് സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് പെരുകി. പറവൂര്‍, കോതമംഗലം, വൈപ്പിന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പെണ്‍വാണിഭ സംഭവങ്ങള്‍ ഉണ്ടായി. കുറ്റവാളികളെ മുഴുവന്‍ പിടികൂടാനോ കുറ്റപത്രം സമര്‍പ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. 2011ല്‍ മാത്രം 14,445 സ്ത്രീപീഡനക്കേസുകള്‍ ഉണ്ടായി. 1132 ബലാത്സംഗങ്ങളും 5377 ഗാര്‍ഹിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ സ്ത്രീകളില്‍ 60 ശതമാനം പേരും ഗാര്‍ഹിക പീഡനത്തിന് വിധേയരാകുന്നുണ്ടത്രെ. മദ്യാസക്തിയാണ് ഇത്തരം സംഭവങ്ങളില്‍ പ്രധാന വില്ലന്‍.

നാം വളരെ കരുതലോടെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടിയിരിക്കുന്നു. അസംഘടിതമേഖലയിലും ആദിവാസി കേന്ദ്രങ്ങളിലുമെല്ലാം നടക്കുന്ന സ്ത്രീപീഡനങ്ങളെ ചെറുക്കണം. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍, പരമ്പരാഗത തൊഴിലുകള്‍ തുടങ്ങിയ മേഖലകളിലെ സ്ത്രീത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടിനുള്ളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. മദ്യാസക്തിയും ലൈംഗിക അരാജകത്വവും തടയാന്‍ സമൂഹം ഒന്നടങ്കം പരിശ്രമിക്കണം. സ്ത്രീകളോടും കുട്ടികളോടും അന്തസ്സ് പുലര്‍ത്താന്‍ കഴിയാത്ത സമൂഹത്തില്‍ ഒരു മനുഷ്യാവകാശവും പുലരുകയില്ല. ഡിസംബര്‍ 10ന് മഹിളാ അസോസിയേഷന്‍ ജില്ലാകേന്ദ്രങ്ങളില്‍ അതിക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീനീതിക്കുവേണ്ടിയുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ക്കുള്ള പ്രഖ്യാപനമാണ് ഈ കൂട്ടായ്മയില്‍ ഉയരുക.

*
കെ കെ ശൈലജ ദേശാഭിമാനി 10 ഡിസംബര്‍ 2012

No comments: